നേരനുഭവങ്ങളുടെ അസ്ഹാബുകള്‍

ചരിത്രത്തിന്റെ എല്ലാ ശുഭകരമായ ഘട്ടങ്ങളിലും നേതാവിന്റെ സുകൃതങ്ങളെ ഏറ്റെടുക്കാന്‍ ശക്തമായ അനുയായി സമൂഹങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഭൂമിയില്‍ വന്ന പ്രവാചകന്മാര്‍ക്കെല്ലാം കൂടിയതും ചുരുങ്ങിയതുമായ അളവില്‍ അനുയായികളെ കാണാനാവും. ഈസാനബി(അ)ന്റെ ഹവാരിയ്യുകളും തിരുനബി(സ)യുടെ സ്വഹാബാക്കളും എല്ലാതരം ഉത്കൃഷ്ടതകളും പ്രകടിപ്പിച്ച ഏറ്റവും നല്ല അനുചര സമൂഹങ്ങളായിരുന്നല്ലോ? ശാഫിഈ(റ)വിന്റെ അസ്വഹാബുകളെയും ഈ അര്‍ത്ഥത്തില്‍ നമുക്ക്‌ചേര്‍ത്തുവായിക്കാനാവും. തന്റെ കാലത്തും കാലശേഷവും നിരവധി മദ്ഹബുകള്‍ക്കിടയില്‍ ശാഫിഈ കര്‍മശാസ്ത്രധാരയെ പ്രതിരോധിച്ചു നിര്‍ത്താന്‍ സന്നദ്ധതയുള്ള ഒരു അനുയായി വൃന്ദം തന്നെ ആവശ്യമാണെന്ന് ഇമാം ശാഫിഈ(റ) കണ്ടു. അങ്ങനെയാണ് ഗുരുമുഖത്ത് നിന്നും ജ്ഞാനം സ്വീകരിച്ച് ഇമാമിന്റെ കര്‍മശാസ്ത്രനിദാനങ്ങളെയും മാനദണ്ഡങ്ങളെയും ഉള്‍ക്കൊള്ളാന്‍ മാത്രം പക്വതയും പാകതയും വന്ന അസ്വഹാബുകള്‍ കടന്നുവരുന്നത്. ഹിജ്‌റ രണ്ടാം നൂറ്റാണ്ടിലും ശേഷനൂറ്റാണ്ടുകളിലും കര്‍മശാസ്ത്രത്തെ ക്രോഡീകരിക്കുകയും വികസിപ്പിക്കുകയും ചെയ്തത് ഈ അസ്വഹാബുകളായിരുന്നു.

ശാഫിഈ ഇമാമു(റ)മായി ഇടപഴകി ജീവിച്ച അനുചരന്മാര്‍ക്കാണ് പൊതുവെ അസ്വഹാബുകള്‍ എന്നു പറയുന്നത്. എന്നാല്‍ ശാഫിഈ(റ)വിന് ശേഷം ജീവിച്ച മദ്ഹബിലെ ചില ഇമാമുകളെയും നമ്മുടെ അസ്വഹാബുകള്‍ എന്നു വിശേഷിപ്പിക്കാറുണ്ട്. ഹിജ്‌റ 223ല്‍ ജനിച്ച ഇബ്‌നു ഖുസൈമ(റ)വിനെ ശാഫിഈ(റ)വിന്റെ അസ്വഹാബുകളിലായി ഇമാം താജുദ്ധീന്‍ ബ്‌നു സുബ്കി(റ0 ത്വബവാത്തില്‍ എണ്ണിയിട്ടുണ്ട്.

ശാഫിഈ(റ)വിന്റെ അസ്വഹാബുകളെ നാടിന്റെ അടിസ്ഥാനത്തിലും രിവായത്തിന്റെ അടിസ്ഥാനത്തിലും വിവിധ ഭാഗങ്ങളിലായി തിരിക്കാറുണ്ട്. നാടിന്റെ അടിസ്ഥാനത്തില്‍ 1- ഇറാഖിലെയും ബഗ്ദാദിലെയും അസ്വഹാബുകള്‍. 2- നൈസാബൂരി അസ്വഹാബുകള്‍ 3-ഖുറാസാനി അസ്വഹാബുകള്‍. നൈസാഹബൂരികള്‍ എന്നതിനേക്കാള്‍ വിശാലാര്‍ത്ഥമുള്ള വാക്കാണ് ഖുറാസാനികള്‍. കാരണം എല്ലാ നൈസാബൂരികളും ഖുറാസാനികളാണ്. പക്ഷെ, എല്ലാ ഖുറാസാനികളും നൈസാബൂരികളാവില്ല. നൈസാബൂരികളടക്കമുള്ള പ്രധാന നാല് നഗരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഖുറാസാന്‍. നൈസാബൂരിനു പുറമെ മര്‍വ്, ബല്‍ഖ്, ഹറാത്ത് എന്നിവയാണ് ആ നാലു നഗരങ്ങള്‍. നിരവധി പണ്ഡിതന്മാരുടെ നാടാണ് മര്‍വ്. ചിലപ്പോള്‍ ഖുറാസാനികള്‍ എന്നര്‍ത്ഥത്തില്‍ മര്‍വുകാര്‍(മറാവിസ) എന്ന് പ്രയോഗിക്കാറുണ്ട്. ഖുറാസാനികളിലധികവും മര്‍വുകാരായതാണ് കാരണം. മദ്ഹബിന്റെ പകുതി എന്നുതന്നെ മര്‍വുകാരെ കുറിച്ചു പറയാം. 4. ശാമിലെയും ഈജിപ്തിലെയും അസ്വഹാബുകള്‍. ശാഫിഈ മദ്ഹബിന്റെ വളര്‍ച്ച തൊട്ടേ വലിയ സ്വാധീനമുള്ള സ്ഥലമാണ് ശാമും ഈജിപ്തും. 5 - യമനി അസ്വഹാബുകള്‍ യമനില്‍ ഭൂരിപക്ഷവും ശാഫിഈ മദ്ഹബുകാരാണ്. വളരെ ചെറിയ പക്ഷം സൈദിയ്യാക്കളുണ്ട്. 6- പേര്‍ഷ്യന്‍ അസ്വഹാബുകള്‍ 7- മറ്റുപൗരസ്ത്യ നാടുകളിലെ അസ്വഹാബുകള്‍. 25

രിവായത്തിന്റെ അടിസ്ഥാനത്#ില്‍, ഖദീമിന്റെ റാവികള്‍, ജദീദിന്റെ റാവികള്‍ എന്നിങ്ങനെ വര്‍ഗ്ഗീകരിക്കപ്പെടുന്നു. അഹ്മദ് ബ്‌നു ഹമ്പല്‍ (റ) സഅ#്ഫറാനി(റ) അബൂസൗര്‍(റ) എന്നിവര്‍ മുവരായ ഖദീമിന്റെ റാവികളാണ്. ഇമാം മുസ്‌നി(റ), ഇമാം സുവൈത്വി(റ), റബീബി ഉല്‍ മൂറാദി(റ) റബീഉല്‍ ജൈസി(റ) യൂനുസ് ബ്‌നു അബ്ദില്‍ അഅ#്‌യാ(റ) എന്നിവര്‍ ജദീദിനെ രിവായത്ത്‌ചെയ്തു.

അബൂസൗര്‍(റ) മ. ഹി. 240

ഖദീമിന്റെ റാവികളിലെ പ്രമുഖനായ പണ്ഡിതനാണ്. ഇബ്‌നു റാഹീം ബ്‌നു ഖാലിദ് ബ്‌നു അബില്‍ യമാന്‍ എന്നതാണ് യഥാര്‍ത്ത പേര്. അബൂ ബനര്‍ ഓമനപ്പേരാണ്. ഇമാം ശാഫിഈ(റ) സുഫ്‌യാനുബ്‌നു ഉയൈയ്ന്‍(റ) വകീഅ#്(റ), എന്നിവരില്‍ നിന്ന് രിവായത്ത് ചെയ്തിട്ടുണ്ട്. ഇമാം മുസ്‌ലിം (സ്വഹീഹു മുസ്‌ലിമിലല്ല) അബൂ ദാവൂദ്(റ) ഇബ്‌നു മാജ(റ), അബുല്‍ ഖാസിം ബഗവി(റ) എന്നിവര്‍ അബൂസൗറി(റ)ല്‍ നിന്നും രിവായത്ത് ചെയ്തവരാണ്.

അബൂബക്ര്‍ അഅ#്‌യാന്‍(റ) പറയുന്നു.: ഞാന്‍ അഹ്മദ് ബ്‌നു ഹമ്പല്‍(റ)വിനോട് ചോദിച്ചു: അബൂ സൗറിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? അഹ്മദ് (റ) പറഞ്ഞു: അമ്പത് വര്‍ഷമായി അദ്ദേഹത്തെ എനിക്ക് അറിയാം. അദ്ദേഹം എന്റെ അടുക്കല്‍ സുഫ്‌യാനുസ്സൗരി(റ)യുടെ സ്ഥാനത്താണ്.

പ്രബലരായ കര്‍മശാസ്ത്രപണ്ഡിതരില്‍ നിന്നും വ്യത്യസ്തനായി അബൂസൗര്‍(റ)വിന് ചില കാര്യങ്ങളില്‍ സ്വന്തമായ അഭിപ്രായമുണ്ടായിരുന്നു. എല്ലാ ഫുഖഹാഉം വസ്വിയ്യത്തിനേക്കാള്‍ കടം മുന്തിക്കപ്പെടണമെന്ന് പറയുമ്പോള്‍ അബൂസൗര്‍(റ) മാത്രം വസ്വിയ്യത്തിനെ മുന്തിച്ചു. അതുപോലെ രണ്ടുപേര്‍ ഖിബ്‌ലയില്‍ ഇജ്തിഹാദ് ചെയ്തു. വ്യത്യസ്തഭാഗം തീര്‍ച്ചപ്പെടുത്തി. ഇവിടെ ഓരോര്‍ത്തര്‍ക്കും മറ്റുള്ളവനെ തുടര്‍ന്ന് നിസ്‌കരിക്കല്‍ ജാഇസാണെന്ന് അബൂസൗര്‍(റ) വാദിച്ചിരുന്നു. എന്നാല്‍ മറ്റുള്ള പണ്ഡിതന്മാര്‍ ഇതിനപവാദമാണ് വാധിച്ചിട്ടുള്ളത്.

ആദ്യകാലങ്ങളില്‍ അബൂസൗര്‍(റ) സ്വന്തമായ അഭിപ്രായം നിലനിര്‍ത്തിപ്പോന്നിരുന്നുവെന്നും പിന്നീട് ശാഫിഈ(റ) ബഗ്ദാദിലെത്തിയപ്പോള്‍ അദ്ദേഹം ഇമാമിലേക്ക് മടങ്ങുകയായിരുന്നുവെന്നു ഖത്വീബ്(റ) പറയുന്നുണ്ട്.

ഒരിക്കല്‍ അഹ്മദ് ബ്‌നു ഹമ്പല്‍(റ)വിനോട് ഒരാള്‍ മസ്അല ചോദിച്ചു. അയാളോട് അഹ്മദ്(റ) പറഞ്ഞു: നിങ്ങള്‍ കര്‍മശാസ്ത്രപണ്ഡിതന്മാരോട് ചോദിക്കുക, അബൂസൗറിനോട് ചോദിക്കുക. 26

ശാഫിഈ ഇമാമിന്റെ ശിഷ്യനായ അബൂസൗര്‍(റ) ഇമാമിന്റെ കിതാബുകള്‍ നഖ്‌ല് ചെയ്തിട്ടുണ്ട്. ഇമാം ദഹബി(റ)യുടെ അഭിപ്രായ പ്രകാരം അബൂസൗര്‍(റ) ഹിജ്‌റ 170ല്‍ ജനിച്ചു. 240ലാണ് അദ്ദേഹം വഫാത്താകുന്നത്. 246ലാണെന്നാണ് ഇബ്‌നു ഖല്ലിഖാന്റെ അഭിപ്രായം.

അഹ്മദ് ബ്‌നു ഹമ്പല്‍(റ) ഹി. 164-241

ഹമ്പലി മദ്ഹബിന്റെ ഇമാമാണെങ്കിലും ശാഫിഈ(റ)വിന്റെ ഖദീമിന്റെ റാഹയായിരുന്നു. ഖദീമിനെ രിവായത്ത് ചെയ്യുന്നതില്‍ വലിയ പങ്ക് വഹിച്ചു. സുഫ്‌യാനുബ്‌നു ഉയൈയ്‌ന(റ) വകീഅ#്(റ), അബ്ദുറഹ്മാന്‍ ബ്‌നു മഹ്ദി(റ), ശാഫിഈ(റ) തുടങ്ങഇയവര്‍ ഇമാമിന്റെ ഗുരുവര്യന്മാരാണ്.

ഗ്രന്ഥരചന വെറുത്തിരുന്ന അഹ്മദ്(റ) ആയിരക്കണക്കിന് ഹദീസുകളുള്‍ക്കൊള്ളിച്ച് ഒരു മുസ്‌നദ് രചിച്ചിട്ടുണ്ട്. ഇതനെ കുറിച്ച് തന്റെ മകന്‍ അബ്ദുല്ല (റ) പറയുന്നു. ഞാന്‍ എന്റെ പിതാവിനോട് ചോദിച്ചു: നിങ്ങള്‍ മുസ്‌നദ് ചെയ്തിട്ടുണ്ടല്ലോ പിന്നെന്തിനാണ് ഗ്രന്ഥരചന വെറുക്കുന്നത്? അദ്ദേഹം പറഞ്ഞു: ഈ ഗ്രന്ഥം ഞാന്‍ ഒരു ഇമാമായിട്ടാണ് ചെയ്തത്. അല്ലാഹുവിന്റെ റസൂലിന്റെ സുന്നത്തില്‍ ആളുകള്‍ ഭിന്നാഭിപ്രായക്കാരാകുമ്പോള്‍ അവര്‍ അതിലേക്ക് മടങ്ങും.

റബീഉബ്‌നു സുലൈമാന്‍(റ) പറയുന്നു. ശാഫിഈ(റ) ഈജിപ്തില്‍ വന്നു. എന്നോട് പറഞ്ഞു. റബീഅ#് നീ ഈ എഴുത്തുകൊണ്ടുപോയി അബൂ അബദില്ലാഹ് (അഹ്മദ്ബ്‌നു ഹമ്പല്‍) ന് നല്‍കുക. മറുപടിയും കൊണ്ടുവരിക. ഞാന്‍ ബഗ്ദാദില്‍ ചെന്നു. അവിടെ അഹ്മദ്(റ) സുബ്ഹ് നിസ്‌കരിക്കുകയാണ്. മിഹ്‌റാബില്‍ നിന്ന് വന്നപ്പോള്‍ ഞാന്‍ ആ എഴുത്ത് നല്‍കി പറഞ്ഞു: ഇത് താങ്കളുടെ സഹോദരന്‍ ശാഫിഈയുടെ മിസ്വറില്‍ നിന്നുള്ള എഴുത്താണ്. അപ്പോള്‍ എന്നോട് അഹ്മദ് ചോദിച്ചു: നിങ്ങള്‍ അതുനോക്കിയോ? ഞാന്‍ പറഞ്ഞു. ഇല്ല. അദ്ദേഹം അതിന്റെ മുദ്ര പൊട്ടിച്ചു തുറന്നു വായിച്ചുനോക്കി. അദ്ദേഹത്തിന്റെ കണ്ണു നിറഞ്ഞു. ഞാന്‍ ചോദിച്ചു. അബൂ അബദില്ലാഹ്, എന്താണ് അതില്‍? അദ്ദേഹം പറഞ്ഞു: അതില്‍ ശാഫിഈ(റ) പറയുന്നത്. അദ്ദേഹം ഒരിക്കല്‍ നബി(സ)യെ സ്വപ്നത്തില്‍ കണ്ടു. നബി(സ) ശാഫിഈയോട് പറഞ്ഞു: നിങ്ങള്‍ അബൂ അബദില്ലാഹ്ക്ക് ഒരു എഴുത്ത് എഴുതുക. സലാമും പറയുക. പിന്നീട് അദ്ദേഹത്തോട് ഇങ്ങനെ പറയണം. നിശ്ചയം നിങ്ങള്‍ പരീക്ഷിക്കപ്പെടുകയും ഖുര്‍ആന്‍ സൃഷ്ടിവാദത്തിലേക്ക് ക്ഷണിക്കപ്പെടുകയും ചെയ്യും. നിങ്ങള്‍ അവര്‍ക്ക് ഉത്തരം നല്‍കില്ല. അങ്ങനെ ഖിയാമത്ത് നാള് വരെ അല്ലാഹു നിങ്ങള്‍ക്ക് ജ്ഞാനം ഉയര്‍ത്തി തരും!

നബീഅ#്(റ) പറയുന്നു.: ഞാന്‍ അഹമ്മദിനോട് എന്തെങ്കിലും നല്‍കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം തന്റെ തൊലിയോടു ഒട്ടിക്കിടക്കുന്ന ഒരു കുപ്പായം ഊരി നല്‍കി. ഞാനത് എടുത്ത് ഈജിപ്തിലേക്ക് തന്നെ മടങ്ങി. അതു ശാഫിഈ(റ)വിന് നല്‍കി. ഇമാം ചോദിച്ചു: എന്താണ് അതില്‍? ഞാന്‍ പറഞ്ഞു: അഹ്മദ്(റ)വിന്റെ കുപ്പായമാണ്. ശാഫിഈ(റ) പറഞ്ഞു: നീ അതുകൊണ്ടുപോയി വെള്ളത്തിലിറക്കി നനക്കുക. ഞാന്‍ അതുകൊണ്ട് ബര്‍ക്കെടുത്തെടുക്കട്ടെ.''

ഖുര്‍ആന്റെ സൃഷ്ടിവാദത്തെ അംഗീകരിക്കാത്തതിനാല്‍ അഹ്മദ്(റ) വലിയ പീഢനങ്ങള്‍ സഹിച്ചു. ജയിലിലിട്ട് ക്രൂരമായി പീഡിപ്പിക്കുകയും അടിക്കുകയും ചെയ്യുമായിരുന്നു. പക്ഷെ എന്നിട്ടും ആ മഹാന്‍ ഖുര്‍ആന്‍ സൃഷ്ടിയാണെന്ന് (മഖ്‌ലൂഖ്) സമ്മതിച്ചുകൊടുത്തില്ല.

ശാഫിഈ(റ)വിന്റെ ഖദീമിന്റെ റാവിയായിരുന്ന അഹ്മദ്(റ) പിന്നീട് സ്വന്തമായ കര്‍മശാസ്ത്രധാരയെ തന്നെ കണ്ടെത്തുകയായിരുന്നു. ഇമാം ശാഫിഈ(റ) വിന്റെയും അഹ്മദ് ബ്‌നു ഹമ്പല്‍(റ)വിന്റെയും ഇടയില്‍ കര്‍മ ശാസ്ത്രപരമായ വലിയ സംവാദങ്ങള്‍ (മുനാഇറ) നടന്നിരുന്നു.

ഒരിക്കല്‍ അഹ്മദ്(റ) ശാഫിഈ(റ)വിനോട് സംവാദത്തിലേര്‍പ്പെട്ടു. നിസ്‌കാരം ഉപേക്ഷിച്ചവനെ കുറിച്ചായിരുന്നു ചര്‍ച്ച. ശാഫിഈ(റ) ചോദിച്ചു: അഹ്മദ്, നിങ്ങള്‍ അയാള്‍ കാഫിറാണെന്ന് പറയുന്നുണ്ടോ? അഹ്മദ്(റ) പറഞ്ഞു: അതെ ശാഫിഈ(റ) മറു ചോദ്യമുന്നയിച്ചു. കാഫിറാകുകായണെങ്കില്‍ പിന്നങ്ങനെ അയാള്‍ക്ക് മുസ്‌ലിമാകാം? അഹ്മദ് (റ) പറഞ്ഞു: ലാഇലാഹ ഇല്ലല്ലാഹ്, മുഹമ്മദ് റസൂലുല്ലാഹ് എന്നു പറയണം. ശാഫിഈ(റ) പറഞ്ഞു: അയാള്‍ എപ്പോഴും ഈ വാചകം ഉച്ചരിക്കുന്നവനാണല്ലോ. ഇതു ഒഴിവാക്കിയിട്ടില്ലല്ലോ അയാള്‍? അപ്പോള്‍ അഹ്മദ് (റ) പറഞ്ഞു: നിസ്‌കരിക്കുന്നതോടെ അയാള്‍ക്ക് മുസ്‌ലിമാകാം. ശാഫിഈ(റ) പറഞ്ഞു: കാഫിറിന്റെ നിസ്‌കാരം ശരിയാവുകയില്ലല്ലോ. അതിനാല്‍ നിസ്‌കരിക്കുന്നതോടെ ഇസ്‌ലാമ് കൊണ്ട് വിധിക്കാനാവില്ല.'' അഹ്മദ്(റ) മൗനമായി നിന്നു.

ഹിജ്‌റ 164ലാണ് ഇമാം അഹ്മദ്(റ) ജനിക്കുന്നത്. ദിവസങ്ങളോളം രോഗശയ്യയില്‍ കിടന്നാണ് അദ്ദേഹം വഫാത്തായത്. രോഗിയെ കാണാന്‍ ആളുകള്‍ തിക്കും തിരക്കും കൂട്ടിയിരുന്നു. ഹിജ്‌റ 241ല്‍ ഒരു വെള്ളിയാഴ്ച ഇമാം(റ) വഫാത്തായി. ലക്ഷക്കണക്കിന് ആളുകള്‍ അദ്ദേഹത്തിന്റെ ജനാസ നിസ്‌കാരത്തില്‍ പങ്കെടുത്തു.27

അല്‍ കറാബീസി(റ) (മ. 245) ഇമാമിന്റെ ഖദീമിന്റെ റാവിയാണ് അല്‍കറാബീസി(റ). അബൂ അലി അല്‍ ഹുസൈന്‍ ബ്‌നു അലി ബ്‌നു യസീദ് അല്‍ കറാബീസി അല്‍ ബഗ്ദാദി എന്നതാണ് പൂര്‍ണ്ണ പേര്. കറാബീസ് എന്നാല്‍ കിര്‍ബാസ് എന്ന വാക്കിന്റെ ബഹുവചനമാണ്. പരുത്ത വസ്ത്രം എന്നാണ് അര്‍ത്ഥം. മഹാന്‍ പരുത്ത വസ്ത്രങ്ങള്‍ വില്‍ക്കുന്നവരായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം അല്‍കറാബീസി എന്ന പേരില്‍ അറിയപ്പെട്ടത്.28

ശാഫിഈ(റ)വിന്റെ മജ്‌ലിസില്‍ സദാസമയവും പങ്കാളിയായിരുന്നു. മദ്ഹബ് മുഴുവന്‍ ഹൃദ്യസ്ഥമാക്കിയിരുന്നു. ഉസ്വൂലുല്‍ ഫിഖ്‌നിലും ഫുറൂഇലുമായി നിരവധി ഗ്രന്ഥങ്ങള്‍ കറാബിസി(റ)ക്കുണ്ട്. ഇമാം സഅ#്ഫറാനിയുടെ ഗ്രന്ഥങ്ങള്‍ ശാഫിഈറ) കറാബിസിക്ക് ഇജാസത്ത് നല്‍കിയിട്ടുണ്ട്.29

കറാബീസി(റ) ആദ്യം ഇറാഖികളുടെ മദ്ഹബായിരുന്നു സ്വീകരിച്ചിരുന്നത്. പിന്നീട് ഇമാ ശാഫിഈ(റ)യുടെ മദ്ഹബിലെത്തിച്ചേരുകയായിരുന്നു. ഖുര്‍ആന്‍ സൃഷ്ടിയാണെന്ന് വാദമില്ലായെരുന്നെങ്കിലും ഖുര്‍ആന്‍ കൊണ്ടുള്ള വാക്ക് സൃഷ്ടിയാണെന്ന് കറാബീസി(റ) വാദിച്ചു. ഇതിനെ ഇമാം അഹ്മദ് ബ്‌നു  ഹമ്പല്‍ എതിര്‍ക്കുകയും ചെയ്തിരുന്നു. ഹിജ്‌റ 245ലോ 248ലോ അദ്ദേഹം വഫാത്തായി.

സഅ#്ഫറാനി(റ) മ.260 ഖദീമിന്റെ റാവികളിലൊരാളാണ് സഅ#്ഫറാനി(റ) സഅ#്ഫറാനിയ്യ എന്ന നാട്ടിലേക്ക് ചേര്‍ത്തിയാണ് സഅ#്ഫറാനി എന്ന പേര് വിളിക്കപ്പെടുന്നത്. സുഫ്‌യാനുബ്‌നു ഉയൈയ്‌ന(റ), ശാഫിഈ(റ) അടക്കമുള്ളവരില്‍ നിന്ന് അറിവ് നേടി. ബുഖാരി(റ) അബൂദാവൂദ്(റ) തിര്‍മദി(റ) നസാഈ(റ) ഇബ്‌നു മാജ(റ) എന്നിവര്‍ സഅ#്ഫറാനിയില്‍ നിന്നും രിവായത്ത് ചെയ്തു. പ്രശസ്തരായ ആറു ഹദീസ് പണ്ഡിതരില്‍നിന്നും മുസ്‌ലിം മാത്രമേ രിവായത്ത് ചെയ്യാത്തതുള്ളൂ.

ഇബ്‌നു ഹിബ്ബാന്‍(റ) പറയുന്നു; അഹ്മദ് ബ്‌നു ഹമ്പല്‍(റ) അബൂ സൗര്‍(റ) എന്നിവര്‍ ശാഫിഈ(റ)വിന്റെ അടുക്കല്‍ വരാറുണ്ടായിരുന്നു. ഹസന്‍ സഅ#്ഫറാനി(റ)യായിരിക്കും വായന ഏറ്റെടുത്തയാള്‍.

സഅ#്ഫറാനി(റ)തന്നെ പറയുന്നു: ഒരിക്കല്‍ ശാഫിഈ(റ) കടന്നു വന്നു. ഞങ്ങള്‍ ഇമാമിന്റെ അടുക്കല്‍ ചെന്നു. ശാഫിഈ(റ) പറഞ്ഞു: നിങ്ങള്‍ക്കു വേണ്ടി വായിക്കുന്ന ഒരാളെ നിങ്ങള്‍ കണ്ടെത്തുക. ഞാനല്ലാതെ ഒരാളും അതിന് ധൈര്യപ്പെട്ടില്ല. ഞാന്‍ ചെറിയ കുട്ടിയായിരുന്നു. എന്റെ മുഖത്ത് ഒരു മുടിപോലമുണ്ടായിരുന്നില്ല. ശാഫിഈ(റ)വിന്റെ മുന്നില്‍ വെച്ച് എന്റെ നാവ് വഴിപ്പെട്ടത് എന്നെ വല്ലാതെ ആശ്ചര്യപ്പെടുത്തി. ഞാന്‍ ശാഫിഈ(റ) വിന് രണ്ട് കിതാബൊഴിച്ച് ബാക്കി എല്ലാ ഗ്രന്ഥങ്ങളും വായിച്ച് നല്‍കി. രണ്ടെണ്ണം ശാഫിഈ(റ) ഇങ്ങോട്ട് വായിച്ചു നല്‍കിയിട്ടുണ്ട്. കിതാബുല്‍ മനാസികും കിതാബു സ്വലാത്തും.

അദ്ദേഹം തന്നെ പറയുന്നു: ഞാന്‍ രിസാല ശാഫിഈ(റ)വിന് വായിച്ചു നല്‍കുകയായിരുന്നു. ശാഫിഈ(റ) എന്നോട് ചോദി#്ചചു. നിങ്ങള്‍ ഏത് അറബില്‍ നിന്നാണ്? ഞാന്‍ പറഞ്ഞു: ഞാന്‍ അറബിയില്ല. ഞാന്‍ സഅ#്ഫറാനിയ്യ എന്ന ഗ്രാമത്തില്‍നിന്നാണ്. ശാഫിഈ(റ) പറഞ്ഞു: എന്‌നാല്‍ നിങ്ങള്‍ ഈ ഗ്രാമത്തിന്റെ നേതാവാണ്.30

കിതാബുല്‍ ഇറാഖി സഅ#്ഫറാനി(റ) യിലേക്ക് ചേര്‍ത്തിപ്പറയുന്ന ഗ്രന്ഥമാണ്. ഒരു ചരിത്രകാരന്‍ പറയുന്നു: സഅ#്ഫറാനിയുടെ കാല്ത്ത അദ്ദേഹത്തേക്കാള്‍ സൗന്ദര്യമുള്ള സാഹിത്യാഭിരുചിയുള്ള ഒരാളും ഉണ്ടായിരുന്നില്ല. അദ്ദേഹത്തെ ഒരാളും മോശമായി പരാമര്‍ശിച്ചിട്ടുമില്ല. ഹിജ്‌റ 206ല്‍ മഹാന്‍ വഫാത്തായി

റഫറന്‍സ്:

25. ത്വബഖാത്തുശ്ശാഫിഅയ്യത്തില്‍ കുബ്‌റ / താജുദ്ധീന്‍ ബ്‌നു തഖ്‌യിദ്ദീന്‍ സുബ്കി (റ) മ. ഹി. 771 പേജ് 226, വാള്യം 1 26. ടി പുസ്തകം പേജ് 306 - 311 വാള്യം 1 27. ടി. പുസ്തകം പേജ് 264-296 വാള്യം 1 28- വഫായത്തുല്‍ അഅ#്‌യാന്‍ അബ്‌നാഉ അബ്‌നാഇസ്സമാന്‍ / അബുല്‍ അബ്ബാസ് ഇബ്‌നു ഖല്ലികാന്‍(റ) ഹി.608-681 പേജ് 133 വാള്യം 2 29 - രിസാലത്തുത്തന്‍ബീഹ് / കൈപറ്റ ബീരാന്‍കുട്ടി മുസ്‌ലിയാര്‍ (ന.മ.) പേജ്. 12 വാള്യം 2 30 താരീഖു ബഗ്ദാദ് / ഖത്വീബുല്‍ ബഗ്ദാദി (392-463) പേജ് 318, വാള്യം 2

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter