വിഷയം: ശുദ്ധി
തിങ്കളാഴച്ച ഫ്ലക്സ് ഒട്ടിക്കുന്ന സൂപ്പർ ഗ്ലൂ പോലോത്ത പശ നഖത്തിലാവുകയും അത് ശ്രദ്ധയിൽ പെടാതെ ഫർള് / സുന്നത് നിസ്കരിക്കുകയും വലിയ അശുദ്ധികാരനായി കുളിക്കുകയും പള്ളിയിൽ ജമാഅത്തിന് പങ്കെടുക്കുകയും വ്യാഴം, വെള്ളി റമളാൻ നോമ്പ് നോൽക്കുകയും ചെയ്തു വെള്ളിയാഴ്ച ജുമുഅയുടെ നേരത്താണ് നഖത്തിൽ പശ കാണുന്നത്. ഉടൻ പശ നീക്കം ചെയ്തു വുളു എടുത്തു ജുമുഅ നിസ്കരിച്ചു. ഈ വിഷയത്തിൽ എന്താണ് ചെയ്യേണ്ടത് ?
ചോദ്യകർത്താവ്
Jas
Feb 20, 2026
CODE :Fat16098
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
സൂപ്പർ ഗ്ലൂ പോലോത്ത വെള്ളം ഒട്ടും ഉള്ളിലേക്ക് കടത്തിവിടാത്ത വല്ല വല്തുവും വുളൂഅ് ചെയ്യുമ്പോഴോ വലിയ അശുദ്ധിയിൽ നിന്ന് കുളിക്കുമ്പോഴോ നഖത്തിന്‍റെ ഏതെങ്കിലും ഒരു ഭാഗത്ത് പറ്റി പിടിച്ചിട്ടുണ്ടെങ്കിൽ ആ വുളൂഉം കുളിയും ശരിയാകില്ല. അതിനാൽ വലിയ അശുദ്ധിയിൽ നിന്നുള്ള കുളി പൂർണ്ണമാകാത്തതിനാൽ താങ്കൾ അപ്പോഴും 'ജുനുബ്' (വലിയ അശുദ്ധിയുള്ള ആൾ) ആയിത്തന്നെ തുടരുന്നു.
വലിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാകാതെ ചെയ്ത ഫർള്, സുന്നത്ത് നിസ്കാരങ്ങളും ജമാഅത്തുകളും എല്ലാം ബാത്വിലാണ് (അസാധുമാണ്). അതിനാൽ തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച ജുമുഅ വരെ നിർവ്വഹിച്ച എല്ലാ ഫർള് നിസ്കാരങ്ങളും താങ്കൾ മടക്കി നിസ്കരിക്കേണ്ടതുണ്ട് (ഖളാഅ് വീട്ടണം).
താങ്കളുടെ വ്യാഴം, വെള്ളി ദിവസങ്ങളിലെ നോമ്പുകൾ സ്വഹീഹുമാണ് (ശരിയാണ്). കാരണം, നോമ്പ് ശരിയാകാൻ വലിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാകൽ ഒരു നിബന്ധനയല്ല. ഒരാൾ വലിയ അശുദ്ധിയോടെ പുലർച്ചെയായാലും അയാളുടെ നോമ്പ് മുറിയില്ല. കുളിക്കാൻ വൈകിയത് കൊണ്ട് നിസ്കാരം നഷ്ടപ്പെടുമെന്നല്ലാതെ നോമ്പിനെ അത് ബാധിക്കില്ല.
വലിയ അശുദ്ധിയുള്ളവർ പള്ളിയിൽ ഇരിക്കുന്നത് (മകസ്) നിഷിദ്ധമാണ്. എന്നാൽ താങ്കൾ പശയുള്ള കാര്യം അറിയാതെയാണ് പള്ളിയിൽ പോയത് എന്നതിനാൽ ഇതിൽ താങ്കൾക്ക് കുറ്റവുമില്ല.


