പൗരത്വ രജിസ്റ്റർ രാജ്യം മുഴുവനും: അമിത് ഷായുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ കക്ഷികൾ രംഗത്ത്.
ന്യൂഡൽഹി: ദേശീയ പൗരത്വ രജിസ്റ്റർ രാജ്യം മുഴുവൻ നടപ്പാക്കുമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ കക്ഷികൾ രംഗത്ത്. രാജ്യസ്നേഹം വർഗീയ താല്പര്യത്തോടെ ഉപയോഗിക്കാൻ ഉള്ളതല്ലെന്ന് കോൺഗ്രസ് കക്ഷി നേതാവ് ആദിർ രഞ്ജൻ ചൗധരി പറഞ്ഞു. സാധാരണക്കാരുടെ ശ്രദ്ധ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് തിരിച്ചുവിടാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നും ജനങ്ങളെ വർഗീയ അടിസ്ഥാനത്തിൽ വിഭജിക്കുക എന്ന വ്യക്തമായ ലക്ഷ്യമാണ് പൗരത്വ പട്ടിക കൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു. അമിത് ഷായ്ക്കെതിരെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ശക്തമായി രംഗത്തെത്തി. ദേശീയ പൗരത്വപ്പട്ടിക പശ്ചിമബംഗാളിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് മമത പറഞ്ഞു. പൗരത്വപ്പട്ടികയുടെ പേരിൽ ചിലർ ബംഗാളിൽ സംഘർഷമുണ്ടാക്കാൻ ശ്രമിക്കുകയാണ്. അവരോട് എനിക്കൊന്നേ പറയാനുള്ളൂ, അതൊന്നും ഇവിടെ വിലപ്പോകില്ല. ഈ നാട്ടുകാരുടെ പൗരത്വം ഇല്ലാതാക്കാൻ ആർക്കും കഴിയില്ല, ആർക്കും നിങ്ങളെ അഭയാർഥികളാക്കാനാവില്ല - മുർഷിദാബാദ് ജില്ലയിലെ സാഗർനിഖിയിൽ നടന്ന പൊതുസമ്മേളനത്തിൽ മമത വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter