മ്യാൻമറിലെയും ശ്രീലങ്കയിലെയും ബുദ്ധ സന്യാസികൾ എങ്ങനെ ഹിംസയുടെ വക്താക്കളായി?
ലോകത്ത് ബുദ്ധ മതം ഭൂരിപക്ഷമുള്ള രണ്ട് രാജ്യങ്ങളാണ് മ്യാൻമറും ശ്രീലങ്കയും. ഈ രാജ്യങ്ങളിൽ മുസ്‌ലിം ന്യൂനപക്ഷങ്ങൾക്ക് നേരെ ബുദ്ധ വിഭാഗങ്ങൾ അക്രമം അഴിച്ചുവിടുന്നത് പതിവാണ്. ശ്രീലങ്കയിൽ താരതമ്യേന കുറവാണെങ്കിലും മ്യാൻമറിൽ അത് വംശഹത്യക്ക് വരെ ഇടയാക്കിയിട്ടുണ്ട്. സ്വതവേ സമാധാനപ്രിയർ എന്ന് അറിയപ്പെടുന്ന ബുദ്ധമതത്തിന്റെ അനുയായികൾ സംഹാരാത്മകമായി മാറുന്നതിന് കാരണമായി ചിലർ ചൂണ്ടിക്കാട്ടുന്നത് അവിടെ മുസ്‌ലിംകൾ അക്രമത്തിന്റെ പാത സ്വീകരിച്ചതാണെന്നാണ്. എന്നാൽ വസ്തുതകൾ കൃത്യമായി പരിശോധിച്ച് കഴിഞ്ഞാൽ ഈ വാദഗതികൾ പൂർണമായും തെറ്റാണെന്ന് മനസ്സിലാക്കാനാവും.

ബുദ്ധ മതം പുരാതന ശ്രീലങ്ക, ബർമയിൽ

ബുദ്ധമതം സമാധാന മതമാണെങ്കിലും പുരാതന കാലം മുതൽ തന്നെ അത് ഭരണകൂടവുമായി ചേർന്ന് നിന്നിട്ടുണ്ട്. ബിസി 2-ആം നൂറ്റാണ്ടിൽ ജീവിച്ച ശ്രീലങ്കയിലെ ദുതുഗമാനു രാജാവ് തന്റെ കീഴടക്കലുകൾക്ക് മത പരിവേഷം നൽകിയതായി ചരിത്ര വസ്തുതകൾ വ്യക്തമാക്കുന്നുണ്ട്. ബുദ്ധ മതത്തിൽ പെടാത്ത മറ്റൊരു രാജാവുമായി യുദ്ധത്തിന് പോകുന്നതിനു മുമ്പ് ശ്രീ ബുദ്ധന്റെ പ്രതിമ കുന്തത്തിൽ നാട്ടി മുന്നോട്ടുപോവുകയും 500 ബുദ്ധ സന്യാസികളെ തന്റെ കൂടെ യുദ്ധത്തിൽ കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. യുദ്ധം ജയിച്ച രാജാവ് എതിർ വിഭാഗത്തെ കൂട്ടക്കൊല ചെയ്യുകയും ചെയ്തു. ബർമയിലും രാജാക്കന്മാർ യുദ്ധത്തിന് പോകുമ്പോൾ ബുദ്ധ സന്യാസിമാരുടെ ആശിർവാദവും അനുഗ്രഹവും വാങ്ങാറുണ്ടായിരുന്നു. ഇതെല്ലാം തെളിയിക്കുന്നത് ബൗദ്ധ പാരമ്പര്യത്തിലും ഹിംസ കടന്നുവന്നിരുന്നു എന്നാണ്.

അറാക്കാൻ പ്രവിശ്യ

9ആം നൂറ്റാണ്ടിൽ അറബ് കച്ചവടക്കാരിലൂടെയാണ് റോഹിങ്ക്യൻ മുസ്‌ലിംകൾ താമസിക്കുന്ന അറാക്കാൻ പ്രവിശ്യയിൽ ഇസ്‌ലാം എത്തുന്നത്. പ്രാദേശിക സ്ത്രീകളെ വിവാഹം ചെയ്തു ഇവിടെ സങ്കര സമുദായം ആദ്യം രൂപം കൊണ്ടു. പിന്നീട് നൂറ്റാണ്ടുകളോളം ഇവിടെ മുസ്‌ലിം ഭരണം നിലനിൽക്കുകയും ചെയ്തു. എന്നാൽ ,1784 ൽ ബൊദ പായ എന്ന ബർമ്മീസ് രാജാവ് ഇവിടെ കീഴടക്കിയതോടെയാണ് ആദ്യമായി ഈ പ്രദേശം ബർമയോട് ചേരുന്നത്. അതോടെ ധാരാളംപേർ ബംഗ്ലാദേശിലേക്ക് പാലായനം ചെയ്യുകയും ചെയ്തു. 1824 ൽ ബ്രിട്ടീഷുകാർ ബർമ്മ കീഴടക്കി. അതോടെ മുമ്പ് പാലായനം ചെയ്തിരുന്നവരും അവരുടെ പിൻമുറക്കാരും സ്വദേശത്തേക്ക് തിരിച്ചെത്തി.

ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടം

ബുദ്ധമതവും ദേശീയതയും ചേർത്തുനിർത്തിയാണ് ശ്രീലങ്കയിലും ബർമയിലും ബുദ്ധ സമുദായങ്ങൾ വളർന്നതെന്നാണ് അമേരിക്കയിലെ യംഗ്സ്ടൗൺ സർവകലാശാലയിലെ റിലീജിയേഴ്സ് സ്റ്റഡീസ് പ്രൊഫസർ മൈക്കൽ ജെറിസൺ വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ വായിക്കാം, ശ്രീലങ്കയിലും ബർമയിലും ബ്രിട്ടീഷുകാർ അധിനിവേശം നടത്തിയിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ അധിനിവേശ കാലഘട്ടത്തിൽ അവർ ബുദ്ധ സമുദായത്തെ നശിപ്പിക്കാൻ ശ്രമിക്കുകയും രാജ്യത്തുടനീളം ബുദ്ധ സംസ്കാരം സംരക്ഷിക്കാൻ മുന്നോട്ടു വരിക എന്ന് മുറവിളി ഉയരുകയും ചെയ്തു. 1942 ലെ രണ്ടാം ലോക മഹായുദ്ധ കാലത്ത് ജപ്പാൻ ബർമ്മ കീഴടക്കുകയും ബ്രിട്ടീഷുകാരെ തുരത്തുകയും ചെയ്തു. ഈ സമയത്ത് റോഹിങ്ക്യകൾ ബ്രിട്ടീഷുകാർക്കായിരുന്നു പിന്തുണ നൽകിയിരുന്നത്. സ്വയംഭരണാവകാശമുള്ള ഒരു മുസ്‌ലിം പ്രവിശ്യ രൂപീകരിക്കാൻ അനുവദിക്കുമെന്ന ബ്രിട്ടീഷുകാരുടെ ഉറപ്പിനെ തുടർന്നായിരുന്നു ഈ പിന്തുണ. അതേസമയം ബർമ്മയിലെ ദേശീയവാദികൾ ജപ്പാനായിരുന്നു പിന്തുണ നൽകിയത്. ജപ്പാൻ കടന്നുവന്നതോടെ റോഹിങ്ക്യകൾക്ക് വലിയ പ്രയാസമാണ് സൃഷ്ടിച്ചത്. ബ്രിട്ടീഷുകാർ ജപ്പാനെ തുരത്തി ബർമ്മ തിരികെ പിടിച്ചെങ്കിലും റോഹിങ്ക്യകൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റിയില്ല. അതേസമയം ബുദ്ധ സംസ്ക്കാരത്തെ സംരക്ഷിക്കാൻ ബ്രിട്ടീഷുകാർക്കെതിരെ ദേശീയതക്കും ബുദ്ധ മത പാരമ്പര്യത്തിനും തുല്യപ്രാധാന്യം നൽകുന്ന ബുദ്ധ സംഘടനകൾ രൂപംകൊള്ളുകയും സ്വാതന്ത്ര്യ സമരത്തിൽ അവർ പങ്കെടുക്കുകയും ചെയ്തു. സ്വാതന്ത്ര്യം ലഭിച്ചതിന് പിന്നാലെ ഇരു രാജ്യങ്ങളിലും ദേശീയതക്ക് മതകീയ പരിവേഷം കൂടി കൈ വന്നു. ഈ മതകീയ പരിവേഷത്തോടെ ഒരു രാജ്യസ്നേഹിയായ ശ്രീലങ്കക്കാരനാവണമെങ്കിൽ ബുദ്ധ മതക്കാരൻ തന്നെ ആയിരിക്കണമെന്ന് വലതുപക്ഷ ശക്തികൾ വ്യാപകമായ പ്രചാരണം അഴിച്ച് വിട്ടു. അതിനാൽ ന്യൂനപക്ഷ സമുദായങ്ങളുടെ പ്രത്യേകിച്ച് മുസ്‌ലിംകളുടെ സാന്നിധ്യം ഇവർക്ക് അരോചകമായി അനുഭവപ്പെടുകയും അതിനെതിരെ നിരവധി സന്യാസികൾ രംഗപ്രവേശനം നടത്തുകയും ചെയ്തു. മുസ്‌ലിം സമൂഹത്തിന്റെ ജനസംഖ്യ വർദ്ധിക്കുന്നത് തങ്ങളുടെ നിലനിൽപ്പിനെ ഭീഷണിയാണെന്നുള്ള ആഗോള ഇസ്‌ലാമോഫോബിയ ഇരു രാജ്യങ്ങളിലും വ്യാപകമായി അലയൊലികൾ സൃഷ്ടിച്ചു. 20 ദശ ലക്ഷം ജനങ്ങളുള്ള ശ്രീലങ്കയിൽ 10% മുസ്‌ലിംകളും 6.7 ദശ ലക്ഷം ജനസംഖ്യയുള്ള മ്യാൻമറിൽ 5 ശതമാനം മുസ്‌ലിംകളുമാണുള്ളത്. സ്വാതന്ത്ര്യത്തിന് ശേഷം മുസ്‌ലിംകളുടെ ജനസംഖ്യ നിരക്കിൽ വർധനവ് ഉണ്ടായിട്ടില്ലെന്ന വസ്തുത പോലും കണ്ടില്ലെന്ന് നടിച്ചു കൊണ്ടാണ് പ്രചാരവേലകൾ ഒരുക്കൂട്ടുന്നത്.

വർഗീയ സംഘങ്ങൾ

ഇരു രാജ്യങ്ങളിലും മുസ്‌ലിംകൾക്കെതിരെയുള്ള വിദ്വേഷ പ്രചരണവും അക്രമവും ലക്ഷ്യമിട്ട് വർഗീയ സംഘടനകളും രൂപമെടുത്തിട്ടുണ്ട്. ബർമയിലെ ബിൻലാദൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അശ്വിൻ വിരാതു എന്ന ഭീകര സന്യാസി 2013ൽ രൂപം നൽകിയ ബുദ്ധ വർഗീയ സംഘടനയാണ് മാ ബാ താ. 2016-2017 വർഷങ്ങളിൽ റോഹിങ്ക്യൻ മുസ്‌ലിംകൾക്കെതിരെ നടന്ന വംശഹത്യയിൽ ഈ സംഘടന ശക്തമായ പങ്കുവഹിച്ചിട്ടുണ്ട്. ഇതിൽ 20 ദശലക്ഷം റോഹിങ്ക്യകൾക്ക് രാജ്യം വിടേണ്ടി വന്നു. ഇതിൽ ഭൂരിപക്ഷവും അയൽരാജ്യമായ ബംഗ്ലാദേശിലാണ് നിലവിൽ അഭയാർഥികളായി ജീവിക്കുന്നത്. അതേസമയം ശ്രീലങ്കയിൽ ബോദു ബാല സേനയെന്ന സംഘടനയാണ് മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പ്രചരണം നടത്തുന്നത്. ഹലാൽ മാർക്കറ്റും ശ്രീലങ്കയിലെ ചർച്ചുകളിൽ തീവ്രവാദ ആക്രമണം നടന്നതും ചൂണ്ടിക്കാട്ടിയാണ് വർഗീയ സംഘടന രാജ്യത്ത് സംഘർഷങ്ങൾ സൃഷ്ടിക്കുന്നത്. മുസ്‌ലിംകളുടെ സ്വാധീനം വരുകയാണെങ്കിൽ അത് ബുദ്ധ സംസ്കാരത്തെ അപകടത്തിലാക്കുമെന്ന ആശങ്ക ഉയർത്തിയാണ് ഈ സന്യാസി സംഘം വർഗീയ മുതലെടുപ്പ് നടത്തുന്നത്. മ്യാൻമറിൽ ഫ്രീ അറാക്കാൻ സേന സ്വാതന്ത്ര്യത്തിനായി വാദിച്ചത് മുമ്പ് സ്വയം ഭരണം ഉള്ള ഒരു പ്രദേശമായതുകൊണ്ടാണ്. സ്വന്തം വംശത്തിന്റെ അധികാരാരോഹണമാണ് അവർ ലക്ഷ്യം വെക്കുന്നത്. ഇവരുടെ ആവിർഭാവം കൊണ്ടാണ് ബുദ്ധ സന്യാസികൾ വർഗീയ വാദികൾ ആയതെന്ന വാദം തീർത്തും വസ്തുതകൾക്ക് നിരക്കാത്തതാണ്. അതിനും സ്വന്തം ദേശത്തിനു വേണ്ടി പോരാടുന്ന ഒരു ജനതയെ കുറ്റപ്പെടുത്തുന്നത് നിർഭാഗ്യകരവുമാണ്. അതേസമയം ശ്രീലങ്കയിൽ മുസ്‌ലിംകൾക്കിടയിൽ യാതൊരു തരത്തിലുള്ള വിധ്വംസക പ്രവർത്തനങ്ങളും നടക്കുന്നില്ല. 2009 ൽ തമിഴ്- സിംഹള ആഭ്യന്തരയുദ്ധം അവസാനിച്ചതിന് പിന്നാലെ ഭൂരിപക്ഷ സമുദായത്തിന്റെ ബലിയാടുകളാക്കി മുസ്‌ലിംകളെ മാറ്റാനുള്ള ശ്രമമാണ് ശ്രീലങ്കയിലെ വർഗീയശക്തികൾ നടത്തുന്നത്. അതിന് ശ്രീലങ്കൻ ഭരണാധികാരികളിൽ നിന്ന് പിന്തുണയും ലഭിക്കുന്നുണ്ട്. ഓക്സ്ഫഡ് സർവകലാശാല ബാർസനോസ് കോളേജ് ഗവേഷകൻ അലൻ സ്ട്രാതേൺ നിലവിൽ ശ്രീലങ്കയിൽ അധികാരത്തിലെത്തിയിരിക്കുന്നു രാജപക്ഷെ കുടുംബം വർഗീയ ശക്തികളുമായി ചേർന്നു നിൽക്കുന്നതായി തെളിവുകൾ ഉദ്ധരിച്ച് വ്യക്തമാക്കുന്നുണ്ട്. ആഭ്യന്തര മന്ത്രിയായ ഗോട്ടബാലെ വർഗീയ സംഘടനയുടെ ബുദ്ധിസ്റ്റ് ബ്രിഗേഡ് ട്രയിനിങ് സ്കൂൾ ഉദ്ഘാടനം ചെയ്യാനെത്തിയതും അദ്ദേഹം നമ്മുടെ വിശ്വാസ ആദർശങ്ങളുടെ സംരക്ഷകനാണെന്ന ഈ സംഘടനയുടെ പുകഴ്ത്തലും അലൻ സ്ട്രാതേൺ ചൂണ്ടിക്കാട്ടുന്നുണ്ട്. . ചുരുക്കത്തിൽ രണ്ടു രാജ്യങ്ങളിലും സമാധാന പ്രിയരായ ബുദ്ധസന്യാസിമാരല്ല മുഖ്യധാരയെ നിയന്ത്രിക്കുന്നത്. അക്രമ പാതയോടുള്ള അവരുടെ സമരസപ്പെടൽ ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല. അതിനാൽ ഇരുരാജ്യങ്ങളിലെയും ബുദ്ധന്മാരെ വർഗീയ വൽക്കരിച്ചത് മുസ്‌ലിം തീവ്രവാദി സംഘങ്ങളാണെന്ന വാദവും ശരിയല്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter