ഈ ജനുവരി 21 ന് ചന്ദ്രഗ്രഹണം നടക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത കണ്ടു. അന്നേ ദിവസം നികാഹ് പോലോത്ത പവിത്രമായ പരിപാടികള്‍ നടത്തുന്നതില്‍ ഇസ്‌ലാമിന്റെ വിധിവിലക്കുകള്‍ എന്തെങ്കിലും ഉണ്ടോ? ആ ദിവസത്തിന് പ്രത്യേകത ഉള്ളോണ്ടാണല്ലോ അന്നേ ദിവസം ഗ്രഹണ നിസ്‌കാരം പറയപ്പെട്ടത്. അതുമായി ബന്ധപ്പെട്ട് ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു.

ചോദ്യകർത്താവ്

Jasir

Jan 4, 2019

CODE :Abo9041

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

നബി (സ്വ) അരുൾ ചെയ്തു: “സൂര്യനും ചന്ദ്രനും അല്ലാഹുവിന്റ ദൃഷ്ടാന്തങ്ങളിൽപ്പെട്ട രണ്ട് ദൃഷ്ടാന്തങ്ങളാണ്. ആരെങ്കിലും മരിച്ചത് കാരണമോ ജനിച്ചത് കാരണമോ അവ രണ്ടിനും ഗ്രഹണം സംഭവിക്കില്ല. (എന്നും വിഘ്നങ്ങളില്ലാതെ സൂര്യനും ചന്ദ്രനും ഉദിച്ചും അസ്തമിച്ചും കാണപ്പെടുന്ന ഈ പ്രപഞ്ച ഘടനക്ക് ഏത് നിമിഷവും അല്ലാഹു ഉദ്ദേശിച്ചാൽ എന്ത് മാറ്റവും സംഭവിക്കാം എന്ന്) തന്റെ അടിമകളെ ഒന്ന് ഭയപ്പെടുത്താൻ വേണ്ടിയാണ് അല്ലാഹു ചന്ദ്രന്റെയും സൂര്യന്റേയും പ്രഭയെ മറക്കുന്ന ഗ്രഹണമെന്ന പ്രതിഭാസം രൂപപ്പെടുത്തുന്നത്. അതു കൊണ്ട് നിങ്ങൾ ഗ്രഹണം കണ്ടാൽ അത് നീങ്ങുന്നത് വരേ ദൈവ സ്മരണയിൽ മുഴുകുവീൻ” (സ്വഹീഹ് മുസ്ലിം).

ഈ തിരു വചനത്തിൽ ഉത്തരത്തിന്റെ എല്ലാ വശവും അടങ്ങിയിട്ടുണ്ട്. ഒന്നാമതായി സൂര്യനും ചന്ദ്രനും അവയ്ക്ക് സംഭവിക്കുന്ന ഗ്രഹണവും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളായ പ്രതിഭാസങ്ങളാണ്. ഭൂമിയിൽ ജീവിക്കുന്ന ഒരാളുടേയും ജനനം മുതൽ മരണം വരേയുള്ള ഒരു കാര്യവുമായി അവയ്ക്ക് യാതൊരു ബന്ധവുമില്ല. അതു കൊണ്ട് തന്നെ ഗ്രഹണ ദിവസമോ ആ സമയത്തോ വല്ലതും ചെയ്താൽ ആ കർമ്മത്തിന് യാതൊരു ഗ്രഹണവും സംഭവിക്കില്ല.

എന്നാൽ ഗ്രഹണമെന്ന ആ ഗൌരവപ്പെട്ട ദൃഷ്ടാന്തം കാണുന്ന സമയത്ത് അത്യാവശ്യമല്ലാത്ത മറ്റെല്ലാ കർമ്മങ്ങളും മാറ്റിവെച്ച് അത് പൂർണ്ണമായും നീങ്ങുന്നത് വരേ ഗ്രഹണ നിസ്കാരം നിസ്കരിച്ചും മറ്റു ദൈവസ്മരണകളിൽ മുഴുകിയും സമയം കഴിച്ചു കൂട്ടേണ്ടതാണ്. കാരണം അല്ലാഹു വിശുദ്ധ ഖുർആനിൽ ചോദിക്കുന്നുണ്ട്: “ഒരിക്കലും പ്രഭാതം പൊട്ടിവിടരാത്ത വിധം അന്ത്യ നാൾ വരേ രാത്രി മാത്രം നില നിർത്തിയാൽ അല്ലാഹു അല്ലാത്ത ഏത് ദൈവമാണ് നിങ്ങൾക്ക് പകൽ വെട്ടം നൽകുക, നിങ്ങൾ കേൾക്കുന്നില്ലേ. അതു പോലെ ഒരിക്കലും രാത്രിയാകാത്ത വിധം അന്ത്യ നാൾ വരേ പകൽ മാത്രം നിലനിർത്തിയാൽ  നിങ്ങൾക്ക് ശാന്തിയും സമാധാനവും  ലഭിക്കാൻ വേണ്ടി ഏത് ദൈവമാണ് രാത്രി കൊണ്ടു വരിക, നിങ്ങൾ കാണുന്നില്ലേ. അവന്റെ കാരുണ്യം കൊണ്ടാണ്  അവൻ നിങ്ങൾക്ക് രാത്രിയും പകലും യഥാക്രമം സമാധാനവും ജീവിതോപാധിയും ലഭിക്കാൻ വേണ്ടിയും നിങ്ങൾ നന്ദിയുള്ളവരാകാൻ വേണ്ടിയും സംവിധാനിച്ചത്” (സൂറത്തുൽ ഖസ്വസ്). അത് കൊണ്ട് തന്നെ ഗ്രഹണം നീങ്ങാതെ എന്നും ആ അവസ്ഥ നിലനിൽക്കുന്നത് ഭൂമിയുടേയും അതിലെ സർവ്വ ചരാചരങ്ങളുടേയും നിലനിൽപ്പിന്റെ താളം തെറ്റിക്കും. അതിനാൽ ആ സമയത്ത് ദൈവ സ്മരണയിൽ മുഴുകി അല്ലാഹുവിൽ അഭയം പ്രാപിക്കലാണ് ഉത്തമം എന്നതിനാലും ആ സമയത്ത് സൂര്യന്റെ തരംഗ ദൈർഘ്യം കൂടുതലുള്ള രശ്മികൾ ഭുമിയിലെത്തുകയും കുറഞ്ഞവ അന്തരീക്ഷത്തിൽ തന്നെ വിസരണം ചെയ്യുന്നതു മൂലവും മറ്റും ധാരാളം ആരോഗ്യ പ്രശ്നങ്ങളും മറ്റും ഉണ്ടാകാൻ സാധ്യതയുള്ളത് കൊണ്ടും അന്നേ ദിവസം വിവാഹമോ മറ്റോ തീരുമാനിക്കപ്പെട്ടാൽ അത് ആളുകൾക്ക് ആരാധനക്ക് തടസ്സവും ആരോഗ്യ പ്രശ്നങ്ങളുണ്ടാകാൻ ഹേതുവും ആകാം എന്ന കാരണത്താൽ വിവാഹം നിശ്ചയിക്കാതിരിക്കുന്നത് നല്ലതാണ്. അല്ലാതെ സൂര്യനോ ചന്ദ്രനോ ഗ്രഹണം സംഭവച്ചത് കൊണ്ട് അന്നേ ദിവസം നാം ചെയ്യുന്ന ഏത് കാര്യത്തിനും ഗ്രഹണി പിടിക്കും എന്ന ചിന്ത സത്യ വിശ്വാസിക്ക് ചേർന്നതല്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter