സഹനത്തിന്റെ പ്രാധാന്യം
ക്ഷമയുടെ മഹത്ത്വവും ശ്രേഷ്ഠതയും സംബന്ധിച്ച് ധാരാളം ഖുര്‍ആന്‍ സൂക്തങ്ങളും നബിവചനങ്ങളും കാണാം. സത്യവിശ്വാസത്തിന്റെ അര്‍ധാംശവും, മാനവികവിജയത്തിന്റെ രഹസ്യവും, പരീക്ഷണങ്ങളുണ്ടാകുമ്പോള്‍ സൗഖ്യത്തിന്റെ പ്രഭവകേന്ദ്രവുമാണ് സഹനം. പരീക്ഷണങ്ങള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുമ്പോഴും വിപത്തുകള്‍ ആവരണം ചെയ്യുമ്പോഴും പ്രതിസന്ധികള്‍ വരിഞ്ഞുമുറുക്കുമ്പോഴുമെല്ലാം സത്യവിശ്വാസിയുടെ പരിചയാണ് ക്ഷമ. സ്വന്തത്തോടുള്ള മനസ്സമരത്തിലും, ദീനില്‍ ഋജുവായി നിലകൊള്ളാന്‍ അതിനെ പ്രേരിപ്പിക്കുന്നതിലും വിനാശത്തിന്റെയും ദുര്‍മാര്‍ഗത്തിന്റെയും അഗാധഗര്‍ത്തങ്ങളിലേക്ക് വീണുപോകുന്നതില്‍ നിന്നുള്ള സുരക്ഷിതത്വത്തിലും മുരീദിന്റെ കൈയിലുണ്ടാകേണ്ട ആയുധമാണ് സഹനം. അതിന്റെ മികച്ച പ്രാധാന്യവും അത്യുന്നതസ്ഥാനവും മുന്‍നിറുത്തി ഖുര്‍ആനില്‍ അതിനെ സംബന്ധിച്ച് തൊണ്ണൂറോളം സ്ഥലങ്ങളില്‍ പരാമര്‍ശമുണ്ട്. ചിലപ്പോള്‍ അല്ലാഹു സഹനം കൊണ്ട് കല്‍പിക്കുന്നതുകാണാം. ഒരിടത്തു പറയുന്നു: നിങ്ങള്‍ അല്ലാഹുവിനോട്  സഹായം തേടുകയും ക്ഷമ കൈക്കൊള്ളുകയും ചെയ്യുക.(2) മറ്റൊരിടത്ത് ക്ഷമാശീലരെ പ്രകീര്‍ത്തിക്കുകയാണ്: വിഷമാവസ്ഥകളിലും പ്രതിസന്ധിഘട്ടങ്ങളിലും സംഘര്‍ഷവേളകളിലും ക്ഷമിക്കുന്നവര്‍ സ്തുത്യര്‍ഹരത്രേ. അവരാണ് സത്യസന്ധരായ ആളുകള്‍; അവര്‍ തന്നെയത്രേ ദൈവഭക്തരും. എന്നാല്‍, മറ്റു ചിലേടങ്ങളില്‍ സഹനശീലര്‍ക്ക് തന്റെ സ്‌നേഹമുണ്ടാകുമെന്നാണ് പടച്ചവന്‍ പ്രസ്താവിച്ചിരിക്കുന്നത്: ക്ഷമ കൈക്കൊള്ളുന്നവരെ അല്ലാഹു സ്‌നേഹിക്കുന്നു. സൗഭാഗ്യവും സഹായവുമേകി അവരൊന്നിച്ച് തന്റെ സഹത്വമുണ്ടാകുമെന്നാണ് മറ്റൊരിടത്തെ പ്രതിപാദ്യം: നിശ്ചയം, അല്ലാഹു സഹനം കൈക്കൊള്ളുന്നവരുടെ കൂടെയാണ്. കൈയും കണക്കുമില്ലാതെയായിരിക്കും അവര്‍ക്കുള്ള പ്രതിഫലം എന്നാണ് അവരെക്കുറിച്ച് ഒരിടത്ത് സ്പഷ്ടമാക്കിയിരിക്കുന്നത്: ക്ഷമാശീലരായ ആളുകള്‍ക്ക് യാതൊരു കണക്കുമില്ലാതെയാണ് അവരുടെ പ്രതിഫലം നല്‍കപ്പെടുക, തീര്‍ച്ച.(6) സന്മാര്‍ഗപ്രാപ്തരും മാര്‍ഗദര്‍ശികളുമായ ആളുകളെ സംബന്ധിച്ച് പരാമര്‍ശിക്കുന്നിടത്ത് ആ അനുഗൃഹീത സ്ഥാനം അവര്‍ക്ക് കിട്ടിയത് ക്ഷമ മുറുകെപ്പിടിച്ചതിനാലാണ് എന്ന് ഖുര്‍ആന്‍ വിവരിക്കുന്നു: നമ്മുടെ കല്‍പനയനുസരിച്ച് മര്‍ത്യസഞ്ചയത്തെ മാര്‍ഗദര്‍ശനം ചെയ്യുന്ന ചില നേതാക്കളെ അവരില്‍ നിന്ന് നാം ഉയിര്‍പ്പിച്ചു; അവര്‍ സഹനശീലരായപ്പോള്‍.

ഇത്തരം ആയത്തുകള്‍ക്കു പുറമെ ക്ഷമയുടെ മഹത്ത്വം ഊന്നിപ്പറയുന്ന നിരവധി ഹദീസുകള്‍ കാണാവുന്നതാണ്. ഒരു സത്യവിശ്വാസിയുടെ വിജയലബ്ധിയിലും ജീവിതസംഘര്‍ഷങ്ങളെയും ഭിന്ന വിപത്തുകളെയും അഭിമുഖീകരിക്കുന്നതിലും സഹനത്തിനുള്ള അഗാധമായ സ്വാധീനവും ആ നബിവചനങ്ങളില്‍ ഉടനീളം കാണാവുന്നതാണ്. അതുപോലെത്തന്നെ തിരുമേനി(സ്വ)യുടെ സഹനശീലം സംബന്ധിച്ചും വ്യത്യസ്ത രീതികളിലുള്ള പീഡനങ്ങളിലും ഭിന്ന സ്വഭാവങ്ങളിലുള്ള കാഠിന്യാവസ്ഥകളിലും അവിടന്ന് എങ്ങനെ ക്ഷമ മുറുകെപ്പിടിച്ചുവെന്നതിനെപ്പറ്റിയും ആ തിരുവചനങ്ങളില്‍ സുവ്യക്ത പ്രതിപാദനങ്ങളുണ്ട്. ആ പുണ്യജീവിതം ഉടനീളം ക്ഷമയും ധര്‍മസമരവും ത്യാഗസമര്‍പ്പണവുമായിരുന്നു. ഏതാനും സാമ്പിളുകള്‍ നമുക്ക് പരിശോധിച്ചുനോക്കാം: തിരുമേനി(സ്വ) പ്രസ്താവിച്ചതായി അബൂസഈദിനില്‍ ഖുദ്‌രി(റ) ഉദ്ധരിക്കുന്നു-ക്ഷമയെക്കാള്‍ പ്രവിശാലവും ഉദാത്തവുമായ മറ്റൊരു ദാനവും ഒരാള്‍ക്കും നല്‍കപ്പെടുകയില്ല. റസൂല്‍(സ്വ) അരുളിയതായി സ്വുഹൈബുബ്‌നു സിനാന്‍(റ) നിവേദനം ചെയ്യുകയാണ്: സത്യവിശ്വാസിയുടെ കാര്യം മഹാത്ഭുതം തന്നെ. അവന്റെ കാര്യങ്ങള്‍ മുഴുക്കെ അവന് ഗുണകരമായിരിക്കും. സത്യവിശ്വാസിക്കല്ലാതെ മറ്റാര്‍ക്കും ഈ സവിശേഷത ലഭ്യമല്ല. സംഗതി ഇതാണ്-സന്തോഷകരമായ ഒരു വിഷയമുണ്ടാകുമ്പോള്‍ അവന്‍ കൃതജ്ഞത രേഖപ്പെടുത്തും; അപ്പോള്‍ അതവന് ഗുണമായി. വിഷമങ്ങളുണ്ടാകുമ്പോഴാകട്ടെ അവന്‍ ക്ഷമിക്കും; അപ്പോള്‍ അതും അവന് ഗുണകരമായി ഭവിക്കുന്നു.

തിരുമേനി(സ്വ)യുടെ ഒരു സ്വഹാബിയില്‍ നിന്ന് യഹ്‌യബ്‌നു വസ്സാബ് ഉദ്ധരിക്കുന്നു: റസൂല്‍ പറഞ്ഞു-ജനങ്ങളുമായി ഇടപഴകുകയും അവരില്‍ നിന്നനുഭവിക്കേണ്ടിവരുന്ന പ്രയാസങ്ങളില്‍ ക്ഷമിക്കുകയും ചെയ്യുന്ന ഒരു മുസ്‌ലിം, അവരുമായി ഇടപഴകാതെയും അവരില്‍ നിന്നുണ്ടാകുന്ന വിഷമങ്ങള്‍ സഹിക്കാതെയുമിരിക്കുന്ന ഒരാളെക്കാള്‍ ഉത്തമനാകുന്നു. ഹ. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുന്നതു കാണുക: എനിക്ക് ഇപ്പോഴും തിരുനബി(സ്വ)യുടെ പുണ്യവദനം കണ്‍മുമ്പില്‍ കാണുന്നതുപോലെയുണ്ട്. പ്രവാചകന്മാരില്‍ ഒരാളുടെ തിക്താനുഭവം അവിടന്ന് വിവരിക്കുകയായിരുന്നു. തന്റെ ജനം ആ പ്രവാചകനെ അടിക്കുകയും രക്തമൊലിപ്പിക്കുകയും ചെയ്തു. അദ്ദേഹമാകട്ടെ മുഖത്തുനിന്ന് രക്തം തുടച്ചുകൊണ്ട് ഇങ്ങനെ പ്രാര്‍ഥിച്ചു-നാഥാ, എന്റെയാളുകള്‍ക്ക് നീ മാപ്പരുളേണമേ; അവര്‍ യാഥാര്‍ഥ്യം അറിവില്ലാത്തവരാണ്!

മറ്റൊരു ഹദീസില്‍ റസൂല്‍(സ്വ) പ്രസ്താവിച്ചതായി അബൂമൂസല്‍ അശ്അരി(റ) ഉദ്ധരിക്കുകയാണ്: താന്‍ കേട്ട പ്രയാസത്തിനെതിരെ അല്ലാഹുവിനെക്കാള്‍ കൂടുതല്‍ ക്ഷമിക്കുന്നവരായി മറ്റാരുമില്ല-അവന് പങ്കാളികളുണ്ടെന്ന് ജല്‍പിക്കപ്പെടുന്നു, സന്താനങ്ങളുണ്ടെന്ന് ചിലര്‍ തട്ടിവിടുന്നു; ഇങ്ങനെയൊക്കെയായിട്ടും പടച്ചവന്‍ അവര്‍ക്ക് സൗഖ്യമേകുകയും അന്നപാനീയങ്ങള്‍ നല്‍കുകയും ചെയ്യുന്നു!

സച്ചരിതരായ മഹാന്മാര്‍ ക്ഷമ എന്ന വിശേഷണം സാക്ഷാല്‍കൃതമാക്കുകയും അതിലേക്ക് ജനങ്ങളെ ക്ഷണിക്കുകയുമുണ്ടായി. മഹാന്മാരായ സ്വഹാബികള്‍ തിരുമേനി(സ്വ)യുടെ കാല്‍പാടുകള്‍ പിന്തുടരുകയും നബി(സ്വ)യില്‍ നിന്ന് അനന്തരാവകാശമെന്ന നിലക്ക് ക്ഷമാശീലം കരഗതമാക്കുകയും ചെയ്തു. നിരാശ എന്തെന്നറിയാത്ത വിശ്വാസവും ദൗര്‍ബല്യം എന്തെന്ന് ഗ്രഹിക്കാത്ത മനക്കരുത്തും പാരവശ്യം എത്തിനോക്കുക പോലും ചെയ്യാത്ത ദാര്‍ഢ്യവും മുറുകെപ്പിടിച്ച് ഇസ്‌ലാമിന്റെ പ്രചാരണത്തില്‍ ക്ഷമാപൂര്‍വം അവര്‍ കര്‍മകുശലരായി.

സ്വഹാബികളില്‍ നിന്ന് മഹാന്മാരായ താബിഉകളും വിശ്വാസാധിഷ്ഠിതമായ ഈ സഹനത്തിന്റെ അന്തസ്സത്ത നേടിയെടുത്തു. അങ്ങനെ യുഗങ്ങളിലൂടെയും നൂറ്റാണ്ടുകളിലൂടെയും ക്ഷമയുടെ ഈ ആത്മാവ് നമ്മുടെ കാലഘട്ടം വരെയെത്തി. പുണ്യറസൂല്‍(സ്വ) പ്രസ്താവിക്കുകയുണ്ടായി: എന്റെ ഉമ്മത്തില്‍ പെട്ട ഒരു വിഭാഗം അന്ത്യനാള്‍ സമാഗതമാകുന്നതുവരെയും സത്യത്തിന്റെ പന്ഥാവില്‍ ജേതാക്കളായിക്കൊണ്ടേയിരിക്കും.(4) തന്റെ ഒരു പുത്രന്‍ മരിച്ചപ്പോള്‍ ഹ. ഉമറുബ്‌നു(5) അബ്ദില്‍ അസീസ്(റ) പ്രതികരിച്ചതിങ്ങനെയായിരുന്നു: അവനെ മരിപ്പിക്കലാണ് അല്ലാഹുവിന് പ്രിയങ്കരം. ഏതെങ്കിലും വിഷയത്തില്‍ പടച്ചവന്റെ പ്രീതിയോട് വിപരീതമാകുന്ന ഒരു പ്രീതി എനിക്കുണ്ടാകുന്നതില്‍ നിന്ന് അവനോട് ഞാന്‍ കാവല്‍ തേടുകയാണ്! ഇമാം മാലികി(റ)ന്റെ ഒരു സംഭവം ജാജ്ജ്വല്യമാനമായ ഒരു ക്ഷമയാണെന്നു കാണാം. താന്‍ ഹദീസ് പഠിപ്പിച്ചുകൊണ്ടിരിക്കെ ഒരു തേള്‍ പതിനാറു വട്ടം മഹാനവര്‍കളെ കുത്തി. താന്‍ വിവര്‍ണനാവുകയും വേദന കൊണ്ടു പുളയുകയും ചെയ്തു. അങ്ങനെ സദസ്സ് സമാപിച്ചു. തിരുമേനി(സ്വ)യുടെ ഹദീസിനെ ആദരിച്ചുകൊണ്ടായിരുന്നു താന്‍ ഇടക്കുവെച്ച് അത് നിറുത്താതിരുന്നത്.

ദുന്നൂനില്‍ മിസ്വ്‌രി(റ) ഒരു രോഗിയെ സന്ദര്‍ശിക്കാന്‍ ചെന്നതായിരുന്നു. സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലതാ രോഗി ഒരു കരച്ചില്‍! ദുന്നൂന്‍ പ്രതികരിച്ചു: അല്ലാഹുവിന്റെ പ്രഹരത്തില്‍ ക്ഷമ കൈക്കൊള്ളാത്തവന്‍ അവനോടുള്ള സ്‌നേഹത്തില്‍ ആത്മാര്‍ഥനല്ല! രോഗി മറുപടി നല്‍കി: അങ്ങനെയല്ല, അവന്റെ പ്രഹരം ആസ്വദിക്കാത്തവന്‍ സ്‌നേഹത്തില്‍ ആത്മാര്‍ഥനാവുകയില്ല!(2) തനിക്കെന്തെങ്കിലും വിഷമാവസ്ഥകള്‍ വന്നെത്തിയാല്‍ 'അതൊരു കാര്‍മേഘമാണ്, താമസിയാതെ അന്തരീക്ഷം തെളിയും' എന്ന് ഇബ്‌നു ശുബ്‌റുമ(റ) പറയുമായിരുന്നു.

സഹനം സംബന്ധിച്ച് സ്വൂഫികള്‍ക്ക് അത്ഭുതകരമായ വിവരങ്ങളും കൗതുകകരമായ ഭാഷ്യവുമുണ്ട്. എന്താണ് ക്ഷമ എന്ന് ശിബ്‌ലി(റ) യോട് ചോദിക്കപ്പെട്ടപ്പോള്‍ താന്‍ ഒരു കവിവാക്യം ഉദ്ധരിക്കുകയുണ്ടായി:

(ക്ഷമിച്ചുകൊണ്ട് അയാള്‍ ക്ഷമയെ മറികടന്നു. അപ്പോള്‍ ക്ഷമ അയാളോട് സഹായാഭ്യര്‍ഥന നടത്തി. തത്സമയം സഹനം മുറുകെപ്പിടിച്ചുകൊണ്ട് ആ അനുരാഗി ക്ഷമയെ വിളിച്ച് അട്ടഹസിക്കുകയുണ്ടായി.) അതിനാല്‍ സ്വൂഫികള്‍ എത്ര മഹാഭാഗ്യവാന്മാരാണ്! സഹനത്തിന്റെ തണലുകളില്‍ നിലയുറപ്പിച്ചുകൊണ്ട് പടച്ചവന്റെ മഹനീയ സംതൃപ്തിക്കവര്‍ പാത്രീഭൂതരായിരിക്കുന്നു. അല്ലാഹുവിന്റെ താഴെ പറയുന്ന ആയത്തിലെ വിശേഷണം അവരില്‍ സാര്‍ത്ഥകമാവുകയും ചെയ്യുന്നുണ്ട്: തങ്ങളെ ഒരു വിപത്ത് ബാധിച്ചാല്‍ 'ഇന്നാ ലില്ലാഹി...' (നിശ്ചയമായും ഞങ്ങള്‍ അല്ലാഹുവിനുള്ളവരാണ്; അവങ്കലേക്കുതന്നെ ഞങ്ങള്‍ മടങ്ങുന്നതുമാണ്) എന്ന് പ്രതികരിക്കുന്നവരായിരിക്കും ആ ക്ഷമാശീലര്‍.

അപ്പോള്‍, അവര്‍ അല്ലാഹുവിനുള്ളവരാണ്; അവങ്കലേക്ക് പോകുന്നവരാണ്.  ഇക്കാരണത്താല്‍ തന്നെ തങ്ങളുടെ പ്രതിഫലം റബ്ബ് സമ്പൂര്‍ണമായി നല്‍കാന്‍ അര്‍ഹത നേടിയവരാണവര്‍. ക്ഷമാശീലരുടെ പ്രതിഫലമാകട്ടെ, അത്യുദാത്തവുമാണ്: 'അവര്‍ക്ക് അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹങ്ങളും കാരുണ്യവും ഉണ്ടായിരിക്കുന്നതാകുന്നു.' സഹനത്തില്‍ അവരുടെ അത്യുദാത്ത മാതൃക തിരുമേനി(സ്വ)യാണ്. വൈജാത്യമാര്‍ന്ന പരീക്ഷണങ്ങള്‍ക്കും വ്യത്യസ്ത പീഡനങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും അവിടന്ന് പാത്രീഭവിച്ചുവല്ലോ. എന്നാലവ കൂടുതല്‍ ക്ഷമയും ദാര്‍ഢ്യതയും നബി(സ്വ)ക്ക് വര്‍ധിപ്പിച്ചുകൊടുക്കുകയേ ചെയ്തുള്ളൂ. ഇതായിരുന്നു പ്രവാചക ശ്രേഷ്ഠരുടെയും മുര്‍സലുകളുടെയും സമ്പ്രദായ രീതികള്‍.

ഖുര്‍ആനില്‍ ഇങ്ങനെ കാണാം: ദൈവദൂതന്മാരില്‍ നിന്നുള്ള ദൃഢമാനസര്‍ ക്ഷമ കൈക്കൊണ്ടതുപോലെ നിങ്ങളും സഹനം മുറുകെപ്പിടിക്കുക. ദിവ്യദൗത്യത്തിന്റെ ഭാരങ്ങളും പ്രബോധനരംഗത്തെ പ്രയാസങ്ങളും സഹിക്കുവാന്‍ തിരുമേനി(സ്വ)യോട് അല്ലാഹു കല്‍പിച്ചിരിക്കുകയാണ്. ബഹുദൈവവിശ്വാസികളില്‍ നിന്നുണ്ടാകുന്ന പീഡനങ്ങള്‍ ക്ഷമിക്കുവാനും അനുശാസിച്ചതായി കാണാം: താങ്കള്‍ ക്ഷമിക്കുക; റബ്ബില്‍ നിന്ന് കിട്ടുന്ന സഹായം കൊണ്ടുമാത്രമാണ് താങ്കള്‍ക്ക് സഹിക്കാന്‍ കഴിയുന്നത്. ശത്രുക്കളുടെ പേരില്‍ താങ്കള്‍ ദുഃഖിക്കേണ്ടതില്ല. അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഗൂഢാലോചനകളെപ്പറ്റി താങ്കള്‍ക്ക് മനസ്സങ്കോചമുണ്ടായിക്കൂടതാനും.

ഇത്രയും പറഞ്ഞതിന്റെ സംഗ്രഹമിതാണ്-പ്രവാചകശ്രേഷ്ഠരുടെ വിശേഷണവും വിശുദ്ധന്മാരുടെ ആഭരണവും നന്മകളുടെ താക്കോലും അല്ലാഹുവിങ്കലേക്ക് പ്രവേശിക്കുന്നവരുടെ പന്ഥാവുമാണ് സഹനം. ഒരു മുരീദിന് തന്റെ യാത്രയുടെ വ്യത്യസ്ത മേഖലകളിലൊന്നില്‍ പോലും ക്ഷമ കൂടാതെ പറ്റില്ല. കാരണം, ഓരോ പദവിക്കും അതിനോടനുസൃതമായ ഒരു സഹനരീതിയുണ്ടായിരിക്കും.

ശൈഖ് ഇബ്‌നു അജീബ(റ) പറയുന്നു: ക്ഷമ എന്നാല്‍ റബ്ബിന്റെ വിധിയുടെ മേല്‍ ഹൃദയത്തെ തടഞ്ഞുവെക്കലാകുന്നു. അപ്പോള്‍ സാധാരണക്കാരുടെ ക്ഷമ, നിരോധങ്ങള്‍ കൈവെടിയുന്നതിലും ആരാധനകളനുഷ്ഠിക്കുന്നതിലുമുള്ള പ്രയാസങ്ങളുടെ മേല്‍ ഹൃദയത്തെ തടഞ്ഞുവെക്കലാണ്. പ്രത്യേകക്കാരുടെ ക്ഷമയാകട്ടെ, മനസ്സമരങ്ങളുടെയും ആത്മിക പരിശീലനങ്ങളുടെയും മേല്‍ മനസ്സിനെ തടഞ്ഞിടലാകുന്നു. സ്വൂഫികള്‍ക്കുണ്ടാകുന്ന വ്യത്യസ്ത അവസ്ഥകളുടെ മാര്‍ഗപ്രവേശനത്തില്‍ ഗൗരവാവഹമായ കാര്യങ്ങള്‍ അനുവര്‍ത്തിക്കുന്നതില്‍ നിന്നും മനസ്സിനെ തടഞ്ഞുവെക്കണം. ഹൃദയം നിരന്തരദൈവസാന്നിധ്യത്തിലായിരിക്കാനുള്ള നിരീക്ഷണവും ഇതൊന്നിച്ചുണ്ടാകേണ്ടതുണ്ട്.

എന്നാല്‍, അതീവ വിശിഷ്ടരുടെ ക്ഷമ എന്നു വെച്ചാല്‍ ആത്മാവിനെയും രഹസ്യത്തെയും ദിവ്യസാന്നിധ്യങ്ങളുടെയും ദൃക്‌സാക്ഷ്യങ്ങളുടെയും സവിധത്തിങ്കല്‍ തടഞ്ഞുവെക്കലത്രേ; അല്ലെങ്കില്‍ ദിവ്യസാന്നിധ്യത്തില്‍ ചടഞ്ഞുകൂടലും അങ്ങോട്ടുള്ള നിരന്തര ദര്‍ശനവും.

അവസാനമായി സൂചിപ്പിക്കട്ടെ, സത്യസന്ധത, ആത്മാര്‍ത്ഥത, സഹനം എന്നീ മൂന്ന് വിശേഷണങ്ങള്‍ അല്ലാഹുവിങ്കലേക്കുള്ള സഞ്ചാരത്തിന്റെ സ്തംഭങ്ങളത്രേ. തന്റെ സഞ്ചാരവും പ്രയാണവും ഈ സ്തംഭങ്ങളിന്മേലല്ല ഒരാള്‍ പണിയുന്നത് എങ്കില്‍, താന്‍ ലക്ഷ്യവുമായി ബന്ധിതനാണെന്ന് അയാള്‍ അവകാശവാദം ഉന്നയിക്കുമെങ്കിലും ബന്ധവിച്ഛേദിതനായിരിക്കും; പ്രയാണം തുടരുകയാണെന്ന് അവന്‍ പറയുന്നുണ്ടെങ്കിലും യാത്ര സ്തംഭിച്ചുപോയിട്ടുണ്ടാകും.

ആത്മാര്‍ത്ഥതയുടെ യാഥാര്‍ഥ്യം ലക്ഷ്യം ഏകീകരിക്കലാകുന്നു. സത്യസന്ധതയുടെ യാഥാര്‍ഥ്യമാകട്ടെ അന്വേഷണത്തിന്റെ ഏകീകരണമാണ്. ഈ പ്രക്രിയകളില്‍ ക്ഷമയും സഹനവും കൈക്കൊള്ളലാണ് സാക്ഷാല്‍ പൂര്‍ണത.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter