ഉമര്‍ഖാസി(റ)യുടെ പ്രവാചകഗീതങ്ങള്‍

അര്‍ത്ഥഗാംഭീര്യത കൊണ്ടും ആലാപനത്തിന്റെ  സ്ഥലകാല സവിശേഷത കൊണ്ടും വ്യതിരിക്തമായ ഒരനുഭവമാണ് ഉമറുല്‍ ഫഖീറിന്റെ(റ) ‘സ്വല്ലല്‍ ഇലാഹു’ ബൈത്ത്. അനുഭവ തീക്ഷ്ണതയാണ് ഉമര്‍ ഖാസി(റ)യുടെ പ്രവാചക ഗീതങ്ങളില്‍ നിന്നും ‘സ്വല്ലല്‍ ഇലാഹു’ ബൈത്തിനെ സവിശേഷമാക്കുന്നത്. കേരളത്തില്‍ സ്വല്ലല്‍ ഇലാഹു എന്ന പേരിലറിയപ്പെടുന്ന ഈ പ്രകീര്‍ത്തനകാവ്യം അറബികള്‍ക്കിടയില്‍ ‘ഖസ്വീദത്തുല്‍ ഉമരിയ്യ’ എന്ന പേരില്‍ പ്രസിദ്ധമാണ്.

ഹിജ്‌റ 1209 ഏകദേശം തന്റെ 32-ാം വയസിലാണ് ഉമര്‍ ഖാസി(റ) ഹജ്ജിനു പോകുന്നത്. വലിയ സംഘത്തോടൊപ്പം ഹജ്ജും ഉംറയും ചെയ്ത് തന്റെ മഅ്ശൂഖിനെ ലക്ഷ്യമാക്കി മദീനയിലേക്ക് പോയി. പുണ്യപൂംഗവന്‍ തിരുനബി(സ) അന്ത്യവിശ്രമംകൊള്ളുന്ന റൗളാ ശരീഫിന്റെ ഖുബ്ബ കണ്ടപാടെ മഅ്ശൂഖിനോട് സ്‌നേഹാതിരേകത്താല്‍ ഉമറുല്‍ ഫഖീറി(റ)നു തന്റെ ഹൃദയതാളങ്ങളെ നിയന്ത്രിക്കാനായില്ല. മസ്ജിദുന്നബവിയില്‍ ചെന്ന് തഹിയ്യത്ത് നിസ്‌കരിച്ച് റൗളയുടെ പടിക്കല്‍ വന്ന് പുണ്യറസൂലി(സ)നും കൂട്ടുകാര്‍ക്കും സലാം ചൊല്ലി ദീര്‍ഘനേരം പ്രാര്‍ത്ഥിക്കുകയും ചെയ്തു.

സ്‌നേഹം അടക്കിപ്പിടിക്കാനാവാതെ റൗളയുടെ ഉമ്മറത്തു നിന്ന് വിതുമ്പുകയാണ് ഫഖീറായ ഉമര്‍(റ). റൗളാ ശരീഫിന്റെ വാതിലൊന്ന് തുറന്നെങ്കില്‍ എന്ന് വല്ലാതെ കൊതിച്ചുപോയി ആ പ്രവാചക പ്രണയേതാവ്. അവിടുത്തെ വ്യക്തിവൈശിഷ്ട്യങ്ങളും സവിശേഷതകളും കോര്‍ത്തിണക്കി, തന്റെ നിര്‍വ്യാജമായ സ്‌നേഹം തുറന്നുകാട്ടി മനസില്‍ തട്ടുന്ന സ്തുതി ഗീതങ്ങള്‍ ഉമറുല്‍ ഫഖീറിന്റെ അധരങ്ങളില്‍ നിന്നും ഒഴുകാന്‍ തുടങ്ങി.
സ്വല്ലല്‍ ഇലാഹു അലബ്‌നി അബ്ദില്ലാ ഹി ദീ
ഖുലുഖിന്‍ ബി നസ്വില്ലാഹി കാന അളീമാ
ഫള്ളന്‍ ഗലീളന്‍ ലം യകൂന്‍ ബല്‍ ലയ്യിനാ
ബര്‍റന്‍ റഊഫല്‍ മുഅ്മിനീന റഹീമാ

ഒഴുകിയെത്തുന്ന പ്രവാചക സ്‌നേഹത്തിന്റെ ഈണങ്ങള്‍ കേട്ട് ജനങ്ങള്‍ ഉമറുല്‍ ഫഖീറി(റ)നു ചുറ്റും കൂടി. വരികളുടെ മാസ്മരികശക്തിയില്‍ എല്ലാം മറന്ന അവര്‍ തിരിച്ചുപാടി:
‘സ്വല്ലൂ അലൈഹി വ സല്ലിമൂ തസ്‌ലീമാ’-തിരിച്ചു പാടാന്‍ തുടങ്ങിയതോടെ ഉമറുല്‍ ഫഖീറി(റ)ന്റെ ഈണങ്ങള്‍ക്ക് കൂട്ടുപങ്കാളിത്തത്തിന്റെ വലിയ ആവേശമായി (ചില സന്ദര്‍ഭങ്ങളില്‍, ‘സ്വല്ലാ അലൈക്ക മുസല്ലിമന്‍ തസ്‌ലീമാ’ എന്നും ചൊല്ലുന്നുണ്ട്). തന്റെ സ്‌നേഹവും പ്രവാചക ജീവിതത്തിലെ ചില സംഭവങ്ങളും പറഞ്ഞ് പെട്ടെന്ന് 19-ാം വരിയില്‍ അഭിസംബോധന രീതിയിലേക്ക് മാറുകയാണ് ഉമറുല്‍ ഫഖീര്‍(റ).
യാ അക്‌റമല്‍ കുറമാ അലാ അഅ്താബികും
ഉമറുല്‍ ഫഖീറുല്‍ മുര്‍തജീ  ലി ജനാബികും
യര്‍ജുല്‍ അത്വാഅ അലല്‍ ബുകാഇ ബിബാബികും
വദ്ദും ഉ മിന്‍ ഐനൈഹിസാല സജീമാ
ഏറ്റവും ബഹുമാന്യരായ പ്രവാചകരെ, ഉമറുല്‍ ഫഖീറിതാ അങ്ങയുടെ വാതില്‍പടിയില്‍ സജലങ്ങളായ കണ്ണുകളോടെ നില്‍ക്കുന്നു. വാതില്‍പടിയിലെ എന്റെ വിതുമ്പലിന് അങ്ങയുടെ ഔദാര്യം ഞാന്‍ പ്രതീക്ഷിക്കുന്നുവെന്ന് നേരിട്ട് നബി(സ)യോട് പറയുമ്പോഴേക്കും അടഞ്ഞു കിടന്ന റൗളയുടെ വാതില്‍ ഉമറുല്‍ ഫഖീറി(റ)ന്റെ പരിദേവനങ്ങളെ സ്വീകരിച്ച് മലര്‍ക്കെ തുറക്കപ്പെടുന്നു.

മഅ്ശൂഖിന്റെ തിരുസന്നിധിയില്‍ ചെന്ന് തന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിവര്‍ത്തിവെക്കുന്നതിന്റെ സവിശേഷമായ വൈകാരികതയാണ് ഏത് പ്രവാചകാനുരാഗിയുടെയും മനസില്‍ 112 വരികളുള്ള സ്വല്ലല്‍ ഇലാഹി ബൈത്തിനെ അനുസ്മരണീയമാക്കുന്നത്. പ്രവാചകാഗമനം, മാന്‍ പേടക്ക് ജാമ്യം, ഇസ്‌റാഅ്/മിഅ്‌റാജ് (28 വരികളില്‍ ഇസ്‌റാഅ്/മിഅ്‌റാജിന്റെ സവിശേഷങ്ങള്‍ തന്നെ), ഹിജ്‌റ, മക്കാവിജയം, ഉടുമ്പിന്റെയും കല്ലിന്റെയും സംസാരം, ഖതാദ(റ)വിന് കണ്ണ് തിരിച്ചു നല്‍കുകയും ജാബിര്‍(റ)വിന് മരണപ്പെട്ട തന്റെ രണ്ട് കുട്ടികളെ ജീവിപ്പിച്ചുകൊടുക്കുകയും ചെയ്ത സംഭവം തുടങ്ങി പ്രവാചക ജീവിതത്തിലെ വിവിധ ഏടുകളെ സ്പര്‍ശിക്കുമ്പോഴും തന്റെ അടങ്ങാത്ത സ്‌നേഹവും കണ്ണീര്‍വാര്‍ത്ത് ഉമറുല്‍ ഫഖീര്‍(റ) ഇടക്കിടെ ബോധിപ്പിക്കുന്നുണ്ട്.

മൂന്നാം വരിയില്‍ തന്റെ സ്‌നേഹം തുറന്നു പറയുന്ന ഉമര്‍ ഖാസി(റ) തന്റെ സ്‌നേഹത്തിനും അനുമോദനത്തിനുമുള്ള ന്യായീകരണം ഒരിടത്ത് നല്‍കുന്നുണ്ട്.
ഹുബ്ബുന്നബിയ്യി വ മദ്ഹുഹു ഖൈറുല്‍ അമല്‍
വ അസല്‍ ഇലാഹു ബിഹീ യുബല്ലിഗുഹുല്‍ അമല്‍
ആകാശാരോഹണവും രാപ്രയാണവും വിശദീകരിക്കുന്നതിനിടയില്‍ പ്രകാശസാഗരത്തിന്റെ കരയില്‍ നിന്നുകൊണ്ട് (കവിതയിലുള്ളതുപോലെ) ജിബ്‌രീല്‍(അ) ‘ഇനി നിങ്ങള്‍ എന്നെ ഒഴിവാക്കി പൊയ്‌ക്കൊള്ളൂ’ എന്നു പറയുന്ന രംഗം വലിയ ഭാവുകത്വത്തോടെ ഉമര്‍ ഖാസി(റ) വിവരിക്കുന്നുണ്ട്.
ദഅ്‌നീ തഖദ്ദം യാഹബീബി ലാ തഖഫ്/അബ്ശിര്‍ തുനാജീ റബ്ബകല്‍ ഖയ്യൂമാ

പുണ്യ തിരുമേനി(സ)യോടുള്ള സ്‌നേഹം കാരണം കണ്ണുനീര്‍ വറ്റാതെ കവിളിലൂടെ ഒഴുകുകയാണെന്നും അവിടുത്തെ മനോഹരമായ സ്ഥാനം കണ്ട് ബോധം നഷ്ടപ്പെട്ടുവെന്നും കവി പാടുന്നു. തന്റെ സ്‌നേഹവും അതിന്റെ ബഹിര്‍സ്ഫുരണമെന്നോണം ചാലിട്ടൊഴുകുന്ന കണ്ണീര്‍കഥയും നാലോളം സ്ഥലങ്ങളില്‍ ഉമര്‍ ഖാസി വിവരിക്കുന്നുണ്ട്.
മാ ജഫ്ഫ ദംഉന്‍ സാല മിന്‍ ഐനൈനി
ലാകിന്നഹു യജ്‌രീ അലല്‍ ഖദ്ദൈനി
മിന്‍ ഹുബ്ബി ഖല്‍ബീ സയ്യിദല്‍ കൗനൈനി
ഹയ്യന്‍ വ മൈതന്‍ ഫിത്തുറാബി റമീമാ
സ്വല്ലൂ അലൈഹി വ സല്ലിമു തസ്‌ലീമാ
ഇദ് ജിഅ്തു ത്വയ്ബത്ത റൗമ സൗത്തി ഖബ്‌രിഹീ
ഹുനാക്ക ഖുംത്തു അശുമ്മു റയ്യ നശ്‌രിഹീ
ഉഗ്മീത്തു മദ്ഹൂശന്‍ ലി ഹൈബത്തി ഖദ്‌രിഹീ
ഹുബ്ബന്‍ വ ഇന്‍ കുന്‍തുല്‍ മുസീഉ അസീമാ
സ്വല്ലൂ അലൈഹി വ സല്ലിമൂ തസ്‌ലീമാ

തന്റെ ഈ സ്‌നേഹവും പ്രകീര്‍ത്തനവും കാരണം പ്രധാനമായും അഞ്ച് ആവശ്യങ്ങളാണ് ഉമറുല്‍ ഫഖീര്‍(റ) കവിതയില്‍ ഉന്നയിക്കുന്നത്. ‘നാളെത്തെ’ വിജയവും രക്ഷയും ആഗ്രഹസഫലീകരണവും സ്വര്‍ഗലബ്ധിയും പിശാചിന്റെ സാമീപ്യമില്ലാതെ സത്യസാക്ഷ്യം മൊഴിഞ്ഞുള്ള സൗഭാഗ്യമരണവും സാധിപ്പിച്ചു പാപിയായ ഉമറുല്‍ ഫഖീറി(റ)ന്റെ അവകാശം തന്റെ സ്‌നേഹം മാത്രമാണെന്നും വരികള്‍ക്കിടയിലൂടെ കവി ഉണര്‍ത്തുന്നുണ്ട്.
സ്വലാത്തും സലാമും ചൊല്ലി അവസാനിപ്പിക്കുന്നതിനു മുമ്പ്, സ്‌നേഹഭാജനത്തെ വിട്ടുപിരിയുന്നതിലുള്ള ഖേദപ്രകടനമാണ് ഒടുവില്‍. കണ്ണീര്‍ വാര്‍ത്തു പിരിയുമ്പോഴും ഇനിയും അവിടുത്തെ പരിമളം ആസ്വദിക്കാന്‍ നാഥന്‍ തുണയേകുമെന്ന പ്രതീക്ഷയും ഉമര്‍ ഖാസി(റ)ക്കുണ്ട്.
യാ റൗളത്തുല്‍ മുഖ്താരി ഖല്‍ബി നാദിമു
മിന്‍ ഫിര്‍ഖത്തില്‍ അഹ്ബാബി ഫീക്ക വ സാജിമു
ദംഈ ബിഹാ ഫലഅല്ല റബ്ബീ റാഹിമു
വ യറുദ്ദൂനി ലി ജനാബികും മശ്മൂമാ
സ്വല്ലാ അലൈക്ക മുസല്ലിമന്‍ തസ്‌ലീമാ


നഫാഇസുദ്ദുറര്‍; വ്യക്തിവൈശിഷ്ട്യങ്ങളുടെ അമൂല്യമുത്തുകള്‍
ഉമര്‍ ഖാസി(റ)യുടെ സാമാന്യം ദീര്‍ഘമായ പ്രവാചക പ്രകീര്‍ത്തന ഗീതമാണിത്. 150 വരികളുള്ള ഈ കാവ്യ മഞ്ജരിയുടെ ആദ്യഭാഗത്ത് അറുപത് വരികളില്‍ ചില ചോദ്യങ്ങളും അവയ്ക്കുള്ള ഉമര്‍ ഖാസി(റ)യുടെ മറുപടിയുമാണ്. അവസാന ഭാഗമാണ് പ്രകീര്‍ത്തനകാവ്യം. നബി(സ)യുടെ ജനനത്തിനു മുമ്പുള്ള അവസ്ഥാവിശേഷങ്ങള്‍, ജനനം  അടുത്ത സന്ദര്‍ഭത്തിലുള്ള സംഭവങ്ങള്‍, ജനന രാത്രിയുണ്ടായ ദൃഷ്ടാന്തങ്ങള്‍, ഭൂജാതരായ സന്ദര്‍ഭത്തിലെ അവസ്ഥാ വിശേഷങ്ങള്‍, പ്രവാചകര്‍(സ)യുടെ ദൗത്യം, നിശാപ്രയാണം, നബി(സ)യുടെ ചില സവിശേഷതകള്‍, വിനീതമായ പ്രാര്‍ത്ഥന, സമാപനം എന്നിങ്ങനെയുള്ള ഉപശീര്‍ഷകങ്ങളിലായാണ് കവിത രചിക്കപ്പെട്ടിരിക്കുന്നത്. രചനാകാലവും കവിതയുടെ പേരും അവസാനത്തില്‍ ഉമര്‍ ഖാസി(റ) പരാമര്‍ശിക്കുന്നുണ്ട്. ഹിജ്‌റ 1200-ല്‍ രചിക്കപ്പെട്ട ഈ കാവ്യത്തെ കുറിച്ച് അദ്ദുറര്‍ എന്നാണ് കവിതയിലെ പരാമര്‍ശം. എങ്കിലും മമ്പുറം തങ്ങള്‍(റ) ‘നഫാഇസുദ്ദുറര്‍’ എന്നു തന്നെയാണ് തന്റെ ഒരു കവിതയില്‍ ഈ കീര്‍ത്തനമഞ്ജരിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഹിജ്‌റ 1209-ലെ ഹജ്ജ് യാത്രയില്‍ ചൊല്ലിയ ‘സ്വല്ലല്‍ഇലാഹു’ ബൈത്തിന്റെ മുമ്പ് ‘നഫാഇസി’ന്റെ രചന നടന്നിട്ടുണ്ടെന്ന് വ്യക്തം.

ചോദ്യോത്തരങ്ങള്‍ കഴിഞ്ഞ്, മഅ്ശൂഖിന് അല്ലാഹുവിന്റെ അനുഗ്രഹങ്ങളൊക്കെയുമുണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണ് നഫാഇസിന്റെ പ്രകീര്‍ത്തനകാവ്യഭാഗം ആരംഭിക്കുന്നത്.
അസ്‌കസ്സ്വലാത്തി മഅസ്സലാമില്‍ മുന്‍തശിര്‍
മാ ലാഹ നജ്മുന്‍ വ ദ്ദയാജി തുഅ്തകര്‍
തത്‌റാ അലാ ഖൈരില്‍ ബനീന മിന്‍ മുളര്‍
മിന്‍ ബൈനി റുസുലുല്ലാഹി വാസിത്വതുദ്ദുറര്‍
ജനനപൂര്‍വ്വ വിശേഷങ്ങള്‍ മുതല്‍ തന്നെ സ്‌നേഹഭാജനത്തെ വര്‍ണിച്ചുതുടങ്ങുമ്പോഴും ‘നക്ഷത്രങ്ങള്‍ക്ക് നടുവിലെ പൂര്‍ണ്ണ ചന്ദ്രനെ എങ്ങനെ പ്രശംസിക്കുമെന്ന്’ കവി നിസ്സഹായത പ്രകടിപ്പിക്കുന്നുണ്ട്. മുഹമ്മദ്(സ) കാരണം, ആദം(അ)ന്റെ തൗബ സ്വീകരിക്കപ്പെടുകയും നൂഹ്(അ) കപ്പലില്‍ തറച്ച ആണി ഉറച്ച് നിന്ന് ജലപ്രളയത്തില്‍ നിന്ന് രക്ഷപ്പെടുകയും ഇബ്രാഹീം നബി(അ) നംറൂദിന്റെ തീകുണ്ഠത്തില്‍ സുരക്ഷിതനാവുകയും ചെയ്തുവെന്ന് പറയുന്ന കവി ഏത് പ്രവാചകരേക്കാളും വലിയ ശ്രേഷ്ഠരാക്കുകയാണ് പുണ്യറസൂലിനെ(സ)
ഫര്‍ഹന്‍ റജാ ബി മുഹമ്മദിന്‍ അസ്വ്‌ലുല്‍ ബശര്‍
ഫ അലൈഹി തീബ ബി ജാഹിഹീ വ ലഹു ഗുഫിര്‍
വ ബിഹീ ലി ശൈഖില്‍ അന്‍ബിയാ സബത ദ്ദുസുര്‍
ഫീ ഫുല്‍കി ഹീ വ നജാ മിനല്‍ യമ്മില്‍ ബഹ്ര്‍
മാലില്‍ ഖലീലി
ബിനാരി നംറൂദിന്‍ ഇറര്‍
ലാലാ വ കൈഫ വ നൂറുഹൂ ഫീ ഹിസ്തഖര്‍റ്
115 മുതല്‍ 120 വരെയുള്ള വരികളില്‍ പ്രവാചക ജീവിതത്തിന്റെ പല ഇടങ്ങളിലേക്കും വായനക്കാരന്റെ ബോധം കൊണ്ടെത്തിക്കുന്നുണ്ട് കവി. കല്ല്, ആഹാരം, മൃതശരീരം, മുന്തിരിക്കുല, കളിമണ്ണ്, ഉടുമ്പ്, കഴുത, ചെന്നായ, ഒട്ടകം, മുഴംകൈ, മാല, വൃക്ഷം, പാറക്കല്ല്, സിംഹക്കുട്ടി, ശിശു, ആടുകള്‍, വീടിന്റെ ചുമരുകള്‍, ഉമ്മറപ്പടി, മരുഭൂമിയിലെ വന്യജീവികള്‍ തുടങ്ങിയവയൊക്കെ തന്റെ മഅ്ശൂഖിനോട് സംസാരിച്ചിട്ടുണ്ടെന്ന് കവി എണ്ണിപ്പറയുന്നുണ്ട്.
എന്തുതന്നെയായാലും തിരുനബി(സ)യോടുള്ള തന്റെ സ്‌നേഹവും സ്തുതികീര്‍ത്തനങ്ങളും മാത്രമാണ് തനിക്ക് ആകെയുള്ള നിക്ഷേപമെന്നും പാപിയായ തനിക്ക് എല്ലാം വിട്ടുതരണമേ(തിരുനബി(സ)യെ തവസ്സുല്‍ ചെയ്തുകൊണ്ട്) എന്നും വിലപിച്ചുകൊണ്ടുള്ള തന്റെ ആശ്രയത്വപ്രകടനമാണ് കവി അവസാന വരികളില്‍ ചെയ്യുന്നത്.
മാലീ സിവാ മദ്ഹീ വ ഹുബ്ബീ മിന്‍ ദുഖ്ര്‍
ഫഹുമദ്ദഖീറത്തു ലീ വ നിഅ്മല്‍ മുദ്ദഖര്‍
ബിഹിമാ റജാഈ ഇന്നഐനി ഖദ് തഖുര്‍ര്‍
ഇദ്മാ യുഖാബിലു കുല്ല സാഇന്‍ ബില്‍ അജ്ര്‍
യാ റബ്ബു അബ്ദുക മുദ്‌നിബുന്‍ ജാനിന്‍ ഫജര്‍
വ അതാ യഖിര്‍റു വ അന്‍ത ഔലാ മന്‍ഗഫര്‍
മുതവസ്സിലന്‍ ബില്‍ മുസ്വ്തഫാ കൈ യഗ്തഫിര്‍
അന്നിദ്ദുനൂബ അല്ലയ്യ മിന്‍ഹാ ലി തദര്‍

മറ്റു പ്രവാചക പ്രകീര്‍ത്തനങ്ങള്‍
പുള്ളിയുള്ള അക്ഷരങ്ങള്‍ കൊണ്ടുമാത്രം രചിക്കപ്പെട്ട ‘ജഫത്‌നീ’ പുളളികളില്ലാത്ത അക്ഷരങ്ങളുള്ള ‘ലാഹല്‍ ഹിലാലു’, മഞ്ചല്‍ രീതിയിലുളള ‘ലാമാ ളഹറാ’ എന്നിവയാണ് ഉമര്‍ ഖാസി(സ)യുടെ മറ്റു പ്രവാചക പ്രകീര്‍ത്തന ഗീതങ്ങള്‍. ഭാഷയിലും ഭാവനയിലുമുള്ള കവിയുടെ അസാമാന്യമായ കഴിവാണ് ഓരോ വരികളിലും കാണാനാവുക.
അഞ്ചു വരികളുളള വളരെ ചെറിയ ഖണ്ഡകാവ്യമാണ് ‘ജഫത്‌നീ’. പ്രവാചകനോടുള്ള അടങ്ങാത്ത അനുരാഗം എന്റെ ഹൃദയമിടിപ്പുകളെ വല്ലാതെ സ്വാധീനിക്കുന്നുണ്ടെന്ന് ആദ്യ വരികളിലെ കവിഭാഷ്യം.
ജഫത്‌നീ ഫ ദബ്ബത്‌നീ ഫഗളളത് ബി ഗൈളതിന്‍
ഗദ്ദുബ്ത്തു ബി ശജ്‌നിന്‍ ബൈന ജന്‍ബയ്യ യഖ്ഫിഖു
യുശഖ്ഖിയ്യുനീ ശഗ്ഫീ ഫ ബിഫ്ത്തു ജനന്നുബീ
ബി നശ്ഖിന്‍ ശദിയ്യിന്‍ ഫീ നബിയ്യിന്‍ യുനശ്ശഖു
ബാലചന്ദ്രന്‍ ഉദിച്ചിരിക്കുന്നു എന്ന ആഹ്ലാദത്തോടെയാണ് ലാഹല്‍ ഹിലാലു ആരംഭിക്കുന്നത്.
ലാഹല്‍ ഹിലാലു ഹിലാലുന്‍ ലാമിഉല്‍ അലമി
ലില്ലാഹി ദാഇന്‍ റസൂലുല്ലാഹി ലില്‍ ഉമമി
അല്‍ ഹാകിമുല്‍ ആദിലു സ്വദ്‌റുല്‍ മുഅദ്ദലഹ
കുല്ലുല്‍ മകാരിമി സംഉന്‍ വാസിഉല്‍ കറമി
അല്ലാഹുവിന്റെ അനുഗ്രഹം, രക്ഷ(സ്വലാത്തും സലാമും)യ്ക്ക് പ്രാര്‍ത്ഥിക്കും മുമ്പ് തിരുനബി(സ)യെ പ്രകീര്‍ത്തിക്കുമ്പോഴുള്ള മനസ്സിന്റെ സന്തോഷം എല്ലാം നഷ്ടപ്പെടുന്ന പരലോകത്തേക്ക് എടുത്തുവെക്കുകയാണ് കവി അവസാനത്തില്‍.
മാ അമ്മഹു മാദിഹുന്‍ ഇല്ലാ വ സുര്‍റ അഥ്വാ
ഉഇദ്ദുഹു ലി മആദിന്‍ മുഅ്ദിമല്‍ ഉദ്മി
മഞ്ചല്‍ വഹിക്കുന്ന അമ്മാലന്‍മാരുടെ താളത്തിനനുസരിച്ച് പാടാന്‍ പറ്റുന്ന രീതിയിലാണ് ‘ലമ്മാ ളഹറ’യുടെ രചനാ ശൈലി. സാവാതടാകം വറ്റുകയും സമാവ നിറഞ്ഞു കവിയുകയും ചെയ്ത ജനനസമയത്തെ അത്ഭുതങ്ങളിലേക്കാണ് കവിതയുടെ ആദ്യശ്രദ്ധ.
ലമ്മാ ളഹറാ അമ്മല്‍ ബുശ്‌റാ
ളാഅല്‍ ബുസ്വ്‌റാ കിസ്‌റന്‍കസറാ
ഫാളത്ത് സാവാ ഗാള സമാവാ
അഹ്‌ലു അദാവത്തി നാദൗ ഹദറാ
മുപ്പത്തിയെട്ട് വരികളുള്ള കവിതയില്‍ തിരുനബി(സ)യുടെ സവിശേഷതകളാണ് നിറയെ. സമനിരപ്പായ കവിള്‍ തടം, നല്ല കണ്‍പുരി, സുന്ദരന്‍, നിര്‍മലന്‍, പ്രകാശമുള്ളവര്‍, ഗാംഭീര്യമുള്ളവര്‍, പ്രസന്നവദനന്‍, ക്ഷമാശീലര്‍, മോതിരം ധരിക്കുന്നവര്‍, കറുകറുപ്പുള്ള കണ്‍മണി, വിശാലമായ കണ്ണ്, തിങ്ങിയ താടി തുടങ്ങി ശരീരവൈശിഷ്ട്യങ്ങള്‍ ഓരോന്നും പത്തോളം വരികളില്‍ കവി എടുത്തു പറയുന്നുണ്ട്. പ്രവാചകരെ(സ) അടിമുടി സ്പര്‍ശിക്കുമ്പോഴും ഇടക്കുവെച്ചു ആവേശത്തിമര്‍പ്പിനാല്‍ ‘എന്നെയൊന്നു വിടൂ, ഞാനൊന്ന് വര്‍ണിച്ചോട്ടെ’ എന്ന് കവി കുതറി മാറുന്നുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter