വിഷയം: Drop shipping
Drop Shipping ഹലാലായ ബിസിനസ് രീതിയാണോ. ഇതു സംബന്ധിച്ച അനുവദനീയ രൂപങ്ങൾ വിശദീകരിക്കാമോ.
ചോദ്യകർത്താവ്
Al ameen
Dec 16, 2025
CODE :Fin15969
അല്ലാഹുവിന്റെ തിരു നാമത്തിൽ, അവനെത്ര സർവ്വസ്തുതിയും; തിരുദൂതരുടെയും കുടുംബത്തിന്റെയും മേൽ നാഥന്റെ അനുഗ്രഹങ്ങൾ സദാ വർഷിക്കുമാറാകട്ടെ.
സമീപ കാലത്ത് പ്രചാരം നേടിയ പുതിയ ഓൺലൈൻ ബിസിനസ് രീതിയാണ് Drop shipping എന്നത്. ഒരു വ്യക്തി ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഒരു സ്റ്റോർ (Shopyfy, Amazon പോലെയുള്ളവ ഉദാഹരണം) ആരംഭിക്കുകയും, അതുവഴി വില്പനയ്ക്ക് വെക്കുന്ന സാധനങ്ങൾ (വില സഹിതം) ലിസ്റ്റ് ഔട്ട് ചെയ്ത്, കസ്റ്റമറുടെ ഓർഡറിനനുസരിച്ച് മൂന്നാമതൊരു സപ്ലൈയറിൽ നിന്നും (Wholesaler/Manufacturer) കസ്റ്റമറിലേക്ക് നേരിട്ടത്തിക്കുന്ന വ്യവഹാര രീതിയാണ് ചുരുക്കത്തിൽ Drop Shipping.
തന്റെ പക്കലുള്ള ചരക്കുകൾ സ്റ്റോക്ക് ചെയ്തു വിൽക്കുന്ന സാധാരണ ബിസിനസ് രീതികൾക്ക് പകരം, കച്ചവടക്കാരന്റെ ഉടമസ്ഥതയിലോ കൈവശമോ ഇല്ലാത്ത, ഉൽപന്നങ്ങൾ സ്റ്റോക്കിൽ സൂക്ഷിക്കാതെ, വിൽക്കുന്ന ഓൺലൈൻ ബിസിനസ് രീതിയാണ് Drop shipping. ഇക്കാലത്ത് ഏറെ പ്രചാരത്തിലുള്ള ഈ ഓൺലൈൻ ഇടപാടിലെ വേഗതയും എളുപ്പവും അപകടസാധ്യത കുറവായതും കാരണം അത് ജനങ്ങളുടെ നിത്യജീവിതത്തിന്റ ഭാഗമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്.
ഡ്രോപ്പ്ഷിപ്പിങ്ങിൽ ഒരാൾ (ഇടപാടുകാരൻ) ഒരു വെബ്‌സൈറ്റ് സൃഷ്ടിച്ച് അത് വഴിയോ Shopify, Amazon, eBay പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ ഉൽപ്പന്നങ്ങൾ ലിസ്റ്റ് ചെയ്തോ ഉപഭോക്താക്കളെ ആകർഷിക്കുന്നു. ഡ്രോപ്ഷിപ്പിങ് സേവനങ്ങൾ നൽകുന്ന നിർമ്മാതാവുമായോ, മൊത്തക്കച്ചവടക്കാരനുമായോ അല്ലെങ്കിൽ വിതരണക്കാരനുമായോ (ഉദാഹരണത്തിന് അലിബാബാ, അലിഎക്സ്പ്രസ്, സിജെ ഡ്രോപ്പ്ഷിപ്പിംഗ്, അല്ലെങ്കിൽ പ്രാദേശിക മൊത്തക്കച്ചവടക്കാർ) അവരുടെ ഉൽപ്പന്നങ്ങൾ കച്ചവടമാക്കിക്കൊടുന്ന കാര്യത്തിൽ അദ്ദേഹം (ഇടപാടുകാരൻ) നേരത്തേ ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിൽ അവരുടെ ഉൽപ്പന്നങ്ങളാണ് ലിസ്റ്റ് ചെയ്യുന്നത്.
തന്റെ സ്റ്റോറിൽ ലിസ്റ്റ് ചെയ്യപ്പെട്ട ഉൽപ്പന്നങ്ങൾ ആരെങ്കിലും ഓർഡർ ചെയ്ത് പണം അടച്ചാൽ അദ്ദേഹം ആ ഓർഡറും അതിന് ധാരണയായ വിലയും ഉപോഭോക്താവിന്റെ അഡ്രസും നിർമ്മാതാവിന്/ വിതരണക്കാരന് കൈമാറുകയും അവർ അദ്ദേഹത്തിന്റെ ബിസിനസിന്റെ പേരിൽ ആ ഉൽപന്നം ഉപഭോക്താവിന് കൈമാറുകയും ചെയ്യുന്നു. അദ്ദേഹം (ഇടപാടുകാരൻ) ഉപഭോക്താവിൽ നിന്ന് ഈടാക്കിയ വിലയും നിർമ്മാതാവിന്/ വിതരണക്കാരന് നൽകിയ വിലയും തമ്മിലുള്ള വ്യത്യാസമാണ് അദ്ദേഹത്തിന്റെ ലാഭം.
തന്റെ ഉടമസ്ഥതയിലോ കൈവശമോ ഇല്ലാത്ത വസ്തു വിൽക്കുന്നു, ഇരട്ട വില നിശ്ചയിക്കുന്നു, കാണാത്ത വസ്തു വിൽപനക്ക് വെക്കുന്നു, വഞ്ചനക്കും ചൂഷണത്തിനും സാധ്യതയേറെ തുടങ്ങിയ ആരോപണങ്ങൾ നേരടിമ്പോൾ തന്നെ ഇന്ന് പ്രചാരത്തിലുള്ള ഡ്രോപ്പ് ഷിപ്പിങ്ങ് ഇടപാടുകളിൽ ഓരോന്നും വ്യത്യസ്തമായി അപഗ്രഥിക്കുമ്പോൾ ചിലത് ഹലാലായ ഇടപാടും ചിലത് ഹറാമായ ഇടപാടും ആയി വിലിയിരുത്താൻ സാധിക്കും എന്നതാണ് വസ്തുത.
ഡ്രോപ്പ് ഷിപ്പിങ്ങ് എന്ന ഇടപാട് ഇസ്ലാമിക കർമ്മശാസ്ത്ര പ്രകാരം സാധുവാണോ എന്ന് പരിശോധിക്കുന്നതിൽ പല കാര്യങ്ങൾ പരിഗണനീയമാണ്, അതിൽ പെട്ട ചില കാര്യങ്ങൾ നമുക്ക് പരിശോധിക്കാം.
1. ഈ ഇടപാട് അനുവദനീയമായ ‘സലം’ കച്ചവടത്തിന്റെ പരിധിയിൽ വരുമോയെന്നുള്ളതാണ്. വില്പനവില മുൻകൂർ അടക്കുകയും തന്റെ ഉത്തരവാദിത്തത്തിൽ കൃത്യമായ വിവരങ്ങൾ നൽകപ്പെട്ട വിൽപന വസ്തു (Described in Obligation – موصوف في الذمة) നിശ്ചിത സമയത്ത് പിന്നീട് കൈമാറുകയും ചെയ്യുന്ന ഇടപാടാണ് ‘സലം’. നിബന്ധനകൾക്ക് വിധേയമായി നിലവിൽ ഉടമസ്ഥതയിൽ ഇല്ലാത്ത ഉല്പന്നങ്ങൾ ഇങ്ങനെ വിൽക്കാവുന്നതാണ്. അഥവാ ഉൽപ്പന്നെത്തെക്കുറിച്ച് കൃത്യവും സത്യസന്ധവുമായ വിവരം (തന്റെ വെബ്സൈറ്റ് വഴിയോ ഇതര ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമുകൾ വഴിയോ) ഉപഭോക്താവിന് കൈമാറുകയും അതിന്റെ അടിസ്ഥാനത്തിൽ ഇടപാട് സമയത്ത് മുൻകൂറായി പണം അടക്കുകയും ഇടപാടിൽ പറയപ്പെട്ട സ്പെസിഫിക്കേഷനുള്ള അതേ ഉൽപന്നം ധാരണാ കാലയളവിൽ തന്നെ സപ്ലയർ/ മാനുഫാക്ചറർ വഴി ഉപഭോക്താവിന് എത്തിക്കുകയും ചെയ്യുക. ഡ്രോപ്പ് ഷിപ്പിങ്ങിൽ ‘സല’മിന്റെ നിബന്ധനകൾ കൃത്യമായി പാലിക്കുന്നുണ്ടെങ്കിൽ ഈ രണ്ടു രൂപത്തിലും ആ ഇടപാട് ഇസ്ലാം അനുവദിച്ച ‘സലം’ കച്ചവടത്തിന്റെ പരിധിയിൽ വരുന്നതായി കാണാം. പൊതുവെ ഡ്രോപ്പ്ഷിപ്പിംഗ് ഈ രൂപത്തിലാണ് നടക്കുന്നത്. ഇവിടെ ‘സലം’ ഇടപാടിന്റെ നിബന്ധനകൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ഡ്രോപ്പ്ഷിപ്പിംഗ് സ്ഥാപനം\വ്യക്തിയാണ് ഉത്പന്നവുമായി ബന്ധപ്പെട്ട ഉപഭോക്താവിന്റെ മുമ്പിൽ ഉത്തരവാദി.ഉദാഹരണത്തിന് പൂർണ്ണമായ എല്ലാ സ്പെക്യിഫിക്കേഷനും വ്യക്തമാക്കപ്പെട്ട പുതിയ മൊബൈൽ ഫോണുകൾ ഈ രൂപത്തിൽ വിൽപന നടത്താവുന്നതാണ്. നിർണിത ഉത്പന്നങ്ങൾ (Identified unique items) ഈ ഇടപാടിന്റെ പരിധിയിൽ വിൽക്കാൻ പറ്റില്ല. ഉദാഹരണമായി ഉപയോഗിച്ച ഫോൺ അല്ലെങ്കിൽ പുസ്തകം നിർണിതമായ ഒന്നാണ്. കൃത്യമായ വിവരങ്ങൾ നൽകിയത് കൊണ്ട് മാത്രം അതിന്റെ നിലവിലുള്ള അവസ്ഥ മനസ്സിലാക്കാൻ ഉപഭോക്താവിന് കഴിയില്ല.
വിൽപന വസ്തു കാലാവധി നിശ്ചയിച്ച് പിന്നീട് കൈമാറുന്നതാണ് സലം ഇടപാടിന്റെ പൊതുരൂപമെങ്കിലും ഇടപാട് സദസ്സിൽ വെച്ച് തന്നെ ഉൽപ്പന്നം കൈമാറുന്ന രീതിയിലും സലം ഇടപാട് നടത്താമെന്നാണ് ‘ശാഫിഈ’ മദ്ഹബിന്റെ നിലപാട്.
2. ഈ ഇടപാട് നടത്തുന്നവൻ നിർമ്മാതാവിന്റെ/ വിതരണക്കാരന്റെ വകീൽ ആയി ഇടപാട് നടത്തുന്നോ എന്നുള്ളതാണ്. അഥവാ മാനുഫാക്ചറർ/സപ്ലയർ/ഹോൽസെയിലർ തങ്ങളുടെ ഉൽപന്നങ്ങൾ വിൽക്കാനുള്ള ഏജൻസിയായി ഇടപാടുകാരനെ നിശ്ചയിക്കുകയും അവർ തമ്മിലെ വകാലത്ത് വ്യവസ്ഥകൾക്ക് വിധേയമായി ഉപഭോക്താവിനെ കണ്ടെത്തി ഓർഡർ വാങ്ങി പേയ്മെന്റ് സ്വീകരിച്ച് പറഞ്ഞ വസ്തു ഉപഭോക്താവിന് എത്തിച്ചു കൊടുക്കാൻ സംവിധാനമൊരുക്കുന്നു. ഇവിടെ വകീൽ ഫീസ് ഓരോ ഉൽപന്നത്തിന്റേയും വിലയുടെ ഇത്ര ശതമാനമെന്നോ മറ്റോ നിശ്ചിയിക്കുന്നു. അതിനനുസരിച്ചുള്ള റേറ്റ് കൊടുത്ത് ഉൽപന്നം ലിസ്റ്റ് ചെയ്യുന്നു. ഈ രീതിയിൽ ഇടപാട് നടക്കുന്നുവെങ്കിൽ അത് ഇസ്ലാം അനുവദിച്ച വകാലത്തിന്റെ പരിധിയിൽ വരുന്നതായി കാണാം.
3. ഈ ഇടപാട് നടത്തുന്നവൻ ഉപഭോക്താവിന്റെ വകീൽ (പകരക്കാരൻ) ആയി ഇടപാട് നടത്തുന്നോ എന്നുള്ളതാണ്. അഥവാ ഇന്ന ഉൽപന്നം ഇന്ന നിർമ്മാതാവിന്റെ/ വിതരണക്കാരന്റെ പക്കൽ ഉണ്ട്. അത് ഇന്ന സ്പെസിഫിക്കേഷൻ ഉള്ളതാണെന്ന് ഞാൻ ഉറപ്പ് വരുത്തിയിട്ടുണ്ട്. നീ ഓർഡർ ചെയ്ത് ഇത്ര പണം അയച്ചു തന്നാൽ നിനക്ക് വേണ്ടി ആ ഉൽപന്നം അവരിൽ നിന്ന് വാങ്ങി എത്തിച്ചു തരാൻ ഞാൻ സംവിധാനം ഏർപ്പെടുത്താം. ഇതിൽ എന്റെ (സർവ്വീസ് ചാർജ്ജ്) അധ്വാനത്തിനുള്ള കൂലി (ഉദാ. ഹോൾസെയിൽ വിലയോട്) ഇത്ര ശതമാനം കൂടി ചേർത്താണ് നിനക്ക് വില നിശ്ചയിക്കുന്നത് എന്നാലും അത് മാർക്കറ്റ് വിലയേക്കാൾ കുറവായിരിക്കും.... ഈ വിഷയത്തിൽ അവർ രണ്ടു പേരും തമ്മിൽ ധാരണായി അതനുസരിച്ച് സത്യസന്ധമായി ആ ഇടപാട് അത് ഇസ്ലാം അനുവദിച്ച വകാലത്തിന്റെ പരിധിയിൽ വരുന്നതായി കാണാം.
4. അത് പോലെ പ്രോഡക്ട് വൈസായിട്ട് കമ്മീഷൻ വ്യവസ്ഥയിലും ഈ ഇടപാട് നടത്തപ്പെടാം. ഇതും വകാലത്തിന്റെ പരിധിയിൽ വരും. വകാലത്ത് ഇടപാടുകളിൽ നിർണിത ഉത്പന്നങ്ങൾ വിൽക്കാവുന്നതാണ്. ഉത്പന്നത്തിന്റെ ഉത്തരവാദിത്തം അതിന്റെ ഉടമസ്ഥനായിരിക്കും.
5. സാധ്യമായ മറ്റൊരു രൂപം ‘ഇസ്തിസ്നാഅ്’ ആണ്. നിലവില്ലാത്ത ഉത്പന്നങ്ങൾ നിർമിക്കാൻ ഓർഡർ നൽകുന്ന ഇടപാടാണിത്. തന്റെ ആവശ്യങ്ങൾക്ക് അനുസരിച്ച് ഒരുക്കുന്ന വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഫർണിച്ചർ, പോലോത്തവ ഈ ഗണത്തിൽ വരും. ഡ്രോപ്പ്ഷിപ്പർ ഉപഭോക്താവിൽ നിന്ന് ഓർഡർ സ്വീകരിച്ചതിന് ശേഷം അതേ ഓർഡർ സമാന്തരമായി മറ്റൊരു സ്ഥാപനത്തിനു/വ്യക്തിക്ക് കൈമാറുന്നു. ഇവിടെ “സലം” ഇടപ്പാടിലുള്ളത് പോലെ പണം മുഴുവൻ മുൻകൂറായി നൽകേണ്ടതില്ല. അവർ തമ്മിലുള്ള ധാരണ അനുസരിച്ച് നൽകിയാൽ മതിയാകും. ഉത്പന്നത്തിന് സംഭവിക്കുന്ന ന്യൂനതകൾക്ക് ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം ഉത്തരവാദി ഇവിടെ ഡ്രോപ്പ്ഷിപ്പിംഗ് നൽകുന്ന വ്യക്തി/സ്ഥാപനമാണ്.
6. ഈ ഇടപാട് അനുവദീയമായ സാധാരണ വില്പന (മുസാവമ) ഇടപാടിന്റെ പരിധിയിൽ വരുമോയെന്നുള്ളതാണ്. അങ്ങനെ വരണമെങ്കിൽ ആദ്യം തന്നെ ആ ഉല്പന്നങ്ങൾ ഡ്രോപ്പ്ഷിപ്പ് ചെയ്യുന്ന വ്യക്തി/സ്ഥാപനം മുൻകൂട്ടി വാങ്ങി തന്റെ ഉടമസ്ഥവാകശത്തിലേക്ക് കൊണ്ടുവരണം. തന്റെ ഉടമസ്ഥഅവകാശത്തിലുള്ള ഉല്പ്പന്നങ്ങൾ വിതരണക്കാരന്റെയോ നിർമാതാവിന്റെയോ വെയർഹൌസുകളിൽ സൂക്ഷിച്ച് അവിടെ നിന്ന് ഉപഭോക്താക്കൾക്ക് കൈമാറാവുന്നതാണ്. പക്ഷേ നിയമപരമായി അതിന്റെ ഉടമസ്ഥാവാകാശം ഡ്രോപ്പ്ഷിപ്പറുടെ പേരിലേക്ക് മാറ്റിയിരിക്കണം. അതിലൂടെ നിയമപരമായി “കൈമാറ്റം” (ഖബ്ദ്) പൂർത്തിയതായി കണക്കാണുന്നതിനാൽ കൈമാറ്റം പൂർത്തിയാക്കുന്നതിന് മുമ്പ് വിൽപന നടത്തുന്നു എന്ന പ്രശ്നം ഇവിടെ ഉദിക്കുന്നില്ല. നിർണിത ഉത്പന്നങ്ങളാണ് ഈ രീതിയിൽ വിൽക്കുന്നതെങ്കില് അതുമായി ബന്ധപ്പെട്ട നിയമങ്ങളും പാലിക്കണം.
ഇവിടെയൊന്നും ഉൽപന്നം വിൽക്കാൻ ആ വസ്തു ഇടപാടുകാരന്റെ ഉടമസ്ഥതയിൽ വേണമെന്നില്ല. അത് പോലെത്തന്നെ ഇടപാട് നടക്കുന്ന വേദി എന്നത് ഇന്നത്തെ കാലത്ത് ഫിസിക്കൽ മജ്ലിസിനേക്കാൾ ഡിജിറ്റൽ മജ്ലിസം ഇടപാട് വസ്തുക്കളുടെ കൈമാറ്റം ഫിസിക്കൾ എന്നതിനേക്കാൾ ഡിജിറ്റൽ ഹാന്റ ഓവർ/ ഓൺലൈൻ ഡെലിവറി എന്ന അവസ്ഥിയിലേക്ക് മാറുകയും ഉർഫ് അതിനെ ഫിസിക്കൽ മജ്ലിസ്/ ഹാന്റ് ഓവർ/ഖബ്ള് പോലെയോ അതിനേക്കാൾ കൃത്യവും വ്യവസ്ഥാപിതവുമായ ഇടപാട് രീതിയായോ അംഗീകരിച്ച് സാധാരണ സമ്പ്രദായമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന വസ്തുത നിലനിൽക്കുന്നു.
എന്നാൽ, മുകളിൽ പറയപ്പെട്ടത് പോലുള്ള അനുവദീയമായ രീതികളിലല്ല ഡ്രോപ്പ് ഷിപ്പിങ് ഇടപാട് നടക്കുന്നതെങ്കിൽ അതിൽ ചതിയും ചൂഷണവും വരാൻ സാധ്യതയുണ്ട് എന്നതിനാൽ അത് നിഷിദ്ധമാണ്. അഥവാ, തന്റെ ഉടമസ്ഥതയിലില്ലാത്തതും തനിക്ക് വ്യക്തമായി അറിയാത്തതും മറ്റൊരാളുടേതാണെങ്കിൽ അത് വിൽക്കുന്ന കാര്യത്തിൽ അയാളുമായി വിൽപനയിൽ വ്യക്തമായ ധാരണയോ ആ ഉൽപന്നത്തെക്കുറിച്ച് വ്യക്തമായ അറിവോ ഒന്നും തന്നെ ഇല്ലാത്തതും ആയ ഉൽപ്പന്നം ലിസ്റ്റ് ചെയ്ത് ഓർഡർ സ്വീകരിച്ച് പണം വാങ്ങി എന്നിട്ട് ആ വസ്തു എവിടെ നിന്നെങ്കിലും വാങ്ങിക്കൊടുക്കാൻ ശ്രമിക്കുമ്പോൾ ഉപഭോക്താവിന് തന്റെ വെബ്സൈറ്റിൽ/ഷോപ്പിങ് പ്ലാറ്റ്ഫോമിൽ കാണപ്പെട്ട/പറയപ്പെട്ട അതേ ഉൽപ്പന്നം പറഞ്ഞ സമയത്ത് എത്തിച്ചു കൊടുക്കാൻ കഴിയണമെന്നില്ല. അത് പോലെ ലിസ്റ്റ് ചെയ്യപ്പട്ട ഉൽപ്പന്നം ഒരു പക്ഷേ ഇടപാടുകാരന്റെ കൈവശം ഇല്ലാത്തതാകാം അതോടൊപ്പം അതിൽ വിൽപ്പന നടത്താൻ അതിന്റെ ഉടമ/ വിതരണക്കാരൻ അധികാരപ്പെടുത്താത്തതുമാകാം. അതുപോലെ കയ്യിലെത്തിയ വസ്തു ന്യൂനതയുള്ളതോ കേടുപാടുകൾ സംഭവിച്ചതോ ലിസ്റ്റ് ചെയ്യപ്പെട്ട മേന്മയില്ലാത്തതോ ആണെങ്കിൽ തിരിച്ചയക്കാനോ നഷ്ടപരിഹാരം ലഭിക്കാനോ വഴികളുണ്ടാകാത്ത അനിശ്ചിതത്തം ഉണ്ടാകാം...... ഇങ്ങനെ പറ്റിക്കപ്പെടുന്ന സംഭവങ്ങൾ ഡ്രോപ്പ് ഷിപ്പിങ്ങിൽ നിരവധി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
ഈ രീതിയിൽ ഇടപാടിലെ ഏതെങ്കിലും ഒരു കക്ഷിയുടെ ഭാഗത്ത് നിന്ന് വഞ്ചനയോ ചൂഷണമോ സംഭവിക്കാവുന്ന ഏത് ഇടപാടും ഇസ്ലാം നിഷിദ്ധമാക്കിയിട്ടുണ്ട്, അത്തരം ഡ്രോപ്പ് ഷിപ്പിങ്ങും ഇസ്ലാം അനുവദനീയമാകില്ല.
ഹകീം ബിൻ ഹിസാം (റ)വിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു: “ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഒരാൾ വന്ന് എന്റെ പക്കലില്ലാത്ത സാധനം അയാൾക്ക് വിൽക്കണമണെന്ന് ആവശ്യപ്പെടുന്നു: “ഞാൻ അയാൾക്ക് ആ വസ്തു വിറ്റതായി കണക്കാക്കി അതിന്റെ കാശ് വാങ്ങിയട്ട് പിന്നെ അങ്ങാടിയിൽ പോയി അയാൾക്ക് വേണ്ടി അതേ വസ്തു വാങ്ങണമെന്നാണ് പറയുന്നത്”. അപ്പോൾ നബി (സ്വ) പ്രതിവചിച്ചു: “താങ്കളുടെ കൈവശം ഇല്ലാത്തത് താങ്കൾ കച്ചവടം ചെയ്യരുത്” (തിർമിദി, അബൂദാവൂദ്, നസാഈ, ഇബ്നു മാജ്ജ). ഈ ഹദീസ് സ്വഹീഹാണ് (ശറഹുൽ മുഹദ്ദബ്).
ഈ ഹദീസ് റിപ്പോർട്ട് ചെയ്ത ജാമിഉത്തിർമിദിയുടെ ശർഹിൽ പറയുന്നു: "ഒരു മനുഷ്യന് ഉടമസ്ഥാവകാശം ഇല്ലാത്തതോ തനിക്ക് വിൽപനക്ക് സാധിക്കുന്ന അധികാര പരിധിയിൽ പെടാത്തതോ ആയ വസ്തു കച്ചവടം ചെയ്യരുത് എന്നതിന് തെളിവാണ് ഈ ഹദീസ്" (തുഹ്ഫതുൽ അഹ് വദി)
എന്നാൽ ഈ ഹദീസിലെ നിരോധനം 'സലം' കച്ചവടത്തിന് ബാധകമല്ല. കാരണം, സലം കച്ചവടം എന്നത് ഒരു നിശ്ചിത ഗുണവിശേഷണമുള്ള (Description) വസ്തു ഭാവിയിൽ നൽകാമെന്ന ഉത്തരവാദിത്തത്തിൽ (Liability) വിൽക്കുന്നതാണ്. എന്നാൽ വിലക്കപ്പെട്ട 'കൈവശമില്ലാത്തവയുടെ വിൽപ്പന' എന്നത് വിൽപ്പനക്കാരന്റെ ഉടമസ്ഥതയിലില്ലാത്ത ഒരു പ്രത്യേക വസ്തുവിനെ (Specific unique Item) വിൽക്കുന്നതാണ്.
ഇമാം ഷാഫി (റ) തന്റെ 'ഇഖ്തിലാഫുൽ ഹദീസ്' എന്ന ഗ്രന്ഥത്തിൽ ഈ രണ്ട് കാര്യങ്ങളും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ഇപ്രകാരം പറയുന്നു:
"ഹകീം ബിൻ ഹിസാമിന്റെ ഹദീസിനെ സംബന്ധിച്ചിടത്തോളം -അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ—അദ്ദേഹത്തിന്റെ ഉടമസ്ഥതയിലില്ലാത്ത ഒരു പ്രത്യേക വസ്തു (Specific unique Item) വിൽക്കുന്നതിനെയാണ് നബി ﷺ വിലക്കിയത്. ഇതിന് തെളിവായി ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്ത അബൂ മിൻഹാലിന്റെ ഹദീസ് കാണാം: ഈത്തപ്പഴം രണ്ട് വർഷത്തേക്കോ മൂന്ന് വർഷത്തേക്കോ മുൻകൂർ പണമടച്ച് വാങ്ങുന്നവരോട് നിശ്ചിത അളവിലും തൂക്കത്തിലും അത് ചെയ്യാൻ നബി ﷺ കൽപ്പിച്ചു. ഇതും യഥാർത്ഥത്തിൽ ഒരാളുടെ പക്കലില്ലാത്ത വസ്തുവിന്റെ വിൽപ്പനയാണ്. പക്ഷേ, ഇത് ഗുണവിശേഷണങ്ങൾ നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവാദിത്തത്തിലുള്ള വിൽപ്പനയാണ് (Sale of a described liability). അത് ഹാജരാക്കിയാൽ വാങ്ങുന്നയാൾ അത് സ്വീകരിക്കാൻ ബാധ്യസ്ഥനാണ്. മറിച്ച്, ഇത് ഒരു നിശ്ചിത വസ്തുവിന്റെ (Sale of a specific item) വിൽപ്പനയല്ല. “
ചുരുക്കത്തിൽ മുകളിൽ സൂചിപ്പിച്ചത് പോലെ സലം, വകാല, ഇസ്തിസ്നാഅ രൂപങ്ങളിൽ ഡ്രോപ്പ്ഷിപ്പിംഗ് അനുവദിനീയമായ രൂപത്തിൽ ചെയ്യാവുന്നതാണ്. ഓരോ രൂപത്തിന്റെയും നിബന്ധനകൾ മനസ്സിലാക്കി അവ മുകളിൽ പറയപ്പെട്ടത് പോലുള്ള ശർഇന്റെ മാനധണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
വസ്തുതകളെ വസ്തുതകളായി മനസ്സിലാക്കാനും സാമ്പത്തിക ക്രയവിക്രയങ്ങളിൽ വിശുദ്ധി പാലിച്ച് നമ്മുടെ രിസ്ഖ് ഹലാലായി നിലനിർത്താനും അല്ലാഹു അനുഗ്രഹിക്കട്ടേ.. ആമീൻ


