ഒരു സ്ത്രീ ആർത്തവം കാരണമായോ നിഫാസ് കാരണമായോ ഒരുവർഷത്തെ നോമ്പ് ഒഴിവാക്കി. അതിനു മുദ്ദ് കൊടുക്കുകയും ചെയ്തു. അടുത്ത വർഷത്തെ റമദാന് മുമ്പായി ഖളാ വീട്ടാൻ കരുതിയിരുന്നെങ്കിലും അസുഖം കാരണം കഴിഞ്ഞില്ല. ഇതിനുള്ള പരിഹാരമായി എന്തെല്ലാം ചെയ്യണം. (ഓരോ നോമ്പിനും പകരമായി രണ്ടു നോമ്പെടുക്കുകയും മുദ്ദ് കൊടുക്കുകയും വേണമെന്ന് കേൾക്കുന്നു). ഒന്ന് വിശദീകരിച്ച് തരാമോ?

ചോദ്യകർത്താവ്

Mansoor Ali

Mar 27, 2020

CODE :Fiq9653

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ചോദ്യത്തിലെ ചില അവ്യക്തകളില്‍ ആദ്യം കൃത്യത വരുത്തേണ്ടതുണ്ട്. ആര്‍ത്തവം കാരണം റമളാനിലെ മുഴുവന്‍ നോമ്പും നഷ്ടപ്പെടാന്‍ ഒരു സാധ്യതയുമില്ല. കാരണം ആര്‍ത്തവത്തിന്‍റെ ഏറ്റവും കൂടിയ കാലയളവ് മാസത്തില്‍ 15 ദിവസം മാത്രമാണ്. റമളാന്‍ മുഴുവന്‍ നിഫാസ് കാരണം നോമ്പ് നഷ്ടപ്പെട്ടേക്കാം.

ഹൈള് കാരണായോ നിഫാസ് കാരണമായോ നോമ്പ് നഷ്ടപ്പെട്ടാല്‍ അടുത്ത റമാളാന്‍ വരുന്നതിന് മുമ്പ് ഖളാഅ് വീട്ടുകയാണ് വേണ്ടത്. അതോടൊപ്പെം മുദ്ദ് നല്‍കേണ്ടതില്ല. എന്നാല്‍ പിന്തിക്കാനാവശ്യമായ ഒരു കാരണവുമില്ലാതെ അടുത്ത റമളാന്‍ വരുന്നതിന് മുമ്പ് ഖളാ വീട്ടാതിരുന്നാല്‍ പിന്തിച്ചതിന്‍റെ പേരില്‍ ഓരോ നോമ്പിനും ഓരോ മുദ്ദ് വീതം ഫിദ്’യ നല്‍കണം. എത്ര വര്‍ഷമാണോ ഖളാഅ് വീട്ടാതെ പിന്തിപ്പിക്കുന്നത്, അതിന്‍റെ എണ്ണമനുസരിച്ച് ഓരോ നോമ്പിനും മുദ്ദുകളുടെ എണ്ണം വര്‍ധിക്കും (ഫത്ഹുല്‍മുഈന്‍).

റമളാന്‍ നോമ്പ് നഷ്ടപ്പട്ടവന്‍, രോഗം മൂലമോ മറ്റോ അടുത്ത റമളാന്‍ വരുന്നത് വരെ ഖളാ വീട്ടാന്‍ കഴിയാതെ വന്നാല്‍ രോഗം സുഖപ്പെട്ട ശേഷം ഖളാ വീട്ടിയാല്‍ മാത്രം മതി. മുദ്ദ് നല്‍കേണ്ടതില്ല. രോഗം മൂലം ഖളാ വീട്ടാനാകാതെ എത്ര വര്‍ഷം പിന്നിട്ടാലും ഖളാ വീട്ടിയാല്‍ മാത്രം മതി (ഫത്ഹുല്‍മുഈന്‍).

ഖളാഅ് വീട്ടാനവസരം ലഭിച്ചിട്ടും വീട്ടാതെ പിന്തിപ്പിക്കുകയും പിന്നീട് ഖളാ വീട്ടാന്‍ തുനിഞ്ഞപ്പോള്‍ രോഗമോ യാത്രയോ മൂലം നോമ്പ് ഖളാ വീട്ടാന്‍ കഴിയാതാവുകയും ചെയ്താല്‍ പിന്തിപ്പിച്ചതിന്‍റെ പേരില്‍ ഫിദ്’യയായി മുദ്ദ് നല്‍കേണ്ടതാണ്. വര്‍ഷം മുഴുവന്‍ കാരണം നീണ്ടുനിന്നതിന്‍റെ പേരില്‍ ഖളാ വീട്ടാനാകാതായാലേ മുദ്ദ് കൊടുക്കാതെ ഖളാഅ് വീട്ടുന്നത് കൊണ്ട് മാത്രം നിര്‍ബന്ധബാധ്യത വീടൂ.

ചുരുക്കത്തില്‍, നോമ്പ് നഷ്ടപ്പെട്ടത് കാരണത്തോടു കൂടെയാണെങ്കില്‍ നോമ്പുകള്‍ ഖളാ വീട്ടുകയും അകാരണമായി ഖളാഅ് വീട്ടാതെ എത്ര റമളാനുകള്‍ കഴിഞ്ഞുപോയിട്ടുണ്ടോ അത്ര മുദ്ദുകള്‍ ഓരോ നോമ്പിനു  വേണ്ടിയും ഫിദ്’യ നല്കുകയുമാണ് നിങ്ങള്‍ ചെയ്യേണ്ടത്. ഹൈള്, നിഫാസ് എന്നിവ കാരണം നഷ്ടപ്പട്ടെ നോമ്പുകള്‍ക്ക് നഷ്ടപ്പെടുത്തിയതിന്‍റെ പേരില്‍ മുദ്ദ് നല്‍കേണ്ടതില്ലാത്തതിനാല്‍ നേരത്തെ നല്‍കിയ മുദ്ദുകള്‍ സ്വദഖയായി മാറുന്നതാണ്. അകാരണമായി റമളാന്‍ കഴിയുന്നതുവരെ ഖളാ വീട്ടാതെ പിന്തിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിന് മുദ്ദ് കൊടുക്കേണ്ടതുമാണ്, നേരത്തെ നല്‍കിയത് പരിഗണിക്കപ്പെടുകയില്ല.

ഓരോ നോമ്പിനും പകരമായി രണ്ട് നോമ്പ് വീതം എടുക്കണമെന്ന് കേട്ടത് ശരിയല്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter