അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 77-82) ജൂതരേക്കാള്‍ സ്നേഹം ക്രിസ്ത്യാനികള്‍ക്ക്

ഇന്‍ജീല്‍ എന്ന വേദഗ്രന്ഥം ലഭിച്ച നസ്വാറാക്കള്‍ ഈസാ നബി عليه السلام യെ ആരാധ്യനാക്കിയതും ദൈവപുത്രനാക്കിയതുമൊക്കെയായിരുന്നല്ലോ കഴിഞ്ഞ പേജിലെ ചര്‍ച്ച.

ഇനി വേദക്കാരേ എന്ന് അഭിസംബോധന ചെയ്ത്, രണ്ട് കാര്യങ്ങള്‍ അരുതെന്ന് പറയുകയാണ്: മതകാര്യങ്ങളില്‍ അതിര് ലംഘിക്കരുത്. മാര്‍ഗ്രഭംശം സംഭവിച്ചുപോയ ജനതയുടെ സ്വേച്ഛകള്‍ പിന്‍പറ്റുകയുമരുത്.

ജൂതന്മാരും ക്രിസ്ത്യാനികളും മതകാര്യങ്ങളില്‍ അല്ലാഹു നിര്‍ണയിച്ച പരിധികള്‍ ലംഘിച്ചു. മൗലികമായി, അല്ലാഹുവിന്‍റെ അടിമയും റസൂലുമായ ഈസാനബി عليه السلام യെ ക്രിസ്ത്യാനികള്‍ ദൈവമോ ദൈവ പുത്രനോ ആക്കി. മഹാനവര്‍കളുടെ ഉമ്മ മര്‍യം ബീവി رضي الله عنها ക്കുപോലും അവരില്‍ പലരും ദിവ്യത്വം കല്‍പിച്ചു.

അതേ സമയം, മഹാനായ ആ പ്രവാചക ശ്രേഷ്ഠനെ ജാരസന്തതിയായി ചിത്രീകരിക്കുകയാണ് യഹൂദികള്‍ ചെയ്തത്. രണ്ടും ഗുരുതരവും അക്ഷന്തവ്യവുമായ മഹാ അപരാധവും അതിരുലംഘനവുമാണ്.

ദൈവഭക്തിയില്‍ മുഴുകുകയെന്ന പേരില്‍ ഒരുതരം പൗരോഹിത്യ സമ്പ്രദായവും അവര്‍ പടച്ചുണ്ടാക്കി. പണ്ഡിതന്മാര്‍ക്കും പുരോഹിതന്മാര്‍ക്കും ഇഷ്ടംപോലെ മതനിയമങ്ങളുണ്ടാക്കാനുള്ള അവകാശം വകവെച്ചുകൊടുത്ത് അവരെ റബ്ബുകളാക്കി മാറ്റി. ഇങ്ങനെ പലതരം അതിരുലംഘനങ്ങളും അവര്‍ നടത്തി.

വളരെ മുമ്പുമുതലേ ഇവരിങ്ങനെ വഴിതെറ്റി, പലരെയും വഴിതെറ്റിച്ചു; ഒടുവില്‍ സത്യമതമായ ഈ ഇസ്‌ലാമിനെയും തള്ളിക്കളയുകയാണിവര്‍. സത്യമാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോയ ചില നേതാക്കളെ പിന്‍പറ്റിയതുകാരണം പിണഞ്ഞയീ അബദ്ധം ശിര്‍ക്കിന്‍റെ പടുകുഴിയിലേക്കാണവരെ തള്ളിവിട്ടത്.  

قُلْ يَا أَهْلَ الْكِتَابِ لَا تَغْلُوا فِي دِينِكُمْ غَيْرَ الْحَقِّ وَلَا تَتَّبِعُوا أَهْوَاءَ قَوْمٍ قَدْ ضَلُّوا مِنْ قَبْلُ وَأَضَلُّوا كَثِيرًا وَضَلُّوا عَنْ سَوَاءِ السَّبِيلِ (77)

പറയുക: ഹേ വേദക്കാരേസത്യസമേതമല്ലാതെമതകാര്യത്തില്‍ നിങ്ങള്‍ അതിരു കവിയരുത്. നേരത്തെ തന്നെ മാര്‍ഗ ഭ്രംശം സംഭവിച്ചു പോവുകയും ഒട്ടേറെ പേരെ വഴിതെറ്റിക്കുകയും സന്മാര്‍ഗത്തില്‍ നിന്നു സ്വയം തെറിച്ചുപോവുകയും ചെയ്ത ഒരു ജനതയുടെ സ്വേച്ഛകള്‍ താങ്കള്‍ പിന്‍പറ്റുകയുമരുത്. 

وَلَا تَتَّبِعُوا أَهْوَاءَ قَوْمٍ قَدْ ضَلُّوا مِنْ قَبْلُ وَأَضَلُّوا كَثِيرًا وَضَلُّوا عَنْ سَوَاءِ السَّبِيلِ 

ഈ വാക്യം വളരെ ശ്രദ്ധേയമാണ്. വിശുദ്ധ ഖുര്‍ആന്‍ അവതരിക്കുന്ന കാലത്തുതന്നെ, അന്ന് നിലവിലുള്ള ക്രിസ്തീയ മതനിയമങ്ങളും തത്ത്വങ്ങളും മിക്കവാറും ഈസാ നബി (عليه السلام)യോ യഥാര്‍ഥ ഇന്‍ജീലോ പഠിപ്പിച്ചതനുസരിച്ചായിരുന്നില്ല. അന്നുണ്ടായിരുന്ന വിശ്വാസങ്ങള്‍ പലതും, മുമ്പേ വഴിപിഴച്ചുകഴിഞ്ഞിരുന്ന യഹൂദികളില്‍ നിന്നും, ആദ്യകാല നസ്വാറാ നേതാക്കളില്‍ നിന്നും കടന്നുകൂടിയതാണ്. വിശുദ്ധ ഖുര്‍ആന്‍ അവതരിക്കുന്നതിന്‍റെ ഏതാനും ചില നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ മതത്തിന്‍റെ അടിസ്ഥാന തത്വങ്ങളില്‍ സുനഹദോസുകളുടെ (ക്രിസ്തീയ മഹാസഭ) ഒന്നിലധികം പൊളിച്ചെഴുത്ത് നടന്നു കഴിഞ്ഞിരുന്നു.

وَأَضَلُّوا كَثِيرًا وَضَلُّوا عَنْ سَوَاءِ السَّبِيلِ 

ജനങ്ങളെ വഴിപിഴപ്പിക്കുകയും സ്വയം പിഴക്കുകയും ചെയ്തു. ഖുര്‍ആന്‍ അവതരിച്ച ശേഷവും,  മതസിദ്ധാന്തങ്ങളിലും നിയമങ്ങളിലും പുതിയ തീരുമാനങ്ങള്‍ ഉണ്ടാക്കുകയും, മുന്‍തീരുമാനങ്ങളില്‍ ഭേദഗതി സ്വീകരിക്കുകയും ചെയ്യുന്ന പതിവ് ക്രിസ്തീയ സഭകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഇപ്പോഴുമത് തുടരുകയും ചെയ്യുന്നു.

അടുത്ത ആയത്തുകള്‍ 78-79

ഇസ്‌റാഈലുകാരുടെ ധിക്കാരത്തിന്‍റെയും അനുസരണക്കേടിന്‍റെയും ചരിത്രം പുതിയതൊന്നുമല്ല. നീണ്ടകാല പാരമ്പര്യം തന്നെയുണ്ടതിന്.

അവരിലേക്ക് നിയോഗിക്കപ്പെട്ടിരുന്ന പ്രവാചകന്മാരില്‍ പ്രമുഖരായിരുന്നു ദാവൂദ് നബി (عليه السلام)യും ഈസാ നബി (عليه السلام)യും. ഇവര്‍ രണ്ടുപേര്‍ മുഖേനയും അവര്‍ ശപിക്കപ്പെടുകയാണുണ്ടായത്. അനുസരണക്കേടും ധിക്കാരവും തന്നെ കാരണം.

ദുരാചാരങ്ങളും വേണ്ടാത്തരങ്ങളും സാമാന്യവല്‍ക്കരിക്കപ്പെട്ടു. എന്ത് തോന്നിയവാസം ആര് ചെയ്താലും അത് തടയാനോ ഉപദേശിക്കാനോ ആളുണ്ടായിരുന്നില്ല.

തെറ്റ്‌ കാണുമ്പോള്‍, ചിലരെങ്കിലും ആദ്യം അത്‌ ചെയ്യരുതെന്ന് പറഞ്ഞുനോക്കും. പക്ഷേ, ആളുകള്‍ നിറുത്തില്ല. അന്നേരം ആദ്യം ആക്ഷേപിച്ചവര്‍തന്നെ തെറ്റു ചെയ്യുന്നവരോട്‌ സഹകരിച്ച് കൂടെക്കൂടും. ഇത്രയും ഗുരുതരമായ അവസ്ഥയാണ് അവരെ ശാപകോപങ്ങള്‍ക്ക് വിധേയരാക്കിയത്. ഇത്തരക്കാരില്‍ നിന്ന് കൂടുതല്‍ നന്മയൊന്നും പ്രതീക്ഷിക്കേണ്ടതില്ല എന്ന് സൂചന.

لُعِنَ الَّذِينَ كَفَرُوا مِنْ بَنِي إِسْرَائِيلَ عَلَىٰ لِسَانِ دَاوُودَ وَعِيسَى ابْنِ مَرْيَمَ ۚ ذَٰلِكَ بِمَا عَصَوْا وَكَانُوا يَعْتَدُونَ (78)

ഇസ്രയേല്യരില്‍ നിന്നു നിഷേധികളായിത്തീര്‍ന്നവര്‍ ദാവൂദ് നബിയുടെയും ഈസബ്‌നു മര്‍യമിന്‍റെയും നാവിലൂടെ അഭിശപ്തരായിരിക്കുന്നു. അവര്‍ പാപങ്ങളനുവര്‍ത്തിക്കുകയും ധിക്കാരം കാണിക്കുകയും ചെയ്തതിനാലാണത്. 

كَانُوا لَا يَتَنَاهَوْنَ عَنْ مُنْكَرٍ فَعَلُوهُ ۚ لَبِئْسَ مَا كَانُوا يَفْعَلُونَ (79)

തങ്ങള്‍ ചെയ്തുകൊണ്ടിരുന്ന നിഷിദ്ധ കര്‍മങ്ങള്‍ അവര്‍ പരസ്പരം നിരോധിച്ചില്ല. അവരുടെ ചെയ്തികള്‍ എത്രഹീനം! 

തെറ്റുകള്‍ പരസ്‌പരം വിരോധിച്ചിരുന്നില്ല - ഇതാണ് ശാപത്തിന്‌  വിധേയരാകാന്‍ പ്രധാന കാരണമായി  പറഞ്ഞത്. നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുകയെന്നത് വിശുദ്ധ ദീന്‍ വളരെ ഗൌരവത്തോടെ കാണുന്ന കാര്യാണ്. സത്യവിശ്വാസികളുടെ പൊതു ബാധ്യതയാണത്; അറിവുള്ളവര്‍ക്ക് വിശേഷിച്ചും. വിശുദ്ധ ഖുര്‍ആനും തിരുനബി (صلى الله عيه وسلم) യുടെ പല ഹദീസുകളും ഇക്കാര്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്.  

﴿كُنْتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنْكَرِ وَتُؤْمِنُونَ بِاللَّهِ وَلَوْ آمَنَ أَهْلُ الْكِتَابِ لَكَانَ خَيْرًا لَهُمْ مِنْهُمُ الْمُؤْمِنُونَ وَأَكْثَرُهُمُ الْفَاسِقُونَ﴾. )آل عمران: 110(.

(നിങ്ങള്‍ മാനവതക്കുവേണ്ടി ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെട്ട ഉത്തമ ജനവിഭാഗമത്രേ. നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും വേണം നിങ്ങള്‍...)

﴿وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنْكَرِ وَيُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَيُطِيعُونَ اللَّهَ وَرَسُولَهُ أُولَئِكَ سَيَرْحَمُهُمُ اللَّهُ إِنَّ اللَّهَ عَزِيزٌ حَكِيمٌ ﴾ )التوبة: 71(

(സത്യവിശ്വാസികളും സത്യവിശ്വാസിനികളും പരസ്പരം മിത്രങ്ങളാകുന്നു. അവര്‍ നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നു...)

ഇതിന് നേര്‍വിപരീതം പ്രവര്‍ത്തിക്കുന്നവരാണ് കപടവിശ്വാസികളെന്നും അല്ലാഹു പറയുന്നുണ്ട്:

﴿الْمُنَافِقُونَ وَالْمُنَافِقَاتُ بَعْضُهُمْ مِنْ بَعْضٍ يَأْمُرُونَ بِالْمُنْكَرِ وَيَنْهَوْنَ عَنِ الْمَعْرُوفِ﴾)التوبة:67 (

(കപടവിശ്വാസീ-വിശ്വാസിനികള്‍ പരസ്പര തുല്യരത്രേ-അവര്‍ തിന്മ കല്‍പിക്കുകയും നന്മ നിരോധിക്കുകയും ചെയ്യുന്നു...)

ബനൂ ഇസ്രാഈലിന്‌ പിണഞ്ഞ നാശം നിങ്ങള്‍ക്ക് പിണയരുതെന്ന് പറഞ്ഞ് തിരുനബി صلى الله عليه وسلم നമ്മെ ഉപദേശിച്ചത്, നന്മ  ഉപദേശിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യണമെന്നാണ്.

ഇബ്‌നു മസ്ഊദ് (رضي الله عنه) ഉദ്ധരിക്കുന്നൊരു ഹദീസ് ഇങ്ങനെയാണ്. തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘ഇസ്‌റാഈല്യര്ക്ക ആദ്യം പറ്റിയ വീഴ്ചയിതാണ്: ഒരാള്‍ തെറ്റു ചെയ്യുന്നത് കാണുമ്പോള്‍, അല്ലാഹുവിനെ സൂക്ഷിക്കണം, ഇപ്പണി നിറുത്തണം, ഇത് പാടില്ല എന്നെല്ലാം പറയും. പിറ്റേ ദിവസവും അയാള്‍ ആ തെറ്റ് ചെയ്യുന്നത് കാണുമ്പോള്‍ ഈ ഉപദേശിച്ച ആളും കൂടെക്കൂടും. കൂടെയിരുന്ന് ഭക്ഷണം കഴിക്കും... മറ്റെല്ലാം ചെയ്യും. അങ്ങനെ തുടങ്ങിയപ്പോള്‍ അല്ലാഹു അവര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി’.

പിന്നീട് തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നമ്മളീ പഠിച്ചുകൊണ്ടിരുന്ന ആയത്തുകള്‍ ഓതിയിട്ട് പറഞ്ഞു: ‘അത് പാടില്ല, അല്ലാഹുവിനെത്തന്നെയാണ! നിങ്ങള്‍ നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും തന്നെ വേണം. നിങ്ങള്‍ അക്രമിയുടെ കൈക്ക് പിടിക്കുകയും ചെയ്യണം. അവനെ നല്ല വഴിയിലൂടെ നടത്തുകയും വേണം’.

قال النبي صلى الله عليه وسلم: والذي نفسي بيدِه لَتَأْمُرُنَّ بالمعروفِ ، ولَتَنْهَوُنَّ عن المنكرِ ، أو لَيُوشِكَنَّ اللهُ أن يبعثَ عليكم عقابًا من عندِه ، ثم لَتَدْعُنَّه فلا يستجيبُ لكم (أحمد، ترمذ)

(തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘എന്‍റെ ആത്മാവ് ആരുടെ കൈയിലാണോ അവന്‍ തന്നെയാണ! നിങ്ങള്‍ സദാചാരം കൊണ്ട് കല്‍പിക്കുകയും ദുരാചാരം വിരോധിക്കുകയും ചെയ്യുകതന്നെ വേണം. അല്ലാത്തപക്ഷം, അല്ലാഹു നിങ്ങളുടെ മേല്‍ വല്ല ശിക്ഷയും അയച്ചേക്കാവുന്നതാണ്. പിന്നീട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ അവന്‍ ഉത്തരം നല്‍കുകയില്ല’.)

ആരോടായാലും ആരുടെ മുമ്പിലായും ഈ നയം സ്വീകരിക്കണം. അധികാരികള്‍ക്കു മുമ്പിലാണെങ്കില്‍ പോലും.

أنَّ النبيَّ صلَّى اللهُ عليهِ وسلَّمَ سُئِلَ: أيُّ الجهادِ أفضلُ؟ قال: كَلِمَةُ حَقٍّ عِنْدَ سُلْطانٍ جَائِرٍ (أحمد، نسائي)

(ഏറ്റവും ശ്രേഷ്ഠമായ ധര്‍മസമരം, അക്രമിയായ ഭരണാധികാരിയുടെ മുന്നില്‍ പറയുന്ന സത്യത്തിന്‍റെ വാക്കുകളാണ്)

قال رسول الله صلى الله عليه وسلم: انْصُرْ أخاكَ ظالِمًا أوْ مَظْلُومًا. فقالَ رَجُلٌ: يا رَسولَ اللَّهِ، أنْصُرُهُ إذا كانَ مَظْلُومًا، أفَرَأَيْتَ إذا كانَ ظالِمًا، كيفَ أنْصُرُهُ؟ قالَ: تَحْجُزُهُ -أوْ تَمْنَعُهُ- مِنَ الظُّلْمِ؛ فإنَّ ذلكَ نَصْرُهُ (البخاري)

(അക്രമിയെയും സഹായിക്കണം, അക്രമിക്കപ്പെടുന്നവനെയും സഹായിക്കണം. അക്രമത്തില്‍ നിന്ന് തടഞ്ഞാണ് അക്രമിയെ  സഹായിക്കേണ്ടത്).

عن أبي سعيد الخدري رضي الله عنه أن النبي صلى الله عليه وسلم قال: «مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ، فَإِنْ لَمْ يَسْتَطِعْ فَبِلِسَانِهِ، فَإِنْ لَمْ يَسْتَطِعْ فَبِقَلْبِهِ، وَذَلِكَ أَضْعَفُ الْإِيمَانِ»  )مسلم(

(വേണ്ടാത്തരങ്ങള്‍ കാണുമ്പോള്‍, എങ്ങനെയാണോ കഴിയുന്നത്, അങ്ങനെ തടയണം. കൈകൊണ്ട് കഴിയുമെങ്കില്‍ അങ്ങനെ. കഴിയില്ലെങ്കില്‍ നാവുകൊണ്ട്. അതിനും കഴിയില്ലെങ്കില്‍ മനസ്സുകൊണ്ടെങ്കിലും വെറുപ്പ് പ്രകടിപ്പിക്കണം, അതാണ് വിശ്വാസ കാര്യങ്ങളില്‍ വെച്ചേറ്റവും ദുര്‍ബലം).

ഇക്കാലത്ത് മുസ്‍ലിം സമുദായം നേരിട്ടുകൊണ്ടിരിക്കുന്ന അപചയങ്ങളുടെ പ്രധാന കാരണം, ഈയൊരു ഗുണത്തിന്‍റെ അഭാവമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ബനൂ ഇസ്രാഈലുകാരുടെ ചരിത്രം ഇടക്കിടെ അല്ലാഹു വിവരിച്ചുതരുന്നത് നമ്മള്‍ പഠിക്കാനും ഉള്‍ക്കൊള്ളാനുമാണ്.

അടുത്ത ആയത്തുകള്‍ 80-81

വേദക്കാരും പ്രവാചകന്മാരുടെ അനുയായികളാണല്ലോ. അങ്ങനെ അവകാശപ്പെടുന്നവരുമാണ്. ആ സ്ഥിതിക്ക് അവര്‍ക്ക് കൂടുതല്‍  അടുപ്പവും ബന്ധവുമൊക്കെ ഉണ്ടാകേണ്ടത് സ്വാഭാവികമായും സത്യവിശ്വാസികളോടാണ്. പക്ഷേ, നേരെ മറിച്ചാണവരുടെ സ്ഥിതി. അധികമാളുകളും ബന്ധുമിത്രങ്ങളായി സ്വീകരിക്കുന്നത് മുശ്‍രിക്കുകളെയാണ്. ഇതുകാരണം, അല്ലാഹുവിന്‍റെ കോപവും ശാപവും ശാശ്വത ശിക്ഷയുമാണവര്‍ക്ക് ലഭിച്ചത്.

സത്യത്തില്‍, ഇവരും ആ മുശ്രിക്കുകളും തമ്മില്‍ വ്യത്യാസമൊന്നുമില്ല. രണ്ടു കൂട്ടരും സത്യനിഷേധികള്‍ തന്നെ. അല്ലായിരുന്നെങ്കില്‍, ഇവര്‍ അല്ലാഹുവിലും റസൂലിലും വേദഗ്രന്ഥത്തിലും വിശ്വസിക്കേണ്ടതായിരുന്നു.

ഞങ്ങള്‍ അവരെപ്പോലെ അവിശ്വാസികളല്ല, വിശ്വാസികളാണെന്ന് പറഞ്ഞുനടന്നാല്‍ മാത്രം പോരല്ലോ. ഈ വാദം ശരിയാണെങ്കില്‍ അവിശ്വാസികളെ ബന്ധുമിത്രങ്ങളായി സ്വീകരിക്കാന്‍ പാടില്ലായിരുന്നു.

ജൂതപ്രമാണിയായിരുന്ന കഅ്‌ബുബ്‌നുല്‍ അശ്‌റഫും സംഘവുമാണിവിടെ ഉദ്ദേശ്യമെന്ന് മുഫസ്സിറുകള്‍ പറയുന്നുണ്ട്. തരുനബി (صلى الله عليه وسلم)ക്കെതിരെ കരുനീക്കങ്ങള്‍ നടത്താന്‍ മക്കാ മുശ്‌രിക്കുകളെയാണിവര്‍ കൂട്ടുപിടിച്ചത്‌.

കഅ്ബുബ്‌നുല്‍ അശ്രഫിന്‍റെ നേതൃത്വത്തില്‍ ഒരു സംഘം യഹൂദി തീവ്രവാദികള്‍ മക്കയിലേക്കു പോയി. തിരുനബി  صلى الله عليه وسلمക്കും മുസ്‌ലിംകള്‍ക്കുമെതിരെ പാരപ്പണികള്‍ നടത്താനും യുദ്ധം ചെയ്യാനും ഒരു മുന്നണിയുണ്ടാക്കി പദ്ധതികളാവിഷ്‌കരിക്കയായിരുന്നു അവരുടെ ലക്ഷ്യം. പക്ഷേ, അവര്‍ നിരാശരായി മടങ്ങുകയായിരുന്നു.

ഇവരുടെ നിഷേധാത്മകവും കപടവുമായ ഇത്തരം പല സമീപനങ്ങളെക്കുറിച്ചും വിശുദ്ധ ഖുര്‍ആന്‍ പലതവണ ഉണര്‍ത്തിയിട്ടും, മഹാനായൊരു പ്രവാചകന്‍റെ അനുയായികളും വിശിഷ്ടമായൊരു ദിവ്യഗ്രന്ഥം ലഭിച്ചിവരുമായ വേദക്കാര്‍ക്കതൊന്നും ഏശിയതേയില്ല. അധര്‍മകാരികളായ അവര്‍ക്ക് സത്യത്തോട് തീരെ താല്‍പര്യമില്ല എന്നതുതന്നെ കാരണം.

അല്ലാഹുവിലും പ്രവാചകരിലും ദിവ്യഗ്രന്ഥങ്ങളിലുമുള്ള ശരിയായ വിശ്വാസം ഇവര്‍ക്കുണ്ടായിരുന്നെങ്കില്‍, ഏകനായ അല്ലാഹുവില്‍ വിശ്വസിക്കാത്ത, ദിവ്യഗ്രന്ഥങ്ങളെ തള്ളിക്കളയുന്ന മുശ്‌രിക്കുകളെയും മതനിഷേധികളെയുമൊന്നും ഇവര്‍ ആത്മമിത്രങ്ങളും സംരക്ഷകരുമാക്കില്ലായിരുന്നു.  

تَرَىٰ كَثِيرًا مِنْهُمْ يَتَوَلَّوْنَ الَّذِينَ كَفَرُوا ۚ لَبِئْسَ مَا قَدَّمَتْ لَهُمْ أَنْفُسُهُمْ أَنْ سَخِطَ اللَّهُ عَلَيْهِمْ وَفِي الْعَذَابِ هُمْ خَالِدُونَ (80)

അവരില്‍ മിക്കവരും സത്യനിഷേധികളെ ഉറ്റമിത്രങ്ങളാക്കുന്നത് താങ്കള്‍ക്കു കാണാം. സ്വന്തത്തിനായി അവര്‍ സജ്ജീകരിച്ചു വെച്ചിരിക്കുന്നത് വളരെ ദുഷിച്ചതു തന്നെ -അല്ലാഹു അവരോട് കോപിച്ചു എന്നതും പരലോകത്ത് ശാശ്വത ശിക്ഷയിലാണ് എന്നതും.

وَلَوْ كَانُوا يُؤْمِنُونَ بِاللَّهِ وَالنَّبِيِّ وَمَا أُنْزِلَ إِلَيْهِ مَا اتَّخَذُوهُمْ أَوْلِيَاءَ وَلَٰكِنَّ كَثِيرًا مِنْهُمْ فَاسِقُونَ (81)

അല്ലാഹുവിലും നബിയിലും പ്രവാചകന്നവതീര്‍ണമായതിലും വിശ്വസിച്ചിരുന്നുവെങ്കില്‍ അവര്‍ സത്യനിഷേധികളെ ആത്മമിത്രങ്ങളാക്കുമായിരുന്നില്ല. എന്നാല്‍അവര്‍ മിക്കവരും അധര്‍മകാരികളത്രേ. 

അടുത്ത ആയത്ത് 82

തിരുനബി صلى الله عليه وسلم യുടെ കാലത്ത് ഇസ്‌ലാമിന്ന് നാനാവിധ ശത്രുക്കളുണ്ടായിരുന്നുവല്ലോ. പ്രത്യക്ഷ ശത്രുക്കളായുണ്ടായിരുന്നത് യഹൂദികളും നസ്വാറാക്കളും മുശ്‌രിക്കുകളുമാണ്.

എന്നാല്‍, ഇവരിലേറ്റവും വലിയ ബദ്ധവൈരികള്‍ ജൂതന്മാരും ബഹുദൈവ വിശ്വാസികളുമാണ് എന്നാണിനി അല്ലാഹു വ്യക്തമാക്കുന്നത്. ഈ രണ്ടു കക്ഷികളുടെയും ശത്രുതാപരമായ നിലപാടിന് നിരവധി തെളിവുകള്‍ ചരിത്രത്തിലുണ്ട്. തിരുനബി صلى الله عليه وسلم ക്കു നേരെ നടന്ന പതിനഞ്ചോളം വധശ്രമങ്ങളില്‍ മുഴുവന്‍ പ്രതികള്‍ ഈ രണ്ടു വിഭാഗക്കാരായിരുന്നു.

ഇക്കൂട്ടരില്‍, താരതമ്യേന മുസ്‍ലിംകളോട് കൂടുതല്‍ സ്‌നേഹം കാണിക്കുന്നവര്‍ അബ്‍സീനിയയിലെ ക്രിസ്ത്യാനികളാണെന്നും അല്ലാഹു പറയുന്നുണ്ട്. ബദ്ധവൈരികളെക്കുറിച്ച് പറഞ്ഞപ്പോള്‍, അന്നത്തെ അബ്‌സീനിയ – ഹബശ - യിലെ നല്ലവരായ ക്രിസ്തീയരെ പ്രകീര്‍ത്തിക്കുകയാണ് അല്ലാഹു.

മക്കയിലെ അരക്ഷിതാവസ്ഥ പരിഗണിച്ച് മുസ്‌ലിംകളിലെ ആദ്യ സംഘത്തെ വിശ്വാസ സംരക്ഷണാര്‍ത്ഥം നബി (صلى الله عليه وسلم) പറഞ്ഞയച്ചത് ക്രിസ്തീയ രാജ്യമായ അബ്‌സീനിയ (ഇന്ന് എത്യോപ്യ) യിലേക്കായിരുന്നു. അവിടത്തെ നജാശി -നേഗസ് ചക്രവര്‍ത്തി – അവരോട് വളരെ സ്‌നേഹത്തോടെ പെരുമാറിയതും സംരക്ഷണമൊരുക്കിയതും  ചരിത്രപ്രസിദ്ധമാണ്.

നജാശി രാജാവ് മുസ്‌ലിംകളെക്കുറിച്ച് അന്വേഷിച്ചറിയുന്നതിനിടെ  ഖുര്‍ആന്‍ പാരായണം കേട്ടുകരഞ്ഞുപോയി; ബൈബിളിലെ വാഗ്ദത്ത നബി തന്നെയാണ് മുഹമ്മദ് (صلى الله عليه وسلم) എന്ന് സമ്മതിച്ചു; തിരുനബി صلى الله عليه وسلم യുടെ അധ്യാപനങ്ങള്‍ ഉള്‍ക്കൊണ്ടു. അങ്ങനെയവര്‍ ഇസ്‌ലാം മതം സ്വീകരിച്ചു. ഈ പ്രാമാണിക സംഭവമാണ് ഇവിടെ സൂചിപ്പി ക്കപ്പെട്ടിരിക്കുന്നത്. ഇമാം ഇബ്‌നു അബ്ബാസ് (رضي الله عنهما) ഇക്കാര്യം ഉദ്ധരിച്ചതായി ഹദീസുകളില്‍ കാണാം. (അസ്ബാബുന്നുസൂല്‍ 116)

സത്യവിശ്വാസികളോടിവര്‍ക്ക് ഇങ്ങനെ താല്‍പര്യം തോന്നാനുള്ള കാരണവും അല്ലാഹു പറയുന്നുണ്ട്: ദുന്‍യവിയ്യായ സുഖാനുഭൂതികളോടൊന്നും താല്‍പര്യമില്ലാത്ത, അഹങ്കാരവും അഹംഭാവവുമില്ലാത്ത, ശുദ്ധഹൃദയരായ ചില പണ്ഡിതാചാര്യരും ഭക്തരായ നല്ല പുരോഹിതന്മാരും അവരുടെ കൂട്ടത്തിലുണ്ട് എന്നതാണത്.

അവരുടെ ചില ഗുണങ്ങള്‍ തൊട്ടടുത്ത 83-ആം ആയത്തിലും  പറയുന്നുണ്ട്.  അല്ലാഹുവിന്‍റെ വചനങ്ങള്‍ കേട്ടാല്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകും. അനുസരണവും ഭക്തിയും കാണിക്കും, അത് വിശ്വസിക്കുകയും ചെയ്യും. മാത്രമല്ല, സത്യത്തിന് സാക്ഷ്യം വഹിക്കുന്ന സജ്ജനങ്ങളില്‍ തങ്ങളെയും ഉള്‍പ്പെടുത്തണേ എന്ന് ദുആ ചെയ്യുകയും, അല്ലാഹുവിന്‍റെ അനുഗ്രഹവും പ്രതിഫലവും സദാ മോഹിച്ചുകൊണ്ടിരിക്കുകയും ചെയ്യും.

لَتَجِدَنَّ أَشَدَّ النَّاسِ عَدَاوَةً لِلَّذِينَ آمَنُوا الْيَهُودَ وَالَّذِينَ أَشْرَكُوا ۖ وَلَتَجِدَنَّ أَقْرَبَهُمْ مَوَدَّةً لِلَّذِينَ آمَنُوا الَّذِينَ قَالُوا إِنَّا نَصَارَىٰ ۚ ذَٰلِكَ بِأَنَّ مِنْهُمْ قِسِّيسِينَ وَرُهْبَانًا وَأَنَّهُمْ لَا يَسْتَكْبِرُونَ (82)

മനുഷ്യരില്‍ വെച്ച് സത്യവിശ്വാസികളോട് ഏറ്റം കഠിനമായ ശത്രുത പുലര്‍ത്തുന്നത് ജൂതന്മാരും ബഹുദൈവ വിശ്വാസികളുമാണെന്നു താങ്കള്‍ക്കു കാണാം. ഞങ്ങള്‍ ക്രിസ്തീയരാണ് എന്നു പറയുന്ന (അബ്‌സീനിയക്കാര്‍ക്കാണ്) ജനങ്ങളില്‍ വെച്ച് സത്യവിശ്വാസി കളോട് ഏറ്റവും അടുത്ത സ്‌നേഹബന്ധമുള്ളതെന്നും അങ്ങേക്കു മനസ്സിലാക്കാവുന്നതാണ്. അവരില്‍ പണ്ഡിതാചാര്യന്മാരും പുരോഹിതന്മാരും ഉള്ളതുകൊണ്ടും അവര്‍ അഹങ്കാരികളല്ലാത്തതിനാലുമത്രേ അത്

قِسِّيسُون - പണ്ഡിതാചാര്യര്‍. ‘പഠിക്കാനൊരുങ്ങിയിറങ്ങിയവര്‍, ഭക്തരായ പണ്ഡിതര്‍, ഗുരുവര്യര്‍, ആചാര്യന്മാര്‍’ - ഈ അര്‍ത്ഥങ്ങളിലെല്ലാം ഈ വാക്ക് ഉപയോഗിക്കാറുണ്ട്.

 رُهْبَان - പുരോഹിതന്മാര്‍. ‘ആരാധനാ നിമഗ്നരായവര്‍, സന്യാസികള്‍, മഠവാസികള്‍, യോഗികള്‍, ഭക്തന്മാര്‍’ – ഈ അര്‍ത്ഥങ്ങള്‍ക്കും ഈ വാക്ക് പ്രയോഗിക്കാറുണ്ട്. വേദക്കാര്‍ക്കിടയിലാണ് അധികവും ഈ വാക്കുകളുടെ ഉപയോഗമുള്ളത്.

وَلَتَجِدَنَّ أَقْرَبَهُمْ مَوَدَّةً لِلَّذِينَ آمَنُوا الَّذِينَ قَالُوا إِنَّا نَصَارَىٰ

ഇവിടെ പ്രത്യേകം ശ്രദ്ധിക്കുക - പ്രത്യക്ഷത്തില്‍ തോന്നുന്നതുപോലെ സകല ക്രിസ്ത്യാനികളും ഇസ്‌ലാമിന്‍റെ മിത്രങ്ങളാണ് എന്നല്ല ഇവിടെ ഉദ്ദേശ്യം. ഇക്കാര്യം തീര്‍ച്ചയാണ്. കാരണം, അവരും ഇസ്‌ലാമിന്‍റെ ശത്രുക്കളാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. അല്‍ ബഖറ 111, 120, 135, 140, അല്‍ മാഇദ 51, 57 മുതലായവ നോക്കുക. തിരുനബി صلى الله عيه وسلم  യുടെ ചരിത്രത്തിലെ ഒട്ടേറെ സംഭവങ്ങളും അതിനു സാക്ഷിയാണ്. ഇസ്‌ലാമിന്‍റെ പതിനാല് നൂറ്റാണ്ടുകളിലെ നാള്‍വഴി പരിശോധിച്ചാലും ഇക്കാര്യം പകല്‍ വെളിച്ചം പോലെ സ്പഷ്ടമാകും.

മുസ്‌ലിംകള്‍ക്കെതിരെ നിരവധി അക്രമങ്ങളും സംഘട്ടനങ്ങളും രക്തച്ചൊരിച്ചിലുകലും നടത്തിയത് ഇവരാണ്. സ്‌പെയ്‌നില്‍ നിന്ന് മുസ്‌ലിംകളെ നിഷ്‌കാസനം ചെയ്തത് ഉദാഹരണം.

മുസ്‌ലിം ലോകത്തിന്‍റെ സിരാകേന്ദ്രങ്ങളില്‍ കുരിശുയുദ്ധ പരമ്പരകള്‍ നയിച്ച് ചോരപ്പുഴകളൊഴുക്കിയത് ഞങ്ങള്‍ ക്രിസ്ത്യാനികളാണ് എന്നു പറയുന്നവരായിരുന്നു. കുന്നുകൂട്ടിയിട്ട മുസ്‌ലിം മയ്യിത്തുകള്‍ ചവിട്ടിമെതിച്ച് ബൈത്തുല്‍ മഖ്ദിസ് പിടിച്ചടക്കിയപ്പോള്‍ അവരുടെ പടക്കുതിരകള്‍ മുട്ടുവരെയെത്തുന്ന രക്തക്കളങ്ങളാണ് ചാടിക്കടന്നത്.

ഇരുപതാം നൂറ്റാണ്ടിന്‍റെ അന്ത്യത്തില്‍ ബോസ്‌നിയയിലും ഹെര്‍സഗോവിനയിലും പതിനഞ്ചു ലക്ഷം മുസ്‌ലിംകളെ കൊന്നൊടുക്കിയതും മറ്റാരുമായിരുന്നില്ല. അഫ്ഗാനിസ്ഥാനിലും ഇറാഖിലും മറ്റു പലേടങ്ങളിലും ഇതു തന്നെയാണു ചിത്രം.

മസ്‌തിഷ്‌ക പ്രക്ഷാളനം പോലെ പല പുതിയ യുദ്ധതന്ത്രങ്ങളും അവര്‍ ആവിഷ്കരിച്ച് നടപ്പാക്കിത്തുടങ്ങി.  എങ്ങനെയെങ്കിലും ഇസ്‌ലാം നശിച്ചുകാണണമെന്നായിരുന്നു അവരുടെ താല്‍പര്യം.

ലോകാടിസ്ഥാനത്തില്‍തന്നെ ഇസ്‍ലാമിന്‍റെ തകര്‍ച്ചക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഓറിയന്‍റലിസ്റ്റുകള്‍ ഭൂരിഭാഗവും നസ്വാറാക്കളാണത്രെ. ഇസ്‌ലാമിനെയും തിരുനബി (صلى الله عليه وسلم) യെയും താറടിക്കാനും തേജോവധം ചെയ്യാനും തെറ്റിദ്ധരിപ്പിക്കാനും വേണ്ടി, ബൃഹത്തായ  ഗ്രന്ഥങ്ങളെഴുതിയവരും പ്രധാനമായും ഈ വിഭാഗം തന്നെയാണ്.

ഖുര്‍ആന്‍ സൂക്തങ്ങള്‍ മനസ്സിലാക്കുമ്പോഴും വിശദീകരിക്കുമ്പോഴും അവതരണ പശ്ചാത്തലങ്ങള്‍ക്കു സുപ്രധാന സ്ഥാനമാണുള്ളതെന്നും അവ പരിഗണിച്ചും അവയുടെ വെളിച്ചത്തിലും മാത്രമേ ആയത്തുകള്‍ പ്രതിപാദിക്കാവൂ എന്നും പണ്ഡിത മഹാരഥന്മാര്‍ പ്രാമാണികമായി വിശദീകരിച്ചിട്ടുണ്ട്. അക്കാര്യം ഇവിടെ പ്രത്യേകം പ്രസ്താവ്യമായിരിക്കുന്നു.

وَلَتَجِدَنَّ أَقْرَبَهُمْ مَوَدَّةً لِلَّذِينَ آمَنُوا الَّذِينَ قَالُوا إِنَّا نَصَارَىٰ

മുകളില്‍ സൂചിപ്പിച്ച പോലെ, ആദ്യമായി മുസ്‌ലിംകള്‍ ഹിജ്‌റ  ചെയ്തെത്തിയ ക്രിസ്തീയ ഭരണപ്രദേശമായ ഹബ്ശ (അബീസീനിയ) യിലെ നജ്ജാശീ രാജാവ് അവരെ ആദരിക്കുകയും ഇസ്‌ലാമിനെപ്പറ്റി അന്വേഷിച്ചറിയുകയും ചെയ്തിരുന്നു.

ജഅ്ഫറുബ്‌നു അബീത്വാലിബ് (رضي الله عنه), സൂറത്തുമര്‍യം ഓതിക്കേള്‍പ്പിച്ചപ്പോള്‍, ഈസാ (عليه السلام) യെയും മര്‍യം ബീവി (رضي الله عنها)യെയും സംബന്ധിച്ച യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ അദ്ദേഹവും കൂടെയുള്ളവരും കരഞ്ഞുപോയി. രാജാവ് ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. ഇക്കാര്യം അടുത്ത പേജില്‍ 83-ആം ആയത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഈ നജജാശി രാജാവ് മരണപ്പെട്ട വാര്‍ത്ത വഹ്‌യ് മുഖേന അറിഞ്ഞപ്പോള്‍ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ജനാസ നിസ്കാരം നിര്‍വഹിക്കുകയും ചെയ്തിരുന്നു.

---------------------------

 ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter