സുനനു ഇബ്നിമാജ

മുസ്‌ലിംലോകത്തെ പ്രാമാണിക ഹദീസ് ഗ്രന്ഥങ്ങളായ സ്വിഹാഹുസ്സിത്തയിലെ ഒന്ന്. ഇമാം അബൂ അബ്ദില്ലാ മുഹമ്മദ് ബിന്‍ യസീദ് അര്‍റബീഈ ആണ് ഈ ഹദീസ് ക്രോഡീകരണത്തിന്റെ കര്‍ത്താവ്. പില്‍ക്കാലത്ത് അദ്ദേഹം ഇബ്നു മാജ എന്ന പേരിലാണ് അറിയപ്പെട്ടത്. അങ്ങനെയാണ് സുനനു ഇബ്നിമാജ എന്ന് ഈ ഗ്രന്ഥത്തിന് പേര് വരുന്നത്.

ഇമാം ഇബനു മാജ

ഹിജ്റ വര്‍ഷം 209 ലായിരുന്നു ഇമാമിന്‍റെ ജനനം. ഇറാനിലെ ഖസവീന്‍ നാട്ടുകാരനായിരുന്നു. പ്രസ്തുത പ്രദേശം അക്കാലത്ത മുസ്‌ലിം ലോകത്ത് അറിയപ്പെട്ട ഹദീസ് വിശാരദന്മാരുടെ പറുദീസയായിരുന്നു. ഹദീസ് ലോകത്തേക്ക് ആകര്‍ഷിക്കപ്പെടുന്നതിന് പ്രാദേശികമായ ഈ സവിശേഷത തന്നെ വലിയൊരു കാരണമായി കാണണം. ഹിജ്റ വര്‍ഷം 273 റമദാന്‍ 21 ന് ഇമാം വഫാത്തായി.

‘മാജ’ എന്നത് ഇമാമിന്‍റെ മാതാവിന്‍‍റെ പേരാണെന്നും പിതാവിന്‍റെ പേരാണെന്നും ഭിന്നാഭിപ്രായങ്ങളുണ്ട്. ശൈഖ് അബ്ദുല്‍ അസീസ് ദഹലവി അഭിപ്രായപ്പെട്ടതനുസരിച്ച് മാജ അദ്ദേഹത്തിന്‍റെ മാതാവിന്‍റെ പേരാണ്.

പില്‍ക്കാലത്ത് ഹദീസ് പഠനാര്‍ഥം, ഇറാഖ്, ബസ്വറ, കൂഫ, ഈജിപ്ത്, സിറിയ, ഫലസ്തീന്‍, ഖുറാസാന്‍ തുടങ്ങിയ പ്രദേശങ്ങളിലൂടെയെല്ലാം യാത്ര ചെയ്യുന്നുണ്ട് ഇമാം.

ക്രോഡീകരണം; പ്രത്യേകത

സിഹാഹിലെ മറ്റു അഞ്ചു ഗ്രന്ഥങ്ങളിലുമില്ലാത്ത നിരവധി ഹദീസുകള്‍ ഇബ്നു മാജയുടെ പ്രത്യേകതയാണ്. ഇതിലുള്ള 1339 ഹദീസുകള്‍ ഇബ്നു മാജയില്‍ മാത്രമെ ഉള്ളൂ. ക്രമീകരണ രീതിയും കര്‍മശാസ്ത്ര മുന്‍ഗണനാ ക്രമവും ഇബ്നു മാജയെ സവിശേഷമാക്കുന്നു. 32 തലക്കെട്ടുകളിലായി മൊത്തം 1500 അധ്യായങ്ങളാണുള്ളത്. ഇതില്‍ 4321 ഹദീസുകളാണ് ക്രോഡീകരിക്കപ്പെട്ടിട്ടുള്ളത്.

സുലാസിയ്യാത്തുകളായ (നബിയുടെയും ക്രോഡീകരിച്ച വ്യക്തിയുടെയും ഇടയ്ക്ക് മൂന്ന് റിപ്പോര്‍ട്ടര്‍മാര് മാത്രം ഉള്ള ഹദീസ്) അഞ്ചു ഹദീസുകളുണ്ട് ഇബ്നുമാജയില്‍. സുനനു അബീദാവൂദിലും ജാമിഉത്തുര്‍മുദിയിലും ഇത്തരത്തിലുള്ള ഒരു ഹദീസ് മാത്രമെയുള്ളൂ. മുസ്ലിമിലും നസാഇയിലും ഇത്തരത്തിലുള്ള ഒന്നു പോലും ഇല്ല താനും.

എന്നാല്‍ സര്‍വസ്വീകാര്യവും ആരോപണ വിധേയവുമായ ഹദീസുകളും മറ്റു ഗ്രന്ഥങ്ങളെ അപേക്ഷിച്ച് ഇബ്നുമാജയില്‍ കൂടുതലുണ്ടെന്നതും പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. അതു കൊണ്ട് തന്നെ ഇബ്നു മാജ സ്വിഹാഹുസ്സിത്തയില്‍ ഉള്പ്പെടുമോ എന്ന് പോലും സംശയമുന്നയിച്ച് പണ്ഡിതരും ഇല്ലാതില്ല.

നേരത്തെ ഹാഫിദ് ഇബ്നു ഹജറില്‍ അസ്ഖലാനി, ഇബ്നുല്‍ അസീര് ‍എന്നിവരടങ്ങു ഒരു പണ്ഡിതനിര ഇമാം ദാരിമിയുടെ സുനനുദാരിമിയെയാണ് സ്വിഹാഹിലെ ആറാമത്തെ ഗ്രന്ഥമായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഹദീസ് സ്വീകരിക്കുന്നതില് അദ്ദേഹം കാണിച്ച കണിശത തന്നെയാണ് അതിനവര്‍‌ പറയുന്ന കാരണം. ഇമാം മാലിക് തങ്ങളുടെ മുവത്വയാണ് സിഹാഹുസ്സിത്തയിലെ ആറാമത്തെ ഗ്രന്ഥമെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്.

എന്നാല്‍ ഹാഫിദ് മുഹമ്മ്ദ ത്വാഹിര്‍ മഖ്ദിസി ഇബ്നുമാജയെ സ്വിഹാഹില്‍ ഉള്‍പ്പെടുത്തി എണ്ണുകയും സ്വിഹാഹിലെ മറ്റു ഇമാമുര്‍ സ്വീകരിച്ച മാനദണ്ഡങ്ങളെല്ലാം ഇമാം ഇബ്നുമാജയും സ്വീകരിച്ചിട്ടുണ്ടെന്ന് സ്ഥാപിക്കുകയും ചെയ്തു. അനന്തരം സ്വുയൂഥി, അബ്ദില്‍ ഗനിയ്യിന്നാബില്‍സി, അബ്ദുല്‍ ഗനിയ്യില്‍ മുജദ്ദിദി തുടങ്ങിയ പണ്ഡിതരെല്ലാം ഇബ്നുമാജയെ സ്വിഹാഹായി അംഗീകരിക്കുകയായിരുന്നു.


Also Read:സുനനു നസാഈ


ശര്‍ഹുകള്‍

സുനനു ഇബ്നിമാജക്ക് വിശദീകരണമായി പത്തിലധികം ശര്‍ഹുകളും ഹാശിയകളും രചിക്കപ്പെട്ടിട്ടുണ്ട്. ഇമാം സ്വുയൂത്വിയുടെ മിസ്ബാഹുദ്ദുജാജ കൂട്ടത്തില്‍ ഏറെ പ്രശസ്തമാണ്.

ഹദീസിന് പുറമെ തഫ്സീറിലും താരീഖിലുമെല്ലാം കനപ്പെട്ട രണ്ടു ഗ്രന്ഥങ്ങള്‍ ഇടയ്ക്കാലത്ത് ഇമാം രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഖുര്‍ആന്‍ വ്യാഖ്യാനം വളരെ പ്രൌഡമാണ്. ആയത്തുകള്‍ക്ക് ഹദീസുകളുടെ വിശദീകരണമാണ് അദ്ദേഹം ഈ ഗ്രന്ഥത്തില്‍ നല്‍കുന്നത്.

സ്വഹാബാക്കളുടെത് മുതല്‍ തന്‍റെത് വരെയുള്ള കാലത്തെ മൊത്തം ചരിത്രമാണ് തന്‍റെ ചരിത്രപുസ്തകത്തില് ഇമാം ചര്‍ച്ചക്കെടുക്കുന്നത്. താരീഖുല്‍ മലീഹ് എന്ന പേരിലാണ് പ്രസ്തുത ഗ്രന്ഥം അറിയപ്പെട്ടത്. എന്നാല്‍ ഈ രണ്ടു കൃതികളും നിലവില്‍ ലഭ്യമല്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter