മുഹമ്മദലി ക്ലേ; റിങ്ങിലും പുറത്തും പോരാട്ടം, വിമോചന മാർഗ്ഗമായി ഇസ്‌ലാമും

ബോക്സിങ് റിങ്ങിൽ അനശ്വരമായി തന്റെ പേര് എഴുതി ചേർത്ത ഇതിഹാസ പുരുഷനായിരുന്നു അമേരിക്കയുടെ അഭിമാന താരമായിരുന്ന മുഹമ്മദലി ക്ലേ. ഇടിക്കൂട്ടിലെ രാജാവായി ഏറെക്കാലം വാണ കാഷ്യസ് ക്ലേ എന്ന മുഹമ്മദ് അലി തന്റെ ആദ്യ ഒളിമ്പിക്സ് മെഡല്‍ നേടുന്നത് 1960 ഒക്ടോബര്‍ 29നായിരുന്നു. ബോക്സിങ് എന്ന അപകടകരമായ ഒരു കായിക ഇനത്തെ ജനങ്ങളുടെ ആകർഷണകേന്ദ്രമാക്കി മാറ്റിയതിൽ മുഹമ്മദലിയുടെ കരുത്തുറ്റ പഞ്ചുകൾക്കും നിർണായകമായ പങ്കുണ്ട്. വർണ്ണ വെറിയിൽ മനം മടുത്ത് വിമോചനമായി പരിശുദ്ധ ഇസ്‌ലാമിനെ കണ്ടെത്തിയ ക്ലേ രാഷ്ട്രീയത്തിൽ അമേരിക്കയുടെ സാമ്രാജ്യത്വ വിരുദ്ധ നിലപാടുകൾ കൊണ്ടും എന്നും വ്യത്യസ്തനായി.

ജനനം, ചെറുപ്പകാലം 

അമേരിക്കയിലെ കെന്റകി സ്റ്റേറ്റിൽ ല്യൂസ്വെല്ലി പട്ടണത്തിലെ ഒരു ദരിദ്ര കുടുംബത്തിൽ 1942-ലാണ് കാഷ്യസ് ക്ലേ ജനിച്ചത്. കാഷ്യസ് മാര്‍സലസ് ക്ലേ ജൂനിയർ എന്നാണ് മുഴുവൻ പേര്. കാഷ്യസ് മാര്‍സലസ് ക്ലേ സീനിയർ ആയിരുന്നു ക്ലേയുടെ പിതാവ്. പരസ്യ ബോര്‍ഡ് എഴുതലായിരുന്നു അദ്ദേഹത്തിന്റെ ജോലി. ഒഡേസ ഗ്രേഡി ക്ലേ എന്നായിരുന്നു മാതാവിന്റെ പേര്. തന്റെ ചെറുപ്പകാലത്ത് തന്നെ അമേരിക്കയിലെ വർണവെറിയുടെ ഭീകരത ആവോളം അനുഭവിക്കേണ്ടി വന്നിട്ടുണ്ട് ക്ലേക്ക്. 1954 ൽ കൊളംബിയ ഓഡിറ്റോറിയത്തിൽ നടന്ന ലുയിസ് വില്ലി ഹോം ഷോ കാണാൻ പുറപ്പെട്ടതാണ് ക്ലേയുടെ ജീവിതം മാറ്റി എഴുതിയത്. മടങ്ങിപ്പോകാൻ നേരത്താണ് തന്റെ സൈക്കിൾ നഷ്ടപ്പെട്ട വിവരം ക്ലേ തിരിച്ചറിയുന്നതും തുടർന്ന് ജോ മാർട്ടിൻ എന്ന ജിംനേഷ്യത്തിൽ ബോക്‌സിംഗ് പരിശീലകനായിരുന്ന പോലീസുകാരനോട് പരാതി പറയുന്നതും. സൈക്കിൾ കണ്ടു കിട്ടിയില്ലെങ്കിലും ജിംനേഷ്യത്തിൽ ചേർന്ന് ബോക്‌സിംഗ് പരിശീലിക്കാൻ മാർട്ടിൻ ക്ലേയെ പ്രേരിപ്പിച്ചു. ക്ലേ ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു.

ബോക്സിങ് റിങിലേക്ക്

ബോക്സിങ് റിങ്ങിലെ ചക്രവര്‍ത്തിയായിരുന്ന റോക്കി മാത്സിയാനെ പ്രകീര്‍ത്തിച്ച് റേഡിയോയിലൂടെ കേട്ട ഒരു പരിപാടി ക്യാഷ്യസിന്റെ മനസ്സിൽ ബോക്സിംഗിനെ കൂടുതൽ പ്രിയങ്കരമാക്കി. അങ്ങനെ ബോക്സിങ്ങിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയ ക്ലേ ഒരിക്കലും നിനച്ചിട്ടുണ്ടാവില്ല തന്റെ പേര് ഈ കായിക കലയോട് ചേർന്ന് അനശ്വരമായി നിൽക്കുമെന്ന്.

റെക്കോർഡുകളിലേക്കുള്ള പഞ്ചുകൾ 

18-ആം വയസ്സിൽ തന്നെ 108 അമേച്വർ ബോക്‌സിങ് മത്സരങ്ങൾ പൂർത്തിയാക്കാൻ അദ്ദേഹത്തിന് സാധിച്ചു. കെന്റക്കി ഗോൾഡൻ ഗ്ലൗസ് ടൂർണമെന്റ് കിരീടം ആറുതവണയും നാഷണൽ ഗോൾഡൻ ഗ്ലൗസ് ടൂർണമെന്റ് കിരീടം രണ്ടുതവണയും സ്വന്തമാക്കിയിരുന്നു. 3 തവണ ലോക ഹെവി വെയ്റ്റ് ചാമ്പ്യനായി മാറുന്ന ആദ്യ ഹെവി താരമായി ക്ലേ.

ഇതിഹാസ താരമായി വളർച്ച

ഇടിക്കൂട്ടിലെ മികവ് കണ്ട് ഒളിമ്പിക്സിൽ അമേരിക്കയെ പ്രതിനിധീകരിക്കാൻ അധികം കാത്തിരിക്കേണ്ടി വന്നില്ല. 1960 ലെ റോം ഒളിമ്പിക്സില്‍ സ്വര്‍ണമെഡല്‍ തന്നെ നേടി അദ്ദേഹം വരവറിയിച്ചു. 1964 ല്‍ ആയിരുന്നു ക്ലേയുടെ ആദ്യ കിരീടം. ആ വര്‍ഷം തന്നെ ഇസ്‌ലാം സ്വീകരിച്ചതോടെ ക്ലേ മുഹമ്മദ് അലി ആയി. തുടര്‍ന്ന് 1971 വരെ എതിരാളികളില്ലാതെ റിങ്ങില്‍ ഇടിമുഴക്കം തീർത്തു .1971 ലാണ് അലിക്ക് ആദ്യമായി കാലിടറുന്നത് . ജോ ഫ്രയിസുമായുള്ള മത്സരത്തിലായിരുന്നു ഇത് സംഭവിച്ചത്. തളരാതെ നിന്ന അലി 1974 ല്‍ ജോര്‍ജ് ഫോര്‍മാനെ പരാജയപ്പെടുത്തി ലോക കിരീടം വീണ്ടെടുത്തു . 1975 ല്‍ ഫ്രെയിംസിനെ തന്നെ അലി ഇടിച്ചിട്ട് ലോക താരം താന്‍ തന്നെയെന്ന് തെളിയിച്ചു. 1981 ൽ തന്റ കാലം കഴിഞ്ഞെന്ന് മനസ്സിലാക്കിയ അലി ബോക്സിങ് കരിയർ അവസാനിപ്പിച്ചു. 1984 ല്‍ പാര്‍ക്കിന്‍സണ്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തു .

വർണവെറിക്കെതിരെയുള്ള പോരാട്ടം, വിമോചനമായി ഇസ്‌ലാം 

അദ്ദേഹത്തിന്റെ പോരാട്ടം റിങ്ങിൽ മാത്രം ഒതുങ്ങി നിന്നില്ല. കറുത്തവർഗക്കാർക്കെതിരെയുള്ള വേർതിരിവ് അതിശക്തമായി അമേരിക്കയിൽ നിലനിന്നിരുന്നു. ഈ അനീതികള്‍ക്കെതിരെ അദ്ദേഹം സധൈര്യം പട വെട്ടി . കറുത്തവനായതിനാല്‍ വെള്ളക്കാരന്റെ ഹോട്ടലില്‍ നിന്ന് ഭക്ഷണം നല്‍കാതെ ഇറക്കിവിട്ടപ്പോള്‍ ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ ഒഹിയോ നദിയിലേക്ക് വലിച്ചെറിഞ്ഞായിരുന്നു അസമത്വത്തോടുള്ള തന്റെ പ്രതിഷേധം അദ്ദേഹം പ്രകടിപ്പിച്ചത് . അസമത്വത്തിന്റെ തീച്ചൂളയിൽ നിൽക്കുമ്പോഴാണ് സമത്വസുന്ദരമായ ആശയങ്ങളുള്ള ഇസ്‌ലാം അദ്ദേഹം പരിചയപ്പെടുന്നത്. കറുത്തവർഗക്കാർക്ക് മേൽക്കോയ്മ നൽകുന്ന അമേരിക്കയിൽ സ്ഥാപിതമായ നേഷൻ ഓഫ് ഇസ്ലാം എന്ന സംഘടനയിലാണ് അദ്ദേഹം ആദ്യം എത്തിയത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ എല്ലാവർക്കും തുല്യ പരിഗണന നൽകുന്ന യഥാർത്ഥ ഇസ്‌ലാമിന്റെ ആശയങ്ങളിൽ അദ്ദേഹം എത്തിച്ചേർന്നു.

അമേരിക്കയുടെ സാമ്രാജ്യത്വ നിലപാടുകളോടുള്ള കലഹം

പശ്ചിമേഷ്യൻ രാജ്യമായ വിയ്റ്റ്നാമുമായുള്ള യുദ്ധകാലത്ത് നിരവധി അമേരിക്കൻ പൗരന്മാർക്ക് യുദ്ധത്തിൽ അണിചേരാനുള്ള നിർദ്ദേശം ലഭിച്ചു. എന്നാൽ ഈ നിർദ്ദേശം തള്ളിക്കളയുകയാണ് അദ്ദേഹം ചെയ്തത്. “ഒരു വിയറ്റ്‌നാംകാരന്‍ പോലും എന്നെ കറുത്തവര്‍ഗക്കാരനെന്നു വിളിച്ച് അധിക്ഷേപിച്ചിട്ടില്ല. പിന്നെ എന്തിന് ഞാന്‍ അവര്‍ക്കെതിരെ യുദ്ധം ചെയ്യണം” എന്നാണ് അദ്ദേഹം ചോദിച്ചത്.  ധീരമായ നിലപാടിനെ അദ്ദേഹം നൽകേണ്ടിവന്ന വില നാല് വര്‍ഷം ബോക്സിങ് ലോകത്ത് നിന്നുള്ള വിലക്കായിരുന്നു.

വിരമിക്കലിനു ശേഷം

 റിങ് വിട്ടതിനു ശേഷം അദ്ദേഹം ലോക സമധാനത്തിനായി 15 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു . റിങ്ങിലെ പോരാട്ട കാലത്ത് അമേരിക്കൻ സർക്കാരിൽ നിന്ന് ലഭിച്ച അവഗണന ക്ക് 1996 ല്‍ അറ്റ്‌ലാന്റ് ഒളിംപിക്സില്‍ ദീപ ശിഖ തെളിയിക്കാനുള്ള അവസരം നൽകി അമേരിക്കൻ സർക്കാർ പ്രായശ്ചിത്തം ചെയ്തു. 2005 ൽ യു എസ് സിവിലിയൻ പുരസ്കാരമായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നേടുകയും ചെയ്തു. തന്റെ കായിക സാമൂഹിക-രാഷ്ട്രീയ വലിയ പോരാട്ടങ്ങൾ കൊണ്ട് അമേരിക്കൻ ജനതക്കിടയിൽ തന്റേതായ കയ്യൊപ്പ് ചാർത്തിയ മുഹമ്മദലി ക്ലേ 2016 ന് ശ്വാസകോശ രോഗ ബാധയെ തുടര്‍ന്ന് ലോകത്തോട് വിടപറഞ്ഞു . തന്റെ ജീവിതം എന്നും ഓർമ്മിക്കപ്പെടാൻ അദ്ദേഹം ഒരു ആത്മകഥ രചിച്ചിട്ടുണ്ട് “ദി ഗ്രേറ്റസ്റ്റ്: മൈ ഓണ്‍ സ്റ്റോറി എന്നാണതിന്റെ പേര്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter