ഇഖ്റഅ് 26. സമയം അനാവശ്യങ്ങള്‍ക്കുള്ളതല്ല
വിശുദ്ധ ഖുര്‍ആന്‍ കാരുണ്യവാനായ അല്ലാഹുവിന്റെ അടിമകള്‍ എന്ന ഓമനപ്പേരില്‍ ചിലരെ പരിചയപ്പെടുത്തുന്നത്. ആരും ആഗ്രഹിച്ചുപോവുന്ന സ്ഥാനപദവിയാണ് അതെന്ന് പറയാം. അവരുടെ ഗുണഗണങ്ങള്‍ വിവരിക്കുന്നിടത്ത് ഇങ്ങനെ കാണാം, അവര്‍ നടന്നുപോകുന്നതിനിടയില്‍ അനാവശ്യകാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍, അതില്‍ ഇടപെടുകയോ സമയം കളയുകയോ ചെയ്യാതെ, വളരെ മാന്യമായി അവര്‍ നടന്നുപോവും.
വിശ്വാസിയെ സംബന്ധിച്ചിടത്തോളം ജീവിതം വളരെ അമൂല്യമാണ്, ഈ ഹ്രസ്വമായ ജീവിതത്തിലെ ഓരോ നിമിഷവും വില കണക്കാക്കാനാവാത്തതാണ്. അത് കൊണ്ട് തന്നെ, ജീവിതത്തിന് പ്രത്യേക ലക്ഷ്യമൊന്നുമില്ലാത്തവരെ പോലെ, ആവശ്യമുള്ളതിലും ഇല്ലാത്തതിലും ഇടപെട്ട് കളയാനുള്ളതല്ല അവന്റെ സമയം. ഐഹികമോ പാരത്രികമോ ആയ എന്തെങ്കിലും ഉപകാരമുള്ളതിലേ അവന്‍ ഇടപെടുകയുള്ളൂ. അനാവശ്യകാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നത്, ഒരാള്‍ നല്ല മുസ്‍ലിം ആണ് എന്നതിന്റെ ലക്ഷണമാണെന്ന പ്രവാചകവചനം ഇതിനോട് ചേര്‍ത്ത് വായിക്കാം.
അനാവശ്യകാര്യങ്ങളെ ലഗ്‍വ് എന്നാണ് പ്രമാണങ്ങള്‍ പരിചയപ്പെടുത്തുന്നത്. ആര്‍ക്കും യാതൊരു ഉപകാരവുമില്ലാത്ത അനാവശ്യ സംസാരങ്ങളും പ്രവൃത്തികളുമെല്ലാം ഈ ഗണത്തിലാണ് ഉള്‍പ്പെടുക. ഇന്ന് പലപ്പോഴും നാം സമയം തള്ളിനീക്കുന്നത് ഇത്തരം അനാവശ്യകാര്യങ്ങളിലാണ്. ചിലപ്പോഴൊക്കെ അത് മറ്റുള്ളവര്‍ക്ക് പ്രയാസകരമായിത്തീരുകയും ചെയ്യുന്നു. സമയത്തിന്റെ നല്ലൊരു ഭാഗവും സോഷ്യല്‍മീഡിയയില്‍ തള്ളിനീക്കുന്ന ഈ കാലത്ത്, പലപ്പോഴും ലഗ്‍വുകളാണ് നമ്മുടെ മുന്നിലേക്ക് കടന്നുവരുന്നത്. നാം പോലും അറിയാതെ അവയില്‍ പെട്ട് പോവുകയും ഏറെ സമയം അതില്‍ നഷ്ടപ്പെടുകയും ചിലപ്പോഴെങ്കിലും നാം അവ മറ്റുള്ളവര്‍ക്ക് പങ്ക് വെച്ച് അവരുടെ സമയം കൂടി നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.
അത്തരം അനാവശ്യകാര്യങ്ങളോടും പോസ്റ്റുകളോടും സംസാരങ്ങളോടുമെല്ലാം മാന്യമായി പ്രതികരിക്കുന്നവനാണ് വിശ്വാസി. തനിക്ക് പ്രധാനമല്ലെന്ന് തോന്നുന്നതില്‍ ഇടപെടാതെ അവയെ അവഗണിച്ച് മാന്യമായി നടന്നുപോകാന്‍ നമുക്ക് സാധിക്കണം.
Read More : ഇഖ്റഅ് 25. ഉള്ളിലുള്ളതേ പുറത്ത് വരാവൂ....
സമൂഹത്തിലെ പല പ്രശ്നങ്ങള്‍ക്കും ഇന്ന് കാരണമാവുന്നത്, ഇത്തരത്തില്‍ അവഗണിക്കേണ്ടതിനെ അവഗണിക്കാന്‍ കഴിയാതെ പോവുന്നതാണ്. ആവശ്യമില്ലാത്തതില്‍ ഇടപെടുകയും ശേഷം അത് ബന്ധങ്ങള്‍ വഷളാവുന്നതിലേക്ക് വരെ എത്തിപ്പെടുകയും ചെയ്യുന്നു. എല്ലാം കഴിഞ്ഞ് അവസാനം നാം തിരിഞ്ഞ് നോക്കുമ്പോള്‍, അത് വേണ്ടായിരുന്നു, അങ്ങനെ പറയേണ്ടായിരുന്നു, അതില്‍ ഞാന്‍ ഇടപെടേണ്ടതില്ലായിരുന്നു എന്നൊക്കെ വീണ്ടുവിചാരം ഉണ്ടാവുകയും ചെയ്യുന്നു.
അവക്കെല്ലാമുള്ള ഏറ്റവും നല്ല പരിഹാരമാണ്, വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന മാന്യമായി അവഗണിക്കുക എന്ന സമീപനം. നമ്മുടെ ജീവിതത്തിലും ഇടപെടലുകളിലും അത് പ്രയോഗിക്കാനും ശീലമാക്കാനും നമുക്ക് സാധിക്കണം. ഈ റമദാന്‍ അതിന് കൂടിയുള്ള പരിശീലനമാവട്ടെ.



Leave A Comment