വിഷയം: ‍ റിഫാഈ റാത്തീബ് (കുത്ത്റാത്തീബ്)

രിഫാഈ റാത്തീബ് (കുത്ത് റാത്തീബ്) വിശദീകരിക്കാമോ?

ചോദ്യകർത്താവ്

Muhammed

Jul 9, 2020

CODE :Abo9914

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

കൃത്യമായ സമയക്രമങ്ങള്‍ പാലിച്ച് പതിവായി ചൊല്ലപ്പെടുന്ന ദിക്റുകള്‍ക്കാണ് വിര്‍ദ്, റാത്തീബ് എന്നൊക്കെ പറയപ്പെടുന്നത്. ഫര്‍ള് നിസ്കാരങ്ങള്‍ക്ക് ശേഷം പതിവായി നിസ്കരിക്കുന്ന സുന്നത്ത് നിസ്കാരത്തിന് റാത്തിബത്ത് എന്നാണ് പറയുക.  

ദീനിനെ നന്നായി മനസ്സിലാക്കകുയും അത് അക്ഷരംപ്രതി പാലിച്ച് ഇഖ്ലാസ്വോടെ കര്‍മ്മങ്ങളനുഷ്ഠിച്ച് ജീവിതം നേര്‍വഴിയില്‍ നിലനിര്‍ത്തിപ്പോരുകയും ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുമെന്നും തുടര്‍ന്ന് അവന്‍ അവരുടെ കൈകാലുകളും കണ്ണും കാതുമൊക്കെയാകുമെന്നും (സ്വഹീഹുല്‍ ബുഖാരി) ലദുന്നിയായ അറിവ് അവര്‍ക്ക് നല്‍കുമെന്നും (അബു നുഐം) അല്ലാഹുവിന്റെ റസൂല്‍ (സ്വ) അരുള്‍ ചെയ്തിട്ടുണ്ട്. മാത്രവുമല്ല നമ്മുടെ കാര്യത്തില്‍ കഠിനമായി പ്രയത്നിക്കുന്നവര്‍ക്ക് നമ്മുടെ വിവിധ വഴികളിലേക്ക് നാം മാര്‍ഗ ദര്‍ശനം ചെയ്യുമെന്ന് അല്ലാഹു തആലാ വിശുദ്ധ ഖു‍ര്‍ആനില്‍ (സൂറത്തുല്‍ അൻകബൂത്ത്) വ്യക്തമാക്കിയിട്ടുണ്ട്. ഈ രീതിയില്‍ അനുഗ്രഹീതരായവരെയാണ് നാം ഔലിയാക്കള്‍ എന്നു വിളിക്കുന്നത്. സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നതിലെ മികവിനനുസരിച്ച് അല്ലാഹുവിങ്കല്‍ നിന്ന് സ്രേഷ്ഠമായ ഇല്‍ഹാമുകളും ലഭിച്ചു കൊണ്ടിരിക്കും (ഫതാവല്‍ ഇസ്സ്). അതു കൊണ്ട് തന്നെ പ്രസിദ്ധരായ പല ഔലിയാക്കളും വിശുദ്ധ ഖുർആനിൽ നിന്നും ഹദീസുകളിൽ നിന്നും തങ്ങളുടെ ആത്മീയ ഗുരുക്കളിൽ നിന്നും തങ്ങള്‍ക്ക് ലഭിച്ച ലദുന്നിയായ അറിവിൽ നിന്നും സല്‍ സ്വപ്ന ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലും മനസ്സിലാക്കുകയും പതിവാക്കുകയും തങ്ങളുടെ ശിഷ്യഗണങ്ങളോട് പതിവാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുള്ള ഒരു പ്രത്യേക രീതിയില്‍ ക്രോഡീകൃതമായ ആയത്തുകളും ദിക്റുകളും സ്വലാത്തുകളും ദുആകളും അടങ്ങുന്ന വിര്‍ദുകളാണ് റാത്തീബുകള്‍.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഇറാഖില്‍ ജീവിച്ചിരുന്ന പ്രമുഖ സൂഫീവര്യന്‍ ശൈഖ് അഹ്മദ് കബീര്‍ അല്‍ രിഫാഇ(ഖ.സി)യുടെ നാമത്തില്‍ നടത്തപ്പെടുന്ന റാത്തീബാണ് റിഫാഈ റാത്തിബ്. സര്‍വ്വ സൂഫീ സരണികള്‍ക്കും പ്രത്യേകമായ റാത്തീബുകളും ദിക്‌റുകളും പതിവുള്ളത് പോലെ റിഫാഈ സൂഫീ സരണിയിലെ രിഫാഈ റാതീബിന്റെ രണ്ടാം പകുതിയില്‍ അഭ്യാസികള്‍ ആയുധങ്ങള്‍ കൊണ്ട് വെട്ട് കുത്തുകളില്‍ ഏര്‍പ്പെടുന്നതാണ് കുത്ത് റാത്തീബ് എന്ന് നാമകരണം ചെയ്തതിന്റെ പിന്നാമ്പുറം. കേരളക്കരയില്‍ പ്രത്യേകിച്ചും മലബാര്‍ തീരങ്ങളില്‍ ഇസ്്‌ലാമിന് ആഴത്തില്‍ വേരോട്ടം ലഭിക്കുന്നതില്‍ സൂഫീ സരണികളും റാത്തീബ്, മൗലിദ് പോലുള്ള ആചാരങ്ങളും വലിയ തോതില്‍ സ്വാധീനം ചെലുത്തിയതായി കാണാം.

രിഫാഈ ശൈഖിന്റെ ആത്മീയ പിന്തുടർച്ചക്കാർ പല തരത്തിലുള്ള അത്ഭുതങ്ങളും അമാനുഷിക കാര്യങ്ങളും കാണിച്ചതായി ചരിത്രഗ്രന്ഥങ്ങളില്‍ വിവരിക്കപ്പെട്ടിട്ടുണ്ട്. ജീവനുള്ള പാമ്പിനെ തിന്നുക, കത്തി ജ്ജ്വലിച്ചുകൊണ്ടിരിക്കുന്ന തീയിൽ പ്രവേശിച്ച് തീ കെടുത്തുക, , ആളിക്കത്തുന്ന തീ കൊണ്ട് കളിക്കുക, സിംഹപ്പുറത്ത് യാത്രചെയ്യുക തുടങ്ങിയവ അതിൽ ചിലതാണ് (വഫിയ്യാത്തുൽ അഅയാൻ-ഇബ്നു ഖല്ലികാൻ: 1/172).

അല്ലാഹുവിന്റെ ഔലിയാക്കളിലൂടെ അല്ലാഹു അത്ഭുത സിദ്ധികൾ മാലോകർക്ക് കാണിച്ചു കൊടുക്കുന്നതാണല്ലോ കറാമത്ത്. ഇവിടേയും അതാണ് സംഭവിക്കുന്നത്. അത് മരണം ശേഷവും നില നിൽക്കും (ഫതാവാ റംലീ).

അത്ഭുതസംഭവങ്ങള്‍ നാലിനമാണ്. ഒന്ന്, മുഅ്ജിസത്ത് അഥവാ പ്രവാചകത്വവുമായി ബന്ധപ്പെട്ട അത്ഭുതസിദ്ധി. രണ്ട്, കറാമത്ത്, അഥവാ പ്രവാചകന്മാരെ പരിപൂര്‍ണമായി പിന്തുടര്‍ന്ന് സച്ചരിതജീവിതം നയിക്കുന്നവരില്‍ നിന്നുണ്ടാവുന്നത്. മൂന്ന്, ഇസ്തിദ്റാജ് അഥവാ ഫാസിഖുകളില്‍ നിന്ന് വെളിവാകുന്നത്. നാല്, സിഹ്റ് അഥവാ പഠനത്തിലൂടെ ആര്‍ക്കും ചെയ്യാവുന്നതും തെമ്മാടികള്‍ ചില പ്രത്യേകപ്രവര്‍ത്തനങ്ങളിലൂടെ പ്രകടിപ്പിക്കുന്നതുമായത്.  

രിഫാഈ ശൈഖിന് അല്ലാഹു നൽകിയ കറാമത്താണ് പിൽക്കാലത്ത് മഹാനവർകളുടെ ശിഷ്യരിലൂടെയും മറ്റും വെളിപ്പെടുന്നത്. ഇത് ചിലപ്പോൾ ശിഷ്യനിലൂടെത്തന്നെ ആകണമെന്നില്ല. ഏതെങ്കിലും ഫാസിഖിലൂടെയും കാഫിറിലൂടെ പോലും വെളിപ്പെടാം.

ചിലപ്പോൽ തെമ്മാടിയിലുടെയും  സത്യാ നിശേദിയിലൂടെയും കറാമത്ത് പ്രകടമാവാം. സാമിരി ഇതിനുദാഹരണമാണ്‌.ജിബ്രീൽ (അ) ന്റെ കുതിരയുടെ കുളമ്പ് തട്ടിയ മണ്ണെടുത്ത് (അവൻനിർമ്മിച്ച) പശുക്കുട്ടിയിൽ വെച്ചപ്പോൾ അത് ശബ്ദിച്ചു വല്ലോ. (ഫതാവൽ കുബ്റാ: 4/352)

ശരീരത്തെ അപടകപ്പെടുത്തുന്ന കാര്യങ്ങൾ സാധാരണ ചെയ്യാൻ പാടില്ല. എന്നാൽ സാധാരണ അപകടം പിണയുന്ന കാര്യം തന്നെ കറാമത്ത് ആയ കാരണത്താലോ പ്രാക്റ്റീസ് കാരണമോ മറ്റോ അപകടമില്ലാതെ ചെയ്യാൻ ഒരാൾക്ക് സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യുന്നതിന് വിരോധവുമില്ല.

കല്ല്‌,മണ്ണ് പോലെയുള്ള ശുദ്ടിയുള്ള വസ്തുക്കൾ കഴിച്ചാൽ ബുദ്ദിമുട്ടുണ്ടാകുന്നവർക്ക് അവ കഴിക്കൽ നിഷിദ്ദമാണ്. അവ കഴിക്കൽ നിരുപാധികം നിഷിദ്ദമാനെന്നു ഒരു കൂട്ടം പൂർവ സൂരികൾ പറഞ്ഞതിന് ഈ വിശദീകരണം നൽകൽ ആവശ്യമാണ്‌. അവ കഴിക്കുന്നതിനാൽ ബുദ്ദിമുട്ടില്ലാത്തവർക്കു അവ കഴിക്കൽ നിഷിദ്ദമല്ല. ഒരു കൂട്ടം പൂർവസൂരികൾ ഇക്കാര്യം പ്രസ്താവിക്കുകയും ഇമാം സുബ്കി (റ) യും മറ്റും അത് പരബലമാനെന്നു പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. വിഷം എത്ര കുറച്ചാനെങ്കിലും കഴിക്കൽ നിഷിദ്ദമാണ്. എന്നാൽ വിഷം കഴിച്ചാൽ ബുദ്ദിമുട്ടില്ലാത്തവർക്കു വിഷം കഴിക്കൽ നിഷിദ്ദമല്ല.(തുഹ്ഫ :9/387).

ഇറാഖിലെ ഹീറ പട്ടണത്തിലേക്ക് ധര്‍മ്മയുദ്ധത്തിനായി ചെന്ന ഖാലിദ് (റ)വിനോട്, അവിടത്തുകാര്‍ വിഷം തന്ന് താങ്കളെ വകവരുത്തുന്നത് സൂക്ഷിക്കണമെന്ന് പറയപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, നിങ്ങള്‍ വിഷം കൊണ്ടുവരിക. അത് കൊണ്ടുവരപ്പെട്ടപ്പോള്‍ അദ്ദേഹം ബിസ്മില്ലാഹിറഹ്മാനിറഹീം എന്ന് ചൊല്ലി അത് കുടിച്ചു. അദ്ദേഹത്തിന് ഒന്നും സംഭവിച്ചില്ല. അപകടകരമെന്ന് തോന്നുന്ന കാര്യങ്ങളും വിശ്വാസം സ്ഥിരപ്പെടുത്താനായി ചെയ്യാമെന്ന്  വ്യക്തമാവുന്ന ഈ ചരിത്രം വിവിധഗ്രന്ഥങ്ങളില്‍  (മുസ്വന്നഫ്:8/6,  അല്‍മഅ്അജമുൽ കബീര്‍-ത്വബ്റാനീ:3718-3719, ദലാഇലുന്നുബുവ്വ- ഇമാം ബൈഹഖി (റ):3032, മുസ്നദ്- അബുയഅലാ (റ):7029)  കാണാം.

നമ്മുടെ നാട്ടിൽ പല പാമ്പു പിടുത്തക്കാരും പരസ്യമായി ലൈവായും പാമ്പിൻ വിഷം കുടിക്കുന്നത് പലപ്പോഴും നമുക്ക് കാണാം. അത്തരക്കാർക്കും അത് കുടിക്കാം.

ചുരുക്കത്തിൽ രിഫാഈ ത്വരീഖത്ത് പിന്തുടരുന്നവർ നടത്തന്ന രിഫാഈ റാത്തീബ് ചൊല്ലുന്ന സമയത്ത് അതിൽ പങ്കെടുക്കുന്ന പലരും കാണിക്കുന്ന മാരകമായ ആയുധാഭ്യാസങ്ങൾ രിഫാഈ ശൈഖിന്റെ ആത്മീയ ശിഷ്യന്മാരിലൂടെ നിലനിന്നു പോരുന്ന കറാമത്തുളുടെ വളരേ ചെറിയ അംശങ്ങളാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അതു കൊണ്ട് തന്നെ അത് ചെയ്യുന്നവരുടെ ജീവിതവും നിലവാരവും മാത്രം നോക്കി രിഫാഈ ശൈഖിനേയോ ആ റാത്തീബിനേയോ വിലകുറച്ച് കാണരുത്. കാരണം വലിയ്യിന്റെ കറാമത്ത് ഫാസിഖിലൂടെയും കാഫിറിലൂടെയും വെളിപ്പെടാം (അൽ ഇഖിതിസ്വാദ്).

കര്‍ബല യുദ്ധത്തില്‍ വധിക്കപ്പെട്ട ഹുസൈന്‍(റ) രക്തസാക്ഷിത്വത്തില്‍ അനുശോചിച്ച് ശീഇകള്‍ നടത്തുന്ന ആശൂറാ ആചാരങ്ങളുടെ ഭാഗമായി പ്രകടിപ്പിക്കുന്ന തത്ബീര്‍ കുത്ത്‌റാത്തീബില്‍ നിന്നും തീര്‍ത്തും വ്യതിരിക്തമാണ്. ഹുസൈന്‍(റ)ന്‍റെ രക്തസാക്ഷിത്വത്തില്‍ ദു:ഖം രേഖപ്പെടുത്തിയും അവരുടെ കൂടെ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ ഖേദം പ്രകടിപ്പിച്ചും ശീഇകള്‍ വാളുകള്‍ കൊണ്ടും കത്തി-ചങ്ങലകള്‍ കൊണ്ടും സ്വശരീരങ്ങളെ അതിശക്തമായി മുറിവേല്‍പിക്കുകയും പുറത്ത് വീശിയടിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്ന ഈ കര്‍മത്തിന് തത്ബീര്‍ എന്നാണ് പേര്. കുത്ത് റാത്തീബുമായി താരതമ്യം ചെയ്യുമ്പോള്‍ ആയുധപ്രകടന ശേഷം ശൈഖിന്റെ തടവലോട് കൂടെ വ്രണങ്ങള്‍ ഭേദമാവുന്നെങ്കില്‍ തത്ബീറില്‍ സംഭവിക്കുന്നത് നേരേ മറിച്ചാണ്. പ്രയോഗസമയത്ത് അവര്‍ എത്തിപ്പെട്ട മാനസികതലം മൂലം വേദന അനുഭവിക്കാതെ പോയെങ്കില്‍ പ്രകടന ശേഷം അവര്‍ ശുശ്രൂഷിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. കുത്ത് റാത്തീബ് അവതരിപ്പിക്കുന്നവരുടെ പരിക്കുകള്‍ ഭേദമാകുകയും തത്ബീര്‍ പ്രകടിപ്പിക്കുന്നവരുടെ വ്രണങ്ങള്‍ ഭേദമാവുന്നില്ല എന്ന അടിസ്ഥാന വ്യത്യാസം മുന്‍നിര്‍ത്തിയാണ് രണ്ട് ആചാരങ്ങളുടേയും മതകീയ വിധികള്‍ വേര്‍തിരിഞ്ഞത്. 

കൂടുതല്‍ അറിയാനും  അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter