അറബി വ്യാകരണ ശാസ്ത്രം: ഉൽഭവവും വളർച്ചയും ഭാഗം 1

ഭാഷകൾ ജനിക്കുന്നത് നിയമങ്ങൾക്ക് വഴങ്ങിയല്ല. എന്നാൽ ഓരോ ഭാഷയ്ക്കും സ്വന്തമായ നിയമസംഹിതയും ചട്ടക്കൂടുമുണ്ട്. അവയ്ക്ക് വഴങ്ങിയും വിധേയപ്പെട്ടും മാത്രമേ ഭാഷകൾക്ക് നിലനിൽക്കാനും വളരാനും വികസിക്കാനും സാധിക്കൂ.

അതിൽ പ്രഥമസ്ഥാനം വ്യാകരണ നിയമങ്ങൾക്കാണ്. ഭാഷയുടെ സംരക്ഷണവും സ്വാഭാവിക നിലനിൽപ്പും ഉറപ്പുവരുത്തുന്ന പ്രധാന ഘടകവും വ്യാകരണമാണ്. ഒരു ഭാഷ വ്യത്യസ്ത ദേശക്കാരും തലമുറകളും ഉപയോഗിക്കുമ്പോൾ അതിന്റെ തനിമയും മൗലികതയും നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതിലും വ്യാകരണ നിയമങ്ങൾക്ക് പ്രധാന പങ്കുണ്ട്.

എന്താണ് വ്യാകരണം?

ഒരു ഭാഷയുടെ ഘടനാപരവും പ്രയോഗപരവുമായ നിയമങ്ങളുടെ ആകെ തുകയാണ് ആ ഭാഷയുടെ വ്യാകരണമെന്നാണ് മലയാളം വിക്കിപീഡിയ വിശദീകരിക്കുന്നത്. ഭാഷയെ സമഗ്രമായി അപഗ്രഥിച്ച്, അതിന്റെ ഘടകങ്ങളെയും അവയെ നിയന്ത്രിക്കുന്ന നിയമങ്ങളെയും കണ്ടെത്തി ക്രോഡീകരിച്ചിരിക്കുന്ന ശാസ്ത്രമാണ് വ്യാകരണം. ഭാരതത്തിൽ വേദാംഗങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന ആറ് ശാസ്ത്രങ്ങളിൽ ഒന്നാണത്രെ വ്യാകരണം. (wikipedia യിൽ വ്യാകരണം എന്ന ഭാഗം കാണുക)

ചരിത്രം :

ലോക ഭാഷകളിൽ പലതിനും നൂറ്റാണ്ടുകളുടെ പാരമ്പര്യം  അവകാശപ്പെടാനുണ്ടെങ്കിലും അവയുടെ വ്യാകരണ നിയമങ്ങൾക്ക് അത്ര തന്നെ പഴക്കമില്ല. പരമാവധി ബി സി ആറാം നൂറ്റാണ്ട് വരെയുള്ള കാലപ്പഴക്കമേ വ്യാകരണങ്ങൾക്ക് ചരിത്രകാരൻമാർ കൽപ്പിക്കുന്നുള്ളു.

ഇന്ത്യയിൽ ആദ്യത്തെ വ്യാകരണ രൂപങ്ങൾ ഇരുമ്പു യുഗത്തിലാണ് (ബി സി 1200 - 300 ) ആവിർഭവിച്ചത്. പടിഞ്ഞാറൻ രാജ്യങ്ങളിൽ ബി സി മൂന്നാം നൂറ്റാണ്ടിലും. നിലവിലുള്ള ഏറ്റവും പഴയ വ്യാകരണഗ്രന്ഥം ആർട് ഓഫ് ഗ്രാമർ (Art of Grammar ) ആണ്. ഇത് ഡയോണൈഷ്യസ് ത്രാക്സ് എന്നയാൾ ബി സി 100 ൽ രചിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു.

അറബിയിൽ:

ലോകത്തെ ഏറ്റവും പുരാതനമായ ഭാഷകളിലൊന്നാണ് അറബി ഭാഷ. സെമിറ്റിക് ഭാഷകളിലൊന്നായി ഗണിക്കപ്പെടുന്ന (പ്രവാചകനായിരുന്ന  നൂഹി ( അ ) ന്റെ മൂന്ന് മക്കളിൽ ഒരാളായ സാം ബിൻ നൂഹിന്റെ വംശപരമ്പരിയിൽ വന്ന ഭാഷകളാണ് സെമിറ്റിക് എന്ന പേരിൽ അറിയപ്പെടുന്നത്.) അറബി ഭാഷയുടെ ഉൽഭവവും വളർച്ചയും സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ചരിത്രം നൽകുന്നില്ല. ആദിമ മനുഷ്യനായ ആദം നബി( അ ) അറബി ഭാഷ സംസാരിച്ചിരുന്നുവെന്ന് വാദമുണ്ടെങ്കിലും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ഇബ്റാഹീം നബിയുടെ പുത്രൻ ഇസ്മായീൽ നബിയാണ് ആദ്യമായി അറബി ഭാഷ സംസാരിച്ച പ്രവാചകനെന്ന വാദം പൊതുവേ  അംഗീകരിക്കപ്പെടുന്നുണ്ട്. പിതാവ്, കൊച്ചു കുഞ്ഞായിരുന്ന ഇസ്മായീലിനെയും മാതാവ് ഹാജറിനേയും വിജനമായ മക്കയിൽ ഉപേക്ഷിച്ചു പോയ ശേഷം അവർ മക്കയുടെ പരിസരങ്ങളിൽ അന്ന് വസിച്ചിരുന്ന ജുർഹും ഗോത്രക്കാരുമായി സമ്പർക്കപ്പെടുകയും അവരുടെ ഭാഷയായ അറബി പഠിക്കുകയും തന്റെ മക്കൾക്ക് പഠിപ്പിച്ചു കൊടുക്കുകയും ചെയ്തതായി പറയപ്പെടുന്നു. ( Arab Encyclopedia - ജുർഹും വിവരണം കാണുക)

ഈ ജുർ ഹും എന്ന പേരിൽ തന്നെ ഒന്നിലധികം ഗോത്രങ്ങൾ കഴിഞ്ഞു പോയിട്ടുണ്ട്. അതിൽ ഇസ്മാഈൽ നബിയുടെ കാലത്ത് മക്കയിൽ ജീവിച്ചിരുന്ന ജുർഹും യമനിൽ നിന്ന് മക്കയിൽ കുടിയേറിപ്പാർത്ത ഹിംയർ വിഭാഗക്കാരിൽ നിന്നുള്ളവരാണെന്നാണ് ചില ചരിത്രകാരൻമാർ വ്യക്തമാക്കുന്നത്. ഇസ്മാഈൽ സന്തതികളിൽ പെട്ട അദ്നാൻ എന്നയാളിലൂടെയാണ് ഖുറൈശി ഗോത്രം രൂപം കൊള്ളുന്നത്. അന്ത്യപ്രവാചകന്റെ ഇരുപതാമത്തെ പിതാവായി ഈ അദ്നാൻ എന്നവരെ നാം കണ്ടെത്തുന്നു. അവിടെ നിന്ന് ഏതാനും തലമുറകൾ മുന്നോട്ടു പോയാൽ ഇസ്മാഈലിൽ എത്തും. തുടർന്നു കുറേ കണ്ണികളിലൂടെ സാം ബിൻ നൂഹി ലേക്കും. അതാണ് പൗരസ്ത്യ ദേശത്തെ ഇസ്‍ലാം അടക്കമുള്ള മതവിഭാഗങ്ങളെ സെമിറ്റിക് മതങ്ങളായി കണക്കാക്കുന്നതിന്റെ അടിസ്ഥാനം.

ഭാഷാ ചരിത്രം :

അറബി ഭാഷയിലെ പദ്യ- ഗദ്യ രചനകളായി ലോകം പരിചയപ്പെട്ട കൃതികൾ പ്രധാനമായും ക്രിസ്താബ്ദം അഞ്ചാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടവയാണ്. എന്നാൽ ഏറ്റവും പുരാതനമെന്ന നിലയിൽ അറിയപ്പെടുന്ന ഇംറുഉൽ ഖൈസിന്റെ ( ബി സി 500-540 )യും മറ്റും കവിതകൾ ഭാഷാപരമായും സാഹിത്യപരമായും ഏറെ പുരോഗതിയും പക്വതയും പ്രാപിച്ച സൃഷ്ടികളായാണ് വിലയിരുത്തപ്പെടുന്നത്; ഒരു ഭാഷയിലെ ആരംഭകാല രചനകളല്ല. അപ്പോൾ അതിനും വളരെ മുമ്പേ ഈ ഭാഷ പിറവി കൊള്ളുകയും വികാസം പ്രാപിക്കുകയും ചെയ്തതായി കണക്കാക്കാം.

എന്നാൽ അക്കാലത്തൊന്നും ഭാഷയ്ക്ക് വ്യാകരണ നിയമങ്ങൾ ക്രോഡീകരിക്കപ്പെട്ടിരുന്നില്ല. അവർക്ക് അതിന്റെ ആവശ്യവും നേരിട്ടിരുന്നില്ല. സ്വന്തം മാതൃഭാഷ പഠിച്ചു പ്രയോഗിക്കാൻ ആരും വ്യാകരണ നിയമങ്ങളെ കാത്തിരിക്കാറില്ലല്ലോ. അവർ ഭാഷയിൽ വലിയ മികവ് നേടുകയും കവിതകളിലൂടെ സ്വന്തം വ്യക്തിപരവും ഗോത്രപരവുമായ അഭിമാനം ഉയർത്തിപ്പിടിക്കുന്നതിൽ മൽസരിക്കുകയും ചെയ്തു. പക്ഷെ, അതെല്ലാം സ്വന്തം മാതാവിൽ നിന്ന് മുലപ്പാലിനൊപ്പം പകർന്നു കിട്ടിയ ഭാഷയുടെ പിൻബലത്തിലായിരുന്നു.

വിവിധ ഗോത്രങ്ങൾ തമ്മിൽ ഭാഷാപ്രയോഗങ്ങളിൽ വൈജാത്യം പുലർത്തിയിരുന്നെങ്കിലും ഖുറൈശികളുടെ ഭാഷാരീതികൾക്കാണ് മേധാവിത്വം കൈവന്നത്. അവർക്ക് അന്ന് പ്രദേശത്തുണ്ടായിരുന്ന സാമൂഹികവും രാഷ്ട്രീയവുമായ ആധിപത്യമാണ് അതിന് വഴിയൊരുക്കിയത്. കഅബാലയത്തിന് വലിയ ആരാധനാ കേന്ദ്രമെന്ന സ്ഥാനം അറബ് മനസുകളിൽ പണ്ടുമുതലേ നേടിയിരുന്നു. ആ കഅബയുടെ സംരക്ഷകരും ആസ്ഥാനവാസികളുമെന്ന പരിഗണന ഖുറൈശികൾക്ക് ലഭിച്ചു. കച്ചവടക്കാരായിരുന്ന അറബികൾക്കിടയിൽ മക്ക വലിയ വാണിജ്യ കേന്ദ്രമെന്ന നിലയിലും സ്വീകാര്യത നേടി. ഇത് കൊണ്ടെല്ലാം ഖുറൈശികളുടെ ഭാഷാരീതി മറ്റു അറബ് ഗോത്രങ്ങൾക്ക് കൂടി പ്രാപ്യവും സ്വീകാര്യവുമായിത്തീർന്നു.

ഖുർആൻ എന്ന ഭാഗ്യനക്ഷത്രം:

അതിനിടയിലാണ് ഖുറൈശി ഗോത്രത്തിൽ തന്നെ അക്കാലത്തെ ഗോത്രനായകനായിരുന്ന അബ്ദുൽ മുത്വലിബിന്റെ പൗത്രനായി, അബ്ദുല്ലാഹ്- ആമിനാ ദമ്പതികളുടെ മകനായി അന്ത്യപ്രവാചകൻ മുഹമ്മദ് (സ ) ഭൂജാതനാകുന്നത്. ആ പ്രവാചകൻ മുഖേന ലോകത്തിനാകെയുള്ള ദൈവിക സന്ദേശമായ വിശുദ്ധ ഖുർആൻ അറബി ഭാഷയിൽ അവതരിച്ചതോടെ ഈ ഭാഷയുടെ സൗഭാഗ്യനക്ഷത്രം തെളിഞ്ഞു. അറബിയായ പ്രവാചകൻ അറബി ഭാഷയിൽ അവതീർണമായ വിശുദ്ധ ഖുർആനുമായി അവസാനത്തെ മനുഷ്യനും ബാധകമായ  ഇസ്‍ലാം മതത്തിന്റെ പ്രബോധനവുമായി രംഗത്ത് വന്നതോടെ ലോകത്ത് മറ്റൊരു ഭാഷയ്ക്കും ലഭിക്കാത്ത സ്വീകാര്യതയും വ്യാപ്തിയും സുരക്ഷിതത്വവും അറബി ഭാഷയ്ക്ക് കൈവന്നു.

പ്രവാചകന്റെ കാലത്ത് തന്നെ ഇസ് ലാം അറേബ്യൻ ഉപദ്വീപ് വിട്ടു മറ്റു പ്രദേശങ്ങളിൽ കൂടി പ്രചാരം നേടിത്തുടങ്ങിയിരുന്നു. പിന്നീട് ഖലീഫമാരുടെ കാലമായപ്പോൾ കൂടുതൽ രാജ്യങ്ങൾ ഇസ്‍ലാമിന്‍റെ കീഴിലാവുകയും അനറബി ഗോത്രങ്ങളും സമൂഹങ്ങളും ഇസ്‍ലാമിലേക്ക് കടന്നു വരികയും ചെയ്തു. സ്വന്തം ഭാഷയുടെ ശുദ്ധമായ പ്രയോഗത്തിലും ഉച്ചാരണത്തിലും കണിശത പുലർത്തിയിരുന്ന അറബികൾ ഭാഷയുടെ തനിമ നിലനിർത്തുന്നതിൽ ബദ്ധശ്രദ്ധരായിരുന്നു.

നാക്കു പിഴ:

എന്നാൽ അന്യഭാഷക്കാരായ വ്യക്തികളും വിഭാഗങ്ങളും ഇസ്‍ലാമിലേക്ക് കടന്നു വരികയും മത ഭാഷയായ അറബിയെ സ്വാംശീകരിക്കുകയും ചെയ്തതോടെ ഭാഷാപ്രയോഗങ്ങളിൽ വിള്ളൽ വന്നു തുടങ്ങി. മാതൃഭാഷക്കാരായ അറബികൾ ഉച്ചരിക്കുന്ന രീതിയിലും ഉച്ചാരണത്തിലും അറബി അക്ഷരങ്ങളും വാക്യങ്ങളും മൊഴിയുക അറബി പഠിച്ചറിഞ്ഞ അനറബികൾക്ക് എളുപ്പമായിരുന്നില്ല. പരമ്പരാഗതമായി അറബികൾ കൊണ്ടു നടന്ന വാമൊഴിവഴക്കങ്ങൾ ശരിയായി പാലിക്കാതെ വരുമ്പോൾ അതിൽ ലഹ് ന് ( നാക്കു പിഴ) വന്നതായി കണക്കാക്കപ്പെടുന്നു.

ഈ ലഹ് ന് പ്രവാചക കാലത്ത് തന്നെ ചെറിയ തോതിൽ ഭാഷയിൽ ദൃശ്യമായി തുടങ്ങിയതായി ഭാഷാ ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നു. ഒരിക്കൽ പ്രവാചകന്റെ സവിധത്തിൽ വന്ന ഒരാൾ അറബിയിൽ ഒരു വാക്യം ഉച്ചരിച്ചപ്പോൾ അതിൽ പ്രവാചകൻ ലഹ്ന് കണ്ടെത്തി. ഉടനെ അവിടന്ന് കൂടെയുള്ളവരോട് ഉണർത്തി. ' നിങ്ങളുടെ സഹോദരനെ തിരുത്തുക, അയാൾ പിഴച്ചിരിക്കുന്നു.' (ഇബ്നു ജിന്നി കിതാബുൽ ഖസ്വാഇസിൽ ഇക്കാര്യം വിവരിക്കുന്നു. വാള്യം 2, പേജ് :8).

ഖുർആൻ പാരായണത്തിൽ ഇത്തരം പിഴകൾ വരാതിരിക്കാൻ സ്വഹാബികൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അബൂബക്ർ സ്വിദ്ദീഖ് ( റ ) ഒരിക്കൽ ഇങ്ങനെ പറഞ്ഞു - 'ഞാൻ പാരായണം ചെയ്തു വീണു പോവുകയാണ് പാരായണത്തിൽ പിഴച്ചു പോകുന്നതിനേക്കാൾ എനിക്കിഷ്ടം.'( മിൻ താരീഖിന്നഹ് വിൽ അറബി By: സഈദ് മുഹമ്മദ് അൽ അഫ്ഗാനി ഭാഗം: ഒന്ന്, പേജ്: 8)

ഉമറുബ്നു ഖത്താബി (റ ) വിന് ഒരിക്കൽ അബൂമൂസൽ അശ്അരിരിയിൽ നിന്ന് ഒരെഴുത്തു കിട്ടി. അതിൽ മിൻ അബൂ മുസൽ അശ്അരി എന്ന് പറഞ്ഞാണ് തുടങ്ങിയിരുന്നത്.  കത്ത് വായിച്ച ഉമർ(റ) ഇതെഴുതിയ ആൾക്ക് രണ്ട് ചാട്ടവാർ അടി കൊടുക്കണമെന്ന് എഴുതി അയച്ചു. മിൻ അബീ മൂസൽ അശ്അരി എന്നാണ് ശരിക്കും എഴുതേണ്ടിയിരുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter