അമേരിക്കൻ പടിയിറക്കവും ഇറാഖിലെ അനിശ്ചിതത്വങ്ങളും

ഇക്കഴിഞ്ഞ സെപ്റ്റംബർ 30 ന് പശ്ചിമേഷ്യയിൽ നിന്നും അമേരിക്കയുടെ വലിയൊരു പ്രഖ്യാപനമുണ്ടായി. അതെ, രണ്ടു പതിറ്റാണ്ടിലധികം നീണ്ട സൈനിക ദൗത്യത്തിന് വിരാമമിട്ട് അമേരിക്കൻ സൈന്യം ഇറാഖിലെ തങ്ങളുടെ അവസാന സൈനിക താവളവും അടച്ചുപൂട്ടി പൂർണ്ണമായി മടങ്ങുകയാണെന്ന്. ഇരുപത്തിമൂന്ന് വർഷത്തിലേറെക്കാലം നീണ്ടുനിന്ന ദീർഘകാല അധിനിവേശത്തിന് ലക്ഷക്കണക്കിന് കോടി ഡോളറാണ് അമേരിക്ക ചെലവഴിച്ചത്. ഈ പിന്മാറ്റത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പോലും വിശേഷിപ്പിച്ചത് "നരകത്തിലേക്കുള്ള ചെലവേറിയ ഒരു യാത്രയുടെ അവസാനം" എന്നാണ്.

ബൈഡൻ ഭരണകൂടവും മുൻ ഇറാഖ് ഭരണകൂടവും തമ്മിൽ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ ആരംഭിച്ച ഈ പിന്മാറ്റം, കഴിഞ്ഞ ജൂലൈയിൽ ഇറാഖ് പ്രധാനമന്ത്രി അലി അൽസൈദിയുടെ വൈറ്റ് ഹൗസ് സന്ദർശനവേളയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇനി അവിടെ അമേരിക്കൻ സൈന്യത്തിന്റെ ആവശ്യമില്ലെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. എന്നാൽ വൻ തുകയും ജീവനും നഷ്ടപ്പെടുത്തി നടപ്പാക്കിയ ഒരു ദീർഘകാല അധിനിവേശം അവസാനിപ്പിച്ച് അമേരിക്ക പടിയിറങ്ങുമ്പോൾ, നിലവിലെ പശ്ചിമേഷ്യൻ സാഹചര്യങ്ങൾ കൂടി പരിഗണിക്കുമ്പോൾ ഒട്ടേറെ ചോദ്യങ്ങൾ ബാക്കിയാവുകയാണ്. മാസങ്ങളായി ഇറാനെ ഉപരോധിക്കാൻ മാത്രം നിശ്ചയമെടുത്ത അമേരിക്ക വളരെ തിടുക്കത്തിൽ അയല്പക്കത്തു നിന്നും പിന്മാറുന്നത് പുതിയൊരു യുദ്ധ തന്ത്രമോ അതോ നിർബന്ധിത വിടവാങ്ങാലോ? എന്തുതന്നെയായാലും സമാധാനത്തിനോ സ്ഥിരതയ്ക്കോ പകരം ഇറാൻ പിന്തുണയുള്ള അർദ്ധസൈനിക സായുധ സംഘങ്ങളുടെ ഭീഷണിയിലാണ് ഇറാഖ് ഇപ്പോള്‍ അമർന്നിരിക്കുന്നത് എന്നത് സത്യമാണ്.

ഇറാഖിന്റെ നിലവിലെ ഭരണാധികാരിയായ 41-കാരൻ അലി അൽസൈദി രാഷ്ട്രീയത്തിലോ ഭരണത്തിലോ യാതൊരുവിധ പരിചയവുമില്ലാത്ത ഒരു വ്യവസായിയാണ്. ബാങ്ക്, ഇൻഷൂറൻസ്, മാധ്യമം, നിർമ്മാണം തുടങ്ങിയ മേഖലകളിൽ സംരംഭങ്ങൾ നടത്തുന്ന സൈദിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത് തങ്ങളുടെ താത്പര്യങ്ങൾക്ക് എളുപ്പത്തിൽ വഴങ്ങുന്ന വ്യക്തിയാണെന്ന അമേരിക്കയുടെ കണക്കുകൂട്ടലിലായിരുന്നുവെന്ന് സുവ്യക്തം. മുമ്പ് ഇറാൻ അനുകൂല ഗ്രൂപ്പുകൾക്ക് പണം നൽകിയെന്ന ആരോപണത്തിൽ അമേരിക്കൻ ഉപരോധം നേരിട്ടിട്ടുള്ള വ്യക്തിയാണ് ഇദ്ദേഹമെങ്കിലും പിന്നീട് അമേരിക്ക തന്നെ ഇയാളെ കുറ്റവിമുക്തനാക്കുകയായിരുന്നു. ഭരണപരിചയമില്ലാത്ത ഒരു നേതൃത്വത്തിന് കീഴിൽ ഇറാഖ് ഉഴലുമ്പോള്‍, മറുവശത്ത് ഇറാൻ സഹായത്തോടെ വളർന്നുവന്ന സായുധ സംഘങ്ങൾ രാജ്യത്തിന്റെ ഭരണം തന്നെ തങ്ങളുടെ കൈപ്പിടിയിലാക്കാൻ ശ്രമിക്കുകയാണ്. 

2011-ൽ അമേരിക്കൻ സൈന്യം ഇറാഖിൽ നിന്ന് പൂർണ്ണമായി പിന്മാറിയിരുന്നെങ്കിലും, സിറിയയിൽ നിന്ന് ഇറാഖിലേക്ക് കടന്നുവന്ന സുന്നി തീവ്രവാദ സംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റിനെ (ഐ.എസ്) പ്രതിരോധിക്കാനാണ് യു.എസ് മൂന്ന് വർഷത്തിന് ശേഷം തിരിച്ചെത്തിയത്. ഇറാഖി, സിറിയൻ സേനകളുടെ പങ്കാളിത്തത്തോടെയും അതിശക്തമായ വ്യോമാക്രമണങ്ങളിലൂടെയും ഐ.എസിനെ പരാജയപ്പെടുത്താൻ സാധിച്ചെങ്കിലും അമേരിക്കൻ സൈന്യം അവിടെ നിലയുറപ്പിച്ചു. ഇതേ ഐ. എസിനെ സിറിയയിൽ ബഷാർ അൽഅസദിനെതിരെ പോരാടാൻ അമേരിക്ക സഹായിച്ചുവെന്നത് മറ്റൊരു വിരോധാഭാസം. എന്നാൽ ഈ ഐ.എസ് വിരുദ്ധ പോരാട്ടത്തിന്റെ മറവിൽ മറ്റൊരു വലിയ ഭീഷണി ഇറാഖിൽ വേരുറപ്പിച്ചു കഴിഞ്ഞിരുന്നു. ഐ.എസിനെതിരായ യുദ്ധത്തിൽ ഇറാഖിനെ സഹായിച്ചതിന്റെ പേരിൽ ഉയർന്നുവന്ന ഇറാൻ പിന്തുണയുള്ള നിരവധി ഷിയാ സായുധ സംഘങ്ങൾ ക്രമേണ രാജ്യത്തിന്റെ ഭരണസംവിധാനത്തിന്റെ ഭാഗമായി മാറി. ഇവർ രൂപീകരിച്ച രാഷ്ട്രീയ പാർട്ടികൾ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ വരെ നിർണ്ണായക സ്വാധീനമുള്ള ശക്തികളായി വളർന്നു. അതോടൊപ്പം വിദ്യാഭ്യാസ മന്ത്രാലയം, കസ്റ്റംസ്, നികുതി വകുപ്പുകൾ തുടങ്ങിയ സുപ്രധാന സർക്കാർ ഓഫീസുകളിലെല്ലാം ഇത്തരം സായുധ സംഘങ്ങളിലെ അംഗങ്ങൾ ഉയർന്ന ഉദ്യോഗസ്ഥരായി കടന്നുകൂടുകയും ചെയ്തു.

അമേരിക്കൻ അധിനിവേശത്തെ തുടർന്നുണ്ടായ ആഭ്യന്തര അരാജകത്വമാണ് ഇറാഖിൽ തങ്ങളുടെ സ്വാധീനം വിപുലീകരിക്കാൻ യഥാർത്ഥത്തിൽ ഇറാനു വഴിതുറന്നത്. ഭൂരിഭാഗം ഇറാഖികളും ഷിയാ മുസ്‍ലിംകളാണ് എന്നതും ഇറാനിലെ ഷിയാ ഭൂരിപക്ഷവും കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി. അമേരിക്കൻ സൈന്യത്തെ ഇറാഖിൽ നിന്ന് തുരത്തുക എന്ന ലക്ഷ്യത്തോടെ പോരാടിയ പ്രാദേശിക സംഘങ്ങളെ ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ഏകോപിപ്പിക്കുകയും അവർക്ക് റോക്കറ്റുകളും കവചിത വാഹനങ്ങൾ തകർക്കാനുള്ള സ്ഫോടകവസ്തുക്കളും സൈനിക പരിശീലനവും നൽകുകയും ചെയ്തു. നിലവിൽ അമേരിക്കൻ സൈന്യം പൂർണ്ണമായി മടങ്ങുമ്പോൾ ഇറാഖ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഈ ഇറാൻ അനുകൂല സംഘങ്ങളുടെ അനിയന്ത്രിതമായ വളർച്ച തന്നെയാണ്.

കഴിഞ്ഞ സെപ്റ്റംബർ 30-നകം ഇത്തരം സായുധ സംഘങ്ങളെല്ലാം ആയുധങ്ങൾ താഴെ വെച്ച് പിന്മാറണമെന്ന് പ്രസിഡന്റ് സൈദി നിർദ്ദേശിച്ചിരുന്നുവെങ്കിലും അതൊന്നും പ്രായോഗികമായില്ല എന്നു മാത്രമല്ല, മറിച്ച് പരസ്യമായി തന്നെ അവർ ഭരണകൂടത്തെ എതിർക്കുകയും ചെയ്തു. അമേരിക്കൻ സൈന്യം മടങ്ങുന്നതോടെ ഇത്തരം 'അനാവശ്യ സംഘങ്ങളും' ഇല്ലാതാകണമെന്നായിരുന്നു ഭരണകൂടത്തിന്റെ നിലപാട്. എന്നാൽ, ബലപ്രയോഗത്തിലൂടെ തങ്ങളുടെ ആയുധങ്ങൾ പിടിച്ചെടുക്കാൻ സർക്കാർ ശ്രമിച്ചാൽ അത് നടക്കില്ലെന്നാണ് 'കതാഇബ് സയ്യിദ് അൽശുഹദാ' പോലുള്ള ഭീകര സായുധ സംഘങ്ങൾ പരസ്യമായി പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് തങ്ങൾ ആയുധമേന്തുന്നതെന്ന വാദമുയർത്തി ഇവർ ഭരണകൂടത്തിന്റെ ആവശ്യങ്ങളെ തള്ളിക്കളഞ്ഞു. സർക്കാരിലും പാർലമെന്റിലും അതിശക്തമായ സ്വാധീനമുള്ള ഈ ഗ്രൂപ്പുകളെ തൊടാൻ ധൈര്യമില്ലാതെ ആയുധ നിരാകരണത്തിനുള്ള സമയപരിധി അടുത്ത വർഷത്തേക്ക് നീട്ടിനൽകാൻ ഇറാഖ് ഭരണകൂടം ഇപ്പോൾ ആലോചിച്ചുവരികയാണ്. ഇവയെല്ലാം വിരൽ ചൂണ്ടുന്നത് രണ്ട് പതിറ്റാണ്ട് നീണ്ട അമേരിക്കയുടെ കിരാത ഭരണ വ്യവസ്ഥിതികളിലേക്കാണ്.

രാജ്യത്തിന്റെ സ്വന്തം താത്പര്യങ്ങളേക്കാൾ ഉപരിയായി ഇറാന്റെ അജണ്ടകൾ നടപ്പിലാക്കാനാണ് ഇവിടുത്തെ സായുധ സംഘങ്ങൾ പ്രവർത്തിക്കുന്നത്. ബഗ്ദാദിലെ തെരുവുകളിലും വ്യാപാര സ്ഥാപനങ്ങളിലും വിമാനത്താവളങ്ങളിലും സ്ഥാപിച്ചിരിക്കുന്ന ആയത്തുല്ലാഹ് അലി ഖാംനഇയുടെയും കാസിം സുലൈമാനിയുടെയും കൂറ്റൻ ചിത്രങ്ങളും ബോർഡുകളും ഇറാഖി ഭരണകൂടത്തെ വെല്ലുവിളിക്കുന്ന ഈ വിദേശ ഇടപെടലിന്റെ ആഴം വ്യക്തമാക്കുന്നുണ്ട്. തലസ്ഥാനമായ ബഗ്ദാദിലും സുരക്ഷാ ഭീഷണികൾ അതീവ ഗുരുതരമായി തുടരുകയാണ്. തടവിലായ തങ്ങളുടെ അംഗങ്ങളെ മോചിപ്പിക്കാൻ കതാഇബ് സയ്യിദ് അൽശുഹദായുമായി ബന്ധമുള്ള സായുധ സംഘം അമേരിക്കൻ സ്വതന്ത്ര മാധ്യമപ്രവർത്തകയായ ഷെല്ലി കിറ്റിൽസണെ ബഗ്ദാദിലെ തിരക്കേറിയ തെരുവിൽ വെച്ച് തട്ടിയെടുത്തിരുന്നു. വിദേശ പൗരന്മാർ തട്ടിക്കൊണ്ടുപോകപ്പെടാൻ വലിയ സാധ്യതയുണ്ടെന്ന് ആഴ്ചയിൽ രണ്ടുതവണയെങ്കിലും യു.എസ് എംബസി തങ്ങളുടെ പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പുകൾ നൽകിക്കൊണ്ടിരിക്കുന്നു.

ലോകത്തിലെ അഞ്ചാമത്തെ വലിയ എണ്ണ ഉൽപ്പാദക രാജ്യമായ ഇറാഖിന് സാമ്പത്തിക വളർച്ചയ്ക്കുള്ള സാധ്യതകൾ മുന്നിലുണ്ടെങ്കിലും, തീരാത്ത ആഭ്യന്തര അരക്ഷിതാവസ്ഥ അവരെ ദുരിതത്തിൽ നിന്ന് ദുരിതത്തിലേക്ക് തള്ളിവിടുന്നു എന്നു വേണം പറയാൻ. പുതിയ കഫേകളും വ്യവസായ സ്ഥാപനങ്ങളും ഉയർന്നുവരുന്നുണ്ടെങ്കിലും, അമേരിക്കൻ സൈനിക സാന്നിധ്യം പൂർണ്ണമായും അവസാനിക്കുന്നതോടെ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയും ആഭ്യന്തര യുദ്ധസമാനമായ സാഹചര്യവും വർദ്ധിക്കുമെന്ന ആശങ്കയിൽ രാജ്യം വിടാനുള്ള തയ്യാറെടുപ്പിലാണ് ഇവിടുത്തെ യുവാക്കൾ. അമേരിക്ക തങ്ങളുടെ ലക്ഷ്യങ്ങളൊന്നും നേടാതെയാണ് മടങ്ങുന്നതെന്നും ഇറാഖിന്റെ ഭാവി അഫ്ഗാനിസ്ഥാൻ, യെമൻ, സിറിയ എന്നിവയ്ക്ക് സമാനമായി തകർന്നടിയുമോ എന്നും സാധാരണ ജനങ്ങൾ ഭയപ്പെടുന്നു. ഇറാൻ അനുകൂല ഗ്രൂപ്പുകളുടെ പിടിമുറുക്കലും തുടരുന്ന വിദേശ ഇടപെടലുകളും ഇറാഖിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വലിയൊരു ചോദ്യചിഹ്നമായി തുടരുകയാണ്.

About The Author:

വല്ലപ്പുഴ ദാറുന്നജാത് കോളേജ് ഡിഗ്രി ആദ്യവർഷവിദ്യാർത്ഥിയാണ് ലേഖകന്‍. ഇസ്‍ലാമിക സംസ്കാരം, ഇസ്‍ലാമിക രാഷ്ട്രമീമാംസ, ലോക ചരിത്രം, ആഗോളരാഷ്ട്രീയം എന്നിവയാണ് തൽപര മേഖലകൾ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter