ഫിഖ്ഹിന്റെ അസ്ഹാബുകള്‍

അബ്ദുല്ലാഹിബ്‌നു സുബൈര്‍ അല്‍ ഹുമൈദി(റ) (മ. 209)

ശാഫിഈ(റ)വിന്റെ ജദീദിന്റെ റാവിയാണ്. അബൂബക്ര്‍ അബ്ദുല്ലാഹിബ്‌നു സുബൈര്‍ ബ്‌നു ഈസ എന്ന് മുഴുവന്‍ പേര്. ആല്‍ ഹുമൈദി എന്ന പേരില്‍ അറിയപ്പെടുന്നു. ശാഫിഈ(റ)വിന്റെ അസ്വ്ഹാബുകളില്‍ ഉന്നത സ്ഥാനമാണ് ഹമൈദി(റ)വിനുള്ളത്.

ശാഫിഈ(റ)യില്‍ നിന്ന് പഠിക്കുകയും കൂടെ ഈജിപ്തിലേക്ക് യാത്രചെയ്യുകയും ചെയ്തിട്ടുണ്ട്. സുഫിയാനുബ്‌നു ഉയൈയ്‌ന(റ)യില്‍ നിന്ന് രിവായത്ത് ചെയ്തു. ഇമാം ബുഖാരി(റ)യും മറ്റും ഹുമൈദി(റ)യില്‍നിന്ന് രിവായത്ത് ചെയ്തിട്ടുണ്ട്. സുഫിയാനുബ്‌നു ഉയൈന്‍(റ)യുടെ അസ്വഹാബുകളിലെ നേതാവായും ഇദ്ദേഹം അറിയപ്പെടുന്നു. 20 വര്‍ഷം ഇബ്‌നു ഉയൈയ്‌ന(റ)യോടൊത്തു ജീവിച്ചിട്ടുണ്ട്. ഹാകിം അബൂ അബ്ദില്ലാഹ്(റ) പറയുന്നു: മക്കക്കാരുടെ മുഫ്തിയും മുഹദ്ദിസുമാണ് ഹുമൈദി(റ). ഇറാഖികള്‍ക്ക് അഹ്മദ്ബ്‌നു ഹമ്പല്‍(റ)വിനെപ്പോലെയാണ് സുന്നത്തില്‍ ഹിജാസികള്‍ക്ക് അദ്ദേഹം. ഹിജ്‌റ 209-ന് റബീഉല്‍ അവ്വലില്‍ മക്കയില്‍വെച്ച് ഹുമൈദി(റ) വഫാത്തായി.

ഇമാം ബുവൈത്വി(റ) (മ. 231)

ശാഫിഈ(റ)വിന്റെ മിസ്വരി അസ്ഹാബുകളില്‍ ഉന്നതനാണ് ഇമാം ബുവൈത്വി(റ). യൂസുഫ്ബ്‌നു യഹ്‌യ അബൂ യഅ്ഖൂബ് അല്‍ ബുവൈത്വി അല്‍ മിസ്വരി എന്നാണ് പൂര്‍ണ പേര്. മിസ്വറിലെ ഒരു പട്ടണമായ ബുവൈത്വിലേക്ക് ചേര്‍ത്തിയാണ് ബുവൈത്വി എന്നു വിളിക്കുന്നത്. ശാഫിഈ(റ)വില്‍നിന്ന് ജ്ഞാനം സ്വീകരിച്ച് ഇമാമിന്റെ ജദീദിന്റെ റാവി എന്ന നിലയില്‍ പ്രശസ്തനായി.

തന്റെ അല്‍ മുഖ്തസ്വര്‍ (മുഖ്തസ്വറുല്‍ ബുവൈത്വി) എന്ന ഗ്രന്ഥം വളരെ പ്രസിദ്ധമാണ്. ശാഫിഈ കര്‍മശാസ്ത്രധാരയെ സജീവമാക്കുന്നതില്‍ നേതൃത്വപരമായ പങ്ക് വഹിച്ച പണ്ഡിതനാണ് ഇമാം ബുവൈത്വി (റ). റബീഅ്(റ) പറയുന്നു: ശാഫിഈ(റ)വിന്റെയടുക്കല്‍ അബൂ യഅ്ഖൂബിന്(റ) (ബുവൈതി) വലിയ സ്ഥാനമുണ്ടായിരുന്നു.

അബൂ ആസ്വിം(റ) പറയുന്നു: ഇമാം ശാഫിഈ പലപ്പോഴും ഫത്‌വകളില്‍ ബുവൈത്വി(റ)യെ അവലംബിച്ചിരുന്നു. വല്ല മസ്അലയും വന്നാല്‍ അദ്ദേഹത്തെ ഏല്‍പ്പിക്കുമായിരുന്നു. ശാഫിഈ(റ)വിന്റെ വഫാത്തിന് ശേഷം ഇമാമിന്റെ പ്രതിനിധിയായി സ്ഥാനമേറ്റെടുക്കുകയും അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ നിരവധി പണ്ഡിതന്മാര്‍ വിവിധ നാടുകളില്‍ വ്യാപിക്കുകയും ചെയ്തു. ശാഫിഈ(റ)വിന്റെ അറിവുകളെ ലോകധ്രുവങ്ങളില്‍ അവര്‍ പ്രചരിപ്പിച്ചു.

ശാഫിഈ(റ) രോഗിയായിരിക്കെ, ഇമാമിന്റെ ഹല്‍ഖയുടെ കാര്യത്തില്‍ ബുവൈത്വി(റ)യും ഇബ്‌നു അബ്ദില്‍ ഹകമും(റ) തമ്മില്‍ തര്‍ക്കത്തിലായി. ശാഫിഈ(റ) ഈ വിവരം അറിഞ്ഞു. ഇമാം പറഞ്ഞു: ബുവൈത്വിക്കാണ് ഹല്‍ഖ. തന്റെ വഫാത്തിന് ശേഷം ഇമാമിന്റെ സ്ഥാനത്തിരിക്കാന്‍ ബുവൈത്വി(റ)യോട് ശാഫിഈ(റ) വസ്വിയ്യത്ത് െചയ്തിരുന്നു. ശാഫിഈ(റ) പറഞ്ഞു: എന്റെ സ്ഥാനത്തിന് (മജ്‌ലിസ്) യൂസുഫിനേക്കാള്‍ (ബുവൈത്വി) അര്‍ഹതയുള്ള ഒരാളുമില്ല. എന്റെ അസ്വ്ഹാബുകളില്‍ അദ്ദേഹത്തേക്കാള്‍ അറിവുള്ള ഒരാളുമില്ല.

ബുവൈത്വി ഇമാം(റ) വലിയ സൂഫിയും പരിത്യാഗിയുമായിരുന്നു. മിക്കദിവസവും അദ്ദേഹം ഒരു ഖത്മ് ഓതിത്തീര്‍ക്കുമായിരുന്നു.

ഖുര്‍ആന്‍ സൃഷ്ടിയാണെന്ന വാദം വളരെ വിവാദമായ കാലഘട്ടമായിരുന്നു അത്. ഈ വാദം അംഗീകരിക്കാത്തതിന്റെ പേരില്‍ ബുവൈത്വി(റ)യും വലിയ പീഡകള്‍ സഹിച്ചു. റബീഅ്(റ) പറയുന്നു: ''ഞാനദ്ദേഹത്തെ ഒരു കഴുതയും മുകളിലായി കണ്ടു. അദ്ദേഹത്തിന്റെ പിരടിയില്‍ വിലങ്ങുണ്ട്; ഇരു കാലുകളില്‍ ആമവും. രണ്ടിനുമിടയില്‍ ഇരുമ്പിന്റെ ചങ്ങല.''

അബൂ അംറ്(റ) പറയുന്നു: ഞങ്ങള്‍ മുഹമ്മദ്ബ്‌നു യഹ്‌യയുടെ മജ്‌ലിസില്‍ ചെന്നു. അപ്പോള്‍ അദ്ദേഹത്തിന് ബുവൈത്വി(റ) അയച്ച എഴുത്ത് വായിച്ചു. ബുവൈത്വി അതില്‍ പറയുന്നു; ''നമ്മുടെ സഹോദരന്മാരായ ഹദീസിന്റെ അഹ്‌ലുകാരോട് എന്റെ അവസ്ഥ വിവരിച്ചുകൊടുക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു. അവരുടെ പ്രാര്‍ത്ഥന കാരണം അല്ലാഹു എന്നെ മോചിപ്പിച്ചേക്കാം. കാരണം, ഞാന്‍ ചങ്ങലകളിലാണ്. നിസ്‌കാരം, ശുദ്ധി പോലോത്ത ഫര്‍ളുകളൊന്നും ചെയ്യാന്‍ എനിക്ക് കഴിയുന്നില്ല.'' കേട്ടയുടനെ ആളുകള്‍ ഉച്ചത്തില്‍ കരയുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു.

സാജി(റ) പറയുന്നു: ബുവൈത്വി ജയിലിലായിരിക്കുമ്പോള്‍ എല്ലാ വെള്ളിയാഴ്ചയും കുളിക്കും; വസ്ത്രം കഴുകും. പിന്നീട് വാങ്ക് കേള്‍ക്കുമ്പോള്‍ ജയില്‍ വാതിലിലേക്ക് വരും. ജയില്‍ നരീക്ഷകര്‍ അദ്ദേഹത്തെ തടയും. ബുവൈത്വി(റ) അപ്പോള്‍ പറയും: ''അല്ലാഹുവേ, ഞാന്‍ നിന്റെ വിളിക്ക് ഉത്തരം നല്‍കിയിരിക്കുന്നു. പക്ഷേ, അവര്‍ എന്നെ തടയുകയാണ്.''

വാദം അംഗീകരിച്ചുകൊടുക്കാത്തതിന്റെ പേരില്‍ മരണം വരെ അദ്ദേഹം ജയിലിലടക്കപ്പെട്ടു. ഇമാം ശാഫിഈ(റ) തന്നെ ഇതു മുന്‍കൂട്ടി ബുവൈത്വി(റ)യോട് പറഞ്ഞിരുന്നു. റബീഅ്(റ) പറയുന്നു: ഞാനും മുസ്‌നിയും അബൂയഅ്ഖൂബും (ബുവൈത്വി) ശാഫിഈ(റ)വിന്റെ അടുക്കലായിരുന്നു. ശാഫിഈ(റ) എന്നോട് പറഞ്ഞു. നീ ഹദീസില്‍ മരിക്കും. അബൂയഅ്ഖൂബിനോട് പറഞ്ഞു: നീ ഇരുമ്പില്‍ മരിക്കും. ഇമാം മുസ്‌നി(റ) പറഞ്ഞു: പിശാചിനോട് സംവാദത്തിലേര്‍പ്പെടുകയാണെങ്കില്‍ അദ്ദേഹം പിശാചിനെ പരാജയപ്പെടുത്തും.

ബഗ്ദാദിലെ ജയിലില്‍ വെച്ച് ചങ്ങലയില്‍ ബന്ധവസ്ഥനായി അവസാനം ബുവൈത്വി(റ) വഫാത്തായി. ഹിജ്‌റ 231-ന് റജബിലായിരുന്നു അത്.

കിതാബുകളില്‍ 'ബുവൈത്വിയില്‍ പറഞ്ഞു', 'ബുവൈത്വിയില്‍ നസ്സ്വാക്കി' എന്നൊക്കെ കാണാറുണ്ട്. അതിന്റെ അര്‍ത്ഥം ഇമാം നവവി(റ) പറയുന്നു: ശാഫിഈ(റ)വില്‍നിന്നും ബുവൈത്വി രിവായത്ത് ചെയ്ത കിതാബില്‍ ശാഫിഈ(റ) പറഞ്ഞു എന്നാണ് അതിന്റെ അര്‍ത്ഥം.31

ഹര്‍മലത്ത്ബ്‌നു യഹ്‌യ(റ)(മ. 243)

ശാഫിഈ(റ)വിന്റെ ജദീദിന്റെ റാവിയാണ് ഹര്‍മല(റ). പൂര്‍ണനാമം ഹര്‍മലത്ത്ബ്‌നു യഹ്‌യബ്‌നു അബ്ദില്ലാഹ് ബ്‌നു ഹര്‍മലബ്‌നു ഇംറാന്‍ബ്‌നു ഖിറാദ് എന്നാണ്. ഹിജ്‌റ 166-ലാണ് ഹര്‍മല(റ) ജനിക്കുന്നത്. ശാഫിഈ(റ)വിന്റെ മദ്ഹബിനെ വികസിപ്പിക്കുന്നതില്‍ കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ട്.

ശാഫിഈ(റ), അബ്ദുല്ലബ്‌നു വഹബ്(റ), ബിശ്‌റ്ബ്‌നു ബകര്‍(റ) തുടങ്ങിയവരില്‍നിന്ന് ഹര്‍മല(റ) രിവായത്ത് ചെയ്തിട്ടുണ്ട്. ഇബ്‌നു വഹബ്(റ)വില്‍ നിന്ന് ഏറ്റവും കൂടുതല്‍ രിവായത്ത് ചെയ്തത് ഹര്‍മല(റ)യാണ്. മബ്‌സൂത്വ, മുഖ്തസ്വര്‍ എന്നീ ഗ്രന്ഥങ്ങള്‍ ഹര്‍മല(റ) രചിച്ചു. ഹിജ്‌റ 243-ന് വഫാത്തായി.

റബീഅ്ബ്‌നു സുലൈമാന്‍ അല്‍ ജൈസി(റ) (മ. 256)

ശാഫിഈ (റ)വിന്റെ ജദീദിന്റെ റാവികളില്‍ രണ്ടു റബീഉമാരെ കാണാം. റബീഉബ്‌നു സുലൈമാന്‍ അല്‍ ജൈസി(റ)യും റബീഅ് ബ്‌നു സുലൈമാന്‍ അല്‍ മുറാദി(റ)യും. രണ്ടു പേരും ശാഫഈ കര്‍മശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ വലിയ സ്വാധീനം ചെലുത്തിയവരാണ്.

അബൂ മുഹമ്മദ് റബീഅ്ബ്‌നു സുലൈമാന്‍ബ്‌നു ദാവൂദ് അല്‍ ജൈസി അല്‍ അസ്ദി എന്നാണ് മുഴുവന്‍ പേര്. ശാഫിഈ(റ), അബ്ദുല്ലാഹിബ്‌നു വഹബ്(റ) തുടങ്ങിയവരില്‍ നിന്ന് രിവായത്ത് ചെയ്തിട്ടുണ്ട്. അബൂദാവൂദ്(റ), നസാഈ(റ), അബൂ ജഅ്ഫറു ത്വഹാവി(റ) അടക്കമുള്ള പില്‍ക്കാല പണ്ഡിതന്മാര്‍ റബീഇല്‍ നിന്നും രിവായത്ത് ചെയ്തു. ഹിജ്‌റ 256-ല്‍ ദുല്‍ഹിജ്ജയില്‍ റബീഅ് (റ) വഫാത്തായി. 257-ലാണെന്നും അഭിപ്രായമുണ്ട്.

ഇമാം മുസ്‌നി(റ) (മ. 264)

ശാഫിഈ(റ)വിന്റെ ജദീദിന്റെ റാവിയാണ് മുസ്‌നി(റ). എന്റെ മദ്ഹബിന്റെ സഹായി (നാസ്വിറു മദ്ഹബീ) എന്നാണ് ഇമാം ശാഫിഈ(റ) മുസ്‌നി(റ)യെ വിശേഷിപ്പിച്ചത്. ഇസ്മാഈല്‍ബ്‌നു യഹ്‌യ ബ്‌നു ഇസ്മായീല്‍ബ്‌നു അംറ്ബ്‌നു ഇസ്ഹാഖ് അബൂ ഇബ്‌റാഹീം അല്‍ മുസ്‌നി എന്നാണ് പൂര്‍ണ പേര്. ഹിജ്‌റ 175-ന് മുസ്‌നി(റ) ജനിച്ചു.

ശാഫിഈ(റ), നഈം ബ്‌നു ഹമ്മാദ് (റ) എന്നിവരില്‍നിന്ന് രിവായത്ത് ചെയ്തു. ഇബ്‌നു ഖുസൈമ(റ), ത്വഹാവി(റ), ഇബ്‌നു അബീ ഹാതിം(റ) തുടങ്ങിയവര്‍ മുസ്‌നി(റ)യില്‍ നിന്നും രിവായത്ത് ചെയ്തവരാണ്. ഇമാം ശാഫിഈ(റ) പറയുന്നു: പിശാച് മുസ്‌നിയോട് സംവാദത്തിലേര്‍പ്പെട്ടാല്‍ പിശാചിനെ അദ്ദേഹം തോല്‍പ്പിക്കും.

ഏതെങ്കിലും നിസ്‌കാരത്തിന്റെ ജമാഅത്ത് നഷ്ടപ്പെട്ടാല്‍ ഇമാം മുസ്‌നി(റ) ഇരുപത്തിയഞ്ച് പ്രാവശ്യം അത് നിസ്‌കരിക്കും. അദ്ദേഹം മയ്യത്ത് കുളിപ്പിക്കാറുണ്ടായിരുന്നു. അദ്ദേഹം പറയും: എന്റെ ഹൃദയം മൃദുലമാവാന്‍ വേണ്ടിയാണ് ഞാനിങ്ങനെ ചെയ്യുന്നത്.

ഇമാം മുസ്‌നി(റ)വിന് നിരവധി ഗ്രന്ഥങ്ങള്‍ ഉണ്ട്. അല്‍ ജമാഉല്‍ കബീര്‍, അല്‍ ജാമിഉസ്സ്വഗീര്‍, അല്‍ മുഖ്തസ്വര്‍, അല്‍ മന്‍സൂര്‍, അല്‍ മാസാഇലുല്‍ മുഅ്തബിറ, അത്തര്‍ഗീബു ഫില്‍ ഇല്‍മി, കിതാബുല്‍ വസാഇഖ്, കിതാബുല്‍ അഖാരിബ്, കിതാബു നിഹായത്തുല്‍ ഇഖ്തിസ്വാര്‍ എന്നിവ അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഗ്രന്ഥങ്ങളാണ്. മുസ്‌നിയുടെ മുഖ്തസ്വറിനെ തര്‍ത്തീബാക്കി രചിക്കപ്പെട്ടതാണ് ഗസ്സാലിയുടെ ഖുലാസ (ഖുലാസ്വത്തുല്‍ മുഖ്തസ്വര്‍).

മുസ്‌നി ഇമാമിന്റെ(റ) മുഖ്തസ്വറിനെ കുറിച്ച് നിരവധി പണ്ഡിതന്മാര്‍ പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. ഇമാം ബൈഹഖി(റ) പറയുന്നു: മുസ്‌നി(റ)യുടെ മുഖ്തസ്വറിനേക്കാള്‍ ഉപകാരം ബര്‍ക്കത്തും ഫലസമ്പുഷ്ടതയുള്ള ഒരു ഗ്രന്ഥം ഇസ്‌ലാമില്‍ രചിക്കപ്പെട്ടതായി നാം അറിയില്ല. ഇമാം അബൂസൈദില്‍ മറൂസി(റ) പറയുന്നു: ഒരാള്‍ മുഖ്തസ്വറിനെ വേണ്ടപോലെ മനസ്സിലാക്കിയാല്‍ കര്‍മശാസ്ത്ര മസ്അലകളിലൊന്നും അയാള്‍ക്ക് അറിയാതിരിക്കില്ല. കാരണം, ഉസ്വൂലുകളിലായാലും ഫര്‍ളുകളിലായാലും സ്പഷ്ടമായോ വ്യംഗമായോ മുഖ്തസ്വര്‍ പരാമര്‍ശിക്കാത്ത ഒരു മസ്അലയുമില്ല.

മുസ്‌നി(റ) പറയുന്നു: ഞാന്‍ ഇരുപത് വര്‍ഷം ഈ ഗ്രന്ഥത്തിന്റെ (മുഖ്ത്വസര്‍) രചനയിലായിരുന്നു. ഞാന്‍ അതിനെ എട്ട് പ്രാവശ്യം തിരുത്തുകയും രചിക്കുകയും ചെയ്തു. ഞാന്‍ ഇതു രചിക്കാന്‍ ഉദ്ദേശിക്കുമ്പോഴൊക്കെ അതിനു മുമ്പുള്ള മൂന്ന് ദിവസം നോമ്പനുഷ്ഠിക്കുകയും നിശ്ചിത എണ്ണം റക്അത്ത് നിസകരിക്കുകയും ചെയ്യുമായിരുന്നു.32

ആദ്യകാലത്തും പില്‍ക്കാലത്തുമുണ്ടായ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ നിരവധി സ്ഥലങ്ങളില്‍ ഉദ്ധരിക്കപ്പെടുന്ന മഹാനാണ് ഇമാം മുസ്‌നി. ശാഫിഈ(റ) കര്‍മശാസ്ത്രത്തിന് അദ്ദേഹം നല്‍കിയ സംഭാവനയാണ് അത് ബോധ്യപ്പെടുത്തുന്നത്.

യൂനുസുബ്‌നു അബ്ദില്‍ അഅ്‌ലാ(റ) (170-264)

ശാഫിഈ(റ)വിന്റെ ജദീദിന്റെ റാവിയാണ് യൂനുസ്(റ). പൂര്‍ണനാമം: അബൂ മൂസ യൂനുസ്ബ്‌നു അബ്ദില്‍ അഅ്‌ലാ ബ്‌നു മൂസാബ്‌നു മൈസറ മിസ്വരി എന്നാണ്. ഹിജ്‌റ 170-ല്‍ ജനിച്ചു. ശാഫിഈ(റ), സുഫ്‌യാനുബ്‌നു ഉയൈയ്‌ന(റ), ഇബ്‌നു വഹബ്(റ) എന്നിവരില്‍ നിന്നും യൂനുസ്(റ) രിവായത്ത് ചെയ്തു. മുസ്‌ലിം(റ), നസാഈ(റ), ഇബ്‌നുമാ ജ(റ) എന്നിവര്‍ അദ്ദേഹത്തില്‍ നിന്നും രിവായത്ത് ചെയ്തിട്ടുണ്ട്. ഹിജ്‌റ 264-ല്‍ റബീഉല്‍ആഖിറില്‍ മഹാന്‍ വഫാത്തായി.

മുഹമ്മദ്ബ്‌നു അബ്ദില്ലബ്‌നു അബ്ദില്‍ ഹകം(റ) (182-268)

ശാഫിഈ(റ)വിന്റെ ജദീദിന്റെ റാവിയാണ് മുഹമ്മദ്(റ). അബ്ദുല്ലാഹ് ബ്‌നു വഹബ്(റ), ശാഫിഈ(റ) തുടങ്ങിയവരില്‍ നിന്നും രിവായത്ത് ചെയ്തു. നാസാഈ(റ), ഇബ്‌നു ഖുസൈമ(റ) അടക്കമുള്ളവര്‍ മുഹമ്മദി(റ)ല്‍ നിന്നും രിവായത്ത് ചെയ്തിട്ടുണ്ട്. ഇബ്‌നു അബദില്‍ ഹകം എന്ന് ചുരുക്കി പ്രയോഗിക്കാറുണ്ട്.

ശാഫിഈ(റ) അദ്ദേഹത്തിന്റെ ബുദ്ധിശേഷിയും ഫിഖ്ഹിനോടുള്ള താല്‍പര്യവും കണ്ട് അത്ഭുതപ്പെട്ടിരുന്നു. അബൂബക്ര്‍ബ്‌നു ഖുസൈമ(റ) പറയുന്നു: മുഹമ്മദ്ബ്‌നു അബ്ദുല്ലബ്‌നു അബ്ദില്‍ ഹകമിനേക്കാള്‍ ഏറ്റവും കൂടുതല്‍ സ്വഹാബാ താബിഉകളുടെ ഖൗലുകളറിയുന്ന ഒരാളെയും ഇസ്‌ലാമിലെ കര്‍മശാസ്ത്രപണ്ഡിതരില്‍ ഞാന്‍ കണ്ടിട്ടില്ല.

ശാഫിഈ അസ്വ്ഹാബുകളില്‍ പ്രമുഖനായിരുന്നെങ്കിലും ഒടുവില്‍ അദ്ദേഹം തന്റെ പിതാവിന്റെ മദ്ഹബിലേക്ക് (മാലികീ മദ്ഹബ്) മാറി. ഇമാം ശാഫിഈ(റ) തന്നെ അത് അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്.

ശാഫിഈ(റ) രോഗിയായപ്പോള്‍ ഇമാമിന്റെ മജ്‌ലിസിന്റെ വിഷയത്തില്‍ ബുവൈത്വി(റ)യും ഇബ്‌നു അബ്ദുല്‍ ഹകം(റ)വും തമ്മില്‍ തര്‍ക്കമായി. ഇമാം ശാഫിഈ(റ) ബുവൈത്വി(റ)യെ തന്റെ പിന്‍ഗാമിയായി പ്രഖ്യാപിച്ചു. അതോടെ അദ്ദേഹം ശാഫിഈ മദ്ഹബ് വിടുകയായിരുന്നു. പിന്നീട് ഇമാം ശാഫിഈ(റ)ക്കെതിരെ ഒരു ഗ്രന്ഥം പോലും രചിച്ചു. പക്ഷേ, അതിന്റെ പേരില്‍ അദ്ദേഹത്തിന് പല ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടിവന്നു. ഹിജ്‌റ 268-ല്‍ ദുല്‍ഖഅ്ദില്‍ അദ്ദേഹം വഫാത്തായി.

റബീഅ്ബ്‌നു സുലൈമാന്‍ അല്‍ മുറാദി(റ) (174-270)

ശാഫിഈ(റ)വിന്റെ ജദീദിന്റെ റാവിയാണ്. മാത്രവുമല്ല, ഇമാമില്‍ നിന്നും ഏറ്റവും കൂടുതല്‍ രിവായത്ത് ചെയ്തതും റബീഅ് അല്‍ മുറാദി(റ)യാണ്. അബൂ മുഹമ്മദ് റബീഅ്ബ്‌നു സുലൈമാന്‍ബ്‌നു അബദില്‍ ജബ്ബാര്‍ ബ്‌നു കാമില്‍ അല്‍ മുറാദി എന്നാണ് മുഴുവന്‍ പേര്.

മദ്ഹബുകളുടെ കിതാബുകളില്‍ റബീഅ് എന്ന് മാത്രം പറഞ്ഞാല്‍ അതുകൊണ്ടുള്ള ഉദ്ദേശ്യം റബീഅ് അല്‍ മുറാദി(റ)യാണ്. റബീഅ് അല്‍ ജൈസി(റ)യാണെങ്കില്‍ അങ്ങനെ പറയും. റബീഉല്‍ മുറാദി(റ)യും ഇമാം മുസ്‌നി(റ)യും രിവായത്തില്‍ എതിരായാല്‍ റബീഇനെയാണ് അവര്‍ മുന്തിക്കാറ്.

ഹിജ്‌റ 174-ലാണ് മുറാദി(റ) ജനിക്കുന്നത്. ശാഫിഈ(റ)വില്‍നിന്നും ഗുരുത്വം സ്വീകരിച്ച് അറിവിന്റെ വലിയ പ്രപഞ്ചം തന്നെ കരസ്ഥമാക്കി. ഈജിപ്തിലെ അംറ്ബ്‌നു ആസ്വ പള്ളിയിലെ മുഅദ്ദിനായിരുന്നു.

ഇമാം ശാഫിഈ(റ) റബീഇന്(റ) വലിയ പരിഗണന നല്‍കിയിരുന്നു. ഇമാം അദ്ദേഹത്തോട് പറഞ്ഞു: നീ എന്റെ കിതാബുകളുടെ റാവിയാണ്. തന്നെ സ്‌നേഹിച്ചിരുന്ന ഇമാം ശാഫിഈ(റ)വിനോട് അദ്ദേഹം ചോദിച്ചു: നിങ്ങള്‍ എന്നെ സ്‌നേഹിക്കാന്‍ കാരണമെന്താണ്? ഇമാം ശാഫിഈ(റ) പറഞ്ഞു: റബീഅ് സുലൈമാന്‍ എനിക്ക് സേവനം ചെയ്തതുപോലെ മറ്റൊരാളും എനിക്ക് ചെയ്തിട്ടില്ല. മറ്റൊരിക്കല്‍ ഇമാം(റ) പറഞ്ഞു: റബീഅ്, നിന്നെ അറിവ് ഭക്ഷിപ്പിക്കാന്‍ എനിക്ക് കഴിയുമായിരുന്നെങ്കില്‍ ഞാന്‍ നിന്നെ ഭക്ഷിപ്പിക്കുമായിരുന്നു.

ഇമാം ഖഫ്ഫാല്‍(റ) തന്റെ ഫതാവായില്‍ പറയുന്നു: റബീഅ് ഗ്രാഹ്യശേഷി കുറഞ്ഞ ആളായിരുന്നു. ശാഫിഈ(റ) ഒരു മസ്അല നാല്‍പത് പ്രാവശ്യം ആവര്‍ത്തിച്ചാലും അദ്ദേഹത്തിന് മനസ്സിലാകുമായിരുന്നില്ല. ലജ്ജ കാരണം അദ്ദേഹം സദസ്സില്‍ നിന്നും എണീറ്റുപോകും. ശാഫിഈ(റ) ഒറ്റക്ക് വിളിച്ച് മനസ്സിലാകുന്നത് വരെ ആവര്‍ത്തിച്ചു പറഞ്ഞുകൊടുക്കും. ഹിജ്‌റ 270-ല്‍ ശവ്വാലില്‍ റബീഅ്(റ) വഫാത്തായി.

ഇബ്‌നു സുറൈജ്(റ) (മ. 306) അസ്വ്ഹാബിന്റെ ശൈഖ് എന്ന പേരില്‍ വിശേഷിപ്പിക്കപ്പെടാറുണ്ട്. അബുല്‍ അബ്ബാസ് അഹ്മദ്ബ്‌നു ഉമര്‍ ബ്‌നു സുറൈജ് ബഗ്ദാദി എന്നാണ് മുഴുവന്‍ പേര്. ശാഫിഈ മദ്ഹബിനെ വികസിപ്പിച്ചതും വ്യാപിപ്പിച്ചതും ഇബ്‌നു സുറൈജാണ്.

ശൈഖ് അബുല്‍ ഇസ്ഹാഖ്(റ) പറയുന്നു: മുസ്‌നിയടക്കമുള്ള എല്ലാ ശാഫിഈ അസ്വ്ഹാബുകളേക്കാളും ഇബ്‌നു സുറൈജിന് മഹത്വം കല്‍പ്പിക്കപ്പെട്ടിരുന്നു.

ഇബ്‌നു സുറൈജ്(റ) പറയുന്നു: ഞാന്‍ സ്വപ്നത്തില്‍ ഒരുപാട് ചുവന്ന മാണിക്യങ്ങള്‍ (കിബ്‌രീത്തുല്‍ അഹ്മര്‍) വര്‍ഷിക്കുന്നതായി കണ്ടു. എന്റെ കുപ്പായവും മുടിയുമൊക്കെ നിറഞ്ഞു. അപൂര്‍വമായ ചുവന്ന മാണിക്യങ്ങള്‍ പോലെ അപൂര്‍വമായ പല അറിവുകളും എനിക്ക് നല്‍കപ്പെടുമെന്ന് എന്റെ സ്വപ്നത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു.

ദാവൂദ് ളാഹിരിയോടും മകന്‍ മുഹമ്മദ്ബ്‌നു ദാവൂദിനോട് വലിയ മുനാളറകള്‍ നടത്തിയിരുന്നു. അവയിലൊക്കെ അവരെ ഇബ്‌നു സുറൈജ് പരാജയപ്പെടുത്തുമായിരുന്നു.

ഇബ്‌നു സുറൈജി(റ)ന് നാനൂറോളം ഗ്രന്ഥങ്ങള്‍ ഉണ്ടായിരുന്നു. അര്‍റദ്ദു അലബ്‌നി ദാവൂദ് ഫില്‍ ഖിയാസി അവയിലൊന്നാണ്. ഹിജ്‌റ 306-നാണ് ഇബ്‌നു സുറൈജ്(റ) വഫാത്തായത്. അമ്പത്തിയേഴോളം വയസ്സ് അദ്ദേഹത്തിന് പ്രായമുണ്ടായിരുന്നുവെന്ന് ഖത്വീബ്(റ) പറയുന്നുണ്ട്.

ഇബ്‌നുല്‍ മുന്‍ദിര്‍(റ) (മ. 309-310)

അബൂബക്ര്‍ മുഹമ്മദ് ബ്‌നു ഇബ്‌റാഹീം ബ്‌നു മുന്‍ദിര്‍ നൈസാബൂരി എന്നാണ് പൂര്‍ണ നാമം. ശാഫിഈ കര്‍മ ശാസ്ത്രധാരയെ സജീവമാക്കുന്നതില്‍ ഇബ്‌നു മുന്‍ദിര്‍(റ) വലിയ പങ്ക്‌വഹിച്ചിട്ടുണ്ട്. കിതാബുല്‍ ഔസത്വ്, കിതാബുല്‍ ഇഷ്‌റാഫ് ഫിഖ്തിലാഫില്‍ ഉലമാഅ്, കിതാബുല്‍ ഇജ്മാഅ്, തഫ്‌സീര്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളാണ്. കിതാബുല്‍ ഇഷ്‌റാഫില്‍ നല്ല രചനാ രീതിയാണ്. അതിനെക്കുറിച്ച്  അബൂ ഇസ്ഹാഖ് ശീറാസി(റ) പറയുന്നു: പണ്ഡിതരുടെ ഭിന്നതയില്‍ ഒരാളും രചിക്കാത്ത ഗ്രന്ഥമാണ് ഇബ്‌നുല്‍ മുന്‍ദിര്‍(റ) രചിച്ചത്.

ഇമാം താജുദ്ദീന്‍ബ്‌നു സുബ്കി(റ) പറയുന്നു: നമ്മുടെ അസ്വ്ഹാബുകൡ മുഹമ്മദുകാര്‍ നാലു പേരുണ്ട്. മുഹമ്മദ് ബ്‌നു നസ്വര്‍(റ), മുഹമ്മദ്ബ്‌നു ജരീര്‍(റ), മുഹമ്മദ്ബ്‌നു ഖുസൈമ(റ), മുഹമ്മദ് ബ്‌നു മുന്‍ദിര്‍(റ). അവര്‍ നിരുപാധിക ഇജ്തിഹാദിന്റെ പദവി എത്തിയവരാണ്. തന്റെ മദ്ഹബ് അംഗീകരിക്കുകയും തന്റെ ഉസ്വൂല് പ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ശാഫിഈ(റ)വിന്റെ അസ്വ്ഹാബുകളില്‍ പെടുന്നതില്‍ നിന്നും അതൊരിക്കലും അവരെ വിലങ്ങിയില്ല. കാരണം, അവരുടെ ഇജ്തിഹാദ് ഇമാമിന്റെ ഇജ്തിഹാദിനോട് യോജിച്ചിരുന്നു. ഹിജ്‌റ 309-ലോ 310-ലോ ഇബ്‌നുല്‍ മുന്‍ദിര്‍(റ) വഫാത്തായി. കശ്ഫുള്ളുനൂനില്‍ ഹിജ്‌റ 318-നു വഫാത്തായി എന്നും പറയുന്നുണ്ട്.

ഇബ്‌നു ഖുസൈമ(റ) (223-311)

അബൂബക്ര്‍ മുഹമ്മദ്ബ്‌നു ഇസ്ഹാഖ്ബ്‌നു ഖുസൈമത്ത് ബ്‌നുല്‍ മുശീറബ്‌നു സ്വാലിഹ് ബ്‌നു ബക്ര്‍ നൈസാബൂരി എന്നാണ് പൂര്‍ണ നാമം. ഹിജ്‌റ 223-ന് സ്വഫറില്‍ ജനിച്ചു. ഇസ്ഹാഖ്ബ്‌നു റാഹവൈഹി(റ) അടക്കമുള്ള പണ്ഡിതരില്‍നിന്നും അറിവ് സ്വീകരിച്ചു. ബുഖാരി(റ), മുസ്‌ലിം (സ്വഹീഹിന് പുറത്ത്) തുടങ്ങിയവര്‍ ഇബ്‌നു ഖുസൈമി(റ)യില്‍ നിന്നും രിവായത്ത് ചെയ്തിട്ടുണ്ട്.

ഒരിക്കല്‍ ഒരാള്‍ ഇബ്‌നു ഖുസൈമ(റ)യോട് ചോദിച്ചു: നിങ്ങള്‍ക്ക് അറിവ് എവിടെനിന്നാണ് ലഭിച്ചത്? അദ്ദേഹം പറഞ്ഞു: നബി(സ) പറഞ്ഞിട്ടുണ്ടല്ലോ, സംസം വെള്ളം എന്തിനു വേണ്ടി കുടിക്കപ്പെടുന്നോ അതിനു വേണ്ടിയാണെന്ന്. നിശ്ചയം ഞാന്‍ സംസം കുടിച്ചപ്പോള്‍ ഉപകാരപ്രദമായ അറിവിനെ അല്ലാഹുവിനോട് ചോദിച്ചു.

റബീഅ്ബ്‌നു സുലൈമാന്‍(റ) പറയുന്നു: ഇബ്‌നു ഖുസൈമ ഞങ്ങളില്‍നിന്ന് ഉപകാരമെടുത്തതിനേക്കാള്‍ കൂടുതല്‍ ഞങ്ങള്‍ അദ്ദേഹത്തില്‍ നിന്നും ഉപകാരമെടുത്തിട്ടുണ്ട്. അബൂബശ്ര്‍(റ) പറയുന്നു: നബി(സ)യുടെ ചിത്രമുള്ള ഒരു ഫലകം ഇബ്‌നു ഖുസൈമയുടെ മുകളിലായി തന്റെ ഒരയല്‍വാസി സ്വപ്നം കണ്ടു. ഇബ്‌നു ഖുസൈമ അതിനെ തുടച്ചു ശുദ്ധിയാക്കുന്നു. സ്വപ്നവ്യാഖ്യാതാവ് പറഞ്ഞു: ഇയാള്‍ നബി(സ)യുടെ ചര്യ ജീവിപ്പിക്കുന്നവരാണ്.

നൂറ്റി നാല്‍പ്പതിലേറെ ഗ്രന്ഥങ്ങള്‍ ഇബ്‌നു ഖുസൈമ(റ)ക്കുണ്ട്. മസാഇല്‍ നൂറിലേറെ ഭാഗങ്ങളുണ്ട്. മൂന്നു ഭാഗമുള്ള ഫിഖ്ഹു ഹദീസി ബരിറയും ഇബ്‌നു ഖുസൈമ(റ)യുടേതാണ്.

ഒരിക്കല്‍ ഇബ്‌നു ഖുസൈമ(റ) ഒരു തോട്ടത്തില്‍ വലിയ പാര്‍ട്ടി വിളിച്ചുകൂട്ടി. പാവങ്ങളും ധനികരും ക്ഷണിക്കപ്പെട്ടു. നാട്ടിലുള്ള ആഹാരങ്ങളെല്ലാം കൊണ്ടുവന്നു. ഹാകിം(റ) പറയുന്നു: ജനബാഹുല്യം കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച ദിവസമായിരുന്നു അത്. വലിയ സുല്‍ത്വാനല്ലാതെ ഇങ്ങനെയൊന്ന് സംഘിടിപ്പിക്കാനാവില്ല. ഇബ്‌നു ഖുസൈമ(റ) ഹിജ്‌റ 311-ല്‍ വഫാത്തായി.33

റഫറന്‍സ് 31. മജ്മൂഅ് / ഇമാം നവവി(റ), പേജ് 108, വാള്യം 1 32. രിസാലത്തുത്തന്‍ബീഹ് / കൈപ്പറ്റ ബീരാന്‍കുട്ടി മുസ്‌ലിയാര്‍ (ന.മ.), പേജ് 18, വാള്യം 2 33 - ത്വബഖാത്തുശ്ശാഫിയ്യ അല്‍ കുബ്‌റ / താജുദ്ദീന്‍ ഇബ്‌നു സുബ്കി(റ), പേജ് 84,91 വാള്യം 2

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter