നോമ്പ് - സൂഫീ വായനകളിലൂടെ (ഭാഗം-06)

നോമ്പ് - സൂഫീ വായനകളിലൂടെ (ഭാഗം-06)
------------------------------------------------------------------

ബഹുമാനപ്പെട്ട സൂഫികൾ, ആരാധനകളുടെ ബാഹ്യപ്രകടനങ്ങൾക്കും അത്തരം വിധികളും രീതിശാസ്ത്രങ്ങൾക്കുമപ്പുറം അവ ആത്മീയ സംസ്കരണത്തിൽ വഹിക്കുന്ന പങ്കുകളേയും അവയിലെ ആത്മീയ പരിപ്രേക്ഷ്യങ്ങളെയും വിഷയമാക്കി രചനകൾ നടത്തിയിട്ടുണ്ട്. ആ രീതിയിൽ നോമ്പും ചില സൂഫി രചനകളിൽ ഇടം നേടിയിട്ടുണ്ട്. അവയിൽ ഏതാനും ചിലത് പരിചയപ്പെടുത്താനാഗ്രഹിക്കുന്നു. അവരതിനെ നോമ്പിന്‍റെ ഹഖീഖത് എന്ന് വിളിക്കാനാണ് ആഗ്രഹിക്കുന്നത്.
-=<(*****)>=-
ലഥാഇഫുൽ ഇശാറാത് എന്ന തഫ്സീറിൽ അതിന്‍റെ മുസ്വന്നിഫ്, ഇമാം അബുൽഖാസിം അൽഖുശൈരി (റ) സൂറതുൽ ബഖറയിലെ 183-185 വരെയുള്ള ആയതുകളുടെ വ്യാഖ്യാനങ്ങളിലൂടെ നോമ്പിന്‍റെ ആത്മീയ വശങ്ങളും ആയതുകളുടെ ആന്തരാർത്ഥങ്ങളും വിശദമാക്കുന്നുണ്ട്. 
നോമ്പിനെ ബാഹ്യമെന്നും ആന്തരികമെന്നും തരംതിരിച്ചാണ് തുടങ്ങുന്നത്. ബാഥിനായ നോമ്പെന്നാൽ നേരത്തെ പറഞ്ഞതുപോലെ അല്ലാഹുവല്ലാത്ത ചിന്തയില്ലാതിരിക്കലാണ്. صوموا لرؤيته وأفطروا لرؤيته എന്ന ഹദീസിന്‍റെ സൂചനാ വ്യാഖ്യാനമായി അദ്ദേഹം നൽകിയതിങ്ങനെയാണ് – ഇതിൽ രണ്ടുസ്ഥലത്തുള്ള “ഹീ” എന്ന സർവ്വനാമം കൊണ്ടുദ്ദേശിക്കുന്നത് അല്ലാഹുവാണെന്നാണ് തഹ്ഖീഖിന്‍റെ ആളുകൾ പറയുന്നത്. അഥവാ അല്ലാഹവിനെ കാണാൻ വേണ്ടി നോമ്പു നോൽക്കുക. അല്ലാഹുവിനെ കാണാൻ വേണ്ടി നോമ്പ് മുറിക്കുകയും ചെയ്യുക. 
فمن شهد منكم الشهر... 
എന്ന ആയതിന്‍റെ വ്യാഖ്യാനത്തിൽ അദ്ദേഹം ഇങ്ങനെ പറയുന്നു – ഈ മാസത്തിനു സാക്ഷിയായവർ അല്ലാഹുവിനു വേണ്ടി നോമ്പനുഷ്ടിക്കുന്നു. മാസത്തിന്‍റെ സ്രഷ്ടാവിനു സാക്ഷിയായവൻ അല്ലാഹുവിനെ കൊണ്ട് നോമ്പനുഷ്ടിക്കുന്നു. (അല്ലാഹുവിന്‍റെ സഹായത്താൽ മാത്രം, അഥവാ സ്വന്തം പ്രയത്നത്തെ പരിഗണിക്കുന്നില്ല. എല്ലാം അല്ലാഹുവിന്‍റെ എന്നതിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.) അല്ലാഹുവിനു വേണ്ടി നോൽക്കുമ്പോൾ പ്രതിഫലം ലഭിക്കുന്നു. അല്ലാഹുവിനെ കൊണ്ട് നോൽക്കുമ്പോൾ അല്ലാഹുവിന്‍റെ സാമീപ്യം ലഭിക്കുന്നു. അല്ലാഹുവിനു വേണ്ടിയുള്ള (ലില്ലാഹ്) നോമ്പ് ഇബാദത്തിന്‍റെ സാക്ഷാൽക്കാരമാണെങ്കിൽ അവനെ കൊണ്ടുള്ള (ബില്ലാഹ്) നോമ്പ് ഉദ്ദേശ്യ ശുദ്ധീകരണമാണ്. ലില്ലാഹ് ആയ നോമ്പ് എല്ലാ ആബിദിന്‍റെയും വിശേഷണമാണ്. എന്നാൽ ബില്ലാഹ് നോമ്പ് അല്ലാഹുവിനെ ലക്ഷ്യം വെക്കുന്നവന്‍റെ ഗുണമാണ്. ലില്ലാഹ് നോമ്പ് ബാഹ്യമാണെങ്കിൽ ബില്ലാഹ് നോമ്പ് ആത്മാവിനകത്താണ്. ലില്ലാഹ് നോമ്പ് ശരീഅത്തിലെ ഇബാദത്തുകളുടെ നിർവ്വഹണമാകുമ്പോൾ ബില്ലാഹ് നോമ്പ് യഥാർത്ഥ ദിവ്യസൂചനകളെ മുറുകെ പിടിക്കലാണ്.
മാസത്തിനു സാക്ഷിയായവൻ നോമ്പു മുറിയുന്ന കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നു. അല്ലാഹുവിനു സാക്ഷിയായവൻ അവൻറെ ശിഷ്ടകാലങ്ങളിൽ സൃഷ്ടികളിൽ നിന്നു തന്നെ വിട്ടു നിൽക്കുന്നു.
ശരീരത്തിന്‍റെ നോമ്പെടുത്തവനു സ്വർഗത്തിലെ സൽസബീൽ, സൻജബീൽ തുടങ്ങിയ പാനീയങ്ങൾ കുടിക്കാൻ കൊടുക്കുന്നു. ഹൃദയത്തിൽ നോമ്പെടുത്തവനു അനുരാഗത്തിന്‍റെ പാനീയമാണ് നൽകുക. അതെന്തു മാത്രം ഉന്നതമായ പാനീയമാണ്. അത് ചഷകത്തിൽ വിളമ്പുന്നതല്ല, അത് മാനസികോല്ലാസത്തിന്‍റേതാണ്. 
ഥരീഖത് വഴിയിൽ മുന്നോട്ട് പോകാനാകാതെ വിഷമിക്കുന്നവരുണ്ടാകും. ഒന്നുകിൽ ശരീരേഛകളെ കീഴ്പ്പെടുത്തുന്നതിൽ വേണ്ട ശക്തി സംഭരിക്കാനാകാത്തകാം അല്ലെങ്കിൽ ഹഖീഖത്തിലേക്കെത്താനുള്ള ബാണ്ഡങ്ങൾ വഹിക്കാനാകാത്തകാം അതിനു കാരണം. ഇത്തരം സന്ദർഭങ്ങളിൽ അൽപം സാവകാശത്തിൽ ശക്തി സംഭരിക്കുകയും നിശ്ചം ദൃഢീകരിക്കുകയും ചെയ്യുക. എന്നിട്ട് വീണ്ടും ഹഖീഖത്തിലേക്കുള്ള വഴിയിലേക്ക് തിരിച്ചു വരിക. ഇതാണ് فمن كان منكم مريضا أو على سفر .... എന്ന ആയതിന്‍റെ സൂചനാ വ്യാഖ്യാനം.
-=<(*****)>=-
-=<(*****)>=-
നോമ്പിനെ സംബന്ധിച്ചുള്ള സൂഫീ വായനകളിൽ ഏതാനും ചിലതാണ് മുകളിൽ നൽകിയത്. ഇപ്രകാരം ഒട്ടനവധി സൂഫീ വിശദീകരണങ്ങളും സൂചനാ വ്യാഖ്യാനങ്ങളും കണ്ടെത്താനാവും. നോമ്പിന്‍റെ ആത്മീയ വശം പൂർണമായും ഉൾകൊണ്ട് അത് അനുഷ്ഠിക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter