ഫിത്റ് സകാത്ത് നാട്ടിൽ ഏൽപിച്ചാൽ അവിടെ മാസം കാണുന്നത് ഒരു ദിവസം കഴിഞ്ഞാണെങ്കിൽ വൈകി എന്ന തെറ്റ് സംഭവിക്കുമോ
ചോദ്യകർത്താവ്
Muhammad
Jun 2, 2019
CODE :Fiq9303
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ഫിത്ര്‍ സകാത്ത് മാസം കാണുമ്പോള്‍ ഉടമയുള്ള (സകാത്ത് കൊടുക്കുന്ന ആള്‍ ഉള്ള) സ്ഥലത്ത് അവകാശികളുണ്ടെങ്കില്‍ അവര്‍ക്ക് കൊടുക്കാതെ മറ്റൊരു സ്ഥലത്ത് അത് കൊടുക്കാന്‍ പാടില്ലെന്നും അങ്ങനെ കൊടുത്താല്‍ വീടില്ലെന്നുമാണ് പ്രബലമായ അഭിപ്രായം. ഒരു നാട്ടില്‍ ഫിത്ര്‍ സകാത്ത് നല്‍കാന്‍ അവകാശികളില്ലെങ്കില്‍ തൊട്ടടുത്ത നാട്ടിലാണ് കൊടുക്കേണ്ടത്. എന്നാല്‍ മദ്ഹബിലെ രണ്ടാമത്തെ അഭിപ്രായമനുസരിച്ച് മറ്റൊരു നാട്ടിലേക്ക് മാറ്റാം (മഹല്ലീ, ഖല്‍യൂബീ, അമീറ, ജമല്‍). ഈ അഭിപ്രായമനുസരിച്ച് ആരെങ്കിലും നാട്ടില്‍ കൊടുക്കാനേല്‍പ്പിക്കുകകയാണെങ്കില്‍ അയാളുടെ (ഉടമയുടെ) പെരുന്നാള്‍ ദിവസം കഴിയുന്നതിന് മുമ്പ് അത് അവകാശികള്‍ക്ക് വകീല്‍ എത്തിച്ചു കൊടുത്തുവെന്ന് ഉറപ്പു വരുത്തല്‍ നിര്‍ബ്ബന്ധമാണ്. കാരണം കൂടാതെ നാട്ടില്‍ അത് പിറ്റേ ദിവസത്തേക്ക് പിന്തിക്കാന്‍ പാടില്ല. കാരണം അയാള്‍ക്ക് ഫിത്ര്‍ സകാത്ത് നിര്‍ബ്ബന്ധമാകുന്നത് അയാളുടെ നാട്ടില്‍ മാസം കാണുമ്പോഴാണ്. ഫിത്വര്‍ സകാത്ത് കൊടുത്തു വീട്ടല്‍ ഉത്തമമായ സമയം അയാള്‍ പെരുന്നാള്‍ നിസ്കാരത്തിന് പോകുന്നതിന് മുമ്പും, കറാഹത്തായ സമയം അയാള്‍ പെരുന്നാള്‍ നിസ്കരിച്ചതിന് ശേഷവും, ഹറാമാകുന്ന സമയം (അവകാശികളെ കിട്ടാതിരിക്കുക, അടുത്ത ബന്ധുവോ മറ്റോ ആയ അവകാശിയെ കാത്തിരിക്കുക തുടങ്ങിയ) കാരണം കൂടാതെ അയാളുടെ പെരുന്നാള്‍ ദിവസത്തേക്കാള്‍ അത് പിന്തിക്കുമ്പോഴുമാണല്ലോ. والله أعلم بالصواب .
അതു പോലെ വകാലത്തിന്റെ നിബന്ധനകള്‍ കര്‍ക്കശമായി പാലിച്ചു കൊണ്ട് സകാത്ത് കൊടുക്കാന്‍ മറ്റൊരാളെ ഏല്‍പ്പിക്കാമെങ്കിലും അവകാശികളെ കണ്ടെത്തി അവര്‍ക്ക് നേരിട്ട് തന്നെ കൊടുക്കാനാണ് ഇസ്ലാം പ്രേരിപ്പിക്കുന്നത്, എന്നാലേ യഥാര്‍ത്ഥ അവകാശിക്ക് തന്നെ സകാത്ത് എത്തിയെന്ന് ഉടമക്ക് ഉറപ്പാകുകയുള്ളൂ (കിതാബുല്‍ ഉമ്മ്).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.
 
 


 
            
                         
                                     
                                     
                                     
                                     
                                     
                                    