ഉള്ഹിയ്യത്തിന്റെ മാംസവും റമദാനിലെ ആര്‍ത്തവവും
? ഉള്ഹിയ്യത്തിന്റെ മാംസം നേര്‍ച്ചയാക്കിയാലും ഇല്ലെങ്കിലും ആര്‍ക്കെല്ലാം കൊടുക്കണം? സമ്പന്നന് ഇറച്ചി ഉടമയാക്കിക്കൊടുക്കാന് പറ്റുമോ? അവന് ഇറച്ചി നല്കാന് പറ്റുമോ?
= സുന്നത്തായ ഉള്ഹിയ്യത്തിന്റെ വേവിക്കാത്ത മാംസത്തില്‍ നിന്നു അല്പമെങ്കിലും ഒരു ഫഖീറിനെങ്കിലും സ്വദഖയായി കൊടുക്കല്‍ നിര്‍ബന്ധമാണ്. ബറക്കത്തിനു വേണ്ടി അല്പം ഭക്ഷിച്ചു ബാക്കി മുഴുവനും സദഖ ചെയ്യലാണുത്തമം. ബറക്കത്തിനു വേണ്ടി ഭക്ഷിക്കുന്നത് കരളില്‍ നിന്നാവല് പ്രത്യേകം സുന്നത്തുണ്ട്. നബി (സ) ഉള്ഹിയ്യത്തിന്റെ കരളില്‍ നിന്നും ഭക്ഷിച്ചിരുന്നതായി ബൈഹഖി നിവേദനം ചെയ്തിരിക്കുന്നു. അല്പം സദഖ ചെയ്യുകയും ബാക്കി സ്വന്തം ഉപയോഗിക്കുകയും ചെയ്താല്‍ ഒരു മൃഗം മുഴുവനായി ഉള്ഹിയ്യത്ത് ചെയ്തതിന്റെ പ്രതിഫലം ലഭിക്കുന്നതാണ്. സ്വദഖ ചെയ്തതിന് അതിന്റെ പ്രതിഫലവും ലഭിക്കും. മൂന്നില്‍ ഒരു ഭാഗം സ്വന്തം ഉപയോഗിക്കുകയും ബാക്കി മുഴുവനും ഫഖീര്‍ മിസ്കീന്മാര്ക്ക് ദാനമായി നല്‍കുകയും ചെയ്യുന്നത് മേല്പറഞ്ഞതിന്റെ താഴെ പദവിയാകുന്നു. 1/3 ഭക്ഷിക്കുക, 1/3 സ്വദഖ ചെയ്യുക, 1/3 സമ്പന്നര്‍ക്ക് ഹദ്യയായി നല്‍കുക എന്നത് ഇതിന്റെയും താഴെയാണ്. സുന്നത്തായ ഉള്ഹിയ്യത്തില് നിന്നു സമ്പന്നര്‍ക്ക് ഹദ്യയായി കൊടുക്കാവുന്നതാണ്. വില്‍ക്കുക തുടങ്ങിയ വിക്രയങ്ങള്‍ ചെയ്യാന്‍ പറ്റുന്ന വിധം അവര്‍ക്ക് ഉടമയാക്കിക്കൊടുക്കാന് പാടില്ല. അവര്‍ക്ക് ലഭിച്ച മാംസം അവര്‍ക്ക് ഭക്ഷിക്കാം; സദഖ ചെയ്യാം. അതുകൊണ്ട് സമ്പന്നനെയോ ഫഖീറിനെയോ സല്‍ക്കരിക്കാം. വില്‍ക്കുക, ഹിബത്തായി നല്‍കുക തുടങ്ങിയ വിക്രയങ്ങള്‍ പാടില്ല.
നിര്‍ബന്ധമായ ഉള്ഹിയ്യത്തില് നിന്നു അറുത്ത ആളോ അയാള്‍ ചെലവ് കൊടുക്കേണ്ടവരോ അല്പംപോലും ഭക്ഷിക്കാവതല്ല. ഭക്ഷിച്ചാല്‍ അതിന് പകരം കടം വീട്ടേണ്ടതാണ്. സമ്പന്നര്‍ക്ക് നല്‍കാനും പാടില്ല. മുഴുവനും ഫഖീര്‍ മിസ്കീന്മാര്ക്ക് സദഖ ചെയ്യുകയാണ് വേണ്ടത്.
നിര്‍ബന്ധമോ സുന്നത്തോ ആയ ഉള്ഹിയ്യത്തില് നിന്നു ഫഖീര്‍ മിസ്കീന്മാര്ക്ക് കിട്ടിയത് അവര്‍ വില്ക്കുകയോ മറ്റു വക്രയങ്ങള് നടത്തുകയോ ചെയ്യുന്നതിന് വിരോധമില്ല. അവര്‍ക്കത് ഉടമയാകും എന്നതുതന്നെ കാരണം. മുസ്ലിമായ ആളോട് മാത്രമേ വിക്രയം നടത്താവൂ എന്നു മാത്രം. (തുഹ്ഫ ശര്‍വാനി സഹിതം 9/363-365).
? മുര്‍സലും മുഖയ്യദുമായ തക്ബീറുകളെക്കുറിച്ച് ഒരു വിശദീകരണം തരുമോ?
= മുര്സലായ തക്ബീര്‍ രണ്ടു പെരുന്നാളിലും സുന്നത്തുണ്ട്. പെരുന്നാളിന്റെ രാത്രി മഗ്രിബ് മുതല്‍ പെരുന്നാള്‍ നിസ്കാരത്തിനു ഇമാം ഇഹ്റാം ചെയ്യുന്നതുവരെയാണ് ഇതിന്റെ സമയം. പെരുന്നാള്‍ നിസ്കാരത്തിന്റെ ജമാഅത്തില്‍ പങ്കെടുക്കാത്ത ആള് സ്വന്തം തക്ബീര്‍ കെട്ടുന്നതുവരെ തക്ബീര്‍ ചൊല്ലണം. നിസ്കാരത്തിന്റെ ശേഷമെന്നോ മറ്റോ ഉള്ള യാതൊരു ഉപാധിയും ഇല്ലാത്തതിനാലാണ് ഇതിന് ‘മുര്സലായ’ തക്ബീര്‍ എന്നു പറയുന്നത്. മുത്ലഖായ തക്ബീര്‍ എന്നും പറയാറുണ്ട്. നിസ്കാര ശേഷം ഈ തക്ബീര്‍ ചൊല്ലുകയാണെങ്കില്‍ നിസ്കാരശേഷമുള്ള ദിക്റുകളെക്കാള്‍ പിന്തിക്കല്‍ സുന്നത്താകുന്നു. വീടുകളിലും പള്ളികളിലും അങ്ങാടികളിലും റോഡുകളിലും വെച്ചു ഈ തക്ബീര്‍ ഒച്ചയുയര്‍ത്തി ചൊല്ലല്‍ സുന്നത്താകുന്നു. സ്ത്രീകള്‍ അന്യപുരുഷന്മാര് കേള്‍ക്കത്തക്ക വിധം ഒച്ച ഉയര്‍ത്തേണ്ടതില്ല. ആരുമില്ലാത്തിടത്തും മഹ്റമുകളുടെ സാന്നിദ്ധ്യത്തിലും ആണുങ്ങളുടെ അത്ര വേണ്ടതില്ലെങ്കിലും സ്ത്രീകള്‍ ശബ്ദമുയര്‍ത്തല്‍ സുന്നത്തുണ്ട്.
ബലിപെരുന്നാളോടനുബന്ധിച്ച് മാത്രമേ മുഖയ്യദായ തക്ബീര്‍ സുന്നത്തുള്ളൂ. നിസ്കാരശേഷം എന്ന ഉപാധിയുള്ളതുകൊണ്ടാണ് ഇതിന് മുഖയ്യദായ തക്ബീര്‍ എന്നു പറയുന്നത്. നിസ്കാരശേഷമുള്ള ദിക്റുകള്‍ക്ക് മുമ്പാണ് ഈ തക്ബീര്‍ ചൊല്ലേണ്ടത്. ദുര്‍ഹജ്ജ് ഒന്‍പതിലെ സുബ്ഹ് മുതല്‍ 13ലെ അസ്വ്ര്‍ വരെ എല്ലാ നിസ്കാരങ്ങള്‍ക്കും ഉടനെ തക്ബീര്‍ ചൊല്ലണം. ഫര്‍ള് നിസ്കാരങ്ങള്ക്കുപുറമെ ഖളാ വീട്ടുന്ന നിസ്കാരങ്ങള്‍, സുന്നത്ത് നിസ്കാരങ്ങള്‍, ജനാസ നിസ്കാരം – ഇവക്കുശേഷം തക്ബീര്‍ ചൊല്ലണം. ഇതില്‍ പെരുന്നാള്‍ നിസ്കാരവും പെടുമല്ലോ. ഹജ്ജില്‍ ഏര്‍പ്പെട്ട ആള് പെരുന്നാള്‍ ദിവസം ളുഹ്ര് നിസ്കാരം മുതലാണ് തക്ബീര്‍ ആരംഭിക്കേണ്ടത്. (തുഹ്ഫ – 3/51-54).
? റമളാനില്‍ ആര്‍ത്തവം തടയാന്‍ മരുന്ന് കഴിക്കുന്നത് അനുവദനീയമാണോ?
= ആര്‍ത്തവം തടയാന്‍ വേണ്ടി മരുന്നുപയോഗിക്കല്‍ അനുവദനീയമാണെന്ന് ഇബ്നുസിയാദ് (റ) ഫതാവായില്‍ പ്രസ്താവിച്ചിരിക്കുന്നു (ജിനായാതിന്റെ അധ്യായം നോക്കുക).
? തണ്ടാസിന്റെ കുഴിയില്‍, ജീവിതകാലം മുഴുവന്‍ നജസ് ഭക്ഷിച്ചു വളര്‍ന്ന മത്സ്യത്തെ ഭക്ഷിക്കുന്നതിന്റെ വിധിയെന്ത്?
= തണ്ടാസിന്കുഴി പോലെയുള്ള നജസില്‍ നിന്നും പിടിച്ച മത്സ്യം മുതനജ്ജിസാണ്. കഴുകിയാല്‍ അത് ശുദ്ധിയാകും. നജസ് ഭക്ഷിച്ചതുകൊണ്ട് അതിന്റെ മാംസം പകര്‍ച്ചയായിട്ടുണ്ടെങ്കില്‍ അത് ഭക്ഷിക്കല്‍ കറാഹത്താകുന്നു. ഹറാമാണെന്നും അഭിപ്രായമുണ്ട്. ശുദ്ധമായത് ഭക്ഷിക്കാന്‍ കൊടുത്തോ മറ്റോ പകര്‍ച്ച നീങ്ങിയാല്‍ കറാഹത്ത് ഇല്ലാതാകുന്നതാണ്.
? സ്വര്‍ഗത്തിലെ ഏറ്റവും വലിയ അനുഗ്രഹം അല്ലാഹുവിനെ ദര്ശിക്കലാണല്ലോ. എന്നാല്‍, സ്വര്‍ഗത്തില്‍ സ്ത്രീകള്‍ അല്ലാഹുവിനെ കാണുമോ?
= മഹ്ശറയില്‍വെച്ച് എല്ലാ ആണുങ്ങളും പെണ്ണുങ്ങളും അല്ലാഹുവിനെ കാണുമെന്നതില്‍ പണ്ഡിതര്‍ക്കിടയില്‍ തര്‍ക്കമില്ല. മഹ്ശറില്‍ വെച്ച് മുനാഫിഖുകളും അല്ലാഹുവിനെ കാണുമെന്ന് അഹ്ലുസുന്നത്തില്പെട്ട ചിലര്‍ക്ക് അഭിപ്രായമുണ്ട്. കാഫിറുകളും കാണുമെന്ന് വേറെ ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. അവര്‍ ആദ്യം അല്ലാഹുവിനെ കാണുകയും പിന്നീട് തടയപ്പെടുകയും ചെയ്യും. അവരുടെ വിഷമവും ഖേദവും വര്ധിക്കാനാണത്. ഹസന് ബസ്വരി (റ) യില്‍ ഉദ്ധരിക്കപ്പെട്ട ഒരു അസര്‍ ഇതിനു തെളിവായുണ്ട്. നബിമാര്‍, മുര്സലീങ്ങള്, എല്ലാ സമുദായത്തിലുമുള്ള സ്വിദ്ദീഖീങ്ങള്‍, ഈ സമുദായത്തിലെ വിശ്വാസികളായ ആണുങ്ങള് എന്നിവര്‍ സ്വര്‍ഗത്തില്‍ വെച്ച് അല്ലാഹുവിനെ കാണുമെന്ന് അഹ്ലുസ്സുന്നത്തിലെ പണ്ഡിതന്മാര് ഏകോപിച്ചിരിക്കുന്നു. സ്ത്രീകള്‍ കാണുമോ എന്നതില്‍ പണ്ഡിതന്മാര്ക്കിടയില് മൂന്നു അഭിപ്രായങ്ങളുണ്ട്. അവര്‍ കാണുകയില്ല എന്നാല്‍ ഒരു അഭിപ്രായം അവര്‍ സ്വര്‍ഗീയ കൊട്ടാരങ്ങള്‍ക്കുള്ളില്‍ വസിക്കുന്നവരാണെന്നും അല്ലാഹുവിനെ കാണുന്നതിനെ സംബന്ധിച്ച് വന്ന ഹദീസുകളില്‍ അവര്‍ കാണുമെന്ന് പറഞ്ഞിട്ടില്ലെന്നുമാണ് ഈ അഭിപ്രായക്കാരുടെ ന്യായം. പുരുഷന്മാരെപ്പോലെ സ്ത്രീകളും അല്ലാഹുവിനെ കാണുമെന്ന രണ്ടാമത്തെ അഭിപ്രായക്കാര്‍ പറയുന്നത് കാഴ്ചയെക്കുറിച്ച് വന്ന ഹദീസുകള്‍ ആമ്മ് (പൊതുവായത്) ആണെന്നാണ്. ആഘോഷ ദിവസങ്ങളില്‍ സ്ത്രീകള്‍ അല്ലാഹുവിനെ കാണുമെന്നാണ് മൂന്നാമത്തെ അഭിപ്രായം. ഇവിടുത്തെ ആഘോഷ ദിവസങ്ങള്‍ സ്വര്‍ഗത്തിലും ആഘോഷമായിരിക്കുമെന്നത്രെ. വെള്ളിയാഴ്ചക്ക് സ്വര്‍ഗത്തില്‍ യൗമുല്‍ മസീദ് എന്നാണ് പറയുക. ആഘോഷ സുദിനങ്ങളില്‍ സ്വര്‍ഗക്കാര്‍ പരസ്പരം ഒരുമിച്ചുകൂടുകയും സന്തോഷം പങ്കുവെക്കുകയും ചെയ്യും. അവരെ സന്തോഷിപ്പിക്കാനായി അല്ലാഹു പ്രത്യക്ഷപ്പെടുന്നതാണ്. ഈ സന്ദര്‍ഭത്തില്‍ സ്ത്രീകളും അല്ലാഹുവിനെ കാണുന്നതാണ്. ചെറിയ പെരുന്നാളിലും വലിയ പെരുന്നാളിലും വിശ്വാസിനികള്‍ അല്ലാഹുവിനെ കാണുമെന്ന് നബി (സ) പറഞ്ഞതായി അനസ് (റ) ഉദ്ധരിച്ചത് ദാറഖുത്വ്നി നിവേദനം ചെയ്തിട്ടുണ്ട്. (ഫതാവാ സുയൂത്വി 1-397, 398).