മുസ്ലിംകളും ദലിതരും ആള്‍കൂട്ടക്കൊലകള്‍ക്കിരയാവുമ്പോള്‍

ചാതുര്‍വര്‍ണ വ്യവസ്ഥ പ്രകാരം ജന്മനാ ഏറ്റവും മ്ലേച്ചനും തരം താഴ്ന്നവനുമായാണ് ദലിതുകളെ ഹിന്ദുമതത്തില്‍ കണക്കാക്കപ്പെടുന്നത്. എല്ലാ കാലത്തും ഹിന്ദു മതത്തിന്‍റെയും സമുദായത്തിന്‍റെയും മതില്‍ കെട്ടിനപ്പുറത്തായിരുന്നു അവരുടെ സ്ഥാനം. തങ്ങളുടെ ജന്മമതത്തില്‍ യാതൊരു സ്ഥാനവും ലഭിക്കില്ലെന്നുറപ്പിച്ച ഇത്തരം ദലിതുകളൊന്നാകെ കൂട്ടമായി ഹിന്ദുമതമുപേക്ഷിക്കുകയും ഇസ്ലാമിനെ പുല്‍കുകയും ചെയ്തു. ഇവരുടെ പിന്‍ തലമുറയാണ് ഇന്ത്യന്‍ മുസ്ലിം സമൂഹം. 

സമകാലിക ഇന്ത്യ സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത് ദലിത്, മുസ്ലിം എന്നീ രണ്ട് സമുദായങ്ങള്‍ക്ക് നേരെയുള്ള ഹിന്ദുത്വ ഭീകരരുടെ ആസൂത്രണ ആക്രമണങ്ങളാണ്. വ്യത്യസ്ത കാര്യങ്ങളുടെ മറപിടിച്ച് ആള്‍കൂട്ട കൊലപാതകങ്ങള്‍ക്കുള്ള സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയാണവര്‍.  

അക്രമികള്‍ക്ക് കുടപിടിക്കുന്ന പോലീസാവട്ടെ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നേയില്ല. വീഡിയോ എടുത്ത് പ്രചരിക്കുന്ന സംഭവങ്ങള്‍ മാത്രമാണ് പുറം ലോകമറിയുന്നത്. ഇതിന് പുറമെ റിപ്പോര്‍ട്ട് ചെയ്യാത്ത നൂറ് കണക്കിന് കേസുകളാണുള്ളത്. 

ഒരു ദലിതനെ മര്‍ദിച്ച് കൊല്ലുന്നത് വളരെ നിസ്സാരമായ സംഭവമാണ്. ഉന്നത കുല ജാതനായ ഒരു വ്യക്തി ഒരു ദലിതനെ എന്തെങ്കിലും കാരണം പറഞ്ഞ് പിടികൂടുകയും മരിക്കുന്നത് വരെ അടിച്ച് കൊല്ലുകയും ചെയ്യുന്നു. മുസ്ലിമിനെ കൊല്ലുമ്പോള്‍ അതില്‍ അല്‍പം വര്‍ഗീയത കൂടി ചേര്‍ക്കുന്നു. മുസ്ലിമിനെ മോഷ്ടാവാണെന്ന് ആരോപിച്ച് പിടികൂടുകയും ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും കല്ലും വടിയും കത്തിയുമുപയോഗിച്ച് മരിക്കുന്നത് വരെ മര്‍ദിക്കുകയും ചെയ്യുകയുമാണുണ്ടാവുക. മോദി അധികാരത്തിലെത്തിയതിന് ശേഷം 100 ലധികം സംഭവങ്ങളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. റിപ്പോര്‍ട്ട് ചെയ്യാത്ത സംഭവങ്ങള്‍ അതിനാല്‍ ആയിരത്തിലധികമുണ്ടാവും. 

ഈ ഉയര്‍ന്ന ജാതിയില്‍ പെട്ട അക്രമികളെല്ലാം ആര്‍.എസ്.എസ്, ബി.ജെ.പി, ബജ്റംഗ്ദള്‍, ശിവസേന,  വിശ്വ ഹിന്ദു പരിഷത് തുടങ്ങിയ വലത് പക്ഷ സംഘടനകളുടെ വക്താക്കളാണ്. ഇന്ത്യ ഹിന്ദുവിന്‍റേത് മാത്രമാണെന്നും ഉയര്‍ന്ന ജാതിക്കാരായ ഹിന്ദുക്കള്‍ക്ക് മാത്രമാണ് ഇവിടെ ഭരണം നടത്താന്‍ അവകാശമുള്ളൂ എന്നുമുള്ള പ്രത്യയ ശാസ്ത്രമാണ് ഈ സംഘടനകളെയെല്ലാം മുന്നോട്ട് നയിക്കുന്നത്. 

ദലിതര്‍ ഹിന്ദു സമുദായത്തിലെ ഏറ്റവും താഴ്ന്ന വിഭാഗമാണെന്നും അവരെന്നും തങ്ങളുടെ കാല്‍ കീഴില്‍ നില്‍ക്കേണ്ടവരാണെന്നുമാണ് ഇവരുടെ നിലപാട്. നിര്‍ബന്ധിതരായി ഇസ്ലാമിലേക്ക് മത പരിവര്‍ത്തനം ചെയ്ത ദലിതുകളാണ് ഇന്ത്യയിലെ ഇന്നത്തെ മുസ്ലിംകളെന്ന് വിശ്വസിക്കുന്ന ഇക്കൂട്ടര്‍ അതിനാല്‍ അവരെ പഴയ മതത്തിലേക്ക് മടക്കിക്കൊണ്ട് വരല്‍ തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് കരുതുകയും ചെയ്യുന്നു. പാക്കിസ്ഥാന്‍ എന്ന ഒരു രാജ്യം അവര്‍ക്കായി അവര്‍ ഉണ്ടാക്കിയെടുത്തു എന്ന വസ്തുത മുന്നില്‍ നില്‍ക്കേ ഈ ഉത്തരവാദിത്തം പാലിക്കാന്‍ അവര്‍  വർധിത താല്‍പര്യത്തോടെ പ്രവർത്തിക്കുന്നു. 

തങ്ങള്‍ ചെയ്യുന്ന ക്രൂരമായ അക്രമങ്ങള്‍ക്ക് അവര്‍ പറയുന്ന കാരണം ഹിന്ദു വിശ്വാസ പ്രകാരം മാതാവിന്‍റെ പദവിയുള്ള പശുവിന്‍റെ പവിത്രതയുമായി ബന്ധപ്പെടുത്തിയാണ്. അവയെ ആരാധിക്കുന്ന ഇക്കൂട്ടര്‍ അവയെ അറുക്കുന്ന മുസ്ലിംകളുടെ നടപടിയെ തങ്ങളുടെ മതത്തിന് നേരെയുള്ള അക്രമമായാണ് കരുതുന്നത്. 

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഗോഹത്യ കുറ്റമാണ്. എന്നാല്‍ മാടുകളില്‍ പെട്ട പോത്ത്, കാള എന്നിവയെ അറുക്കുന്നത് കൊണ്ട് പ്രശ്നമില്ല. കേരളം, ആസ്സാം, അരുണാചല്‍ പ്രദേശ്, മിസോറാം, മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര, പശ്ചിമ ബംഗാള്‍ തുടങ്ങിയ ചില സംസ്ഥാനങ്ങളില്‍ ഗോഹത്യ നിരോധിക്കപ്പെട്ടിട്ടില്ല. ഇവയില്‍ പലതും നിലവില്‍ ബി.ജെ.പിയുടെ ഭരണത്തിന് കീഴിലാണ്. 

ബി.ജെ.പിയുടെ ഗോസംരക്ഷണ നിലപാടുകളുടെ ഏറ്റവും വലിയ ഇരട്ടത്താപ്പ് അവര്‍ രാജ്യം ഭരിക്കുമ്പോഴും ബീഫ് കയറ്റുമതിയില്‍ ഇന്ത്യ ഏറെ മുന്നിലാണെന്നതാണ്. എക്സ്പോര്‍ട്ട് ജീനിയസ് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ബ്രസീല്‍, അര്‍ജന്‍റീന എന്നീ രാജ്യങ്ങള്‍ക്ക് പിറകെ ബീഫ് കയറ്റുമതിയില്‍ മൂന്നാമതാണ് ഇന്ത്യയുടെ സ്ഥാനം. 2016 ല്‍ ലോകത്ത് 19,886 ദശലക്ഷം ഡോളറിന്‍റെ ബീഫ് കയറ്റുമതി നടന്നപ്പോള്‍ അതില്‍ 3,680 ദശലക്ഷം ഡോളര്‍ വിലവരുന്ന കയറ്റുമതിയും ഇന്ത്യയില്‍ നിന്നായിരുന്നു. അറബിക് പേരുകളില്‍ അറിയപ്പെടുന്ന ബീഫ് കയറ്റുമതി കമ്പനികളെല്ലാം ഉയര്‍ന്ന ജാതിയില്‍ പെട്ട ഹിന്ദുക്കളുടേതാണെന്നത് ഈ ഇരട്ടത്താപ്പിന്‍റെ രൂക്ഷത വര്‍ധിപ്പിക്കുന്നുണ്ട്. 

ആള്‍കൂട്ട കൊലപാതകത്തിന് മുന്നില്‍ നില്‍ക്കുന്നവര്‍ക്കൊന്നും ബീഫ് കയറ്റുമതി ചെയ്യുന്ന ഇന്ത്യയുടെ നിലപാടില്‍ പ്രശ്നമില്ല, അവരുടെ ലക്ഷ്യം ദലിതരും മുസ്ലിംകളും മാത്രമാണ്. 

ഇന്ന് വരെ ആള്‍കൂട്ട കൊലപാതകത്തിനെതിരെ അര്‍ഥപൂര്‍ണ്ണമായ ഒരു നടപടിയും ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. പല ബി.ജെ.പി നേതാക്കളും ഇത്തരം പ്രതികളെ സംരക്ഷിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ രണ്ട് സംസ്ഥാനങ്ങള്‍ മാത്രമേ ആള്‍കൂട്ടകൊല ഒരു ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിച്ചിട്ടുള്ളൂ. ഇവിടെയും ഇത്തരമൊരു സംഭവം നടന്നാല്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാനും തിരസ്കരിക്കാനും പോലീസിന് തീരുമാനിക്കാവുന്നതേയുള്ളൂ. 

ഇന്ത്യയിലെ ആള്‍കൂട്ടകൊലകള്‍ക്ക്  അമേരിക്കയിലുള്ള ബി.ജെ.പി, ആര്‍.എസ്.എസ് അനുകൂലികള്‍ പിന്തുണക്കുന്നുണ്ട്. അമേരിക്കയിലെ ഇന്ത്യന്‍ സംഘടനകളിലും ഹിന്ദുമതവുമായി ബന്ധപ്പെട്ട സമിതികളിലും പിടിപാടുള്ള ഇക്കൂട്ടര്‍ ഇന്ത്യയില്‍ വര്‍ഗീയത പ്രചരിപ്പിക്കുന്ന സംഘടനകള്‍ക്ക് ദശലക്ഷക്കണക്കിന് ഡോളറുകളാണ് സഹായമായി അയച്ച് കൊടുക്കുന്നത്. 

അമേരിക്കന്‍ രാഷ്ട്രീയത്തില്‍ അവര്‍ നേടിക്കൊണ്ടിരിക്കുന്ന സ്വാധീനം ഇന്ത്യയില്‍ മുസ്ലിംകളും ദലിതരും നേരിടുന്ന ക്രൂര അനുഭവങ്ങള്‍ അമേരിക്കയിലും ആവര്‍ത്തിക്കുമോ എന്ന് പലരും ഭയക്കുന്നുണ്ട്. 

അമേരിക്കയടക്കമുള്ള ലോക രാജ്യങ്ങളിലെ മുസ്ലിം സംഘടനകള്‍ ഇവ്വിഷയത്തില്‍ അല്‍പം പോലും ഇടപെടല്‍ നടത്തിയിട്ടില്ല. ഇന്ത്യയുമായുള്ള അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് ഡിപ്ലോമാറ്റിക് മിഷനില്‍  ഇവ്വിഷയകമായി ഒരു ഹരജി പോലും ഫയല്‍ ചെയ്യപ്പെട്ടിട്ടില്ലെന്നത് മുസ്ലിം സംഘടനകളുടെ വിഷയത്തിലെ അനാസ്ഥയാണ് കാണിക്കുന്നത്. 

തുടര്‍ച്ചയായ ആസൂത്രണ കൊലപാതകങ്ങളും അമേരിക്കയടക്കമുള്ള വന്‍ ശക്തി രാഷ്ട്രങ്ങളിലെ ഹിന്ദു സംഘടനകളില്‍ നിന്നുള്ള കലവറയില്ലാത്ത സഹായവും അപകടകരമായ ഭാവി ദിനങ്ങളെയാണ് സൂചിപ്പിക്കുന്നത്, ആ ഭാവി ദിനങ്ങളില്‍ 200 ദശലക്ഷത്തിലധികമുള്ള ഒരു വലിയ സമുദായം വംശീയ കൂട്ടക്കൊലകളിലേക്ക് എടുത്തെറിയപ്പെടാനുള്ള വലിയ സാധ്യതകല്‍ കൂടി തെളിഞ്ഞ് കാണുന്നുണ്ട്. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter