ജാമിഅ മില്ലിയ്യയുടെ ന്വൂനപക്ഷ പദവിക്ക് ഭീഷണിയില്ലെന്ന് വൈസ് ചാന്‍സലര്‍
downloadന്യൂഡല്‍ഹി: ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ സര്‍വകലാശാലയുടെ ന്യൂനപക്ഷപദവിക്കു ഭീഷണിയില്ലെന്ന് വൈസ്ചാന്‍സിലര്‍ പ്രൊഫ. തലത് അഹ്മദ്. അലിഗഡ് മുസ്ലിം സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവിക്കെതിരേ കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സ്വീകരിച്ച നിലപാട് ജാമിഅയുടെ ന്യൂനപക്ഷ പദവിയെ ബാധിക്കില്ല. ജാമിഅയുടെ ന്യൂനപക്ഷ പദവി നിയമവിധേയവും സുരക്ഷിതവുമാണ്. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ദേശീയ കമ്മിഷന്‍ ജാമിഅയുടെ ന്യൂനപക്ഷ പദവി അംഗീകരിച്ചതാണ്. ആവശ്യമായ രേഖകള്‍ കമ്മിഷന് സമര്‍പ്പിച്ചാണ് ജാമിഅ ഈ പദവി നേടിയത്. ഈ കമ്മിഷനെ നിലനിര്‍ത്തണോ വേണ്ടയോ എന്ന് കേന്ദ്രസര്‍ക്കാരിന് തീരുമാനിക്കാം. പക്ഷെ അപ്പോള്‍ പ്രശ്നം നേരിടുക ജാമിഅ മാത്രമായിരിക്കില്ലെന്നും രാജ്യത്തെ മുഴുവന്‍ ന്യൂനപക്ഷ സ്ഥാപനങ്ങളുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു തലത്. കേന്ദ്രസര്‍ക്കാരുമായി ജാമിഅക്ക് പ്രശ്നങ്ങളില്ല. കേന്ദ്ര സര്‍വകലാശാലയെന്ന നിലക്ക് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാരില്‍ നിന്ന് ലഭിച്ച പരിഗണന തന്നെ ഇപ്പോഴത്തെ ബി.ജെ.പി സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ഫണ്ട് ലഭിക്കുന്ന സര്‍വകലാശാലകളിലൊന്നാണ് ജാമിഅ. രാഷ്ട്രീയത്തില്‍ ഇടപെടാതിരിക്കാനുള്ള തീരുമാനം ബോധപൂര്‍വമാണ്. സര്‍വകലാശാലയിലെ ബിരുദ ദാന ചടങ്ങില്‍ നരേന്ദ്രമോദിയെ ക്ഷണിച്ചത് പ്രധാനമന്ത്രിയെന്ന നിലക്ക് മാത്രമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയായിരുന്നു ക്ഷണിതാവ്. അപ്പോള്‍ ചിലര്‍ കോണ്‍ഗ്രസ് നേതാവിനെയാണ് ക്ഷണിച്ചതെന്ന തരത്തില്‍ ആരോപണമുന്നയിച്ചിരുന്നു. രാഷ്ട്രീയ നിലപാടെടുക്കുന്നില്ലെങ്കിലും സര്‍വകലാശാലയുടെയും വിദ്യാര്‍ഥികളുടെയും പുരോഗതിക്കാവശ്യമായതെന്തും ചെയ്യാന്‍ മടി കാണിക്കില്ല. ജാമിഅയിലെ വിദ്യാര്‍ഥികളും അധ്യാപകരും ജെ.എന്‍.യുവിലെയും മറ്റും പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നത് സ്വാഭാവികമാണെന്നും ജാമിഅയില്‍ വിദ്യാര്‍ഥി തെരഞ്ഞെടുപ്പ് നടത്തുന്നതിനോട് തനിക്കു യോജിപ്പാണെന്നും വി.സി പറഞ്ഞു.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter