ഇസ്‌ലാമിക സര്‍വകലാശാല: ആശയവും അനുഭവവും
ഇസ്‌ലാമിന്റെ രാഷ്ട്രീയ ശക്തി തകര്‍ക്കപ്പെട്ടതു മുതല്‍ വിജ്ഞാനത്തിന്റെ മുസ്‌ലിം കാഴ്ചപ്പാട് സങ്കുചിതമായിത്തുട ങ്ങി എന്നതൊരു ചരിത്ര യാഥാര്‍ത്ഥ്യമാണ്. സ്‌പെയ്ന്‍, ബഗ്ദാദ് തുടങ്ങിയ വിജ്ഞാന വിളനിലങ്ങള്‍ അധിനിവേശ ശക്തികളാല്‍ തകര്‍ക്കപ്പെട്ടതിനു ശേഷം പല വിജ്ഞാന ശാഖകളും മുസ്‌ലിം ലോകത്ത് അവഗണിക്കപ്പെട്ടു. പട്ടിണിയും ദാരിദ്ര്യവും വിതച്ച കറുത്ത ദിനങ്ങള്‍ വിജ്ഞാനത്തോടുള്ള പഴയ സമീപനത്തെ തന്നെ മാറ്റിമറിച്ചു. മുസ്‌ലിം പണ്ഡിതര്‍ വികസിപ്പിച്ചെടുത്ത വൈദ്യ, പ്രകൃതി, ഗോള ശാസ്ത്രങ്ങളും മറ്റും പാശ്ചാത്യര്‍ കൈവശപ്പെടുത്തുകയും മത വിജ്ഞാനം എന്നത് കേവലം ഖുര്‍ആനും ഹദീസും ഫിഖ്ഹും മാത്രമായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു. ഇവിടെ തെറ്റുധരിക്കപ്പെട്ടുപോയ വിജ്ഞാനത്തിന്റെ ഇസ്‌ലാമിക, ലോക വീക്ഷണം ഒരുതരം അടിമത്തവും സാംസ്‌കാരിക അധിനിവേശവുമാണ് പ്രദാനം ചെയ്തത്. ഭൗതിക രംഗങ്ങളിലെ മുസ്‌ലിം പിന്‍മാറ്റത്തെ കുറിച്ചുള്ള സുദീര്‍ഘമായ ചര്‍ച്ചകളും പരിഹാരം തേടിയുള്ള യാത്രകളുമാണ് സര്‍വകലാശാലകളുടെ നിര്‍മിതിയില്‍ ചെന്നെത്തുന്നത്. പക്ഷേ, പലപ്പോഴും വിജ്ഞാനത്തിന്റെ തെറ്റുധരിക്കപ്പെട്ട കാഴ്ചപ്പാടിനെ തിരിച്ചുപിടിക്കുന്നതില്‍ ഈ സ്ഥാപനങ്ങള്‍ വേണ്ടത്ര വിജയം വരിച്ചില്ല.

വിജ്ഞാനത്തോടുള്ള സമീപനരീതിയെ അടിസ്ഥാനമാ ക്കി ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി കളെ മതവിജ്ഞാനങ്ങള്‍ മാത്രം പഠിപ്പിക്കപ്പെടുന്ന ദയൂബന്ദിലെ ദാറുല്‍ ഉലൂം പോലുള്ള സ്ഥാപനങ്ങള്‍, ഇസ്‌ലാമിക് ഡിപ്പാര്‍ട്ട്‌മെന്റെുകള്‍ ഉള്‍പ്പെടുത്തി മുസ്‌ലിംകള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന അലിഗഡ് പോലുള്ളവ, ഇരുപതാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തില്‍ ഉയര്‍ന്നുവന്ന വിജ്ഞാനീയങ്ങളെ ഇസ്‌ലാമിക ലോകവീക്ഷണത്തെ അടിസ്ഥാന മാക്കി അവതരിപ്പിക്കുന്ന ഇന്റെര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി മലേഷ്യ (ഐ.ഐ.യു.എം)യുടെ മാതൃകകള്‍ എന്നിങ്ങനെ മൂന്നായി തിരിക്കാം.

പല യൂനിവേഴ്‌സിറ്റികളിലും 'ഇസ്‌ലാമിക് സ്റ്റഡീസ്' ഡിപ്പാര്‍ ട്ടുമെന്റെുകള്‍ നിലവില്‍ വന്നിട്ടുണ്ട്. ഇസ്‌ലാമിന്റെ വിജ്ഞാനസങ്കല്‍പത്തിനോട് കൂറുപുലര്‍ത്താന്‍ കഴിയാത്ത തരത്തിലുള്ള വിഭജനമാണിത്. വൈദ്യശാസ്ത്രവും ഗോള ശാസ്ത്രവും തുടങ്ങി മനുഷ്യന്‍ ബുദ്ധി ഉപയോഗിച്ച് വികസിപ്പി ച്ചെടുക്കുന്ന ശാസ്ത്രശാഖ കളൊന്നും ഇസ്‌ലാമികമല്ലെന്നു വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വ ശ്രമമെന്നു പാശ്ചാത്യന്‍ ഭാഗീകരണമായി ഇതിനെ വിലയിരുത്തിയ ചിന്തകന്‍മാര്‍ ഏറെയുണ്ട്. തദ്ഫലമായി 'ഇസ്‌ലാമിക് സ്റ്റഡീസ്' ഉള്‍പ്പെടുത്താതെ ഒരു സര്‍വകലാശാല രൂപീകരിക്കാം എന്നവര്‍ മനസ്സിലാക്കി. 1983ല്‍ മലായിലെ ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി സ്ഥാപിതമാകുന്നതോടെ ഈയൊരു ചിന്ത കൂടുതല്‍ ശക്തിപ്പെട്ടു. കൊളോണിയലിസ ത്തിനു ശേഷം നിലവില്‍ വന്ന ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ തെറ്റുധരിക്കപ്പെട്ട വീക്ഷണങ്ങ ളും മുസ്‌ലിം ചിന്താധാരയും പൂര്‍ണമായും തിരുത്തിയെഴുതി യാണ് ഐ.ഐ.യു.എം നിലവില്‍ വരുന്നത്. പാശ്ചാത്യ സ്ഥാപനങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന മതേതര, നിരീശ്വര ചിന്തകളെ അടിസ്ഥാനപ്പെടുത്തിയുള്ള വിജ്ഞാനീയങ്ങളെ ആശ്രയിക്കു ന്നതില്‍ നിന്നും മുസ്‌ലിം സമൂഹത്തെ മോചിപ്പിക്കുകയും പകരം ഇസ്‌ലാമിക വീക്ഷണങ്ങ ള്‍ക്കനുസരിച്ച് വിജ്ഞാനങ്ങളെ പുനഃക്രമീകരിക്കുക, അതിനുള്ള സ്ഥാപനങ്ങള്‍ ഉയര്‍ത്തിക്കൊ ണ്ടുവരിക തുടങ്ങിയ മഹാലക്ഷ്യ ങ്ങള്‍ അതു മുന്നോട്ടുവെച്ചു.

വിജ്ഞാനങ്ങളുടെ ഇസ്‌ലാംവത്കരണമാണ് യഥാര്‍ത്ഥത്തില്‍ ഐ.ഐ.യു. എമ്മിന്റെ അടിസ്ഥാന ലക്ഷ്യം. ഹ്യൂമന്‍ സയന്‍സ് മുതല്‍ മെഡിസിന്‍ വരെ എല്ലാ വിഭാഗങ്ങളിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇസ്‌ലാമിക വിജ്ഞാനം പകര്‍ന്നു നല്‍കാ നും കാമ്പസില്‍ ഇസ്‌ലാമികാ ന്തരീക്ഷം നിലനിര്‍ത്താനുമായി സെന്റര്‍ ഫോര്‍ ഫണ്ടമെന്റെല്‍ നോളജ് (സി.എഫ്.കെ)എന്ന പേരില്‍ ഒരു ഡിപ്പാര്‍ട്ട്‌മെന്റ് രൂപീകരിച്ചുകൊണ്ടാണ് ഐ.ഐ. യു.എം പ്രവര്‍ത്തനമാരംഭിച്ചത്. അതോടെ പുതിയ യൂനിവേ ഴ്‌സിറ്റി എല്ലാ ശാസ്ത്ര ശാഖക ളും ഇസ്‌ലാമികം ആണെന്നും അറിവ് അഭ്യസിക്കുന്നവന്റെ ഉദ്ദേശ്യം അനുസരിച്ചാണ് നല്ലതും ചീത്തയും വേര്‍തിരിക്ക പ്പെടുന്നത് എന്നുമുള്ള അടിസ്ഥാന കാഴ്ചപ്പാടിലേക്ക് തിരിച്ചു നടക്കാനുള്ള വലിയ പ്രചോദനമായി മാറി.

1983 മുതല്‍ 1990 വരെ ഐ.ഐ.യു.എമ്മില്‍ മതവിഷ യങ്ങള്‍ മാത്രം പഠിപ്പിക്കപ്പെടുന്ന ഒരു ഡിപ്പാര്‍ട്ട്‌മെന്റ് നിലവില്‍ വന്നിരുന്നില്ല. തൊണ്ണൂറുകള്‍ക്കു ശേഷം ഇസ്‌ലാമിക് റിവീല്‍സ് നോളജ് എന്ന പേരില്‍ മത ശാസ്ത്രങ്ങള്‍ പഠിക്കാനുള്ള പഠനവിഭാഗം നിലവില്‍ വന്നു. മാനവിക ശാസ്ത്രങ്ങളും ഇസ്‌ലാമിക ബോധിത വിജ്ഞാനങ്ങളുടെ ഗണത്തില്‍ പെടുന്ന ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ് എന്നിവയും ഒരേ ഫാക്കല്‍റ്റിക്കു കീഴില്‍ കൊണ്ടുവന്നുകൊണ്ട് വിജ്ഞാന ത്തിന്റെ ഇസ്‌ലാമിക കാഴ്ചപ്പാ ടിന്റെ പുതിയ ചിന്തകള്‍ക്ക് തുടക്കം കുറിച്ചു. അതോടൊപ്പം തന്നെ ഇവ രണ്ടും സമന്വയിപ്പി ച്ചുകൊണ്ടുള്ള പാഠ്യരീതി നിലവില്‍ വരികയും ചെയ്തു.

മത വിജ്ഞാനങ്ങളെ ആധുനികവത്കരിക്കുക എന്ന ആശയം ഉയര്‍ത്തിക്കൊണ്ടു വരികയാണ് ഈ ഡിപ്പാര്‍ട്ട്‌മെ ന്റുകള്‍ ചെയ്തത്. കാലികപ്രശ്‌നങ്ങള്‍ മനസ്സിലാ ക്കുകയും അവയുടെ പരിഹാരങ്ങള്‍ കണ്ടെത്താവുന്ന രൂപത്തില്‍ മത വിജ്ഞാനങ്ങളെ പുനരാവിഷ്‌കരിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ നമ്മുടെ അറിവിന്റെ പാരമ്പര്യ സത്തകള്‍ ജീവസുറ്റതാവുകയുള്ളൂ. പണ്ഡിതര്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍, പൊതുജീവിതത്തി ന്റെ യാഥാര്‍ഥ്യങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം അകന്നു ജീവിക്കുന്നത് ശരിയല്ലെന്നുള്ള വായനയും ശക്തിപ്പെട്ടുവന്നു.

ഇസ്‌ലാംവത്കരണം, ആധുനികവത്കരണം എന്നിവ മുസ്‌ലിം ലോകത്ത് ഏറെ ശ്രദ്ധേയമായ രണ്ടു ചിന്താധാരകളായി മാറി എന്നത് പ്രത്യേകം പറയേണ്ടതുണ്ട്. ഇസ്‌ലാമിക് സൈക്കോളജി, ഇസ്‌ലാമിക് എകണോമിക്‌സ് തുടങ്ങി പുതിയ വിജ്ഞാന ശാഖകള്‍ തന്നെ രൂപപ്പെട്ടുവരാന്‍ ഇതു കാരണമായി. വിരസമായിരുന്ന മതപഠനം ഊര്‍ജ്ജസ്വലവും ജീവസുറ്റതും ആയി മാറി. ഇസ്‌ലാമിക വിജ്ഞാനങ്ങളുടെ പ്രസക്തി ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുന്നതിലും ഇതു വലിയ പങ്കുവഹിച്ചിട്ടുണ്ട്.

ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി യുടെ അടിത്തറ അല്ലാഹുവിലു ള്ള വിശ്വാസമാണ്. ദൈവനാമ ത്തില്‍ വായിക്കാനുള്ള അവന്റെ കല്‍പനയാണ് ഇതിനു പ്രചോദനമാകുന്നത്. പ്രകൃതിയെ യും സ്വശരീരത്തെയും ദൈവനാ മത്തില്‍ വായിക്കുമ്പോള്‍ അത് വിവിധ വിജ്ഞാനശാഖകളുടെ ഉത്ഭവത്തിലും ഇസ്‌ലാംവത്കര ണത്തിലും എത്തിച്ചേരുന്നു. ഈയൊരു തൗഹീദിയന്‍ അടിത്തറയില്‍ ഊന്നിയുള്ള യൂനിവേഴ്‌സിറ്റിയുടെ സാമൂഹ്യ, ആരോഗ്യ മാനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും കഴിഞ്ഞനൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി ഉയര്‍ന്നുവന്നു. വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മിലുള്ള ബന്ധം, വേഷവിധാനങ്ങള്‍, സൗഹൃദം എന്നിവയെല്ലാം സാമൂഹിക മാനങ്ങള്‍ എന്നതില്‍ ഉള്‍പ്പെടുന്നു. ആരോഗ്യമുള്ള തലമുറയെ ആയിരിക്കണം ഒരു സര്‍വകലാശാല സൃഷ്ടിച്ചെ ടുക്കേണ്ടത് എന്ന വലിയ സന്ദേശം ഈ രംഗത്ത് വിസ്മരിക്കപ്പെട്ടു പോയ ഒന്നായിരുന്നു. ഇതിനെ തിരുത്തിയെഴുതും വിധം വിശാലമായ സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളും മറ്റു കായിക പരിശീലന കേന്ദ്രങ്ങളും ഉള്‍ക്കൊള്ളുന്ന കാമ്പസുകള്‍ ഉയര്‍ന്നു എന്നതു തന്നെ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ധാരണകള്‍ പൊളിച്ചെഴുത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു എന്നതിന്റെ അടയാളമാണ്. ഇസ്‌ലാമിക കലാശാലായുടെ ദാറുല്‍ ഹുദാ മോഡല്‍ കാര്യമായ ആലോചനയുടെയും ആസൂത്രണത്തിന്റെയും ഇരുപത്തഞ്ച് സഫല വര്‍ഷങ്ങള്‍ പിന്നിട്ടാണ് ദാറുല്‍ ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയെന്ന ആശയത്തില്‍ എത്തിച്ചേര്‍ന്നത്. ഉന്നതമായ ഇസ്‌ലാമിക ചിന്തകള്‍ക്കും മത സിദ്ധാന്ത പഠനങ്ങള്‍ക്കും മണ്ണൊരുക്കുക എന്നതായിരുന്നു ഈ വിചാരത്തിനു പിന്നില്‍. 1986ല്‍ സ്ഥാപിക്കപ്പെട്ട ദാറുല്‍ ഹുദാ 2011ല്‍ എത്തുമ്പോഴേക്ക് കേരളത്തിനകത്തും പുറത്തുമുള്ള മതകീയവും മതേതരവുമായ മണ്ഡലങ്ങളില്‍ സാന്നിധ്യമുള്ള പ്രസ്ഥാനമായി മാറുകയുണ്ടായി. കേരളത്തിലുടനീളം ദാറുല്‍ ഹുദാ പഠനക്രമം അനുവര്‍ത്തിക്കുന്ന പതിനഞ്ച് സഹസ്ഥാപനങ്ങള്‍ നിലവില്‍ വന്നു. കേരളത്തിനു പുറത്ത് മുംബൈയിലെ ഡോംഗ്രിയില്‍ ഖുവ്വതുല്‍ ഇസ്‌ലാം അറബിക് കോളേജില്‍ ദാറുല്‍ ഹുദാ സിലബസ് അംഗീകരിച്ചുള്ള കോഴ്‌സ് നടപ്പിലായി. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ പുങ്കനൂരില്‍ മന്‍ഹജുല്‍ ഹുദാ ഇസ്‌ലാമിക് കോളേജ് എന്ന പേരില്‍ 2009ല്‍ ആരംഭിച്ച സ്ഥാപനം കേരളത്തിനു പുറത്തെ മുസ്‌ലിം മേഖലകളിലെ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധിക്കുക എന്ന ലക്ഷ്യത്തിന്റെ പ്രാപ്തിയാണ്. പൂര്‍വവിദ്യാര്‍ത്ഥി സംഘടന 'ഹാദിയ' ബീജാവാപം നല്‍കിയ മന്‍ഹജ് നടത്തിവരുന്നത് ദാറുല്‍ ഹുദാ മാനേജിങ് കമ്മിറ്റി തന്നെയാണ്. ഈ വലിയ വിദ്യാഭ്യാസ ശൃംഖലയുടെ പിന്‍ബലത്തോടെയാണ് ഒരു ഇസ്‌ലാമിക സര്‍വകലാശാല എന്ന ആശയത്തിലേക്ക് സ്ഥാപനം കയറി വരുന്നത്. ഇതിന്റെ കൃത്യമായ പ്രയോഗത്തിന് ഇനിയും വിനാഴികകള്‍ പിന്നിടാനുണ്ട്.

മതകീയവും മതേതരവുമായ, ആത്മീയവും ഭൗതികവുമായ വിജ്ഞാനീയങ്ങളുടെ ആനുപാതികമായ രഞ്ജിപ്പായിരുന്നു ആദ്യകാലം മുതലേയുള്ള ദാറുല്‍ ഹുദാ വിദ്യാഭ്യാസ രീതിയുടെ കാതല്‍. മര്‍ഹൂം എം.എം ബശീര്‍ മുസ്‌ലിയാരുടെ കൈയൊപ്പ് ഈ കാഴ്ചപ്പാടില്‍ പതിഞ്ഞിട്ടുണ്ട്. ശാസ്ത്രജ്ഞാനം, നിര്‍മാണവൈദഗ്ധ്യം, ഗതാഗത- കാര്‍ഷിക സംവിധാനം, സാമൂഹിക സേവനം, വ്യവസായം എന്നീ രംഗങ്ങളില്‍ മുസ്‌ലിം പ്രതിഭകള്‍ ഉണ്ടായിരിക്കണമെന്നും ഈ ശാസ്ത്രങ്ങള്‍ അഭ്യസിക്കുക സാമൂഹിക ബാധ്യത (ഫര്‍ദ് കിഫായ) ആണെന്നും അദ്ദേഹം വിചാരപ്പെട്ടിരുന്നു.

ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി നിലകൊള്ളുന്നത് ഇസ്‌ലാമിക മൂല്യങ്ങളുടെയും ജ്ഞാന സംഹിതകളുടെയും ആധാരശിലകളിന്മേലാണ്. ഇസ്‌ലാമിക വിജ്ഞാനശാഖകളില്‍ കഴിവു തെളിഞ്ഞ പ്രതിഭകളെ ഉല്‍പാദിപ്പിക്കുകയാണ് സര്‍വകലാശാലയുടെ ലക്ഷ്യം. ഉലമാക്കള്‍ തിരുനബി(സ്വ)യുടെ അനന്തരാവകാശികളാണെന്ന ബോധ്യമാണ് ഇതോടൊപ്പം ഊട്ടിയുറപ്പിക്കപ്പെടുന്നത്. അല്ലാഹുവിനോട് ഉത്തരവാദിത്വമുള്ള, ഇസ്‌ലാം അനുസരിച്ച് സൂക്ഷ്മാര്‍ത്ഥത്തില്‍ ജീവിക്കാനും പ്രബോധനം ചെയ്യാനും തല്‍പരരായ ഉലമാക്കളെ സജ്ജീകരിക്കാന്‍ ആവശ്യമായ പഠനക്രമം വികസിപ്പിക്കുകയാണ് യൂനിവേഴ്‌സിറ്റിയുടെ ദൗത്യം.

1986ല്‍ സ്ഥാപിതമായ ദാറുല്‍ ഹുദാ ഇസ്‌ലാമിക് അക്കാദമി ഇസ്‌ലാമിക സര്‍വകലാശാലയായി 2009ല്‍ പ്രഖ്യാപിച്ചത് മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍. കാല്‍ നൂറ്റാണ്ടിന്റെ അനുഭവ പക്വതയും വീക്ഷണവികാസവും ഇക്കാലയളവിലെ യാത്രയില്‍ ചവിട്ടുപടികളായി ഉണ്ടായിരുന്നു. കേരളീയവും ദേശീയവും അന്തര്‍ദേശീയവുമായ മുസ്‌ലിം/ ഇസ്‌ലാമിക വിദ്യാഭ്യാസ രംഗത്തെ തമോഗര്‍ത്തങ്ങള്‍ ഇതിനകം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. കേരളീയ പശ്ചാത്തലത്തില്‍ മതവിദ്യാഭ്യാസം കര്‍മശാസ്ത്രപരമായ ചര്‍ച്ചകളില്‍ പരിമിതപ്പെട്ടുപോകുന്ന ദുരവസ്ഥയുണ്ടായി. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, അഖീദ പഠന രംഗത്ത് നിഴലിച്ചിരുന്നത് വലിയ അന്വേഷണങ്ങളുടെ മുഴുത്ത അഭാവമാണ്. മദ്‌റസാ വിദ്യാഭ്യാസവും ദര്‍സുകളും ആരോഗ്യകരമായ ഉമ്മത്തിനെ നിര്‍മിക്കുന്നുണ്ടായിരുന്നു. ശരീഅത്ത്- അറബിക് കോളേജുകള്‍ ഈ രംഗത്ത് ശാസ്ത്രീയമായ കുറെയേറെ തുരുത്തുകള്‍ പണിതു. എന്നാല്‍, സങ്കേതബദ്ധവും ആധുനികവുമായ വര്‍ത്തമാനങ്ങളോട് അഭിമുഖീകരണം നടത്താന്‍ പ്രാപ്തരായ മുസ്‌ലിം പണ്ഡിത പ്രതിഭകളുടെ അസാന്നിധ്യം നിലനില്‍ക്കുന്നത്, വിജ്ഞാനത്തിന്റെ ഇസ്‌ലാമിക മൂല്യങ്ങളും മാനങ്ങളും ഒഴിവാക്കപ്പെടുന്നത്, അറിവിന്റെ ഇലാഹിയ്യായ ഇടങ്ങള്‍ അപ്രസക്തമായിത്തീരുന്നത് പ്രതിരോധിക്കാന്‍ ഒരു ഇസ്‌ലാമിക സര്‍വകലാശാല വേണം എന്ന കാഴ്ചപ്പാട് പടിപടിയായി ബലപ്പെട്ടു വരികയായിരുന്നു. ഇതിനോടുള്ള ക്രിയാത്മക പ്രതികരണവും സമൂര്‍ത്തവും ബോധപൂര്‍വവുമായ ഇടപെടലുമാണ് ആശയ തലത്തില്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി.

സെകന്‍ഡറി, സീനിയര്‍ സെകന്‍ഡറി, ഡിഗ്രി, പോസ്റ്റ് ഗ്രാജ്വേഷന്‍ എന്നീ നിലകളിലാണ് സര്‍വകലാശാലയുടെ പന്ത്രണ്ടു വര്‍ഷത്തെ വിദ്യാഭ്യാസം ക്രമീകരിച്ചിരിക്കുന്നത്. ഫാക്കല്‍റ്റി ഓഫ് ശരീഅ ആന്‍ഡ് ഉസ്വൂലുദ്ദീന്‍, ഫാക്കല്‍റ്റി ഓഫ് ലാംഗ്വേജസ്, ഫാക്കല്‍റ്റി ഓഫ് ഹ്യുമാനിറ്റീസ്, ഫാക്കല്‍റ്റി ഓഫ് ദഅ്‌വ ആന്‍ഡ് ഇസ്‌ലാമിക് കള്‍ച്ചര്‍, ഫാക്കല്‍റ്റി ഓഫ് തര്‍ബിയ ആന്‍ഡ് ഇസ്‌ലാമിക് ടീച്ചിങ് എന്നീ അഞ്ചു വിഭാഗങ്ങളിലായി കോഴ്‌സുകള്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. ഇവക്കു കീഴില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുമുണ്ട്.

ഇസ്‌ലാമിക സര്‍വകലാശാല എന്ന ആശയത്തിന്റെ പൂര്‍ണതയിലേക്ക് ദാറുല്‍ ഹുദാ ഇനിയും വികസിക്കാനിരിക്കുന്നു. ഇസ്‌ലാമിക ചിന്തയുടെ സജീവമായ അന്തരീക്ഷം കാമ്പസില്‍ ഉണ്ടാവുകയും അക്കാദമിക ഉണര്‍വുകള്‍ വരികയും ചെയ്യുമ്പോഴാണ് സൂക്ഷ്മ തലത്തില്‍ യൂനിവേഴ്‌സിറ്റി നിലവില്‍ വരുന്നത്. പ്രായോഗിതയുടെ അത്തരമൊരു ഭൂമികയിലേക്കാണ് ദാറുല്‍ ഹുദായുടെ പ്രയാണം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter