നന്മയുടെ റാണി (ഭാഗം 15)

വീണ്ടും കണ്ണീര്‍ കയത്തിലേക്ക്.

അമീനും മഅ്മൂനും സൈന്യങ്ങളെ സജ്ജീകരിച്ചു. ത്വാഹിര്‍ ബിന്‍ ഹുസൈ്വന്‍, ഹുര്‍മുത ബിന്‍ അഅ്‌യുന്‍ എന്നീ രണ്ടു സമര്‍ഥന്‍മാരുടെ നേതൃത്വത്തില്‍ മഅ്മൂനിന്റെ സൈന്യം ഇറങ്ങി. അലി ബിന്‍ ഹുസൈന്‍ ഹാമാന്റെ നേതൃത്വത്തിലായിരുന്നു ബഗ്ദാദ് സൈന്യം.ഹിജ്‌റ 195ല്‍ രണ്ടു സൈന്യവും ഖുറാസാന്‍ പ്രവിശ്യയില്‍ ഏററുമുട്ടി. അമീന്റെ സൈന്യം ശക്തമായിരുന്നില്ല. അവര്‍ പരാജയപ്പെട്ടു. വീണ്ടൂം വീണ്ടൂം രണ്ടു സൈന്യവും ഏററുമുട്ടിയെങ്കിലും അമീന്റെ സൈന്യം വീണ്ടും വീണ്ടും പരാജയപ്പെട്ടു. മഅ്മൂനിന്റെ സൈന്യം മുന്നേറി ബഗ്ദാദിന്റെ കവാടത്തിലെത്തി. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും ഒന്നിച്ച് അവര്‍ ആക്രമണം തുടങ്ങി. അവര്‍ ബഗ്ദാദില്‍ നിലയുറപ്പിച്ചു. ബഗ്ദാദിനു മേല്‍ അവര്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തി. നിനില്‍പ്പു തന്നെ അവതാളത്തിലും ഭീഷണിയിലുമായ അമീന്‍ തന്റെ സന്തത സഹചാരികളോടുകൂടി ടൈഗ്രീസ് കടന്നു. പക്ഷെ ത്വാഹിറിന്റെ സൈന്യം അവരെ പിടികൂടി. അവര്‍ അമീനിനെ തടവിലാക്കി. പിന്നെ അവര്‍ അദ്ദേഹത്തെ കൊന്നുകളഞ്ഞു. ഇതോടെ അബ്ബാസികളുടെ അധികാരം ഖലീഫാ മഅ്മൂനിന്റെ കരങ്ങളില്‍ ഭദ്രമായി എത്തിച്ചേര്‍ന്നു. സ്വന്തം മകന്റെ ദാരുണമായ മരണം സുബൈദാ റാണിയെ ഉലച്ചുകളഞ്ഞു. അവര്‍ കണ്ണീര്‍ കയത്തിലേക്ക് എടുത്തെറിയപ്പെട്ടു.

സുബൈദാ റാണിയെ മുന്‍നിറുത്തി മഅ്മൂനിനോട് പ്രതികാരം ചെയ്യിക്കുവാനുള്ള ചില പ്രേരണകളൊക്കെ നടന്നുവെങ്കിലും അവര്‍ അതിനൊന്നും തയ്യാറായില്ല. അവരുടെ മനസ്സ് അത്രയും നിര്‍മ്മലവും പരിശുദ്ധവുമായിരുന്നു. സ്വന്തം മകനോടുണ്ടാകുന്ന സ്വാഭാവിക താല്‍പര്യത്തിനു നല്‍കേണ്ടി വന്ന വിലകള്‍ വലുതായിരുന്നുവെങ്കിലും അതെല്ലാം തികച്ചും സ്വാഭാവികമായിരുന്നു. അധികാരത്തിന്റെ ചെങ്കോലുമായി ഖലീഫാ മഅ്മൂന്‍ ബഗ്ദാദിലെത്തിയതും അവരെ പോയികണ്ടു. അവര്‍ കണ്ണുനീര്‍ വററിയിട്ടില്ലാത്ത കണ്ണുകളുയര്‍ത്തി തന്റെ പോററുമകനെ നോക്കി. ഉമ്മയുടെ മുഖം ഓര്‍മ്മയില്‍ പോലുമില്ലാത്ത ആ മകന്‍ തന്റെ സ്‌നേഹവത്‌സലയായ പോററുമ്മയെ ബഹുമാനത്തോടും ഇഷ്ടത്തോടും കൂടി നോക്കി. ആ രണ്ടു കണ്ണുകളും തമ്മിലിടഞ്ഞു. പിന്നെ സുബൈദാ റാണി പറഞ്ഞു: 'എനിക്ക് ഞാന്‍ പ്രസവിച്ച ഒരു മകന്‍ നഷ്ടപ്പെട്ടുവെങ്കിലും പ്രസവിക്കാത്ത ഒരു പോററുമകനെ ഖലീഫയായി ലഭിച്ചിരിക്കുന്നു. അതിനാല്‍ നിനക്ക് എല്ലാ ഭാവുകങ്ങളും'. ആ വാക്കുകള്‍ മാതൃസ്‌നേഹത്തിന്റെ തീരങ്ങളിലേക്ക് ഖലീഫാ മഅ്മൂനിനെ എടുത്തുകൊണ്ടുപോയി.

വളരെ ഉന്നതമായ ജീവിത മൂല്യങ്ങളുടെ ഉടമായിരുന്നു ഖലീഫാ മഅ്മൂന്‍. അപാരമായ ബുദ്ധിയും അറിവും അദ്ദേഹത്തെ വേറിട്ടടയാളപ്പെടുത്തി. അതുകണ്ട് ആകാലത്തെ പണ്‍ഡിതന്‍മാര്‍ പോലും പകച്ചുനിന്നുപോയിട്ടുണ്ട്. ഒരിക്കല്‍ ഒരു സ്ത്രീ തന്റെ പരാതിയുമായി ഖലീഫയുടെ അടുക്കല്‍ വന്നു. തനിക്ക് സഹോദരന്‍മാര്‍ ആകെ ഒരു ദീനാറാണ് പിതാവിന്റെ അനന്തരാവകാശമായി തന്നത് എന്നതായിരുന്നു അവളുടെ പരാതി. ഒരു നിമിഷം കണ്ണടച്ചിരുന്ന് തുറന്ന് ഖലീഫ പറഞ്ഞു: 'നിനക്കത്രമാത്രമേ അവകാശമായി കിട്ടുവാനുള്ളൂ'. സദസ്സിലുണ്ടായിരുന്ന പണ്‍ഡിതന്‍മാര്‍ അല്‍ഭുതത്തോടെ ചോദിച്ചു: 'അതെങ്ങനെയാണ് ഖലീഫാ?'. അദ്ദേഹം പറഞ്ഞു: 'അവളുടെ പിതാവിന്റെ ആകെ ധനം അറുനൂറ് ദീനാറായിരുന്നു. അവകാശികളില്‍ രണ്ടു പെണ്‍മക്കളുണ്ടായിരുന്നു. അവരുടെ അവകാശം മൂന്നില്‍ രണ്ടാണ്. അതിനാല്‍ 400 ദീനാര്‍ അവര്‍ക്കു പോയി. മരിച്ചയാളുടെ ഭാര്യക്ക് അവളുടെ അവകാശമായ എട്ടിലൊന്നായി 75 ദീനാര്‍ കൊടുത്തു. മരിച്ചയാളുടെ മാതാവിന് ആറിലൊന്ന് 100 ദീനാറും പോയി. മരിച്ചയാള്‍ക്ക് 12 സഹോദരന്‍മാരുണ്ടായിരുന്നു. ഒരു സഹോദരിയും. ആ സഹോദരിയാണ് ഈ പരാതിക്കാരി. അവര്‍ക്ക് ആണിന്റെ പകുതി പെണ്ണിന് എന്ന തോതില്‍ ഓഹരിചെയ്യുമ്പോള്‍ ബാക്കിയുള്ള 25ല്‍ 24 സഹോദരന്‍മാര്‍ക്കുപോയി. അവരുടെ അവകാശത്തിന്റെ പകുതിയായ ഒരു ദീനാറാണ് ഇവള്‍ക്കു കിട്ടിയത്'.

ഒരു തത്വജ്ഞാനി കൂടിയായിരുന്നു ഖലീഫാ മഅ്മൂന്‍. ഒരിക്കല്‍ അദ്ദേഹം പറയുകയൂണ്ടായി: 'ജനങ്ങള്‍ മൂന്നു വിധമാണ്. ഒരു തരം ഭക്ഷണം പോലെ എപ്പോഴും വേണ്ടവരാണ്. മറെറാരു തരം ഔഷധം പോലെ വേണ്ടപ്പോള്‍ മാത്രം വേണ്ടവരാണ്. മൂന്നാമത്തെ തരമാണെങ്കിലോ രോഗം പോലെ ഒരിക്കലും വേണ്ടാത്തവരുമാണ്'.
ഖലീഫാ മഅ്മൂന്‍ അവരെ സ്വന്തം ഉമ്മയായി കണ്ടു.അവര്‍ മഅ്മൂനിനെ മകനായും. അങ്ങനെ ഖലീഫ അബൂ ജഅ്ഫറുല്‍ മന്‍സ്വൂറിന്റെ പേരക്കുട്ടിയായും ഖലീഫ ജഅ്ഫറുല്‍ മന്‍സ്വൂറിന്റെ മകളായും ഖലീഫ ഹാറൂന്‍ റഷീദിന്റെ ജീവിതസഖിയായും ഖലീഫാ അമീന്റെ മാതാവായും ജീവിച്ച സുബൈദാ റാണി ഖലീഫ മഅ്മൂനിന്റെ പോററുമ്മയായും കൂടി സന്തോഷത്തോടും പ്രൗഢിയോടും കൂടി ജീവിച്ചു, ഹിജ്‌റ 216ല്‍ എന്നേക്കുമായി കണ്ണടക്കുംവരേക്കും.

പ്രധാന അവലംബവായനകള്‍:

അല്‍ ബിദായ വന്നിഹായ -ഹാഫിള് ഇബ്‌നു കതീര്‍
മുറൂജുദ്ദഹബ് -അല്‍ മസ്ഊദി
താരീഖുല്‍ ഇസ്‌ലാം -ഹസന്‍ ഇബ്‌റാഹീം ഹസന്‍
നിസാഉന്‍ ശഹീറാത്ത് - അഹ്മദ് സുവൈദ്.
അഅ്‌ലാമു ന്നിസാഅ് - ഉമര്‍ രിദാ കഹാല.
അദ്ദൗലത്തുല്‍ അബ്ബാസിയ്യ -മുഹമ്മദ് ഖുദ്‌രീ ബക്
വിവിധ വൈബ്‌സൈററുകള്‍.

(അവസാനിച്ചു)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter