പ്രവാചകരുടെ വിശേഷണങ്ങള്‍

<img class="alignleft size-medium wp-image-7253" title="Prophet Muhammad PBUH6241" data-cke-saved-src="http://www.islamonweb.net/wp-content/uploads/2012/07/Prophet-Muhammad-PBUH6241-300x180.jpg" src="http://www.islamonweb.net/wp-content/uploads/2012/07/Prophet-Muhammad-PBUH6241-300x180.jpg" alt=" width=" 300"="" style="float: left; height: 180px;">അവിടന്ന് കലര്‍പ്പില്ലാത്ത നിറമുള്ളവരും രണ്ടു കണ്ണുകള്‍ ശക്തിയായി കറുത്ത് വിശാലമായവരും നീണ്ട ഇമകളുള്ളവരും മുഖം കണ്‍പുരികങ്ങള്‍ തമ്മില്‍ അകലമുള്ളവരും നടുമൂക്ക് പൊന്തിയവരും (തത്തച്ചുണ്ടന്‍ മൂക്ക്) മുന്‍പല്ലുകള്‍ക്കിടയില്‍ അകലമുള്ളവരും നെറ്റി വിശാലമായവരും താടിരോമം തിങ്ങിവളര്‍ന്നവരും നെഞ്ചുവിശാലമായവരും നെഞ്ചും വയറും സമമായവരുമാണ്. രണ്ട് ചുമലുകള്‍, എല്ലുകള്‍, തോള്‍കൈ, മുഴം കൈ, പൃഷ്ഠം എന്നിവ തടിച്ചവരും രണ്ട് മുന്‍കൈ വിശാലമായവരും (ഔദാര്യവാന്‍) രണ്ട് പാദങ്ങള്‍ വിശാലമായവരും വിരലുകള്‍ നീളമുള്ളവരും ശരീരതേജസ്സുള്ളവരും അരക്കെട്ട് കുടുങ്ങിയവരും പൊക്കിളിന്റേയും നെഞ്ചിന്റേയും ഇടയില്‍ മുടി നീണ്ട് മുളച്ചവരുമാണ്.

ഒത്ത വലിപ്പമുള്ളവരും (നീളം കൂടിയവരുടെ കൂട്ടത്തിലാകുമ്പോള്‍ അവരേക്കാള്‍ വലിപ്പമുള്ളവരായിരിക്കും) വാര്‍ന്ന് വെച്ചത് പോലുള്ള തലമുടിയുള്ളവരുമാകുന്നു. അധികവും ചെവിക്കുന്നിയോളം മുടിക്ക് നീളമുണ്ടായിരിക്കും. ചിലപ്പോള്‍ ചുമല്‍ വരെ നീണ്ട് നില്‍ക്കും.- സാധാരണ മുടി രണ്ട് പകുതിയാക്കി ചീകിയിടും. ചിലപ്പോള്‍ നാലായും- ചെവിയെ മുടികൊണ്ട് മൂടിയും അല്ലാതെയും ഇടാറുണ്ട്. പുഞ്ചിരിക്കുമ്പോള്‍ പല്ലുകള്‍ മിന്നല്‍ പിണരുകള്‍ പോലെ പ്രകാശിക്കുന്നവരും സംസാരിക്കുമ്പോള്‍ മുന്‍പല്ലുകള്‍ക്കിടയില്‍ നിന്ന് പ്രകാശം പുറപ്പെടുന്നവരുമാണ്.

വെള്ളിക്കിണ്ടിയെപ്പോലുള്ള കഴുത്താണ് (പിരടി പൊന്‍നിറമുള്ളതാണ് കഴുത്ത് വെള്ളിക്കിണ്ടിയുടേതു പോലെ ഉയര്‍ന്നതും) അകലെ നിന്ന് (നോക്കുമ്പോള്‍) മനുഷ്യരില്‍ വെച്ചേറ്റവും ഭംഗിയുള്ളവരും അടുത്ത് നിന്ന് ഏറ്റവും അഴകുള്ളവരും ഭംഗിയുള്ളവരും ആയി അനുഭവപ്പെടും. സംസാരം ഏറ്റവും മാധുര്യമുള്ളതും സൂര്യന്‍ മുഖത്തുകൂടി സഞ്ചരിക്കുന്നത് പോലെ (പ്രകാശമുള്ളതും) പൂര്‍ണ്ണ ചന്ദ്രന്റെ രാത്രിയിലേതുപോലെ തിളങ്ങുന്നതുമാകുന്നു. കണ്ട് ഇടപഴകാത്തവര്‍ ആദ്യ കാഴ്ചയില്‍ ഭയപ്പെടുന്നതും ഇട പഴകിയാല്‍ സ്‌നേഹിക്കുന്നതുമാണ്.

കൂടാതെ ഖുര്‍ആനില്‍ പ്രസ്താവിച്ച എല്ലാ വിശേഷണങ്ങളും സമ്മേളിച്ചിരിക്കുന്നു. നബി  ഒരു ഭക്ഷണത്തേയും കുറ്റം പറയുകയില്ല. ആവശ്യമുണ്ടെങ്കില്‍ കഴിക്കും ഇല്ലെങ്കില്‍ ഉപേക്ഷിക്കുകയും ചെയ്യും. അല്ലാഹുവിന്ന് വളരെ താഴ്മയുള്ളവരും മനുഷ്യരില്‍ വെച്ചേറ്റവും ധൈര്യമുള്ളവരുമാണ്. യുദ്ധങ്ങളില്‍ വളരെ ധൈര്യമായി പൊരുതാറുമുണ്ട്. വലിയ ധര്‍മ്മിഷ്ഠരും ക്ഷമാശീലരുമാണ്. അമുസ്‌ലിംകള്‍ക്കുപോലും  നാശം കൊണ്ട് പ്രാര്‍ത്ഥിക്കുകയില്ല. ഉഹ്ദ് യുദ്ധത്തില്‍ നബി യുടെ മുന്‍പല്ല് ഒരമ്പ് തട്ടിയ കാരണത്താല്‍ പൊട്ടിപ്പോയി.

അമ്പ് കൊണ്ട് നെറ്റിയില്‍ മുറിവേല്‍ക്കുകയുമുണ്ടായി. എന്നിട്ടും അവര്‍ക്കുവേണ്ടി ദോഷമായി പ്രാര്‍ത്ഥിച്ചില്ല. ഗുണം കൊണ്ട്  പ്രാര്‍ത്ഥിക്കുകയാണ് ചെയ്തത്. നബി ÷ ഒട്ടേറെ വാക്ചാതുര്യമുള്ളവരും, ബുദ്ധി ശക്തി, വിജ്ഞാനം, സത്യസന്ധത, കരുണ, സ്‌നേഹം എന്നിവയില്‍ അതുല്യരുമാണ്. മറ്റ് അമ്പിയാ മുര്‍സലുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ്. ‘ഹൗളുല്‍ മൗറൂദ്’ (സമൃദ്ധതടാകം) ‘മഖാമുല്‍ മഹ്മൂദ്’ (സ്തുതിക്കപ്പെട്ട സ്ഥാനം) എന്നീ പദവികള്‍കൊണ്ട് പ്രത്യേകമാക്കപ്പെട്ടവരുമാണ്. എല്ലാ മുര്‍സലുകള്‍ക്കും അവസാനത്തെ കണ്ണിയും സര്‍വ്വ ജനങ്ങള്‍ക്കും കരുണയായി നിയോഗിക്കപ്പെട്ടവരുമാണ്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter