ജാമ്യം ലഭിച്ചിട്ടും വെറുതെ വിടുന്നില്ല:  പൗരത്വ സമരക്കാർക്കെതിരെ പുതിയ കേസ് ചുമത്തി പോലീസ്
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിൽ പങ്കെടുത്ത രണ്ടു വനിതകളെ കോടതി ജാമ്യത്തില്‍ വിട്ട ​നിമിഷങ്ങള്‍ക്കകം മറ്റൊരു കേസില്‍ ക്രൈംബ്രാഞ്ച്​ വീണ്ടും അറസ്​റ്റു ചെയ്തു. പിഞ്ച്ര തോഡ് പ്രവര്‍ത്തകരായ നടാഷ നര്‍വാള്‍, ദേവാംഗന കലിത എന്നിവർക്കെതിരെയാണ് പോലീസിന്റെ പകപോക്കൽ നടപടി.

ജാഫ്രാബാദില്‍ മെട്രോ സ്​റ്റേഷനില്‍ കുത്തിയിരിപ്പ്​ സമരം നടത്തിയതിന്​ അറസ്റ്റ് ചെയ്യപ്പെട്ട ​ഇവർക്കെതിരെ രാജ്യദ്രോഹ വാദമുയർത്തി ഡല്‍ഹി പൊലീസ് രണ്ട് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് തള്ളി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് അജിത് നാരായണന്‍ ഇരുവര്‍ക്കും ജാമ്യം അനുവദിച്ചിരുന്നു.

പ്രതികൾ അക്രമത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും പ്രതിഷേധിക്കുക മാത്രമാണ്​ ചെയ്​തതെന്നും നിരീക്ഷിച്ച കോടതി കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇവരെ പൊലീസ് കസ്റ്റഡിയില്‍ നല്‍കാതെ ജാമ്യം അനുവദിക്കുകയായിരുന്നു.

തുടര്‍ന്നാണ്​ നാടകീയമായി ​ രംഗപ്രവേശം ചെയ്ത ക്രൈംബ്രാഞ്ച് ഡല്‍ഹി കലാപം, കൊലപാതകം എന്നിവയില്‍ ഇരുവര്‍ക്കും ബന്ധമുണ്ടെന്നാരോപിച്ച്‌​ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. 147, 353, 307, 302 വകുപ്പുകളാണ്​ ഇവ​ര്‍ക്കെതിരെ ചുമത്തിയത്​. ജാമ്യം അനുവദിച്ച അതേ ജഡ്ജിയുടെ മുമ്പാകെ ഇരുവരെയും വീണ്ടും ഹാജരാക്കുകയും കേസിന്റെ ഗൗരവം പരിഗണിച്ച് രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിടുന്നതായി കോടതി ഉത്തരവിടുകയും ചെയ്യുകയായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter