ബൈത്തുല്‍ ഹിക്മ: അറബ് ലോകത്തെ വിദ്യാഭ്യാസ വിപ്ലവകേന്ദ്രം

 

ഇസ്‌ലാമിക ലോകത്ത് അഭൂതപൂര്‍വമായ വൈജ്ഞാനിക മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ ഗ്രന്ഥശാലയും ഗവേഷണ കേന്ദ്രവുമായിരുന്നു ബൈത്തുല്‍ ഹിക്മ. ബാഗ്ദാദിലെ ഗ്രാന്‍റ് ലൈബ്രറി എന്നും അബ്ബാസികളുടെ പബ്ലിക്ക് അക്കാദമിക കേന്ദ്രമെന്നും ഇതറിയപ്പെടുന്നു. ഇസ്‌ലാമിക ഖിലാഫത്തിന്‍റെ സുവര്‍ണ കാലഘട്ടത്തില്‍ വലിയ സ്വാധീനം ചെലുത്തിയ ബൈത്തുല്‍ ഹിക്മ യൂറോപ്യര്‍ക്കിടയില്‍ ഹൗസ് ഓഫ് വിസ്ഡം എന്നാണ് അറിയപ്പെടുന്നത്. അബ്ബാസികളുടെ തകര്‍ച്ചമൂലം ബൈത്തുല്‍ ഹിക്മയുടെ ഭൗതികമായ പല അറിവുകളും കൈമോശം വന്നു. ഗ്രന്ഥങ്ങള്‍ രചിക്കാനായി പലരും ഈ കേന്ദ്രമാണ് വിജ്ഞാന സ്രോതസായി തെരഞ്ഞടുത്തരുന്നത്. അബൂ ജഅ്ഫര്‍ അല്‍ മന്‍സൂറിന്‍റെ കാലത്ത് ഇതൊരു കവിത സമാഹരങ്ങളുടെ കേന്ദ്രം മാത്രമായിരുന്നു. പിന്നീട് എട്ടാം നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ ഖലീഫ ഹാറൂന്‍ റഷീദിന്‍റെ ഗ്രന്ഥശാല എന്ന നിലയിലേക്ക് മാറി. പിന്നീട് മഅ്മൂന്‍റെ ഭരണക്കാലത്ത് പബ്ലിക്ക് ലൈബ്രറിയായി മാറിയ ബൈത്തുല്‍ ഹിക്മ സര്‍വ ഗ്രന്ഥങ്ങളുടെയും വലിയ ശേഖരം തന്നെ കാഴ്ച്ചവെച്ചു.

ക്രി.1258ല്‍ മംഗോളിയര്‍ നടത്തിയ ബാഗ്ദാദ് ഉപരോധത്തില്‍ അതിലെ പലതും നശിച്ച് പോവുകയും അത് ലൈബ്രറിയുടെ ഉള്ളടക്കത്തെ തന്നെ മുഴുവനായി മാറ്റിയെഴുതുകയും ചെയ്തു. അതു കൊണ്ടു തന്നെ ലൈബ്രറിയുടെ തെളിവുകളുടെ വഴിയില്‍ കുറച്ചു മാത്രമെ അവശേഷിക്കുന്നുള്ളൂ. അത്തരം അറിവുകള്‍ തന്നെ അന്നത്തെ സമകാലികരായ പണ്ഡിതരുടെ സൃഷ്ടികളില്‍ നിന്നാണ് ലഭിച്ചിട്ടുള്ളത്. 

ഗ്രീക്ക്, സിറിയക്ക് ഭാഷകളില്‍ നിന്ന് അറബിയിലേക്ക് കൃതികള്‍ വിവര്‍ത്തനം ചെയ്തപ്പോള്‍ ഒരു വിവര്‍ത്തന പ്രസ്ഥാനത്തിന്‍റെ ഭാഗമായാണ് ബൈത്തുല്‍ ഹിക്മ നിലനിന്നിരുന്നത്. അന്ന് ബൈത്തുല്‍ ഹിക്മയെ പോലെ മറ്റൊരു പരിഭാഷ കേന്ദ്രം എവിടെയുമുണ്ടായിരുന്നില്ല. കൈറോയിലും ഡമസ്ക്കസിലും ഇങ്ങനെയുള്ള ഒരു ശ്രമം നടന്നിരുന്നു. ഈ വിവര്‍ത്തന പ്രസ്ഥാനം ഇസ്‌ലാമിക ലോകത്ത് നടക്കുന്ന ആഴത്തിലുള്ള ഗവേഷണങ്ങള്‍ക്ക് വഴിയൊരുക്കി. അങ്ങനെ മുസ്‌ലിം പണ്ഡിതര്‍ ഗ്രീക്ക്, പേര്‍ഷ്യ, ഇന്ത്യന്‍ സ്രോതസ്സുകളില്‍ നിന്നുള്ള അറിവുകളെ അറബി ഭാഷയിലേക്ക് തര്‍ജമ ചെയ്തു.

അബ്ബാസി ഖിലാഫത്തിന്‍റെ തലസ്ഥാനമെന്ന കാരണത്താല്‍ അറബ്, പേര്‍ഷ്യന്‍, ഇസ്‌ലാമിക ലോകത്തുള്ള ധാരാളം പണ്ഡിതന്മാര്‍ ബാഗ്ദാദിലേക്ക് സ്ഥിരമായി ഒഴുകിയെത്തിയിരുന്നു. എട്ടാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനുമിടയില്‍ ബാഗ്ദാദില്‍ പഠിച്ചതായി അറിയപ്പെടുന്ന പണ്ഡിതന്മാരായ അല്‍ ജാഹിള്, അല്‍ കിന്ദി, ഇമാം ഗസ്സാലി തുടങ്ങിയവര്‍ ഇതിന് തെളിവുകളാണ്. ഇവരെല്ലാം പല രീതിയിലും  ബാഗ്ദാദില്‍ ശ്രദ്ധേയമായ ധാരാളം കൃതികള്‍ രചിച്ചു. തത്വചിന്ത, ഗണിതം, വൈദ്യം, ജ്യോതി ശാസ്ത്രം, ഒപ്റ്റിക്സ് എന്നിവയിലും അവഗാഹമുള്ള പണ്ഡിതന്മാരെ ബൈത്തുല്‍ ഹിക്മ സമൂഹത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. ലൈബ്രറിയുടെ ആദ്യകാല നാമം ഖിസാനത്തുല്‍ ഹിക്മ (ജ്ഞാഞ സ്രോതസ്സ്) എന്നായിരുന്നു. കാരണം ഈ പറഞ്ഞ മേഖലക്കുമപ്പുറം അപൂര്‍വ പുസ്തകങ്ങളുടെയും കവിതകളുടെയും സംരക്ഷണത്തിനുള്ള സ്ഥലമെന്ന നിലയില്‍ ലൈബ്രറിയുടെ വിശാലമായ ഉള്ളടക്കത്തെ സൂചിപ്പിക്കാനായിരുന്നു അങ്ങനെയൊരു നാമകരണം.

തുടക്കം

ആദ്യ കാല ശാസ്ത്ര കയ്യെഴുത്ത് കൃതികള്‍ തുടങ്ങിയത് അബ്ബാസി ഭരണ കാലത്തായിരുന്നു. നാലു മുതല്‍ ഏഴു വരെയുള്ള നൂറ്റാണ്ടുകളിലുടനീളം അറബി ഭാഷകളിലെ പണ്ഡിതോചിതമായ പ്രവര്‍ത്തനങ്ങള്‍ പുതുതായി ആരംഭിച്ചതോ അല്ലെങ്കില്‍ ഹെല്ലെന്‍സിക്ക് കാലഘട്ടം മുതല്‍ നടന്നതോ ആയിരുന്നു. ക്ലാസിക്കല്‍ വിജ്ഞാനത്തിന്‍റെ പഠന, പ്രക്ഷേപണ കേന്ദ്രങ്ങളില്‍ സ്കൂള്‍ ഓഫ് നിസിബസ്, പിന്നീട് സ്കൂള്‍ ഓഫ് എഡെസ്സെ, ജന്‍ഡസ്പൂരിലെ പ്രശസ്ത ആശൂപത്രി മെഡിക്കല്‍ അക്കാദമി എന്നിവ ഉള്‍പ്പെടുന്നു. ലൈബ്രറികളില്‍ അലക്സാണ്ട്രിയ ലൈബ്രറി, കോണ്‍സ്റ്റാന്‍റിനോപ്പിളിന്‍റെ ഇംപീരിയല്‍ ലൈബ്രറി എന്നിവ ഉള്‍പ്പെടുന്നു. മറ്റ് വിവര്‍ത്തന പഠന കേന്ദ്രങ്ങളായ മര്‍വ്, സിലോണിക്ക, നിഷാപൂര്‍, സ്റ്റെസിഫോണ്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങളും ചരിത്രം രേഖപ്പെടുത്തുന്നുണ്ട്.

*ഉമവി കാലഘട്ടത്തില്‍* പ്രഥമ ഖലീഫ മുആവിയത്തു ബ്നു അബീ സുഫിയാന്‍ പുസ്തകങ്ങളുടെ ശേഖരത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന് ഇതിനായി അദ്ദേഹം ഒരു ലൈബ്രറി നിര്‍മിച്ചു. വൈദ്യശാസ്ത്രം, രസതന്ത്രം, ഭൗതിക ശസ്ത്രം, ഗണിതം, ജ്യോതി ശാസ്ത്രം എന്നിവയിലും മറ്റു മേഖലകളിലും മുസ്‌ലിം പണ്ഡിതന്മാര്‍ പഠനം നടത്തി. അക്കാലത്തെ പണ്ഡിതന്മാര്‍ ശാസ്ത്ര മേഖലകളില്‍ രചിച്ച ഗ്രന്ഥങ്ങള്‍ ഇന്നും ഇസ്‌ലാമിക ലോകത്ത് ലഭ്യമാണ്. അവര്‍ക്ക് അക്കാലത്ത് ലഭ്യമായ ഗ്രീക്ക്, ലാറ്റിന്‍, പേര്‍ഷ്യന്‍ ഭാഷകളില്‍ രചിച്ച ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് തര്‍ജമ ചെയ്യുകയും പുതിയ അറിവുകള്‍ വികസിപ്പിക്കുകയും ചെയ്തിരുന്നു. ഇതാണ് അറേബ്യന്‍  മുസ്‌ലിം സാമ്രാജ്യത്തിന്‍റെ അറിവിലുള്ള അഭിവൃദ്ധിക്ക് കാരണമായത്.

750ല്‍ ഉമവി ഭരണകൂടത്തെ ഉന്മൂലനം ചെയ്ത് അബ്ബാസി ഖിലാഫത്ത് ഇസ്‌ലാമിക സാമ്രാജ്യത്തിന്‍റെ രാജ വംശമായി മാറി. 762ല്‍ ഖലീഫ അബൂ ജഅ്ഫര്‍ മന്‍സൂര്‍(754-775)  ബാഗ്ദാദ് നിര്‍മിക്കുകയും ഡമസ്കസിന് പകരം തലസ്ഥാനമാക്കുകയും ചെയ്തു. തലസ്ഥാനമെന്ന സ്ഥാനവും കോസ്മോപൊളിറ്റന്‍ ജനസംഖ്യയും ബാഗ്ദാദിനെ ഒരു വാണിജ്യ ഭൗതിക കേന്ദ്രമെന്ന സ്ഥാനത്തിന് അനുയോജ്യമാക്കി. അബ്ബാസി ഖിലാഫത്തിന് ശക്തമായ പേര്‍ഷ്യന്‍ സാമ്യതകള്‍ ഉണ്ടായിരുന്നു. സാസാനികളില്‍ നിന്ന് പല രീതികളും അവര്‍ സ്വീകരിച്ചിരുന്നു. അവയില്‍ വിദേശ കൃതികള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യുന്നതും ഉള്‍പ്പെടുന്നു. ഇതിനായി മന്‍സൂര്‍ സാസാനിയന്‍ ഇംപീരിയല്‍ ലൈബ്രറി മാതൃകയില്‍ ഒരു ലൈബ്രറി സ്ഥാപിക്കുകയും അവിടെ ജോലി ചെയ്തിരുന്ന പണ്ഡിതര്‍ക്കും ബുദ്ധിജീവികള്‍ക്കും സാമ്പത്തികവും രാഷ്ട്രീയവുമായ പിന്തുണ നല്‍കുകയും ചെയ്തു. ജ്യോതിശാസ്ത്രത്തിലും ഗണിത ശാസ്ത്രത്തിലുമുള്ള പുതിയ അറിവുകള്‍ പകര്‍ന്ന് നല്‍കാന്‍ വേണ്ടി   ഇന്ത്യയില്‍ നിന്നും മറ്റു നാടുകളില്‍ നിന്നുമുളള ധാരാളം പ്രതിനിധികളെ അദ്ദേഹം ബാഗ്ദാദിലേക്ക് ക്ഷണിച്ചിരുന്നു.

അബ്ബാസി കാലഘട്ടത്തില്‍ ഗ്രീക്ക്, ചൈനീസ്, സംസ്കൃതം, പേര്‍ഷ്യന്‍, സിറിയക്ക് എന്നിവയില്‍ നിന്ന് നിരവധി വിദേശ കൃതികള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. തന്‍റെ മുന്‍ഗാമിയെപ്പോലെ കവിതയിലും വ്യക്തിപരമായി താല്‍പ്പര്യമുള്ള ഖലീഫ ഹാറൂന്‍ റഷീദിന്‍റെ കാലഘട്ടത്തില്‍ വിവര്‍ത്തന പ്രസ്ഥാനം വളരെയധികം ശക്തിപ്രാപിച്ചു. ആദ്യഘട്ടത്തില്‍ വൈദ്യശാസ്ത്രം, ഗണിതം, ജ്യോതിശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട പഠനങ്ങളായിരുന്നു പുറത്തിറങ്ങിയിരുന്നത്. അതിന് ശേഷം തത്വചിന്തയും ഇടതടവില്ലാതെ പുറത്തു വന്നു. ഹാറൂന്‍ റഷീദ് സ്ഥാപിച്ച ലൈബ്രറിയാണ് ബൈത്തുല്‍ ഹിക്മ എന്നറിയപ്പെടുന്നത്. ചരിത്രകാരനായ അല്‍ കിഫ്തിയാണ് ഖിസാനത്തുല്‍ കുത്തുബ്, കുതുബുല്‍ ഹിക്മ എന്നീ പേരുകളെ പരിചയപ്പെടുത്തിയത്. 

ഖലീഫ മഅ്മൂന്‍റെ ഭരണകാലത്ത് ബൈത്തുല്‍ ഹിക്മക്ക് ഭരണകൂടത്തിന്‍റെ അര്‍ഹമായ പിന്തുണ ലഭിച്ചതോടെ സര്‍വ ബുദ്ധിജീവികളുടെയും കേന്ദ്രമായി അത് മാറി. ഇതിനൊക്കെ പുറമെ അബ്ബാസി സമൂഹം അറിവിന്‍റെ മൂല്യം മനസ്സിലാക്കുകയും അര്‍ഹമായ വില നല്‍കുകയും ചെയ്തു. പണ്ഡിതന്മാര്‍ക്കും പരിഭാഷകര്‍ക്കും ഒരു ഉപജീവനമാര്‍ഗം ലഭ്യമാകുകയും അക്കാദമിക ജീവിതം ഒരു അഭിമാനചിഹ്നമായി മാറുകയും ചെയ്തു. പലരും ഗ്രന്ഥങ്ങള്‍ക്ക് സമ്പത്തിനേക്കാള്‍ മൂല്യം നല്‍കി. അബ്ബാസികളും ബൈസന്‍റൈന്‍ സാമ്രാജ്യവും തമ്മിലുള്ള യുദ്ധത്തിനു ശേഷം ഖലീഫ മഅ്മൂന്‍ ടോളമിയുടെ അല്‍ മാഗെസ്റ്റ് എന്ന ലൈബ്രറിയിലെ പുസ്തകങ്ങള്‍ യുദ്ധങ്ങള്‍ക്കിടയിലുള്ള സന്ധിയുടെ വ്യവസ്ഥയായി അംഗീകരിച്ചത് വിജ്ഞാനത്തിനും ഗ്രന്ഥങ്ങള്‍ക്കും ഖലീഫ നല്‍കിയ പ്രാധാന്യത്തെ കുറിക്കുന്നതാണ്. പ്രധാന നിര്‍മാണ പദ്ധതികളിലെ എഞ്ചിനീയര്‍മാരും ആര്‍ക്കിടെക്റ്റുകളുമായി ബൈത്തുല്‍ ഹിക്മയിലെ പണ്ഡിതര്‍ നാള്‍ക്കു നാള്‍ ഉയർന്ന് വന്നു. 

മഅ്മൂന്‍ ജ്ഞാനസഭയുടെ ദൈനം ദിന ജീവതത്തില്‍ വ്യക്തിപരമായി തന്നെ ഇടപ്പെട്ടിരുന്നു. പതിവായി തന്‍റെ പണ്ഡിതന്മാരെ പതിവായി സന്ദര്‍ശിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്യുമായിരുന്നു. അതുപോലെ തന്നെ അദ്ദേഹം സംവാദങ്ങളില്‍ ഏര്‍പ്പെടാറുണ്ടായിരുന്നു. അരിസ്റ്റോട്ടിലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മഅമൂന്‍ പല വിദഗ്ദര്‍ക്കിടയിലും പതിവായി ചര്‍ച്ച സെഷനുകളും സെമിനാറുകളും ആരംഭിച്ചിരുന്നു. അതുപോലെ തന്നെ പല പണ്ഡിതര്‍ക്കിടയിലും ഗവേഷണ പദ്ധതികള്‍ അദ്ദേഹം നടപ്പാക്കിയിരുന്നു. 

മംഗോളിയരുടെ അക്രമണം

1258 ഫെബ്രുവരി 13ന് മംഗോളിയക്കാര്‍ ബാഗ്ദാദില്‍ പ്രവേശിച്ചു. ബാഗ്ദാദിലെ മറ്റു ലൈബ്രറികളെപ്പോലെ തന്നെ ഹുലാഖു ഖാനും സൈന്യവും ബൈത്തുല്‍ ഹിക്മയും നശിപ്പിച്ചു. ബാഗ്ദാദിലെ ഗ്രന്ഥങ്ങളെല്ലാം പുഴയിലേക്ക് വലച്ചെറിയപ്പെട്ടു. പുസ്തകങ്ങളിലെ മഷി കാരണത്താല്‍ പുഴ കറുത്തു പോയെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നുണ്ട്. നാല്‍പ്പത് കയ്യെഴുത്ത് പ്രതികള്‍ അതില്‍ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. 

പ്രധാന പ്രവര്‍ത്തനങ്ങള്‍

ശാസ്ത്രജ്ഞരുടെയും അക്കാദമിക് വിദഗ്ദരുടെയും ഒരു സമൂഹം, ഒരു വിവര്‍ത്തന വകുപ്പ് നൂറ്റാണ്ടുകളായി അബ്ബാസികള്‍ നേടിയ അറിവ് സംരക്ഷിക്കുന്ന ലൈബ്രറി എന്നിവ ഉള്‍പ്പെട്ടതാണ് ബൈത്തുല്‍ ഹിക്മ. ആധുനിക കണ്ടെത്തലുകളുടെ മാതൃകകളും അതിനെക്കുറിച്ച് അവര്‍ പഠിച്ചു. ശാസ്ത്രീയമായ വന്‍ കണ്ടെത്തലുകള്‍ കാഴ്ച്ചവെച്ച പല പ്രതിഭാശാലികളും അവ അടസ്ഥാനമാക്കിയത് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകളില്‍ നിന്നായിരുന്നു. മഅ്മൂന്‍റെ ഭരണകാലത്ത് ഗ്രീക്ക് ദര്‍ശനങ്ങളെയും ശാസ്ത്ര കണ്ടെത്തലുകളെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. അതുപോലെ തന്നെ ബൈസന്‍റൈന്‍ സാമ്രാജ്യത്തെ പ്രതിരോധിക്കാനാവശ്യമായ പല ഗ്രന്ഥങ്ങളും അദ്ദേഹം ബൈത്തുല്‍ ഹിക്മയില്‍ നിന്ന് ഉല്‍പ്പാദിപ്പിച്ചു. പല ഗ്രന്ഥങ്ങളും പുറത്തിറക്കിയത് ബുദ്ധിജീവികളുടെയും പണ്ഡിതന്മാരുടെയും സഹായത്താലാണ്. മുസ്‌ലിം പണ്ഡിതന്മാര്‍  കാലങ്ങളായി കൈമാറി വന്നിരുന്ന ജ്യോതി ശാസ്ത്രത്തിലെ പല അറിവുകളും നേടിയെടുത്തു. 

ഈസ്റ്റണ്‍ ഓറിയന്‍റല്‍ സിറിയക്ക് ക്രിസ്ത്യന്‍ പണ്ഡിതന്മാരുടെ എല്ലാ ഗ്രന്ഥങ്ങളും അറബിയിലേക്ക് പരിഭാഷ ചെയ്തു. അരിസ്റ്റോട്ടിലിന്‍റെ ഗ്രന്ഥങ്ങളെ വിവര്‍ത്തനം ചെയ്തായിരുന്നു വിവര്‍ത്തന പ്രസ്ഥാനം തുടക്കം കുറിച്ചത്. അതിന് തുടര്‍ച്ചയായിട്ട് അവര്‍ ശാസ്ത്രത്തിലെ ഗ്രന്ഥങ്ങളും തര്‍ജമ ചെയ്തു. മഅ്മൂന്‍റെ കാലഘട്ടത്തിലായിരുന്നു വിവര്‍ത്തന പ്രസ്ഥാനം ശക്തിയാര്‍ജിച്ചത്. പൈതഗോറസ്, പ്ലാറ്റോ, അരിസ്റ്റോട്ടില്‍, ഹിപ്പ്രോക്രാറ്റസ്, യൂക്ലിഡ്, പ്ലോട്ടിനസ്, ഗാലന്‍, സുശ്രുതന്‍, ചരക, ആര്യഭട്ട, ബ്രഹ്മപ്രുത്തന്‍ എന്നിവരുടെ ഗ്രന്ഥങ്ങളാണ് പൊതുവിലും വിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നത്. പല ഗ്രന്ഥങ്ങളും അറബിയിലേക്ക് തര്‍ജമ ചെയ്തപ്പോള്‍ പലതിന്‍റെയും പേരുകള്‍ മാറി. അതിനുദാഹരണമാണ് ടോളമിയുടെ മാഗെസ്റ്റിന്‍റെ പേര് അറബിയില്‍ പരിഷ്ക്കരിച്ച് മെഗേല്‍ സിന്‍റാക്സിസ് എന്നറിയപ്പെട്ടു.

സംഭാവനകള്‍

മെക്കാനിക്കല്‍ ഉപകരണങ്ങളെക്കുറിച്ചുള്ള അഹമദ് ബ്നു മൂസ ബ്നു ശാക്കിറിന്‍റെ പ്രബന്ധത്തില്‍ സ്വയം ട്രിമ്മിംഗ് വിളക്ക് രൂപരേഖ കാണിക്കുന്നുണ്ട്.

അല്‍ ഇദ്രീസിയുടെ ലോക ഭൂപടം

മുഹമ്മദ് ബ്നു മൂസ അല്‍ ഖവാരിസ്മി രചിച്ച കിതാബുല്‍ അല്‍ ജബറാണ് അള്‍ജിബ്രയെ ഗണിത ലോകത്തിന് ആദ്യമായി പരിചയപ്പെടുത്തിയത്, യൂറോപ്യര്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കിയ വ്യക്തിയാണ്.

അബൂ യൂസുഫ് യഅ്ക്കൂബു ബ്നു ഇസ്ഹാഖ് അല്‍ കിന്ദി ചരിത്രക്കാരന്‍, ഗണിത ശാസത്രജ്ഞന്‍, തത്വചിന്തകന്‍ എന്നീ നിലകളിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അരിസ്റ്റോട്ടില്‍ രണ്ടാമന്‍ എന്നാണ് അദ്ദേഹം ഇസ്‌ലാമിക ലോകത്ത് അറിയപ്പെടുന്നത്. 

മൂസ ബ്നു ശാക്കിര്‍, ഹാറൂന്‍ റശീദിന്‍റെ മകന്‍ മഅ്മൂന്‍റെ സുഹൃത്തായിരുന്നു. ജ്യോതി ശാസ്ത്രജ്ഞനാണ്. ഇദ്ദേഹത്തിന്‍റെ മക്കളും ശാസ്ത്രജ്ഞരുമായ മുഹമ്മദും അഹ്മദും ബനൂ മുസ ബ്രദേഴ്സ് എന്നാണ് യൂറോപ്യര്‍ക്കിടയില്‍ അറിയപ്പെടുന്നത്. 

ഇബ്നു ഹൈഥം, ഒപ്റ്റിക്സിന്‍റെ പിതാവായി അറിയപ്പെടുന്നു. കിത്താബുല്‍ മനാളിര്‍ എന്ന ഉന്നത ഗ്രന്ഥത്തിന്‍റെ രചയിതാവണിദ്ദേഹം.

ഇമാം ഗസ്സാലി, ഇസ്ലാമിക ലോകത്തെ എണ്ണപ്പെടുന്ന ഒരു തത്വചിന്തകനാണ്. ഇഹ്യാഉല്‍ ഉലൂമുദ്ധീന്‍, തഹാഫതുല്‍ ഫലാസിഫ എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവ്.

മസ്ലമ അല്‍ മുര്‍ജിതി, അറബ് ലോകത്ത് അറിയപ്പെട്ട ഗണിത ശാസ്ത്രജ്ഞനാണ്. ധരാളം ഗ്രീക്ക് ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

സഹ്ലുബ്നു ഹാറൂന്‍, തത്വചിന്തകന്‍

യഹ് യ ബ്നു ബാത്രിക്ക്, വിവര്‍ത്തനം, തത്വചിന്ത എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചു.

അല്‍ ജാഹിള്, ജീവശാസ്ത്രജ്ഞനാണ്. കിതാബുല്‍ ഹയവാനിന്‍റെ രചയിതാവ് കൂടിയാണ്.

ജാബിറുബ്നുഹയ്യാന്‍, രസതന്ത്രത്തിന്‍റെ പിതാവ് എന്ന് അറിയപ്പെടുന്നു.

ഉമര്‍ ഖയ്യാം, പേര്‍ഷ്യന്‍ കവിയാണ്. ഗണിതം, ജ്യോതി ശാസ്ത്രം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

 

മറ്റു വിജ്ഞാനത്തിന്‍റെ കേന്ദ്രങ്ങള്‍

ദാറുല്‍ ഹിക്മ, കൈറോയിലാണ് സ്ഥിതിചെയ്തിരുന്നത്. ഫാത്തിമി ഖലീഫ അല്‍ ഹകം ബിന്‍ അംറുല്ലയാണ്  1004ല്‍ സ്ഥാപിച്ചത്. ഇവിടെ ധരാളം ഗ്രന്ഥങ്ങളുള്ള ലൈബ്രറിയുണ്ട്.

ഹംദര്‍ദ് യൂണിവേഴ്സിറ്റിയിലെ ലൈബ്രറി, പാക്കിസ്ഥാനിലാണ് സ്ഥിതിചെയ്യുന്നത്. പാക്കിസ്ഥാനിലെ ബൈത്തുല്‍ ഹിക്മ എന്ന് അറിയപ്പെടുന്നു.

അലക്സാൻഡ്രിയയിലെ റോയല്‍ ലൈബ്രറി, ഈജിപ്തിലാണ് സ്ഥിതിച്ചെയ്യുന്നത്. ഇത് ലോകത്തിലെ ഏറ്റവും വലിയ ലൈബ്രറിയായി കണക്കാക്കുന്നു. ഇവിടെത്തെ നാല്‍പത് ലക്ഷത്തിലധികം ഗ്രന്ഥങ്ങള്‍ അഗ്നിക്കിരയാക്കിയിട്ടുണ്ട്.ഇംപീരിയല്‍ ലൈബ്രറി, തുര്‍ക്കിയിലാണ് സ്ഥിതിച്ചെയ്യുന്നത്. ഒട്ടോമന്‍ കാലഘട്ടത്തില്‍ ഈ ലൈബ്രറിയില്‍ ധാരാളം പഠനങ്ങള്‍ നടന്നിട്ടുണ്ട്.

സ്കൂള്‍ ഓഫ് നിസിബസ്, 350ല്‍ കണ്ടെത്തി. ഇന്നത്തെ തുര്‍ക്കിയിലാണ് സ്ഥിതിചെയ്തിരുന്നത്.

ഇതിന് പുറമെ ഗ്രാനഡ, ഫെസ്, സമര്‍ക്കന്‍ദ്, ഉസ്ബക്കിസ്ഥാന്‍, മൊറോക്കോ, ഫ്രാന്‍സിലൊക്കെ ഇതു പോലെ  പ്രശസ്തമായ പഠനങ്ങള്‍ നടത്തുന്ന ധാരാളം ഗ്രന്ഥശാലകളുണ്ടായിരുന്നു.

 

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter