കെ.പി. ജബ്ബാര്‍ ഉസ്താദ്:  ജീവിതം സന്ദേശം

ലക്ഷദ്വീപില്‍ ജനിച്ച് കേരളത്തില്‍ പഠിച്ച് കര്‍ണ്ണാടകയെ സേവനകേന്ദ്രമാക്കി പരിശുദ്ധ ദീനിനെ തന്റെ ജീവിതത്തിലൂടെ തലമുറകളിലേക്ക് പകര്‍ന്നേകിയ മഹാ പണ്ഡിതനായിരുന്നു ഇന്നലെ അന്തരിച്ച സമസ്തയുടെ വൈസ്പ്രസിഡന്റ് ശൈഖുനാ കെ.പി.അബ്ദുല്‍ ജബ്ബാര്‍ മുസ്ലിയാരെന്ന മിത്തബൈല്‍ ഉസ്താദ്. 

കുടുംബം

1947 ല്‍ ലക്ഷദ്വീപിലെ കില്‍ത്താനില്‍ ജനിച്ചു. പിതാവ് നാട്ടിലെ ഖാളിയും പണ്ഡിതനുമായിരുന്ന അല്‍ഹാജ് സിറാജ് കോയമുസ്ലിയാരും മാതാവ് ബീഫാതിമ കാട്ടിപ്പാറ എന്ന മഹതിയും. ലക്ഷദ്വീപിലാകെ പ്രശസ്തിയാര്‍ജിച്ച ശൈഖ് അഹമ്മദ് നഖ്ശബന്ദി(റ)വിന്റെ പരമ്പരയില്‍ നാലാമത്തെ തലമുറ. വലിയ്യും ആരിഫുമായിരുന്നു മഹാനവര്‍കള്‍. അദ്ധേഹത്തിന്റെ സന്താനപരമ്പരയില്‍ ഉയിര്‍കൊണ്ടവരില്‍ പലരും നാടിന്റെ ഖാളിമാരും പണ്ഡിതന്മാരുമായിരുന്നു.

പ്രാധമിക വിദ്യഭ്യാസം പണ്ഡിതനായ പിതാവില്‍നിന്ന് തന്നെയായിരുന്നു നേടിയത്. ഭൗതിക വിദ്യഭ്യാസം അന്നത്തെ നാലാം ക്ലാസ് വരെയായിരുന്നു. പിന്നെ പ്രസിദ്ധമായ പൊന്നാനിയിലേക്ക് പോയി. അന്ന് അവിടെയായിരുന്നല്ലോ വിദ്യഭ്യാസത്തിന്റെ പൊറുദീസ.

മുഖ്യമായും ഉസ്താദുമാരായിട്ട് അവിടെയുണ്ടായിരുന്നത് പണ്ഡിതനും സ്വാത്വികനുമായിരുന്ന തിരുവേകപ്പുറ കോയക്കുട്ടി മുസ്ലിയാരും കെ.കെ. അബ്ദുല്ല മുസ്ലിയാരുമായിരുന്നു. നാടിന്റെ നാനാഭാഗങ്ങളില്‍നിന്ന് വിജ്ഞാനം നേടാന്‍ വിദ്യര്‍ത്ഥികള്‍ അവിടേക്ക് ഒഴുകി വന്നു. സ്വര്‍ഫ്, നഹ് വ്, ഫിഖ്ഹ്, തസ്വവ്വുഫ്, ഹദീസ്, തുടങ്ങിയ ഇസ്ലാമിക ശാസ്ത്ര ശാഖകളില്‍ അവിടുന്ന് വ്യവസ്ഥാപിതമായ നിലക്ക് വിദ്യഭ്യാസം നേടി.

ഉപരിപഠനം

വെല്ലൂര്‍ ബാഖിയാത്തുസ്സാലിഹാത്തില്‍ വെച്ചായിരുന്നു ഉപരിപഠനം. ശൈഖ് അബ്ദുറഹിമാന്‍ ഫള്ഫരി(റ)വിന്റെ ശിഷ്യത്വം സ്വീകരിച്ചു. അന്നൊക്കെ കേരളത്തില്‍ മതപഠനം പൂര്‍ത്തിയാക്കിയാല്‍ തഹ്സീലിന്ന് വേണ്ടി വെല്ലൂരില്‍ പോവുകയായിരുന്നു പതിവ്. ഒട്ടനവധി പേര്‍ സഹപാഠികളായിട്ടുണ്ടായിരുന്നുവെങ്കിലും മതപണ്ടിതനും സമസ്തയുടെ മുന്നണിപോരാളിയുമായിരുന്ന മര്‍ഹൂം നാട്ടിക വി മൂസമുസ്ലിയാര്‍, മലബാര്‍ ഇസ്ലാമിക്ക് കോപ്ലക്സ് ജനറല്‍ സെക്രട്ടറി യു.എം അബ്ദുറഹിമാന്‍ മുസ്ലിയാര്‍, ഇന്നത്തെ നീലേശ്വരം ഖാസി മഹ്മൂദ് മുസ്ലിയാര്‍ തുടങ്ങിയവരെല്ലാം സഹപാഠികളുമായിരുന്നു. 

ബാഖിയാത്തിലെ പഠന ശേഷം ദയൂബന്ദിലേക്കായിരുന്നു പോയത്. അവിടെ മൗലവി വഹീദുസ്സമാനില്‍നിന്ന് ശിഷ്യത്വം സ്വീകരിക്കാനവസരമുണ്ടായി. പഠന മാധ്യമമായ അറബി ഉറുദു ഭാഷകളായിരുന്നു അവിടെ ഉപയോഗിച്ചിരുന്നത്. അതിനാല്‍ തന്നെ ഇക്കാലയളവില്‍ ഈ രണ്ട് ഭാഷകളിലും ആഴത്തിലുള്ള പരിചയവും അടുപ്പവും നേടിയെടുക്കാനായി. 

അവിടെയുണ്ടായിരുന്നകാലയളവില്‍ മറ്റുപല വിജ്ഞാന ശാഖകളിലും പരിചയം സൃടിക്കാനായി. മദീന യൂനിവേഴ്സിറ്റിയില്‍ ചേരണമെന്നാഗ്രഹിച്ചിരുന്നെങ്കിലും അവിടുത്തെ എന്‍ട്രന്‍സ് എക്സാമില്‍ പാസായിരുന്നുവെങ്കിലും വിസയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശരിയാവാതെ വന്നപ്പോള്‍ പകുതിവിഴിക്കുവെച്ച് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

പ്രവര്‍ത്തന മേഖല

കര്‍ണ്ണാടകയിലെ മിത്തബൈല്‍ ജുമാമസ്ജിദില്‍ മുദരിസ്സായി വരുന്നതിന്ന് മുമ്പ് കര്‍ണ്ണാടകയിലെ തന്നെ അടിയാര്‍ കണ്ണൂര്‍, ലക്ഷദ്വീപിലെ ആഗത്തി, സ്വദേശമായ കില്‍ത്താന്‍ എന്നിവിടങ്ങളില്‍ സേവനം ചൈയിട്ടുണ്ട്. മിത്തബൈല്‍ അല്ലാത്ത  സ്ഥലങ്ങളില്‍ വളരെ തുച്ഛമായ കാലങ്ങളേ ഉണ്ടായിരുന്നുള്ളു. 

1971 ല്‍ ആണ് മിത്തബൈലില്‍ ഔദ്യാഗിക ചുമതല ഏറ്റെടുക്കുന്നത്. അന്ന് മുതല്‍ ഇന്നുവരെ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ വിശാലമായ ദര്‍സ് ഇടമുറിയാതെ നിലനിര്‍ത്താനായി ഇവിടെ പഠിച്ചിറങ്ങിയ വിദ്യാര്‍ത്തികള്‍ കര്‍ണ്ണാടകയുടെയും ലക്ഷദ്വീപിന്റെയും വിവിധ മേഖലകളില്‍ ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്നു. അവരില്‍ തന്നെ വലിയൊരു ശിഷ്യവൃന്ദം കാസര്‍കോട് എം.ഐ.സി മലബാറില്‍ അര്‍ഷദുല്‍ ഉലൂമില്‍ നിന്ന് പഠിച്ചിറങ്ങിയ അര്‍ഷദികള്‍കൂടിയാണ്.

യാത്രകള്‍

രണ്ട് തവണ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചിട്ടുണ്ട്. മറ്റൊരിക്കല്‍ അജ്മാനിലെ ഒരു മെഡിക്കല്‍ കോളോജ് ഉദ്ഘാടനത്തിന്ന് സംബന്ധിക്കാന്‍ വിദേശത്ത് പോയിട്ടുണ്ട്.

സമസ്തയിലെ കാലങ്ങള്‍

പഠനകാലത്ത് തന്നെ സമസ്തയുടെ പരിപാടികളില്‍ പങ്കെടുത്തിരുന്നു. വിശിഷ്യാ ശംസുല്‍ ഉലമയുടെ പല വാദപ്രദിവാദങ്ങള്‍ക്കും ഒരു ശ്രോദ്ധാവായി സംബന്ധിച്ചു. 

1989 ലാണല്ലോ സമസ്തയില്‍ നിര്‍ഭാഗ്യകരമായ ഭിന്നതയുണ്ടാവുന്നത്. അന്നത്തെ സാഹചര്യത്തില്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മംഗലാപുരം ചുറ്റുവട്ടത്തായി സമസ്തയെ പൂര്‍വ്വോപരി ശക്തിയോടെ നിലയുറപ്പിക്കാനായി പ്രവര്‍ത്തിച്ചു. അതുകൊണ്ടുതന്നെ ആദ്യകാലത്ത് കേരളത്തിലുയര്‍ന്ന പിളര്‍പ്പിന്റെ കൊടുങ്കാറ്റ് അത്രമാത്രം ശക്തമായി കര്‍ണ്ണാടകയിലെത്തിയിരുന്നില്ല.

1989ലെ പിളര്‍പ്പിന്നു ശേഷം ഇവിടെ സമസ്ത ശക്തിപ്പെടുത്താന്‍ ശക്തമായി രംഗത്തിറങ്ങി പ്രവര്‍ത്തിച്ചു. മഹാനായ ശംസുല്‍ ഉലമയുടെ പ്രസംഗങ്ങള്‍ക്ക് സാധാരണയില്‍ കവിഞ്ഞ ജനം ഇവിടെ തടിച്ചുകൂടാന്‍ തുടങ്ങിയത് അതിന്നുശേഷമാണ്.

സമസ്തയില്‍ ഭിന്നതയുണ്ടാകുന്നത് വരെ ഇവിടെ കര്‍ണ്ണാടക ജംഇയ്യത്തുല്‍ ഉലമയായിരുന്നു മുഖ്യമായും മതരംഗങ്ങളെ നിയന്ത്രിച്ചിരുന്നത്. എന്നാല്‍ പിളര്‍പ്പോടെ പതിയെ പതിയെ കര്‍ണ്ണാടക ജംഇയ്യത്തുല്‍ ഉലമ നിശ്ചലമാകുകയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അസാധാരണമാം വിധം ഇവിടെ വന്നുചേരുകയുമാണുണ്ടായത്. 

അന്ന് വിഘടനത്തിന്റെ പ്രതിസന്തിയില്‍ സമൂഹമൊന്നാകെ നില്‍ക്കുമ്പോള്‍ മംഗലാപുരം ടൗണ്‍ ഹാളില്‍  മറുപക്ഷം വലിയൊരുസന്മേളനം വിളിക്കുകയും സമസ്തയെ കഠിനമായി വിമര്‍ശിക്കുകയും ചെയ്തത് മറക്കാവതല്ല. പിന്നെ പലമദ്രസകളില്‍നിന്ന് മറുവിഭാഗക്കാരെ ഇറക്കിവിടുകയും സമസ്തയുടെ പാഠ്യപദ്ധതിയും നേരിട്ടുള്ള നിരീക്ഷണവും ഇടമുറിയാതെ നടത്താന്‍ വേണ്ട ഇടപെടലുകള്‍ ഇവിടെ ശക്തമായി തന്നെ നടത്തുകയുണ്ടായി.

സേവനനിരതമായ ജീവിതം

സേവനം ജീവിത സന്ദേശമായി കണ്ട അപൂര്‍വ്വം മഹത്തുക്കളിലൊരാളായിരുന്നു ഉസ്താദ്. നീണ്ട അമ്പത് സംവത്സരക്കാലം മിത്തബൈല്‍ കേന്ദ്രീകരിച്ച് ദര്‍സ് നടത്തുകയും തലമുറകളെ നന്മയുടെ തീരത്തേക്ക് ആനയിക്കുകയുമുണ്ടായി. സമസ്തയെന്ന മതപണ്ഡിത സഭയെ മംഗലാപുരമെന്ന പ്രവിശാലമായ ഭൂപ്രദേശത്ത് നട്ടുനനച്ചു വളര്‍ത്തുന്നതില്‍ ഉസ്താദന്റെ പങ്ക് തുല്ല്യതയില്ലാത്തതായിരുന്നു. ഓരോ കുഗ്രാമങ്ങളിലും ഉസ്താദ് കയറിച്ചെന്നു. അവിടെയുള്ള സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തകര്‍ക്കൊക്കെ ആവേശമായി വര്‍ത്തിച്ചു. വരും തലമുറയെ ദീനിനോട് ചേര്‍ത്ത് നിര്‍ത്തുന്നതിന്ന് അവിടുന്ന്  പ്രായ വ്യത്യാമില്ലാതെ എല്ലാവരെയും തന്റെ സവിശേഷ വലയത്തിലേക്ക് ആവാഹിച്ചു. 

തസ്വവ്വുഫ് ചാലിച്ച ജീവിതം

വിജ്ഞാനത്തോട് ഉസ്താദിന്ന് അടങ്ങാത്ത ദാഹമായിരുന്നു. ഗോള ശാസ്ത്രം തസ്വവ്വുഫ് കര്‍മ്മശാസ്ത്രം എന്നീ വിഷയങ്ങളില്‍ ഉസ്താദിന്ന പ്രതേകം താല്‍പര്യമണ്ടായിരുന്നതായിക്കാണാം.  ഗോള ശാസ്ത്ര സംബന്ധിയായി വിഷയങ്ങള്‍ പഠിക്കാനും മറ്റുമായി ഡല്‍ഹിയില്‍ നിന്ന് ഒരു പ്രശസ്ത നിരീക്ഷകന്‍ വന്നിരുന്നുവെന്നതും ഉസ്താദിന്റെ ഇവ്വിശയകമായ അറിവ് കണ്ട് അദ്ധേഹം അമ്പരന്നതുമൊക്കെ ഗോളശാസ്ത്രത്തില്‍ ഉസ്താദിനുണ്ടായിരുന്ന പാണ്ഡിത്യത്തെ വിളിച്ചോതുന്ന അനുഭവങ്ങളാണ്. 

നിരന്തരമായ ഗ്രന്ഥ പാരായണങ്ങളില്‍ മുഴുകിയിരിക്കുന്ന ഉസ്താദിനെയാണ് ആ വീട്ടിലേക്ക് കയറിച്ചെന്നാല്‍ കാണാന്‍ സാധിക്കുക. തസ്വവ്വുഫുമായി ജീവിതത്തെ ബന്ധിച്ചു നിര്‍ത്തിയ ഉസ്താദിന്റെ ലൈബ്രറിയില്‍ ഭൂരിഭാഗവും തസ്വവ്വുഫുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങള്‍ തന്നെയായിരുന്നു സ്ഥാനം പിടിച്ചിരുന്നത്. 

നഖ്ഷബന്ദിയ്യാ ത്വരീഖത്തിന്റെ ശൈഖാണെന്ന് കൂടി അറിയുമ്പോള്‍ ഉസ്താദിന്റെ വ്യക്തിത്വത്തിന്റെ ആഴം എത്രത്തോളമുണ്ടായിരുന്നുവെന്ന് ഗ്രഹിക്കാവുന്നതേയുള്ളു. നിരന്തരമായ  ഇബാദത്തും ദിക്ക്റും ഫിക്ക്റും ഉസ്താദിന്റെ ഉറ്റ മിത്രങ്ങളായിരുന്നു. പ്രാര്‍ത്ഥനക്കായി കൈകളുയര്‍ത്തിയാല്‍ ആ നയനങ്ങളില്‍നിന്ന് അശ്രുകണങ്ങള്‍ ചാലിട്ടൊഴുകിയിരുന്നു. ആത്മാവില്‍ അല്ലാഹുവിനെക്കുടിയിരുത്തിയ ആത്മജ്ഞാനികൂടിയായിരുന്നു ഉസ്താദ്.

സദാ വിനയാന്വിതനായിരുന്നു ഉസ്താദ്. വീട്ടിലെ കൊച്ചു  കുഞ്ഞുങ്ങളോട് കളിയിലും ചിരിയിലും ഏര്‍പ്പെട്ടിരിക്കുന്ന ഉസ്താദിനെ കണ്ടാല്‍ കൊച്ചു കുഞ്ഞെന്നേ തോന്നൂ. ലക്ഷദ്വീപിലെ തന്നെ അതിപ്രശസ്തമായ സൂഫീ പണ്ഡിതനായ ഗുലാം അഹമ്മദ് നഖ്ശബന്ദിയുടെ നാലാമത്തെ പൗത്രനായി ജനിച്ച ഉസ്താദിന്റെ വ്യക്തിത്വം മറച്ചുവെക്കലുകളില്ലാത്ത തുറന്ന പുസ്തകമായിരുന്നു. മതത്തിനോട് കാണിക്കുന്ന അദമ്യമായ ബന്ധം മതവുമായി ബന്ധപ്പെട്ട എല്ലാറ്റിനെയും അതീവ കരുതലോടെ നോക്കിക്കാണാന്‍ കാരണമാക്കിയെന്നുവേണം കരുതാന്‍. കര്‍ക്കശമായി സംസാരിക്കേണ്ടിടത്തെല്ലാം അല്ലാഹുവിന്റെ ദീനിന്റെ വിധിവിലക്കുകള്‍ ആരുടെയും സ്വാധീനത്തിന് വഴങ്ങാതെ ഉച്ചത്തില്‍ വിളിച്ചുപറയാന്‍ കാണിച്ച ധൈര്യവും അപാരമായിരുന്നു.

ലക്ഷദ്വീപകാരെ സംബന്ധിച്ചിടത്തോളം വിനയം കൊണ്ട് അവരിലൊരാളായി ഒപ്പം നടന്ന സതീര്‍ത്ഥ്യനായിരുന്നു ഉസ്താദ്. തന്റെ പിതാക്കള്‍ പകര്‍ന്നേകിയ സൂഫീസരണയിലൂടെ ദ്വീപ് നിവാസികളെ ചേര്‍ത്തുനിര്‍ത്തിയ മഹാനായിരുന്നു ഉസ്താദ്. മംഗലാ പുരത്തില്‍നിന്ന് ലക്ഷദ്വീപിലേക്ക് ആധുനിക കപ്പലുകള്‍ ഓടിപ്പിക്കാന്‍ രണ്ടായിരത്തിന്റെ തുടക്കത്തില്‍ അവിടുന്ന് നടത്തിയ നേതൃപരമായ ഇടപെടലുകള്‍ ജനസേവനത്തിന്റെ ഉത്തമ മാതൃകയായിരുന്നു. ലക്ഷദ്വീപില്‍ ഒരു മതഭൗതിക സമന്വയ സ്ഥാപനമെന്നത് ഉസ്താദന്റെ സ്വപനമായിരുന്നു. ഈയൊരു ചിന്ത ഉസ്താദ് പലരോടും പങ്ക് വെച്ചതായിക്കാണാം.

മംഗലാപുരത്തിന്റെ ആത്മീയ ശബ്ദം

മംഗലാപുരത്തുകാരെ സംബന്ധിച്ചിടത്തോളം അവരുടെ മതകാര്യങ്ങളുടെ അവസാന വാക്കായിരുന്നു മിത്തബൈല്‍ ഉസ്താദ്. ബിസിനസ്സ്, വീട്ടുകാര്യങ്ങള്‍, മതകാര്യങ്ങള്‍ എല്ലാറ്റിനും അവരുടെ ഉപദേശിയും വഴികാട്ടിയുമായിരുന്നു ഉസ്താദ്. ദിവസവും ഉസ്താദിന്റെ വീടിന്ന് മുന്നില്‍ തടിച്ചുകൂടുന്ന അനേകായിരങ്ങള്‍ തന്നെ ഇതിനൊക്കെ സാക്ഷി. മംഗലാപുരത്തെ മതസ്ഥാപനങ്ങള്‍ക്ക് എന്നും ഉസ്താദ് നല്‍കിയിട്ടുള്ള പന്തുണയും പ്രോത്സാഹനവും തുല്ല്യതയില്ലാത്തതായിരുന്നു. 

മംഗലാരുത്തില്‍ ഉസ്താദ് ജനങ്ങളുടെ ഇടയില്‍ പരിശുദ്ധ ദീനിനെ ജീവിച്ച് കാണിക്കുകയായിരുന്നു. താന്‍ വലിയവനെന്ന ഭാവം നിറഞ്ഞുനില്‍ക്കുന്ന നാട്യങ്ങളുടെ കാലത്ത് പരിത്യഗത്തിന്റയും നിസ്വാര്‍ത്ഥതയുടെയും വിനയത്തിന്റെയും കരുണയുടെയും സമൂര്‍ത്ത ഭാവമായിരുന്നു ഉസ്താദ്. 

തന്റെ പിതാമഹന്മാരായ സൂഫികള്‍ രചിച്ച പലഗ്രന്ഥങ്ങളും പലരുടെ പക്കല്‍ വെളിച്ചംകാണാതെ കിടക്കുന്നത് ഉസ്താദിനെ വല്ലാതെ വിഷമിപ്പിച്ച കാര്യമായിരുന്നു. ആ ഗ്രന്ഥങ്ങളെയൊക്കെയും പ്രസിദ്ധീകരിക്കാന്‍ ഉസ്താദ് പലപ്രാവശ്യം ശ്രമിച്ചുവെങ്കിലും അത് ഒളിപ്പിച്ചുവെച്ചവര്‍ അവരുടെ പതിവ് പല്ലവിതന്നെയായിരുന്നു അവര്‍ത്തിച്ചത്. ഇനി നമുക്ക് ചെയ്യാവുന്ന് ഏറ്റവും മഹത്തരമായ കാര്യം ഉസ്താദിന്റെയും തന്റ പിതാക്കളുടെയും ഗ്രന്ഥങ്ങളെ തലമുറകളിലേക്ക് കൈമാറുകയെന്നതാണ്. ഉസ്താദ് കൈമാറിയ ഏറ്റവും വലിയ സന്ദേശം ദീനിനെ ജീവിത്തത്തില്‍ ചേര്‍ത്തു നിര്‍ത്തുകയെന്നതായിരുന്നു, ആ മഹനീയ സന്ദേശം ജീവിതത്തില്‍ പകര്‍ത്താനും അതുവഴി ഇഹപര വിജയം നേടാനും നാഥന്‍ നമ്മെ തുണക്കട്ടെ. ആമീന്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter