സൂറത്ത് യൂസുഫ്: അഹ്സനുൽ ഖസസിന്റെ ജീവിതപാഠങ്ങൾ
വിശുദ്ധ ഖുർആനിലെ പന്ത്രണ്ടാമത്തെ അധ്യായമാണ് സൂറത്ത് യൂസുഫ്. 111 ആയത്തുകളടങ്ങിയ ഈ മക്കീ സൂറത്തിൽ 1,776 വാക്കുകളും 7,166 അക്ഷരങ്ങളുമുണ്ട്. മിക്ക ആയത്തുകളും ലാം,റാ,മീം,നൂൻ എന്നീ അക്ഷരങ്ങളിലാണ് അവസാനിക്കുന്നത്. 66-ാം സൂക്തം മാത്രം ലാം എന്ന അക്ഷരത്തിൽ അവസാനിക്കുന്നു.
യൂസുഫ് നബി(അ)ന്റെ സമ്പൂർണ ജീവിതകഥ വിശദമായി പ്രതിപാദിക്കുന്ന ഏക സൂറത്താണിത്. അതുകൊണ്ടുതന്നെ ഈ അധ്യായത്തിന് "സൂറത്ത് യൂസുഫ്" എന്ന പേരല്ലാതെ മറ്റൊരു പേരില്ല. ഖുർആനിലെ മറ്റിടങ്ങളിൽ യൂസുഫ് നബി(അ)ന്റെ പേര് പരാമർശിക്കപ്പെടുന്നുണ്ടെങ്കിലും (അൽ-അൻആം: 84, ഗാഫിർ: 34), അദ്ദേഹത്തിന്റെ ജീവിതചരിത്രം സമഗ്രമായി അവതരിപ്പിക്കുന്നത് ഈ സൂറത്തിൽ മാത്രമാണ്.
ഈ കഥയെ അല്ലാഹു തന്നെ "അഹ്സനുൽ ഖസസ്" (ഏറ്റവും മനോഹരമായ കഥ) എന്ന് വിശേഷിപ്പിക്കുന്നു. എന്നാൽ ഇത് ഒരു ചരിത്രവിവരണം മാത്രമല്ല; മനുഷ്യജീവിതത്തിന്റെ എല്ലാ തലങ്ങളെയും സ്പർശിക്കുന്ന സമഗ്രമായ ജീവിതപാഠങ്ങളുടെ അമൂല്യശേഖരമാണ്. കുടുംബബന്ധങ്ങൾ, അസൂയ, പരീക്ഷണങ്ങൾ, പ്രലോഭനങ്ങൾ, ക്ഷമ, തവക്കുൽ, നേതൃത്വം, പൊറുക്കൽ എന്നിവയെക്കുറിച്ചുള്ള ഗഹനമായ സന്ദേശങ്ങൾ ഈ സൂറത്ത് ഉൾക്കൊള്ളുന്നു.
പ്രവാചകന്മാരുടെ നാടായ ശാം (സിറിയ) ആയിരുന്നു യഅ്ഖൂബ് നബി(അ)ന്റെ വാസസ്ഥലം. അദ്ദേഹത്തിന്റെ പുത്രനായ യൂസുഫ് നബി(അ) പിന്നീട് ഈജിപ്തിൽ ഉന്നത സ്ഥാനത്തെത്തി ഭരണച്ചുമതല വഹിക്കുകയും ചെയ്തു. ഈ ചരിത്രപശ്ചാത്തലം ജൂതപണ്ഡിതന്മാർക്ക് നന്നായി അറിയാമായിരുന്നു.
ഇമാം റാസി(റ) രേഖപ്പെടുത്തുന്നത് പ്രകാരം, ജൂതപണ്ഡിതന്മാർ മുശ്‌രിക്കുകളുടെ നേതാക്കളോട് ഇപ്രകാരം നിർദേശിച്ചു: "യഅ്ഖൂബ് (അ)ന്റെ കുടുംബം എന്തുകൊണ്ടാണ് ശാമിൽ നിന്ന് ഈജിപ്തിലേക്ക് മാറിയത്? യൂസുഫ് (അ)ന്റെ ചരിത്രം എന്താണ്? മുഹമ്മദ് (സ)യോട് ചോദിച്ചുനോക്കൂ."
നബി(സ്വ)ക്ക് ഈ ചരിത്രം അറിയില്ലെന്നും അതിലൂടെ പ്രവാചകരെ പ്രതിസന്ധിയിലാക്കാമെന്നും അവർ കരുതി. എന്നാൽ അതേ സന്ദർഭത്തിലാണ് അല്ലാഹു സൂറത്ത് യൂസുഫ് അവതരിപ്പിച്ചത്. അങ്ങനെ, അവരുടെ ഗൂഢാലോചനയെ അല്ലാഹുവിന്റെ വഹ്‍യിലൂടെ പരാജയപ്പെടുത്തുകയും നബിയുടെ പ്രവാചകത്വത്തിന്റെ സത്യസന്ധത കൂടുതൽ വ്യക്തമായി സ്ഥാപിക്കുകയും ചെയ്തു.
ആരായിരുന്നു യൂസുഫ് നബി(അ)
ഇബ്രാഹീം നബി(അ)ന്റെ പുത്രനായ ഇസ്ഹാഖ് നബി(അ)ന്റെ മകനാണ് യഅ്ഖൂബ് നബി(അ). യഅ്ഖൂബ് നബി(അ)ന്റെ പുത്രനാണ് യൂസുഫ് നബി (അ). പ്രവാചകപരമ്പരയിലെ അത്യുന്നതമായ ഒരു കണ്ണിയാണ് യൂസുഫ് നബി (അ).
ഒരിക്കൽ പുണ്യനബി മുഹമ്മദ് (സ)യോട്, "മനുഷ്യരിൽ ഏറ്റവും ആദരണീയൻ ആരാണ്?"എന്ന് ചോദിക്കപ്പെട്ടു. അപ്പോൾ തിരുനബി (സ) ഇപ്രകാരം മറുപടി നൽകി "ആദരണീയന്റെ പുത്രൻ, ആദരണീയന്റെ പുത്രൻ, ആദരണീയന്റെ പുത്രൻ — ഇബ്രാഹീം (അ)യുടെ മകൻ ഇസ്ഹാഖ് (അ), അദ്ദേഹത്തിന്റെ മകൻ യഅ്ഖൂബ് (അ), അദ്ദേഹത്തിന്റെ മകൻ യൂസുഫ് (അ)."
ഈ ഹദീസ് യൂസുഫ് നബി (അ)യുടെ മഹത്തായ വംശപരമ്പരയെയും പ്രവാചകകുടുംബത്തിന്റെ ശ്രേഷ്ഠതയെയും വ്യക്തമാക്കുന്നു.
സ്വപ്നദർശനവും സഹോദരന്മാരുടെ അസൂയയും
കുട്ടിക്കാലത്ത് യൂസുഫ് നബി(അ) തന്റെ പിതാവായ യഅ്ഖൂബ് നബി (അ)യോട് ഇപ്രകാരം പറഞ്ഞു:
"പതിനൊന്ന് നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്ക് സാഷ്ടാംഗം ചെയ്യുന്നതായി ഞാൻ സ്വപ്നത്തിൽ കണ്ടു."
ഇത് കേട്ട യഅ്ഖൂബ് നബി (അ), അത് സഹോദരന്മാരോട് പറയരുതെന്ന് സ്നേഹപൂർവം ഉപദേശിച്ചു.
ഇമാം അബൂ ഹയ്യാൻ(റ) വിശദീകരിക്കുന്നതുപോലെ, ഈ സ്വപ്നത്തിലൂടെ അല്ലാഹു യൂസുഫ്(അ)ന് അസാധാരണമായ ഒരു പദവി നൽകുമെന്നും, പ്രവാചകത്വത്തിനായി അദ്ദേഹത്തെ തെരഞ്ഞെടുക്കുമെന്നും, ഇഹപരവിജയം സമ്മാനിക്കുമെന്നും യഅ്ഖൂബ്(അ) മനസ്സിലാക്കിയിരുന്നു. അതുകൊണ്ടുതന്നെയാണ് അസൂയയ്ക്ക് വഴിയൊരുക്കാതിരിക്കാൻ അദ്ദേഹം ഈ ഉപദേശം നൽകിയത്.
യഅ്ഖൂബ് (അ)ന്റെ ആദ്യഭാര്യയുടെ മരണശേഷം വിവാഹം ചെയ്ത ഭാര്യയിൽ ജനിച്ച മക്കളായിരുന്നു യൂസുഫ് (അ)യും ഇളയ സഹോദരനായ ബിൻയാമീനും. സ്വാഭാവികമായും ഏറ്റവും ഇളയ മക്കളോട് പിതാവിന് കൂടുതൽ സ്നേഹവും വാത്സല്യവും ഉണ്ടായിരുന്നു. ഈ പ്രത്യേക പരിഗണന മറ്റു സഹോദരന്മാരുടെ മനസ്സിൽ അസ്വസ്ഥതയും അസൂയയും വളർത്തി. അവർ ചിന്തിച്ചു: "ഞങ്ങളാണ് ശക്തരും അധ്വാനശീലരുമായവർ. കുടുംബത്തിന് കൂടുതൽ പ്രയോജനം ചെയ്യുന്നത് ഞങ്ങളാണ്. അങ്ങനെയിരിക്കെ പിതാവ് ഞങ്ങളേക്കാൾ യൂസുഫിനെയും ബിൻയാമീനെയും എന്തുകൊണ്ടാണ് സ്നേഹിക്കുന്നത്?"
ഈ തെറ്റായ ചിന്ത ക്രമേണ അസൂയയായി വളർന്നു. പിന്നീട് അതേ അസൂയ അവരെ നുണയിലേക്കും വഞ്ചനയിലേക്കും അനീതിയിലേക്കും നയിച്ചു. ഒടുവിൽ, യൂസുഫ്(അ)യെ തങ്ങളോടൊപ്പം വിനോദയാത്രയ്ക്ക് അയക്കണമെന്ന് അവർ പിതാവിനോട് ആവശ്യപ്പെട്ടു. മകനെ വിട്ടുപിരിയാൻ യഅ്ഖൂബ് നബി(അ)ക്ക് വലിയ വിഷമമുണ്ടായിരുന്നു. മാത്രമല്ല, അവരുടെ അശ്രദ്ധമൂലം വല്ല വന്യമൃഗവും യൂസുഫിനെ ആക്രമിച്ചേക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
എന്നാൽ സഹോദരന്മാരുടെ നിരന്തരമായ അഭ്യർഥനയും അവരുടെ തന്ത്രപൂർവമായ സംസാരവും യഅ്ഖൂബ് നബി (അ)യുടെ മനസ്സിനെ സ്വാധീനിച്ചു. മകന്റെ സന്തോഷം എന്നും ആഗ്രഹിച്ചിരുന്ന ആ പിതാവ് ഒടുവിൽ മനസ്സില്ലാമനസ്സോടെ യൂസുഫ് (അ)യെ അവരുടെ കൂടെ അയച്ചു.
പിതാവിന്റെ കൺവെട്ടം കഴിഞ്ഞതോടെ സഹോദരന്മാരുടെ യഥാർത്ഥ സ്വഭാവം പുറത്തുവന്നു. ഇമാം സുദ്ദി(റ) വിവരിക്കുന്നതനുസരിച്ച്, അവർ യൂസുഫ്(അ)യോട് അതിക്രൂരമായി പെരുമാറി. ഒരാൾ മർദ്ദിക്കുമ്പോൾ അദ്ദേഹം മറ്റൊരു സഹോദരനോട് സഹായം തേടും; എന്നാൽ അയാളും മർദ്ദനത്തിൽ പങ്കുചേരുകയായിരുന്നു. കരുണ കാണിച്ച ഒരാളും അവരിലുണ്ടായിരുന്നില്ല.
അവർ യൂസുഫ്(അ)യെ കൊല്ലാൻ പോലും തീരുമാനിച്ചു. ഈ സമയത്ത് യൂസുഫ്(അ)ന്ഖെ ദയനീയമായ നിലവിളി ആകാശത്തെത്തിയെങ്കിലും അവരുടെ ഹൃദയങ്ങളെ അത് സ്പർശിച്ചില്ല. എന്നാൽ യഹൂദാ എന്ന സഹോദരൻ ഇടപെട്ട്, "കൊല്ലില്ലെന്ന് നിങ്ങൾ എനിക്ക് ഉറപ്പുനൽകിയിരുന്നില്ലേ?" എന്ന് ചോദിച്ചതിനെ തുടർന്ന് അവർ കൊലപാതകത്തിൽ നിന്ന് പിന്മാറി. പകരം യൂസുഫ് (അ)യെ ഒരു പൊട്ടക്കിണറ്റിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചു.
യൂസുഫ്(അ)യുടെ കുപ്പായം അഴിച്ചെടുത്ത ശേഷം, അത് രക്തം പുരട്ടി പിതാവിന് തെളിവായി കാണിക്കാനായിരുന്നു അവരുടെ പദ്ധതി. വസ്ത്രം തിരികെ തരണമെന്ന് യൂസുഫ്(അ) അപേക്ഷിച്ചപ്പോൾ, അവർ പരിഹാസത്തോടെ പറഞ്ഞു: "നിന്റെ സ്വപ്നത്തിലെ സൂര്യനെയും ചന്ദ്രനെയും പതിനൊന്ന് നക്ഷത്രങ്ങളെയും വിളിച്ചോളൂ; അവർ നിന്നെ രക്ഷിക്കട്ടെ."
തുടർന്ന് അവർ യൂസുഫ് (അ)യെ കിണറ്റിലേക്ക് തള്ളിയിട്ടു. അല്ലാഹുവിന്റെ കരുണയാൽ കിണറ്റിൽ കുറച്ച് വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ അദ്ദേഹത്തിന് ഗുരുതരമായ പരിക്കൊന്നും സംഭവിച്ചില്ല. കിണറ്റിനുള്ളിലെ ഒരു പാറക്കല്ലിൽ കയറി അദ്ദേഹം സുരക്ഷിതനായി നിന്നു. യൂസുഫ് (അ) ജീവനോടെ ഉണ്ടെന്ന് മനസ്സിലാക്കിയ ചില സഹോദരന്മാർ വീണ്ടും വലിയൊരു പാറ ഉരുട്ടി അദ്ദേഹത്തിന്റെ മേൽ ഇടാൻ ശ്രമിച്ചെങ്കിലും യഹൂദാ അത് തടഞ്ഞു.
പിന്നീട് അവർ കള്ളക്കഥ മെനഞ്ഞു. ചെന്നായയാണ് യൂസുഫിനെ പിടിച്ചതെന്ന് പറഞ്ഞ് രക്തം പുരട്ടിയ കുപ്പായവുമായി യഅ്ഖൂബ് നബി (അ)യുടെ സന്നിധിയിലെത്തി. അവരുടെ വാക്കുകൾ കേട്ട യഅ്ഖൂബ് നബി(അ), അത് സത്യമല്ലെന്ന് മനസ്സിലാക്കി. എന്നിരുന്നാലും അദ്ദേഹം ക്ഷമയെ ആശ്രയിച്ചു കൊണ്ട് എല്ലാം അല്ലാഹുവിൽ ഭരമേൽപ്പിച്ചു.
ഈ സംഭവം മനുഷ്യഹൃദയത്തെ നശിപ്പിക്കുന്ന അസൂയയുടെ ഭീകരതയെ നമ്മെ ഓർമ്മപ്പെടുത്തുന്നു. അസൂയ ആദ്യം മനസ്സിനെ മലിനമാക്കുകയും പിന്നീട് നുണയിലേക്കും വഞ്ചനയിലേക്കും അനീതിയിലേക്കും നയിക്കുകയും ചെയ്യുന്നു എന്നതാണ് ഈ സംഭവത്തിൽ നിന്ന് നമുക്ക് ലഭിക്കുന്ന പ്രധാന ജീവിതപാഠം.
`കിണറ്റിൽ നിന്ന് കൊട്ടാരത്തിലേക്ക്`
പൊട്ടക്കിണറ്റിൽ ഏകാന്തനായി കഴിയുകയായിരുന്ന യൂസുഫ് നബി(അ)യുടെ ജീവിതത്തിൽ അല്ലാഹുവിന്റെ കരുണയുടെ പുതിയ അധ്യായം ആരംഭിക്കുകയായിരുന്നു. മദിയനിൽ നിന്ന് ഈജിപ്തിലേക്കു യാത്ര ചെയ്തുകൊണ്ടിരുന്ന ഒരു വ്യാപാരസംഘം വെള്ളം ശേഖരിക്കുന്നതിനായി ആ കിണറിന്റെ സമീപത്ത് എത്തി. അവർ വെള്ളം കോരാനായി ഒരു ബക്കറ്റ് കിണറ്റിലേക്കിറക്കി. അതിൽ പിടിച്ചുനിന്ന യൂസുഫ് നബി(അ)യെ കണ്ട വെള്ളം കോരാൻ വന്നയാൾ അതിയായ സന്തോഷത്തോടെ വിളിച്ചുപറഞ്ഞു: "ഇതാ, ഒരു ബാലൻ!"
ഉടൻ സംഘത്തിലെ മറ്റുള്ളവർ ഓടിയെത്തി. യൂസുഫ്(അ)നെ അവർ ഒരു അമൂല്യ മനുഷ്യനായി കണ്ടില്ല; മറിച്ച് വിൽക്കാനാവുന്ന ഒരു ചരക്കായിട്ടാണ് പരിഗണിച്ചത്. അതിനാൽ അദ്ദേഹത്തെ തങ്ങളുടെ സംഘത്തിൽ ഉൾപ്പെടുത്തി ഈജിപ്തിലേക്ക് കൊണ്ടുപോയി. പിന്നീട് അവർ യൂസുഫ് നബി(അ)നെ വളരെ തുച്ഛമായ വിലയ്ക്ക് വിറ്റു. ലോകത്തിന്റെ കണക്കിൽ അദ്ദേഹം ഒരു അടിമയായിരുന്നു; എന്നാൽ അല്ലാഹുവിന്റെ തീരുമാനത്തിൽ അദ്ദേഹം ഭാവിയിലെ ഭരണാധികാരിയായിരുന്നു. മനുഷ്യരുടെ വിലയിരുത്തലും അല്ലാഹുവിന്റെ തീരുമാനവും എത്ര വ്യത്യസ്തമാണെന്നതിന്റെ ഉജ്ജ്വല ഉദാഹരണമാണിത്.
യൂസുഫ്(അ)നെ വാങ്ങിയത് ഈജിപ്തിലെ പ്രമുഖനായ ഖിത്ഫീർ ആയിരുന്നു. രാജാവിന്റെ ധനകാര്യ മന്ത്രിയായിരുന്ന അദ്ദേഹത്തെ അന്നത്തെ ഭാഷയിൽ "അൽഅസീസ്" എന്നാണ് വിളിച്ചിരുന്നത്. യൂസുഫ്(അ)ൽ അസാധാരണമായ മഹത്വത്തിന്റെ ലക്ഷണങ്ങൾ അദ്ദേഹം തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ തന്റെ ഭാര്യയോട് ഇപ്രകാരം നിർദേശിച്ചു: "ഇദ്ദേഹത്തോട് ഒരു അടിമയോടെന്നപോലെ പെരുമാറരുത്. മാന്യമായി പരിചരിക്കുക. ഭാവിയിൽ ഇദ്ദേഹം നമുക്ക് ഉപകാരപ്പെടുകയോ, അല്ലെങ്കിൽ നമുക്ക് മകനായി മാറുകയോ ചെയ്തേക്കാം."
അസീസിന്റെ ഭാര്യയുടെ പേര് സുലൈഖ ആയിരുന്നു. സന്താനമില്ലാത്ത ദമ്പതികളായിരുന്നു അവർ. അന്നത്തെ ഈജിപ്ത് രാജാവിന്റെ പേര് റയ്യാൻ എന്നായിരുന്നു. പിന്നീട് അദ്ദേഹം യൂസുഫ് നബി(അ)ൽ വിശ്വസിക്കുകയും അദ്ദേഹത്തിന്റെ കാലത്തുതന്നെ മരണപ്പെടുകയും ചെയ്തതായി ചരിത്രഗ്രന്ഥങ്ങൾ രേഖപ്പെടുത്തുന്നു.
അസീസിന്റെ ഭവനത്തിൽ യൂസുഫ് നബി(അ) ഒരു സാധാരണ അടിമയായി കഴിഞ്ഞില്ല. കുടുംബാംഗത്തിനുള്ള ആദരവോടെയും അന്തസ്സോടെയുമാണ് അദ്ദേഹത്തെ പരിഗണിച്ചത്. അല്ലാഹു അദ്ദേഹത്തിന് വിജ്ഞാനവും വിവേകവും സ്വപ്നങ്ങളുടെ വ്യാഖ്യാനശേഷിയും അനുഗ്രഹിക്കുകയും ചെയ്തു.
കിണറ്റിൽ ഉപേക്ഷിക്കപ്പെട്ട ഒരു ബാലനെ അല്ലാഹു കൊട്ടാരത്തിലെ അന്തസ്സിലേക്ക് ഉയർത്തി. ഇതിലൂടെ അല്ലാഹുവിന്റെ പദ്ധതി മനുഷ്യരുടെ ഗൂഢാലോചനകളെക്കാൾ എത്രയോ മഹത്തരമാണെന്ന് നാം മനസ്സിലാക്കുന്നു.
യൂസുഫ് നബി (അ)യുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്, ഓരോ പരീക്ഷണവും വിജയത്തിലേക്കുള്ള ഒരു ചവിട്ടുപടിയായിരിക്കാമെന്നതാണ്. അദ്ദേഹം ഒരിക്കലും പരാതിപ്പെട്ടില്ല, നിരാശനായില്ല. ക്ഷമയോടെയും അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസത്തോടെയും മുന്നോട്ടുപോയപ്പോൾ ഓരോ പ്രതിസന്ധിയും പുതിയ അനുഗ്രഹങ്ങളുടെ വാതിലുകളായി മാറി. അതുകൊണ്ടുതന്നെ, ഒരു വിശ്വാസി ജീവിതത്തിൽ പ്രയാസങ്ങൾ നേരിടുമ്പോൾ നിരാശപ്പെടാതെ ക്ഷമയോടെ അല്ലാഹുവിൽ ഭരമേൽപ്പിക്കണം. ഇതാണ് ഈ സംഭവത്തിൽ നിന്ന് നമുക്ക് ലഭിക്കുന്ന മഹത്തായ ജീവിതപാഠം.
`കൊട്ടാരത്തിലെ ഒളിയമ്പുകൾ`
കാലം കടന്നുപോയപ്പോൾ യൂസുഫ് നബി(അ) സൗന്ദര്യത്തിലും സ്വഭാവശുദ്ധിയിലും ജ്ഞാനത്തിലും പക്വതയിലും സമാനതകളില്ലാത്ത വ്യക്തിത്വമായി വളർന്നു. അല്ലാഹു അദ്ദേഹത്തിന് അസാധാരണമായ സൗന്ദര്യവും വിശിഷ്ടമായ സ്വഭാവഗുണങ്ങളും പ്രദാനം ചെയ്തു. എന്നാൽ ആ അനുഗ്രഹങ്ങൾക്കിടയിലും അദ്ദേഹത്തെ കാത്തിരുന്നത് ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷണങ്ങളിലൊന്നായിരുന്നു.
ഈജിപ്തിലെ ധനകാര്യമന്ത്രിയായ അസീസിന്റെ ഭാര്യയായ സുലൈഖ, യൂസുഫ് നബി(അ)നെ അധർമ്മത്തിലേക്ക് ക്ഷണിച്ചു. എന്നാൽ അല്ലാഹുവിനെ ഭയന്ന യൂസുഫ് (അ) ആ പ്രലോഭനത്തെ ദൃഢമായി നിരസിച്ചു. തന്റെ രക്ഷിതാവിനോടും യജമാനനോടും പുലർത്തിയ വിശ്വസ്തതയിൽ അദ്ദേഹം ഒരുനിമിഷം പോലും വീഴ്ച വരുത്തിയില്ല.
സൂറത്ത് യൂസുഫിലെ ആയത്തുകൾ ശ്രദ്ധാപൂർവം പഠിക്കുമ്പോൾ വ്യക്തമായി മനസ്സിലാകുന്നത്, യൂസുഫ് നബി(അ)യിൽ നിന്ന് നിഷിദ്ധമായ ഒരു പ്രവൃത്തിയോ അതിലേക്കുള്ള മനഃപൂർവമായ ചായ്‍വോ ഉണ്ടായിട്ടില്ല എന്നതാണ്. മറിച്ച്, അദ്ദേഹം അല്ലാഹുവിൽ അഭയം തേടുകയും പാപസാഹചര്യത്തിൽ നിന്ന് രക്ഷപ്പെടാൻ പരമാവധി ശ്രമിക്കുകയും ചെയ്തു.
സുലൈഖയിൽ നിന്ന് രക്ഷപ്പെടാനായി യൂസുഫ് നബി(അ) വാതിലിലേക്ക് ഓടി. സുലൈഖ അദ്ദേഹത്തെ പിന്തുടർന്നു. ആ ഓട്ടത്തിനിടയിൽ സുലൈഖ യൂസുഫ് നബി(അ)യുടെ കുപ്പായത്തിന്റെ പിൻഭാഗത്ത് പിടിച്ചതിനാൽ അത് കീറിപ്പോയി. അപ്പോഴേക്കും വാതിൽക്കൽ അസീസ് എത്തിച്ചേർന്നു.
യഥാർഥ സംഭവം പുറത്തുവരുമെന്ന് മനസ്സിലാക്കിയ സുലൈഖ ഉടൻതന്നെ തന്റെ നിലപാട് മാറ്റി. കുറ്റം മുഴുവൻ യൂസുഫ് നബി(അ)യുടെ മേൽ ചുമത്തിക്കൊണ്ട്, താനെയാണ് വശീകരിക്കാൻ ശ്രമിച്ചതെന്ന് അവൾ ആരോപിച്ചു. അങ്ങനെ നിരപരാധിയായ യൂസുഫ് നബി(അ)യെ സ്വന്തം യജമാനന്റെ മുമ്പിൽ കുറ്റവാളിയായി ചിത്രീകരിക്കാൻ അവൾ ശ്രമിച്ചു.
എന്നാൽ അല്ലാഹുവിന്റെ സഹായം യൂസുഫ് നബി (അ)യെ കൈവിട്ടില്ല. അവിടെയുണ്ടായിരുന്ന ഒരാൾ ഇപ്രകാരം സാക്ഷ്യം പറഞ്ഞു: "യൂസുഫിന്റെ കുപ്പായം മുൻവശത്ത് കീറിയതാണെങ്കിൽ സ്ത്രീയുടെ വാദം ശരിയാണ്. എന്നാൽ കുപ്പായം പിന്നിലാണ് കീറിയിരിക്കുന്നതെങ്കിൽ അവളുടെ ആരോപണം വ്യാജവും യൂസുഫ് സത്യസന്ധനുമാണ്."
ഈ സാക്ഷ്യത്തിന്റെ യുക്തി വളരെ വ്യക്തമായിരുന്നു. യൂസുഫ് നബി(അ) തന്നെയായിരുന്നു ആക്രമിക്കാൻ ശ്രമിച്ചതെങ്കിൽ ഇരുവരും നേർക്കുനേർ നിൽക്കുമായിരുന്നു. അപ്പോൾ കുപ്പായത്തിന്റെ മുൻവശം കീറാനാണ് സാധ്യത. എന്നാൽ യൂസുഫ് നബി(അ) രക്ഷപ്പെടാൻ ഓടിയതിനാൽ സുലൈഖ പിന്നിൽ നിന്ന് പിടിക്കുകയും കുപ്പായത്തിന്റെ പിൻഭാഗം കീറിപ്പോകുകയും ചെയ്തു.
പരിശോധനയിൽ കുപ്പായം പിന്നിൽ നിന്നാണ് കീറിയതെന്ന് വ്യക്തമായി. അതോടെ യൂസുഫ് നബി(അ)യുടെ നിരപരാധിത്വം തെളിയുകയും സുലൈഖയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് അസീസ് മനസ്സിലാക്കുകയും ചെയ്തു. സംഭവം കൂടുതൽ വഷളാക്കാതെ പരിഹരിക്കാൻ അസീസ് ശ്രമിച്ചു. യൂസുഫ് നബി(അ)യോട് വിഷയം അവഗണിക്കാനും സുലൈഖയോട് അല്ലാഹുവിനോട് പാപമോചനം തേടാനും അദ്ദേഹം നിർദേശിച്ചു.
എന്നാൽ കൊട്ടാരത്തിനുള്ളിൽ നടന്ന ഈ സംഭവം അധികം വൈകാതെ നഗരമെങ്ങും പരന്നു. സുലൈഖയുടെ പ്രവൃത്തിയെക്കുറിച്ച് സ്ത്രീകൾ പരസ്പരം സംസാരിക്കാൻ തുടങ്ങി. തന്റെ അഭിമാനത്തിന് ക്ഷതമേൽക്കുകയാണെന്ന് മനസ്സിലാക്കിയ സുലൈഖ, അവരെല്ലാവരെയും ഒരു വിരുന്നിലേക്ക് ക്ഷണിച്ചു. വിരുന്നിൽ ഓരോ സ്ത്രീക്കും പഴം മുറിക്കാനായി ഒരു കത്തിയും പഴവും നൽകി. പിന്നീട് യൂസുഫ് നബി(അ)യെ അവരുടെ മുമ്പിലേക്ക് വരാൻ ആവശ്യപ്പെട്ടു. യൂസുഫ് നബി(അ)യുടെ അതുല്യമായ സൗന്ദര്യം കണ്ട സ്ത്രീകൾ വിസ്മയഭരിതരായി. പഴം മുറിക്കുകയാണെന്ന് കരുതി അവർ സ്വന്തം കൈകൾ മുറിച്ചുപോയി. അവർ അത്ഭുതത്തോടെ പറഞ്ഞു: "ഇത് ഒരു സാധാരണ മനുഷ്യനല്ല; മഹാനായ ഒരു മലക്കാണ്!"
ഈ സംഭവത്തിലൂടെ, യൂസുഫ് നബി(അ)യുടെ സൗന്ദര്യമാണ് തന്നെ ഈ നിലയിലേക്ക് എത്തിച്ചതെന്ന് സുലൈഖ സ്വന്തം പ്രവൃത്തിയെ ന്യായീകരിക്കാൻ ശ്രമിച്ചു. എന്നാൽ അവൾ വീണ്ടും യൂസുഫ് നബി (അ)യെ അധർമ്മത്തിലേക്ക് ക്ഷണിക്കുകയും, തന്റെ ആഗ്രഹത്തിന് വഴങ്ങാത്തപക്ഷം ജയിലിലടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അപ്പോൾ യൂസുഫ് നബി(അ) അല്ലാഹുവിനോട് പ്രാർത്ഥിച്ചു: "എന്റെ രക്ഷിതാവേ! ഇവർ എന്നെ ക്ഷണിക്കുന്ന പാപത്തേക്കാൾ എനിക്ക് പ്രിയം ജയിൽവാസമാണ്." അല്ലാഹുവിന്റെ പ്രീതിക്കായി അദ്ദേഹം സ്വാതന്ത്ര്യത്തേക്കാൾ തടവറയെ തിരഞ്ഞെടുത്തു. അങ്ങനെ ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ യൂസുഫ് നബി (അ) ജയിലിലടയ്ക്കപ്പെട്ടു.
ഈ സംഭവം ഓരോ വിശ്വാസിക്കും മഹത്തായ ഒരു ജീവിതപാഠമാണ് നൽകുന്നത്. പ്രലോഭനങ്ങൾ എത്ര ശക്തമായാലും അല്ലാഹുവിനെ ഭയന്ന് അവയെ അതിജീവിക്കുകയാണ് യഥാർത്ഥ വിജയമെന്ന് സൂറത്ത് യൂസുഫ് നമ്മെ പഠിപ്പിക്കുന്നു. സാഹചര്യങ്ങൾ മനുഷ്യനെ പാപത്തിലേക്ക് ക്ഷണിച്ചേക്കാം; എന്നാൽ അല്ലാഹുവിലുള്ള വിശ്വാസവും തഖ്‍വയും ഉള്ളവന് ആ പരീക്ഷണങ്ങളെ വിജയകരമായി മറികടക്കാൻ സാധിക്കും.
`കൊട്ടാരത്തിൽ നിന്ന് ജയിലിലേക്ക്`
സുലൈഖയുടെ നിരന്തരമായ സമ്മർദവും കൊട്ടാരത്തിനുള്ളിൽ പടർന്ന വാർത്തകളും കണക്കിലെടുത്ത്, ഒടുവിൽ അസീസ് യൂസുഫ് നബി(അ)യെ ജയിലിലടക്കാൻ തീരുമാനിച്ചു. അങ്ങനെ, ഒരു കുറ്റവും ചെയ്യാത്ത നിരപരാധിയായ പ്രവാചകൻ സമൂഹത്തിന്റെ മുമ്പിൽ കുറ്റവാളിയായി ചിത്രീകരിക്കപ്പെട്ടു.
ജയിലിലേക്കുള്ള യാത്ര പോലും അദ്ദേഹത്തിന്റെ നിരപരാധിത്വത്തിന് മങ്ങലേൽപ്പിക്കാനായിരുന്നു. മഹാനായ ഇബ്നു അബ്ബാസ്(റ) റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, യൂസുഫ് നബി(അ)യെ കഴുതപ്പുറത്ത് കയറ്റി പട്ടണമെങ്ങും പ്രദക്ഷിണം നടത്തിയാണ് ജയിലിലേക്ക് കൊണ്ടുപോയത്. ജനങ്ങൾക്കിടയിൽ ഇപ്രകാരം പ്രചരിപ്പിക്കപ്പെട്ടു: "സിറിയക്കാരനായ യൂസുഫ് തന്റെ യജമാനത്തിയെ വശീകരിക്കാൻ ശ്രമിച്ചതിനാൽ അവന് ലഭിച്ച ശിക്ഷയാണ് ജയിൽവാസം."
ഈ സംഭവം വിവരിക്കുമ്പോൾ ഇബ്നു അബ്ബാസ്(റ) കണ്ണീരൊഴുക്കിയതായി ചരിത്രഗ്രന്ഥങ്ങൾ രേഖപ്പെടുത്തുന്നു. സത്യസന്ധനായ ഒരു പ്രവാചകൻ എത്ര വലിയ അപവാദമാണ് സഹിക്കേണ്ടിവന്നതെന്ന വേദനയാണ് അദ്ദേഹത്തെ കരയിച്ചത്.
എന്നാൽ ജയിലിൽ പ്രവേശിച്ച ശേഷവും യൂസുഫ് നബി(അ) നിരാശനോ തളർന്നവനോ ആയില്ല. മറിച്ച്, ആ പുതിയ സാഹചര്യത്തെ അദ്ദേഹം അല്ലാഹുവിലേക്കുള്ള ക്ഷണത്തിനും മനുഷ്യസേവനത്തിനുമുള്ള അവസരമാക്കി മാറ്റി. ജയിലിലെ തടവുകാർ അദ്ദേഹത്തിന്റെ വിശിഷ്ട വ്യക്തിത്വത്തിലും സദ്ഗുണങ്ങളിലും ആകൃഷ്ടരായി. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ അദ്ദേഹം എല്ലാവരുടെയും ആദരവും വിശ്വാസവും നേടിയെടുത്തു. അവിടെ അദ്ദേഹം ദുഃഖിതരെ ആശ്വസിപ്പിക്കുകയും രോഗികളെ സന്ദർശിക്കുകയും മുറിവേറ്റവരെ ശുശ്രൂഷിക്കുകയും ആവശ്യക്കാരെ സഹായിക്കുകയും ചെയ്തു. രാത്രികൾ മുഴുവൻ നിസ്കാരത്തിലും പ്രാർത്ഥനയിലും മുഴുകി അല്ലാഹുവുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കി. ജയിൽ അദ്ദേഹത്തിന് ശിക്ഷയുടെ സ്ഥലമായിരുന്നില്ല; മറിച്ച് ആത്മീയ വളർച്ചയുടെ വേദിയായി മാറുകയായിരുന്നു.
ഒരു ദിവസം, രാജസേവകരായ രണ്ട് തടവുകാർ തങ്ങൾ കണ്ട സ്വപ്നങ്ങളുടെ വ്യാഖ്യാനം അറിയാനായി യൂസുഫ് നബി(അ)യുടെ സമീപത്തെത്തി. ഒരാൾ പറഞ്ഞു: "ഞാൻ മുന്തിരിപ്പഴം പിഴിഞ്ഞ് മദ്യം തയ്യാറാക്കുന്നതായി സ്വപ്നം കണ്ടു." മറ്റേയാൾ പറഞ്ഞു: "ഞാൻ തലയിൽ റൊട്ടി നിറച്ച ഒരു കൊട്ട ചുമന്നുനടക്കുന്നതും പക്ഷികൾ അതിൽ നിന്ന് കൊത്തിത്തിന്നുന്നതും കണ്ടു." ഇരുവരും യൂസുഫ് നബി (അ)യോട് അപേക്ഷിച്ചു: "ഞങ്ങളുടെ സ്വപ്നത്തിന്റെ വ്യാഖ്യാനം പറഞ്ഞുതരണമേ. തീർച്ചയായും നിങ്ങളെ ഞങ്ങൾ സദ്‌വൃത്തരുടെ കൂട്ടത്തിൽപ്പെട്ടവനായി കാണുന്നു."
സ്വപ്നത്തിന് ഉടൻ മറുപടി പറയുന്നതിന് പകരം, ഈ അവസരം യൂസുഫ് നബി(അ) ദഅ്‌വത്തിനായി ഉപയോഗപ്പെടുത്തി. അദ്ദേഹം ആദ്യം ഏകദൈവവിശ്വാസത്തിന്റെ മഹത്വവും പ്രവാചകന്മാരുടെ മാർഗവും വിശദീകരിച്ചു. തന്റെ പിതാക്കളായ ഇബ്രാഹീം(അ), ഇസ്ഹാഖ്(അ), യഅ്ഖൂബ്(അ) എന്നിവരുടെ വിശ്വാസപാരമ്പര്യം അവർക്കു പരിചയപ്പെടുത്തി. മനുഷ്യനെ രക്ഷിക്കുന്നത് അല്ലാഹുവിലുള്ള വിശ്വാസമാണെന്നും, ആരാധനയ്ക്ക് അർഹൻ അല്ലാഹു മാത്രമാണെന്നും അദ്ദേഹം വ്യക്തമായി ഉദ്ബോധിപ്പിച്ചു.
ശേഷമാണ് അദ്ദേഹം സ്വപ്നങ്ങളുടെ വ്യാഖ്യാനം പറഞ്ഞത്. മുന്തിരി പിഴിയുന്നതായി കണ്ടയാൾ വീണ്ടും രാജാവിന്റെ സേവനത്തിലേക്ക് തിരിച്ചെത്തുമെന്നും, മറ്റേയാൾ വധശിക്ഷയ്ക്ക് വിധേയനാകുമെന്നും അദ്ദേഹം അറിയിച്ചു. അല്ലാഹു പഠിപ്പിച്ച വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ പറഞ്ഞ ഈ വ്യാഖ്യാനം പിന്നീട് അതേപടി യാഥാർഥ്യമായി.
ഈ സംഭവത്തിലൂടെ യൂസുഫ് നബി(അ) നമ്മെ പഠിപ്പിക്കുന്നത്, ഒരു വിശ്വാസി ഏത് സാഹചര്യത്തിലായാലും തന്റെ ദൗത്യം മറക്കരുത് എന്നതാണ്. പ്രതികൂല സാഹചര്യങ്ങൾ ദഅ്‌വത്തിനുള്ള തടസ്സമല്ല; മറിച്ച് പുതിയ അവസരങ്ങളാണ്. അതുപോലെ തന്നെ, ജീവിതത്തിലെ കഠിനമായ പരീക്ഷണങ്ങൾ പോലും അല്ലാഹുവിന്റെ പദ്ധതിയുടെ ഭാഗമാണെന്ന് ഈ അധ്യായം നമ്മെ ബോധ്യപ്പെടുത്തുന്നു. കൊട്ടാരത്തിൽ നിന്ന് ജയിലിലേക്കുള്ള യാത്ര മനുഷ്യരുടെ കണ്ണിൽ ഒരു വീഴ്ചയായിരുന്നുവെങ്കിലും, അല്ലാഹുവിന്റെ പദ്ധതിയിൽ അത് ഈജിപ്തിന്റെ ഭരണസാരഥ്യത്തിലേക്കുള്ള ആദ്യ ചുവടായിരുന്നു. അതിനാൽ, പ്രതിസന്ധികളെ ശാപമായി കാണാതെ അല്ലാഹുവിന്റെ മഹത്തായ പദ്ധതിയുടെ ഭാഗമായാണ് ഒരു വിശ്വാസി കാണേണ്ടത്. കാരണം, അല്ലാഹു തീരുമാനിച്ച വിജയത്തിലേക്കുള്ള വഴികൾ പലപ്പോഴും മനുഷ്യർ പ്രതീക്ഷിക്കാത്ത പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
`അധികാരസ്ഥാനവും സ്വപ്ന സാക്ഷാത്കാരവും`
വർഷങ്ങളോളം യൂസുഫ് നബി(അ) ജയിലിൽ കഴിയേണ്ടിവന്നു. എന്നാൽ ആ പരീക്ഷണക്കാലത്തും അദ്ദേഹം അല്ലാഹുവിലുള്ള വിശ്വാസത്തിലും ക്ഷമയിലും ഉറച്ചുനിന്നു. അല്ലാഹു നിശ്ചയിച്ച സമയം വന്നപ്പോൾ, ആ തടവറയിൽ നിന്ന് ഈജിപ്തിന്റെ ഭരണസാരഥ്യത്തിലേക്കുള്ള വഴിയാണ് അദ്ദേഹത്തിന് തുറന്നുകിട്ടിയത്.
ഒരു ദിവസം ഈജിപ്തിലെ രാജാവ് അത്ഭുതകരമായ ഒരു സ്വപ്നം കണ്ടു. "ഏഴ് മെലിഞ്ഞ പശുക്കൾ ഏഴ് തടിച്ച പശുക്കളെ തിന്നുന്നതും, ഏഴ് പച്ചക്കതിരുകളും ഏഴ് ഉണങ്ങിയ കതിരുകളും ഞാൻ കണ്ടു." ഈ സ്വപ്നത്തിന്റെ അർഥം കണ്ടെത്താൻ രാജധാനിയിലെ പണ്ഡിതന്മാർക്കും ജ്യോത്സ്യന്മാർക്കും മന്ത്രിമാർക്കും സാധിച്ചില്ല. എല്ലാവരും അതിനെ അർഥമില്ലാത്ത സ്വപ്നമെന്നു വിശേഷിപ്പിച്ചു.
അപ്പോഴാണ് മുമ്പ് യൂസുഫ് നബി(അ)യോടൊപ്പം ജയിലിലുണ്ടായിരുന്ന രാജസേവകന് അദ്ദേഹത്തെ ഓർമ വന്നത്. വർഷങ്ങൾക്കുമുമ്പ് യൂസുഫ് നബി(അ) തന്റെ സ്വപ്നം കൃത്യമായി വ്യാഖ്യാനിച്ചതും അത് യാഥാർഥ്യമായതും അദ്ദേഹം രാജാവിനെ അറിയിച്ചു. തുടർന്ന് രാജാവിന്റെ നിർദേശപ്രകാരം അദ്ദേഹം ജയിലിലെത്തി സ്വപ്നത്തിന്റെ വ്യാഖ്യാനം ചോദിച്ചു.
അല്ലാഹു നൽകിയ വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ യൂസുഫ് നബി (അ) ഇപ്രകാരം വിശദീകരിച്ചു: "രാജ്യത്തിന് മുന്നിൽ ഏഴ് വർഷത്തെ സമൃദ്ധിയും അതിനുശേഷം ഏഴ് വർഷത്തെ കഠിന ക്ഷാമവും വരാനിരിക്കുന്നു. സമൃദ്ധിയുടെ വർഷങ്ങളിൽ ലഭിക്കുന്ന വിളവുകൾ ആവശ്യത്തിന് മാത്രം ഉപയോഗിക്കുകയും ബാക്കി കതിരുകളിൽ തന്നെ സൂക്ഷിക്കുകയും ചെയ്യുക. അങ്ങനെ ചെയ്താൽ ക്ഷാമകാലത്തെ വിജയകരമായി അതിജീവിക്കാൻ കഴിയും."
ഇത് ഒരു സ്വപ്നവ്യാഖ്യാനം മാത്രമായിരുന്നില്ല; രാജ്യത്തിന്റെ ഭാവിയെ സംരക്ഷിക്കുന്ന ദീർഘവീക്ഷണമുള്ള സാമ്പത്തിക പദ്ധതിയുമായിരുന്നു. രാജാവ് ഈ വിശദീകരണത്തിൽ അതീവ സന്തുഷ്ടനായി. യൂസുഫ് നബി(അ)യെ ഉടൻ മോചിപ്പിച്ച് രാജസന്നിധിയിലേക്ക് കൊണ്ടുവരാൻ അദ്ദേഹം ഉത്തരവിട്ടു. എന്നാൽ യൂസുഫ് നബി (അ) മോചനത്തിന് തിടുക്കം കാട്ടിയില്ല. അദ്ദേഹം പറഞ്ഞു: "എന്റെ മേൽ ആരോപിക്കപ്പെട്ട കുറ്റത്തിന്റെ സത്യം പുറത്തുവരുന്നതുവരെ ഞാൻ ജയിലിൽ നിന്നു പുറത്തിറങ്ങുകയില്ല."
നിരപരാധിത്വം തെളിയിക്കാതെ അധികാരവും സ്വാതന്ത്ര്യവും സ്വീകരിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ഒരു വിശ്വാസിയുടെ അഭിമാനവും ആത്മാഭിമാനവും സത്യനിഷ്ഠയും ഈ നിലപാടിലൂടെ വ്യക്തമായി പ്രകടമാകുന്നു. രാജാവ് ഉടൻ സുലൈഖയെയും സംഭവത്തിൽ പങ്കുണ്ടായിരുന്ന സ്ത്രീകളെയും വിളിച്ചുവരുത്തി അന്വേഷണം നടത്തി. അപ്പോൾ സുലൈഖ എല്ലാവരുടെയും മുമ്പിൽ സത്യം തുറന്നുപറഞ്ഞു: "ഇപ്പോൾ സത്യം വെളിപ്പെട്ടിരിക്കുന്നു. ഞാൻ തന്നെയാണ് അദ്ദേഹത്തെ വശീകരിക്കാൻ ശ്രമിച്ചത്. തീർച്ചയായും യൂസുഫ് സത്യസന്ധരിൽ ഒരാളാണ്."
അങ്ങനെ വർഷങ്ങളായി യൂസുഫ് നബി(അ)യുടെ മേൽ ചുമത്തപ്പെട്ട അപവാദം പൂർണമായും നീങ്ങി. അദ്ദേഹത്തിന്റെ നിരപരാധിത്വം ഔദ്യോഗികമായി തെളിയിക്കപ്പെട്ടു. തുടർന്ന് രാജാവ് യൂസുഫ് നബി(അ)യെ തന്റെ അടുത്തേക്ക് വിളിച്ചു വരുത്തി. അദ്ദേഹത്തിന്റെ ജ്ഞാനത്തിലും സത്യസന്ധതയിലും ഭരണപാടവത്തിലും ആകൃഷ്ടനായ രാജാവ്, രാജ്യത്തിന്റെ ഖജനാവിന്റെയും ധാന്യശേഖരങ്ങളുടെയും ചുമതല അദ്ദേഹത്തെ ഏൽപ്പിച്ചു.
അല്ലാഹുവിന്റെ അനുഗ്രഹത്താലും യൂസുഫ് നബി(അ)യുടെ ദീർഘവീക്ഷണത്താലും ഈജിപ്ത് സമൃദ്ധിയുടെയും സുരക്ഷയുടെയും പുതിയ കാലഘട്ടത്തിലേക്ക് പ്രവേശിച്ചു. സമൃദ്ധിയുടെ വർഷങ്ങളിൽ അദ്ദേഹം ആസൂത്രിതമായി ധാന്യം സംഭരിച്ചതിനാൽ, പിന്നീട് ഉണ്ടായ കഠിന ക്ഷാമകാലത്തും രാജ്യം വലിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടു.
ഈ സമയത്താണ് ഫലസ്തീനിൽ താമസിച്ചിരുന്ന യഅ്ഖൂബ് നബി(അ)യുടെ കുടുംബത്തെയും ക്ഷാമം ബാധിച്ചത്. ഭക്ഷ്യധാന്യം വാങ്ങുന്നതിനായി അദ്ദേഹം തന്റെ പുത്രന്മാരെ ഈജിപ്തിലേക്ക് അയച്ചു. യൂസുഫ് നബി(അ) സഹോദരങ്ങളെ കണ്ടപ്പോൾ അവരെ ഉടൻ തിരിച്ചറിഞ്ഞു. എന്നാൽ അവർക്ക് അദ്ദേഹത്തെ തിരിച്ചറിയാൻ കഴിഞ്ഞില്ല. വർഷങ്ങൾക്കുമുമ്പ് കിണറ്റിൽ ഉപേക്ഷിച്ച ബാലനാണ് ഇന്ന് ഈജിപ്തിന്റെ ഭരണസാരഥിയെന്ന് അവർ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അവരുടെ കുടുംബവിവരങ്ങൾ അന്വേഷിച്ച യൂസുഫ് നബി(അ), എല്ലാവരോടും മാന്യമായും ഉദാരമായും പെരുമാറി. ആവശ്യമായ ധാന്യം നൽകി യാത്രയയക്കുന്നതിനൊപ്പം അടുത്ത തവണ ഇളയ സഹോദരനായ ബിൻയാമീനെയും കൂട്ടിക്കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു.
വീട്ടിലെത്തിയ ശേഷമാണ് അവർ കൊണ്ടുവന്ന ധാന്യത്തിന് വില ഈടാക്കിയിട്ടില്ലെന്ന് സഹോദരന്മാർ മനസ്സിലാക്കിയത്. അവർ ഈ വിവരം യഅ്ഖൂബ് നബി(അ)യെ അറിയിച്ചു. ബിൻയാമീനെയും കൂട്ടിക്കൊണ്ടുവരണമെന്ന വാർത്ത കേട്ടപ്പോൾ യഅ്ഖൂബ് നബി(അ)യുടെ ഹൃദയം വീണ്ടും വേദനിച്ചു. വർഷങ്ങൾക്കുമുമ്പ് യൂസുഫ്(അ)യെ നഷ്ടപ്പെട്ട ദുഃഖം ഇപ്പോഴും അദ്ദേഹത്തെ വേട്ടയാടുകയായിരുന്നു. എന്നിരുന്നാലും, എല്ലാം അല്ലാഹുവിൽ ഭരമേൽപ്പിച്ചുകൊണ്ട് ഒടുവിൽ അദ്ദേഹം സമ്മതം നൽകി.
ബിൻയാമീനുമൊത്ത് സഹോദരന്മാർ വീണ്ടും ഈജിപ്തിലെത്തി. ഈ യാത്രയിൽ യൂസുഫ് നബി(അ) ബിൻയാമീനെ സ്വകാര്യമായി വിളിച്ചുവരുത്തി തന്റെ യഥാർഥ വ്യക്തിത്വം വെളിപ്പെടുത്തുകയും അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. പിന്നീട് രാജാവിന്റെ പാത്രം കാണാതായതായി അറിയിക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. സഹോദരന്മാരുടെ സമ്മതപ്രകാരം നടത്തിയ പരിശോധനയിൽ ആ പാത്രം ബിൻയാമീന്റെ സഞ്ചിയിൽ നിന്നാണ് കണ്ടെത്തിയത്. അതിനാൽ ബിൻയാമീനെ ഈജിപ്തിൽ തന്നെ തടഞ്ഞുവെച്ചു.
ഇളയ സഹോദരനില്ലാതെ മടങ്ങേണ്ടിവന്ന അവർ അതീവ ദുഃഖിതരായി. ഈ വാർത്ത കേട്ട യഅ്ഖൂബ് നബി(അ)യുടെ വേദന വീണ്ടും വർധിച്ചു. എങ്കിലും അദ്ദേഹം ക്ഷമ കൈവിടാതെ അല്ലാഹുവിൽ മാത്രം ആശ്രയിച്ചു. കാലം പക്വമായപ്പോൾ യൂസുഫ് നബി(അ) തന്റെ സഹോദരന്മാരോട് ചോദിച്ചു: "അജ്ഞതയുടെ കാലത്ത് നിങ്ങൾ യൂസുഫിനോടും അവന്റെ സഹോദരനോടും എന്താണ് ചെയ്തതെന്ന് നിങ്ങൾ ഓർക്കുന്നുണ്ടോ?"
അവർ അത്ഭുതത്തോടെ ചോദിച്ചു: "താങ്കൾ തന്നെയാണോ യൂസുഫ്?"
അദ്ദേഹം മറുപടി പറഞ്ഞു: "അതെ, ഞാൻ തന്നെയാണ് യൂസുഫ്. ഇതാ, ഇവൻ എന്റെ സഹോദരൻ."
തങ്ങൾ ചെയ്ത തെറ്റുകൾ ഓർത്ത് സഹോദരന്മാർ ഖേദിക്കുകയും അല്ലാഹുവിനോടും യൂസുഫ് നബി(അ)യോടും മാപ്പപേക്ഷിക്കുകയും ചെയ്തു. എന്നാൽ പ്രതികാരം ചെയ്യാൻ അവസരം ലഭിച്ചിട്ടും യൂസുഫ് നബി(അ) അവരോട് പറഞ്ഞത് ഹൃദയസ്പർശിയായ വാക്കുകളായിരുന്നു: "ഇന്ന് നിങ്ങൾക്ക് ഒരു കുറ്റപ്പെടുത്തലുമില്ല. അല്ലാഹു നിങ്ങളോട് പൊറുക്കട്ടെ. അവൻ കരുണയുള്ളവരിൽ ഏറ്റവും കരുണാനിധിയാണ്." പ്രതികാരത്തേക്കാൾ മഹത്തരമാണ് പൊറുക്കൽ എന്ന സത്യം ചരിത്രത്തിൽ അനശ്വരമാക്കിയ വാക്കുകളായിരുന്നു അത്.
തുടർന്ന് യൂസുഫ് നബി(അ) തന്റെ കുപ്പായം സഹോദരന്മാരുടെ കൈവശം നൽകി യഅ്ഖൂബ് നബി(അ)യുടെ മുഖത്ത് ഇടാൻ നിർദേശിച്ചു. കുപ്പായം മുഖത്ത് സ്പർശിച്ചതോടെ വർഷങ്ങളായി നഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ കാഴ്ച അല്ലാഹുവിന്റെ അനുഗ്രഹത്താൽ തിരിച്ചുകിട്ടി. ശേഷം യഅ്ഖൂബ് നബി(അ)യും കുടുംബാംഗങ്ങളും ഈജിപ്തിലെത്തി. യൂസുഫ് നബി(അ) മാതാപിതാക്കളെ ആദരപൂർവം സ്വീകരിച്ച് ഉയർന്ന പീഠത്തിൽ ഇരുത്തി. അപ്പോൾ ബാല്യത്തിൽ കണ്ട സ്വപ്നം അദ്ദേഹത്തിന്റെ മനസ്സിൽ തെളിഞ്ഞു—സൂര്യനും ചന്ദ്രനും പതിനൊന്ന് നക്ഷത്രങ്ങളും സാഷ്ടാംഗം ചെയ്യുന്ന സ്വപ്നം യാഥാർഥ്യമായിരിക്കുന്നു. ആ വികാരനിർഭരമായ നിമിഷത്തിൽ യൂസുഫ് നബി (അ) അല്ലാഹുവിനോട് വിനയപൂർവം പ്രാർത്ഥിച്ചു: "എന്റെ രക്ഷിതാവേ! നീ എനിക്ക് ഭരണാധികാരത്തിൽ നിന്ന് നൽകുകയും സ്വപ്നങ്ങളുടെ വ്യാഖ്യാനം പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവേ! ഇഹത്തിലും പരത്തിലും നീയാണ് എന്റെ രക്ഷാധികാരി. എന്നെ മുസ്‍ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തിൽ ചേർക്കുകയും ചെയ്യണമേ."
ഈ അധ്യായം നമ്മെ പഠിപ്പിക്കുന്നത്, സത്യം വൈകിയാലും വിജയിക്കുമെന്നതാണ്. തവക്കുൽ എന്നാൽ പ്രവർത്തനം ഉപേക്ഷിക്കലല്ല; പരമാവധി പരിശ്രമിച്ചതിന് ശേഷം ഫലം അല്ലാഹുവിൽ ഭരമേൽപ്പിക്കലാണ്. അതുപോലെ, യഥാർഥ മഹത്വം പ്രതികാരത്തിലല്ല, മറിച്ച് പൊറുക്കലിലും വിനയത്തിലുമാണെന്ന സത്യം യൂസുഫ് നബി(അ)യുടെ ജീവിതം ഓരോ വിശ്വാസിയെയും പഠിപ്പിക്കുന്നു.
`സൂറത്ത് യൂസുഫ്- വിശ്വാസിയുടെ ജീവിതത്തിന് വഴികാട്ടി`
സൂറത്ത് യൂസുഫ് ഒരു പ്രവാചകന്റെ ചരിത്രം മാത്രമല്ല; ഓരോ വിശ്വാസിയുടെയും ജീവിതത്തെ പ്രകാശിപ്പിക്കുന്ന സമഗ്രമായ ജീവിതദർശനമാണ്. കുടുംബബന്ധങ്ങൾ, യുവത്വം, പ്രലോഭനങ്ങൾ, പരീക്ഷണങ്ങൾ, നേതൃത്വം, ക്ഷമ, തവക്കുൽ, പൊറുക്കൽ എന്നീ വിഷയങ്ങളിൽ ഈ സൂറത്ത് നൽകുന്ന സന്ദേശങ്ങൾ എല്ലാ കാലത്തും പ്രസക്തമാണ്.
യൂസുഫ് നബി(അ)യുടെ ജീവിതത്തിലെ ഓരോ ഘട്ടവും അല്ലാഹുവിന്റെ ഖദറിന്റെയും ഹിക്മത്തിന്റെയും അത്ഭുതകരമായ പ്രകടനമാണ്. സഹോദരന്മാരുടെ അസൂയ അദ്ദേഹത്തെ കിണറ്റിലെത്തിച്ചു. അടിമവ്യാപാരം അദ്ദേഹത്തെ ഈജിപ്തിലെ കൊട്ടാരത്തിലെത്തിച്ചു. കൊട്ടാരത്തിലെ പരീക്ഷണം ജയിലിലേക്കു നയിച്ചു. എന്നാൽ അതേ ജയിൽവാസം അദ്ദേഹത്തെ രാജ്യത്തിന്റെ ഭരണസാരഥ്യത്തിലേക്കുള്ള വഴിയായി മാറി. മനുഷ്യരുടെ ഗൂഢാലോചനകൾക്കുമേൽ അല്ലാഹുവിന്റെ പദ്ധതി എപ്പോഴും വിജയിക്കുമെന്ന സത്യമാണ് ഇതിലൂടെ നമുക്ക് മനസ്സിലാകുന്നത്.
സൂറത്ത് യൂസുഫ് വിശ്വാസിക്ക് വലിയൊരു ആശ്വാസം കൂടിയാണ് നൽകുന്നത്. ജീവിതത്തിൽ അനീതിയും അപവാദവും ഏകാന്തതയും നഷ്ടങ്ങളും നേരിടേണ്ടിവന്നാലും, അല്ലാഹുവിൽ ആശ്രയിക്കുന്നവർ ഒരിക്കലും നിരാശരാകേണ്ടതില്ലെന്ന് ഈ സൂറത്ത് പഠിപ്പിക്കുന്നു. ഓരോ പരീക്ഷണത്തിനും പിന്നിൽ അല്ലാഹുവിന്റെ ഒരു മഹത്തായ പദ്ധതിയുണ്ട്.
ഇമാം ഖാലിദ് ഇബ്നു മഅ്ദാൻ (റ) പ്രസ്താവിച്ചതായി ഉദ്ധരിക്കപ്പെടുന്നു: "സ്വർഗത്തിൽ വെച്ച് സ്വർഗവാസികൾ ആനന്ദത്തിനായി സൂറത്ത് യൂസുഫും സൂറത്ത് മർയമും പാരായണം ചെയ്യും." അഥാഅ് (റ) പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നു: "ദുഃഖിതനായ ഒരാൾ സൂറത്ത് യൂസുഫ് ശ്രവിച്ചാൽ, അതിലൂടെ അവന് ആശ്വാസം ലഭിക്കാതിരിക്കില്ല." മഹാനായ ഉമർ(റ) ഇശാ നിസ്കാരത്തിൽ സൂറത്ത് യൂസുഫ് പാരായണം ചെയ്തപ്പോൾ, ആയത്തുകളുടെ അർഥഗാംഭീര്യം ഉൾക്കൊണ്ട് അദ്ദേഹം കരഞ്ഞതിനാൽ പിന്നിലെ സ്വഫുകളിലുള്ളവർക്ക് പോലും തേങ്ങൽ കേൾക്കാമായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. മറ്റൊരു സന്ദർഭത്തിൽ സുബ്ഹി നിസ്കാരത്തിൽ ഈ സൂറത്ത് പാരായണം ചെയ്യുന്നതിനിടെ വികാരാധീനനായ അദ്ദേഹം പാരായണം പൂർത്തിയാക്കാൻ കഴിയാതെ റുകൂഇലേക്കു പോയതായും ചരിത്രത്തിൽ കാണാം. അതുകൊണ്ടുതന്നെ, സൂറത്ത് യൂസുഫ് പാരായണം ചെയ്യുന്നതും പഠിക്കുന്നതും കേവലം ഒരു ചരിത്രം അറിയുന്നതിനുവേണ്ടി മാത്രമല്ല; മറിച്ച് ജീവിതത്തെ ശരിയായ ദിശയിൽ നയിക്കുന്ന പാഠങ്ങൾ ഉൾക്കൊള്ളുന്നതിനും കൂടിവേണ്ടിയാണ്.
ഈ സൂറത്ത് നമ്മെ പഠിപ്പിക്കുന്ന പ്രധാന ജീവിതപാഠങ്ങൾ ഇവയാണ്:
- അസൂയ മനുഷ്യനെ ഏറ്റവും വലിയ അനീതികളിലേക്ക് നയിക്കുന്നു.
- പ്രതിസന്ധികളിൽ ക്ഷമ (സബ്റ്) പാലിക്കുന്നവരെ അല്ലാഹു കൈവിടുകയില്ല.
- പ്രലോഭനങ്ങൾക്കുമുന്നിൽ തഖ്‍വയാണ് വിശ്വാസിയുടെ ഏറ്റവും വലിയ ശക്തി.
- സത്യസന്ധതയും വിശ്വസ്തതയും ഒടുവിൽ വിജയിക്കുന്നു.
- തവക്കുൽ എന്നാൽ പ്രവർത്തനം ഉപേക്ഷിക്കലല്ല; ആത്മാർത്ഥമായി പരിശ്രമിച്ചശേഷം ഫലം അല്ലാഹുവിൽ ഭരമേൽപ്പിക്കലാണ്.
- പ്രതികാരത്തേക്കാൾ മഹത്തരമാണ് പൊറുക്കൽ.
- അധികാരവും വിജയവും ലഭിച്ചാലും വിനയം കൈവിടരുത്.
- അല്ലാഹുവിന്റെ തീരുമാനം ഏറ്റവും ഉത്തമമാണ്; ചിലപ്പോൾ നമുക്ക് ദോഷമായി തോന്നുന്നതുതന്നെ നമ്മുടെ ഏറ്റവും വലിയ അനുഗ്രഹത്തിന്റെ തുടക്കമായിരിക്കും.
യൂസുഫ് നബി(അ)യുടെ ജീവിതകഥയെ അല്ലാഹു "അഹ്സനുൽ ഖസസ്" (ഏറ്റവും മനോഹരമായ കഥ) എന്ന് വിശേഷിപ്പിച്ചത് അതിന്റെ സാഹിത്യഭംഗി കൊണ്ടുമാത്രമല്ല; മറിച്ച് അതിലെ ആശയഗാംഭീര്യം, ജീവിതദർശനം, ഖദ്റിന്റെ അത്ഭുതകരമായ പ്രകടനം, വിശ്വാസിക്ക് നൽകുന്ന പ്രത്യാശ എന്നിവയെല്ലാം കൊണ്ട് കൂടിയാണ്.
അല്ലാഹു നമ്മെ സൂറത്ത് യൂസുഫിന്റെ സന്ദേശങ്ങൾ മനസ്സിലാക്കി ജീവിതത്തിൽ പ്രാവർത്തികമാക്കുന്നവരില്‍ ഉൾപ്പെടുത്തട്ടെ. യൂസുഫ് നബി(അ)യെപ്പോലെ പരീക്ഷണങ്ങളിൽ ക്ഷമയുള്ളവരായും, വിജയത്തിൽ വിനയമുള്ളവരായും, എല്ലാ സാഹചര്യങ്ങളിലും അല്ലാഹുവിൽ പൂർണമായി ആശ്രയിക്കുന്നവരായും നമ്മെ മാറ്റിത്തീർക്കട്ടെ - ആമീൻ.
`അവലംബങ്ങൾ`
- വിശുദ്ധ ഖുർആൻ (സൂറത്ത് യൂസുഫ്)
- തഫ്സീർ ഇബ്നു കസീർ
- തഫ്സീർ ഖുർതുബി
- തഫ്സീർ റാസി
- തഫ്സീർ ബഗവി
- ഫത്ഹു റഹ്മാൻ ഫീ തഫ്സീരിൽ ഖുർആൻ



Leave A Comment