എം. എ ചേളാരിക്ക് കണ്ണീരോടെ വിട

അര നൂറ്റാണ്ട് കാലം ചേളാരി സമസ്താലയത്തില്‍ ജംഇയ്യത്തുൽ മുഅല്ലിമീൻ ഓഫീസിലെ മാനേജർ ആയി ജോലി ചെയ്തിരുന്ന എംഎ ചേളാരി വിട പറഞ്ഞു. ദീര്‍ഘ കാലം സേവനമനുഷ്ഠിച്ച ശേഷം, ശാരീരിക അവശതകളെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹം ആ ഉത്തരവാദിത്തം മറ്റൊരാള്‍ക്ക് കൈമാറി പടിയിറങ്ങിയത്. സെപ്റ്റംബര്‍ 25 വെള്ളിയാഴ്ച (റബീഉല്‍ആഖിര്‍ 13) പുലര്‍ച്ചെയായിരുന്നു അന്ത്യം.

ഏറെ പ്രതിസന്ധി നിറഞ്ഞ കാല ഘട്ടത്തിൽ  നിന്നും ജം ഇ യ്യത്തുൽ മുഅല്ലിമീനെ ഒരു മഹാ പ്രസ്ഥാനമാക്കി മാറ്റുന്നതിൽ എം.എ.വഹിച്ച പങ്ക് വളരെ വലുതാണ്. പക്വമാർന്ന സമീപനം, വിനയവും, ലാളിത്യവും ഒത്തിണങ്ങിയ പെരുമാറ്റം, അർപ്പണ ബോധത്തോടെയും നിസ്വാർത്ഥ സേവനത്തോടെയും സർവ്വർക്കും മാതൃക യായ ജീവിതം എന്നിവ അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യതിരിക്തനാാക്കി. മികച്ച സംഘാടകൻ, ഒന്നാന്തരം അഡ്മിനിസ്ട്രേറ്റർ എന്ന നിലയിലും അദ്ദേഹത്തിന്റെ സേവനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

പഴയ കാല പണ്ഡിത പ്രമുഖരില്‍ പലരുമായും അടുത്ത് സഹവസിച്ച അദ്ദേഹത്തില്‍ അവരുടെ ജീവിതത്തിലെ വിശിഷ്ട ഗുണങ്ങള്‍ ഏറെ സ്വാധീനിച്ചിരുന്നു. കേരളത്തിലും പുറത്തുമായി വ്യാപിച്ച് കിടക്കുന്ന സമസ്തയുടെ പതിനായിരത്തില്‍ പരം മദ്റസകളിലെ ലക്ഷക്കണക്കിന് അധ്യാപകരുടെ കൂട്ടായ്മയാണ് സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍. അത്തരം വലിയൊരു പ്രസ്ഥാനത്തിന്റെ അമരത്തിരിക്കുക എന്നത് ഭാരിച്ചൊരു ഉത്തരവാദിത്തമാണ്. അതാണ് പതിറ്റാണ്ടുകളായി അദ്ദേഹം ഭംഗിയായി നിറവേറ്റിയത്. 

അതേ സമയം, അതിന്റെ യാതൊരു വിധ അഹംബോധമോ തലക്കനമോ ഇല്ലാതെ, പൊതു വേദികളില്‍ നിന്ന് പരമാവധി മാറി നിന്ന് തന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്തം ഏറ്റവും ഭംഗിയായി നിറവേറ്റുന്നതിലായിരുന്നു അദ്ദേഹത്തിന്റെ സദാസമയ ശ്രദ്ധയും. അതോടൊപ്പം, തന്റെ നാട്ടിലെ മഹല്ല് പ്രസിഡന്റ്‌ സ്ഥാനം മുതൽ വിവിധ സംവിധാനങ്ങളിലെ നേതൃ പദവികളും അദ്ദേഹം അലങ്കരിച്ചിരുന്നു. 

രാവിലെ ഒമ്പത് മണി മുതല്‍ ചേളാരി സമസ്താലയം കെട്ടിടത്തില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം, 11 മണിയോടെ മയ്യിത് ഖബറടക്കി. നാഥന്‍ അദ്ദേഹത്തിന്റെ സേവനങ്ങള്‍ സ്വീകരിക്കട്ടെ.

എം.എ ചേളാരിയുമായി 2019ല്‍ islamonweb നടത്തിയ വിശദമായ അഭിമുഖം താഴെ ലിങ്കില്‍ വായിക്കാവുന്നതാണ്.

https://islamonweb.net/ml/lsBCF33S

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter