മർഹബൻ യാ ശഹ്റൽ ഹബീബ്.

കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും മധുര മന്ത്രമോതി വീണ്ടും ഒരു റബീഇന്റെ ചന്ദ്രക്കല വാനിൽ ഉദയം കൊണ്ടു. 
പ്രപഞ്ചം തന്നെ സൃഷ്‌ടിക്കപ്പെടാൻ നിമിത്തമായ പുണ്യ നബി മണ്ണിലുദയം കൊണ്ട അനുഗ്രഹീത മാസം, 
സത്യ വിശ്വാസിയെ മാത്രമല്ല മുഴുവൻ മാനവ രാശിയെയും ആനന്ദ ലഹരിയിലാക്കി . 
         ലോകരുടെ മുഴുവൻ നന്മക്കായി ജീവിതം സമർപ്പിച്ച ഒരു മഹാനായിരുന്നു തിരുനബി. ജീവിക്കാൻ അവകാശം നിഷേധിക്കപ്പെട്ട്  മണ്ണിൽ കുഴിച്ചു മൂടപ്പെട്ടിരുന്ന സ്ത്രീയെ മഹത്വവൽക്കരിച്ചു  സ്വർഗദാതാവിന്റെ  പദവിയിലേക് ഉയർത്തിയത് ആ നബിയാണ്. 
പീഡനത്തിന്റെ ദയനീയ ചങ്ങലകളിൽ ബന്ധിക്കപ്പെട്ട്  എരിഞ്ഞമർന്ന  അടിമത്തത്തെ മോചിപ്പിച്ച്  കഅ്ബാലയത്തിന്റെ അകം പള്ളിയിൽ വിശുദ്ധ ബാങ്കൊലി മുഴക്കാനവസരം ഒരുക്കിയതും തിരുനബിയാണ്. 
          വിയർപ്പ് വറ്റുന്നതിന് മുമ്പ് തൊഴിലാളിക്ക് വേതനം നൽകാൻ ഉത്തരവ് ഇറക്കിയ ജനനായകൻ. പുണ്യ മസ്ജിദിന്റെ അകത്തളങ്ങളിൽ  പോലും അരുമ പേരക്കിടാങ്ങളോട് കിന്നരിച്ച കുട്ടികളുടെ തോഴൻ..... ഇങ്ങനെ പോകുന്നു അവിടുത്തെ എണ്ണിയാലൊടുങ്ങാത്ത വിശേഷങ്ങൾ. 
          തിരുജന്മമാസം നമ്മുടെ ഹൃത്തടങ്ങളെ ഏറെ സന്തോഷിപ്പിക്കുന്നു. ആ വിശുദ്ധ ജീവിതത്തിന്റെ അനശ്വര സന്ദേശങ്ങൾ ജീവിതത്തിൽ പകർത്തിയാണ് ആ സന്തോഷം നാം പ്രകടിപ്പിക്കേണ്ടത്. 
തിരുസുന്നത്ത് നമ്മുടെ ചാലക ശക്തിയായി മാറണം.. 
       ഖേദകരമെന്ന് പറയട്ടെ.... എല്ലാം വാണിജ്യ വത്കരിക്കപ്പെട്ട ഈ കാലത്ത് നബിദിനവും ആഘോഷിക്കപ്പെടുകയാണ്. ഡിജിറ്റൽ ശബ്ദ മേളങ്ങളിലും വിഭവ സമൃദ്ധമായ  ഭക്ഷണങ്ങളിലും  പ്രവാചക സ്നേഹം അളക്കപ്പെടുന്ന ഒരു യുഗത്തിലാണ് നാം ഉള്ളത്. 
         പലപ്പോഴും ഒരു മാസം നീണ്ടു നിൽക്കുന്ന നബിദിന പരിപാടികൾ പരിസര വാസികളായ അമുസ്‌ലിം സഹോദരന്മാരെ  അലോസരത്തിലാക്കുന്ന തരത്തിലാവാറുണ്ട്. ഭൂമിയിലുള്ള സകലതിനോടും കാരുണ്യം കാണിച്ച് സ്രഷ്ടാവിൻ  കാരുണ്യത്തിന് പാത്രമാവാൻ നമ്മോട് കല്പിച്ച സ്നേഹ നായകനെ  ജീവിതത്തിലും കർമത്തിലും പകർത്തി നമുക്ക് ഉത്തമ പ്രവാചക പ്രേമികൾ ആവാം...

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter