ലുഡോ കളി ഹറാമാണോ? ഈയിടെ വാട്സപ്പിലും ലും മറ്റും അത് ഹറാമാണെന്നും അതിന് മുസ്ലിം(റ) രിവായത്ത് ചെയ്ത ഒരു ഹദീസ് തെളിവായി ഉദ്ധരിക്കുന്നതായും കാണുന്നു. വിശദീകരണം പ്രതീക്ഷിക്കുന്നു.

ചോദ്യകർത്താവ്

Abdulla K.A

Mar 29, 2020

CODE :Fiq9655

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

കുതിരസവാരി, അമ്പൈത്ത്, എന്നിവയില്‍ മത്സരം നടത്തല്‍ പുരുഷന്മാര്‍ക്ക് സുന്നത്താണെന്നും അവയില്‍ പണമീടാക്കി മത്സരം നടത്തല്‍ പോലും കുഴപ്പമില്ലെന്നും (തുഹ്ഫ 12-343) കാണാം. പണമീടാക്കുമ്പോഴുളള നിബന്ധനകളും മറ്റും ഇവിടെ പ്രത്യേകം പഠിക്കേണ്ടതാണ്. ആയോധനകലളില്‍ ഇവ ഉപകാരപ്പെടുന്നുവെന്നതിനാല്‍ തിരുനബി(സ്വ) ഇവയെ പ്രോല്‍സാഹിപ്പിച്ചു കൊണ്ടുള്ള ഹദീസുകളാണ് ഇതിന് തെളിവായി പണ്ഡിതന്മാര്‍ ഉദ്ധരിക്കുന്നത്. ഈ ഹദീസുകളുടെ അടിസ്ഥാനത്തില്‍ യുദ്ധസമയത്ത് വ്യക്തമായ ഉപകാരം പ്രതീക്ഷിക്കപ്പെടുന്നവയിലൊക്കെ മത്സരം നടത്തല്‍ അനുവദനീയമാണ്(തുഹ്ഫ 12-345)

ആയോധനകലയില്‍ വ്യക്തമായ ഉപകാരം പ്രതീക്ഷിക്കാത്തവയില്‍ പണമീടാക്കിയുള്ള മത്സരം അനുവദനീയമല്ല. ഇമാം നവവി(റ) അത്തരം മത്സരങ്ങളുടെ ഉദാഹരണങ്ങളായി നീന്തല്‍, ചെസ് തുടങ്ങിയവ എണ്ണിയതായി കാണാം. എന്നാല്‍ പണമീടാക്കാതെ അത്തരം മത്സരങ്ങള്‍ നടത്തുന്നതില്‍ വിരോധമില്ല(തുഹ്ഫ 12-345)

സ്ത്രീകള്‍ക്ക് ആയോധനകലകളുടെ പ്രകടമായ ആവശ്യങ്ങളില്ലാത്തതിനാല്‍ അവര്‍ക്കിത്തരം മത്സരങ്ങള്‍ പണമീടാക്കി നടത്തല്‍ ഹറാമും അല്ലെങ്കില്‍ കറാഹത്തുമാണ്. ആഇശാബീവി(റ)യോടൊത്ത് നബി(സ്വ) മത്സരം നടത്തിയത് അനുവദനീയമാണെന്നറിയിക്കാന്‍ വേണ്ടി മാത്രമാണ്(ശര്‍വാനീ 12-342).

നര്‍ദ് (പകിട-ഡൈ) കൊണ്ടുള്ള കളി ഹറാമാണ്. ആരെങ്കിലും നര്‍ദശീര്‍(പകിട)കൊണ്ട് കളിച്ചാല്‍ അവന്‍ കൈകള്‍ പന്നിമാംസത്തിലും രക്തത്തിലും മുക്കിയവനെപോലെയാണെന്ന ഇമാം മുസ്ലിം(റ)ന്‍റെ റിപ്പോര്‍ട്ടാണ് ഇതിന് തെളിവ്. പകിട കളിച്ചാല്‍ അവന്‍ അല്ലാഹുവിനും റസൂലിനും എതിരു ചെയ്തു എന്ന് അബൂദാവൂദ്(റ)ന്‍റെ റിപ്പോര്‍ട്ടിലുമുണ്ട് (തുഹ്ഫ 13-211).

സങ്കീര്‍ണമായ കണക്കുകൂട്ടലുകള്‍ക്കോ കൂര്‍മബുദ്ധിക്കോ സ്ഥാനമില്ലാത്ത വെറും ഊഹങ്ങളുടെയും ഭാഗ്യത്തിന്‍റെയും അടിസ്ഥാനത്തിലുള്ള വിനോദങ്ങളെല്ലാം ഹറമാണ് (തുഹ്ഫ 13-212). അതുകൊണ്ടാണ് ബുദ്ധിക്കും ചിന്തക്കും കണക്കിനും പ്രാധ്യാന്യമുള്ള ചെസ് കളിയും ഊഹത്തിനും ഭാഗ്യത്തിനും മാത്രം പ്രാധാന്യമുള്ള പകിടകളിയും തമ്മില്‍ വിധിയില്‍ വ്യത്യാസമുണ്ടാവാനുള്ള കാരണം. ചെസ് കളി ശാഫിഈ മദ്ഹബ് പ്രകാരം പണം നിബന്ധനവെക്കാതെയാണെങ്കില്‍ കറാഹത്തും പണം നിബന്ധന വെക്കുകയോ  ചെസ് മൂലം നിസ്കാരം നഷ്ടപ്പെടുത്തുകയോ ഹറാമാണെന്ന് വിശ്വസിക്കുന്ന മറ്റു മദ്ഹബുകാരോടൊപ്പം കളിക്കുകയോ ചെയ്താല്‍ ഹറാമുമാണ് (ഫത്ഹുല്‍മുഈന്‍)

നര്‍ദ്(പകിട കളി) ഇന്ന് ജനങ്ങള്‍ക്കിടയിലറിയപ്പെടുന്നത് ത്വാവിലത് എന്ന പേരിലാണെന്ന് (ശര്‍വാനി 13-211) കാണാം. ത്വാവിലത് എന്ന കളിയും ലുഡോ കളിയും സമാനരീതിയാണെന്ന് മനസിലാക്കാം. ഡൈ മുകളിലേക്കിട്ട് ലഭിക്കുന്ന സംഖ്യയനുസരിച്ച് സ്വന്തം കരുക്കള്‍ നീക്കുകയും എതിരാളിയുടെ കരുക്കളെ വെട്ടുകയും ലക്ഷ്യത്തിലെത്തുകയും ചെയ്യുകയെന്നതാണ് ത്വാവിലത് കളി.

ഇനി ലുഡോയിലേക്ക് വരാം. പകിട കൊണ്ടുള്ള കളി ഹറാമാണെന്നാണ് ഹദീസിലുള്ളത്. ഈ ഹദീസിന്‍റെ അടിസ്ഥാനത്തില്‍ വെറും ഊഹങ്ങളുടെയും ഭാഗ്യത്തിന്‍റെയും അടിസ്ഥാനത്തിലുള്ള വിനോദങ്ങളെല്ലാം ഹറമാണെന്നാണ് പണ്ഡിതന്മാര്‍ വിധി പറഞ്ഞിട്ടുള്ളത്.

പകിടയുടെ പുതിയരൂപമായ ഡൈ ഉപയോഗിച്ചാണ് ലുഡോ കളി ആരംഭിക്കുന്നത്. ഡൈ ഉപയോഗിച്ച് കിട്ടുന്ന നമ്പര്‍ അനുസരിച്ച് തന്‍റെ കരുക്കള്‍ നീക്കുകയും മറ്റുള്ളവരുടെ കരുക്കളെ വെട്ടുകയും ലക്ഷ്യസ്ഥാനത്തെത്തുകയും ചെയ്യുകയാണല്ലോ ലുഡോ കളിയിലുള്ളത്. ഡൈ ഇടുമ്പോള്‍ ഭാഗ്യമോ നിര്‍ഭാഗ്യമോ എന്നോണം കിട്ടുന്ന എണ്ണമാണ് കളിയുടെ മുഖ്യമായ അടിസ്ഥാനം. ആയതിനാല്‍ തിരുനബി(സ്വ) വിലക്കിയ നര്‍ദ് (പകിടകളി) തന്നെയാണ് ലുഡോ എന്ന് മനസിലായി.

എന്നാല്‍ തുഹ്ഫയില്‍ ഇങ്ങനെ കാണാം. കുഴികളുണ്ടാക്കിയോ കളങ്ങള്‍ വരച്ചോ കണക്കുകള്‍ അടിസ്ഥാനപ്പെടുത്തി കല്ലുകള്‍ നീക്കിക്കളിക്കുന്ന കളി ബുദ്ധിക്കും കണക്കിനും പ്രാധാന്യമുള്ളതിനാല്‍ അനുവദനീയമാണ്. എന്നാല്‍ കല്ലുകള്‍ നീക്കുന്നത് ഡൈ/വര്‍ണങ്ങളുള്ള കോലുകള്‍ ഇട്ട് അതിന്‍റെ എണ്ണമോ നിറമോ അടിസ്ഥാനപ്പെടുത്തിയാണെങ്കില്‍ അതും ഹറാമാണ്. (തുഹ്ഫ 13-212)

ത്വാബ് കളിയും ഹറാമായ ഇനത്തില്‍ പെട്ടതാണ്. അഥവാ പല വര്‍ണങ്ങളുള്ള കൊള്ളികള്‍ നിലത്തിട്ട് അവയില്‍ ലഭിക്കുന്ന വര്‍ണങ്ങള്‍ അടിസ്ഥാനപ്പെടുത്തി കളിയുടെ അനുബന്ധകാര്യങ്ങള്‍ മുന്നോട്ടുപോകുന്ന വിനോദമാണ് ത്വാബ്. അവയില്‍ ബുദ്ധിക്ക് സ്ഥാനമുണ്ടെന്ന് പറഞ്ഞ് ന്യായീകരിക്കുന്നത് ശരിയല്ല (തുഹ്ഫ 13-212)

ചുരുക്കത്തില്‍ ഡൈ ഉപയോഗിക്കുന്നുവെങ്കിലും പിന്നീട് തന്‍റെ കരുക്കള്‍ നീക്കുന്നതില്‍ ബുദ്ധി ഉപയോഗിക്കുന്നുണ്ടല്ലോ എന്ന ന്യായീകരണം കൊണ്ടും ലുഡോ ഹലാലാണെന്ന് പറയാനാകില്ല.

പൊള്ളയായ ഊഹവും ഭാഗ്യനിര്‍ഭാഗ്യവും അടിസ്ഥാനമാക്കിയുള്ള കളികള്‍ പണം നിബന്ധന വെക്കാതെയാണെങ്കിലും ഹറാമാണ് (ശര്‍വാനീ 13-212)

അപ്പോള്‍ പണം നിബന്ധന വെക്കാതെയാണ് ലുഡോ കളിക്കുന്നതെങ്കിലും ശരി അനുവദനീയമല്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter