റമദാനും ഉള്ഹിയ്യത്തും
? റമസാനിന്റെ പകലില്‍ ഒരു അമുസ്ലിം വന്ന് ഭക്ഷണം ചോദിച്ചാല്‍ നല്‍കാമോ? വിധി എന്ത്?
= ഇസ്ലാമിലെ അടിസ്ഥാനപരമായ കാര്യങ്ങള്‍ കൊണ്ട് തക്ലീഫ് ഉള്ളതുപോലെ ശാഖാപരമായ കാര്യങ്ങള്‍ കൊണ്ടും അമുസ്ലിംകളോട് കീര്ത്തനയുണ്ട്. സത്യവിശ്വാസം കൈക്കൊള്ളാത്തതിന് ശിക്ഷ ലഭിക്കുന്നതുപോലെ നിസ്കാരം, നോമ്പ് തുടങ്ങിയ ശാഖാപരമായ കാര്യങ്ങള്‍ ഉപേക്ഷിച്ചതിനും അവര്‍ക്ക് പരലോകത്ത് ശിക്ഷയുണ്ടായിരിക്കുന്നതാണ്. നിസ്കാരവും നോമ്പും കാഫിറിന് നിര്‍ബന്ധമില്ല എന്നു പറയുന്നത് ഇസ്ലാമിക ഭരണകൂടം അവരോട് നിസ്കരിക്കാനും നോമ്പെടുക്കാനും നിര്ബന്ധിക്കില്ല എന്ന അര്‍ത്ഥത്തിലാണ്. അവര്‍ക്ക് പരലോകത്ത് ശിക്ഷയില്ല എന്ന അര്‍ത്ഥത്തിലല്ല. അവര്‍ നോമ്പ് നോല്‍ക്കല്‍ നിര്‍ബന്ധമാണെന്നു വരുമ്പോള്‍ നോമ്പുപേക്ഷിക്കല്‍ ഹറാമും പാപവും ആണെന്നു വരും. അപ്പോള്‍ നോമ്പു നോല്‍ക്കാത്ത അമുസ്ലിംകള്‍ക്ക് ഭക്ഷണം കൊടുക്കല്‍ പാപം ചെയ്യാന്‍ സഹായിക്കലാണ്. അതിനാല്‍, കാരണം കൂടാതെ നോമ്പുപേക്ഷിച്ച മുസ്ലിമിന് പകല്‍ സമയം ഭക്ഷണം കൊടുക്കല്‍ ഹറാമയതുപോലെ അമുസ്ലിമിന് ഭക്ഷണം കൊടുക്കലും ഹറാമാകുന്നു. (തുഹ്ഫ 3/427)
? പരിശുദ്ധ റംസാന് അല്ലാത്ത മാസങ്ങളില്‍ ഖുര്‍ആന്‍ പാരായണം ചെയ്യല്‍ ഉത്തമവും കൂലി കൂടുതല്‍ കിട്ടുന്ന സമയവും ദിവസവും ഒന്ന് വിശദീകരിച്ച് തരിക.
= ഖുര്‍ആന്‍ ഏതു സമയത്തും പാരായണം ചെയ്യാവുന്നതാണ്. നിസ്കാരം കറാഹത്തുള്ളതുപോലെ ഖുര്‍ആന്‍ പാരായണം കറാഹത്തായ സമയമില്ല. നിസ്കാരത്തില്‍ ഖുര്‍ആന്‍ ഓതലാണ് ഏറ്റവും ശ്രേഷ്ഠമായത്. സുജൂദ് ദീര്‍ഘിപ്പിക്കുന്നതിനെക്കാള്‍ നിസ്കാരത്തില്‍ നിറുത്തം നീട്ടലാണ് പുണ്യമേറിയത്. ഖുര്‍ആന്‍ പാരായണത്തിന് പകലിനേക്കാള്‍ രാത്രിയാണുത്തമം. രാത്രിയുടെ രണ്ടാമത്തെ പകുതി പുണ്യമേറിയതത്രെ. മഗ്രിബ്, ഇശാഇന്റെ ഇടയില്‍ ഓതുന്നതും നല്ലതുതന്നെ. പകലില്‍ സുബ്ഹിനു ശേഷമാവലാണ് ശ്രേഷ്ഠമേറിയത്. അറഫ ദിവസം ഖുര്‍ആന്‍ പാരായണത്തിന് ഉത്തമമാണ്. ആഴ്ചയില്‍ വെള്ളിയാഴ്ച ഓതല്‍ പുണ്യമേറിയതാകുന്നു. തിങ്കള്‍, വ്യാഴം എന്നീ ദിവസങ്ങള്‍ രണ്ടാം സ്ഥാനത്തു നില്ക്കുന്നു. ദുല്‍ഹജ്ജ് മാസത്തിലെ ആദ്യത്തെ പത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിന് പ്രത്യേകം മഹത്വമുണ്ട്. (ശര്‍ഹുല്‍ മുഹദ്ദബ് 2/168)
? ഉള്ഹിയ്യത്ത് അറുക്കാന്‍ ഉദ്ദേശിച്ച മൃഗം ചത്തു പോയാല്‍ വേറെ മൃഗത്തെ അറുത്ത് കൊടുത്താല്‍ മതിയോ?
= പ്രത്യേകം ഒരു മൃഗത്തെ ഉള്ഹിയ്യത്തറുക്കാന്‍ നേര്‍ച്ചയാക്കുകയും സമയമാകുന്നതിന് മുമ്പ് അയാളുടെ വീഴ്ച കൂടാതെ അത് ചത്തുപോവുകയും ചെയ്താല്‍ പകരം ഒന്നും ചെയ്യേണ്ടതില്ലെന്നാണ് നിയമം. ഒരാള്‍ ഒരു മൃഗത്തെ ഉള്ഹിയ്യത്തറുക്കാന്‍ ഉദ്ദേശിച്ചു എന്നതുകൊണ്ട് അത് നേര്ച്ചയാകുന്നില്ല. അറുക്കല്‍ നിര്‍ബന്ധവുമില്ല. നേര്ച്ചയാവണമെങ്കില് നേര്‍ച്ചയുടെ വാചകം വായകൊണ്ട് പറയണം. മനസില്‍ കരുതിയാല്‍ പോര. എങ്കിലും കരുതിയതും പാലിക്കല്‍ സുന്നത്താകുന്നു. ഒരു മൃഗത്തെ ഉള്ഹിയ്യത്തറുക്കണമെന്ന് ഉദ്ദേശിച്ചതുകൊണ്ട് അറുക്കല്‍ നിര്‍ബന്ധമാവുകയില്ല. അപ്പോള്‍ അതു ചത്തുപോയാല്‍ പകരം അറുക്കുന്ന പ്രശ്നം ഉത്ഭവിക്കുന്നില്ല. പകരം വേറെ ഒന്നിനെ അറുക്കുന്നത് നല്ലതാണ്.
? ഒരാള്‍ അടുത്ത പെരുന്നാളിന് ഉള്ഹിയ്യത്തറുക്കാന്‍ നേര്‍ച്ചയാക്കി. പക്ഷേ, സമയത്ത് അറുക്കാന്‍ കഴിഞ്ഞില്ല. എങ്കില്‍ എന്തുചെയ്യണം?
= അല്ലാഹുവിന് വീട്ടാനുള്ള സാമ്പത്തിക ബാധ്യത ഒരാള്‍ സ്വയം ഉണ്ടാക്കുകയും യഥാസമയത്ത് വീട്ടാന്‍ സാധിക്കാതെ വരികയും ചെയ്താല്‍ അത് അവന്റെ ഉത്തരവാദിത്വത്തില്‍ സ്ഥിരപ്പെടുന്നതാണ്. കഴിവുണ്ടാവുമ്പോള്‍ അത് വീട്ടേണ്ടിവരും. (തുഹ്ഫ) ഉള്ഹിയ്യത്ത് നേര്‍ച്ചയാക്കിയത് വീട്ടാന്‍ സാധിച്ചില്ലെങ്കില്‍ സാധിക്കുമ്പോള്‍ വീട്ടണം.