നന്മയുടെ റാണി (ഭാഗം രണ്ട്)

കാത്തിരുന്ന കണ്‍മണി

എല്ലാമുണ്ട്.കൊട്ടാരം, പരിചാരികമാര്‍, സുഖസൗകര്യങ്ങള്‍ അങ്ങനെയെല്ലാം. അതിലുമുപരി സദാ നുണയുന്ന ഭര്‍തൃസ്‌ഹേനത്തിന്റെ അമൃതും. ചരിത്രത്തിലെ ഏററവും മനപ്പൊരുത്തമുള്ള ഇണകളാണ് തങ്ങള്‍. ഭര്‍ത്താവിനെ മണിയറയില്‍ മാത്രമല്ല രാജ്യഭരണത്തില്‍ വരെ സന്തോഷിപ്പിക്കുന്നതിലും തൃപ്തിപ്പെടുത്തുന്നതിലും സുബൈദ വിജയിച്ചു. ആ വിജയമാണ് ഈ സ്‌നേഹത്തിന്റെ കാതല്‍.
അതിനിടയില്‍ അബ്ബാസികള്‍ നടത്തിവരുന്ന വിജയങ്ങളുടെ വീരകഥകളും സുബൈദയെ അഭിമാനപ്പെടുത്തുന്നുണ്ടായിരുന്നു. ആത്മീയമായ അവബോധത്തില്‍ വളര്‍ന്നുവരികയും ഇസ്‌ലാമിക വിജ്ഞാനീയങ്ങള്‍ കരസ്ഥമാക്കുകയും ചെയ്ത സുബൈദക്ക് ജിഹാദികാവേശം ഒരു ഹരമായിരുന്നു. അങ്ങനെ എല്ലാമെല്ലാം ഉണ്ടായിട്ടും എന്തോ ഒരു കുറവ് തനിക്കുണ്ടെന്ന തോന്നല്‍ സുബൈദയുടെ ഉള്ളില്‍ ചെറിയ നീറലുണ്ടാക്കി. അത് ചിലപ്പോള്‍ അവരെ ഓര്‍മ്മകളിലേക്ക് തള്ളിയിട്ടു. ദീര്‍ഘമായ ചിന്തകള്‍ അവസാനിപ്പിച്ചതെല്ലാം ചൂടുള്ള ഒരു നിശ്വാസം കൊണ്ടായിരുന്നു. മറെറാന്നുമല്ല, ഇതുവരേയും ഒരു കുഞ്ഞിക്കാലിന്റെ അനുഗ്രഹം മാത്രം തന്നെ തേടിയെത്തിയിട്ടില്ല എന്ന സങ്കടം.
വര്‍ഷങ്ങള്‍ ഒന്നിനു പുറകെ ഒന്നായി കൊഴിഞ്ഞുകൊണ്ടിരുന്നു. ഓരോ മാസങ്ങളും നിരാശ കൊണ്ട് കൊട്ടിയടക്കുമ്പോള്‍ ജീവിതത്തിന്റെ അര്‍ഥം കൈവിട്ടുപോകുന്ന തോന്നലായിരുന്നു അവര്‍ക്ക്. കൊച്ചുകുഞ്ഞുങ്ങളെ കാണുമ്പോള്‍ ആ തോന്നല്‍ ഒന്ന് ആളിക്കത്തി. വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അവരുടെ അസ്വസ്ഥത കൂടിവന്നു.
ഒരു ഇടിത്തീ പോലെയായി സുബൈദക്ക് ആ വാര്‍ത്ത. തന്റെ ഉള്ളിലെ നിരാശയുടെ നാളങ്ങള്‍ ഒന്നുയര്‍ന്നുകെട്ടു. മനസ്സിനുള്ളില്‍ ഒരു ശോകഗീതം മെല്ലെ പടര്‍ന്നു. മറെറാന്നുമായിരുന്നില്ല ആ വാര്‍ത്ത, മറാജില്‍ പ്രസവിച്ചു. ഒരാണ്‍കുട്ടിയെ. ഹാറൂണ്‍ റഷീദിന് ഒരു ആണ്‍കുട്ടി ജനിച്ചിരിക്കുന്നു. തന്റെ സ്‌നേഹഭാജനത്തിന് ഒരു ആണ്‍കുട്ടിയെ പ്രസവിക്കുവാനുള്ള ഭാഗ്യമുണ്ടായത് മറാജിലിനാണ്. ഹാറൂണ്‍ റഷീദിന്റെ പേര്‍ഷ്യന്‍ അടിമഭാര്യയായിരുന്നു മറാജില്‍. കുട്ടിക്ക് അബ്ദുല്ലാ എന്നു പേരിട്ടു. മഅ്മൂന്‍ എന്ന വിളിപ്പേരും.
ഖലീഫാ ഹാറൂന്‍ റഷീദിന്റെ കൊട്ടാരത്തിലെ ഒരു പരിചാരകയായിരുന്നു മറാജില്‍. ഒരു പേര്‍ഷ്യന്‍ അടിമയായിരുന്നു അവര്‍. അടിമകളെ ലൈംഗികമായി ഉപയോഗിക്കുന്നത് ഇസ്‌ലാം അനുവദിക്കുന്നുണ്ട്. സുന്ദരിയും സുമുഖിയുമായിരുന്ന മറാജിലില്‍ ഖലീഫ ആകൃഷ്ടനാവുകയായിരുന്നു. അതില്‍ അവര്‍ ഗര്‍ഭിണിയായി. ആ കുഞ്ഞിനെയാണ് അവര്‍ പ്രസവിച്ചത്. ഖലീഫാ ഹാദി മരണപ്പെട്ട ദിവസമായിരുന്നു മറാജിലിന്റെ പ്രസവം. പ്രസവത്തോടെ കൂടുതല്‍ അധികാരമുള്ള ഭാര്യയായി മറാജില്‍ മാറി. ഉമ്മു വലദ് എന്ന പേരില്‍ അവര്‍ ഖലീഫയുടെ ജീവിതത്തിന്റെ ഔദ്യോഗിക ഭാഗമായിത്തീര്‍ന്നു. ആ സ്ഥാനമാനങ്ങള്‍ അനുഭവിക്കുവാന്‍ പക്ഷെ, മറാജിലിനു ഭാഗ്യമുണ്ടായില്ല. പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രാവം അതിന്റെ സമയത്ത് നിലക്കാതെ വരികയും അതിനെ തുടര്‍ന്ന് അവര്‍ പനി ബാധിച്ച് തളര്‍ന്നുപോകുകയും ചെയ്തു. പിറേറന്നു തന്നെ അവര്‍ മരിച്ചു.
മഅ്മൂന്റെ ഉമ്മയുടെ മരണം എല്ലാവരേയും ദുഖത്തിലാഴ്തി. ഖലീഫ ആ ദുഖം ഒതുക്കുവാന്‍ വല്ലാതെ സാഹസപ്പെട്ടു. മുലകുടിക്കുന്ന പ്രായത്തില്‍ ഉമ്മ മരിച്ച മഅ്മൂനിനെ എല്ലാവരും കൃപയോടെ നോക്കി. ആ നിഷ്‌കളങ്കമായ കണ്ണുകളിലെ തെളിച്ചത്തിനു പിന്നിലെ ചോദ്യചിഹ്‌നങ്ങള്‍ കണ്ടവരെയൊക്കെ വേട്ടയാടി. സുബൈദക്കും അതു സഹിക്കുവാന്‍ കഴിയുമായിരുന്നില്ല. അവര്‍ അവനെ കോരി കയ്യിലെടുത്തു. അവര്‍ പറഞ്ഞു:'ഇവനെ ഞാന്‍ നോക്കും'
അബ്ബാസീ രാഷ്ട്രീയത്തില്‍ പിന്നെയും മാററങ്ങളുണ്ടായി. ഖലീഫ മഹ്ദി മരണപ്പെട്ടു. പത്തുവര്‍ഷത്തോളം രാജ്യം ഭരിച്ച ഖലീഫ മഹ്ദി സുശീലനും മാതൃകായോഗ്യനുമായിരുന്നു. ജനോപകാരപ്രദമായ ധാരാളം പ്രവര്‍ത്തനങ്ങളും വന്‍ മുന്നേററങ്ങളും അദ്ദേഹത്തിന്റെ ഭരണകാലത്തെ വേറിട്ടടയാളപ്പെടുത്തി. കുതിരത്തപാല്‍ സംവിധാനം ചരിത്രത്തിലാദ്യമായി ഇസ്‌ലാമിക യുഗത്തില്‍ നിലവില്‍വന്നത് അക്കാലത്തായിരുന്നു. മസ്ജിദുല്‍ ഹറാമും മസ്ജിദുന്നബവിയും അദ്ദേഹം വിപുലീകരിച്ചു.  
ഇസ്‌ലാമിക വൈജ്ഞാനിക ലോകത്ത് വിലപ്പെട്ട സംഭാവനകളായിരുന്നു ഖലീഫാ മഹ്ദി നല്‍കിയത്. അന്യഭാഷാ ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് ധാരാളം വിവര്‍ത്തനം ചെയ്യപ്പെട്ടു. മൊത്തത്തില്‍ ഖലീഫാ മഹ്ദിയുടെ കാലം സമാധാനത്തിന്‍േറതയായിരുന്നു. തന്റെ ഭര്‍തൃപിതാവുകൂടിയായ ഖലീഫയുടെ മരണത്തില്‍ സുബൈദയുടെ കണ്ണുകള്‍ ദുഖം കൊണ്ടു നനഞ്ഞു. 
ഖലീഫാ മഹ്ദിക്കു ശേഷം അദ്ദേഹത്തിന്റെ മൂത്ത മകന്‍ ഹാദി ഖലീഫയായി.ഹാദിയുടേത് പിതാവിനോളമെത്തുന്ന ഭരണമല്ലായിരുന്നു. നാട്ടില്‍ ചില വിഭാഗീയതകളൊക്കെ തലപൊക്കിത്തുടങ്ങി. അതൊക്കെ വളരും മുമ്പ് പക്ഷെ, ഹിജ്‌റ 169ല്‍ ഖലീഫാ ഹാദി മരണപ്പെട്ടു. അതോടെ അധികാരം സഹോദരനും കിരീടാവകാശിയുമായിരുന്ന ഹാറൂണ്‍ റഷീദിന്റെ കയ്യില്‍ വന്നു. സുബൈദാ ജഅ്ഫര്‍ സുബൈദാ രാജ്ഞിയായി.
ബഗ്ദാദിലെ പ്രഥമവനിതയായി മാറിയപ്പോഴേക്കും അവരുടെ ജീവിതത്തില്‍ മറെറാരു സന്തോഷം കൂടി തുടികൊട്ടു തുടങ്ങിയിരുന്നു. നിരാശകളുടെ മേല്‍ ആ സന്തോഷം വളര്‍ന്നുപടര്‍ന്നു. മനസ്ഥാപത്തിന്റെ നീററല്‍ സന്തോഷത്തിന്റെ ഹര്‍ഷാരവമായി മാറി. സുബൈദാ രാജ്ഞി ഗര്‍ഭിണിയായി. അവര്‍ ഒരു കുഞ്ഞിനു ജന്‍മം നല്‍കി. ഓമനത്വവും പ്രതാപവും വിളിച്ചറിയിക്കുന്ന തിളങ്ങുന്ന മുഖമുള്ള ഒരാണ്‍കുട്ടി. സുകൃതങ്ങളുടെ സഹചാരികളായ മാതാപിതാക്കളുടെ നേര്‍പകര്‍പ്പായി ഓമനത്വമുള്ള ഒരു ആണ്‍കുട്ടി. അവര്‍ അവന് മുഹമ്മദ് എന്നു പേരിട്ടു. വിളിക്കുവാന്‍ അമീന്‍ എന്ന വിളിപ്പേരും.
രണ്ടു കുട്ടികളേയും സുബൈദാ രാജ്ഞി വളര്‍ത്തി. പോററുമകനേക്കാള്‍ സ്വന്തം മകനോട് വത്‌സല്യമുണ്ടാകുന്നത് ഇവിടെ സ്വാഭാവികം മാത്രം. തന്റെ മകന്‍ അമീന്റെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവായിരുന്നു അവര്‍. ഒന്നിനും കുറവില്ലാത്ത വിധം അവര്‍ അവനെ വളര്‍ത്തി. അവനു ആവശ്യമായ എല്ലാ സുഖസൗകര്യങ്ങളും നല്‍കി. അവനെ പഠിപ്പിക്കുവാന്‍ വലിയ പണ്‍ഡിതരെ കൊട്ടാരത്തില്‍ വരുത്തി. മഹാനായ ഇമാം കസാഈ(റ) തുടങ്ങിയ മഹത്തുകള്‍ വരെ ആ ഗുരുനിരയിലുണ്ടായിരുന്നു.
രണ്ടു കുട്ടികളും വളര്‍ന്നുവന്നു. യുവകോമളന്‍മാരായി. അബ്ബാസീ ഖിലാഫത്തിലെ രാജകുമാരന്‍മാരായി. അതോടെ അവരെ ജനം കൗതുക പൂര്‍വ്വം നോക്കി ആത്മഗതം ചെയ്യുവാന്‍ തുടങ്ങി; മൂത്ത മകന്‍ മഅ്മൂന്‍ കിരീടാവകാശിയാകും. രണ്ടാമത്തെ മകന്‍ അമീന്‍ മഅ്മൂനിനു ശേഷം ഭരണാധികാരിയുമാകും.. പക്ഷെ രാജ്ഞിയുടെ ചിന്ത മറെറാരിടത്തേക്കായിരുന്നു തിരിഞ്ഞത്. തികച്ചും വിത്യസ്ഥമായ ഒരു അഭിപ്രായത്തിലേക്ക്. ക്രമേണ അതു അവരുടെ മനസ്സിനെ പിടികൂടി. ആ ചിന്തകളില്‍ അവര്‍ രാപ്പകലുകള്‍ തള്ളിയിട്ടു. അവര്‍ കരുതി. തന്റെ മകന്‍ അമീന്‍ കിരീടാവകാശിയാകണം. മറാജിലിന്റെ മകന്‍ അതായിക്കൂടാ..

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter