സിന്ധിന്റെ നായകന്‍ (ഭാഗം എട്ട്)

സീത എന്ന കച്ചിത്തുരുമ്പ്

വഴിയില്‍ സഹയാത്രകരോടും കാവര്‍ക്കാരോടും ഉള്ളുതുറന്നു സംസാരിക്കുന്നത് സ്വാലിഹ് ബിന്‍ അബ്ദുറഹ്മാന്റെ ഒരു ശൈലിയായിരുന്നു. ഇത്തരം സംസാരങ്ങള്‍ക്കിടയില്‍ പല അമൂല്യമായ വിവരങ്ങളും ചോര്‍ന്നുകിട്ടാറുണ്ട്. അങ്ങിനെ ഒരു അവസരം ആ യാത്രയിലുണ്ടായി. ഒരിടത്ത് വിശ്രമിക്കുമ്പോള്‍ ഒരു സൈനികനുമായി സ്വാലിഹ് സംസാരിക്കാനിരുന്നു. സ്വാലിഹിന്റെ ഭാഗ്യത്തിന് അയാള്‍ മുഹമ്മദ് ബിന്‍ ഖാസിമിന്റെ സേനയില്‍ സിന്ധില്‍ ഉണ്ടായിരുന്ന ഭടനായിരുന്നു. സ്വാലിഹ് തികഞ്ഞ താല്‍പര്യത്തോടെ ആ ഭടനുമായി ഒഴിഞ്ഞിരുന്ന് സംസാരിച്ചു.

തന്റെ ജീവിതത്തില്‍ താന്‍ കണ്ടതില്‍വെച്ചേററവും വലിയ അല്‍ഭുതങ്ങള്‍ പറയുമ്പോള്‍ ഭടന് ആയിരം നാവായിരുന്നു. കേള്‍ക്കുവാന്‍ സ്വാലിഹിനും വലിയ ആവേശം. കാരണം പറയുന്നത് തങ്ങള്‍ക്ക് ചിരപരിചിതമല്ലാത്ത നാടിനെയും അതിലെ കാഴ്ചകളേയും പററിയാണ്. ആ നാടിന്റെ വിചിത്രങ്ങളായ സംസ്‌കാരവും ജീവിതരീതികളുമാണ്. അവിടെ മുഹമ്മദ് ബിന്‍ ഖാസിമിന്റെ നേതൃത്വത്തില്‍ നടന്ന മഹാമുന്നേററത്തിന്റെ നാള്‍വഴികളാണ്. സിന്ധിലെ നഗര-ഗ്രാമക്കാഴ്ചകള്‍, ആചാര അനുഷ്ടാനങ്ങള്‍, ഭരണ സംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം ഭടന്‍ പറയുന്നുണ്ട്. പറഞ്ഞുപറഞ്ഞ് മുഹമ്മദ് ഖാസിമിന്റെ മുന്നേററങ്ങള്‍ വരെ ഭടന്‍ പറഞ്ഞു. അതു കഴിഞ്ഞുണ്ടായ അനുഭവങ്ങളും.
മുഹമ്മദ് ബിന്‍ ഖാസിമിന്റെ സിന്ധിലെ ചെയ്തികളെ കുറിച്ച് സ്വാലിഹ് വിശദമായി ചോദിച്ചു. ഭടന് നല്ലതേ അദ്ദേഹത്തെ കുറിച്ച് പറയാനുണ്ടായിരുന്നുള്ളൂ. സിന്ധിലെ മുസ്‌ലിംകളോടും അമുസ്‌ലിംകളോടും മുഹമ്മദ് ബിന്‍ ഖാസിം മാന്യതയുടെ അങ്ങേത്തലയാണ് കാണിച്ചിരുന്നത് എന്ന് അദ്ദേഹം പറഞ്ഞു. അതുകേട്ടതും സ്വാലിഹിനു നിരാശയായി. തനിക്ക് വേണ്ടത് ലഭിക്കുന്നില്ല എന്ന നിരാശ.സ്വാലിഹ് പറഞ്ഞു: 'നീ മുഹമ്മദ് ബിന്‍ ഖാസിമിനെ കുറിച്ചാണ് പറയുന്നത്. എനിക്ക് വേണ്ടത് ഇബ്‌നു ഖാസിമിന്റെ ചെയ്തികളോട് സിന്ധിലെ ജനങ്ങള്‍ എങ്ങനെയാണ് പ്രതികരിച്ചത് എന്നാണ്'

ഭടന്‍ പറഞ്ഞു: 'സിന്ധിലെ ജനങ്ങള്‍ക്ക് ആ മുന്നേററത്തിനിടയില്‍ ചില ബുദ്ധിമുട്ടുകളൊക്കെയുണ്ടായി എന്നത് തികച്ചും സ്വാഭാവികമാണ്. എന്നാല്‍ അവരോടെല്ലാം മുഹമ്മദ് ബിന്‍ ഖാസിം വളരെ മാന്യമായിട്ടാണ് വിജയത്തിനു ശേഷം പെരുമാറിയത്. കൊല്ലപ്പെട്ട ദാഹിര്‍ രാജാവിന്റെ മകള്‍ സീതാ രാജകുമാരിയോടു പോലും. സീത എന്ന പേരു കേട്ടതും സ്വാലിഹ് ഒന്ന് ഇളകിയിരുന്നു. തനിക്കൊരു പക്ഷെ ഈ സീതയില്‍ ഒരു കച്ചിത്തുരുമ്പ് കിട്ടിയേക്കാം; അയാള്‍ കരുതി.
ഭടന്‍ സീതാ രാജകുമാരിയെ പററിയും അവരുടെ അനുഭവങ്ങളെ പററിയും പറഞ്ഞു. സീതാ രാജകുമാരി സിന്ധിലെ ഏററവും ബഹുമാനിക്കപ്പെടുകയും പരിചരിക്കപ്പെടുകയും ചെയ്യപ്പെട്ട സ്ത്രീരത്‌നങ്ങളിലൊരാളായിരുന്നു. സൈന്ധവ ഭംഗിയുടെ മൂര്‍ത്തീഭാവം. ക്ലേശങ്ങളും പ്രയാസങ്ങളും വേദനകളുമില്ലാതെ കൊട്ടാരത്തില്‍ തോഴിമാരോടൊത്ത് ജീവിച്ച രാജകുമാരി. രാജകുമാരിസിന്ധിലെ എല്ലാ ജനങ്ങളുടെ സ്‌നേഹഭാജനമായിരുന്നു. 

യുവകോമളനായ ഒരു രാജകുമാരനുമായി സീതാ രാജകുമാരിയുടെ വിവാഹം നിശ്ചയിക്കപ്പെട്ട സമയത്തായിരുന്നു ഇബ്‌നു ഖാസിമിന്റെ പടയണി മഹ്‌റാനിലെത്തിയത്. അതോടെ പിതാവ് ദാഹിര്‍ യുദ്ധമുഖത്തേക്ക് ചാടിയിറങ്ങി. പിന്നെ പിതാവിന്റെ ശവമായിരുന്നു കണ്ടത്. ഇതോടെ കടുത്ത ദുഖത്തിലേക്ക് രാജകുമാരി എടുത്തെറിയപ്പെട്ടു. രാജ്യവും രാജാവും ബന്ധുക്കളും മോഹവുമെല്ലാം നഷ്ടപ്പെട്ട രാജകുമാരിക്ക് പിന്നെ ദുര്‍ദിനങ്ങളായിരുന്നു.
പക്ഷെ, മുഹമ്മദ് ബിന്‍ ഖാസിം രാജകുമാരിയോട് അതീവ മാന്യത പുലര്‍ത്തി. അവര്‍ക്കുവേണ്ട താമസസൗകര്യവും പരിചാരകരെയും ഏര്‍പ്പാടുചെയ്തു. അവരുടെ ആവശ്യങ്ങള്‍ കണ്ടറിയുവാനും നിവര്‍ത്തിചെയ്തുകൊടുക്കുവാനും വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു.
പക്ഷെ, എല്ലാ സുഖങ്ങളേയും മറച്ചുപിടിച്ചു ആ മനസ്സിന്റെ ദുഖം. ആ ചുണ്ടുകളില്‍ പുഞ്ചിരി വിരിയാന്‍ മടിച്ചുനിന്നു. ആ കണ്ണുകളില്‍ നിന്നും നിരാശ പടിയിറങ്ങുവാന്‍ മടിച്ചു. എല്ലാം നഷ്ടപ്പെട്ട രാജകുമാരി സുഖങ്ങളുടെ നടുവിലും ദുഖിതയായി ദിനങ്ങള്‍ തള്ളിനീക്കി.
സീതയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുവാന്‍ മുഹമ്മദ് ബിന്‍ ഖാസിം പ്രത്യേകം ചാരന്‍മാരെ ഏര്‍പ്പാടാക്കിയിരുന്നു. അവരില്‍ നിന്നും മുഹമ്മദ് ബിന്‍ ഖാസിം ഞെട്ടിക്കുന്ന ഒരു വിവരം കേട്ടു. സീതാ രാജകുമാരിയെ കാണുവാന്‍ രാത്രികളില്‍ പലരും വരുന്നുണ്ട് എന്ന വിവരം. നഷ്ടപ്പെട്ട രാജ്യം തിരിച്ചെടുക്കുവാന്‍ ഒരു രാജകുമാരിയുടെ ഗൂഢാലോചനകളായിരുന്നു അത് എന്നത് വ്യക്തമായിരുന്നു. രാത്രിയില്‍ പതിവായി വന്നുപോകുന്ന മൂന്നു പേരിലൂടെ ഒരു തിരിച്ചടിക്കു ശ്രമിക്കുകയാകും രാജകുമാരി. മുഹമ്മദ് ബിന്‍ ഖാസിമിന്റെ മനസ്സുണര്‍ന്നു.

മുഹമ്മദ് ബിന്‍ ഖാസിം ചിന്തിച്ചു. ഈ വരവുപോക്കുകളുടെ പേരില്‍ മാത്രം സീതക്കെതിരെ ഒരു നീക്കം നടത്തുവാന്‍ ന്യായമില്ല. മാത്രമല്ല അത്തരമൊരു കുററാരോപണം നടത്തിയാല്‍ അവര്‍ അതു നിഷേധിച്ചേക്കുകയും ചെയ്യും. അതേ സമയം താന്‍ സീതാ രാജകുമാരിയെ കാണാന്‍ ചെല്ലുമ്പോള്‍ തന്നോട് രാജകുമാരി വലിയ ബഹുമാനമാണ് കാണിക്കുന്നത്. തന്നോട് ഉള്ളുതുറന്നു സംസാരിക്കുവാനും ആവശ്യങ്ങള്‍ പറയുവാനും അവര്‍ മടിക്കുന്നില്ല. ഉത്തരമൊരു സാഹചര്യത്തില്‍ എന്തു ചെയ്യണം?; ആകെ ധര്‍മ്മസങ്കടത്തിലായി മുഹമ്മദ് ബിന്‍ ഖാസിം.

അവസാനം മുഹമ്മദ് ബിന്‍ ഖാസിമിന്റെ തലയില്‍ വഴി തെളിഞ്ഞു. സീതയെ ഡമാസ്‌കസിലേക്ക് അയക്കുക.പിടിച്ചടപ്പെട്ട രാജ്യങ്ങളിലെ രാജകുമാരിമാരെ സാധാരണ അങ്ങനെയാണ് ചെയ്യാറുള്ളത്. അവിടെ ഖലീഫ അവരുടെ കാര്യങ്ങള്‍ നിശ്ചയിക്കും.ചിലപ്പോള്‍ ഖലീഫ വിവാഹം ചെയ്തുവെന്ന് വരാം. അല്ലെങ്കില്‍ പ്രധാനികള്‍ക്ക് കാഴ്ചവെച്ചേക്കാം. അതുമല്ലെങ്കില്‍ അടിമയായി ദാസ്യവേലക്ക് വിധിച്ചേക്കാം. മുഹമ്മദ് ബിന്‍ ഖാസിം അങ്ങനെ ചെയ്തു. തടവിലാക്കിയ സീതാ രാജകുമാരിയേയും കൊണ്ട് കപ്പല്‍ ബസ്വറാ തുറമുഖത്തേക്കും അവിടെനിന്ന് കര മാര്‍ഗം ഡമാസ്‌കസിലേക്കും അയച്ചു.
'എന്നിട്ടിപ്പോള്‍ രാജകുമാരി എവിടെയുണ്ട്?', ജിജ്ഞാസയോടെ സ്വാലിഹ് ചോദിച്ചു.

'സീത ഒരു വീട്ടില്‍ നിന്നും മറെറാരു വീട്ടിലേക്ക്, ഒരു കയ്യില്‍ നിന്നും മറെറാരു കയ്യിലേക്ക് കൈമാററം ചെയ്യപ്പെട്ടു. ഇപ്പോള്‍ ഖലീഫയുടെ ഏററവും അടുത്ത സുഹൃത്തുകളില്‍ ഒരാളായ ശൈഖ് സ്വഫ്‌വാന്‍ എന്നയാളുടെ വീട്ടിലാണ് എന്നാണ് എന്റെ അറിവ്'; ഭടന്‍ പറഞ്ഞു.
സ്വാലിഹിന്റെ മനസ്സില്‍ സന്തോഷത്തിന്റെ മേളമുയര്‍ന്നു. താനന്വേഷിക്കുന്ന കച്ചിത്തുരുമ്പ് തന്റെ പഴയകാല സുഹൃത്തായ ശൈഖ് സ്വഫ്‌വാന്റെ വീട്ടിലാണെന്ന് അറിഞ്ഞതോടെ അത് ഇരട്ടിയായി. തനിക്ക് ശൈഖ് സ്വഫ്‌വാന്റെ വീട്ടിലുള്ള സീതയില്‍ നിന്നും എന്തെങ്കിലും ഒരു കച്ചിത്തുരുമ്പ് കിട്ടാതിരിക്കില്ല.
എത്രയൊക്കെ മാന്യത ഇബ്‌നു ഖാസിം കാണിച്ചിട്ടുണ്ടെങ്കിലും തന്നെ നാടുകടത്തിയതിലെങ്കിലും സീതക്ക് ഇബ്‌നു ഖാസിമിനോട് അമര്‍ഷമുണ്ടാകാതിരിക്കില്ല. ജനിച്ച നാടും സാഹചര്യങ്ങളും ഓരോരുത്തര്‍ക്കും അത്ര ഹൃദയകരമായിരിക്കുമല്ലോ.അതില്‍ നിന്ന് അടര്‍ത്തിയെടുക്കുമ്പോള്‍ ആര്‍ക്കും വേദനയുണ്ടാകും. അതില്‍ തനിക്ക് പിടിച്ചുതൂങ്ങാം. സ്വാലിഹിന്റെ ഉള്ളുണര്‍ന്നു. അവര്‍ പ്രതീക്ഷകളുടെ ഭാണ്ഡവും കെട്ടി ഡമാസ്‌കസ് നഗരത്തിലേക്ക് നടന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter