എന്നേക്കും ബാക്കിയാവുന്ന നുബുവ്വത്തിന്റെ വെളിച്ചം

''മന്‍ലീ ബിറദ്ദി ജിമാഹിമ്മിന്‍ ഗവായതിഹാ

കമായുറദ്ദു ജിമാഹുല്‍ ഖയ്‌ലി ബില്ലുജുമി''

കുതിരയുടെ ധിക്കാരത്തെ നിയന്ത്രിക്കാന്‍ കടിഞ്ഞാണുണ്ട്. എന്റെ മാര്‍ഗഭ്രംശത്തെ നിയന്ത്രിക്കാന്‍ ആരുണ്ട്' എന്നത് ഇമാം ബൂസീരിയുടെ മാത്രം വേവലാതിയല്ല, മാനസിക വ്യാപാരങ്ങളുടെ കണക്ക് സ്വയം പരിശോധിക്കുന്ന ഏതൊരാളുടെയും വേവലാതിയാണ്. എന്തിനെതിരെയും ഒരു കൈ നോക്കാമെന്ന് കരുതുന്ന കരുത്തനാണ് പൊതുവില്‍ മനുഷ്യന്‍. എന്നാല്‍, തന്റെ ദൗര്‍ബല്യമത്രയും പ്രകടമാകുന്നത് തന്നെത്തന്നെ അഭിമുഖീകരിക്കേണ്ടിവരുമ്പോഴാണ്. കടിഞ്ഞാണില്ലാത്ത കുതിര കണക്കെ കുതറിയോടുന്ന തന്റെ അന്തരംഗത്തെ കീഴടക്കുകയും ദൈവത്താല്‍ നിര്‍ദ്ദിഷ്ടമായ അവസ്ഥയിലേക്ക് വളര്‍ത്തിയെടുക്കുകയും ചെയ്യുകയാണ് വിജയത്തിന്റെ വഴി. ദൈവത്തോടു പുലര്‍ത്തുന്ന തീവ്രമായ ആത്മീയബന്ധത്തിലൂടെയാണ് ഇതു സാധ്യമാവുക. ഇവിടെയാണ് വെളിപാടിന്റെ പ്രസക്തി. പ്രസ്തുത പവിത്രാവസ്ഥയിലെത്തുന്നതിന് അത് അനിവാര്യമാണ്.

അകതാരില്‍ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന ആഗ്രഹാഭിലാഷങ്ങളുടെ അലമാലകള്‍ക്കു മുന്നില്‍ നിസ്സഹായനാകുമ്പോള്‍ ദിവ്യവചനങ്ങളുടെ രൂപത്തില്‍ മനുഷ്യനു ദൈവിക സഹായം ലഭിക്കുന്നു. ''എന്നിട്ട്, എന്റെ പക്കല്‍നിന്ന് വല്ല മാര്‍ഗദര്‍ശനവും നിങ്ങള്‍ക്ക് വരുന്നപക്ഷം (അതു) തീര്‍ച്ചതന്നെ-അപ്പോള്‍ എന്റെ മാര്‍ഗദര്‍ശനം ആരു പിന്‍പറ്റിയോ അവരുടെമേല്‍ യാതൊരു ഭയവുമില്ല, അവര്‍ വ്യസനിക്കുകയുമില്ല'' (2:38) എന്ന് ഖുര്‍ആന്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അപ്രതിരോധ്യമായ പ്രലോഭത്തിനു വശംവദരായി, വിലക്കപ്പെട്ട കനി കഴിച്ചതിനെ തുടര്‍ന്ന് അല്ലാഹുവിന്റെ അനിഷ്ടത്തിന് വിധേയരായ ആദി മാതാപിതാക്കള്‍ക്ക് നല്‍കിയ ആശ്വാസവചനമാണ് ഇതെന്നു പ്രത്യേകിച്ച് ഓര്‍ക്കേണ്ടതുണ്ട്. അല്ലാഹുവില്‍നിന്നുള്ള ഈ വാഗ്ദാനത്തിന്റെ നിര്‍വഹണം പരിസമാപ്തിയിലെത്തുന്നത്, മാനവകുലത്തിനായി വിശുദ്ധ ഖുര്‍ആന്‍ അവതരിക്കുന്നതോടെയാണ്. തീരമില്ലാത്ത കാരുണ്യക്കടലായ അല്ലാഹു മനുഷ്യാത്മാവിനോട് സംവദിക്കുകയാണ് വിശുദ്ധ ഖുര്‍ആന്‍ വഴി ചെയ്യുന്നത്. അതിന്നായി അവന്‍ തെരഞ്ഞെടുത്ത ഉപാധി വാക്കാണ്. വാക്കുകളിലൂടെ വിനിമയം ചെയ്യപ്പെടുന്നത് അമൂര്‍ത്തങ്ങളായ ആശയങ്ങളായിരിക്കുമല്ലോ. അവ മനുഷ്യനു മുമ്പില്‍ അവതരിപ്പിക്കേണ്ടത് ജീവിതാനുഭവങ്ങളായിട്ടുവേണം എന്നു നിശ്ചയിച്ചതും കരുണാമയനായ അല്ലാഹു തന്നെ. അതിനാല്‍, വിശുദ്ധ ഖുര്‍ആന്‍ ഒരു ആവിഷ്‌കര്‍ത്താവിനെ തേടുന്നുണ്ട്. അക്ഷരപാഠത്തിന് ഒരു ജീവിതഭാഷ്യം ചമയ്ക്കുകയായിരുന്നു നിര്‍വഹിക്കപ്പെടേണ്ടിയിരുന്ന ദൗത്യം.

അലൗകിക സ്രോതസ്സില്‍നിന്നുള്ളതാണ് സിഗ്‌നലുകള്‍ എങ്കിലും ലൗകിക ജീവിതത്തിന്റെ സാധ്യതകള്‍ക്ക് അകത്തുവച്ചു വേണം ഖുര്‍ആന് ജീവിതപാഠം ചമയ്ക്കാന്‍. അലൗകിക ശക്തികളാല്‍ ആചമിക്കപ്പെടാവുന്നതല്ല അത്. അതുകൊണ്ടാണ്, എത്തിച്ചുകൊടുക്കുന്ന ധര്‍മം നിര്‍വഹിച്ചുകൊണ്ട് ജിബ്‌രീല്‍ പിന്‍വാങ്ങിയത്. അല്ലാഹുവിന്റെ വചനങ്ങള്‍ ഏറ്റുവാങ്ങാനും അതിന്ന് അതിസൂക്ഷ്മമായ ജീവിതഭാഷ്യമൊരുക്കാനും അവന്‍തന്നെ തെരഞ്ഞെടുത്താദരിച്ച വിശുദ്ധ വ്യക്തിത്വമാണ് മുത്തുമുസ്തഫാ(സ്വ)യുടേത്. മനുഷ്യജീവിതത്തിന്റെ സാധ്യതകളിലെങ്ങും ഇസ്‌ലാമിക വെളിച്ചം വിതറുന്നതിന് സമര്‍ത്ഥമായ സമഗ്രജീവിതം സമ്മാനിക്കുകവഴി വേറൊരു വ്യാഖ്യാതാവിന്റെ സാധ്യത ഇല്ലാതാക്കുകയായിരുന്നു അല്ലാഹു. അങ്ങനെ മുത്തുമുസ്തഫാ ദൈവദൂതരില്‍ അവസാനത്തെ ആളാവുന്നു. ഏതു കാര്യത്തിലും ഒരു തീര്‍പ്പിലെത്തുന്നതിന് വിശ്വാസിക്ക് ഒരൊറ്റ ജീവിതത്തിന്റെ ഏടുകള്‍ മാത്രമേ മറിച്ചുനോക്കേണ്ടതുള്ളൂ. അത്രമേല്‍ സമഗ്രമാണ് ആ ജീവിതം എന്നുകൂടി അര്‍ത്ഥമുണ്ട് 'പൂര്‍ണ മനുഷ്യന്‍' എന്ന വിശേഷണത്തിന്.

ഒന്നിലേറെ പേരുടെ ജീവിതം അരിച്ചുപെറുക്കേണ്ടിവരുന്ന ദുരിതത്തില്‍നിന്നും അതുണ്ടാക്കാവുന്ന ശൈഥില്യത്തില്‍ നിന്നു രക്ഷപ്പെടുമാറ് ഒരുവനിലേക്കുള്ള ഒരേയൊരു വഴിയായി, ഒരൊറ്റ വഴികാട്ടിയായി വിശ്വാസിക്കുമുമ്പില്‍ വെളിച്ചം വിതറി നില്‍പ്പൂ മുത്തുനബി. അര്‍ത്ഥപൂര്‍ണമായ ആ ജീവിതമാണ് കേവലം ഒരാശ്വാസമായി അവസാനിച്ചുപോകാതെ, ചൈതന്യം തുടിക്കുന്ന ഒരു ജീവിതപ്പാതയായി ഇസ്‌ലാമിനെ നമുക്ക് നല്‍കിയത്. സിദ്ദീഖുല്‍ അക്ബറിന്റെ പക്വതയാണ് മുത്തുനബിയുടെ വിയോഗത്തെ വിശ്വസനീയമാക്കിയത്. ഉമറുല്‍ ഫാറൂഖ് ഇടഞ്ഞുനില്‍ക്കുകയായിരുന്നു. മുത്തുമുസ്തഫാക്ക് മരണമില്ലെന്നതായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച താല്‍പര്യം. അമരത്വം അല്ലാഹുവിനു മാത്രമാണ് എന്ന പ്രവാചകപാഠം ബോധത്തില്‍ കോറിയിട്ടുകൊണ്ടാണ് സിദ്ദീഖുല്‍ അക്ബര്‍ അതു സാധിച്ചത്. ഒരു പുനരാലോചനയില്‍ ഉമറുല്‍ ഫാറൂഖ് പറഞ്ഞതും ശരിയായിരുന്നില്ലേ എന്ന് തോന്നിപ്പോകുന്നു. മരിച്ചു മണ്ണടഞ്ഞുപോയവരെ ആരെങ്കിലും പ്രേമിക്കാറുണ്ടോ?

എന്നാല്‍, ജീവിച്ചിരിക്കുന്ന ഏതൊരാളെക്കാളും തീവ്രമായി സ്‌നേഹിക്കപ്പെടുന്ന പ്രേമഭാജനമാണ് മുത്തുമുസ്ത്വഫ. പിരിഞ്ഞിരിക്കാന്‍ കഴിയാത്ത ഇണകളെക്കാള്‍, വാത്സല്യനിധികളായ മക്കളെക്കാള്‍, ബന്ധുത്വം അറുത്തുമാറ്റാനാവാത്ത മാതാപിതാക്കളെക്കാള്‍ കൂടുതല്‍ പ്രവാചകരെ സ്‌നേഹിക്കുന്നവര്‍ വര്‍ത്തമാനകാലത്തും എത്രയെങ്കിലുമുണ്ട്. സ്വന്തം ശരീരത്തേക്കാള്‍ കൂടുതല്‍ നബിയെ ഇഷ്ടപ്പെടുന്നവരുണ്ട്. നാമശ്രവണമാത്രയില്‍ കണ്ണുകള്‍ ഈറനണിയുന്ന ആശിഖുകള്‍ എത്രയുമുണ്ട്. തിരുസന്നിധിയില്‍ വച്ച് ഹസ്സാനുബ്‌ന് സാബിത് ചൊല്ലിയ കവിതയിലെ പ്രണയതീവ്രത അതേ ആക്കത്തിലും തൂക്കത്തിലും ആറു നൂറ്റാണ്ടിനുശേഷം രചിക്കപ്പെട്ട ബുര്‍ദയിലും അനുഭവിക്കാം. പിന്നെയും എത്രയോ കാലത്തിനു ശേഷം ഉമര്‍ ഖാളിയും അല്ലാമാ ഇഖ്ബാലും മറ്റും രചിച്ച കാവ്യങ്ങളും അത്രതന്നെ വികാരവാഹികളാണ്. തിരുവചനങ്ങള്‍ കേട്ട് കുളിരണിയുന്ന ഹൃദയങ്ങള്‍ക്ക് വല്ല കണക്കുമുണ്ടോ? എത്രയെത്ര ആളുകളാണ് തിരുകര്‍മങ്ങള്‍ അതേപടി അനുകരിക്കാന്‍ വെമ്പല്‍കൊള്ളുന്നത്! നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ 14 നൂറ്റാണ്ടു മുമ്പത്തെ മദീനയിലേക്ക് മനസ് പറഞ്ഞുപോകുന്നവര്‍ എത്രയുമുണ്ട് ഈ പരിഷ്‌കൃത യുഗത്തിലും. സംഭവിച്ചത് ഇത്രയുമാണ്: മുത്തുനബിയുടെ പൂമേനി ഭൂഗര്‍ഭത്തില്‍ സുഖനിദ്രയിലാണ്. അത്രമാത്രം. അതിനപ്പുറമുള്ളതെല്ലാം അനന്തകോടി മനുഷ്യരില്‍ സജീവമായി നിലകൊള്ളുന്നു. കാലവും ദേശവും ഏതുമാകട്ടെ, ലോകാവസാനം വരെ വരാനിരിക്കുന്നവര്‍ക്കെല്ലാം മാതൃകയാണ് ആ ജീവിതം. അതുകൊണ്ടുതന്നെ ഭൂതകാലത്തില്‍ തീര്‍ന്നുപോയ ഒന്നല്ല മുസ്ത്വഫ, അനേകായിരങ്ങളിലൂടെ അനുനിമിഷം ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നിത്യനൂതന സ്വാധീനമാണ്. കാണില്ല, ലോകത്തില്‍ ഈ വിധം മറ്റൊരു ജീവിതം. ജീവിച്ചിരുന്ന കാലത്ത് അനുചരസംഘത്തിന് ലഭിച്ചുകൊണ്ടിരുന്ന ഗുണങ്ങള്‍ പ്രവാചകനില്‍നിന്നും ഇപ്പോഴും ലഭിച്ചേക്കാമെന്ന് ഇഖ്ബാല്‍ സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് ആ വിശുദ്ധ ജീവിതത്തിന്റെ താളുകള്‍ വീണ്ടും വീണ്ടും മറിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്; ക്ലാവുപിടിക്കാത്ത പുതുപാഠങ്ങള്‍ കണ്ടെടുക്കപ്പെടുന്നത്. കാലാതീതമാണ് പ്രവാചക മാതൃകയെന്ന് നവീനവായനകള്‍ വിളിച്ചോതിക്കൊണ്ടിരിക്കുന്നു. പ്രവാചകവിരോധത്തിന്റെ കരിമ്പാറകള്‍ പിളര്‍ന്നുകൊണ്ട് പടിഞ്ഞാറുനിന്നുവരുന്ന പഠനങ്ങള്‍ അത് ദേശാതീതമാണെന്നും തെളിയിക്കുന്നു.

പ്രവാചക ജീവിതത്തിന്റെ സാര്‍വ ലൗകികത ജന്മംകൊണ്ട് സ്ഥാപിക്കപ്പെട്ടതാണെന്നു വിശ്വസിക്കുന്നവരുണ്ട്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളുടെ സംഗമസ്ഥാനമാണ് പ്രവാചകന്‍ പിറന്ന അറേബ്യ എന്ന ഭൂമിശാസ്ത്രപാഠം അവര്‍ ചൂണ്ടിക്കാണിക്കുന്നു. ബാബിലോണിയക്കാരനായ ഹസ്‌റത്ത് ഇബ്‌റാഹീമിന്റെയും ഈജിപ്തുകാരിയായ ഹാജറയുടെയും പരമ്പരയില്‍ പെട്ട മുത്തുനബി മക്കയില്‍ പിറന്നത് മറ്റൊരു ദൃഷ്ടാന്തം. ഭൂപ്രകൃതികൊണ്ട് ആഫ്രിക്കന്‍ സഹാറയെ അനുസ്മരിപ്പിക്കുന്ന മക്കയും യൂറോപ്പിനെ ഓര്‍മിപ്പിക്കുന്ന ത്വാഇഫും ഏഷ്യന്‍ സിറിയയെ അനുസ്മരിപ്പിക്കുന്ന മദീനയുമടങ്ങുന്ന ത്രികോണസ്ഥലിയാണ് പ്രവാചക ജീവിതത്തിന്റെ പശ്ചാത്തലഭൂമി എന്നുകൂടി ഓര്‍ക്കുക. ആകയാല്‍, ഏതുകാലത്തുമെന്ന പോലെ, ഏതു നാട്ടില്‍ നിന്നും പ്രവാചകപഠനം അനിവാര്യമാണ്.

ആശങ്കയേ തീണ്ടാതെ അനുകരിക്കാവുന്ന ഒരു സമ്പൂര്‍ണ ജീവിതം നമുക്കായി സമര്‍പ്പിച്ചിട്ടാണ് മുത്തുനബി കണ്ണില്‍നിന്നു മറഞ്ഞത്. നിര്‍ണായക നിമിഷങ്ങളില്‍ വെളിച്ചമേകുന്ന കാര്യങ്ങള്‍ പ്രവാചക ചര്യയില്‍നിന്ന് അനായാസേന നാം ഉദ്ധരിക്കാറുണ്ട്. അപ്പോഴൊന്നും മുത്ത് മുസ്ത്വഫാ അതെങ്ങനെയാണ് കനലില്‍ കാച്ചിയെടുത്തതെന്നു നാം വിചാരിക്കപ്പെടാറില്ല. നമുക്ക് വഴിപിഴക്കാതിരിക്കാന്‍ വേണ്ടി കുടിച്ചുതീര്‍ത്ത കയ്പുകളെ കുറിച്ചു നാം വേവലാതിപ്പെടാറുമില്ല. അല്ലാഹുവിലേക്കുള്ള വഴിയെക്കുറിച്ച് പരസ്യമായി പറഞ്ഞുതുടങ്ങിയ നാള്‍ മുതല്‍ തുടങ്ങിയതാണ് പ്രവാചകവേട്ട. അതിക്രമം കാണിച്ചതുകൊണ്ടായിരുന്നില്ല; അധികാരം ചോദിച്ചതിനോ പണാര്‍ത്തി കാണിച്ചതിനോ ആയിരുന്നില്ല. താല്‍പര്യമുള്ളവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന വിധം തൗഹീദിന്റെ വഴി കാണിച്ചുകൊടുത്തത് മാത്രമായിരുന്നു കാരണം. വെളിപാട് ഏറ്റുവാങ്ങുന്നതിന് ഒരുക്കിയെടുക്കാന്‍ അനിവാര്യമായ അനുശീലനങ്ങള്‍ പലവിധം നല്‍കിയതിനു ശേഷമാണ് പ്രവാചകര്‍ വഹ്‌യിന്റെ വഴിയിലേക്കു വിളിക്കപ്പെടുന്നത്. എന്നിട്ടും വെളിപാടിന്റെ അലൗകിക വെളിച്ചം ആത്മാവില്‍ ആപതിച്ചപ്പോള്‍ മുസ്ത്വഫായെ പേടി പിടികൂടി. അവിടുന്ന് ഒരു പുതപ്പിന്റെ ഊഷ്മളതയിലേക്ക് ഒതുങ്ങിക്കൂടി. 'ഉപേക്ഷിച്ചുകളയില്ല, അല്ലാഹുവൊരിക്കലും' എന്നുറച്ചു വിശ്വസിച്ച ഖദീജത്തുല്‍ കുബ്‌റ(റ) വേദജ്ഞനായ ബന്ധു വറക്വയെ സമീപിച്ചു. കാര്യങ്ങള്‍ കേട്ടുകഴിഞ്ഞ് വറക്വ മൊഴിഞ്ഞ വാക്കുകള്‍ പ്രവചനാത്മകമായിരുന്നു: ''ആരുടെ അധീനതയിലാണോ വറക്വയുടെ ജീവിതം, അവനെ പിടിച്ച് ഞാനാണയിടുന്നു-അദ്ദേഹത്തെ സമീപിച്ചത് നാമൂസുല്‍ അക്ബറാണ്. അവര്‍ അദ്ദേഹത്തെ 'നുണയ'നെന്നു വിളിക്കും. അവര്‍ അദ്ദേഹത്തെ പീഡിപ്പിക്കും. നാടുകടത്തും. അവര്‍ അദ്ദേഹത്തിനെതിരേ യുദ്ധം ചെയ്യും. ഓഹ്, അക്കാലത്ത് ജീവിച്ചിരിക്കാന്‍ കഴിെഞ്ഞങ്കില്‍ ഞാന്‍ അദ്ദേഹത്തിനുവേണ്ടി യുദ്ധം ചെയ്യുമായിരുന്നു.'' വരാനിരിക്കുന്ന നാളുകളില്‍ നേരിടാനിരിക്കുന്ന അനുഭവങ്ങള്‍ എത്രമേല്‍ വേദനാജനകങ്ങളായിരിക്കുമെന്ന്, വേദങ്ങള്‍ നല്‍കുന്ന സൂചന വറക്വയുടെ വാക്കുകളില്‍ നന്നായി പ്രതിഫലിക്കുന്നുണ്ട്. അതു തീര്‍ത്തും ശരിയായിരുന്നുവെന്നതിന് ചരിത്രാനുഭവം സാക്ഷി.

നുബുവ്വത്തിന്റെ ചുമതല പൂര്‍ത്തീകരിക്കാന്‍ അല്ലാഹു അനുവദിച്ചത് 23 ആണ്ടുകള്‍ മാത്രമാണ്. അതുമായി താരതമ്യം ചെയ്താല്‍ സാമാന്യേന സുദീര്‍ഘമാണ് മൂന്നുകൊല്ലക്കാലമെന്നു കാണാം. അത്രയും കാലം വിശ്രാന്തിയില്ലാതെ പരിശ്രമിച്ചിട്ടും 30 ആളുകളുടെ വിശ്വാസം മാത്രമാണ് മൊത്തത്തില്‍ നേടാനായത്. ശിഷ്ടജനത്തില്‍ പലരും അവിടുത്തെ ബുദ്ധിസ്ഥിരതയെ സംശയിക്കുകയായിരുന്നു. പ്രവാചക സന്ദേശത്തെ ഖുറൈശികള്‍ പുറമേ പുച്ഛിച്ചുതള്ളി; അകമേ തങ്ങള്‍ക്കിടയില്‍ നടന്നുകൊണ്ടിരിക്കുന്ന മാറ്റത്തെ പേടിക്കുകയും ചെയ്തു. തീര്‍ത്ഥാടനത്തിനോ വ്യാപാരത്തിനോ വരുന്നവരുമായി സംവദിക്കുന്നതുപോലും മുടക്കി. വഴികളിലൊക്കെയും ചെന്നുനിന്ന്, തീര്‍ത്ഥാടനത്തിന് എത്തുന്നവര്‍ക്ക് 'ആപത്കാരിയായ മാന്ത്രികന്‍ മുഹമ്മദി'നെ കുറിച്ച് അവര്‍ മുന്നറിയിപ്പ് നല്‍കി. അതുവഴി പക്ഷേ, സംഭവിച്ചത് പ്രവാചക നിയോഗ വാര്‍ത്തയ്ക്ക് വിപുലമായ പ്രചാരം കിട്ടുകയായിരുന്നു. പരസ്യമായ പീഡനമായിത്തീര്‍ന്നു പിന്നത്തെ മുറ. കഅ്ബാലയത്തില്‍ ചെന്ന് പ്രാര്‍ത്ഥിക്കുന്നതിനു വിലക്കേര്‍പ്പെടുത്തി. പോകുന്നേടങ്ങളിലൊക്കെ അവര്‍ പിന്തുടര്‍ന്നു. അവിടുത്തെയും അനുചരന്‍മാരെയും പ്രാര്‍ത്ഥനാവേളകളില്‍ അഴുക്കുകൊണ്ട് മൂടി. പിന്നാലെ നടന്ന് പരിഹസിക്കാനായി തെരുവുതെമ്മാടികളെയും കൊച്ചു കുട്ടികളെയും ചട്ടംകെട്ടി. പ്രാര്‍ത്ഥിക്കാനായി ഇടക്കിടെ പോകാറുള്ള ഇടങ്ങളില്‍ മുള്ളു വിതറി. ജീവന്‍ പോലും അപായത്തിലാണെന്നു തോന്നുന്ന സന്ദര്‍ഭങ്ങള്‍ പലതുണ്ടായി. അചഞ്ചലഹൃദയനായ വീരപോരളി ഹംസത്തു ഇബ്‌നു അബ്ദുല്‍ മുത്തലിബിന്റെ ഹൃദയത്തെ പോലും അനുതാപാര്‍ദ്രമാക്കുവോളം ക്രൂരവും ദയാരഹിതവുമായിരുന്നു ഖുറൈശികളുടെ പീഡനം. അതൊക്കെയും അവിടുന്ന് സഹിച്ചു. അഹങ്കാരികളായ ദൈവനിഷേധികള്‍ക്ക് ആദിന്റെയും സമൂദിന്റെയും ഹസ്‌റത്ത് നൂഹിന്റെയും ജനതയ്ക്ക് ലഭിച്ച ഇലാഹീ ശിക്ഷയെ കുറിച്ച് ഹൃദയംഗമങ്ങളായ വാക്കുകളില്‍ മുന്നറിയിപ്പ് നല്‍കി. വിചാരണ നാളിനെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. സ്വര്‍ഗീയാഹ്ലാദങ്ങളെയും നരകയാതനകളെയും കുറിച്ച് ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നു. പീഡനങ്ങള്‍ ഭയന്ന് പിന്‍മാറാതെ, ഇലാഹികമല്ലാത്ത ഒരു പ്രതിഫലവും കാംക്ഷിക്കാതെ വിശ്വാസത്തിലേക്കും നന്മയിലേക്കും നരകത്തില്‍നിന്നുള്ള മോചനത്തിലേക്കും ആളുകളെ ക്ഷണിച്ചുകൊണ്ടേയിരുന്നു. അതു ചില ആത്മാക്കളുടെ ആഴങ്ങളില്‍ ആന്തോളനങ്ങളുണ്ടാക്കി. അവര്‍ വിശ്വാസം കൈക്കൊണ്ടു. ഇത് ഖുറൈശികളെ തീര്‍ത്തും സംഭീതരാക്കി. പ്രവാചകരുടേത് സമ്പൂര്‍ണമായ ഒരു വിപ്ലവപ്രസ്ഥാനമാണെന്നു മനസ്സിലായി. തങ്ങളുടെ അന്തസ്സും അധികാരവും ആശങ്കയിലായി. അവിടുന്ന് നശിപ്പിക്കപ്പെടണമെന്ന് പറയുന്ന ബിംബങ്ങളുടെ കരുതല്‍ സൂക്ഷിപ്പുകാരാണവര്‍. അവിടുന്ന് തള്ളിക്കളയുന്ന ആരാധനാക്രമങ്ങളുടെ നടത്തിപ്പുകാരാണവര്‍. പരമ്പരാചാരങ്ങളുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ടതാണ് തങ്ങളുടെ നിലനില്‍പ്പെന്ന് അവര്‍ക്കറിയാം.

പ്രവചനങ്ങള്‍ പുലരുകയാണെങ്കില്‍ പിന്നെ അറേബ്യയില്‍ തങ്ങളുടെ ഭരണമേയുണ്ടാവില്ല. പ്രവാചക സന്ദേശം അവിശ്വസനീയമാം വിധം ജനാധിപത്യപരമാണ്. അവിടുന്ന് പറയുന്ന അല്ലാഹുവിനു മുമ്പില്‍ എല്ലാ മനുഷ്യരും തുല്യരാണ്. പഴയ വൈജാത്യങ്ങളെയെല്ലാം നിരപ്പാക്കുന്ന ഈ രീതി തങ്ങളുടെ പാരമ്പര്യത്തിനാകെയും എതിരാണ്. അതു തങ്ങള്‍ അനുഭവിക്കുന്ന സവിശേഷ സ്ഥാനമാനങ്ങള്‍ക്കൊന്നും ഇടമനുവദിക്കാത്തതാണ്. ഇനിയും കരുത്താര്‍ജിക്കുന്നതിനു മുമ്പേ ഈ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ അടിയന്തര നടപടികള്‍ എടുത്തേപറ്റൂ എന്നായി. സംഘടിത രൂപത്തിലുള്ള പീഡനപദ്ധതി ആസൂത്രണം ചെയ്യപ്പെടുന്നത് അങ്ങനെയാണ്. ഓരോ കുടുംബവും താന്താങ്ങളുടെ ഇടയില്‍നിന്ന് പുതുമതം പൂണ്ടവരെ പിന്തിരിപ്പിക്കുന്ന ചുമതലയേറ്റെടുത്തു. ഓരോ കുടുംബത്തിലുമുള്ള വിശ്വാസികളെ അതേ കുടുംബാംഗങ്ങള്‍ തന്നെ പീഡിപ്പിച്ചുതുടങ്ങി. തങ്ങളുടെ ബന്ധുക്കളെയും അടിമകളെയും അവര്‍ പീഡിപ്പിച്ചു. അബൂത്വാലിബിന്റെ സംരക്ഷണത്തിലായിരുന്ന മുത്തുനബിയും സ്വാധീനമുള്ളവരോ സ്വാധീനമുള്ളവരുടെ സംരക്ഷണത്തില്‍ കഴിയുന്നവരോ ആയ സിദ്ദീഖുല്‍ അക്ബറിനെ പോലെ ചുരുക്കം ചിലര്‍ തല്‍ക്കാലത്തേക്ക് ഒഴിവാക്കപ്പെട്ടു. മറ്റുള്ളവരെ തടവിലാക്കി പട്ടിണിക്കിട്ടു; വടികൊണ്ടടിച്ചു. റംദയും ബതായും ഈ വിധ ക്രൂരകൃത്യങ്ങളുടെ നിത്യവേദിയായി. ബിംബാരാധനയില്‍നിന്ന് മാറിനില്‍ക്കുന്നവരെ മരുഭൂമിയിലെ പൊള്ളുന്ന മണലില്‍ കിടത്തി. ദാഹിച്ചു വലഞ്ഞു മരണവെപ്രാളം കാണിച്ചുതുടങ്ങുമ്പോള്‍ അനുവദിക്കപ്പെടുന്ന വഴി ഒന്നുകില്‍ മരണം, അല്ലെങ്കില്‍ ബിംബാരാധന എന്നതായിരുന്നു. പീഡനത്തില്‍നിന്നു മുക്തമായാല്‍ വീണ്ടും വിശ്വാസം കൈക്കൊള്ളാമെന്ന നിലയില്‍ ചിലര്‍ പിന്‍വാങ്ങി. എന്നാല്‍ മിക്കവരും വിശ്വാസത്തില്‍ തന്നെ ഉറച്ചുനിന്നു. 

അക്കൂട്ടത്തില്‍ ഒരാളാണ് ബിലാല്‍(റ). തന്റെ യജമാനന്‍ ഉമയ്യതുബിനു ഖലഫ് ഓരോ ദിവസവും നട്ടുച്ച നേരത്ത് ബിലാലിനെ ബതായിലേക്ക് കൊണ്ടുപോകും. പുറം നഗ്നമാക്കി പൊള്ളുന്ന മണലില്‍ കിടത്തും. മുഖം കത്തുന്ന സൂര്യന് അഭിമുഖമാക്കും. വലിയൊരു കരിങ്കല്ല് നെഞ്ചില്‍ കയറ്റിവയ്ക്കും. ''മരിക്കുന്നതുവരെ, അല്ലെങ്കില്‍ ഇസ്‌ലാം ഉപേക്ഷിക്കുന്നതുവരെ നീ അവിടെ കിടക്കുക'' എന്നു പറയും. ദാഹിച്ചു വലഞ്ഞ് മരിക്കുമെന്ന് തോന്നുമ്പോഴും അദ്ദേഹത്തിന്റെ ചുണ്ടില്‍നിന്ന് വന്നത് 'അഹദുന്‍' എന്ന മന്ത്രമായിരുന്നു. ഇതു ദിവസങ്ങളോളം തുടര്‍ന്നു. ഇതൊക്കെയും കണ്ടും കേട്ടും തടയാനാകാതെ നൊന്തും കഴിയേണ്ടിവന്നു പ്രവാചകര്‍ക്ക്. ശാരീരിക പീഡനങ്ങള്‍ തീവ്രമായപ്പോള്‍ ഒരു കൂട്ടര്‍ അബിസീനിയയിലേക്കു പോയി. എതിരാളികളെ അത് കൂടുതല്‍ പ്രകോപിപ്പിച്ചു. അവരുടെ നേതാക്കള്‍ നബികുടുംബത്തിന് അന്ത്യശാസന നല്‍കി: ''മുത്ത് നബിയെ ഗോത്രത്തില്‍നിന്ന് പുറത്താക്കുക. എന്നാല്‍, പ്രസ്തുത ഗോത്രത്തിലെ മുസ്‌ലിംകളോ അമുസ്‌ലിംകളോ അതിന് അനുവദിക്കുകയുണ്ടായില്ല. തുടര്‍ന്നുവന്നത് സാമൂഹിക ബഹിഷ്‌കരണമായിരുന്നു. വിവാഹബന്ധം അനുവദിക്കാത്ത, ഭക്ഷ്യവസ്തുക്കള്‍ പോലും വില്‍ക്കുകയോ വാങ്ങുകയോ ചെയ്യാത്ത തരം ബഹിഷ്‌കരണം. പച്ചിലകള്‍ വരെ തിന്നു ജീവിക്കേണ്ടിവന്ന കാലം. മൂന്നു വര്‍ഷം സഹിക്കേണ്ടിവന്നു ആ ബഹിഷ്‌കരണം. മിഅ്‌റാജിന്റെ വാര്‍ത്ത വന്നതോടെ എതിര്‍പ്പ് പിന്നെയും ശക്തമായി. അഭയം ലഭിക്കുന്ന നാടു തേടിപ്പോകേണ്ട ഗതി വന്നുപെട്ടു. ഉമ്മ ബന്ധുക്കളുടെ നാടായ ത്വാഇഫിലേക്കായിരുന്നു പോയത്. അന്നാട്ടുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ എറിഞ്ഞോടിക്കുകയായിരുന്നു തിരുദൂതരെ. തൗഹീദ് പ്രചരിപ്പിച്ചുകൊണ്ട് സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കുന്ന അഭയ സങ്കേതത്തിനായി പതിനഞ്ചോളം ഗോത്രങ്ങളെയാണ് ഒന്നിനുപുറമെ മറ്റൊന്നായി മുത്ത്‌നബി സമീപിച്ചത്. നിര്‍ദ്ദയം എന്നേക്കും ബാക്കിയാവുന്ന നുബുവ്വത്തിന്റെ വെളിച്ചം കെ. അബൂബക്ര്‍ തിരസ്‌കരിക്കപ്പെടുകയായിരുന്നു എല്ലാ അഭ്യര്‍ത്ഥനകളും. അവസാനം മദീനയില്‍ നിന്നുള്ള സംഘമാണ് സഹായ ഹസ്തം നീട്ടിയത്. ആളുകള്‍ മദീനയിലേക്ക് നീങ്ങിത്തുടങ്ങിയത് മനസ്സിലാക്കിയ ശത്രുക്കള്‍ വീണ്ടും നബിയെ കൊല്ലാന്‍ ശ്രമിച്ചു. രക്ഷപ്പെട്ട് മദീനയിലെത്തിയിട്ടും അവര്‍ വെറുതെ വിട്ടില്ല. ബദ്‌റും ഉഹ്ദും ഖന്തഖും അടക്കമുള്ള യുദ്ധക്കളങ്ങള്‍ ഇതു വിളിച്ചോതുന്നുണ്ട്.

നുബുവ്വത്തിന്റെ തുടക്കം മുതല്‍ മക്കം ഫതഹ് വരെയുള്ള കാലമത്രയും മുത്ത് മുസ്ത്വഫ വേട്ടയാടപ്പെടുകയായിരുന്നു. ഇത് അത്രയും വിശദമായി സൂചിപ്പിച്ചത് നമുക്ക് കൈമാറിക്കിട്ടിയ നബിചര്യകള്‍ എത്രമാത്രം ചൂടുള്ളവയാണ് എന്നു പറയാനാണ്. ഒരു പുരുഷായുസ് മുഴുവന്‍ എരിതീയില്‍ ഉരുകിയാണ് ഹിദായത്തിന്റെ വഴി മുത്തുനബി ഈ മണ്ണില്‍ സ്ഥാപിച്ചത്. അതിനാല്‍, തിരുസുന്നത്തുകളെ അലസമായി കടന്നുപോകുമ്പോള്‍ മുത്ത്‌നബി ഒഴുക്കിയ കണ്ണീരും ചോരയും നാം മറന്നുപോകരുത്. തങ്ങളനുഭവിച്ച നെരിപ്പോടു സഹിതം ആ പൂമുത്തിനെ ഹൃദയകമലത്തില്‍ ആദരിച്ചിരുത്തുക. ആ വേവും നോവും ആത്മാവിലേറ്റുവങ്ങുക. അതു നമ്മുടെ അലസത അകറ്റിയേക്കാം. അങ്ങനെ പ്രവാചക ചൈതന്യം നമ്മില്‍ പുനര്‍ജനിച്ചേക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter