റമദാന്‍ വിട പറയുമ്പോള്‍

റമദാന്‍ വിട പറയുന്നതോടെ പലരും ആരാധനാ കാര്യങ്ങളില്‍ പിന്നോട്ട് പോവുന്നത് സ്ഥിരം കാഴ്ചയാണ്. ഇതുവളരെയേറെ സങ്കടകരമാണ്. നിസ്കരിക്കുന്നവരും ഖുര്ആന് പാരായണം ചെയ്യുന്നവരും ഇഅ്തികാപ് ഇരിക്കുന്നവരുമായി നിറഞ്ഞുനിന്നിരുന്ന പള്ളികള്‍ റമദാന്‍ കഴിയുന്നതോടെ കാലിയാവുന്നു. ജമാഅത് നിസ്കാരത്തിന് പോലും പലപ്പോഴും ആളുകളില്ലാതാവുന്നതാണ് റമദാനിന് ശേഷമുള്ള അധിക പള്ളികളിലെയും അവസ്ഥ.

എന്ത്കൊണ്ടാണ് ഇത്തരം അവസ്ഥാവിശേഷം സംജാതമാവുന്നത്. പ്രധാനകാരണം, റമദാനിനെ നമ്മില് പലരും കാണുന്നത് ഒരു ആചാരമായാണ്, ആരാധനയായല്ല. മറ്റുമാസങ്ങളില്‍നിന്ന് വ്യത്യസ്തമായി ഏതാനും ചില കാര്യങ്ങളും കര്‍മങ്ങളും നിര്‍വ്വഹിക്കാനുള്ള മാസമാണ് പലര്‍ക്കും റമദാന്‍. റമദാന്‍ വിട പറയുന്നതോടെ ആ കര്‍മ്മങ്ങളോടും വിട പറയുന്നത് അത് കൊണ്ടാണ്. നിസ്കരിക്കാതെ പോലും നോന്പ് അനുഷ്ഠിക്കുന്നതും ഫര്‍ള് നിസ്കരിക്കാതെപോലും തറാവീഹ് നിസ്കരിക്കുന്നതുമൊക്കെ ഇതിന്റെ ഫലങ്ങളാണ്. റമദാനിനെ ആചാരമായി കാണുന്നവരാണ് അത് കഴിയുന്നതോടെ പൂര്‍വ്വ സ്ഥിതിയിലേക്ക് മടങ്ങുന്നത്.

Also Read:റമദാന്‍ വിടപറയുമ്പോള്‍, റീത്വ ബിന്‍ത് സഅ്ദ് നമ്മെ ഓര്‍മ്മിപ്പിക്കേണ്ടത്..

നമ്മുടെ ആരാധനാകര്‍മ്മങ്ങളൊക്കെ ഇന്ന് കേവലം ആചാരമായി മാറിക്കൊണ്ടിരിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ശക്തമായ മനസ്സാന്നിധ്യത്തിലൂടെ മാത്രമേ ഇത് മാറ്റിയെടുക്കാനാവൂ. റമദാനില്‍ പിശാചുക്കള്‍ ബന്ധനസ്ഥരാകുന്നുവെന്നത് മറ്റൊരു കാരണമാവുന്നു. മനുഷ്യമക്കളെ പിഴപ്പിക്കാനാവാതെ ഒരു മാസം മുഴുവനും തടവില്‍ കഴിയുന്ന അവര്‍ മോചിതരാവുന്നതോടെ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരുന്നു. റമദാനില്‍ നേടിയെടുത്ത ചൈതന്യം കഴിയുന്നത്ര ഇല്ലാതാക്കാനായിരിക്കും പിന്നീടവരുടെ ശ്രമം. പലരും ഇതില്‍ പെട്ടുപോവുന്നു. അത്തരം ചതിക്കുഴികളില്‍ പെടാതെ നോക്കേണ്ടത് നമ്മുടെ ബാധ്യതയും ആവശ്യവുമാണ്. ഒരു മാസം മുഴുവനായി ആരാധനാകര്‍മ്മങ്ങളുമായി കൂടുന്നതോടെ സ്വാഭാവികമായും ഉണ്ടായിത്തീരുന്ന ക്ഷീണവും മടുപ്പും ഇതിന്റെ മറ്റൊരു കാരണമാണെന്ന് പറയാം. റമദാന്‍ ആദ്യദിനങ്ങളില്‍ തറാവീഹ് നിസ്കാരത്തിനുണ്ടാവുന്ന ജനക്കൂട്ടം പതുക്കെപ്പതുക്കെ കുറഞ്ഞുവരുന്നതും ഇതിന്റെ തെളിവാണ്.

എന്നാല്‍ വിശ്വാസിയെ സംബന്ധിച്ചിടത്തോളം ആരാധനാകര്‍മ്മങ്ങള്‍ക്ക് സമയമോ സന്ദര്ഭമോ ഇല്ലെന്നതാണ് സത്യം. മരണം വരെ മടുക്കാതെ ആരാധനാകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനാണ് കല്‍പിക്കപ്പെട്ടിരിക്കുന്നത്. (മരണം വരുന്നതുവരെ നീ നിന്റെ നാഥനെ ആരാധിക്കുക- ഹിജ്റ്-99) റമദാന്‍ നാഥനിലേക്ക് അടുക്കാനുള്ള അവസരമാണെന്ന ബോധം പരമാവധി ഉണ്ടാവേണ്ടിയിരിക്കുന്നു. ഒരു മാസത്തെ പരിശ്രമത്തിലൂടെ നേടിയെടുക്കുന്ന സാമീപ്യവും പുണ്യവും ഇതരമാസങ്ങളില്‍ കൂടുതല്‍ വര്‍ദ്ദിപ്പിക്കാനായിരിക്കണം ശ്രമിക്കേണ്ടത്. റമദാനിലൂടെ നേടിയെടുക്കുന്ന ചൈതന്യം ശിഷ്ടജീവിതത്തില്‍ തുടരാനാവുന്പോള്‍ മാത്രമാണ് യഥാര്‍ത്ഥ റമാദനും നോന്പുമായിത്തീരുന്നത്. നോന്പ്, ഹജ്ജ് തുടങ്ങിയ മഹത്തായ ആരാധനാകര്‍മ്മങ്ങളുടെ സ്വീകാര്യത, അവക്ക് ശേഷമുള്ള ജീവിതക്രമത്തിലും കര്‍മ്മങ്ങളിലും വരുന്ന മാറ്റങ്ങളിലൂടെ മനസ്സിലാക്കാമെന്നാണ് പണ്ഡിതര്‍ അഭിപ്രായപ്പെടുന്നത്.

അത്കൊണ്ട്, നോന്പിലൂടെ നേടിയെടുക്കുന്ന ചൈതന്യവും ആത്മീയ ഔന്നത്യവും കാത്തുസൂക്ഷിക്കാന്‍ പരമാവധി നാം ശ്രമിക്കേണ്ടിയിരിക്കുന്നു. അപ്പോള്‍ മാത്രമേ, പ്രവാചകര്‍ (സ) പറഞ്ഞതുപോലെ, കഴിഞ്ഞ റമദാന്‍ മുതലുള്ള ദോഷങ്ങള്‍ക്ക് അത് പ്രായശ്ചിത്തമാവുകയുള്ളൂ.

(2012 ല്‍ പ്രസിദ്ധീകരിച്ച ലേഖനം പുനപ്രസിദ്ധീകരിക്കുന്നു)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter