വിഷയം: ഓതേണ്ട സൂറതുകൾ
ഓരോ ഫർള് നിഷ്കരത്തിൽ ഫാത്തിഹക്ക് ശേഷം ഏതു സൂറത്തുകൾ ആണ് ഓതേണ്ടത്?
ചോദ്യകർത്താവ്
Muhammed shajir
Jun 17, 2026
CODE :Pra16334
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ഫർള് നിസ്കാരങ്ങളിൽ ഫാതിഹക്ക് ശേഷം ഖുർആനിലെ ഏത് സൂറത്തും ഓതാവുന്നതാണെങ്കിലും, ആദ്യത്തെ രണ്ട് റക്അത്തുകളിൽ നിശ്ചിത ഭാഗങ്ങളിലുള്ള സൂറത്തുകൾ ഓതൽ പ്രത്യേകം സുന്നത്തുണ്ട്. തനിച്ച് നിസ്കരിക്കുന്നവർക്കും നിശ്ചിത മഅ്മൂമീങ്ങളെ നയിക്കുന്ന ഇമാമിനും സുബ്ഹി, ളുഹ്‌ർ നിസ്കാരങ്ങളിൽ സൂറത്തുൽ ഹുജറാത്ത് മുതൽ അമ്മ വരെയുള്ള വലിയ സൂറത്തുകളും (ത്വീവാലുൽ മുഫസ്സ്വൽ), അസ്വർ, ഇശാഅ് നിസ്കാരങ്ങളിൽ അമ്മ മുതൽ വള്ളുഹാ വരെയുള്ള ഇടത്തരം സൂറത്തുകളും (ഔസാതുൽ മുഫസ്സ്വൽ) ഓതാവുന്നതാണ്. മഗ്‌രിബ് നിസ്കാരത്തിൽ വള്ളുഹാ മുതൽ സൂറത്തുന്നാസ് വരെയുള്ള ചെറിയ സൂറത്തുകൾ (ഖിസ്വാറുൽ മുഫസ്സ്വൽ) പാരായണം ചെയ്യലാണു പുണ്യകരം.
യാത്രക്കാരും പൊതുജനങ്ങളും എപ്പോഴും വന്നുപോകുന്ന ടൗണുകളിലെയും വഴിയോരങ്ങളിലെയും പള്ളികളിൽ ഇമാമത്ത് നിൽക്കുന്നവർ വലിയ സൂറത്തുകൾ ഓതി നിസ്കാരം ദീർഘിപ്പിക്കാൻ പാടില്ല. അങ്ങനെയുള്ള പൊതുപള്ളികളിൽ ചെറിയ ചെറിയ സൂറത്തുകൾ ഓതി പെട്ടന്ന് നിസ്കരിച്ച് സലാം വീട്ടാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.
അതുപോലെ തന്നെ, ചില പ്രത്യേക ദിവസങ്ങളിലെ നിസ്കാരങ്ങളിലും പ്രത്യേക സൂറത്തുകൾ ഓതൽ സുന്നത്തുണ്ട്. ഉദാഹരണത്തിന്, വെള്ളിയാഴ്ചയുടെ മഗ്രിബ് നിസ്കാരത്തിന്റെ ആദ്യ റക്അത്തിൽ സൂറത്തുൽ കാഫിറൂനും രണ്ടാം റക്അത്തിൽ സൂറത്തുൽ ഇഖ്ലാസും സുന്നത്താണ്. വെള്ളിയാഴ്ചയുടെ സുബഹി നിസ്കാരത്തിൽ ഒന്നാം റക്അത്തിൽ സൂറത്തു സജദയും രണ്ടാം റക്അത്തിൽ സൂറത്തുൽ ഇൻസാനും ഓതൽ സുന്നത്തുണ്ട്.
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ


