നബിയെ കണ്ടെത്തിയ മനുഷ്യരും മനുഷ്യരെ കണ്ടെത്തിയ നബിയും

ഹൃദയങ്ങളോടാണ് തിരുനബി മിണ്ടിയത്, ആത്മാവുകളെയാണ് ആ വചനങ്ങൾ ഉണർത്തിയത്. വെളിച്ചമുള്ള വാക്കുകൾ കൊണ്ട്, മരുഭൂമിയിൽ ആശയപ്രസാദങ്ങളുടെ തെളിതീർത്ഥമൊഴുക്കിയ പ്രവാചകന്റെ തിരുസവിധത്തിലേക്ക് കാതെറിഞ്ഞാൽ ഇപ്പോഴും കേൾക്കാം ആ വശ്യവചസ്സുകൾ. കാലവും ദൂരവും കണ്ണിനു തടസ്സമല്ല. തിരുനബി പറഞ്ഞതും പറയാത്തതും രേഖയാണ്. മൗനസമ്മതങ്ങൾ പ്രമാണമാണ്.

വാക്കുകൾക്കിടയിൽ, അതിലേറെ ഊക്കുള്ള മൗനങ്ങൾ പണിതും, ശ്വാസങ്ങൾക്കിടയിൽ ധ്വാനനിരതമായ ഭക്തിയുണർത്തിയും തിരുനബിയുടെ സ്വരസുധ മുഴങ്ങിത്തുടങ്ങിയാൽ പിന്നെ, ശിരസ്സിലെ പറവകൾ ഇളകാതിരിക്കാനെന്ന പോലെ ശ്രോതാക്കൾ നിശബ്ദരാവും; നിശ്ചലരും. ഇളംകാറ്റിന്റെ സീൽക്കാരങ്ങളെ സാക്ഷിയാക്കി നബി അപ്പോൾ പ്രപഞ്ചത്തോട് പറയും; മിണ്ടും;ചൊല്ലും; കുറുകും; ഭാവപ്പകർച്ചകളും, ശ്രുതിലയങ്ങളും ഒഴുകി വരും. അക്ഷരം കൊണ്ടും അർത്ഥംകൊണ്ടും പറയൽ ഒരു ഒരു കലയാണെന്ന് തിരുനബി പഠിപ്പിച്ചു.

****       **** ****

'സൽസ്വഭാവമാണ് നന്മ മനസ്സിൽ ചൊറിച്ചിലുണ്ടാകുതാണ് തിന്മ' നന്മ തിന്മകളെ തിരുനബി നിർവ്വചിച്ചത് എത്ര ചേതോഹരമായിട്ടാണ് 'നന്മയെല്ലാം വിലപ്പെട്ട'താണ്, പുഞ്ചിരിപോലും ' ലളിതവാക്കുകളുടെ ആഴമുള്ള അർത്ഥങ്ങളാണിതിലുള്ളത് ' തെറ്റുകാരിൽ പശ്ചാതാപബോധമുള്ളവൻ പുണ്യവാനാണ്' മാനുഷികതക്കും, അതിമാനുഷികതക്കും മധ്യേയാണ് തിരുനബിവചനങ്ങളെന്ന് തോമസ് കാർലൈൻ മൊഴിഞ്ഞത് പ്രസ്താവ്യമാണ്.

. ദൈവഹിതങ്ങൾക്ക് ശബ്ദം പകരുമായിരുന്നു തിരുനബിയുടെ നാക്കും വാക്കും. അതിൽ നിഗൂഢതയുടെ സൗന്ദര്യമുണ്ട്. പൂർവ്വാകാശത്തിന്റെ മീതെയാണ് നബി പറഞ്ഞവയുടെ ഉറവിടം. കണ്ടതും കാണാനിരിക്കുന്നതുമായ കാലങ്ങൾക്ക് പൂരിപ്പിക്കാനുള്ളതാണ് അവയുടെ ഉൾപ്പൊരുളുകൾ. ആലോചനയുടെ പിൻബലമാണ് അവയുടെ മുൻബലം ,അവ തോന്നലുകളല്ല, ബോധനങ്ങളാണ്. ' ആരെ കാണുമ്പോൾ ദൈവത്തെ ഓർമ്മയാകുന്നുവോ, അവനാണ് നിങ്ങളിൽ അത്യുത്തമൻ ' മതത്തിന്റെ മൗലിക സാരങ്ങൾ മുഴുവൻ വഹിക്കുന്നു പ്രപഞ്ചങ്ങളേക്കാൾ വലിപ്പമുള്ള ഈ കൊച്ചു വാചകം, പൂർണ്ണതയുടെ പൂർണ്ണിമപോലെ..

**** **** **** ****

ഞാനേറ്റവും കടപ്പെട്ടതാരോടാണ്? ആഗതൻ തിരുനബിയോട് ആരാഞ്ഞു; നിന്റെ മാതാവിനോട് നബി പറഞ്ഞു, പിന്നെ ആരോടാണ് ? മാതാവിനോട് തന്നെ പിന്നെയോ മാതാവിനോട് തന്നെ, പിന്നെ? പിതാവിനോട്'

തിരുനബിയോട് ഒരിക്കലും ഒന്നും 'പറഞ്ഞുപോയിരുന്നില്ല' ബോധപൂർവ്വം പറയുക മാത്രമാണ് ചെയ്തത്. ഉരിയാട്ടങ്ങൾ, ഊരാക്കുടുക്കുകൾ പണിയുന്ന ആധുനിക പൊതുമണ്ഡലത്തിൽ ഉറപ്പുള്ള തീർപ്പുകൾ മാത്രം മൊഴിഞ്ഞ തിരുനബി മാതൃകയാണ്. പറഞ്ഞതിന്റെ പേരിൽ ഖേദിക്കേണ്ടി വരാതിരിക്കലാണ് വചനമികവിന്റെ തികവ്. പറഞ്ഞത് സന്തുഷ്ടി സൃഷ്ടിക്കുക കൂടി ചെയ്യുമ്പോൾ ആ തികവ് മികക്കുന്നു.

**** **** **** ****

' ഏറ്റവും വലിയ പാപം ഏതാണ്? ഒരാൾ തിരുനബിയോട് ചോദിച്ചു. നിന്നെ സൃഷ്ടിച്ചവന് സമന്മാരെ നിശ്ചയിക്കുക, തിരുനബി മറുപടി പറഞ്ഞു. പിന്നെയോ ? ദാരിദ്ര്യം ഭയന്ന് സ്വന്തം കുഞ്ഞിനെ വധിക്കുക. പിന്നെയോ ? നിന്റെ അയൽക്കാരന്റെ ഭാര്യയെ വ്യഭിചരിക്കുക'

ആത്മവിസ്മൃതിക്കെതിരെയുള്ള അവബോധത്തിന്റെ കടന്നാക്രമണങ്ങളാണ് ചിലപ്പോൾ നബി പറഞ്ഞവ. അതാര്യതക്കെതിരെയുള്ള അന്വേഷണാത്മകതയും വ്യക്തിദൂശ്യങ്ങൾക്കെതിരെയുള്ള അമർശസóന്നിഗ്ദതയും അവിടെ കാണാം. ജനിക്കും മുമ്പെ ഭ്രൂണഹത്യ നടത്തി; കുരുന്നിനെ കൊല്ലുന്നതിന് ഭരണകൂടം ഇനാം പ്രഖ്യാപിച്ച കാലമാണിത്; പരവേഴ്ചകൾക്ക് വിരിപ്പൊരുങ്ങാത്ത രാപ്പകലുകളില്ലാത്ത കാലവും. തിരുനബി, മുന്നിലുള്ളവരെ സാക്ഷികളാക്കി മേൽവചനം യുഗങ്ങളോട് മൊഴിയുകയായിരുന്നുവെന്ന് തീർച്ച.

**** **** **** ****

ദാർശനികതയുടെ പുറംതോടും പ്രായോഗികതയുടെ അകക്കാമ്പും തുളുമ്പുന്ന വചനാമൃതങ്ങൾ തിരുനബി സവിധത്തിൽ പരന്നൊഴുകി.

'സങ്കടമാണ് എന്റെ സഹചാരി' -ഇനിയും വ്യാഖ്യാനം തേടി പറന്നുയരുന്ന 'വചനമാണിത്' ഞാനറിയുന്നത് പോലെ ജീവിതയാഥാർത്ഥ്യങ്ങൾ നിങ്ങളറിഞ്ഞിരുന്നുവെങ്കിൽ, നിങ്ങൾ അൽപം മാത്രം ചിരിക്കുകയും ഏറെ കരയുകയും ചെയ്യുമായിരുന്നു. എത്ര ശരിയാണിതെന്ന് ഉൾക്കൊള്ളുവാൻ ഉരുകിയ ഹൃദയമുള്ളവന് മാത്രമേ സാധിക്കുകയുള്ളു. ആഘോഷത്തിമർപ്പുകളിലും കൊണ്ടാട്ടങ്ങളിലും അടിഞ്ഞുടഞ്ഞു പോയ ജനതക്ക് കരച്ചിലിന്റെ കലാമൂല്യം തികച്ചും അജ്ഞാതമാണ്. അടുത്തവരുടെ മരണാഘാതം പോലും ഒരു വിതുമ്പലിനും വെമ്പാതെ കെട്ടങ്ങുമ്പോൾ നമ്മുടേത് ശിലാഹൃദയങ്ങളാണ് എന്ന് വരുന്നു. പക്ഷെ, തിരുനബി പറഞ്ഞു നിർത്തിയില്ല' നിങ്ങൾ അനാഥരുടെ മൂർദ്ധാവിലൂടെ തലോടുക; ഹൃദയപാരുഷ്യം നീങ്ങാൻ അതിടയാകും'

**** **** **** ****

രണ്ട് അനുഗ്രഹങ്ങൾ - അവ കൈകാര്യം ചെയ്യുതിൽ മിക്ക ആളുകളും അശ്രദ്ധരാണ് - ആരോഗ്യവും ഒഴിവ് വേളയും'

അലസതയുടെ ആധിപത്യങ്ങൾ ജീവിതത്തെ നിറം കെട്ടതാക്കുന്നതിനെതിരെ ഉൽസാഹത്തിന്റെ ജാഗ്രതയാണിത്. അവസരങ്ങളെ ധൂർത്തടിക്കുവന് 'സമയമില്ലായ്മ' സഹചാരിയാകും. 'ഉറങ്ങും മുമ്പ് താണ്ടി തീർക്കേണ്ട മൈലുകളെ' കുറിച്ച് ഓർക്കാൻ തന്നെയാണ് അന്നേ തിരുനബി പറഞ്ഞുവെച്ചത്.

**** **** **** ****

''നിന്റെ സ്വർഗ്ഗവും നരകവും അവരാണ്' മാതാപിതാക്കളെ കുറിച്ച് ചോദിച്ച അനുചരന് തിരുനബി നൽകിയ മറുപടിയുടെ മുഴക്കം; ഇങ്ങിവിടെ വൃദ്ധസദനങ്ങളുടെ അകത്തളങ്ങൾ വരെ പടരുന്നുണ്ട്. ' സ്വർഗ്ഗത്തിന്റെ മീതെ പെറ്റുമ്മയുടെ പാദം വെച്ച്' സ്വർഗ്ഗ സങ്കൽപത്തെ മാനവികമാക്കിയവരും മറ്റാരുമല്ല.

സാമൂഹിക ഭദ്രതയുടെ ഇഴയടുപ്പങ്ങളെ തിരുനബിയെ പോലെ വചനാവിഷ്‌കാരം നടത്തിയ മറ്റാരും ഉണ്ടാവില്ല. ആത്മാവിന്റെ ചുണ്ടും ഹൃദയത്തിന്റെ ശബ്ദവും ആത്മാർത്ഥതയുടെ ഭാഷയും വിനയത്തിന്റെ ഭാവവും ചേർന്ന നബിയോക്തികൾ വായിക്കപ്പടുക മാത്രമല്ല; ജീവിതമാക്കപ്പെടുകയും ചെയ്തു.

**** **** **** ****

മൂന്ന് വസതുക്കളിൽ ജനങ്ങൾക്ക് കൂട്ടവകാശമുണ്ട്; വെള്ളം; ഉപ്പ്; തീ' ഈ വചനത്തിന്റെ ജീവിതഗന്ധം അപരിചിതമാണ്. 

ജനങ്ങളെല്ലാം ചീർപ്പിന്റെ പല്ല് പോലെ സമൻമാരാണ്. ഉഛനീചത്വങ്ങളുടെ കാടത്തങ്ങൾക്കെതിരെ മുഴങ്ങിയ വാക്കുകളാണത്.

വർഗ്ഗീയതയോ, വർഗ്ഗീയവാദിയോ, വർഗ്ഗീയ രക്തസാക്ഷിയോ നമ്മുടെ കൂട്ടത്തിലില്ല'. തെറ്റിദ്ധരിക്കപ്പെട്ട മതത്തിന്റെ തെറ്റിപ്പോകരുതാത്ത നിർണ്ണയങ്ങൾ തിരുനബി പറഞ്ഞുവെച്ചു.

**** **** **** ****

ദരിദ്രരെ ഒഴിവാക്കി, ധനികരെ മാത്രം ക്ഷണിക്കുന്ന വിരുന്നിലെ ഭക്ഷണമാണ് ഏറ്റവും വൃത്തികെട്ട ഭക്ഷണം' വൃത്തി വസ്തുവിനോടല്ല;. ആദർശത്തിനോടാണ് ബന്ധപ്പെട്ടു കിടക്കുന്നതെന്നാണ് തിരുനബി സൂചിപ്പിച്ചത്.

'മനുഷ്യൻ പട്ടിണി കിടക്കേണ്ടി വരുന്ന സമൂഹത്തിന്റെ സംരക്ഷണ ബാധ്യത സൃഷ്ടാവ് കൈയൊഴിഞ്ഞിരിക്കുന്നു'. അടിസ്ഥാനാവശ്യങ്ങളുടെ ഇടങ്ങളിൽ പോലും കൊടിയും നിറവും മാനദണ്ഡമാകുന്ന ഈ അഭിശപ്ത നേരങ്ങളിൽ കിരീടം ചൂടിക്കേണ്ട വചനം ഇതല്ലാതെ മറ്റെന്താണ്. ആരുടെ ഉപദ്രവങ്ങളിൽ നിന്ന് അയൽവാസി നിർഭയനല്ലയോ, അവൻ വിശ്വാസിയുമല്ല' ഒരാളെ നിർവ്വഹിക്കാനും അയാളുടെ വിശ്വാസം പോലും നിർണ്ണയിക്കാനും അപരന്റെ സ്വസ്ഥതയ്ക്ക് കൂടി പങ്കുണ്ടെന്ന് പറയുമ്പോൾ മതം മനുഷ്യന്റെ വിളംബരമാവുകയാണ് ചെയ്യുന്നത്.

**** **** **** ****

'ആളുകളുമായി ഇടപഴകി ദുരിതപ്പെടുന്നവനാണ്, ഏകാന്തവാസം നയിക്കുന്ന സ്വാതികനെക്കാൾ ഉത്തമൻ'. ഒരാളെങ്കിലും സന്തോഷിക്കാൻ കാരണക്കാരനാവുന്നതിന്റെ പുണ്യമാണ് ഇവിടെ അധിക മൂല്യമായത്.

**** **** **** ****

തിരുനബി കഥ തുടരുകയാണ്..' അങ്ങനെ കപ്പൽ ഓടിത്തുടങ്ങി. മുകൾ നിലയിലും യാത്രക്കാർ; താഴെ നിലയിലും യാത്രക്കാർ; മീതെ വരേണ്യർ, കീഴിൽ അധമർ. പക്ഷെ എല്ലാവർക്കുമുള്ള കുടിവെള്ളം മുകൾനിലയിലായിരുന്നു. താഴെയുള്ള സാധാരണക്കാർ നിരന്തരം മുകളിൽ കയറി വരുന്നത് വരേണ്യർക്ക് ശല്യമായി. അവർ പാവങ്ങൾക്ക് കയറിവരാനുള്ള വഴികൊട്ടിയടച്ചു; സാധുക്കൾ! അവർക്ക് കുടിവെള്ളം മുട്ടി. ദാഹിച്ചവശരായപ്പോൾ, താഴെ തട്ടിലുള്ളവർ പ്രതിഷേധിക്കാൻ തീരുമാനിച്ചു. എല്ലാവരും നശിക്കട്ടെ; നമുക്കീ കപ്പൽമുക്കാം. അവർ കപ്പലിന്റെ ആണിയിളക്കി അടിയിൽ ദ്വാരങ്ങൾ ഉണ്ടാക്കി. വെള്ളം ഇരച്ചുകയറാൻ തുടങ്ങി.... തിരുനബി നെടുവീർപ്പോടെ മൗനത്തിലേക്ക് വലിഞ്ഞു. എന്തിന് കഥ മുഴുമിപ്പിക്കണം? പിന്നീടുണ്ടാവാൻ പോവുതിന്റെ ഗൗരവം അവരാലോചിച്ചില്ല.' തിരുനബി പറഞ്ഞു നിർത്തി.

നീതി നിഷേധിക്കപ്പെടുവരാണ് അക്രമമാർഗ്ഗങ്ങൾ അവലംബിക്കുതെന്നും ന്യൂനപക്ഷ-ഭൂരിപക്ഷ സഹകരണം ഇരുവിഭാഗത്തിന്റെയും നിലനിൽപിന് അനിവാര്യമാണെും തിരുനബി പറഞ്ഞതിന്റെ മറുപുറം പറഞ്ഞ് തരുന്നു. 'ഘർ വാപസി' യുടെ കാലത്ത് തീർച്ചയായും തൽക്കാലത്തിന്റെ അത്യാവേശങ്ങൾ പിൽക്കാലത്തിന്റെ വേദനയാകുതിനെതിരെ ക്രാന്ത ദർശനത്തിന്റെ മുന്നറിയിപ്പാണ് തിരുനബി പറഞ്ഞ കപ്പൽകഥ.

**** **** **** ****

'തുടങ്ങിവെച്ച സൽകർമ്മം പൂർത്തീകരിക്കലാണ് മറ്റൊന്നിന് നാന്ദി കുറിക്കുതിനേക്കാൾ ഉത്തമം'  സൽകർമ്മങ്ങളെ മൊത്തക്കച്ചവടമാക്കി താളഭംഗപ്പെടുത്തുതിനെതിരെ തിരുനബി പല ഘട്ടത്തിലും താക്കീത് നൽകി. ആരാധനകളെ കലാത്മകമായി ചമൽക്കരിക്കാനാണ് നബി മാതൃക ആവശ്യപ്പെടുത്. ആധിപത്യം പിന്നീട് അവശത വരുത്തും. ആവേശത്തിൽ തുടങ്ങി അവശതയിലൊടുങ്ങാതിരിക്കാൻ നിത്യത മോഹിക്കുന്നവർ താൽപര്യപ്പെടും.

'ഒരു വൃദ്ധൻ രണ്ട് മക്കളുടെ തോളിൽ വേച്ചിഴച്ച് നടക്കുന്നത് കണ്ട തിരുനബി ഉത്കണ്ഠപ്പെട്ടു.' എന്ത് പറ്റി ഇയാൾക്ക്. അയാൾ കാൽനടയായി കഅ്ബയിലേക്ക് തീർത്ഥാടനം നേർച്ച നേർന്നതാണെന്നറിഞ്ഞപ്പോൾ തിരുനബി പറഞ്ഞു. ഇയാളുടെ ആത്മപീഢനം നാഥന് ആവശ്യമില്ല' ശേഷം അയാളോട് വാഹനത്തിൽ കയറാനാവശ്യപ്പെട്ടു. ആരാധനകൾ സൗന്ദര്യനിർമ്മാണങ്ങളോട് കൂടിയാണ്.

നല്ല വാക്ക് പോലും ധർമ്മമാണ്. ദുർഗ്രാഹ്യതകളിൽ നിന്നും അനുഷ്ഠാനപരമായ സങ്കീർണ്ണതകളിൽ നിന്നും മതത്തെ ജനഹിതാത്മകമാക്കുകയായിരുന്നു തിരുനബി' മതം ലളിതമാണ്, മതത്തെ ക്ലിഷ്ടമാക്കുന്നവർ അത്‌കൊണ്ട് വലയുകയേ ഉള്ളു. അതിനാൽ മിതത്വം പാലിക്കു.. നബിയുടെ മാർഗ്ഗം ഇതാണ്. ഒരനുയായി പകൽ മുഴുവൻ ഉപവസിക്കുകയും രാത്രി മുഴുവൻ പ്രാർത്ഥനാ നിരതനായി ഉറക്കിളക്കുകയും ചെയ്യുന്ന കാര്യം തിരുനബി അറിഞ്ഞു.

'അങ്ങനെ ചെയ്യരുത്. വ്രതമനുഷ്ഠിക്കുക. പക്ഷെ എന്നും വേണ്ട. പ്രാർത്ഥിക്കുക. പക്ഷെ എപ്പോഴും വേണ്ട. ഉറങ്ങാൻ സമയം കണ്ടെത്തുക. നിന്റെ ശരീരം, കണ്ണുകൾ, ഭാര്യ, അതിഥി എല്ലാത്തിനോടും എല്ലാവരോടും നിനക്ക് കടമകൾ ഉണ്ട്. മതം സൗന്ദര്യമാണ്. സൗകര്യവും എന്ന് തിരുനബി വ്യക്തമാക്കുകയായിരുന്നു. 

**** **** **** ****

'ലക്ഷ്യത്തെ കുറിച്ച് ഉൽകണ്ഠയുള്ളവൻ ഏത് കൂരിരുളിലും പ്രയാണം ചെയ്യും. അന്തിയിരുളിലും യാത്ര തുടർന്ന് അവൻ ലക്ഷ്യത്തിലെത്തുകയും ചെയ്യും.  അറിയുക! ദൈവത്തിന്റെ പക്കലുള്ള വിഭവമാണ് മികച്ച ലക്ഷ്യം, സ്വർഗ്ഗമാണത്. പ്രചോദിതനായ ഒരാളുടെ പ്രേരണയാണീ വാക്കുകൾ. സാഫല്യത്തിലെത്താൻ തിടുക്കം കൂട്ടുന്ന ഒരു മനസ്സിന്റെ സ്പന്ദനമാണ് അതിന് പിന്നിൽ.

''നിങ്ങളുടെ കൈയ്യിൽ ഒരു വൃക്ഷത്തൈ ഉള്ള അവസ്ഥയിലാണ് ലോകാന്ത്യം വന്നെത്തുന്നത് എങ്കിൽ അപ്പോഴും ആ തൈ നടാൻ ശ്രദ്ധിക്കുക.' സ്വാർത്ഥതയുടെ അംശങ്ങൾ കർമ്മങ്ങളുടെ പവിത്രതക്ക് മങ്ങലേൽപ്പിക്കും. ചിലപ്പോൾ ഫലവൈപരീത്യവും അതിന്റെ ഫലം.

**** **** **** ****

ഒരാളുടെ ഏറ്റവും ശുദ്ധമായ മതം അയാൾക്ക് അനാവശ്യമായവയിൽ നിന്ന് മാറി നിൽക്കലാണന്ന്' ചില പ്രമുഖർക്കുണ്ടാവുന്ന ഒരു മിഥ്യാധാരണയെ തിരുനബി (സ) ശക്തമായി തിരുത്തുകയാണിവിടെ. ഞാനതിലിടപെട്ടാൽ മാത്രമേ അത് പൂർണ്ണമായി വിജയിക്കുകയുള്ളു എന്ന ദുരാഗ്രഹം കാരണത്താൽ വേണ്ടതിലും വേണ്ടാത്തതിലും കൈകടത്തി 'ഷോ' ആകുന്നവർ ഇവിടെ പ്രതികൂട്ടിലാവുന്നു. സത്യത്തിൽ അത്തരക്കാർ അതിൽ ഇടപെട്ടിട്ടില്ലായിരുന്നുവെങ്കിൽ അക്കാര്യം അതിനേക്കാൾ കേമമാവുകയും ചെയ്യുമായിരിക്കും. അവരും ഒരുപടി നന്നാവും. പക്ഷെ ജനപ്രീതി അവരെ അന്ധൻമാരാക്കുന്നു. നോക്കിച്ചിരിച്ച് പരിഹസിക്കുവരെ അവർ കാണുന്നില്ല. വിശന്നുവലഞ്ഞ ചെന്നായകൾ ആടുകളെ ക്ഷതമേൽപ്പിക്കുതിനേക്കാൾ ഭയാജനമാണ്. ജനപ്രീതിക്കാരും പണഭ്രാന്ത് പിടിച്ചവരും ആളുകൾക്കേൽപ്പിക്കുന്ന ക്ഷതം. തിരുനബി പറഞ്ഞിരുന്നു.

**** **** **** ****

മൗനം മഹാമന്ത്രമാണ്, പക്ഷെ അത് പയറ്റുവന്നർ തുലോം തുഛവും. പ്രവാചക ദാർശനികതയുടെ  സൗന്ദര്യം വീണ്ടും ധിഷണയെ വിസ്മയിപ്പിക്കുന്നു. വാക്കേറിയാൽ ദു:ഖമേറുന്ന ചുറ്റുവട്ടങ്ങളിൽ മൗനം സ്വർണ്ണൗഷധമാണ്. അല്ലെങ്കിലും നാവ് പറയാൻ മാത്രമല്ല. പറയാതിരിക്കാൻ കൂടിയുള്ള അവയവമാണ്.

സംസാരമേറിയാൽ പാപങ്ങളേറും, ഫലം-ഹൃദയമൃതി, ഫലം- നരകപ്രേശം. ഒരിക്കൽ പുണ്യനബി പറഞ്ഞു. വചനം മൂലധനമാണ്. പാഴ്‌ചെലവുകൾ വ്യക്തിദാരിദ്ര്യം വരുത്തും. എല്ലില്ലാത്ത രണ്ടവയവങ്ങളുടെ കാര്യത്തിൽ നിങ്ങളെനിക്ക് വാക്ക് തരാമെങ്കിൽ സ്വർഗ്ഗപ്രവേശം ഞാൻ മറിച്ചും വാക്ക് തരാം. വായ്മുഖത്തെ നാവും, തുടയിടങ്ങളിലെ ലൈംഗികാവയവും' എക്കാലത്തും മനുഷ്യന്റെ ദൗർബല്യങ്ങൾ ഒന്നുതന്നെ.

**** **** **** ****

ജൂതന്റെ മൃതദേഹം വിലാപയാത്രയായപ്പോൾ തിരുനബി എഴുന്നേറ്റ് നിന്നു. വേറെ മതക്കാരനെ ഇങ്ങനെയും പരിഗണിക്കേണ്ടതുണ്ടോ എന്ന സ്വരത്തിൽ മഹാ അനുയായികൾ ശങ്കിച്ചു. എന്താ അയാളും മനുഷ്യനല്ലേ'' ബലമുള്ള ശബ്ദത്തിൽ തിരുനബി പ്രവചിച്ചു.

പ്രമുഖന്റെ പുത്രി മോഷ്ടിച്ചപ്പോൾ ശുപാർശക്കായി അവളുടെ ഗോത്രം ഇഷ്ടപ്പെട്ട ഒരനുയായിയെ തിരുസവിധത്തിലേക്കയച്ചു. സാന്ദർഭിക സമ്മർദ്ധത്തിൽ ആ കൗമാര സ്വഹാബി ചെയ്യുന്നതെന്തെന്ന് ആലോചിക്കാതെ തിരുനബിയുടെ മുന്നിലെത്തി. നിയമത്തിൽ വിവേചനമോ? മുഖം ചുവന്നു തുടുത്തു. അനുചരന് വന്നല്ലോയെന്നായി. 'എന്റെ മകൾ ഫാത്തിമയാണ് മോഷണം നടത്തിയത് എങ്കിൽ ആ കരവും ഞാൻ ഛേദിച്ചേനെ' ചരിത്രവും കാലവും അത് കേട്ട് കോരിത്തരിച്ചു. അതിന്റെ പ്രകമ്പനം ഇന്നും നിലക്കാത്തത് പോലെ.

തോറ്റ വരേണർക്കായ് മാറ്റി മൊഴിഞ്ഞ ജൂത പണ്ഡിതർ തിരുനബിയുടെ മുമ്പിലെത്തി. മോഷണം നടത്തിയാൽ 'തോറയിൽ' 'പറയു ശിക്ഷയെന്താണ്' നബി ചോദിച്ചു. മോഷ്ടാവ് സാധാരണക്കാരനാണെങ്കിൽ അംഗവിഛേദനം നടത്തണം. ഇനി നേതാക്കൻമാരാണ് പ്രതികളെങ്കിൽ മുഖരോമം കളഞ്ഞ് ഛായം തേച്ചാൽ മതി. അവർ പറഞ്ഞു; പച്ചക്കള്ളം; കള്ളം നിങ്ങൾ തോറ കൊണ്ടു വരൂ. നീതിയുടെ രാജശിൽപിക്കു മുമ്പിൽ വന്നവർക്ക് വഴിമുട്ടി. പിന്നെ വന്ന വഴി മടങ്ങി.

**** **** **** ****

ക്ഷമ വിശ്വാസത്തിന്റെ പകുതിയാണ്. തിരിച്ചടികളുടെ തിരമാലകൾക്കു മധ്യേ അവധാനതയുള്ള ഹൃദയത്തിന്റെ അകക്കരുത്തിൽ നിൽക്കാൻ തിരുനബി പഠിപ്പിക്കുന്നു. മൂന്ന് സ്വഭാവങ്ങൾ വിശ്വാസത്തിന്റെ ലക്ഷണമാണ്. ക്രുദ്ധനാവുമ്പോൾ തെറ്റ് ചെയ്യാതിരിക്കുക. സംതൃപ്തനാകുമ്പോൾ ന്യായം ലംഘിക്കാതിരിക്കുക. അധികാരം ലഭിക്കുമ്പോൾ കൈയിട്ട് കവരാതിരിക്കുക' തിരുനബി പറഞ്ഞതിനെല്ലാം സമകാലിക ദർപ്പണത്തിൽ ഒറ്റമുത്തിന്റെ ശോഭയുണ്ട്.

**** **** **** ****

എനിക്കയാളെ ഇഷ്ടമാണ്. നടന്നു പോകുന്നവനെ നോക്കി ഒരനുയായി തിരുനബിയോട് പറഞ്ഞു. നീയിക്കാര്യം അയാളോട് പറഞ്ഞിട്ടുണ്ടോ? തിരുനബി ചോദിച്ചു. ഇല്ലെന്ന് കേട്ടപ്പോൾ പുണ്യനബി പറഞ്ഞു. ഒരാൾ മറ്റൊരാളെ ഇഷ്ടപ്പെടുന്നുവെങ്കിൽ അത് അയാളെ അറിയിക്കേണ്ടതാണ്. ഒളിപ്പിച്ച് വെക്കുന്ന സ്‌നേഹവും കാർമേഘവും തുല്യമാണ്. തിരുനബി അടിമുടി സ്‌നേഹമായിരുന്നു.

**** **** **** ****

പേരക്കുട്ടികളെ തിരുനബി ചുംബച്ചുല്ലസിപ്പിക്കുന്നത് കണ്ടൊരാൾക്ക് അത്ഭുതം. 'നബിയേ അങ്ങ് ഇങ്ങനെ'അയാൾ അത് മറച്ച് വെച്ചില്ല. നിങ്ങളുടെ മനസ്സിൽ നിന്ന് ദൈവം കാരുണ്യം ഊരിയെടുത്തതിന് ഞാനെന്ത് പിഴച്ചു.തിരുനബിയുടെ ചോദ്യം ബാലചൂഷണത്തിന്റെ ഇരുപത്തൊന്നാം നൂറ്റാണ്ടിനോടും കൂടിയായിരുന്നു. മക്കൾ സമം മാർക്കുൽപ്പാദന യന്ത്രം എന്ന് കരുതിവശായ ലാഭലോഭികളായ ഇന്നത്തെ കൊമേഴ്ഷ്യൽ മാതാപിതാക്കൻമാർ ഓർക്കേണ്ട ചിത്രമാണത്. കുഞ്ഞുങ്ങളും പൂക്കളും ആനന്ദം തീർക്കാത്ത മനസ്സുകളിൽ മതം കിളിർക്കുമെന്ന് എങ്ങനെ പറയാൻ കഴിയും ?

**** **** **** ****

ഒരാൾ നബി സവിധത്തിലണഞ്ഞു. എന്നാണ് അന്ത്യനാൾ? മുഖവുരകളില്ലാത്ത ചോദ്യം കണ്ട് നിൽക്കുന്നവർ തിരുനബിയെ കാതോർത്തു നിന്നു. അതിന് നിങ്ങൾ എന്താണ് ഒരുക്കിവെച്ചത്. പുണ്യ നബി മറുചോദ്യമെറിഞ്ഞു. ആരാധനകൾ അധികമില്ല. പക്ഷെ എനിക്ക് അല്ലാഹുവിനോടും അവന്റെ തിരുദൂതരോടും അദമ്യമായ സ്‌നേഹമുണ്ട്. ആഗതൻ പറഞ്ഞു. ' മനുഷ്യൻ അവന്റെ സ്‌നേഹപാത്രങ്ങളോടൊപ്പമാകും സ്വർഗ്ഗത്തിൽ' 'ആഗതൻ മടങ്ങി പോവുമ്പോൾ കണ്ട് നിൽക്കുവരോട് പുണ്യ നബി പറഞ്ഞു. സ്വർഗ്ഗാവകാശിയായ ഒരു മനുഷ്യനെ കാണണമെന്നുള്ളവർ അയാളിലേക്ക് നോക്കൂ... നമുക്കും തിരുനബിയോട് സ്‌നേഹമാണ്. സ്വർഗ്ഗവല്ലരിയിൽ വെച്ച് കരം പുണർന്ന് നിർവൃതിപ്പെടാൻ നാം കൊതിക്കുന്നതിന്റെ ഏകയോഗ്യതയും അതാണ്. നമുക്ക് നബിയെ ഇഷ്ടമാണ്. സ്വല്ലല്ലാഹു അലൈഹിവസല്ലം. ഏകയോഗ്യതയും അതാണ്. നമുക്ക് നബിയെ ഇഷ്ടമാണ്. സ്വല്ലല്ലാഹു അലൈഹിവസല്ലം.

 

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter