29 September 2020
19 Rajab 1437

ഇസ്റാഉം മിഅ്‌റാജും: ഒരു വിശകലനം

അലാഉദ്ദീന്‍ ഹുദവി പുത്തനഴി‍‍

05 November, 2011

+ -

തന്‍റെ ദാസനെ (നബിയെ) ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍നിന്ന് പരിസരം അനുഗ്രഹീതമായ മസ്ജിദുല്‍ അഖ്‌സ്വയിലേക്ക് നിശായാത്ര ചെയ്യിച്ചവന്‍ എത്രയോ പരിശുദ്ധന്‍.'' (ഖുര്‍ആന്‍ 17:1)പ്രവാചക ചരിത്രത്തിലെ നിത്യ വിസ്മയങ്ങളായ അമാനുഷിക സംഭവങ്ങളില്‍ സുപ്രധാനമായ ഇസ്‌റാഉം മിഅ്‌റാജും നടന്ന നിര്‍ണായക സുദിനം ഒരിക്കല്‍കൂടി സമാഗതമാവുകയാണ്. മക്കയില്‍നിന്ന് മൈലുകള്‍ക്കപ്പുറമുള്ള ഫലസ്തീനിലെ മസ്ജിദുല്‍ അഖ്‌സ്വയിലേക്കും (ഇസ്‌റാഅ്) തുടര്‍ന്ന് വാനലോകത്തേക്കും (മിഅ്‌റാജ്) നബി(സ) നടത്തിയ പ്രയാണം തികച്ചും ആശ്ചര്യജനകമാണ്. ഹിജ്‌റയുടെ ഒരു വര്‍ ഷം മുമ്പ് റജബ് 27നായിരുന്നു ആ അത്യപൂര്‍വ സംഭവം. മനുഷ്യകുലത്തിന്റെ മാഹാത്മ്യവും അനിവാര്യത യും വിളിച്ചോതുന്ന അവ മഹാത്മാക്കളുടെ സംഗമവും കൂടിയായിരുന്നു. പൂര്‍വകാല പ്രവാചകന്‍മാരെ നേരില്‍ ദര്‍ശിക്കാന്‍ ഈ യാത്രയില്‍ നബി(സ)ക്ക് കഴിഞ്ഞു. മുസ്‌ലിംകള്‍ക്കിടയിലെ കപടന്‍മാരെ തിരിച്ചറിയാനും അബൂബക്‌റിനെപ്പോലുള്ളവരുടെ വിശ്വാസത്തിന്റെ അടിയറിയാനും ഈ സംഭവം ഹേതുവായിട്ടുണ്ട്.പ്രസ്തുത സംഭവത്തെ പരാമര്‍ശിച്ചുകൊണ്ട് ധാരാളം ഹദീസും സുന്നത്തും ഉപോത്ബലക തെളിവുകളായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. നബി(സ) ഇസ്‌റാഇനെക്കുറിച്ച് സ്വഹാബ വൃന്ദത്തോട് വിശദീകരിക്കുന്നത് കാണുക: ''ഒരു രാത്രി ഞാന്‍ കഅ്ബയുടെ സമീപത്തുള്ള അബൂത്വാലിബിന്റെ പുത്രി ബിന്ദ് അഥവാ 'ഉമ്മുഹാനിഇ'ന്റെ വീട്ടില്‍ ഉറങ്ങുകയായിരുന്നു. ജിബ്‌രീല്‍ വന്ന് എന്നെ തൊട്ടുണര്‍ത്തി. ബുറാഖ് എന്ന പ്രത്യേക മൃഗത്തിന്റെ പുറത്ത് കയറ്റി എന്നെ ജിബ്‌രീല്‍ ഖുദ്‌സിലെ ബൈത്തുല്‍ മുഖദ്ദസിലേക്കു കൊണ്ടുപോയി. വഴിമദ്ധ്യേ നല്ലതും ചീത്തയുമായ നിരവധി സംഗതികള്‍ ഞങ്ങള്‍ കണ്ടു. ഹബ്‌റുനും ബെത്‌ലെഹേമും ഞങ്ങള്‍ സന്ദര്‍ശിച്ചു. ബൈതുല്‍ മുഖദ്ദസില്‍വെച്ച് പൂര്‍വ്വ പ്രവാചകന്‍മാരോടൊപ്പം നിസ്‌കരിച്ചു. ഇതിനുശേഷമാണ് സുപ്രധാനമായ മിഅ്‌റാജ്' നടക്കുന്നത്.മിഅ്‌റാജ് സംഭവത്തെ നബി (സ) ഇങ്ങനെ വിശദീകരിക്കുന്നതായി കാണാം: ''ഞാന്‍ ചെരിഞ്ഞു കിടക്കുകയായിരുന്നു. അപ്പോള്‍ ജിബ്‌രീല്‍ വന്നു എന്റെ നെഞ്ചു പിളര്‍ത്തി. ഹൃദയം പുറത്തെടുത്തു. അത് സംസം ജലം കൊണ്ട് കഴുകി. എന്നിട്ടതില്‍ വിശ്വാസവും തത്വജ്ഞാനവും നിറച്ചു. അതിനുശേഷം എനിക്കു യാത്ര ചെയ്യാന്‍ ഒരു വെളുത്ത മൃഗത്തെ കൊണ്ടുവന്നു. ബുറാഖ് എന്നാണ് ആ മൃഗത്തിന്റെ പേര്. ഞാന്‍ മൃഗത്തിന്റെ പുറത്ത് കയറിയിരുന്നു. അങ്ങനെ ഏറ്റവും അടുത്ത ആകാശത്ത് എത്തി. കവാടം തുറക്കാന്‍ ജിബ്‌രീല്‍ ആവശ്യപ്പെട്ടു. ചോദിക്കപ്പെട്ടു: ''ആരാണത?'' അദ്ദേഹം പറഞ്ഞു: ''ഞാന്‍ ജിബ്‌രീല്‍.'' അപ്പോള്‍ അവര്‍ ചോദിച്ചു: ''ആരാണ് കൂടെ?'' അദ്ദേഹം പറഞ്ഞു: ''മുഹമ്മദ്.'' അവര്‍ ചോദിച്ചു: ''മുഹമ്മദിനെ പ്രവാചകദൗത്യ നിര്‍വഹണത്തിനായി ക്ഷണിച്ചിരിക്കുന്നുവോ?'' അദ്ദേഹം പറഞ്ഞു: ''ഉവ്വ്.'' അവര്‍ പറഞ്ഞു: ''മുഹമ്മദേ, സ്വാഗതം.'' അവന്റെ ആഗമനമെത്ര ഉത്തമം!'' തുടര്‍ന്ന് വാതില്‍ തുറക്കപ്പെട്ടു. ഞാന്‍ സ്വര്‍ഗത്തില്‍ ചെന്നു നോക്കിയപ്പോള്‍ ആദ്യപിതാവും ആദിമ മനുഷ്യനുമായ ആദമിനെ കണ്ടു. ജിബ്‌രീല്‍ എന്നോടു പറഞ്ഞു: '' ഇത് താങ്കളുടെ പിതാവ് ആദം. അദ്ദേഹത്തെ ആദരിക്കൂ'' ഞാന്‍ ആദമിനെ ആദരിച്ചു. അദ്ദേഹം എന്നോടു പറഞ്ഞു: ''ശ്രേഷ്ഠനായ പുത്രാ, നിനക്കു സ്വാഗതം. ശ്രേഷ്ഠരായ പ്രവാചകരെ.'' തുടര്‍ന്ന് ജിബ്‌രീല്‍ എന്നെ മുകളിലേക്കു കൊണ്ടുപോയി. ഞാന്‍ രണ്ടാം വാനത്തിലെത്തി. വാതില്‍ തുറക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു..... വാതില്‍ തുറക്കപ്പെട്ടു. ഞാന്‍ രണ്ടാം വാനിലെത്തിയപ്പോള്‍ അവിടെ 'ഈസയേയും യഹ്‌യായേയും കണ്ടു. ജിബ്‌രീല്‍ എന്നോടു പറഞ്ഞു: ''ഇത് യഹ്‌യ, ഇത് ഈസാ. രണ്ടുപേരോടും സലാം പറയൂ'' ഞാന്‍ സലാം പറഞ്ഞു. അവര്‍ മടക്കി. അവര്‍ പറഞ്ഞു: ''ശ്രേഷ്ടരായ സഹോദരാ, പ്രവാചകരെ, സ്വാഗതം.''ഞാന്‍ മൂന്നാം വാനത്തിലേക്കു പോയി... ഞാന്‍ മൂന്നാം വാനത്തിലെത്തിയപ്പോള്‍ അവിടെ യൂസുഫിനെ കണ്ടു. ഞാന്‍ നാലാം വാനത്തിലെത്തി. അവിടെ യൂനുസിനെ കണ്ടു. ഞാന്‍ അഞ്ചാം വാനത്തിലെത്തി. അവിടെ ഹാറൂനിനെയും കണ്ടു. ജിബ്‌രീല്‍ എന്നെ ആറാം വാനത്തിലേക്കു കൊണ്ടുപോയി. അവിടെ മൂസാ(അ)നെ കണ്ടു. ഞാന്‍ അദ്ദേഹത്തിനു സലാം പറഞ്ഞു. അദ്ദേഹം പ്രത്യഭിവാദ്യം ചെയ്തു. ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം കരഞ്ഞു......! ഞാന്‍ ചോദിച്ചു: ''താങ്കളെ എന്താണ് കരയിപ്പിച്ചത്?'' അദ്ദേഹം പറഞ്ഞു: ''ആരുടെ ജനത എന്റെ ജനതയേക്കാള്‍ കൂടുതല്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുമോ അത്തരം ഒരാളെ എനിക്കു ശേഷം നിയോഗിച്ചിരിക്കുന്നു.'' തുടര്‍ന്ന് ജിബ്‌രീല്‍  ഏഴാം വാനത്തിലേക്കെന്നെ കൊണ്ടുപോയി. വാതില്‍ തുറക്കാനാവശ്യപ്പെട്ടു. ചോദിക്കപ്പെട്ടു: ''ആരാണത്?''അദ്ദേഹം പറഞ്ഞു: ''ജിബ്‌രീല്‍'' അവര്‍ ചോദിച്ചു: ''ആരാണ് കൂടെ?'' അദ്ദേഹം പറഞ്ഞു: ''മുഹമ്മദ്'' ''അദ്ദേഹത്തെ വിളിച്ചുവോ?'' ജിബ്‌രീല്‍ പറഞ്ഞു: ''ഉവ്വ്'' അവര്‍ പറഞ്ഞു: ''മുഹമ്മദേ, സ്വാഗതം. അവിടുത്തെ ആഗമനം നല്ലതല്ലേ.'' ഞാന്‍ ഏഴാം വാനത്തില്‍ പ്രവേശിച്ചു. അവിടെ ഇബ്‌റാഹീമിനെ കണ്ടു. ജിബ്‌രീല്‍ പറഞ്ഞു: ''ഇത് ഇബ്‌റാഹീം''അദ്ദേഹത്തിനു സലാം പറഞ്ഞു. സലാം മടക്കി. അദ്ദേഹം പറഞ്ഞു. ശ്രേഷ്ടനായ പുത്രാ, പ്രവാചകരെ, സ്വാഗതം'' തുടര്‍ന്നെന്നെ സിദ്‌റത്തുല്‍ മുന്‍തഹാ എന്ന വൃക്ഷത്തിന്റെ അടുത്തേക്കു കൊണ്ടുപോയി. കേള്‍ക്കൂ... അതിലെ പഴങ്ങള്‍ ജലം നിറച്ച തോല്‍സഞ്ചി പോലെ(പെരുത്തത്). അതിന്റെ ഇലകളോ ആനയുടെ ചെലി പോലെ . ജിബ്‌രീല്‍ എന്നോടു പറഞ്ഞു: ''ഇതാണ് സിദ്‌റത്തുല്‍ മുന്‍തഹാ.'' ഞാന്‍ അവിടെ നാല് നദികള്‍ കണ്ടു. രണ്ടെണ്ണം ഗുപ്തവും രണ്ടെണ്ണം പ്രത്യക്ഷവുമാണ്. ഞാന്‍ ജിബ്‌രീലിനോടു ചോദിച്ചു: ''ഇവ എന്താണ്?'' അദ്ദേഹം പറഞ്ഞു: ''ഒളിപ്പിച്ചുവെച്ചതു സ്വര്‍ഗത്തിലെ നദികളാകുന്നു. പ്രത്യക്ഷമായത് നൈലും ഫുറാത്തും.''അതിനു ശേഷം എനിക്കു 'ബൈതുല്‍ മഅ്മൂര്‍ കാണിച്ചു. തുടര്‍ന്ന് ഒരു പാത്രം നിറയെ തേനും ഒരു പാത്രം നിറയെ വീഞ്ഞും ഒരു പാത്രം നിറയെ പാലും എനിക്കു വേണ്ടി കൊണ്ടുവന്നു. ഞാന്‍ പാല്‍ കുടിച്ചു. ജിബ്‌രീല്‍ പറഞ്ഞു: ''നിങ്ങള്‍ പ്രകൃതിയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.''തുടര്‍ന്ന് യാത്രയില്‍ നബി(സ) തനിച്ചായിരുന്നു. ജിബ്‌രീല്‍ പറഞ്ഞു: ഇവിടുന്നങ്ങോട്ട് എനിക്ക് നിരോധിത മേഖലയാണ്. നിങ്ങള്‍ക്ക് തനിച്ചു പോകാം. ഇതു കേട്ട നബി(സ)ക്ക് വളരെ വിഷമം തോന്നി.  ഒറ്റക്കുള്ള യാത്ര എന്താകുമെന്ന ഭയം. ഉടനെ ഒരു വാങ്കും ഇഖാമത്തും മുഴങ്ങി. ജിബ്‌രീലിനോട് നബി(സ) ചോദിച്ചു: ''എന്താണ് ഒരു വാങ്കും ഇഖാമത്തും മുഴങ്ങുന്നത്?'' തദവസരം ജിബ്‌രീല്‍ പ്രതികരിച്ചു: ''ഇനി നിങ്ങളും അല്ലാഹുവും തമ്മിലുള്ള അഭിമുഖം നടക്കാന്‍ പോവുകയാണ്. അതാണ് നാം കേട്ട വാങ്കും ഇഖാമത്തും.'' ഉടനെ ഒരശരീരി കേട്ടു: ''പ്രകാശ കടലില്‍നിന്നും അംഗശുദ്ധി വരുത്തൂ.'' നബി(സ) അംഗശുദ്ധി വരുത്തി. പിന്നീട് അല്ലാഹുവിനെ കാണാനുള്ള ഒരുക്കമാണ്. അല്ലാഹുവിനെ കാണുകയും നേരിട്ടു മുനാജാത്ത് നടത്തുകയുമെന്നത് ലോകത്ത് ജനിച്ച ഒരു പ്രവാചകര്‍ക്കും സാധിക്കാത്ത ഒന്നായിരുന്നു. മൂസ(അ)ന്റെ ചരിത്രത്തില്‍ കാണാം. മൂസ(അ) അല്ലാഹുവിനോടു പറഞ്ഞു: ''എന്റെ ജനതയോടു നിന്നെ നേരില്‍ കണ്ടുവെന്നു പറയാന്‍ വേണ്ടി നിന്നെയൊന്നു നേരില്‍ കാണിക്കണമെന്നു മൂസ(അ) വാശിപിടിച്ചു. അല്ലാഹുവിന്റെ ശക്തിയുടെ ചെറിയ ഒരംശം കാണാന്‍ പുറപ്പെട്ടപ്പോഴേക്കും മൂസാ(അ) ബോധരഹിതനായി വീണു. എന്നാല്‍ മുഹമ്മദ്(സ) അല്ലാഹുവിനെ കാണുക മാത്രമല്ല, നേരിട്ടു സംഭാഷണം നടത്തിയെന്നും ചരിത്രം സാക്ഷിനില്‍ക്കുന്നു.ഒരു പ്രവാചകനോ ഒരു സൃഷ്ടിക്കോ ലഭിക്കാത്ത ഉല്‍കൃഷ്ടമായ മഹാഭാഗ്യമാണ് മുഹമ്മദ്(സ)ക്ക് ലഭിച്ചത്. അല്ലാഹുവിനെ കണ്ട് സംസാരിച്ച് സായൂജ്യം നേടി തിരിച്ചുപോരുമ്പോള്‍ തന്റെ ഉമ്മത്തിന് ലഭിച്ച പാരിതോഷികമാണ് അഞ്ച് വഖ്ത് നിസ്‌കാരം.നേരം പുലര്‍ന്നതിനു ശേഷം ഖുറൈശികളെ വിളിച്ചുവരുത്തി ഇസ്‌റാഇനെക്കുറിച്ചും മിഅ്‌റാജിനെക്കുറിച്ചും വിശദീകരിച്ചു. ഇതുകേട്ട അബൂജഹ്ല്‍ പറഞ്ഞു: ''ഇത് അസംഭവ്യമാണ്. ഒരു രാത്രി കൊണ്ട് ഇത് സംഭവിക്കുകയില്ല. ഒരു മാസത്തെ വഴിദൂരമുള്ള ബൈത്തുല്‍ മുഖദ്ദസിലേക്ക് ഒരു രാത്രി മുഹമ്മദ് എത്തി എന്നു പറയുന്നത് അവിശ്വസനീയമാണ്.'' മുഹമ്മദ് ഭ്രാന്തന്‍ എന്നു പറഞ്ഞു പരിഹസിച്ചു. ഒരുപാടു പരിഹാസങ്ങള്‍ നബി(സ) ഇതിന്റെ പേരില്‍ സഹിച്ചു. അബൂബക്ര്‍(റ)വിന്റെ അടുക്കല്‍ അബൂജഹ്ല്‍ ചെന്നു പറഞ്ഞു: ''ഇന്നലെ നിന്റെ സ്‌നേഹിതന്‍ ബൈതുല്‍ മുഖദ്ദസിലും ഏഴാനാകാശത്തും പോയി ഒരു രാത്രി കൊണ്ട് തിരിച്ചുവന്നിരിക്കുന്നുവത്രെ! ഇതെങ്ങനെ വിശ്വസിക്കാന്‍ കഴിയും?'' സിദ്ദീഖ്(റ) പറഞ്ഞു: ''നിമിഷങ്ങള്‍ കൊണ്ട് അല്ലാഹുവിന്റെ അരികില്‍നിന്നും വഹ്‌യ് വരുന്നത് ഞാന്‍ വിശ്വസിക്കുന്നുണ്ട്. എന്നാല്‍ ഇതും എനിക്ക് വിശ്വസിക്കാന്‍ ഒരു പ്രയാസവുമില്ല.'' അബൂബക്‌റിന് സിദ്ദീഖ് എന്ന സ്ഥാനപ്പേരിന് കാരണമിതാണ്. പ്രസ്തുത മിഅ്‌റാജിനെ അനുസ്മരിച്ചു കൊണ്ട് റജബിന്റെ പകല്‍ നോമ്പനുഷ്ടിക്കുന്നത് സുന്നത്താണെന്ന് ഹദീസുകളില്‍ കാണാവുന്നതാണ്. റജബ് 27ന്റെ പകലുള്ള നോമ്പിന് 60 മാസം വ്രതമനുഷ്ഠിച്ച പ്രതിഫലം ലഭിക്കുമെന്നാണ് പണ്ഡിതവൃന്ദം.ശാസ്ത്രം അഭൂതപൂര്‍വമായ പുരോഗതി പ്രാപിച്ചു എന്നവകാശപ്പെടുന്ന നവയുഗത്തിലും പ്രസ്തുത സംഭവത്തെ സ്വപ്നമായി ചിത്രീകരിക്കുന്നവര്‍ നമുക്കിടയിലുണ്ട്. വിശുദ്ധ ഖുര്‍ആനും തിരുവചനങ്ങളും അര്‍ത്ഥശങ്കക്കിടമില്ലാത്തവിധം വ്യക്തമാക്കിയതാണെന്നിരിക്കെ ഇത്തരക്കാരുടെ വാദത്തിന് യാതൊരു പ്രസക്തിയുമില്ല. മാത്രമല്ല, മനുഷ്യ നിര്‍മ്മിത വാഹനത്തില്‍ കയറി ചന്ദ്രോപരിതലത്തില്‍ കാലുകുത്തി എന്നു കേള്‍ക്കുമ്പോഴേക്കും കണ്ണടച്ചു വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ നിലപാട് ഏറെ വിചിത്രം!വിശുദ്ധ ഖിര്‍ആനിലെ 'അബ്ദ്' അഥവാ ദാസന്‍ എന്ന പ്രയോഗം തന്നെ ഇത് സ്വപ്നമല്ലെന്നതിന് വ്യക്തമായ തെളിവാണ്. ഒരു സ്വപ്നം കാണുകയെന്നത് ഒരു അത്ഭുത സംഭവമല്ലെന്നിരിക്കെ, 'സുബ്ഹാന' എന്ന പ്രയോഗത്തിന്റെ സാംഗത്യം മനസ്സിലാക്കാവുന്നതാണ്. മാത്രമല്ല, ഇതുസംബന്ധമായി ബുഖാരിയിലും മുസ്‌ലിമിലും ധാരാളം ഹദീസുകള്‍ സ്വഹീഹായി തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു സ്വപ്നം കണ്ടയാതിരുന്നുവെങ്കില്‍ ഖുറൈശികള്‍ ഇത്രയധികം ശബ്ദകോലാഹലം ഉണ്ടാക്കുകയില്ലെന്നതും ഈ അല്‍പജ്ഞാനികള്‍ ചിന്തിക്കാതെപോയല്ലോ?!


RELATED ARTICLES