വിഷയം: നിസ്കാരം
പാന്റ്സും ഷർട്ടും ധരിച്ച് നിസ്കരിക്കുമ്പോൾ, റുകൂഇലോ സുജൂദിലോ പോകുന്ന സമയത്ത് ഷർട്ടിന്റെ കഴുത്തിലൂടെയോ ബട്ടണുകളുടെ വിടവിലൂടെയോ പൊക്കിൾ (ഔറത്ത്) വെളിപ്പെട്ടാൽ നിസ്കാരം ശരിയാകുമോ? ഇല്ല എന്ന് ഒരു ഉസ്താദ് പറയുന്നത് കേട്ടു. ഇതിന്റെ യഥാർത്ഥ വിധി എന്താണ്?
ചോദ്യകർത്താവ്
മുഹമ്മദ് മിദ്‌ലാജ്
Jul 18, 2026
CODE :Pra16401
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
പാന്റ്സും ഷർട്ടും ധരിച്ച് നിസ്കരിക്കുന്നതിന് യാതൊരു വിലക്കുമില്ല; നിസ്കാരം പൂർണ്ണമായും ശരിയാകും. എന്നാൽ, നിസ്കാരം സാധുവാകണമെങ്കിൽ 'ഔറത്ത്' കൃത്യമായി മറഞ്ഞിരിക്കണം എന്ന നിബന്ധനയുണ്ട്.
പുരുഷന്മാരെ സംബന്ധിച്ചിടത്തോളം പൊക്കിൾ മുതൽ കാൽമുട്ട് വരെയുള്ള ഭാഗമാണ് ഔറത്ത്. താങ്കൾ സൂചിപ്പിച്ച ഉസ്താദിന്റെ വീഡിയോയിലെ വിവരങ്ങൾ തികച്ചും ശരിയാണ്. കാരണം, മുകൾ ഭാഗത്ത് കൂടിയും വശങ്ങളിലൂടെയും ഔറത്ത് കാണാൻ പാടില്ല എന്നാണ് നിയമം. ആകയാൽ, നിസ്കരിക്കുന്ന വ്യക്തിയുടെ ഔറത്ത് മുകൾ ഭാഗത്ത് നിന്നോ (ഉദാഹരണത്തിന് ഷർട്ടിന്റെ കഴുത്തിലൂടെ) വശങ്ങളിൽ നിന്നോ (ബട്ടണുകളുടെ വിടവിലൂടെ) വെളിപ്പെട്ടാൽ നിസ്കാരം അസാധുവായി തീരം.
ഇതിനുള്ള പരിഹാര മാർഗങ്ങൾ:
ഒന്നുകിൽ ബനിയൻ ഉപയോഗിക്കുക. ഏറ്റവും എളുപ്പമുള്ള പരിഹാരമാണിത്. ഷർട്ടിനുള്ളിൽ ഒരു ബനിയൻ ധരിക്കുകയും, അത് പാന്റ്സിനുള്ളിലേക്ക് കയറ്റി വെക്കുകയും ചെയ്താൽ, റുകൂഇലോ സുജൂദിലോ പോകുമ്പോൾ ഷർട്ടിന്റെ ബട്ടൺ വിടവിലൂടെയോ കഴുത്തിലൂടെയോ ഔറത്ത് വെളിപ്പെടുമെന്ന പേടി ഉണ്ടാകുന്നതല്ല.
അതുപോലെ, നെഞ്ചിന്റെ ഭാഗത്ത് കൂടുതൽ വിടവ് വരാത്ത രീതിയിലുള്ള ഷർട്ടുകളും തിരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ അത് വളരെ ഇറുകിയ , ശരീരത്തിന്റെ ആകൃതി വ്യക്തമാകുന്ന രീതിയിലുള്ള പാന്റ്സും ഷർട്ടും ആവുകയും അരുത്. അത്തരത്തിലുള്ള (ടൈറ്റ് ഫിറ്റ്) ഡ്രസ്സ് ധരിച്ച് നിസ്കരിക്കൽ ഖിലാഫുൽ ഔലയാണ്(അനഭിലഷണീയം). അല്പം അയവുള്ള വസ്ത്രങ്ങളാണ് എപ്പോഴും നിസ്കാരത്തിന് ഉത്തമം.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ


