നോമ്പ് - സൂഫീ വായനകളിലൂടെ (ഭാഗം-09)

നോമ്പ് - സൂഫീ വായനകളിലൂടെ (ഭാഗം-09)
------------------------------------------------------------------

ബഹുമാനപ്പെട്ട സൂഫികൾ, ആരാധനകളുടെ ബാഹ്യപ്രകടനങ്ങൾക്കും അത്തരം വിധികളും രീതിശാസ്ത്രങ്ങൾക്കുമപ്പുറം അവ ആത്മീയ സംസ്കരണത്തിൽ വഹിക്കുന്ന പങ്കുകളേയും അവയിലെ ആത്മീയ പരിപ്രേക്ഷ്യങ്ങളെയും വിഷയമാക്കി രചനകൾ നടത്തിയിട്ടുണ്ട്. ആ രീതിയിൽ നോമ്പും ചില സൂഫി രചനകളിൽ ഇടം നേടിയിട്ടുണ്ട്. അവയിൽ ഏതാനും ചിലത് പരിചയപ്പെടുത്താനാഗ്രഹിക്കുന്നു. അവരതിനെ നോമ്പിന്‍റെ ഹഖീഖത് എന്ന് വിളിക്കാനാണ് ആഗ്രഹിക്കുന്നത്.
-=<(*****)>=-
അറാഇസുൽ ബയാൻ ഫീ ഹഖാഇഖിൽ ഖുർആൻ എന്ന തഫ്സീറിലും അതിന്‍റെ മുസന്നിഫ് അബൂ മുഹമ്മദ് അൽബഖ്‍ലി(റ) ഉദ്ധൃത ആയതുകൾക്ക് സൂചനാ വ്യാഖ്യാനങ്ങൾ (തഫ്സീർ ഇശാരി) നൽകിയിട്ടുണ്ട്. 
ഇത് ഹൃദയ പക്ഷക്കാരോടുള്ള വിളിയാണെന്ന് പറഞ്ഞാണ് അദ്ദേഹം തുടങ്ങുന്നത് തന്നെ. നിഗൂഢതകളുടെ ആകാശങ്ങളിൽ മുശാഹദയുടെ ബാല ചന്ദ്രനെ കാണാൻ തേടി നടക്കുന്നവരോടുള്ള അഭിസംബോധനയാണിത്. അഥവാ, യഖീനിന്‍റെ ആളുകളേ, ഈ ലോകം പാടേ അകറ്റി നിർത്തൽ നിങ്ങൾക്ക് നിർബന്ധമാണ്. കാരണം നിങ്ങൾ മുശാഹദയുടെ ആവശ്യക്കാരാണ്. അപ്പോൾ ഉബൂദിയ്യത്തിന്‍റെ മഖാമിൽ മനുഷ്യപ്രകൃതിയുടെ ഇണക്കങ്ങളോട് നിങ്ങൾ നോമ്പ് നോൽക്കണം. നിങ്ങൾക്കു മുമ്പുണ്ടായിരുന്ന അമ്പിയാ-മുർസലുകൾ, ആരിഫീങ്ങൾ (ദിവ്യജ്ഞാനം നേടിയവർ), അല്ലാഹുവിനെ സ്നേഹിക്കുന്നവർ അവർക്കെല്ലാം നിർബന്ധമാക്കിയതു പോലെ തന്നെ. അങ്ങനെ അവർ മനുഷ്യത്വത്തിന്‍റെ മ്ലേഛതകളിൽ നിന്ന് രക്ഷ നേടി. അവർ നിർഭയത്വത്തിന്‍റെയും ദിവ്യ സാമീപ്യത്തിന്‍റെയും മഖാമിലെത്തി. 
أياما معدودات – 
ഈ ദുൻയാവിലെ ദിനങ്ങൾ എണ്ണപെട്ടതാണ്. ഇതിലൂടെ അവന്‍റെ ഔലിയാക്കളെ തമാശകൾ, വിവാഹം, സ്പർശങ്ങൾ, ഉല്ലാസങ്ങൾ, കളികൾ, വ്യത്യസ്ത വിഭവങ്ങൾ ഭക്ഷിച്ചും തണുത്ത വെള്ളം കുടിച്ചും നനുത്ത വസ്ത്രങ്ങൾ ധരിച്ചും ലഭിക്കുന്ന ജീവിത രസങ്ങൾ എന്നിവ വർജ്ജിക്കാനുള്ള പ്രേരണയാണിത്. അഥവാ, എന്‍റെ ഔലിയാക്കളേ, നിങ്ങളീ ദുൻയാവിലെ വികാരങ്ങളെയെല്ലാം ക്ഷമിക്കുക. കാരണം ഇത് അടുത്ത് തന്നെ തീർന്നു പോകുന്ന ദിനങ്ങൾ മാത്രമാണ്. അപ്പോൾ നിങ്ങൾ അനാദിയായ എന്നെ ദർശിച്ച് നോമ്പു തുറക്കും. എന്‍റെ ചാരത്ത് നിങ്ങൾക്ക് ജീവിക്കാനുകയും ചെയ്യും.
فمن كان منكم مريضا أو على سفر فعدة من أيام أخر - -
ഞാനുമായുള്ള ബന്ധത്തിൽ വിള്ളലേറ്റ് രോഗം ബാധിച്ചവരും ഞാനുമായി കൂടിച്ചേരാനാവാതെ ഏകാന്തതയുടെ യാത്രയിലായവരും ആ ദിനങ്ങൾ വീണ്ടെടുക്കണം. 
وعلى الذين يطيقونه فدية -
ലോകത്തെ തന്നെ വെടിയാൻ കഴിഞ്ഞെങ്കിലും കാര്യമായി ആരാധനാ കർമ്മങ്ങളിലേർപ്പെടാൻ തൌഫീഖ് ലഭിക്കാത്തവർ ഫിദ്‍യ നൽകണം. അല്ലാഹുവിന്‍റെ ഔലിയാക്കൾക്ക് ശരീരം കൊണ്ടും ധനം കൊണ്ടും ഖിദ്മത് എടുക്കലാണീ ഫിദ്‍യ. ഇവിടെ മിസ്കീൻ എന്നത് കൊണ്ടുദ്ദേശിക്കുന്നത് തൽവീനിലെത്തിയിട്ടുണ്ട്, പക്ഷേ, ഇതു വരെ തംകീനിലെത്തിയിട്ടില്ല, അത്തരക്കാരെയാണ്. (തൽവീൻ - ആത്മീയാവസ്താന്തരങ്ങളിലൂടെ കടന്നു പോകുന്നത്. തംകീൻ - അവസ്ഥാന്തരങ്ങൾ നിലച്ച് ദിവ്യ സന്നിധിയിൽ സ്ഥിരപ്രതിഷ്ഠ നേടുന്നത്.)
شهر رمضان الذي أنزل فيه القرآن –
റഹ്മാനായ അല്ലാഹുവിന്‍റെ മുശാഹദക്ക് വേണ്ടി കരളുകൾ ഉരുകുന്ന മാസം. മുജാഹദയുടെ (ഹൃദയ സംസ്കരണത്തിനും ദേഹേഛയെ കീഴ്പ്പെടുത്താനുമായി ചെയ്യുന്ന കഠിന പരിശ്രമങ്ങളാണ് മുജാഹദ) അഗ്നിയാൽ ഹൃദയങ്ങൾ മൃതുലമായ അവസരമായതിനാലാണ് ഈ മാസം ഖുർആൻ അവതീർണ്ണമായത്. 
-=<(*****)>=-
നോമ്പിനെ സംബന്ധിച്ചുള്ള സൂഫീ വായനകളിൽ ഏതാനും ചിലതാണ് മുകളിൽ നൽകിയത്. ഇപ്രകാരം ഒട്ടനവധി സൂഫീ വിശദീകരണങ്ങളും സൂചനാ വ്യാഖ്യാനങ്ങളും കണ്ടെത്താനാവും. നോമ്പിന്‍റെ ആത്മീയ വശം പൂർണമായും ഉൾകൊണ്ട് അത് അനുഷ്ഠിക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter