വാമുഅതസിമാ, ലബ്ബൈക്ക യാ ഉഖ്താ: മുസ്‌ലിം സ്ത്രീയുടെ ദീനരോദനം ഒരു നഗരം കീഴടക്കിയ കഥ
ഒരു മുസ്‌ലിം സ്ത്രീയുടെ ആർത്തനാദത്തിന് ഉത്തരം നൽകി മുസ്‌ലിം ഖലീഫ ഒരു നഗരം കീഴടക്കിയ ചരിത്രമാണ് അനാട്ടോളിയയിലെ അമ്മൂരിയ്യ വിജയം. ഇസ്‌ലാമിക ചരിത്രത്തിലെ സുവർണ്ണ അധ്യായമായി ഈ സംഭവം രേഖപ്പെട്ടു കിടക്കുന്നുണ്ട്. അത് നമുക്കിങ്ങനെ വായിക്കാം.

ക്രി. 838 ആഗസ്റ്റ്/ ഹി. 223 റമളാന്‍ മാസം. ബാബൽ ഖുറമി എന്ന പേർഷ്യക്കാരന്‍ അബ്ബാസി ഖിലാഫത്തിനെതിരെ വിമത സ്വരവുമായി രംഗത്തിറങ്ങി, അബ്ബാസികൾക്ക് തലവേദന സൃഷ്ടിച്ച കാലം. അബ്ബാസികള്‍ക്കെതിരെ ഇയാൾ റോമൻ ചക്രവർത്തി തിയോഫിലിയൂസുമായി സഖ്യവും രൂപപ്പെടുത്തി. അബ്ബാസി ഖലീഫ താനുമായുള്ള യുദ്ധത്തിൽ വ്യാപൃതനാണെന്നും അതിനാൽ മുസ്‌ലിം പ്രദേശങ്ങൾ പിടിച്ചടക്കാനുള്ള സുവർണാവസരമാണ് ഇതെന്നും അയാൾ ചക്രവർത്തിക്ക് കത്തെഴുതുക വരെ ചെയ്തു.

ചക്രവർത്തി ആ അവസരം ശരിക്കും മുതലെടുത്തു. അമ്മൂരിയ്യയിലെ തന്റെ ഗവർണറോട്, മുസ്‍ലിം പ്രദേശങ്ങളെ ആക്രമിക്കാനുള്ള നിര്‍ദ്ദേശം നല്കി. ഇതിന്റെ ഭാഗമായി, മുസ്‍ലിം അധീനത്തിലുണ്ടായിരുന്ന സിബഥ്റ കോട്ട പിടിച്ചടക്കുകയും നിരവധി മുസ്‌ലിംകളെ കൊലപ്പെടുത്തുകയും ധാരാളം പേരെ ബന്ദികളാക്കുകയും ചെയ്തു. ബന്ദികളാക്കിയ 1000 സ്ത്രീകളെ അമ്മൂരിയയിലേക്ക് കൊണ്ടുവന്ന് അവരെ ചന്തയിൽ വിൽപ്പനക്ക് വെക്കുന്നിടത്തെത്തി കാര്യങ്ങള്‍. കൂട്ടത്തിൽ ഹാഷിമി വംശത്തിൽ പെട്ട ഒരു സ്ത്രീയുമുണ്ടായിരുന്നു. മുസ്‌ലിം ഖലീഫയായിരുന്ന മുഅ്തസിമിന്റെ സഹായം ആഗ്രഹിച്ച് അവർ ഇങ്ങനെ നിലവിളിച്ചു, 'വാമുഅ്തസിമാഹ്'.

അത് കേട്ടതും ക്രുദ്ധനായ റോമന്‍ കച്ചവടക്കാരൻ അവരെ ശക്തിയായി അടിച്ചു. ആ സ്ത്രീ വീണ്ടും 'വാ മുഅതസിമാഹ്’ എന്ന് ഉറക്കെ വിളിക്കുകയും അപ്പോഴൊക്കെ അയാള്‍ അവരെ അടിക്കുകയും ചെയ്തു കൊണ്ടേയിരുന്നു. അടിക്കുന്നതിനിടെ, റോമക്കാരൻ പരിഹാസത്തോടെ ഇങ്ങനെ ചോദിക്കുന്നുണ്ടായിരുന്നു, "നിന്റെ മുഅ്തസിം കറുത്തു വെളുത്ത കുതിരപ്പുറത്തേറി വരുമെന്നാണോ നീ കരുതുന്നത്? നഗരത്തിലുണ്ടായിരുന്ന വേഷപ്രച്ഛന്നനായെത്തിയ ഒരു അറബി കച്ചവടക്കാരന്‍ ഇത് കേള്‍ക്കാനിടയായി. സഹിക്കാനാവാതെ അയാൾ ഉടൻ അബ്ബാസി ഖിലാഫത്തിന്റെ തലസ്ഥാനമായ ബാഗ്ദാദിലേക്ക് തിരിച്ചു. ആഴ്ചകളുടെ യാത്രക്ക് ശേഷം അയാൾ ബാഗ്ദാദിൽ എത്തുകയും ഖലീഫയെ കാണാൻ അനുവാദം വാങ്ങി, അമൂരിയ്യയിലെ ചന്തയില്‍ മുസ്‍ലിം ബന്ദികള്‍ അനുഭവിക്കുന്ന ദീനരംഗങ്ങള്‍ വിവരിച്ചു കൊടുക്കുകയും ചെയ്തു.

അമ്മൂരിയ്യ ഗവർണർ സിബഥ്റ കോട്ട പിടിച്ചടക്കിയത്, മുസ്‌ലിംകളെ കൊലപ്പെടുത്തിയത്, നിരവധിപേരെ ബന്ദികളാക്കിയതും അതിൽ പെട്ട ഒരു ഹാശിമീ സ്ത്രീ ഖലീഫയുടെ പേര് വിളിച്ചതും അതിനെ പരിഹസിച്ചുകൊണ്ട് ഖലീഫ കറുത്ത വെളുത്ത കുതിരപ്പുറത്ത് വരുമോ എന്ന് കച്ചവടക്കാരന്‍ ചോദിച്ചതുമെല്ലാം വള്ളിപുള്ളി വിടാതെ അയാൾ വിശദീകരിച്ചുകൊടുത്തു. അത് കേട്ടതും ഖലീഫയുടെ മുഖം വിവർണമായി. 'വാ മുഅ്തസിമാഹ്' എന്ന സ്ത്രീയുടെ ആ ദീനരോദനം കേട്ട ഖലീഫ പ്രതിവചിച്ചു, "ലബ്ബയ്ക്കി യാ ഉഖ്താഹ്' (എന്റെ സഹോദരീ, ഞാനിതാ വരുന്നു) എന്നര്‍ത്ഥം. ഉടനെ അമ്മൂരിയ്യയിലേക്ക് അദ്ദേഹം ഗവർണറെ പറഞ്ഞയച്ചു. പിടികൂടിയ മുസ്‌ലിം സ്ത്രീകളെ വിട്ടയക്കണമെന്നും സിബഥ്റ നഗരം വിട്ട് നൽകണമെന്നും ശക്തമായ ഭാഷയില്‍ ആവശ്യപ്പെട്ട് കൊണ്ട് റോമന്‍ ഗവര്‍ണര്‍ക്കുള്ള കത്തുമുണ്ടായിരുന്നു. എന്നാൽ ഗവർണർ അത് ചെവിക്കൊണ്ടില്ല. വിവരമറിഞ്ഞ ഖലീഫ, ഉടൻ സൈന്യത്തോട് തയ്യാറാവാന്‍ ആവശ്യപ്പെട്ടു. 5 ലക്ഷത്തോളം വരുന്ന സൈന്യവുമായാണ് ഖലീഫ പുറപ്പെട്ടത്.

പുറപ്പെടാനിരിക്കെ നഗരത്തിലെ ജ്യോതിഷികൾ ശകുനമുള്ള സമയമാണതെന്നും പുറപ്പെടരുതെന്നും പരാജയപ്പെടുമെന്നും പറഞ്ഞ് പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും അതൊന്നും വക വെക്കാതെ ഖലീഫ അമ്മൂരിയ്യ ലക്ഷ്യമാക്കി സൈന്യവുമായി പുറപ്പെട്ടു. സൈന്യത്തെ രണ്ട് ഭാഗമാക്കി ഒന്നിന്റെ നേതൃത്വം പ്രസിദ്ധ നായകനായ അഫ്ഷീനെ ഏൽപ്പിക്കുകയും സൈന്യത്തെ വീണ്ടും ഉപവിഭാഗങ്ങളാക്കി നാലുഭാഗത്തുനിന്നും നഗരത്തെ വളയാൻ നിർദ്ദേശം നൽകുകയും ചെയ്തു. നഗരം പൂർണ്ണമായും മുസ്‌ലിം സൈന്യത്തിന്റെ ഉപരോധത്തിലായി. പീരങ്കികള്‍ക്ക് സമാനമായ വലിയ കവണകൾ (തെറ്റുവില്ലുകള്‍) ഉപയോഗിച്ച് നഗരച്ചുമരുകളിലേക്ക് കൂറ്റൻ കല്ലുകൾ തുരുതുരെ തൊടുത്തുവിട്ടു. കോട്ടയുടെ ചുമരുകള്‍ ഏറെ ശക്തമായിരുന്നതിനാല്‍ ഉപരോധം ദിവസങ്ങളോളം നീണ്ടുനിന്നു.

അതിനിടക്കാണ് അമൂരിയ്യക്കാരനായ ഒരു അറബ് ക്രിസ്തീയന്‍ ഇസ്‌ലാമിലേക്ക് കടന്നു വന്നത്. നഗരത്തിന്റെ മതിലിലെ ബലക്ഷയമുള്ള ഭാഗം അയാൾ മുസ്‍ലിം സൈന്യത്തിന് കാണിച്ചു കൊടുത്തു. അതോടെ കാര്യങ്ങൾ എളുപ്പമായി. ആ ഭാഗത്ത് ശക്തമായ കല്ലുകൾ വീണതോടെ ചുമരുകൾ തകർന്നുവീണു. മുസ്‌ലിം സൈന്യം തക്ബീർ മുഴക്കി മുന്നോട്ടുനീങ്ങി. രൂക്ഷമായ പോരാട്ടം നടന്നു. 30,000 റോമൻ സൈനികർ കൊല്ലപ്പെടുകയും അത്രതന്നെ പേർ ബന്ദികളാക്കപ്പെടുകയും ചെയ്തു. റമളാൻ 24 ന് വിജയശ്രീലാളിതനായി മുഅതസിം നഗരത്തിൽ പ്രവേശിച്ചു.

തനിക്ക് ബന്ദിയാക്കപ്പെട്ട സ്ത്രീയെ കുറിച്ച് വിവരം നൽകിയ കച്ചവടക്കാരനെ കൊണ്ടുവരികയും ആ സ്ത്രീയുടെ അടുത്തേക്ക് ഇരുവരും കടന്നു ചെല്ലുകയും ചെയ്തു. ഖലീഫയെ കണ്ട ആ സ്ത്രീയുടെ കണ്ണുകള്‍ സന്തോഷകണങ്ങളാല്‍ തുളുമ്പുന്നുണ്ടായിരുന്നു. അവരോടായി ഖലീഫ പറഞ്ഞു, നിങ്ങളുടെ വിളിക്ക് മുഅ്തസിം ഉത്തരം നൽകിയില്ലേ?. നിങ്ങളുടെ പിതാമഹൻ മുഹമ്മദ് (സ്വ) യുടെ അടുത്ത് നിങ്ങളെനിക്ക് സാക്ഷി നിൽക്കണം, മുഅ്തസിം കറുത്തു വെളുത്ത കുതിരപ്പുറത്ത് നിങ്ങളെ രക്ഷിക്കാൻ ഓടിയെത്തിയെന്ന്. ഉത്തരവാദിത്തങ്ങളുടെയും പ്രവാചകകുടുംബത്തോടുള്ള സ്നേഹത്തിന്റെയും ഒത്തിരി പാഠങ്ങള്‍ ബാക്കി വെച്ച്, അമൂരിയ വിജയം ഇന്നും ഇസ്‍ലാമിക ചരിത്രത്തില്‍ നിത്യഹരിതമായി രേഖപ്പെട്ടുകിടക്കുന്നു. ഒരു പ്രദേശം തന്നെ കീഴടക്കാന്‍, യഥാര്‍ത്ഥ ഭരണാധികാരികള്‍ക്ക് ഒരു സ്ത്രീയുടെ മനസ്സറിഞ്ഞ രോദനം മാത്രം മതിയായിരുന്നുവെന്ന്, അവരുടെ പിന്‍ഗാമികളായ ആധുനിക ഭരണകര്‍ത്താക്കള്‍ എന്നാണാവോ തിരിച്ചറിയുക.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter