നബിതങ്ങളുടെ ശരീരപ്രകൃതി- രണ്ട്

<img class="alignnone wp-image-16975" data-cke-saved-src="http://www.islamonweb.net/wp-content/uploads/2013/01/173.jpg" src="http://www.islamonweb.net/wp-content/uploads/2013/01/173.jpg" alt=" width=" 504"="" height="378"> 

വായപല്ല്ഉമിനീരിന്റെ സുഗന്ധം:

 

നബി(സ)യുടെ പല്ലുകള്‍ ചെപ്പിലടക്കപ്പെട്ട മുത്ത് പോലെയായിരുന്നുവെന്ന് ഇമാം ബൂസ്വീരി(റ) ബുര്‍ദയില്‍ പറയുന്നുണ്ട്.

തിളങ്ങുന്ന, വെളുത്ത, മൂര്‍ച്ചയുള്ള പല്ലുകളായിരുന്നു നബി(സ)യുടേത്. (തുര്‍മുദി, ശറഹുശ്ശമാഇല്‍ 1:45)

അവിടുന്ന് വായ വിശാലതയുള്ളവരായിരുന്നു. (മുസ്‌ലിം-കിതാബുല്‍ഫളാഇല്‍, മുസ്‌നദ് അഹ്മദ് 5:97)

അനസ്(റ) പറയുന്നു: അവിടത്തേക്കാള്‍ സുഗന്ധമുള്ളതായി ഞാനൊരു വായയും വാസനിച്ചിട്ടില്ല (ഥബഖാതുബ്‌നു സഅദ് 1:123)

നബി(സ)തങ്ങള്‍ ഒരു ബക്കറ്റില്‍ തുപ്പി. അത് ഒരു കിണറ്റിലേക്ക് ഒഴിച്ചപ്പോള്‍ അതില്‍ കസ്തൂരിയുടെ ഗന്ധം വ്യാപിച്ചു (മുസ്‌നദ് അഹ്മദ് 4:316, ഇബ്‌നുമാജ-കിതാബുത്ത്വഹാറ).

അനസ്(റ) പറയുന്നു: നബി(സ)ഞങ്ങളുടെ കിണറ്റില്‍ തുപ്പി. അതിനു ശേഷം ആ കിണറ്റിലെ വെള്ളത്തേക്കാള്‍ രുചികരമായി മറ്റൊരു കിണര്‍ മദീനയിലുണ്ടായിരുന്നില്ല (അബൂനഈം, ഖസ്വാഇസ്വുല്‍കുബ്‌റാ 1:153)

ഉത്ബതുബ്‌നുഫര്‍ഖദ്(റ) പറയുന്നു: നബി(സ)തന്റെ കൈയില്‍ തുപ്പി എന്റെ ശരീരത്തില്‍ തടവി. അപ്പോള്‍ ഞാന്‍ ജനങ്ങളില്‍ ഏറ്റവും സുഗന്ധമുള്ളവനായി. (ബുഖാരി,ഥബ്‌റാനി, മജ്മഉസ്സവാഇദ് 8:282)

ദാഹിച്ചുവലഞ്ഞ ഹസന്‍(റ)വിന് നബി(സ)തന്റെ ഉമിനീര് നല്‍കി. അപ്പോള്‍ അദ്ദേഹത്തിന് ദാഹശമനമുണ്ടായി. (ഇബ്‌നുഅസാകിര്‍, ഖസ്വാഇസ്വുല്‍കുബ്‌റാ 1:155)

കഴുത്ത്തോള്‍

അവിടത്തെ കഴുത്ത് നീണ്ടതും വെള്ളി പോലെ തെളിഞ്ഞതുമായിരുന്നു (തുര്‍മുദി).

അവ വെള്ളിക്കിണ്ടി പോലെ ആയിരുന്നുവെന്ന് ഉമര്‍(റ) പറയുന്നുണ്ട് (തഹ്ദീദുബ്‌നു അസാകിര്‍)

നബി(സ)യുടെ ഇരുതോളുകള്‍ നീളമുള്ളതായിരുന്നു (ബുഖാരി, മുസ്‌ലിം, തുര്‍മുദി).

അവിടത്തെ തോള്‍ എനിക്ക് ചന്ദ്രനെപ്പോലെ തോന്നിയെന്ന് അനസ്(റ) പ്രസ്താവിച്ചു (അബുല്‍ഹസന്‍).

പുറംനുബുവ്വത്തിന്റെ അടയാളം

അവിടത്തെ പുറം വെള്ളിക്കട്ടിയെപ്പോലെയായിരുന്നു (മുസ്‌നദ് അഹ്മദ് 5:380)

അവിടത്തെ പുറത്തെ നുബുവ്വത്തിന്റെ അടയാളത്തെപ്പറ്റി വിവിധ അഭിപ്രായങ്ങളുണ്ട്:

  • സാഇബുബ്‌നു യസീദ്(റ)വിന്റെ ഹദീസില്‍ അത് മണിയറയില്‍ തൂക്കിയിടുന്ന വിരിയിലെ ബട്ടണ്‍ പോലെയായിരുന്നുവെന്ന് കാണാം (ബുഖാരി, മുസ്‌ലിം).
  • മുഷ്ടിയെപ്പോലെയായിരുന്നു
  • പ്രാവിന്റെ മുട്ട പോലെയായിരുന്നു. (മുസ്‌ലിം, ബൈഹഖി).
  • ഉമര്‍(റ)വിന്റെ ഹദീസില്‍ ‘ഒരുമിച്ചുകൂടിയ മുടി പോലെയായിരുന്നു’ (അഹ്മദ്, തുര്‍മുദി, ഹാകിം).
  • അത് തള്ളി നില്‍ക്കുന്ന ഇറച്ചിക്കഷ്ണമായിരുന്നു.
  • തോക്കിന്റെ തിര പോലെയായിരുന്നു
  • ആപ്പിള്‍ പോലെയായിരുന്നു.
  • കൊമ്പുവെച്ച അടയാളം പോലെയായിരുന്നു.
  • മഞ്ഞയും കറുപ്പും ചേര്‍ന്ന മറുക് പോലെയായിരുന്നു.
  • തിളങ്ങുന്ന വസ്തു പോലെയായിരുന്നു.
  • പ്രാവിന്റെ കാഷ്ഠം പോലെയായിരുന്നു.
  • ആഇശ(റ) പറയുന്നു: കറുപ്പ് ചേര്‍ന്ന ചെറിയ അത്തിക്കായ പോലെയായിരുന്നു.
  • സീല്‍ ചെയ്യപ്പെടുന്ന വസ്തു പോലെയായിരുന്നു. (സുബുല്‍)

നുബുവ്വത്തിന്റെ അടയാളം വലത്തെ തോളെല്ലിന്റെ അടുത്തായിരുന്നു (മുസ്‌ലിം).

പ്രവാചകമുദ്ര, പ്രസവിക്കപ്പെട്ടപ്പോള്‍ തന്നെ ഉണ്ടായിരുന്നു എന്നും ഇല്ലെന്നും അഭിപ്രായങ്ങളുണ്ട്. ഇത് നമ്മുടെ നബി(സ)യുടെ മാത്രം പ്രത്യേകതയാണെന്നും പ്രവാചകത്വ പരിസമാപ്തിയുടെ അടയാളമാണെന്നും ബുര്‍ഹാനുദ്ദീന്‍(റ) അഭിപ്രായപ്പെടുന്നു (സുബുല്‍ 2:70)

അബുദ്ദര്‍ദാഅ(റ) ഉദ്ധരിക്കുന്നു: അത് ചന്ദ്രവൃത്താകൃതിയിലും ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍റസൂലുല്ലാഹ് എന്ന് എഴുതപ്പെട്ടതും ആയിരുന്നു.

തിരുനബി(സ)യുടെ വഫാത്ത് സമയത്ത് അത് ഉയര്‍ത്തപ്പെട്ടിരുന്നു എന്നൊരു അഭിപ്രായമുണ്ട് (സുബുല്‍ 2:73)

നെഞ്ച്വയറ്

അവിടത്തെ വയറും നെഞ്ചും സമമായിരുന്നു. വയറുന്തിയതായിരുന്നില്ല. നെഞ്ച് വിശാലമായിരുന്നു. വയറിന് മൂന്ന് ചുരുളുണ്ടായിരുന്നു. ഒന്ന് അരയുടുപ്പില്‍ മറയും. മറ്റു രണ്ടെണ്ണം പ്രത്യക്ഷമാകും (സുബുല്‍ഹുദാ വര്‍റശാദ് 2:76)

നബി(സ)യുടെ കഴുത്തിന്റെ അടിഭാഗം മുതല്‍ പൊക്കിള്‍ വരെ നേരിയ മുടിയുണ്ടായിരുന്നു. മുലകളില്‍ മുടിയുണ്ടായിരുന്നില്ല (സുബുല്‍ 2:77, ഥബഖാതുബ്‌നു സഅ്ദ് 1:410)

അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം: അവിടത്തെ ഊര വെളുത്തതായിരുന്നു (താരീഖുബ്‌നു അസാകിര്‍ 1:319)

നെഞ്ച് പിളര്‍ക്കപ്പെട്ടത്:

നബി(സ)യുടെ നെഞ്ച് നാല് പ്രാവശ്യം പിളര്‍ക്കപ്പെട്ടിട്ടുണ്ട്.

  1. ചെറുപ്പകാലത്ത് ബനൂസഅ്ദ് ഗോത്രമൊന്നിച്ച് താമസിക്കവെ  നബി(സ)യും സഹോദരനും (ളംറത്ത്) ആട് മേക്കാന്‍ പോയപ്പോള്‍ പക്ഷിരൂപത്തില്‍ രണ്ട് മലക്കുകള്‍ വന്ന് നെഞ്ച് പിളര്‍ത്തി മഞ്ഞുവെള്ളം കൊണ്ടും തണുത്ത വെള്ളം കൊണ്ടും കഴുകി തല്‍സ്ഥാനം തുന്നിച്ചേര്‍ത്തു (ഹാകിം, ദാരിമി, അഹ്മദ്).
  2. 12 ാമത്തെ വയസ്സില്‍. നബി(സ)ഒരു മരുഭൂമിയിലൂടെ നടന്നുപോകുമ്പോള്‍ ഹൃദയം കീറി അതില്‍ അനുഗ്രഹവും കാരുണ്യവും നിറച്ചു (ഇമാം അഹ്മദ്).
  3. പ്രവാചക നിയോഗ സമയത്ത് നെഞ്ച് കീറി സംസം കൊണ്ട് കഴുകി (അബൂദാവൂദ് ത്വയാലിസി, ബൈഹഖി-ദലാഇലുന്നുബുവ്വ 171)
  4. ആകാശാരോഹണത്തിന്റെ (ഇസ്‌റാഅ്) രാവില്‍ (മുസ്‌ലിം-കിതാബുല്‍ ഇസ്രാഅ്, മുസ്‌നദ് അഹ്മദ് 4:208)

ഈ സമയത്ത് നബി(സ)ക്ക് വേദന അനുഭവപ്പെട്ടിരുന്നുവെന്നും ഇല്ലെന്നും അഭിപ്രായമുണ്ട്.

കൈകളും കക്ഷവും

നബി(സ)യുടെ വിരലുകള്‍ അല്‍പം പരുപരുത്തതും (സുബുല്‍) നീണ്ടതുമായിരുന്നു. കൈപത്തി തടിച്ചതും വിശാലവുമായിരുന്നു. (ശര്‍ഹു ശമാഇല്‍-ഇബ്‌നു ജസൂസ് 1:19)

നബി(സ)യുടെ തോള്‍കൈയും മുഴംകൈയും തടിച്ചവയും മുഴംകൈയിന്റെ എല്ലുകള്‍ നീളമുള്ളവയും മുഴംകൈ മുടിയുള്ളതുമായിരുന്നു.

അനസ്(റ) പറയുന്നു: നബി(സ)യുടെ കൈപ്പത്തിയേക്കാള്‍ മാര്‍ദ്ദവമുള്ള ഒരു പട്ട് ഞാന്‍ തൊട്ടിട്ടില്ല. (മുസ്‌നദ് അഹ്മദ് 3/424)

ആ കൈകള്‍ മഞ്ഞിനേക്കാള്‍ തണുപ്പുള്ളതായി എനിക്കനുഭവപ്പെട്ടു എന്ന് യസീദുബ്‌നു അസ്‌വദ്(റ). (മുസ്‌നദ് അഹ്മദ് , ഖസ്വാഇസ്വുല്‍കുബ്‌റാ 1:184)

നബി(സ)യുടെ കക്ഷത്തിന് സാധാരണ ജനങ്ങളുടേതു പോലെ നിറവ്യത്യാസമുണ്ടായിരുന്നില്ല. അവിടെ മുടികളില്ലായിരുന്നു. (സുബുല്‍ 2:103)

പാദംതുടകണങ്കാല്‍:

നബി(സ)യുടെ കണങ്കാല്‍ ചെറിയതായിരുന്നു.

ഈത്തപ്പഴത്തിന്റെ ഉള്‍ഭാഗത്തെ നനവ് പോലെ നബി(സ)യുടെ കണങ്കാല്‍ ഞാന്‍ കണ്ടുവെന്ന് സുറാഖത്ബ്‌നുമാലിക്(റ) പറയുന്നു (അല്‍വഫാ 400)

നബി(സ)യുടെ കാലുകള്‍ തടിച്ചതും പിന്‍ഭാഗം ഇറച്ചി കുറഞ്ഞതുമായിരുന്നു. കണങ്കാലുകള്‍ വെട്ടിത്തിളങ്ങുന്നതും മധ്യഭാഗം ഉയര്‍ന്നതും പാദങ്ങള്‍ വിശാലമായതുമായിരുന്നു (തുര്‍മുദി, ശര്‍ഹുശ്ശമാഇല്‍ 1:33)

കാലിന്റെ ചൂണ്ടുവിരല്‍ മറ്റു വിരലുകളേക്കാള്‍ നീളമുള്ളതായിരുന്നു. (മുസ്‌നദ് അഹ്മദ്, ദലാഇലുന്നുബുവ്വ 1:194)

നബി(സ)യുടെ അവയവങ്ങള്‍ വടിവും പുഷ്ടിയുമൊത്തതായിരുന്നു. (ദലാഇലുന്നുബുവ്വ 1:192)

(തുടരം)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter