സി.എച്ച് മുഹമ്മദ് കോയയുടെ ലോകം

സി എച്ചിന്റെ അസാധാരണമായ 'കരിശ്മാ 'വലയത്തിൽ ഭ്രമിച്ചു നിന്ന ഒരു  തലമുറയുടെ പ്രതിനിധിയാണ് ഈ കുറിപ്പുകാരനും. സ്റ്റേജിലും പേജിലും ഭരണ സിരാ കേന്ദ്രങ്ങളിലും പാർട്ടി ആസ്ഥാനത്തും ഒരുപോലെ തിളങ്ങിയ സി എച്ചിന് കിടനിൽക്കാൻ മറ്റൊരാളില്ല.

70 കളുടെ രണ്ടാം പകുതിയിലാണ് രാഷ്ട്രീയ ബോധത്തിന്റെ കൊച്ചുനാമ്പുകൾ മനസിൽ കിളിർത്തു വരുന്നത്. 12-13 വയസിന്റെ ബാല കൗതുകങ്ങളിൽ ഒരു നേതാവും പാർട്ടിയും പത്രവുമൊക്കെ എങ്ങനെ ഇത്ര ഹൃദ്യമായി ഇടം പിടിച്ചുവെന്ന് വ്യക്തമല്ല. എന്നാലും അക്കാലത്തെ ചന്ദ്രിക അടക്കമുള്ള ഏതാനും പത്രങ്ങളിലൂടെ മാത്രം വിവരങ്ങൾ വിനിമയം ചെയ്യപ്പെട്ടിരുന്ന സമയത്ത് ഇളം മനസിന്റ കളങ്കമേശാത്ത ഭിത്തിയിൽ പതിഞ്ഞ ചിത്രങ്ങൾക്ക് ഇന്നത്തെ IT വിപ്ലവത്തിന്റെ ഫലമായി കൂലംകുത്തി വരുന്ന വിവരങ്ങളിലൂടെ രൂപപ്പെടുന്ന ചിത്രങ്ങളേക്കാൾ മിഴിവും ഈടുറപ്പുമുണ്ട്.

സി എച്ചിന്റെ പല പ്രസംഗങ്ങളും നേരിൽ കേട്ടാസ്വദിച്ചിട്ടുണ്ട്. അതിലേറെ പ്രസംഗങ്ങൾ അന്നത്തെ പ്രത്യേക സാഹചര്യം കാരണം വിഷമത്തോടെ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. 

1974- 75 കാലത്ത് മുസ് ലിം ലീഗിൽ പിളർപ്പുണ്ടാവുകയും ലീഗ്, യൂത്ത് ലീഗ്,എം എസ് എഫ് ,എസ് ടി യു സംഘടനകളുടേയെല്ലാം  ഔദ്യോഗിക കമ്മിറ്റികളും ഭൂരിപക്ഷം എം എൽ എ മാരും എതിർപക്ഷത്ത് നിലകൊള്ളുകയും ചെയ്തപ്പോൾ ഔദ്യോഗിക പക്ഷം പിടിച്ചു നിന്നതും കുതിച്ചു കയറിയതും പാണക്കാട് പൂക്കോയ തങ്ങളുടെ ആത്മീയ പ്രഭയും സിഎച്ചിന്റെ നാവും നയചാതുരിയും കൊണ്ട് മാത്രമാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തിയാൽ അതിൽ തെറ്റു കണ്ടെത്താനാവില്ല. 

എത്ര വലിയവരും പ്രതിഭാശാലികളും ആണെങ്കിലും ശത്രുക്കളും അസൂയാലുക്കളും അവരുടെ തിളക്കമുളള മുഖം മറച്ചു പിടിക്കാനും വികൃതമാക്കി ചിത്രീകരിക്കാനും ശ്രമിക്കുമെന്നതിന് ചരിത്രത്തിൽ എത്രയും ഉദാഹരണങ്ങൾ കണ്ടെത്താൻ കഴിയും. സി എച്ചിന്റെ ജീവിതവും അതിൽ നിന്ന് ഒഴിവല്ല. 

കുറഞ്ഞ കാലത്തിനടയിൽ വലിയ സ്ഥാനമാനങ്ങളും പദവികളും അലങ്കരിക്കാൻ ഭാഗ്യം ലഭിച്ച സി എച്ചിൽ കാര്യമായ അഴിമതി കേസുകളൊന്നും പുറത്തു കൊണ്ടുവരാൻ ശത്രുക്കൾക്ക് പോലും കഴിഞ്ഞിട്ടില്ലെങ്കിലും പദവിയുടെ വലിയ സ്വാധീനം ഉപയോഗപ്പെടുത്തി അത്യാവശ്യ മൊക്കെ നേടിയിരിക്കുമെന്ന് ചിലരൊക്കെ ധരിച്ചു വച്ചിരുന്നു. വലിയ ടിമ്പർ വ്യാപാരിയായിരുന്ന സീതി ഹാജിയുമൊത്തുള്ള കൂട്ടുകെട്ടിലൂടെ വലിയ കച്ചവടമൊക്കെ ഒപ്പിക്കുന്നുണ്ടാകുമെന്നും ചിലർ കണക്ക് കൂട്ടി.

എന്നാൽ മരിച്ച ശേഷമാണ് അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതി ലോകം അറിയുന്നത്. പതിറ്റാണ്ടുകൾ എം എൽ എ, സ്പീക്കർ,മന്ത്രി, എം പി ,മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി തുടങ്ങിയ പദവികൾ വഹിച്ച സിഎച്ചി ന് ആകെ കൂടി സ്വന്തമായിരുന്നത് നടക്കാവിലെ തന്റെ വീട് മാത്രമാണ്. അതാണെങ്കിൽ ലീഗ് കമ്മിറ്റി മുൻകയ്യെടുത്തു നിർമിച്ചു നൽകിയതും. അമ്പരപ്പിക്കുന്ന കാര്യം അതല്ല, ആ വീടും മരിക്കുമ്പോൾ പണയത്തിലായിരുന്നു! 

ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട മറ്റൊരു കാര്യം , അദ്ദേഹത്തിന്റെ മതപരമായ നിലപാടായിരുന്നു. സി എച്ച് അടക്കമുളള ലീഗ് നേതാക്കൾ മുജാഹിദുകാരാണെന്നും അവരൊക്കെ സുന്നികളുടെ താൽപ്പര്യങ്ങൾ അവഗണിച്ചു മുജാഹിദുകൾക്ക് ഒത്താശകൾ ചെയ്തു കൊടുക്കുന്നുവെന്നുമുള്ള പ്രചണ്ഡമായ പ്രചാരണം നടന്നു. അത് വഴി സുന്നികളെ ലീഗുമായി അകറ്റാനായിരുന്നു, ശ്രമം.

ഇത് സുന്നികളായ ചെറുപ്പക്കാരുടെ മനസിൽ എത്ര ആഴത്തിൽ സ്വാധീനം ചെലുത്തിയെന്ന് വ്യക്തമാക്കാൻ ഒരു സംഭവം പറയാം. 

1983ൽ സി എച്ച് അന്തരിക്കുമ്പോൾ ഞങ്ങൾ ഫൈസാബാദ് ജാമിഅ നൂരിയ്യയിൽ ഫൈനൽ വിദ്യാർത്ഥികളായിരുന്നു. എന്റെ കൂട്ടുകാരനും അൽമുനീറിൽ എന്റെ സഹപ്രവർത്തകനുമായ വിദ്യാർത്ഥിയുടെ കൂടെ വൈകുന്നേരം കാറ്റുകൊണ്ട് നടക്കുന്നതിനിടെയാണ് സി എച്ച് മരണപ്പെട്ട വിവരം അറിയുന്നത്. വേഗം ഞങ്ങൾ വൈകുന്നേരത്തെ റേഡിയോ വാർത്ത കേൾക്കാനായി ചുങ്കത്തുള്ള കടയിലേക്ക് കുതിച്ചു. വഴിയിലുടനീളം ആ സുഹൃത്ത് സി എച്ചിന്റെ മരണത്തിൽ സന്തോഷവും ആശ്വാസവും പ്രകടിപ്പിക്കുകയായിരുന്നു. എനിക്ക് അത് കണ്ട് വല്ലാണ്ടായി. അയാളുടെ ന്യായം സി എച്ച് സുന്നീ വിരുദ്ധനാണെന്നും ആ മരണത്തിലൂടെ സുന്നികൾക്ക് ഗുണമുണ്ടാകുമെന്നുമാണ്. ( ഈ നിലപാടിനെ നിശിതമായി വിമർശിച്ചു കൊണ്ട് അൽ മുനീർ മാഗസിനിൽ അന്ന് അതിന്റെ ചീഫ് എഡിറ്ററായിരുന്ന ഈ വിനീതൻ എഴുതിയ മുഖപ്രസംഗം ഇന്നും നൂറുൽ ഉലമയുടെ പഴയ ഫയലുകളിൽ കണ്ടെത്തിയേക്കും)

 അയാളുടെ തലയിൽ ഇത്തരമൊരു അബദ്ധ ധാരണ അടിച്ചു കയറ്റിയത് ആരാണെങ്കിലും ഒരാൾ മരിച്ചാൽ ആശ്വാസമെന്ന് കരുതാൻ മാത്രം മാരകമാണാവിഷമെന്ന കാര്യത്തിൽ സംശയമില്ല.

എന്നാൽ പിന്നീട് സി എച്ചിന്റെ ജീവിതം നേരിൽ അനുഭവിച്ചവർ നൽകിയ വിവരങ്ങൾ അതിൽ നിന്നും തീർത്തും വ്യത്യസ്തമായ ചിത്രമാണ് നൽകിയത്. 

വർഷങ്ങളോളം നടക്കാവ് പള്ളിയിൽ ജോലി ചെയ്ത സുലൈമാൻ ഫൈസി, സി എച്ചിനെ വളരെ അടുത്തു നിന്ന് മനസിലാക്കിയ വ്യക്തിയാണ്. അദ്ദേഹം നൽകിയ വിവരങ്ങൾ: സി എച്ചിന്റെ വീട്ടിൽ നിന്ന് നടക്കാവ് പള്ളിയിലേക്ക് കടന്നു വരാനുള്ള സൗകര്യത്തിന് വേണ്ടി, അദ്ദേഹത്തിന്റെ ആവശ്യപ്രകാരം  പള്ളിയുടെ ചുമരിൽ തന്നെ പ്രത്യേക വാതിൽ ഘടിപ്പിച്ചിരുന്നു. അദ്ദേഹം വീട്ടിലുള്ള സമയങ്ങളിൽ, പ്രഭാത നമസ്കാരം ഉൾപ്പെടേ കൃത്യമായി പള്ളിയിൽ വരുമായിരുന്നു. റബീഉൽ അവ്വലിൽ ഒന്ന് മുതൽ 12 വരെ സുബ്ഹിക്ക് ശേഷം നടക്കുന്ന മൗലിദ് പരിപാടികളിൽ പങ്കെടുക്കുക മാത്രമല്ല, മൗലിദിലെ ഹദീസ് ഓതാൻ വരെ അദ്ദേഹം താൽപ്പര്യപൂർവം മുന്നോട്ടു വരുമായിരുന്നു. 12 ന് എന്ത് തിരക്കുണ്ടെങ്കിലും പരമാവധി അവിടെ തന്നെ സംബന്ധിക്കാൻ ശ്രമിക്കുകയും അന്ന് അവിടെ കൂടിയവർക്ക് സി എച്ചിന്റെ വക  ചുവന്ന ഹൽവയും തേങ്ങാ പൂളും വിതരണം നടത്തുകയും ചെയ്തിരുന്നതായി അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.

പരമ്പരാഗതമായ സുന്നീ ആചാരങ്ങളും സമ്പ്രദായങ്ങളും ഉൾക്കൊണ്ട കുടുംബ പശ്ചാത്തലത്തിൽ വളർന്നു വന്ന അദ്ദേഹം സ്വന്തം വീട്ടിലും അത്തരമൊരു രീതിയാണ് സ്വീകരിച്ചിരുന്നത്. 

ഇങ്ങനെയൊക്കെയായിട്ടും അദ്ദേഹത്തെ മുജാഹിദാണെന്ന് മുദ്രകുത്തി ആ മരണം പോലും ആഘോഷമാക്കിയവർ മറ്റു പലരെ കുറിച്ചും ഇത്തരം കൽപ്പിത കഥകൾ പ്രചരിപ്പിച്ചാണ് സമസ്തയെ ലീഗ് വിരുദ്ധ ചേരിയിലെത്തിക്കാൻ 'ലോബിയിങ്ങ് ' സജീവമാക്കിയത്. 1978-89 കാലഘട്ടത്തിൽ ഈ വഴിക്ക് ശക്തമായ അടിയൊഴുക്കുകൾ നടന്നു. തക്ക സമയത്ത് സമസ്തയിലേയും ലീഗിലേയും ദൂരക്കാഴ്ചയുള്ള നേതാക്കൾ ഈ നീക്കങ്ങൾ കണ്ടറിഞ്ഞു പ്രതിരോധ നീക്കങ്ങൾ തുടങ്ങിയതോടെയാണ് അതൊരു ധ്രുവീകരണത്തിലേക്ക് നയിക്കുകയും ഇത്തരം വിഷവാഹകർ സമസ്തയിൽ നിന്ന് പുറത്തു പോകേണ്ടി വരുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തത്.

1989 ലെ ആ സംഭവത്തിന് ശേഷം പിരിഞ്ഞു പോയവർ സ്വീകരിച്ച രാഷ്ട്രീയ നിലപാട് നിരീക്ഷിച്ചവർക്ക് അവരുടെ ഉള്ളിലിരിപ്പ് എന്തായിരുന്നുവെന്ന് മനസിലാക്കാൻ പ്രയാസമില്ല.

എന്നാൽ ചരിത്രം ആവർത്തിക്കുകയാണോ?  പഴയ ചിന്തകളുടെ വിഷബീജങ്ങൾ പല കൈവഴികളിലൂടെ കടന്നു വന്നു വീണ്ടും ചില പുഴുക്കുത്തുകൾക്ക് പഴുതുകൾ അന്വേഷിക്കുകയാണോ എന്ന് സംശയിപ്പിക്കുന്ന നീക്കങ്ങളാണ് ചില കേന്ദ്രങ്ങളിൽ നിന്ന് പ്രകടമാകുന്നത്. ഇത്തിരി സംശയങ്ങളും ഒത്തിരി തെറ്റുധാരണകളുമായി കളം നിറഞ്ഞാടുന്ന ചില അമിതാവേശികൾ ദോഷൈകദൃഷ്ടിയിയുടേയും വൈരനിര്യാതനബുദ്ധിയുടേയും എല്ലാ മേലങ്കികളും എടുത്തണിയുകയാണ്. എന്ത് വിഷയം വന്നാലും ലീഗിന്റെ മണ്ടയ്ക്കിട്ട് രണ്ട് മേട്ടം കൊടുത്താലേ സമസ്തയോടുള്ള ഭക്ത്യാദരവുകൾക്ക് ഉശിര് കിട്ടൂ എന്ന് അന്തരീക്ഷത്തിൽ ഇപ്പോഴും അലഞ്ഞു തിരിയുന്ന പഴയ വിദ്വേഷ പ്രേതങ്ങൾ ഇവർക്ക് ഇവരറിയാതെ ഓതിക്കൊടുക്കുകയാണോ? 

ഏതായാലും ഒരനുസ്മരണക്കുറിപ്പിൽ ഇതിലപ്പുറം വേണ്ട. വേണ്ടിവന്നാൽ മറ്റൊരവസരം ആവാം. എമ്പതുകളിലെ ഓർമകൾ പലതും തുളുമ്പി വരാൻ വെമ്പുന്നുണ്ട്.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter