ഇമാം ഇബ്‌നുഹജര്‍ അല്‍ഹൈതമി, ഇമാം റംലി: പ്രമാണങ്ങളുടെ ദ്വിമാനങ്ങള്‍

ശാഫിഈ മദ്ഹബിലെ പണ്ഡിതരില്‍ വിശ്വപ്രസിദ്ധനാണ് ഇബ്‌നുഹജരിനില്‍ ഹൈതമി(റ). മദ്ഹബില്‍ പ്രാമാണിക ഗ്രന്ഥമായ തുഹ്ഫതുല്‍മുഹ്താജിന്റെ രചയിതാവെന്നതിലുപരി നിരവധി പ്രത്യേകതളദ്ദേഹത്തിനുണ്ട്. ശാഫിഈ മദ്ഹബിലെ കര്‍മ്മശാസ്ത്ര പ്രശ്‌നോത്തരികള്‍ക്ക് പ്രധാനമായും തീരുമാനം കണ്ടെത്തുന്നത് ഇമാം നവവി(റ)യുടെ മിന്‍ഹാജിന്റെ വ്യാഖ്യാനങ്ങളില്‍ അതിപ്രധാനമായ തുഹ്ഫയില്‍ നിന്നാണ്.

ജനനം, ജീവിതം, വിദ്യാഭ്യാസം.

ശിഹാബുദ്ദീന്‍ അബുല്‍അബ്ബാസ് അഹ്മദുബ്‌നു മുഹമ്മദിബ്‌നി മുഹമ്മദിബ്‌നി അലിയ്യിബ്‌നിഹജരിനില്‍ ഹൈതമിയെന്നാണ് അദ്ദേഹത്തിന്റെ പൂര്‍ണ്ണനാമം. ഹിജ്‌റവര്‍ഷം 909ല്‍ ഈജിപ്തിന്റെ പടിഞ്ഞാറ് പ്രവിശ്യകളില്‍ പെട്ട അബുല്‍ഹൈതം എന്ന സ്ഥലത്താണ് ജനനം. ധീരനും പണ്ഡിതനുമായിരുന്നുവെങ്കിലും നിര്‍ബന്ധിതാവസ്ഥകളില്‍ മാത്രം സംസാരിച്ചിരുന്ന മുഹമ്മദുബ്‌നുഅലി എന്ന പ്രപിതാവിനെ ജനങ്ങള്‍ അചേതനമായ കല്ലുമായി സാദൃശ്യപ്പെടുത്തി ഹജര്‍(കല്ല്) എന്ന് വിളിച്ചു. അവരിലേക്ക് ചേര്‍ത്താണ് ഇബ്‌നുഹജര്‍ എന്ന് വിളിക്കപ്പെടുന്നത്(ശദറാതുസ്സഹബ്-ഇബ്‌നുല്‍ഇമാദ്) ചെറുപ്പത്തില്‍ തന്നെ പിതാവിന്റെ തണല്‍ നഷ്ടപ്പെട്ട അദ്ദേഹം പിന്നീട് ശംസുദ്ദീന്‍ ഇബ്‌നുഅബില്‍ഹമാഇല്‍(റ), ശംസുദ്ദീനുശ്ശനാവി(റ)എന്നിവരുടെ സംരക്ഷണത്തിലാണ് വളര്‍ന്നത്. ശംസുദ്ദീനുശ്ശനാവി(റ) അവരെ അഹ്മദുല്‍ബദവി(റ)യുടെ മഖാമില്‍ കൊണ്ട് പോവുകയും അവിടെ നിന്ന് വിജ്ഞാനത്തിന്റെ ബാലപാഠങ്ങള്‍ കരസ്ഥമാക്കുകയുമുണ്ടായി. പതിനഞ്ചാം വയസ്സില്‍ (ഹിജ്‌റ924) കെയ്‌റോവിലെ അല്‍അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. അവിടെ വെച്ച് പണ്ഡിതശ്രേഷ്ഠരായ ശൈഖുല്‍ഇസ്‌ലാം അല്‍ഖാളീ സകരിയ്യല്‍അന്‍സ്വാരി(റ), അബ്ദുല്‍ഹഖ്ഖുസ്സുന്‍ബാത്വീ(റ), അബുല്‍ഹസനുല്‍ബക്‌രി(റ), ശിഹാബുദ്ദീനിബ്‌നുന്നജ്ജാരില്‍ഹമ്പലി(റ), അശ്ശംസുല്‍മശ്ഹദി(റ), അശ്ശംസുസ്സുംഹൂദി(റ), ശിഹാബുദ്ദീനുര്‍റംലി(റ) തുടങ്ങിയവരുടെ ശിഷ്യത്വം സ്വീകരിച്ചു. ഇവരില്‍ സകരിയ്യല്‍ അന്‍സ്വാരി(റ)യുടെ പക്കല്‍ നിന്നാണ് കൂടുതലായും അദ്ദേഹം അറിവ്‌നുകര്‍ന്നത്. അത് കൊണ്ടാണ് തുഹ്ഫയില്‍ 'ശൈഖുനാ' എന്നത് കൊണ്ട് സകരിയ്യല്‍ അന്‍സ്വാരി(റ)അര്‍ത്ഥമാക്കപ്പെടുന്നത്. തന്റെ ശിഷ്യനായ അഹ്മദ്ബ്‌നുഹജറി(റ)ന് വേണ്ടി അദ്ദേഹം 'അല്ലാഹുവേ, അവനെ നീ ദീനില്‍ വലിയ ഫഖീഹാക്കേണമേ' എന്ന് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിച്ചിരുന്ന ആ ഗുരവിന്റെ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിച്ചുവെന്നതിന് ചരിത്രം പിന്നീട് സാക്ഷിയായി. ശംസുല്‍ബദ്‌രി(റ), ശംസുല്‍ഹത്വാബി(റ), ശംസുല്‍ലഖ്ഖാനി(റ) എന്നിവരില്‍ നിന്ന് വ്യാകരണത്തിലും, അബ്ദുല്‍ഖാദിരില്‍ഫര്‍ളിയില്‍ നിന്ന് ഇല്‍മുല്‍ഫറാഇളും, കര്‍മ്മശാസ്ത്രം നാസ്വിറുത്വബ്‌ലാവി(റ) താജുല്‍ആരിഫീന്‍ അബില്‍ഹസനില്‍ബക്‌രി(റ), ശിഹാബുര്‍റംലി(റ), ശംസുല്‍മശ്ഹദി(റ), ശംസുല്‍മശ്ഹൂദി(റ) എന്നിവരില്‍ നിന്നുമാണ് നേടിയത്.

കെയ്‌റോവിലെ പഠനകാലത്ത് നിരവധി പ്രയാസങ്ങള്‍ അദ്ദേഹത്തിന് നേരിടേണ്ടിവന്നിട്ടുണ്ട്. അസഹനീയമായ വിഷപ്പും സഹപാഠികളില്‍ നിന്നുള്ള മറ്റു പ്രയാസങ്ങളും എല്ലാം അദ്ദേഹം സഹിച്ചു. ഇബ്‌നുഹജര്‍(റ) പറയുന്നു:'നാല് വര്‍ഷം അല്‍അസ്ഹറില്‍ പഠിച്ചപ്പോള്‍ മനുഷ്യന് സഹിക്കാന്‍ കഴിയാത്ത വിധം വിഷപ്പ് ഞാന്‍ സഹിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ പ്രത്യേക സഹായത്തോടെ ഞാന്‍ അതെല്ലാം സഹിച്ചു. നാല് വര്‍ഷത്തില്‍ ഒരുവേള മാത്രമാണ് എനിക്ക് മാംസം കഴിക്കാന്‍ അവസരമുണ്ടായത്. അതും ഒരു സദ്യയിലേക്ക് ക്ഷണം വന്നപ്പോള്‍. ആ സദ്യയിലേക്ക് ക്ഷണിക്കപ്പെട്ട് പകല്‍ പുലരുവോളം കാത്തിരുന്നിട്ടും ഭക്ഷണമെത്തിയില്ല. അവസാനം മുന്നിലേക്കെത്തിയപ്പോള്‍ അത് കഴിക്കാന്‍ കഴിയാത്ത വിധം ഉണങ്ങിയിട്ടുണ്ടായിരുന്നു. ഞാനതില്‍ നിന്ന് ഒന്നും കഴിച്ചില്ല'. രോഗഗ്രസ്തനായിട്ടും വൈജ്ഞാനിക സമ്പാദനത്തില്‍ നിന്നദ്ദേഹം പിറകോട്ട് പോയില്ല.

സയ്യിദ് ശരീഫ് എന്ന മഹാന് എഴുതിയ കത്തില്‍ ഇബ്‌നുഹജര്‍(റ) ഇങ്ങനെ രേഖപ്പെടുത്തുന്നു: നിങ്ങളെനിക്ക് പ്രത്യേകം പ്രാര്‍ത്ഥിക്കണം. എനിക്ക് ഒരു പാട് രോഗങ്ങളുണ്ട്. പൈള്‍സ്, മൂത്രച്ചൂട്, മൂത്രക്കല്ല് എന്നിവയാണതില്‍ ചെറിയ രോഗങ്ങള്‍'. മൂന്ന് തവണ അദ്ദേഹം ഹജ്ജ് നിര്‍വ്വഹിച്ചിട്ടുണ്ട്. ഹിജ്‌റ 933ല്‍ തന്റെ ഉസ്താദായിരുന്ന ശൈഖ് ബക്‌രിയുടെ കൂടെയാണ് കന്നിഹജ്ജ് നിര്‍വ്വഹിച്ചത്. ശേഷം അവിടെ ഒരു വര്‍ഷം താമസിച്ചു. ആ കാലത്താണ് കര്‍മ്മശാസ്ത്രത്തില്‍ ഗ്രന്ഥരചന നിര്‍വ്വഹിക്കണമെന്ന ഒരാഗ്രഹം തന്റെ മനസ്സില്‍ ഉദയം കൊണ്ടത്. യാദ്യശ്ചികമായി അദ്ദേഹം സ്വപ്നത്തില്‍ ഹാരിസുല്‍മുഹാസിബി എന്ന മഹാമനീഷി തന്നോട് ഗ്രന്ഥരചന ആരംഭിക്കാന്‍ കല്‍പ്പിക്കുന്ന രംഗം കണ്ടു. (ആ കാലഘട്ടത്തിലെ ഏറ്റവും വലിയ സ്വൂഫിയാണ് ഹാരിസുല്‍മുഹാസിബി(റ). പൂര്‍ണ്ണമായി ഹലാലല്ലാത്ത ഭക്ഷണത്തിലേക്ക് കൈനീട്ടിയാല്‍ അദ്ദേഹത്തിന്റെ കൈവിരലിലെ ഒരു ഞെരമ്പ് ഇളകും. അപ്പോള്‍ ആ ഭക്ഷണം കഴിക്കില്ല). ആ സ്വപ്നം എന്റെ ചെറുപ്പത്തിലുണ്ടായ ഒരു സ്വപ്നത്തിലേക്കെന്റെ ഓര്‍മ്മകളെ തെളിച്ചുകൊണ്ടുപോയി. ആ സ്വപ്നത്തിന്റെ വ്യാഖ്യാനമായി എന്നോട് ചിലര്‍ പറഞ്ഞത് താങ്കളുടെ ഗ്രന്ഥങ്ങള്‍ ലോകപ്രശസ്തിയാര്‍ജ്ജിക്കുമെന്നാണ്. അങ്ങനെ മക്കയില്‍ വെച്ച് ഇബ്‌നുല്‍മുഖ്‌രിയുടെ ഇര്‍ശാദിന്റെ വ്യാഖ്യാനം എഴുതാന്‍ തുടങ്ങി. ശേഷം ഈജിപ്തിലേക്ക് മടങ്ങി. പിന്നീട് 937ല്‍ കുടുംബത്തോടൊപ്പം രണ്ടാമത്തെ ഹജ്ജും 940ല്‍ മൂന്നാമത്തെ ഹജ്ജും നിര്‍വ്വഹിച്ചു. അതിന് ശേഷം മക്കയില്‍ വൈജ്ഞാനിക പ്രസരണവുമായി ബന്ധപ്പെട്ട് ജീവിതം കഴിച്ചുകൂട്ടി. ഇരുപത് വയസ്സ് തികയുന്നതിന് മുമ്പ് തന്നെ ദര്‍സ് നടത്തുവാനും ഫത്‌വകൊടുക്കുവാനും ഗുരുനാഥരില്‍ നിന്ന് ഇജാസത് ലഭിച്ചു എന്നത് തന്നെ ആ പണ്ഡിതമഹാപ്രതിഭയുടെ പ്രാഗത്ഭ്യത്തിന്റെ ഉത്തമനിദര്‍ശനമാണ്. ഹിജ്‌റ പത്താം നൂറ്റാണ്ടിന്റെ മുജദ്ദിദായി മഹാനവര്‍കളെ പണ്ഡിതര്‍ എണ്ണിയിട്ടുണ്ട്(ഗായതു തല്‍ഘീസില്‍മുറാദ്).

രചനകള്‍, സേവനങ്ങള്‍.

മുന്‍ചൊന്ന സംഭവത്തിലൂടെ രചനാമേഖലയിലേക്ക് കാലെടുത്തുവെച്ച ഇബ്‌നുഹജറി(റ)ന്റെ തൂലികയിലൂടെ ഒരുപാട് അമൂല്യകൃതികള്‍ ലോകസമൂഹത്തിന് ലഭ്യമായി. ജീവിതാന്ത്യം വരെ ഇല്‍മീമേഖലയില്‍ മാത്രം ചിലവഴിച്ച തന്റെ അടുക്കലേക്ക് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും കര്‍മ്മശാസ്ത്രവിഷയങ്ങളിലെ സങ്കീര്‍ണ്ണമായ മസ്അലകള്‍ കുരുക്കഴിക്കാന്‍ ജനം ഒഴുകുകയായിരുന്നു. അദ്ദേഹവും ശാഫിഈമദ്ഹബിലെ പണ്ഡിതനായിരുന്ന ഇബ്‌നുസിയാദും(റ)തമ്മില്‍ വാഗ്വാദങ്ങള്‍ നടക്കാറുണ്ടായിരുന്നുവെന്ന് ഇന്നും ചരിത്രരേഖകളിലുണ്ട്. തുഹ്ഫതുല്‍മുഹ്താജ് ബിശര്‍ഹില്‍മിന്‍ഹാജ്, ഫത്ഹുല്‍ഇലാഹ് ശര്‍ഹുല്‍മിശ്കാത്, ഇബ്‌നുല്‍മുഖ്‌രിയുടെ അല്‍ഇര്‍ശാദിന്റെ വ്യാഖ്യാനങ്ങളായ ഇംദാദ്(സവിശദമായ വ്യാഖ്യാനം), ഫത്ഹുല്‍ജവാദ്(ഹ്രസ്വവ്യാഖ്യനം), ഇമാം നവവി(റ)യുടെ നാല്‍പത് ഹദീസുകളുടെ വ്യാഖ്യാനമായ അല്‍ഫത്ഹുല്‍മുബീന്‍, അല്‍ഫതാവല്‍കുബ്‌റാ, അല്‍ഫതാവല്‍ഹദീസിയ്യ, അസ്‌സ്വവാഇഖുല്‍മുഹ്‌രിഖ അലാ അഹ്‌ലില്‍ ബിദഇ വള്ളലാലി വസ്സന്‍ദഖ, അസ്സവാജിര്‍ അന്‍ഇഖ്തിറാഫില്‍കബാഇര്‍(240 കബീറതുകളെ സംബന്ധിച്ചാണതില്‍ എഴുതിയിട്ടുള്ളത്), കഫ്ഫുര്‍റആഅ് അന്‍മുഹര്‍റമാതില്‍ലഹ്‌വി വസ്സമാഅ്, അല്‍മന്‍ഹജുല്‍ഖവീം ഫീ മസാഇലിത്തഅ്‌ലീം(ബാഫള്‌ലിന്റെ വ്യാഖ്യാനം), അല്‍ഈആബ്, ശര്‍ഹുമുഖ്തസ്വരിര്‍റൗള്, ശര്‍ഹുമുഖ്തസ്വരിഅബില്‍ഹസനില്‍ബക്‌രി, മബ്‌ലഗുല്‍അറബ് ഫീ ഫളാഇലില്‍ അറബ്, അല്‍ഖൈറാതുല്‍ഹിസാന്‍ ഫീമനാഖിബി അബീഹനീഫതന്നുഅ്മാന്‍, നസ്വീഹതുല്‍മുലൂക്, തഹ്‌രീറുല്‍മഖാല്‍ ഫീ ആദാബിന്‍ വഅഹ്കാമിന്‍ യഹ്താജു ഇലൈഹാ മുഅദ്ദിബൂല്‍അത്വ്ഫാല്‍, അശ്‌റഫുല്‍വസ്വാഇല്‍ ഇലാഫഹ്മിശ്ശമാഇല്‍, ഖുലാസ്വതുല്‍അഇമ്മതില്‍അര്‍ബഅ, അല്‍മിനഹില്‍മക്കിയ്യ, അദ്ദുററുസ്സാഹിറഫീ കശ്ഫിബയാനില്‍ആഖിറ, കഫ്ഫുര്‍റആഅ് അന്‍ ഇസ്തിമാ ആലാതിസ്സമാഅ്, അദ്ദുററുസ്സാഹിറ ഫീ കശ്ഫി ബയാനില്‍ ആഖിറ, താരീഖുല്‍ഖുലഫാഇര്‍റാശിദീന്‍, അല്‍ഈളാഹുവല്‍ബയാന്‍ ലിമാജാഅ ഫീ ലയ്‌ലതൈയിര്‍റഗാഇബി വന്നിസ്വ്ഫി മിന്‍ ശഅ്ബാന്‍, അന്നിഅ്മതുല്‍കുബ്‌റാ അലല്‍ആലം ബിമൗലിദി സയ്യിദിവുല്‍ദി ആദം, മഅ്ദിനുല്‍യവാഖീതില്‍മുല്‍തമിഅ ഫീ മനാഖിബില്‍ അഇമ്മത്തില്‍ അര്‍ബഅ, ദുററുല്‍ ഗമാമ ഫീ ദുര്‍റിത്ത്വയ്‌ലസാനി വല്‍അദ്ബതി വല്‍ഇമാമ, അദ്ദുര്‍റുല്‍മന്‍ളൂദ് ഫിസ്സ്വലാതി അലാ സ്വാഹിബില്ലിവാഇല്‍മഅ്ഖൂദ്, അല്‍ഖൈറാതുല്‍ഹിസാന്‍ ഫീ മനാഖിബില്‍ഇമാം അബീഹനീഫതന്നുഅ്മാന്‍, അല്‍ജൗഹറുല്‍മുനള്ളം ഫീ സിയാറതി ഖബ്‌രിന്നബിയ്യില്‍മുകര്‍റം, ഖുര്‍റതുല്‍ഐന്‍ ബി അന്ന ത്തബര്‍റുഅ ലാ യുബ്ത്വിലുഹുദ്ദൈന്‍, തഹ്‌രീറുല്‍ കലാം ഫില്‍ഖിയാമി അന്‍ ദിക്‌രിമൗലിദി സയ്യിദില്‍അനാം, അശ്‌റഫുല്‍വസാഇല്‍ ഫീ ഫഹ്മിശ്ശമാഇല്‍, എന്നിവയാണ് പ്രധാന രചനകള്‍.

തുഹ്ഫതുല്‍മുഹ്താജ്ബിശര്‍ഹില്‍മിന്‍ഹാജ്

ശാഫിഈ മദ്ഹബിലെ പ്രാമാണിക ഗ്രന്ഥങ്ങളില്‍ പ്രഥമസ്ഥാനമവകാശപ്പെട്ട ഗ്രന്ഥങ്ങളിലൊന്നാണ് ഇബ്‌നുഹജരിനില്‍ഹൈതമി(റ)യുടെ തുഹ്ഫതുല്‍മുഹ്താജ്. ഇമാം നവവി(റ)യുടെ മിന്‍ഹാജിന് നിരവധി പണ്ഡിതര്‍ ശര്‍ഹുകളെഴുതിയിട്ടുണ്ട്. അതില്‍ പണ്ഡിതര്‍ ഒന്നാം സ്ഥാനം നല്‍കിയത് തുഹ്ഫക്കുതന്നെയാണ്. ഹിജ്‌റ 958 മുഹര്‍റം 12ന് ആരംഭിച്ച് ദുല്‍ഖഅ്ദ 27 വ്യാഴാഴ്ചയോടെ പത്ത് മാസം കൊണ്ട് പത്ത് വാള്യങ്ങളിലായി അതിന്റെ രചന പൂര്‍ത്തിയായി. രചനാപശ്ചാതലത്തെകുറിച്ച് തുഹ്ഫയുടെ ആരംഭത്തില്‍ അദ്ദേഹം തന്നെ പറയുന്നു: 'അല്ലാഹുവിന്റെ വലിയ്യും ഖുതുബുമായ ഇമാം നവവി(റ)യുടെ കര്‍മ്മശാസ്ത്രത്തില്‍ വിരചിതമായ ഏതെങ്കിലും കൃതിക്ക് സേവനം ചെയ്ത് തബര്‍റുകെടുക്കാന്‍ കാലങ്ങളോളമായി എനിക്ക് ആഗ്രഹമുണ്ട്. അങ്ങിനെ അദ്ദേഹത്തിന്റെ മിന്‍ഹാജിന് വ്യാഖ്യാനമെഴുതാന്‍ ഹിജ്‌റ 958 മുഹര്‍റം 12ന് ഞാന്‍ തീരുമാനിച്ചുറച്ചു'(തുഹ്ഫ1/5,6).

ഇമാം റംലി(റ)യുടെ നിഹായയും, ഖതീബുശ്ശിര്‍ബീനി(റ)യുടെ മുഗ്‌നിയും രചിക്കപ്പെടുന്നതിന് മുമ്പാണ് തുഹ്ഫ വിരചിതമായത്. ഇമാം മഹല്ലിയും, കമാലുദ്ദമീരിയും, തഖിയ്യുസ്സുബുകിയും ജലാലുസ്സുയൂഥിയും അതിന് മുമ്പ് വ്യാഖ്യാനമെഴുതിയവരാണ്. തുഹ്ഫയുടെ പ്രസിദ്ധമായ രണ്ട് ഹാശിയകളാണ് ഹാശിയതുബ്‌നുഖാസിമും ഹാശിയതു ശര്‍വാനിയും. ഹിജ്‌റ 992ല്‍ വഫാതായ ശൈഖ് അഹ്മദ്ബ്‌നുഖാസി(റ)മാണ് ഒന്നാമത്തെ ഹാശിയയുടെ കര്‍ത്താവ്. ഇമാം ശര്‍വാനിയുടെ മുന്‍കാലക്കാരനാണ് ഇബ്‌നുഖാസിം(റ). സയ്യിദ് ഉമറുല്‍ബസ്വരി(റ) യും തുഹ്ഫക്ക് ഹാശിയ എഴുതിയിട്ടുണ്ട്. ഹാശിയതുല്‍കര്‍ദി, ഹാശിയതുഇബ്‌നില്‍യതീം എന്നിവയാണ് മറ്റു ഹാശിയകള്‍. ലോകത്തിന്റെ നാനാദിക്കിലുള്ളവര്‍ മഹാനുഭാവന്റെ ജീവിതകാലത്തും മരണശേഷവും ഈ ഗ്രന്ഥം സവിശേഷ ശ്രദ്ധയോടെ ഏറ്റെടുത്തിട്ടുണ്ട്. ജീവിതകാലത്ത് തന്നെ തന്റെ ഗ്രന്ഥത്തിന് സ്വീകാര്യത ലഭിച്ചതിന് തെളിവുകളുമുണ്ട്. തന്റെ മറ്റു ഗ്രന്ഥങ്ങളേക്കാള്‍ തുഹ്ഫയിലെ അഭിപ്രായങ്ങള്‍ക്കാണ് ശാഫിഈ മദ്ഹബില്‍ പ്രാമുഖ്യം നല്‍കപ്പെടുന്നത്.

ഇമാം മഹല്ലി മിന്‍ഹാജിനെഴുതിയ വ്യാഖ്യാനത്തിന് ഇബ്‌നുഹജറി(റ)ന്റെ ഗുരുനാഥനായ ശൈഖ് ഇബ്‌നുഅബ്ദില്‍ഹഖ് എഴുതിയ ഉപാഖ്യാനമാണ് തുഹ്ഫയുടെ പ്രധാനാവലംബം. തുഹ്ഫയുടെ രചനയില്‍ വേറിട്ടൊരു ശൈലിയാണ് ഇമാം സ്വീകരിച്ചിരിക്കുന്നത്. കിതാബിന്റെ മുഖദ്ദിമയില്‍ അദ്ദേഹം തന്നെ പറയുന്നതില്‍ നിന്ന് നമുക്കത് മനസ്സിലാക്കാം. മിന്‍ഹാജിന്റെ മറ്റു വ്യാഖ്യാനങ്ങളില്‍ വന്ന എതിരഭിപ്രായങ്ങള്‍ക്ക് വ്യക്തമായ മറുപടികള്‍, ഓരോ മസ്അലയും സമര്‍ത്ഥിക്കുമ്പോള്‍ പ്രമാണങ്ങളെ അനാവശ്യമായി ദീര്‍ഘിപ്പിക്കാതെയുള്ള വിശദീകരണങ്ങള്‍, ഓരോ അഭിപ്രായവും രേഖപ്പെടുത്തുമ്പോള്‍ അത് പറഞ്ഞ വ്യക്തിയെ കൃത്യമായി സൂചിപ്പിക്കുക, മിന്‍ഹാജിന്റെ പ്രത്യേകതയും അതിന്റെ ശൈലീവൈഭവവും അനുവാചര്‍ക്ക് തെര്യപ്പെടുത്തുന്ന വിശദീകരണങ്ങള്‍ തുടങ്ങിയവ തുഹ്ഫയുടെ പ്രത്യേകതകളാണ്.

മഹത്വങ്ങള്‍, സവിശേഷതകള്‍.

ചെറുപ്പത്തിലേ കിട്ടിയ തര്‍ബിയതും കുടുംബത്തിന്റെ മഹാത്മ്യവും അദ്ദേഹത്തിന്റെ ജീവിതത്തെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. യതീമായി വളര്‍ന്നെങ്കിലും പിതാമഹന്റെയും രണ്ടുമഹത്തുക്കളുടേയും ശിക്ഷണത്തില്‍ വളര്‍ന്നത് കൊണ്ട് പാരമ്പര്യത്തിലധിഷ്ഠിതമായി ജീവിക്കാന്‍ അവസരമുണ്ടായി. വൈജ്ഞാനികോന്നതിയോടൊപ്പം ആത്മീയമേഖലയില്‍ ഉന്നതി പ്രാപിക്കാനും അവര്‍ക്ക് സാധിച്ചു. നന്‍മകല്‍പ്പിക്കുന്നവനും തിന്‍മവിരോധിക്കുന്നവനുമായിരുന്ന അദ്ദേഹം തികഞ്ഞ പരിത്യാഗിയും കൂടിയായിരുന്നു. ഈ സത്ഗുണങ്ങള്‍ മുഴുവന്‍ പ്രപിതാവില്‍ നിന്ന് നേടിയെടുത്തതാണ്. ഇമാം ബുല്‍ഖീനിയുടെ അഭിപ്രായത്തില്‍ ഒരു സ്വൂഫിയുടെ ഏറ്റവും വലിയ കറാമത് തന്റെ ചിന്തകളിലൂടെയും തൂലികയിലൂടെയും സമൂഹത്തിന് നല്‍കുന്ന വിജ്ഞനങ്ങളാണ്. കാരണം അയാള്‍ മരിച്ചാലും എന്നെന്നും നിലനില്‍ക്കുന്ന കാര്യങ്ങള്‍ അവയാണ് . ഇങ്ങനെയെങ്കില്‍ ശാഫിഈ മദ്ഹബില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിത്യേന പണ്ഡിതര്‍ ഉപയോഗിക്കുന്ന മിക്ക കൃതികളും ഇബ്‌നുഹജറി(റ)ന്റേതാകുമ്പോള്‍ അവരുടെ മഹത്വം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.

ഇബ്‌നുഹജര്‍(റ)വഫാതായതിന് ശേഷം അദ്ദേഹത്തെ ഒരു ശിഷ്യന്‍ സ്വപ്നത്തില്‍ കണ്ടു. ശിഷ്യന്‍ പറയുന്നു 'മസ്ജിദുല്‍ഹറാമില്‍ സാധാരണപോലെ ഉസ്താദ് ക്ലാസെടുക്കുന്നു. ഞങ്ങള്‍ ശിഷ്യന്‍മാരെല്ലാം അരികത്തുണ്ട്. ശിഷ്യന്‍ തുടരുന്നു, മരിച്ചിട്ടും എന്താണ് ഇങ്ങനെ കാണുന്നതെന്ന സംശയമെന്റെ മനസ്സിലുദിച്ചപ്പോള്‍ എന്റെ നേരെ തലയുയര്‍ത്തി ഉസ്താദ് എന്നോട് പറഞ്ഞു, ഇത് ഞങ്ങളുടെ ശീലമാണ് , മരിച്ചാലും ഞങ്ങള്‍ നിങ്ങളെ മറക്കില്ല. ഫത്ഹുല്‍മുഈന്‍ രചിച്ച ശേഷം സൈനുദ്ദീന്‍മഖ്ദൂം തന്റെ രചനയൊന്ന് ഗുരുവിന് കാണിച്ചുകൊടുത്തു. ശിഷ്യന്റെ രചനാവൈഭവം കണ്ടപ്പോള്‍ 'ആര്‍ക്കെങ്കിലും അല്ലാഹു വല്ല സൗഭാഗ്യവും കരുതിയിട്ടുണ്ടെങ്കില്‍ അത് കരസ്ഥമാക്കാതെ അവന്‍ മരിക്കില്ല' എന്ന് അനുമോദിച്ചു പറഞ്ഞുവത്രെ.

വഫാത്.

അറുപത്തിനാല് വര്‍ഷത്തെ സംഭവബഹുലമായ ആ ജീവിതം ഹിജ്‌റ 974ല്‍ റജബ് മാസം 23ന് തിങ്കളാഴ്ച ദിവസം അസ്തമിച്ചു. മരിക്കുന്നതിന്റെ ഇരുപത് ദിവസങ്ങള്‍ക്ക് മുമ്പാണ് മരണരോഗം ബാധിച്ച് ദര്‍സ് അവസാനിപ്പിച്ചത്. മക്കയിലെ മുഅല്ലാത്തില്‍ അബ്ദുല്ലാഹിബ്‌നുസ്സുബൈറി(റ)ന്റെ മഖ്ബറക്കടുത്താണ് ഖബറടക്കപ്പെട്ടത്. അവരുടെ ജനാസ സംസ്‌കരണത്തില്‍ പങ്കെടുത്ത ആയിരങ്ങള്‍ ജനാസ വഹിച്ച് തബര്‍റുകെടുക്കാന്‍ തിരക്ക് കൂട്ടിയിരുന്നുവെന്ന് ചരിത്രത്തിലുണ്ട്. മരണശേഷം അവര്‍ക്ക് ലഭിച്ച് ഉന്നതപദവികളിലേക്ക് വെളിച്ചം വീശുന്ന നിരവധി സ്വപ്നദര്‍ശനങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

ശിഷ്യന്‍മാര്‍.

കര്‍മ്മശാസ്ത്രവിശാരദനും പണ്ഡിതനുമായിരുന്ന അബ്ദുല്‍ഖാദിരില്‍ഫാകിഹീ ഇബ്‌നുഅഹ്മദബ്‌നിഅലി അല്‍മക്കിയാണ് പ്രധാന ശിഷ്യന്‍. ഹിജ്‌റ 920ല്‍ ജനിച്ച് 989ല്‍ വഫാതായ അദ്ദേഹം ഗുരുവിനെക്കുറിച്ച് ഒരു ഗ്രന്ഥം എഴുതിയിട്ടുണ്ട്. അബ്ദുര്‍റഹ്മാനിബ്‌നുഉമറബ്‌നിഅഹ്മദല്‍അമൂജിഅല്‍ഗമൂദിയാണ് മറ്റൊരു ശിഷ്യന്‍. ഹിജ്‌റ967ല്‍ മക്കയിലാണ്‌ദ്ദേഹം വഫാതായത്. ഇബ്‌നുഹജറി(റ)ന്റെ ഫത്ഹുല്‍ജവാദിന് ഉപാഖ്യാനമെഴുതിയിട്ടുണ്ടദ്ദേഹം.

ഇമാം മുഹമ്മദുര്‍റംലി(റ).

ഹിജ്‌റ 919 ജുമാദല്‍ഊലയില്‍ ഈജിപ്തിലാണ് ശാഫിഇയ്യുസ്സഗീര്‍ എന്നറിയപ്പെടുന്ന ഇമാം ശംസുദ്ദീന്‍ മുഹമ്മദുര്‍റംലി(റ)ഭൂജാതനായത്. ശംസുദ്ദീന്‍ മുഹമ്മദുബ്‌നു ശിഹാബിദ്ദീന്‍ അഹ്മദബ്‌നിഹംസതര്‍റംലി അല്‍മനൂഫീ അല്‍മിസ്വ്‌രി അല്‍അന്‍സാരി എന്നാണദ്ദേഹത്തിന്റെ പൂര്‍ണ്ണനാമം. പിതാവായ ശിഹാബുദ്ദീന്‍ അഹ്മദുര്‍റംലി(റ) തന്നെയാണദ്ദേഹത്തിന്റെ പ്രധാന ഗുരുനാഥന്‍. ഫിഖ്ഹ്, തഫ്‌സീര്‍, നഹ്‌വ്, സ്വര്‍ഫ്, താരീഖ്, ബലാഗ എന്നീ പ്രധാന ശാഖകളെല്ലാം പിതാവില്‍ നിന്ന് തന്നെയാണ് കരസ്ഥമാക്കിയത്. 'അല്ലാഹുവിനാണ് സ്തുതി, വളരെ അപൂര്‍വ്വ വിജ്ഞാനശാഖകള്‍ പഠിക്കാന്‍ മാത്രമേ എന്നെ വിട്ട് മകനായ മുഹമ്മദിന് മറ്റു പണ്ഡിതരെ തിരഞ്ഞുപോകേണ്ടി വന്നിട്ടുള്ളൂ' എന്ന് പിതാവ് തന്നെ പറഞ്ഞതായി കാണാം. ശൈഖുല്‍ഇസ്‌ലാം ഖാളീ സകരിയ്യല്‍ അന്‍സാരി, ശൈഖുല്‍ഇസ്‌ലാം ഖാളില്‍ഖുളാത് ശിഹാബുദ്ദീന്‍ അഹ്മദുബ്‌നുഅബ്ദില്‍അസീസ്, ശറഫുദ്ദീന്‍ യഹ്‌യബ്‌നു ഇബ്‌റാഹീമിദ്ദമീരി അല്‍മാലികീ(റ), ശൈഖുല്‍ഇസ്‌ലാം നൂറുദ്ദീന്‍ അലിയ്യുബ്‌നുയാസീന്‍ അത്ത്വറാബല്‍സി അല്‍ഹനഫി(റ), ബുര്‍ഹാനുദ്ദീനിബ്‌നി അബീ ശരീഫ്(റ) തുടങ്ങിയവരാണ് പ്രധാന ഗുരുനാഥന്‍മാര്‍.

ജീവിതം, മഹത്വം.

അനിതരസാധാരണ ബുദ്ധിപാഠവവും ഓര്‍മ്മശക്തിയും ജ്ഞാനവും അതനുസരിച്ചുള്ള കര്‍മ്മവും സമ്മേളിച്ച വ്യക്തിത്വമായിരുന്നു മുഹമ്മദുര്‍റംലിയുടേയുത്. നിരവധി സത്ഗുണങ്ങളദ്ദേഹത്തെ കുറിച്ച് പണ്ഡിതര്‍ പറഞ്ഞതായി കാണാം. അബ്ദുല്‍വഹാബിശ്ശഅ്‌റാനി(റ) ത്വബഖാതുല്‍വുസ്ത്വായില്‍ പറയുന്നു:'ഞാന്‍ മുഹമ്മദുര്‍റംലിയുടെ പിതാവിന്റെയടുത്ത് പഠിച്ചു കൊണ്ടിരിക്കുന്ന കാലം തൊട്ടേ മുഹമ്മദുര്‍റംലിയെ എനിക്ക് പരിചയമുണ്ട്. മതചിട്ടകള്‍ക്ക് ഭംഗം വരുത്തുന്ന യാതൊന്നും അദ്ദേഹത്തില്‍ നിന്നുണ്ടായിട്ടില്ല. തന്റെ കൂട്ടുകാരുടെ കൂടെ കളിക്കുന്ന ശീലവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. മതബോധവും ദൈവഭക്തിയും ഉള്ള അദ്ദേഹം അന്യൂനമായ ജീവിതമാണ് കാഴ്ചവെച്ചത്. ഏറ്റവും നല്ല സംസ്‌കരണമുറകള്‍ പരിശീലിപ്പിച്ചാണ് പിതാവ് അവരെ വളര്‍ത്തിയത്. അവരെ കുറിച്ച് നമുക്കുണ്ടായിരുന്ന ശുഭപ്രതീക്ഷ അല്ലാഹു പൂര്‍ത്തിയാക്കിത്തരികയും ഇഷ്ടഭാജനങ്ങള്‍ക്ക് അവരെകൊണ്ട് കണ്‍കുളിര്‍മ്മയുണ്ടാവുകയും ചെയ്തു. കര്‍മ്മശാസ്ത്ര ഫത്‌വകള്‍ സുദൃഢമാക്കുന്നതില്‍ ഈജിപ്തുകാരുടെ പ്രധാനാവലംഭം ഇപ്പോള്‍ അദ്ദേഹമാണ്(ഖുലാസ്വതുല്‍അസര്‍ ഫീ അഅ്‌യാനില്‍ഖര്‍നില്‍ഹാദീഅശര്‍). പിതാവിന് ശേഷം ദര്‍സീമേഖലയില്‍ ശോഭിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. പിതാവിന്റെ നിരവധി ശിഷ്യഗണങ്ങള്‍ ഇവരുടെ ശിഷ്യത്വവും നേടി. അക്കാലത്തെ പ്രമുഖ പണ്ഡിതനായിരുന്ന അശ്ശൈഖ് നാസ്വിറുദ്ദീന്‍അത്വബ്‌ലാവി ഇവരുടെ പഠനശിബിരത്തില്‍ പങ്കെടുത്തപ്പോള്‍ ചിലയാളുകള്‍ അദ്ദേഹത്തെ ആക്ഷേപിക്കുകയും അങ്ങനെ ചെയ്യാനുള്ള പ്രേരകമന്വേശിക്കുകയുമുണ്ടായി. അപ്പോള്‍ അദ്ദേഹം പ്രതികരിച്ചതിങ്ങനെ, എനിക്കറിയാത്ത നിരവധി വിജ്ഞാനങ്ങള്‍ അദ്ദേഹത്തിനറിയാം അത്‌കൊണ്ടാണ് അദ്ദേഹത്തിന്റെ ക്ലാസില്‍ ഞാന്‍ പങ്കെടുക്കുന്നത്. വിശ്വപണ്ഡിതന്‍ അഹ്മദ്ബ്‌നുഖാസിമിനോട് കര്‍മ്മശാസ്ത്രവിഷയങ്ങള്‍ അനാവരണം ചെയ്യുന്ന ക്ലാസ് സംഘടിപ്പിക്കാന്‍ ജനങ്ങളാവശ്യപ്പെട്ടപ്പോള്‍ മുഹമ്മദുര്‍റംലി(റ)യുണ്ടാകുമ്പോള്‍ നാമതിന് അര്‍ഹരല്ല യെന്നാണ് അദ്ദേഹം പറഞ്ഞത്. ഇബ്‌നുഹജര്‍(റ)തങ്ങളെ പോലെ പത്താം നൂറ്റാണ്ടിന്റെ പരിഷ്‌കര്‍ത്താവായി ഇമാം റംലി(റ)യേയും ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്(ഗായതുതല്‍ഘീസില്‍മുറാദ്).

രചനകള്‍, സംഭാവനകള്‍. പ്രൗഢമായ നിരവധി സൃഷ്ടികള്‍ കൊണ്ട് ഇസ്‌ലാമിക കര്‍മ്മശാസ്ത്രത്തേയും മറ്റും പുഷ്ടിപ്പെടുത്തിയ പണ്ഡിതനാണ് ഇമാം മുഹമ്മദുര്‍റംലി(റ). ലോകത്തിന്റെ വിവിധ കോണുകളില്‍ ഇന്ന് ശാഫിഈ സരണി സ്വീകരിക്കുന്നവര്‍ അവലംബിക്കുന്ന പ്രധാനകൃതികളില്‍ റംലി(റ)യുടേതും ഇടം കണ്ടെത്തിയിട്ടുണ്ട്. 1-നിഹായതുല്‍മുഹ്താജ്. ഹിജ്‌റ 963ദുല്‍ഖഅ്ദ മാസത്തില്‍ തുടങ്ങി ഹിജ്‌റവര്‍ഷം973ജമാദുല്‍ആഖിര്‍19വെള്ളിയാഴ്ചയാണ് ഇതിന്റെ രചന പൂര്‍ത്തിയായത്. എട്ട് വാള്യങ്ങളിലായി വിരചിതമായ കിതാബിന്റെ ശൈലിയും പ്രാഗത്ഭ്യവും കണ്ട് പണ്ഡിതലോകം ഒന്നടങ്കം അതിനെ പുകഴ്ത്തിപ്പറഞ്ഞത് കാണാം. മിന്‍ഹാജിന്റെ വ്യാഖ്യാനമായി റംലി(റ)രചിച്ച നിഹായ അത്ഭുതങ്ങളുടെ കലവറയാണെന്നാണ് പണ്ഡിതര്‍ അഭിപ്രായപ്പെടുന്നത്. അവരില്‍ പലരും ഈ ഗ്രന്ഥത്തിന് വ്യാഖ്യാനവും ഉപാഖ്യാനവും മറ്റും എഴുതി എന്നതും, അല്‍അസ്ഹര്‍യൂണിവേഴ്‌സിറ്റിയില്‍ ശാഫിഈ മദ്ഹബിന്റെ വിദ്യാര്‍ത്ഥികള്‍ക്ക് സിലബസില്‍ ഇത് ഉള്‍പ്പെട്ടിരുന്നുവെന്നതും മൂലകൃതിയുടെ മഹത്വം മനസ്സിലാക്കാന്‍ മതിയായ തെളിവാണ്. അബുള്ളിയാഅ് നൂറുദ്ദീന്‍ അലിയ്യുബ്‌നു അലിയ്യിശ്ശിബ്‌റമുല്ലസി(ഹി:1081ല്‍ വഫാത്)യും, അഹ്മദ്ബ്‌നുഅഹ്മദബ്‌നിഅബ്ദിര്‍റസാഖി അല്‍മഗ്‌റബി(റശീദി എന്നറിയപ്പെടുന്ന ഇദ്ദേഹം ഹിജ്‌റ1096ല്‍ വഫാതായി) യും ഇതിന് ഉപാഖ്യാനങ്ങള്‍ എഴുതിയിട്ടുണ്ട്.

തന്റെ നാല്‍പത്തിനാലാം വയസ്സിലാണ് ഇമാം റംലി(റ)നിഹായയുടെ രചനക്ക് വേണ്ടി തയ്യാറെടുക്കുന്നത്. ഒരുപാട് പണ്ഡിതരും ശ്രേഷ്ഠരും മിന്‍ഹാജിന് ഒരു വ്യാഖ്യാനമെഴുതണമെന്ന് കാലങ്ങളോളമായി തന്നോടാവശ്യപ്പട്ടതനുസരിച്ചാണ് താനിതിന് മുതിര്‍ന്നതെന്ന് കിതാബിന്റെ പ്രാരംഭത്തില്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്. ഈ ഗ്രന്ഥം പഠിക്കുന്നവന് മറ്റു കിതാബുകളൊന്നും ആശ്രയിക്കാതെത്തന്നെ ശാഫിഈ മദ്ഹബിലെ മസ്അലകള്‍ ഇതില്‍ നിന്ന് നിശ്പ്രയാസം നിര്‍ദ്ധാരണം ചെയ്യാന്‍ സാധിക്കണമെന്ന പ്രതീക്ഷയാണ് നിഹായതുല്‍മുഹ്താജ് എന്ന നാമകരണത്തിന് പിന്നിലെന്നും അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്. 2- അല്‍ഗുററുല്‍ബഹിയ്യ ഫീശര്‍ഹില്‍മനാസികിന്നവവിയ്യ 3-അല്‍ഫതാവര്‍റംലി(അല്‍ഫതാവല്‍കുബ്‌റായുടെ കൂടെ കിതാബുകളില്‍ പ്രിന്റ് ചെയ്യപ്പെട്ട് കാണാം). ഇതിന് പുറമെ മറ്റു ഫത്‌വാസമാഹാരങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. 4-ഗായതുല്‍ബയാന്‍ ഫീശര്‍ഹി സബ്ദി ഇബ്‌നിറസ്‌ലാന്‍. 5-ഗായതുല്‍മറാം. (ശുറൂത്വുല്‍ മഅ്മൂമിവല്‍ഇമാം എന്ന സ്വന്തം പിതാവിന്റെ ഒരു രിസാലയുടെ വ്യാഖ്യനാമായി എഴുതിയത്) 6-ശര്‍ഹുല്‍ബഹ്ജതില്‍വര്‍ദിയ്യ. 7-ശര്‍ഹുല്‍ഉഖൂദ്(വ്യാകരണ ഗ്രന്ഥം). 8-ഹാശിയതുന്‍ അലാ ശര്‍ഹിത്തഹ്‌രീര്‍(സകരിയ്യല്‍അന്‍സാരിയുടെ കിതാബിന്റെ ഉപാഖ്യാനം). 9-ഉംദതുര്‍റാബിഹ് ഫീ മഅ്‌രിഫതിത്ത്വരീഖില്‍ വാളിഹ്.(അഹ്മദുസ്സാഹിദ് രചിച്ച ഹദിയ്യതുന്നാസ്വിഹ് വഹിസ്ബുല്‍ഫലാഹിന്നാസ്വിഹ് എന്ന കൃതിയുടെ വ്യാഖ്യാനമാണിത്). 10-വ്യാകരണശാസ്ത്രത്തില്‍ എഴുതിയ ശര്‍ഹുല്‍ഉഖൂദ് 11-ശര്‍ഹുല്‍ആജ്‌റൂമിയ്യ-ഭാഷാഗ്രന്ഥം 12-ഹാശിയതുന്‍ അലാ ശര്‍ഹിത്തഹ്‌രീര്‍ ലിസകരിയ്യല്‍അന്‍സാരി 13-ശര്‍ഹുമുഖദ്ദിമതുസ്സാഹിദ്. ഇവയാണ് പ്രധാന കൃതികള്‍

ശിഷ്യന്‍മാര്‍.

ഇമാം റംലി(റ)യുടെ ജ്ഞാനസാഗരിത്തില്‍ നിന്ന് അറിവ് നുകര്‍ന്ന നിരവധി പണ്ഡിതമഹത്തുക്കളുണ്ട്. 1-അശ്ശൈഖ് ഇബ്‌റാഹീമുബ്‌നുഇബ്‌റാഹീമിബ്‌നിഹസന്‍ ബുര്‍ഹാനുദ്ദീനില്ലഖ്ഖാനി അല്‍മാലികി. 2-അശ്ശൈഖ് അബുല്‍മവാഹിബിബ്‌നിമുഹമ്മദിബ്‌നിഅലി അല്‍ബക്‌രിഅശ്ശാഫിഈ. ഇമാമവര്‍കളുടെ മകളുടെ ഭര്‍ത്താവ് കൂടിയായിരുന്ന ഇദ്ദേഹം അല്‍മദ്‌റസതുശ്ശരീഫയില്‍ തന്റെ പിന്‍ഗാമി കൂടിയായിരുന്നു. 3-അഹ്മദ്ബനുഅഹ്മദബ്‌നിസലാമ അല്‍മിസ്വ്‌രിഅല്‍ഖല്‍യൂബി. 4-അശ്ശൈഖ് അബൂബക്‌രിബ്‌നിഇസ്മാഈലബ്‌നില്‍ഖുത്വ്ബിര്‍റബ്ബാനി. 5- അശ്ശൈഖുല്‍അല്ലാമ അഹ്മദുബ്‌നുമുഹമ്മദില്‍ഖത്വീബിശ്ശൗബരി അല്‍ഹനഫി. 6-ഖാളില്‍ഖുളാത് അഹ്മദുബ്‌നുമുഹമ്മദിബ്‌നിഉമര്‍(ശിഹാബുദ്ദീനില്‍ഖഫ്ഫാജി എന്നറിയപ്പെടുന്നു). ഇവര്‍ ശിഷ്യസമ്പത്തില്‍ പ്രധാനികളാണ്. ഹിജ്‌റ 1004 ജുമാദല്‍ഊല 13 ഞായറാഴ്ചയാണ് (ക്രി. 1596 ജനുവരി13) മഹാനായ റംലി(റ) വഫാതായത്. ശാഫിഈ മദ്ഹബില്‍ അഹ്‌ലുത്തര്‍ജീഹിന്റെ പണ്ഡിതരുടെ ശ്രേണിയില്‍ പ്രഥമസ്ഥാനീയരാണ് ഇമാം ഇബ്‌നുഹജരിനില്‍ഹൈതമി(റ)യും, ഇമാം മുഹമ്മദുര്‍റംലി(റ)യും. ഇവരില്‍ ആര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നതില്‍ ശാഫിഈ കര്‍മ്മശാസ്ത്ര ലോകത്ത് രണ്ട് ധാരകളാണുള്ളത്. ചിലര്‍ ഇബ്‌നുഹജര്‍(റ)തങ്ങളെ ഗണിക്കുമ്പോള്‍ മറ്റുചിലര്‍ ഇമാം റംലി(റ)ക്കാണ് പ്രാധാന്യം നല്‍കുന്നത്. ഹള്‌റമൗത്, ശാം, യമന്‍, ഹിജാസ്, ഇന്ത്യ തുടങ്ങിയ ഒട്ടേറെ രാജ്യങ്ങളില്‍ ഇബ്‌നുഹജറി(റ)നും അദ്ദേഹത്തിന്റെ തുഹ്ഫക്കുമാണ് മുന്‍തൂക്കം. എന്നാല്‍ ഈജിപ്തിലെ പണ്ഡിതര്‍ ഇമാം റംലി(റ)യേയും അദ്ദേഹത്തിന്റെ നിഹായയേയുമാണ് മുന്തിക്കാറുള്ളത്. അങ്ങനെയാണ് ഹിജ്‌റ പത്താം നൂറ്റാണ്ട് മുതല്‍ ശാഫിഈ കര്‍മ്മശാസ്ത്ര വിശകലനങ്ങളില്‍ ഹൈതമിധാര, റംലി ധാര എന്നീ രണ്ട് നിരീക്ഷണങ്ങള്‍ ഉയിര്‍കൊണ്ടത്. നാം കേരളീയര്‍ സൈനുദ്ദീന്‍മഖ്ദൂമികളിലൂടെ കര്‍മ്മശാസ്ത്രം പഠിച്ചത് കൊണ്ട് അവരുടെ ഗുരുനാഥനായിരുന്ന ഇബ്‌നുഹജര്‍(റ)തങ്ങളുടെ അഭിപ്രായത്തിനാണ് കൂടുതലായും പ്രാമുഖ്യം നല്‍കാറുള്ളത്. നൂറ്റാണ്ടുകളിലൂടെ വികസിച്ചുവന്ന ശാഫിഈ കര്‍മ്മശാസ്ത്ര സരണി ഇമാം നവവി(റ)യുടേയും റാഫിഈ(റ)യുടേയും കര്‍മ്മശാസ്ത്ര തീര്‍പ്പുകളോടെ പൂര്‍ത്തിയായെങ്കിലും ഒരേ വിഷയത്തില്‍ തന്നെയുള്ള അവരുടെ വ്യത്യസ്താഭിപ്രായങ്ങളില്‍ ഏതെങ്കിലും ഒന്നിനെ പ്രബലപ്പെടുത്താന്‍(തര്‍ജീഹ്) കഴിവുള്ള പണ്ഡിതന്‍മാര്‍ ആവശ്യമായി വന്നു. ഈ ശൈഖാനികളുടെ പ്രബലത(തര്‍ജീഹ്)ഇല്ലാത്ത മസ്അലകളില്‍ പ്രബലപ്പെടുത്താന്‍ അധികാരമുള്ള പണ്ഡിതരുടെ(അഹ്‌ലുത്തര്‍ജീഹ്) വാക്കാണ് അവലംബിക്കേണ്ടത്. ഇബ്‌നുഹജര്‍(റ) ഇമാം നവവി(റ)യുടെ നയവും റംലി(റ) ഇമാം റാഫിഈ(റ)യുടെ നയവുമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ശംസുല്‍ഉലമപറയാറുണ്ട്. അഥവാ, നവവി(റ)യെപ്പോലെ ഇബ്‌നുഹജര്‍(റ)അല്‍ഫാളുകള്‍ക്കും, റാഫിഇ(റ)യെപ്പോലെ റംലി(റ) തത്വത്തിനും മുന്‍ഗണനനല്‍കി. വാങ്കിനോ ഇമാമത്തിനോ കൂടുതല്‍ മഹത്വം എന്ന ചര്‍ച്ചയില്‍ റാഫിഈ(റ)യുടെ അഭിപ്രായം ഇമാമത്തിനെന്നാണ്. നബി(സ)ഇമാമത് തിരഞ്ഞെടുത്തുവെന്നാണ് അതിനദ്ദേഹം പറയുന്ന ന്യായം. എന്നാല്‍ നവവി(റ)വാങ്കിനാണ് മഹത്വം കല്‍പ്പിച്ചത്. നിരവധി ആയത്തുകള്‍ വാങ്കിനെ കുറിച്ച് തന്നെ വന്നിട്ടുണ്ടല്ലോ എന്നതാണ് നവവി(റ)കണ്ടെത്തിയ കാരണം(കര്‍മ്മശാസ്ത്രത്തിന്റെ വഴിയും വികാസവും).

ശൈഖൈനികള്‍ക്കിടയിലെ അഭിപ്രായനൈക്യം

ഇമാം ഇബ്‌നുഹജറും(റ), ഇമാം റംലി(റ)യും ശാഫിഈ മദ്ഹബില്‍ ഒരേ പദവിയിലുള്ള പണ്ഡിതരാണെന്നും അവര്‍ക്കിടയില്‍ അഭിപ്രായാന്തരമുണ്ടായാല്‍ എന്ത് ചെയ്യണമെന്നും നാം സൂചിപ്പിക്കുകയുണ്ടായി. ഈ മഹാപ്രതിഭകള്‍ ഏകോപിക്കാത്ത കര്‍മ്മശാസ്ത്ര മസ്അലകള്‍ മാത്രം ക്രോഢീകരിച്ച് പണ്ഡിതര്‍ കിതാബുകള്‍ രചിച്ചിട്ടുണ്ട്. ഒരേ കാലഘട്ടത്തില്‍ ജീവിക്കുകയും ഈജിപ്തിലെ അടുത്തപ്രദേശങ്ങളില്‍ ജനിച്ച് വളരുകയും ശാഫിഈ മദ്ഹബിലെ പ്രമുഖരായ പണ്ഡിതരില്‍ നിന്ന് ശിഷ്യത്വം സ്വീകരിക്കുകയും ഇമാം നവവി(റ)യുടെ മിന്‍ഹാജിന് രണ്ട് പേര്‍ വ്യാഖ്യാനമെഴുതിയിട്ടും അവര്‍ക്കിടയില്‍ അഭിപ്രായനൈക്യം രൂപപ്പെട്ടതിന്റെ കാരണം പണ്ഡിതര്‍ വിശദീകരിക്കുന്നുണ്ട്. ഇമാം ഇബ്‌നുഹജര്‍(റ)തന്റെ ഗുരുനാഥനായിരുന്ന സകരിയ്യല്‍ അന്‍സ്വാരി(റ)യുടെ തര്‍ജീഹുകളാണ് സ്വീകരിച്ചിരുന്നതെങ്കില്‍ ഇമാംറംലി(റ)തന്റെ പിതാവായിരുന്ന ശിഹാബുദ്ദീന്‍ റംലി(റ)യുടെ തര്‍ജീഹുകളെ കൂടുതലായും അവലംബിച്ചു. സകരിയ്യല്‍ അന്‍സാരി(റ)യുടെ അഭിപ്രായത്തോട് വിയോജിക്കുന്ന നിരവധി അഭിപ്രായങ്ങള്‍ ശിഹാബുദ്ദീന്‍ റംലി(റ)ക്കുണ്ടായത് ശൈഖൈനികള്‍ക്കിടയില്‍ അഭിപ്രായനൈക്യത്തിന് വഴിവെച്ചു. നവവി(റ)യുടെ മിന്‍ഹാജിന്റെ വ്യാഖ്യാനമായി ഇമാം മഹല്ലി(റ)രചിച്ച കന്‍സുര്‍റാഗിബീന്‍ എന്ന കൃതിക്ക് ഇബ്‌നുഅബ്ദില്‍ഹഖ്ഖ്(റ) എഴുതിയ ഹാശിയ ഇബ്‌നുഹജര്‍(റ) അവലംബിച്ചതും അനൈക്യത്തിന് കാരണമായിട്ടുണ്ട്. രണ്ട് പേരുടെ അഭിപ്രായങ്ങളും മദ്ഹബില്‍ ഒരേ പദവിയിലായതിനാല്‍ അവ ക്രോഢീകരിക്കല്‍ ഉമ്മത്തിന് ഗുണകരമാകുമെന്നതിനാല്‍ പണ്ഡിതര്‍ അവ ശേഖരിക്കുകയാണുണ്ടായത്.

ഇമാം ഇബ്‌നുഹജറി(റ)ന്റെയും ഇമാംറംലി(റ)യുടേയും ഇഖ്തിലാഫുകളെ ഒരുമിച്ചുകൂട്ടിയ അഞ്ചോളം കൃതികള്‍ ഇന്ന് നമുക്ക് കാണാം. അശ്ശൈഖ് സഈദുബ്‌നുമുഹമ്മദ് ബാഅലി ബാഇശ്ന്‍ അല്‍ഹള്‌റമി എഴുതിയ ബുശ്‌റല്‍കരീം ബി ശര്‍ഹിമസാഇലിത്തഅ്‌ലീം അതിലൊന്നാണ്. ഇദ്ദേഹം തന്നെ പ്രമുഖ പണ്ഡിതനായ അബ്ദുല്ലാഹിബ്‌നുഅബീബക്ര്‍ ബാഫള്‌ലില്‍ഹാജ് അല്‍ഖഹ്ഥ്വാനി അസ്സഅ്ദി അല്‍ ഹള്‌റമി(റ) എഴുതിയ മുഖദ്ദിമതുല്‍ഹള്‌റമിയ്യക്ക് വ്യാഖ്യാനമായി എഴുതിയ അല്‍മവാഹിബുസ്സനിയ്യ ബിശര്‍ഹില്‍മുഖദ്ദിമതില്‍ഹള്‌റമിയ്യയില്‍ നിന്ന് ചുരുക്കിയാണ് ബുശ്‌റല്‍കരീം രചിക്കുന്നത്. കര്‍മ്മശാസ്ത്ര മസ്അലകള്‍ വിശദീകരിക്കുന്നതിനിടയില്‍ രണ്ട് ഇമാമുമാരും എതിരിടുന്ന സ്ഥലങ്ങള്‍ സൂചിപ്പിക്കുന്ന ശൈലിയാണ് ഇതില്‍ സ്വീകരിച്ചിട്ടുള്ളത്. അശ്ശൈഖ് അലീബാസ്വബ്‌രീന്‍ അല്‍ഹള്‌റമി(റ)രചിച്ച ഇസ്മിദുല്‍ഐനൈന്‍ ഫീ ബഅ്‌ളി ഇഖ്തിലാഫിശ്ശൈഖൈന്‍ എന്നതാണ് രണ്ടാമത്തെ ഗ്രന്ഥം. തന്റെ ഗുരുനാഥനായ ശൈഖ് ബാഇശ്ന്‍(റ) എഴുതിയ ബുശ്‌റല്‍കരീമില്‍ നിന്ന് ശൈഖൈനികളുടെ ഖിലാഫുകള്‍ മാത്രം ക്രോഢീകരിച്ചാണ് ഇദ്ദേഹം ഈ കൃതി രചിക്കുന്നത്. പ്രസിദ്ധ ഫതാവാ സമാഹാരമായ ബിഗ്‌യയുടെ ഹാമിശില്‍ ഇത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

ഫത്ഹുല്‍അലീ ബിജംഇല്‍ ഇഖ്തിലാഫി ബൈന ഇബ്‌നി ഹജര്‍ വര്‍റംലിയാണ് മൂന്നാമത്തെ ഗ്രന്ഥം. അസ്സയ്യിദ് ഉമര്‍ബ്‌നുഹാമിദ് ബാഫറഹ് ബാഅലവി അല്‍ ഹള്‌റമിയാണിതിന്റെ കര്‍ത്താവ്. അതില്‍ അദ്ദേഹം പറയുന്നു. ഏകദേശം അഞ്ഞോറോളം മസ്അലകളില്‍ ഇവര്‍ അഭിപ്രായനൈക്യമുണ്ടെന്ന് ചില ഗ്രന്ഥങ്ങളില്‍ ഞാന്‍ കണ്ടിട്ടുണ്ട്. അതില്‍ മുന്നൂറ്റിഅമ്പത് മസ്അലകളാണ് ഞാനിതില്‍ ക്രോഢീകരിക്കുന്നത്. ഹജ്ജിന്റെ അദ്ധ്യായം വരെയാണത്. കശ്ഫുല്‍ഗിത്വാഅ്‌വല്ലബ്‌സി അന്‍ ഇബ്‌നിഹജരിന്‍ വശ്ശംസി എന്ന ശൈഖ് മുസ്ത്വഫാബ്‌നുഇബ്‌റാഹീമില്‍ഉല്‍വാനിയുടെതാണ് അടുത്ത രചന. ശൈഖൈനിയുടെ അഭിപ്രായ ഭിന്നതകളെ കവിതാ രൂപത്തില്‍ ക്രോഢീകരിച്ചതാണിത്. അല്‍മല്‍ഹനുന്നിളാഘ്ഫിഖ്തിലാഫില്‍അശ്‌യാഖ് എന്നതാണ് മറ്റൊരുകൃതി. ഓരോ മസ്അലകളിലും പ്രമുഖ പണ്ഡിതര്‍ക്കുണ്ടായ ഖിലാഫുകളെ ശേഖരിക്കുകകയാണ് രചയിതാവായ ഇബ്‌നുല്‍ഖറദാഗി എന്നറിയപ്പെടുന്ന ശൈഖ് ഉമര്‍(റ) ഇതിലൂടെ നിര്‍വ്വഹിച്ചത്. ശൈഖൈനികള്‍ക്കുപുറമെ ശിഹാബുദ<

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter