ഫാത്വിമ അല്‍ഫിഹ്‌രിയ്യ: ലോകത്തെ ആദ്യ സര്‍വകലാശാല പണിത വനിത
പശ്ചിമാഫ്രിക്കൻ അറബ് രാഷ്ട്രമായ മൊറോക്കോയിലെ ജാമിഅ അൽ ഖറവിയ്യീന് ആണ്, ലോകത്തെ ആദ്യ സർവകലാശായായി അറിയപ്പെടുന്നത്. ഇത് സ്ഥാപിച്ചത് ഒരു മുസ്‌ലിം വനിതയാണ്, ഫാത്വിമ അല്‍ ഫിഹ്‌രിയ്യ. ഒരു പള്ളിയായാണ് ഇത് ആദ്യം നിർമ്മിക്കപ്പെട്ടതെങ്കിലും പിന്നീട് പ്രശസ്ത സര്‍വകലാശാലയായിത്തീരുകയും പതിനായിരക്കണക്കിന് വിദ്യാർത്ഥികളുടെ വിജ്ഞാന കേന്ദ്രമായി മാറുകയും ചെയ്യുകയായിരുന്നു അല്‍ ഖറാവിയ്യിന്‍.

ആരായിരുന്നു ഫാത്വിമ അല്‍ഫിഹ്‌രിയ്യ?

തുണീഷ്യ ജയിച്ചടക്കിയ പ്രമുഖ സ്വഹാബിവര്യന്‍ ഉഖ്ബതുബ്നുനാഫിഅ്(റ)ന്റെ പരമ്പരയില്‍ പെട്ട മുഹമ്മദ് ബനൂ അബ്ദുള്ളാ അല്‍ ഫിഹ്‌രിയുടെ മകളായി, ക്രിസ്തുവര്‍ഷം 800 ലാണ് ഫാത്വിമ ജനിക്കുന്നത്. ഇദ്‍രീസ് രണ്ടാമന്റെ ഭരണകാലത്ത് മൊറോക്കോയിലെ ഫെസ്സിൽ ജീവിച്ചിരുന്ന സമ്പന്ന വ്യാപാരികളിലൊരാള്‍ കൂടിയായിരുന്നു മുഹമ്മദ്. ഫാത്വിമയുടെ ഭര്‍ത്താവായി വന്നതും വലിയ സമ്പന്നന്‍ തന്നെയായിരുന്നു.

പിതാവിന്റെയും ഭര്‍ത്താവിന്റെയും സ്വത്തില്‍നിന്ന് ജീവകാരുണ്യപ്രവര്‍ത്തനങ്ങളും വൈജ്ഞാനിക സഹായങ്ങളും ചെയ്യുന്നതില്‍ അവര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. അക്കാരണം കൊണ്ട് തന്നെ, ഉമ്മുല്‍ബനീന്‍ (കുട്ടികളുടെ മാതാവ്) എന്നായിരുന്നു ഫാത്വിമ വിളിക്കപ്പെട്ടിരുന്നത്.

ഫാത്വിമ അല്‍ഫിഹ്‌രിയ്യ പള്ളി നിര്‍മിക്കാന്‍ കാരണം

അതീവ ഭക്തയായിരുന്ന ഫാത്വിമ തന്റെ പിതാവിന്റെയും ഭര്‍ത്താവിന്റെയും മരണാനന്തരം കിട്ടിയ സമ്പത്ത് മുഴുവന്‍, തന്റെ നാടായ ഫെസ്സിലെ ജനങ്ങള്‍ക്ക് വേണ്ടി ഒരു പള്ളി നിർമ്മിക്കാന്‍ ചെലവഴിക്കുകയായിരുന്നു. പ്രദേശത്തെ സകലവിശ്വാസികളെയും ഉള്‍കൊള്ളുന്ന വിധത്തിൽ വിശാലമായാണ് പള്ളി നിർമ്മിച്ചത്.

ഹവാറാ ഗോത്രത്തിലെ ഒരു വ്യക്തിയില്‍ നിന്നും പള്ളിക്ക് ആവശ്യമായ ഭൂമി വാങ്ങുകയും ഹിജ്റ 254ല്‍ (ക്രി. 859) റമദാൻ ആദ്യത്തില്‍ പള്ളി നിര്‍മാണം ആരംഭിക്കുകയും ചെയ്തു. അധികം വൈകാതെ അല്‍ ഖറാവിയ്യീന്‍ പള്ളി വിജ്ഞാന കേന്ദ്രമാവുകയും അതോടെ, ലോകത്തിലെ ആദ്യത്തെ സര്‍വ്വകലാശാല ആയിത്തീരുകയായിരുന്നു. വിദ്യാര്‍ത്ഥികളെയും പ്രശസ്ത ശാസ്ത്രജ്ഞരെയും ആകര്‍ഷിക്കുന്ന തരത്തില്‍, വടക്കേ ആഫ്രിക്കയിലെ ഏറ്റവും വലിയ അറബ് സര്‍വകലാശായായി അത് പടര്‍ന്നുപന്തലിക്കുന്നതാണ് പിന്നീട് ചരിത്രത്തില്‍ കാണുന്നത്. മധ്യനൂറ്റാണ്ടുകളില്‍ യൂറോപ്യന്‍ നാടുകളില്‍ വരെ ഇത് പ്രശസ്തമാവുകയും പലരും വിദ്യ അഭ്യസിക്കാനായി അങ്ങോട്ട് വരികയും ചെയ്തിരുന്നുവത്രെ.

അവിടെ സാധാരണയായി പൊതു ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കപ്പെടാറുണ്ടായിരുന്നു. ലഭ്യമായ രേഖകളനുസരിച്ച്, ശേഷം ഫെസ്സ് വൈജ്ഞാനിക കേന്ദ്രമായി അറിയപ്പെടുകയും അവിടത്തെ സര്‍വകലാശാലകളില്‍ അധ്യാപക കസേരകള്‍ സ്ഥാപിക്കപ്പെടുകയും ചെയ്തിരുന്നു. നിരവധി ലൈബ്രറികളും നഗരത്തിൽ പ്രവർത്തിച്ചിരുന്നതായി രേഖകളില്‍ കാണാം.

എന്തുകൊണ്ട് അല്‍ ഖറാവിയ്യിന്‍ സര്‍വകലാശാല ഇത്ര പ്രശസ്തിയാര്‍ജിച്ചു?

ഗിന്നസ് റെക്കോഡ് പ്രകാരം ലേകത്തെ എറ്റവും പുരാതന സര്‍വകലാശാലയായി കണക്കാക്കപ്പെടുന്നത് അല്‍ ഖറാവിയ്യീന്‍ സര്‍വകലാശാലയാണ്. പള്ളിയായി സ്ഥാപിതമായി, ഏതാനും വര്‍ഷങ്ങള്‍ക്കകം തന്നെ വിജ്ഞാന കേന്ദ്രമായും പ്രവര്‍ത്തനം തുടങ്ങിയിരുന്നുവെന്നാണ് ചരിത്രം. 989 ല്‍ സ്ഥാപിതമായ, ടിംബുക്ടുവിലെ സന്‍കോര്‍ പള്ളിയേക്കാള്‍ 100 വര്‍ഷവും, 1088ല്‍ സ്ഥാപിതമായ ബൊളോഗ്ന സര്‍വകലാശാലയെക്കാള്‍ രണ്ട് നൂറ്റാണ്ടിലേറെ പഴക്കവുമുണ്ട് ഖറാവിയ്യീന്‍ സര്‍വ്വകലാശാലക്ക് എന്നര്‍ത്ഥം. യൂറോപ്പിലെ ആദ്യസര്‍വ്വകലാശാല പോലും പിറവിയെടുക്കുന്നത് 1055ല്‍ മാത്രമാണ്.

സ്ഥാപിച്ച് ഏറെ വൈകാതെ സര്‍വകലാശാലയിലേക്ക് വിവിധ പ്രദേശങ്ങളില്‍ നിന്ന് നിരവധി കവികളും ഫിഖ്ഹീ പണ്ഡിതരും ജ്യോതിശാസ്ത്രജ്ഞരും ഗണിത ശാസ്ത്രജ്ഞരും വന്നു തുടങ്ങിയത്രെ. പ്രശസ്ത ചരിത്രകാരന്‍ ഇബ്‌നു ഖല്‍ദൂന്‍, ഡോക്ടറും തത്വചിന്തകനുമായ ഇബ്‌നുറുശ്ദ് എന്നിവര്‍ അവരില്‍ പ്രധാനികളാണ്.

ഫാത്വിമ അല്‍ഫിഹ്‌രിയ്യയുടെ സ്ഥാനം

ഫെസ്സിലെ വിശ്വാസികള്‍ക്കിടയില്‍ വലിയ പ്രാധാന്യത്തോടെയാണ് ഫാത്വിമ അല്‍ഫിഹ്‌രിയ്യ ഇന്നും ഓര്‍ക്കപ്പെടുന്നത്. 2017ല്‍ തുണീഷ്യയില്‍ അവരോടുള്ള ആദരവ് പ്രകടിപ്പിക്കാനായി ഒരു പുരസ്‌കാരം തന്നെ ഏര്‍പ്പെടുത്തപ്പെട്ടു. കൂടാതെ യൂറോപ്പില്‍ നിന്നും വടക്കേ ആഫ്രിക്കയില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ക്ക് ഒരു പാഠ്യേതര പദ്ധതിയും സ്‌കോളര്‍ഷിപ്പും സംവിധാനിക്കപ്പെടുകയും ചെയ്തു. വിജ്ഞാനത്തിന്റെ മേഖലയിലെ നിക്ഷേപങ്ങള്‍ ഒരിക്കലും വൃഥാവിലാവില്ലെന്നും അവ അവസാനനാള്‍ വരെ പതിന്മടങ്ങായി ലാഭം നല്‍കിക്കൊണ്ടേയിരിക്കുമെന്നുമാണ്, ഫാത്വിമ അല്‍ഫിഹ്‌രിയ്യയും ഖറാവിയ്യീന്‍ വിദ്യാലയും നമ്മോട് ഇപ്പോഴും ഉറക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത്.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter