വിഷയം: ‍ വിവാഹം കഴിക്കാതിരിക്കല്‍

വിവാഹം കഴിക്കാതെ ഇരിക്കുന്നതിന്റെ വിധി എന്താണ്? ഒരു പുരുഷൻ എന്ന നിലയിൽ അങ്ങനെ തീരുമാനം എടുക്കുന്നതിൽ തെറ്റ്‌ ഉണ്ടോ?

ചോദ്യകർത്താവ്

സൈനുൽ ആബിദ്

Jan 5, 2021

CODE :Oth10033

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

വിവാഹം എന്നത് ഇസ്ലാമിൽ അതിപ്രധാനവും പരിപാവനവുമായ ഒരു ബന്ധമാണ്. ഇസ്ലാം വിവാഹത്തെ നല്ലപോലെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.

വൈകാരികമായ ആഗ്രഹങ്ങളുള്ളതോടൊപ്പം വധുവിന് മഹ്റ്, വസ്ത്രം ഭക്ഷണം തുടങ്ങിയ ചെലവുകള്‍ നല്‍കാന്‍ കഴിവുള്ളവനാണെങ്കില്‍ അവന് വിവാഹം സുന്നത്താണ്. നബി(സ്വ) പറഞ്ഞിട്ടുണ്ട്: വിവാഹം എന്‍റെ ചര്യയില്‍ പെട്ടതാണ്. ആരെങ്കിലും എന്‍റെ ചര്യയില്‍ വിമുഖത കാണിക്കുന്നുവെങ്കില്‍ അവര്‍ നമ്മില്‍ പെട്ടവരല്ല.

വൈകാരികമായ ആഗ്രഹങ്ങളും കഴിവുമുണ്ടെങ്കിലും മേല്‍പറഞ്ഞ ചെലവുകള്‍ക്ക് സാമ്പത്തികമായ കഴിവില്ലെങ്കില്‍ അവര്‍ വിവാഹം കഴിക്കാതിരിക്കലും വൈകാരികതാല്‍പര്യങ്ങള്‍ ശമിക്കുന്നതിന് വേണ്ടി നോമ്പ് പിടിക്കലുമാണുത്തമം.

രോഗം കൊണ്ടോ മറ്റോ വൈകാരികമായ ആഗ്രഹങ്ങളില്ലാത്തവര്‍ വിവാഹം കഴിക്കല്‍ കറാഹത്താണ്.

 വിശുദ്ധ ഖുർആനിൽ വൈവാഹികജീവിതത്തെ പ്രോല്‍സാഹിപ്പിക്കുന്ന നിരവധി ആയത്തുകൾ വന്നിട്ടുണ്ട്.

 "നിങ്ങളിൽ നിന്നുതന്നെ നിങ്ങളുടെ ഇണകളെ അവൻ സൃഷ്ടിച്ചുതന്നിരിക്കുന്നു. ആ ഇണകളോട് ഒത്തുചേർന്നുകൊണ്ട് സമാധാനത്തോടു കൂടി നിങ്ങൾക്ക് ജീവിക്കുവാൻ വേണ്ടിയാണിത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ട ഒരു കാര്യമാണിത്. നിങ്ങൾക്കിടയിൽ വിവാഹ ബന്ധത്തിൽകുടി) സ്നേഹവും കരുണയും അവൻ ഉറപ്പിച്ചുതന്നിരിക്കുന്നു. നിശ്ചയം ചിന്തിക്കുന്നവർക്ക് ഇതിൽ പല ദൃഷ്ടാന്തങ്ങളുമുണ്ട്." (റും : 21)

“അനാഥക്കുട്ടികളുടെ കാര്യത്തില്‍ നീതി പാലിക്കാന്‍ കഴിയില്ലെന്നു ഭയപ്പെടുകയാണെങ്കില്‍ മറ്റുവനിതകളില്‍ നിന്നു നിങ്ങളിഷ്ടപ്പെടുന്ന രണ്ടോ മൂന്നോ നാലോ പേരെ വിവാഹം കഴിക്കുക; അവരോടും നീതി ചെയ്യാനാവില്ലെന്നു പേടിയുണ്ടെങ്കില്‍ ഒരുത്തിയെ മാത്രം; അല്ലെങ്കില്‍ നിങ്ങളുടെ അടിയാത്തികള്‍. പരിധികള്‍ ലംഘിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് അതാണേറ്റം നല്ലത് (2) ഭാര്യമാര്‍ക്ക് വിവാഹമൂല്യം സസന്തോഷം നല്‍കണം. ഇനി, സ്വേഷ്ടപ്രകാരം അവരതില്‍ നിന്നു വല്ലതും നിങ്ങള്‍ക്ക് തരുന്നുവെങ്കില്‍ സാമോദം സുഖമായി ഭക്ഷിക്കുക. നിങ്ങളുടെ നിലനില്‍പിന്നനിവാര്യമായി അല്ലാഹു നിശ്ചയിച്ച സമ്പത്തുകള്‍ മൂഢന്മാര്‍ക്ക് വിട്ടുകൊടുക്കരുത്. നിങ്ങളവര്‍ക്ക് അതില്‍ നിന്നു ഭക്ഷണവും വസ്ത്രവും നല്‍കുകയും നന്മയുപദേശിക്കുകയും ചെയ്യുക” (അന്നിസാഅ് 3-5)

“ഹേ മനുഷ്യരേ, ഒരേയൊരു വ്യക്തിയില്‍ നിന്നു നിങ്ങളെ പടക്കുകയും അതില്‍ നിന്നു തന്നെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും അവരിരുവരില്‍ നിന്നുമായി ഒട്ടേറെ സ്ത്രീപുരുഷന്മാരെ വ്യാപിപ്പിക്കുകയും ചെയ്ത നിങ്ങളുടെ നാഥനെ സൂക്ഷിക്കുക. ഏതൊരുവന്റെ പേരില്‍ നിങ്ങള്‍ അവകാശങ്ങള്‍ ചോദിക്കുന്നുവോ ആ അല്ലാഹുവിനെയും കുടുംബബന്ധവും സൂക്ഷിക്കുക. നിശ്ചയം അവന്‍ നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാണ്” (അന്നിസാഅ് 1)

“താങ്കള്‍ക്കുമുമ്പ് നാം ദൂതന്‍മാരെ അയക്കുകയും അവര്‍ക്ക് ഭാര്യാസന്താനങ്ങളെ നല്‍കുകയും ചെയ്തിട്ടുണ്ട്”(റഅദ് 38).     

വിവാഹം ചെയ്യല്‍ പ്രോല്‍സാഹിപ്പിക്കപ്പെടുന്ന നിരവധി ഹദീസുകളും കാണാം.

സഈദ്(റ) പറയുന്നു: ഇബ്നുഅബ്ബാസ്(റ) എന്നോട് പറഞ്ഞു: നീ വിവാഹം ചെയ്തിട്ടുണ്ടോ? ഇല്ലെന്ന് ഞാൻ പറയുന്നു: ഇബ്നുഅബ്ബാസ്(റ) പറഞ്ഞു: നീ വിവാഹം ചെയ്തുകൊളളുക. നിശ്ചയം ഈ സമൂഹത്തിൽ ഏറ്റവും ശ്രേഷ്ഠൻ കൂടുതൽ ഭാര്യമാരുണ്ടായിരുന്നവൻ (പ്രവാചകൻ) ആണ്. (ബുഖാരി.)

സഅ്ദ്(റ) പറയുന്നു: ഉസ്മാന്ബ്നുമളുഊൻ(റ) ബ്രഹ്മചര്യമനുഷ്ഠിക്കുവാൻ അനുമതി ചോദിച്ചപ്പോൾ നബി(സ) അതിനെ വിരോധിച്ചു. നബി(സ) അദ്ദേഹത്തിന് അനുമതി നൽകിയിരുന്നുവെങ്കിൽ ഞങ്ങൾ ഷണ്ഡീകരണ നടപടി സ്വീകരിക്കുമായിരുന്നു. (ബുഖാരി.)

 അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നാല് കാര്യങ്ങൾക്ക് വേണ്ടിയാണ് ഒരു സ്ത്രീയെ വിവാഹം ചെയ്യപ്പെടാറുളളത്. എന്നാൽ നീ മതമുളളവളെ കരസ്ഥമാക്കിക്കൊളളുക. അല്ലാത്ത പക്ഷം നിനക്ക് നാശം. (ബുഖാരി)

റസൂൽ കരീം (സ) പറഞ്ഞു: നാലു കാര്യങ്ങൾ പ്രവാചകന്മാരുടെ മാർഗങ്ങളിൽ പെട്ടതാണ്. മൈലാഞ്ചി, സുഗന്ധ പ്രയോഗം വാ ശുദ്ധീകരണം, വിവാഹം. മൈലാഞ്ചി എന്നതിനു പകരം ലജ എന്നും ഒരു റിപ്പോർട്ടിൽ കാണുന്നു. (തുർമുദി)

മേല്‍ ആയത്തുകളില്‍ നിന്നും ഹദീസുകളില്‍ നിന്നും വിവാഹജീവിതത്തിന്‍റെ പ്രധാന്യം നമുക്ക് വ്യക്തമായല്ലോ.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter