വിഷയം: ‍ ഉംറ ഇസ്ലാം കാര്യങ്ങളില്‍ പെട്ടതോ

ഹജ്ജും ഉംറയും നിർബന്ധമാണെന്ന് അറിയാം. ഹജ്ജ് ചെയ്യുമ്പോൾ ഉംറയും ചെയ്യും എന്നാണ് ഞാൻ പഠിച്ചത്. എന്നാല്‍ ഇസ്ലാം കാര്യങ്ങളിൽ അഞ്ചാമത്തേത് ഹജ്ജ് എന്നത് ഹജ്ജും ഉംറയും ആണോ ഉദ്ദേശിക്കുന്നത് അതോ ഹജ്ജ് മാത്രമാണോ? ചിലയിടങ്ങളില്‍ ഇസ്ലാം കാര്യങ്ങളില്‍ അഞ്ചാമത്തേത് ഹജ്ജും ഉംറയും ആണെന്ന് ഒന്നിച്ചെഴുതിയത് വായിക്കാനിടിയായി.

ചോദ്യകർത്താവ്

Muhammad Iqbal M

Oct 30, 2020

CODE :Abo9995

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഇസ്ലാമിന്‍റെ പഞ്ചസ്തംബങ്ങള്‍ ശഹാദത്ത് കലിമ ചൊല്ലല്‍, അഞ്ച് വഖ്ത് നിസ്കാരം, റമളാന്‍ മുഴുവന്‍ നോമ്പ്, സകാത്ത്, ഹജ്ജ് എന്നിയാണ്. ഈ അഞ്ച് കാര്യങ്ങള്‍ ദീനില്‍ ളറൂറത് കൊണ്ട് അറിയപ്പെട്ടതും അവയുടെ നിര്‍ബന്ധത്തെ നിഷേധിക്കുന്നത് ഇസ്ലാമില്‍ നിന്ന് പുറത്തുപോകാന്‍ കാരണമാകുന്നതുമാണ്.

ഹജ്ജ് നിര്‍ബന്ധമാണെന്നത് ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതും അത് ഇസ്ലാമിന്‍റെ പഞ്ചസ്തംബങ്ങളില്‍ പെട്ടതും ദീനില്‍ ളറൂറത് കൊണ്ട് അറിയപ്പെട്ടതുമാണ്, എന്നാല്‍ ഉംറ നിര്‍ബന്ധമാണോ എന്നതില്‍ അഭിപ്രായവ്യത്യാസമുണ്ട് (ഇആനതുത്ത്വാലിബീന്‍2//17).

ഹജ്ജിനോടൊപ്പം ഉംറയും നിര്‍ബന്ധമുണ്ടോ എന്നതില്‍ പണ്ഡതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുള്ള കാര്യമാണ്. ശാഫിഈ മദ്ഹബിലും ഹംബലീ മദ്ഹബിലും ഉംറ ഹജ്ജ് പോലെ നിര്‍ബന്ധമാണെന്നും ഹനഫീ, മാലികീ മദ്ഹബുകളില്‍ ഉംറ ശക്തിയായ സുന്നത്താണെന്നുമാണ് വീക്ഷണം. ആയതിനാല്‍ ഇസ്ലാമിന്‍റെ അടിസ്ഥാനമായ അഞ്ചു കാര്യങ്ങളില്‍ പൊതുവെ ഹജ്ജിനോടൊപ്പം ഉംറയെ പരിഗണക്കപ്പെടുന്നില്ല. ശാഫിഈ മദ്ഹബ് പ്രകാരം എഴുതപ്പെട്ട ഏതെങ്കിലും ലേഖനങ്ങളിലോ മറ്റോ ഹജ്ജിനോടൊപ്പം ഉംറയെ കൂടി പഞ്ചസ്തംബങ്ങളുടെ കൂട്ടത്തില്‍ ചേര്‍ത്തുപറഞ്ഞതാകാം താങ്കളുടെ ശ്രദ്ധയില്‍പെട്ടത്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter