പ്രകൃതിക്ക് തണല്‍ വിരിക്കുന്ന  ഇസ്‌ലാം

ആഗോള താപനവും ഹിമാലയന്‍ ഗ്ലാസിയറുകളിലെ മഞ്ഞുരുക്കവും ഓസോണ്‍ പാളികളുടെ അപകടാവസ്ഥയും ചേര്‍ന്നൊരുക്കുന്ന പാരിസ്ഥിതിക ഭീഷണികളുടെ സാമൂഹിക രംഗത്തെ പുതിയ സംവാദ വിഷയമാണ്.

പരിസ്ഥിതിയും ഇസ്‌ലാമും 
പ്രകൃതി സമ്പത്തുകളില്‍ അനിയന്ത്രിതമായി കൈകടത്തുകയും ജന്തു മൃഗാദികളെ നിര്‍ഭയം കൊന്നൊടുക്കുകയും ഫലസമൃദ്ധമായ ഹരിത വനങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നിടത്ത് പരിസ്ഥിതി വെല്ലുവിളി നേരിടുന്നത് മനുഷ്യന്റെ അത്യാഗ്രഹങ്ങള്‍ക്കു മുന്നിലാണ്. ഇസ്‌ലാമിക വീക്ഷണത്തില്‍, പൂര്‍ണമായ സന്തുലിതാവസ്ഥയില്‍ അല്ലാഹു പരിസ്ഥിതിയെ സംവിധാനിക്കുകയും പ്രകൃതിയുടെ സന്തുലിതാവസ്ഥ തകിടം മറിക്കരുതെന്ന് മനുഷ്യ കുലത്തെ ഉദ്‌ബോധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ദൈവാസ്തിക്യത്തിന്റെയും ദൈവത്തിന്റെ ഏകത്വത്തിന്റെയും നിദര്‍ശനമായിട്ടാണ് പ്രപഞ്ച സൃഷ്ടിപ്പിനെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ആവശ്യാനുസരണം അവ ഉപയോഗപ്പെടുത്താനും അത്യാഗ്രഹങ്ങള്‍ക്കു പുറത്ത് പരിസ്ഥിതി ഘടനയില്‍ ദോഷകരമായി ഇടപെടലുകള്‍ക്ക് മുതിരരുതെന്നും ഖുര്‍ആന്‍ നിര്‍ദേശിക്കുന്നുണ്ട്.

സമകാലിക സാഹചര്യങ്ങളില്‍ പരിസ്ഥിതി ചൂഷണത്തെ വിശാലമായി വായിച്ചാല്‍ കാണുന്ന ചിത്രം അതിഭയാനകരമാണ്. പരിസ്ഥിതിയുടെ സമ്പൂര്‍ണ സംരക്ഷണത്തിനു പകരം  പരിപൂര്‍ണ നശീകരണമാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് കാണാം.  ഇവ പൂര്‍ണാര്‍ഥത്തില്‍ ഉടച്ചുവാര്‍ത്ത് ഹരിതാഭയാര്‍ന്ന പരിസ്ഥിതിയുടെ തിരിച്ചുപോക്കിലേക്ക്, അന്താരാഷ്ട്ര ഉച്ചക്കോടികള്‍ക്കും സാര്‍വദേശീയ കരാര്‍ ഒപ്പിടലുകള്‍ക്കും പകരം അടിസ്ഥാനപരമായി മാര്‍ഗനിര്‍ദേശങ്ങള്‍ ഇസ്‌ലാം സമര്‍പ്പിക്കുന്നു. 

ഒന്ന്: മലിനീകരണം (Pollution): ഭൂമിയിലെ ജീവിതത്തെ ദുസ്സഹമാക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് മലിനീകരണം. ജല മലിനീകരണം, വായു  മലിനീകരണം, ശബ്ദ മലിനീകരണം തുടങ്ങിയ ഉപഘടകങ്ങള്‍ ചേര്‍ന്ന് അക്ഷരാര്‍ഥത്തില്‍ ജീവിതം തന്നെ മലിനമയമാക്കുന്ന ലജ്ജാവഹമായ കാഴ്ച.
പടുകൂറ്റന്‍ വ്യവസായ ശാലകളുടെ അനിയന്ത്രിതമായ വളര്‍ച്ചയും മനുഷ്യവര്‍ഗത്തിന്റെ ദയാരഹിത-ലാഭാധിഷ്ടിത ജീവിത കാഴ്ചപ്പാടുകളും സമം ചേര്‍ന്നപ്പോള്‍ സംഭവിച്ച പരിസ്ഥിതി മലിനീകരണത്തിന്റെ ഭവിഷ്യത്തുകളെ നിര്‍ധാരണം ചെയ്യാന്‍ ക്യോട്ടോ-കോപ്പന്‍ ഹേഗന്‍ ഉച്ചകോടികള്‍ക്ക് സാധിച്ചില്ല എന്ന് വരുമ്പോള്‍ അവിടെയും പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെടുന്നത് മനുഷ്യന്റെ മാനവികബോധത്തിന്റെ നഷ്ടമാണ്. 

അറബ് ലീഗ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ കണക്കു പ്രകാരം 350 മില്യന്‍ ടണ്‍ ഹൈഡ്രോ ഫ്‌ളോറോ കാര്‍ബണ്‍ ആണ് അമേരിക്കയില്‍ മാത്രം ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. വികസിത രാഷ്ട്രങ്ങള്‍ 800 ടണ്‍ വിഷലിപ്തമായ വേസ്റ്റുകള്‍ ഉല്‍പാദിപ്പിക്കുന്നു. വര്‍ഷാവര്‍ഷം 43 മില്യന്‍ ഏക്കര്‍ വനങ്ങളാണ് കോടാലിക്കിരയായിക്കൊണ്ടിരിക്കുന്നത്. ഇത്തരം ആശങ്കാജനകമായ യാഥാര്‍ഥ്യങ്ങള്‍ക്കു മുന്നില്‍ പോലും തങ്ങളുടെ വാണിജ്യ-വ്യവസായ-ലാഭ സങ്കല്‍പ്പങ്ങളെ പ്രകൃതി സൗഹൃദപരമാക്കാനോ അത് ഏല്‍പ്പിച്ച ഭവിഷ്യത്തുകളെ ചടുലമായി വിമലീകരിക്കാനോ ബഹുരാഷ്ട്ര കുത്തകകള്‍ തയ്യാറല്ലെന്നിടത്താണ് കാര്യത്തിന്റെ മര്‍മം.

മലിനീകരണത്തില്‍ ഇസ്‌ലാമിന്റെ നിലപാടുകള്‍ പ്രസ്താവ്യമാണ്. പൊതു ഇടങ്ങളിലും സഞ്ചാര പാതകളിലും ജലാശയങ്ങളിലും മലിനീകരണം നടത്തുക വഴി നിങ്ങള്‍ വിശ്വാസികളുടെ ശാപത്തിനിരയാവരുത് എന്നാണ് പ്രവാചക പാഠം. മലിനീകൃത ലോകത്തിന് പുത്തന്‍ പ്രതീക്ഷകള്‍ പകരാന്‍ ഈ അധ്യാപനത്തിനാവും എന്നതില്‍ സംശയമില്ല. പൊതു സ്ഥലങ്ങളില്‍ തുപ്പുന്നതു പോലും പ്രവാചകന്‍ വിലക്കിയിട്ടുണ്ട്. അതായത് വിശുദ്ധിക്കും സാമൂഹിക ശുദ്ധിക്കും ഇസ്‌ലാം അര്‍ഹമായി സ്ഥാനം കല്‍പിക്കുന്നുണ്ട്. 

രണ്ട്: വന നശീകരണം: മില്യന്‍ കണക്കിന് ഹരിതവനങ്ങള്‍ ദൈനംദിനം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കാലത്ത് പത്രകോളങ്ങളില്‍ ഇടം പിടിക്കാന്‍ തൈ നടീലുകളും വൃക്ഷത്തൈ വിതരണങ്ങളും നിര്‍വഹിക്കുന്നിടത്ത് മാത്രം ഹരിതവല്‍ക്കരണവും പരിസ്ഥിതി സൗഹൃദവും ഒതുങ്ങുമ്പോള്‍ ക്രിയാത്മകവും ഗുണോന്മുഖവുമായ നിലപാടാണ് ഇസ്‌ലാമിന്റേത്. വനനശീകരണത്തിനെതിരെ അര്‍ഥപൂര്‍ണമായി ബദല്‍ സമര്‍പ്പിക്കാന്‍ പ്രവാചകര്‍ (സ്വ)ക്ക് സാധിച്ചിട്ടുണ്ട്. പാടത്തിറങ്ങി ഭൂമിക്ക് ജീവവായു പകരുന്ന കൃഷി പോലും സ്റ്റാറ്റസ് പ്രശ്‌നമായി, സാമൂഹിക പരിസരത്തിന്റെ പുറംപോക്കുകളിലേക്ക് നീക്കംചെയ്യപ്പെടുമ്പോള്‍, ഇസ്‌ലാം ഉത്തമ ഉപജീവന മാര്‍ഗമായിട്ടാണ് കൃഷിയെ എണ്ണുന്നത്. എയര്‍ കണ്ടീഷനറിന്റെ ശീതളിമയില്‍, ബഹുനില ഫ്‌ളാറ്റുകളില്‍ കിടന്ന് പാരിസ്ഥിതിക സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് പേപര്‍ അവതരിപ്പിക്കുന്നതിനു പകരം പരിസ്ഥിതിയുടെ നാഡീമിടിപ്പുകള്‍ക്ക് കാതോര്‍ക്കുന്ന കാര്‍ഷിക സംസ്‌കാരത്തിന്റെ അനിവാര്യത പ്രവാചകാധ്യാപനങ്ങളില്‍ ദര്‍ശിക്കാന്‍ സാധിക്കും. തരിശുനിലങ്ങളെ കൃഷിചെയ്ത് ഫലസമൃദ്ധമാക്കുന്ന വന ജന്തു മൃഗാദികള്‍ അവ ഉപയോഗപ്പെടുത്തുന്ന കാലത്തോളം അല്ലാഹു പ്രതിഫലം നല്‍കും. (ഫൈദുല്‍ ഖദീര്‍)

ഖിയാമംനാള്‍ ഉടന്‍ സംജാതമാവുമെന്ന് ഉറപ്പുണ്ടെങ്കിലും നിന്റെ കയ്യിലെ വൃക്ഷത്തെ നട്ടുപിടിപ്പിക്കണം (ബുഖാരി), ഒരു മുസ്‌ലിം ഒരു തൈ നടുകയും പക്ഷി മൃഗാദികള്‍ അതില്‍ നിന്ന് കായ്ക്കനികള്‍ കഴിക്കുകയും ചെയ്താല്‍ അവന് സ്വദഖയുടെ പ്രതിഫലമുണ്ട് (ബുഖാരി) തുടങ്ങിയ പ്രവാചകാധ്യാപനങ്ങള്‍ വിളംബരം ചെയ്യുന്നത് വ്യക്ത്യാധിഷ്ടിത ലാഭേഛയോ സ്വാര്‍ഥതയുടെ പാഠങ്ങളോ അല്ല. മറിച്ച് പൊതു സമൂഹത്തിന്റെ സുഖ ജീവിതവും സാര്‍വലൗകിക നന്മയും പ്രകൃതിയുടെ സമ്പല്‍ സമൃദ്ധിയുമാണ് ഇസ്‌ലാം ലക്ഷീകരിക്കുന്നത്.

സത്യമതത്തിന്റെ പ്രചാരണാര്‍ഥം യുദ്ധത്തിനിറങ്ങുന്ന വിശ്വാസത്തിന്റെ വൈകാരിക നിമിഷങ്ങളില്‍ പോലും ഫല സമൃദ്ധമായ വൃക്ഷങ്ങള്‍ വെട്ടി നശിപ്പിക്കരുതെന്നും നിരപരാധികളെ വാളിനിരയാക്കരുതെന്നും പ്രവാചകരും അവിടുത്തെ ഖലീഫമാരും പ്രത്യേകം നിര്‍ദേശം നല്‍കാറുണ്ടായിരുന്നു. പടക്കളങ്ങളില്‍ പോലും സസ്യലതാദികളും നിസ്സഹായരായ മിണ്ടാപ്രാണികളും പരിപൂര്‍ണ സുരക്ഷിതരായിരുന്നു എന്ന് മനസ്സിലാക്കുമ്പോള്‍ മത വ്യാപനത്തിന്റെ ഇസ്‌ലാമിക മാര്‍ഗങ്ങള്‍ പോലും ഇക്കോ-ഫ്രണ്ട്‌ലി ആയിരുന്നു എന്ന് മനസ്സിലാക്കാം.

മൂന്ന്: മൃഗ സംരക്ഷണം: മനുഷ്യന്റെ വിനോദ വ്യവസായങ്ങള്‍ക്കു മുന്നില്‍ വിലയില്ലാതായിപ്പോവുന്ന മൃഗജീവിതങ്ങള്‍ അനവധിയാണ്. മനുഷ്യന്റെ യാന്ത്രിക ജീവിതത്തിനിടയില്‍ വെറും കളിപ്പാവകളായി മൃഗങ്ങള്‍ മാറിത്തീരുന്നു. ജന്തു ജീവജാലങ്ങളുടെ അസന്തുലിതാവസ്ഥ പരിസ്ഥിതിയില്‍ താളപ്പിഴകള്‍ സൃഷ്ടിക്കുമെന്ന നഗ്ന യാഥാര്‍ഥ്യത്തിനു മുന്നില്‍ യാതൊരുവിധ സങ്കോചവുമില്ലാതെയാണ് പുത്തന്‍ തലമുറ നിലപാടറിയിച്ചുകൊണ്ടിരിക്കുന്നത്. 

മൃഗങ്ങളുടെ മരണപ്പാച്ചിലുകളെ ലാഘവത്തോടെ കണ്ടുല്ലസിക്കാനുള്ള എന്റര്‍ടൈന്‍മെന്റാക്കി അവതരിപ്പിക്കുന്നിടത്ത് കാണാം ഇന്നത്തെ മനുഷ്യരുടെ കാഴ്ചപ്പാടുകളെ. പതിനായിരക്കണക്കിന് കാളക്കൂറ്റന്‍മാരാണ് വര്‍ഷം തോറും സ്‌പെയിനിലെ കാളപ്പോരില്‍ മൃത്യു വരിക്കുന്നത്. തമിഴ് നാട്ടിലെ ജല്ലിക്കെട്ടും കേരളീയ പരിസരങ്ങളിലെ തന്നെ കോഴിപ്പോരും സൃഷ്ടിച്ചെടുക്കുന്നത് ഒരു തരം ദയാരഹിത സമൂഹത്തെയാണ്.

ഇസ്‌ലാമിക പ്രമാണങ്ങള്‍ മൃഗാവകാശങ്ങളെ വസ്തുനിഷ്ടമായി രേഖപ്പെടുത്തുന്നുണ്ട്. ദാഹിച്ചു വലഞ്ഞ നായക്ക് വെള്ളം നല്‍കിയതു ഫലമായി ഒരു ജൂതസ്ത്രീയെ സ്വര്‍ഗത്തിലെത്തിച്ചേര്‍ന്നു, പൂച്ചയെ വിലങ്ങണിയിച്ച് പട്ടിണിക്കിട്ട സ്ത്രീ നരകത്തിലും. ജന്തു മൃഗാദികളെയും ഒരു ഉമ്മത്തായി കാണണമെന്നും അര്‍ഹമായ പരിഗണന നല്‍കണമെന്നുമാണ് ഖുര്‍ആനിന്റെ ഭാഷ്യം. ഒരു കുരുവിയെ കൊന്നാല്‍ പോലും പരലോകത്ത് ചോദ്യമഭീമുഖീകരിക്കാനാവാതെ മുന്നോട്ടു പോവാനില്ലെന്ന് പ്രവാചകന്‍(സ്വ) മാത്രമല്ല, മൃഗങ്ങളെ അകാരണമായി പ്രഹരിക്കുന്നതും തീ ഉപയോഗിച്ച അടയാളംവെക്കലു ഇസ്‌ലാമീകവീക്ഷണത്തില്‍ നിഷിദ്ധമാണ്.

പ്രവാചകന്‍ ആറാം നൂറ്റാണ്ടില്‍ ആവിഷ്‌കരിച്ച ഒരു പരിസ്ഥിതി സംരക്ഷണ പദ്ധതിയായിരുന്നു അല്‍ ഹിമ (സംരക്ഷിത മേഖല). പുരാതന കാലങ്ങളില്‍ ഗോത്ര മുഖ്യന്മാരും നാടുവാഴികളുടെ ഫല സമൃദ്ധമായ ഭൂമി സ്വന്തം പേരില്‍ എഴുതിച്ചേര്‍ക്കുന്ന സമ്പ്രദായത്തെ നല്ല പ്രദേശങ്ങളെ പൊതു സ്വത്താക്കി തിരുത്തിയെഴുതിയതായിരുന്നു അല്‍ ഹിമ. അല്‍ ഹിമയിലെ പക്ഷി മൃഗാദികളെ വേട്ടയാടാനോ അവരുടെ ആവാസ വ്യവസ്ഥ തകര്‍ക്കാനോ ആര്‍ക്കും അവകാശമുണ്ടായിരുന്നില്ല. പുതിയ കാലത്തെ സാങ്ച്വറികളുടെ പ്രാഥമിക രൂപമായിരുന്നു പ്രവാചക കാലത്തെ അല്‍ ഹിമ. ഈ പ്രദേശങ്ങളിലെ സസ്യലദാദികളും ജീവിവര്‍ഗങ്ങളും പൂര്‍ണ സംരക്ഷണത്തിലായിരുന്നു. 

ഇത്തരം സംരക്ഷണ മേഖലകളുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് അല്‍ ഹിമകള്‍ ആധുനിക ലോകത്ത് വളന്നു വരുന്നുണ്ട്. 2004ല്‍ സൊസൈറ്റി ഓഫ് പ്രൊട്ടക്ഷന്‍ ഓഫ് നാച്ച്വര്‍ ഇന്‍ ലെബനാന്‍ ബെക്കാവാലിയില്‍ അല്‍ ഹിമ പദ്ധതി ആവിഷ്‌കരിച്ചു കഴിഞ്ഞു. 

നാല്: ജലോപയോഗം: ലോകത്ത് ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ശുദ്ധ ജലത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുന്ന ഭീതിതമായ അവസ്ഥ നിലവില്‍ വരുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ആര്‍ഭാടത്തിന്റെ അതിരില്ലാ ലോകത്ത് പറന്നുല്ലസിക്കുന്നവര്‍ക്ക് മിതവ്യയത്തിന്റെയും ജല സംരക്ഷണത്തിന്റെയും നല്ല പാഠങ്ങള്‍ ഹദീസുകളില്‍ കാണാം. നിറഞ്ഞൊഴുകുന്ന നദീ മുഖത്തു നിന്ന് അംഗസ്‌നാനം ചെയ്യുകയാണെങ്കില്‍ പോലും അമിത വ്യയം അരുത്. (അബൂദാവൂദ്).
അമിത ജലോപയോഗം തെറ്റാണെന്നും ദാഹിച്ചു വലഞ്ഞവനു വെള്ളം നല്‍കി അവന്റെ ദാഹമകറ്റാനായാല്‍ അവന്‍ പ്രതിഫലം വാഗ്ദാനം ചെയ്യുന്നുവെന്നും പ്രവാചകന്‍ പഠിപ്പിക്കുന്നു. 

ഇസ്‌ലാമും പരിസ്ഥിതിയുമായുള്ള അഭേദ്യമായ ബന്ധത്തെ അനാവരണം ചെയ്യുമ്പോള്‍ സുവ്യക്തമാവുന്ന ഒരു കാര്യം കാലികമായ പരിസ്ഥിതിക്കു നേരെ  ഉയര്‍ന്നു കൊണ്ടിരിക്കുന്ന ഭീഷണികളെ പഴുതടച്ച് പ്രതിരോധിച്ച്, പരിസ്ഥിതിയുടെ രക്ഷക റോളിലവതരിക്കാന്‍ ഇസ്‌ലാമിന് മാത്രമേ സാധിച്ചിട്ടുള്ളൂ. 
വനാന്തര്‍ഭാഗങ്ങളില്‍ ജീവിതം കണ്ടെത്തിയിരുന്ന പ്രാചീന മനുഷ്യരില്‍ നിന്ന് പുതിയ കാലത്ത് എത്തി നില്‍ക്കുമ്പോള്‍ പരിസ്ഥിതിയെ ജീവിതത്തിന്റെ പരിസരങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തി, കേവലം കമ്പോള ചരക്കാക്കി മാറ്റിത്തീര്‍ക്കുന്ന അചിന്തനീയമായ വസ്തുതയാണ് കണ്‍മുന്നില്‍ തെളിയുന്നത്. 
പരിസ്ഥിതിയുടെ പൂര്‍വ പ്രാധാന്യത്തെ കൃത്യമായ ബോധന പ്രക്രിയയിലൂടെ ജനസമക്ഷം അവതരിപ്പിക്കാനാവണം. പ്രകൃതിയുടെ പ്രാണരക്ഷാര്‍ഥമുള്ള നിലവിളിയോട് പിതൃബോധത്തോടെ പ്രതികരിക്കേണ്ടത് മനുഷ്യന്റെ കടമായണ്. ഭുമിയില്‍ അല്ലാഹുവന്റെ ഖിലാഫത്ത് ഏറ്റെടുത്തവനാണവന്‍. പ്രകൃതി സംവിധാനങ്ങളില്‍ വരുന്ന പാകപ്പിഴകളെ ദീര്‍ഘ ദൃഷ്ടിയോടെ കണ്ടറിഞ്ഞ് ഫലവത്തായ പ്രതിവിധി നിശ്ചയിക്കാന്‍ അവന് സാധിച്ചെങ്കില്‍ മാത്രമാണ് ഖിലാഫത്ത് പൂര്‍ണമാവുന്നത്. കാരണം പരിസ്ഥിതി ദൈവിക വരദാനമാണ്. പരിസ്ഥിതിയുടെ സ്വഛന്ദമായ നിലനില്‍പ്പാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. സമകാലിക ലോകവും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter